Thursday, November 1, 2007

ഒരു നഷ്ടത്തിന്റെ ഓര്‍മ്മക്കുറിപ്പ്‌


എന്റെ പേര്‌
അതു പൊടിപിടിച്ചു തുടങ്ങിയിരിക്കുന്നു...
ഈ താളുകളില്‍...
എന്റെ ഹൃദയത്തില്‍...പിന്നെ..നിന്റെയും...

അറിഞ്ഞിരുന്നു ഞാന്‍...നിന്നെ എപ്പോഴെന്നോ...
നീയെന്നെയറിയുന്നതിനുമെത്രയോ മുന്‍പ്‌...
ഒരു വാക്കായി...
ഒരു നിഷ്കളങ്കമായ, ഓര്‍ക്കാനിഷ്ടപ്പെടുന്ന..
പുഞ്ചിരിയായി..
ഒരനുഭവമായി...പിന്നെ
ഒടുവിലിപ്പോള്‍...ഒരു നിഴല്‍ മാത്രമായി...

തിരകള്‍ മായ്ച്ച നിന്റെ പേര്‍ തേടിയതെന്തിന്‌...?
മുനയൊടിഞ്ഞ ആ തൂലിക ഞാന്‍ തേടിയതെന്തിന്‌..?
അന്നും...നിന്നില്‍ നിന്നു ഞാന്‍ തേടിയതും, നേടിയതും
എന്തെന്നും...എന്തിനെന്നും...?

നീയെന്നെയറിഞ്ഞില്ല, ഞാന്‍ നിന്നെയുമറിഞ്ഞില്ല
പക്ഷേ നമ്മളിന്നും പരസ്പരം അറിയാതിരുന്നുവെങ്കില്‍...
നീ ചിന്തിച്ചു...വേദനകള്‍ അവ നിന്റെയുള്ളിലൊതുങ്ങുന്നുവെന്ന്‌...
സ്നേഹം നിന്റെയുള്ളിലൊതുങ്ങുന്നുവെന്ന്‌...
മോഹങ്ങള്‍ മോഹഭംഗങ്ങളായപ്പോള്‍ നീ സംശയിച്ചു...
ഈ വൈകൃതത്തെയോ ഗുല്‍മോഹറായി വ്യാഖ്യാനിച്ചതെന്ന്‌ ?

വീണ്ടും ഞാന്‍ പറയുന്നു...
ഞാനറിഞ്ഞിരുന്നുവെല്ലാം...എപ്പോഴെന്നോ...
നീയെന്നെ അറിയുന്നതിനുമെത്രയോ മുന്‍പ്‌
നീ കണ്ടതാരെ...നീയറിഞ്ഞതാരെ...
ചാരത്ത്‌ പ്രേയസികളെത്രയോ...പക്ഷേ
സ്നേഹിച്ചതോ, ഏകാന്തതയെ മാത്രം...
നീ ചിന്തിച്ചുവോ...
മാരുതന്റെ താളത്തിനൊത്ത്‌..എന്തിന്‌...
എന്തിനവള്‍ മാത്രം തന്റെയരുകിലെത്തി...
സ്നേഹിക്കുവാന്‍
വേദനിപ്പിക്കുവാന്‍
ആ ഹൃദയം കുത്തിനോവിക്കുവാന്‍...
അല്ല...ഒന്നിനുമായിരുന്നില്ല...
അവളുടെ ഹൃദയത്തില്‍, നൊമ്പരങ്ങള്‍ക്കിടയില്‍
നിഷ്കളങ്കമായ ഒരു സ്നേഹം
ആരാധന...ആദരവും...

പക്ഷേ നീയറിയുന്നത്‌ പോലെ
അവളെന്നും വിധിയെ ക്ഷണിക്കുന്നു
വിവേകങ്ങള്‍ക്ക്‌ വഴി നല്‍കുന്നു...എന്തുകൊണ്ട്‌...?
കാരണം...
അവള്‍ തന്റെ മോഹങ്ങള്‍ക്ക്‌ നിറം ചാര്‍ത്തിയിരുന്നില്ല..
അവള്‍ക്കതിനു കഴിയുമായിരുന്നില്ല..
അവള്‍ക്കറിയാം, ആ മഷിയൊപ്പിയെടുക്കേണ്ടത്‌
ആകാശത്തിന്റെ നീലിമയില്‍ നിന്നുമാണെന്ന്‌...
നിന്റെ സ്നേഹത്തിന്റെ തീവ്രതക്ക്‌ ഇളം നീല നിറത്തേക്കാള്‍
ചുമന്ന സൂര്യന്റെ രശ്മികളുടെ നിറമായിരുന്നു...

നിന്റെ പ്രണയം നിശബ്ദമായിരുന്നു..
അതിനാലാവാം പ്രതിധ്വനികള്‍ക്ക്‌ കാതോര്‍ത്തിട്ടും
നിരാശയോടെ സ്വയമാശ്വസിക്കേണ്ടി വന്നത്‌...

ഖേദം തെല്ലുണ്ടായിരുന്നു...നിന്റെ മനസിനെ മുറിപ്പെടുത്തിയതിന്‌...
എന്നോടല്ലാ..എന്റെ മനസാക്ഷിയോടല്ല..എന്റെ ബിംബത്തോട്‌
ദര്‍പ്പണത്തില്‍ ഞാന്‍ കണ്ട എന്റെ പ്രതിബിംബത്തോടും...
നോക്കൂ..അപ്പോഴും...നിന്നെ ഞാനറിഞ്ഞിരുന്നു
എങ്കിലും ഞാന്‍ നിന്നെയറിയാതെ അറിയാതിരുന്നു..
അറിഞ്ഞിരുന്നുവെങ്കിലോ...?
ഞാനുരുകിയൊലിച്ചേനേ..നിന്റെ ഹൃദയരശ്മികളുടെ ചൂടേറ്റ്‌
നിന്റെ വികാരതിമര്‍പ്പുകളുടെ അഗ്നിയില്‍..ഞാനെന്നെ വെന്തുവിഭൂതിയായേനേ..

നിയേതു വിന്ധ്യനെന്നറിയില്ല
ചേരനോ...ചോളനോ..സൂര്യനോ..ആര്യനോ...
ആരായിരുന്നാലും...നിന്റെ ഹൃദയരശ്മികള്‍
അവയെത്ര തീഷ്ണങ്ങളായിരുന്നു..
അകലെയായാലും..അരികിലായാലും
സ്പര്‍ശിച്ചാലുമില്ലെങ്കിലും...ഞാന്‍ ഒന്നു മാത്രമറിഞ്ഞു...
നിന്റെ ഹൃദയരശ്മികള്‍..അവ..
നിന്നെപ്പോലെ തന്നെ ജ്വലിക്കുന്നവയായിരുന്നു...

എന്നേക്കാളുയരമേറിയ ഈ ജാലകങ്ങള്‍ക്കരുകിലിരുന്ന്‌..
ശബ്ദമുയര്‍ത്തി നിന്നെ വിളിച്ചിരുന്നു..
മുഖം മൂടിയില്ലാതെ ഞാനടുത്ത്‌ വന്നപ്പോള്‍
നിന്റെ മുഖം നിര്‍വികാരമായി വിളറിവെളുത്തിരുന്നു...
മഴയെ കുറിച്ച്‌ പറഞ്ഞുവല്ലേ..
ശേഷം മഴ..അതിന്റെ സൗന്ദര്യം...പുകയുന്ന മനസിനെ
തണുപ്പിക്കുവാന്‍ പോന്ന നനുത്ത സ്പര്‍ശം
മഴയുടെ നൊമ്പരങ്ങളുടെ നേര്‍ത്ത പ്രതിസ്ഫുരണങ്ങള്‍
ഇവക്കായി ഞാന്‍ കാതോര്‍ത്തു
പക്ഷേ പഞ്ചേന്ദ്രിയങ്ങള്‍ നിശ്ചലമാവുന്നത്‌ ഞാനറിഞ്ഞു..
തുടര്‍ന്ന്‌ മരണത്തെ പോലെ മഴയും എനിക്കന്യമായി...


ഈ കലാലയം സ്വപ്നങ്ങള്‍ കൊയ്യുന്ന നനഞ്ഞ പച്ചനിലമായിരുന്നോ...
ഞാന്‍ തിരിച്ചറിയാത്ത വര്‍ണങ്ങള്‍ക്കായി അലഞ്ഞു
ചിലപ്പോള്‍ കണ്ണുകളെ ശപിക്കും. മറ്റു ചിലപ്പോള്‍ മൂഢതയോര്‍ത്ത്‌ ചിരിക്കും
മരണത്തെ സ്നേഹിച്ച നിന്റെ മനസ്‌ കരിമ്പടം കൊണ്ടുമൂടിയിരുന്നു
വര്‍ഷത്തേയും വസന്തത്തേയും നശിപ്പിച്ച പ്രകൃതി...അതില്‍
സ്നേഹത്തിനും നഷ്ടബോധത്തിന്റെ കാണാക്കയങ്ങള്‍ക്കുമിടയില്‍
തെല്ലുമൊച്ചവെക്കാതെ, കണ്ണുനീരില്ലാതെ കരയുകയായിരുന്നു നീ...
അതെ..പിന്നീട്‌ മാത്രമാവും നീ നിദ്രയെ സ്നേഹിച്ചത്‌...
ഒരിക്കലുമുണരാത്ത നിദ്ര...!

ചവിട്ടും തോറും നഷ്ടമായിക്കൊണ്ടിരിക്കുന്ന
എന്നിലേക്കുള്ള പടികളൊന്നൊന്നായി നീ കയറി
ശൂന്യത മാത്രമവശേഷിച്ചുവെന്നറിഞ്ഞും
എന്തിന്‌ പ്രണയച്ചൂള നീയാളിപ്പടര്‍ത്തി...?
പേര്‌ ഹൃദയത്തിലെഴുതി...മുഖം കോരിയെടുത്തു
എന്നെയുരുക്കി നീ നിന്നില്‍ തന്നെ പൂശി...
ശേഷിക്കുന്ന എന്നെയും മാറോടടുക്കി...
അങ്ങനെ
അങ്ങനെയല്ലേ..ഞാന്‍ നീ പ്രണയിയ്ക്കുന്ന
മയില്‍പീലിയായത്‌...?
വര്‍ണങ്ങള്‍ നിറഞ്ഞ നിന്റെ മാത്രമായ
മയില്‍പീലിതുണ്ടായി മാറിയത്‌...?

ഞാന്‍ പോലുമറിയാതെ ഹരിതനീലസംഗമം നീ കണ്ടൂ..
എന്നിലെ ആയിരം നിശാഗന്ധികളുടെ സുഗന്ധവുമറിഞ്ഞു..
എന്നിട്ടും ഞാനീ സ്വപ്നഭൂമിയിലെന്നും ഊഷരതകള്‍ മാത്രം തിരഞ്ഞുപോയി
മഴയുടെ ശബ്ദമെന്നിലലിഞ്ഞപ്പോഴെ
നിന്റെ പ്രണയവും ഞാന്‍ തിരിച്ചറിഞ്ഞിരുന്നു...
നീയറിയാതെ..എന്നെ തഴുകിയ ആ പ്രണയമഴ
അതെന്റെ കണ്ണുനീരായിരുന്നു
നഷ്ടങ്ങളും ലാഭങ്ങളും തമ്മിലന്തരമുണ്ടായിരുന്നോ..
അവയെ ഞാനറിഞ്ഞില്ലാ..
പക്ഷേ നീയെന്നെയറിയുന്നതിനുമെത്രയെ മുന്‍പ്‌ ഒന്നു ഞാനറിഞ്ഞിരുന്നു...


വര്‍ണ്ണങ്ങള്‍ നരയ്ക്കുവോളം...ഏതോ മന്നന്റെ മുടിയില്‍ അലങ്കാരമായി
...ഈ പാവം മയില്‍പീലിതുണ്ട്‌...
അവളുടെ കണ്ണുനീര്‍...അവയൊരിക്കലും സ്വപ്നഭൂമിയിലിറ്റുവീഴാതെ
വെറും ബാഷ്പങ്ങളായിപ്പോയെന്നറിയുകയെന്നെങ്കിലും...
മേഘങ്ങളോട്‌ ചേര്‍ന്ന്‌ നിന്നെ നനക്കുവാന്‍....


ഡിസംബര്‍ 2003

16 comments:

ദ്രൗപദി said...

ഒരു മറക്കാനാവാത്ത
എഴുത്ത്‌
പഴയ പുസ്തകതാളില്‍ നിന്നും
കണ്ടെടുത്തപ്പോള്‍
ഇവിടെ പ്രസിദ്ധീകരിക്കണമെന്ന്‌ തോന്നി...

പ്രണയലേഖനമെന്നോ
വിരഹലേഖനമെന്നോ
പറയാം...

ഇതെഴുതിയയാള്‍ ഈ ലോകത്തെവിടെയുണ്ടെന്നൊന്നുമറിയില്ലെങ്കിലും
ഇന്നും എന്റെ മനസില്‍
ആ ബിംബം ജീവിക്കുന്നു...
അതിനൊന്ന്‌
നരക്കാന്‍ പോലുമാവില്ലെന്നറിയുന്നു


ഒരു പ്രണയ വിരഹലേഖനം-പുതിയപോസ്റ്റ്‌

Suresh Aykara said...

ദ്രൌപദീ,
ശരിയാണ്,ആ ബിംബത്തിന് നരക്കാനാവില്ല ഒരിക്കലും.എന്നും പച്ചപ്പോടെ ഉള്ളില്‍ തെളിഞ്ഞു ജ്വലിച്ചു നില്‍ക്കും.

ശ്രീ said...

ദ്രൌപതീ...

വിരഹത്തിന്റെ ദുഖം നിറഞ്ഞു നില്‍‌ക്കുന്ന വരികള്‍‌...

“ചവിട്ടും തോറും നഷ്ടമായിക്കൊണ്ടിരിക്കുന്ന
എന്നിലേക്കുള്ള പടികളൊന്നൊന്നായി നീ കയറി“

ആ വിഷാദ ഭാവം നന്നായി ചിത്രീകരിച്ചിരിക്കുന്നു.

:)

ഏ.ആര്‍. നജീം said...

എന്തായിപ്പോ പറയുക, ഒരുപാട് ഇഷ്ടായിട്ടോ ആ വരികള്‍...തുടര്‍ന്നും എഴുതുക..

എന്റെ ഉപാസന said...

മുഖം കോരിയെടുത്തു
എന്നെയുരുക്കി നീ നിന്നില്‍ തന്നെ പൂശി...

കൊള്ളാം വര്‍മാജി
:)
ഉപാസന

പ്രയാസി said...

ഞാനഗ്രഹിച്ചുപോകുന്നു!
ഇതെഴുതിയ ആള്‍ ഇതിപ്പോള്‍ വായിച്ചെങ്കില്‍..

വാല്‍മീകി said...

ആ ഹൃദയരശ്മിയുടെ ചൂടു ശരിക്കും ഞാന്‍ അറിഞ്ഞു.

നിന്റെ പ്രണയം നിശബ്ദമായിരുന്നു..
അതിനാലാവാം പ്രതിധ്വനികള്‍ക്ക്‌ കാതോര്‍ത്തിട്ടും
നിരാശയോടെ സ്വയമാശ്വസിക്കേണ്ടി വന്നത്‌...

ഇതിലെനിക്കെറ്റവും ഇഷ്ടപെട്ട വരി‌കള്‍.

പ്രയാസിയെപോലെ ഞാനും ആഗ്രഹിച്ചുപോവുന്നു
ഇതെഴുതിയ ആള്‍ ഇതിപ്പോള്‍ വായിച്ചെങ്കില്‍..

നിഷ്ക്കളങ്കന്‍ said...

ന‌ല്ല എഴുത്ത് Ms.ദ്രൗപദി.

Jayakeralam said...

good :)

http://www.jayakeralam.com

ബാജി ഓടംവേലി said...

കൊള്ളാം നല്ല ഭാക്ഷ.
തൂടരുക.

Priya Unnikrishnan said...

അവളുടെ ഹൃദയത്തില്‍, നൊമ്പരങ്ങള്‍ക്കിടയില്‍
നിഷ്കളങ്കമായ ഒരു സ്നേഹം
ആരാധന...ആദരവും...

ഓര്‍മ്മകളെ കൈമാടി വിളിക്കുന്ന വരികള്‍...

മുരളി മേനോന്‍ (Murali Menon) said...

പുസ്തക താളിലെ പൊടി തട്ടിയകറ്റി പോസ്റ്റ് ചെയ്ത വരികള്‍ കൂടുതല്‍ തനിമയോടെ തെളിയിച്ചത് പഴയ ഓര്‍മ്മകളെ...ഓര്‍മ്മകള്‍ക്ക് മരണമില്ല....

നന്നായി...

mini said...

ദ്രൌപദീ,

മരിക്കാത്ത ഓര്മമകള്ക്ക് കൂടുതല് മിഴിവേകി ഈ എഴുത്ത്, തീര്ച്ചയായും ആ ബിംബത്തിനു നരക്കാന് പോലുമാവില്ല, ഒരിക്കലും മായാനും...പഴയ കാലത്തിലേയ്ക്ക് ഒന്നു കൂടി പോയി മനസ്സ്. ആ ബിംബം ഇതു കണ്ടിരുന്നെന്കില്.... ആഗ്രഹിചു പോകുന്നു....

എന്റെ കിറുക്കുകള്‍ ..! said...

മനോഹരമായ വരികള്‍.

ദ്രൗപദി said...

സുരേഷ്‌
ശ്രീ
നജീം
സുനില്‍
പ്രയാസി
വാല്‍മീകി
നിഷ്കളങ്കന്‍
ജയകേരളം
ബാജി
പ്രിയ
മുരളി
മിനി
വാണി
അഭിപ്രായത്തിന്‌ ഒരുപാട്‌ നന്ദി..
ഓര്‍മ്മയിലെ ആ നിലവിളക്ക്‌ ഇതൊന്നു കണ്ടിരുന്നെങ്കില്‍ എന്ന്‌ ഞാനും ആശിച്ചുപോകുന്നു...എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടോയെന്ന്‌ തിരിച്ചറിയാന്‍ വേണ്ടി മാത്രം...

indu said...

അവള്‍ തന്റെ മോഹങ്ങള്‍ക്ക്‌ നിറം ചാര്‍ത്തിയിരുന്നില്ല..
അവള്‍ക്കതിനു കഴിയുമായിരുന്നില്ല..