Thursday, October 25, 2007

മരണവീട്ടിലെ ചിരി

വിരസമായ ഒരു പകല്‍ കൂടി...
സമയത്തെകൊല്ലാന്‍ ഒരുപാട്‌ വഴികളുണ്ട്‌. പക്ഷേ അലസത അതിനൊന്നും സമ്മതിച്ചില്ല. ഞാന്‍ എങ്ങോട്ടെന്നില്ലാതെ നടന്നു. പ്രത്യേകിച്ച്‌ ജോലിയൊന്നുമില്ലാത്തതുകൊണ്ട്‌ നാട്ടുവഴികളൊക്കെ അറിയാം..കുറെ നടന്നപ്പോള്‍ വയലിനരുകിലെ ഓലമേഞ്ഞ വീട്ടില്‍ നിന്നും നിലവിളി കേട്ടു.
അതൊരു മരണവീടായിരുന്നു. നീണ്ടു നിവര്‍ന്ന്‌ പുതച്ച്‌ കിടക്കുന്നയാള്‍ അധികമാരും അറിയാത്ത ഗോപാലേട്ടനായിരുന്നു. വ്യക്തിപരമായി അടുപ്പമൊന്നുമുണ്ടായിരുന്നില്ലെങ്കിലും നാട്ടുകാരനെന്ന്‌ നിലയില്‍ എനിക്കയാള്‍ പരിചിതനാണ്‌. ബന്ധുക്കളും മറ്റും എത്തുമ്പോള്‍ ഗോപാലേട്ടന്റെ ഭാര്യ രാധാമണിചേച്ചിയും കുട്ടികളും അലമുറയിടുന്നുണ്ട്‌. ക്രമേണ അത്‌ നേര്‍ത്ത തേങ്ങലായോ മൂളലായോ അവശേഷിക്കുന്നു. എനിക്ക്‌ ചിരിവന്നു. മരണവീട്ടില്‍ ചിരിക്കാന്‍ പാടില്ലെന്ന സാമാന്യബോധമുള്ളത്‌ കൊണ്ട്‌ അതുള്ളിലൊതുക്കി കാഴ്ചക്കാരിലൊരാളായി മാറിനിന്നു. ആത്മഹത്യക്ക്‌ പുതുമ നഷ്ടപ്പെട്ട്‌ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ആഴ്ചയില്‍ ഒന്നെങ്കിലുമില്ലാതെ പറ്റാത്ത അവസ്ഥ. മരണവീട്ടില്‍ പോകാന്‍ ചില പരിഷ്കൃതര്‍ പുതിയവസ്ത്രങ്ങള്‍ വരെ വാങ്ങിവെക്കാന്‍ തുടങ്ങിയിരിക്കുന്നു. മരണവീട്ടിലെത്തുമ്പോള്‍ മനസില്‍ സന്തോഷം നിറയുന്നത്‌ ആദ്യത്തെ സംഭവമല്ല. അതെന്തുകൊണ്ടാണെന്ന്‌ മാത്രം എത്ര ചിന്തിച്ചിട്ടും മനസിലാകുന്നുമില്ല. എനിക്കിപ്പോള്‍ വല്ലാത്തൊരു ഭയമുണ്ട്‌. വളരെ വേണ്ടപ്പെട്ടവരാരെങ്കിലും മരിച്ചാല്‍ ഞാന്‍ ചിരിക്കുമോ അതോ കരയുമോ എന്നോര്‍ത്ത്‌...

അയാളുടെ ചിന്തകള്‍ക്ക്‌ വിരാമമിട്ട്‌ കൈയ്യില്‍ പുഷ്പചക്രവുമായി ഒരാള്‍ വന്നു. നല്ല വെളുത്ത വസ്ത്രം ധരിച്ച അയാളുടെ ഷര്‍ട്ടില്‍ ഒറ്റ ചുളിവുകള്‍ പോലുമുണ്ടായിരുന്നില്ല. മണ്ഡലം കമ്മിറ്റി എന്ന്‌ മനോഹരമായി എഴുതിച്ചേര്‍ത്ത പുഷ്പചക്രം കണ്ടപ്പോള്‍ എല്ലാം മറന്നൊന്ന്‌ ചിരിക്കാന്‍ തോന്നി. കുളിച്ച്‌ സുഗന്ധദ്രവ്യങ്ങള്‍ പൂശി അയാളിവിടെ എത്തിയത്‌ എന്തിനായിരുന്നുവെന്ന്‌ മറ്റാരെക്കാളും നന്നായി എനിക്കറിയാം. പഞ്ചായത്ത്‌ പ്രസിഡന്റാകാനുളള പക്വതയും കഴിവുമൊക്കെ അയാള്‍ക്കുണ്ടെന്ന്‌ എല്ലാവരും പറയുന്നു. തിരിച്ചറിയല്‍ കാര്‍ഡ്‌ നഷ്ടപ്പെട്ട വോട്ടര്‍ക്ക്‌ ഇതിനെ കുറിച്ചൊന്നും അഗാധമായി ചിന്തിക്കാന്‍ അര്‍ഹതയില്ലെന്ന തിരിച്ചറിവുള്ളത്‌ കൊണ്ട്‌ ഞാന്‍ ഇക്കാര്യത്തില്‍ നിന്ന്‌ പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു.
അയാളുടെ ഊഴം കഴിയാന്‍ കാത്തിരുന്നത്‌ പോലെ വാര്‍ഡ്‌ മെമ്പറെത്തി. ആര്‍ഭാടം നിറഞ്ഞ വസ്ത്രവിധാനമായിരുന്നു അവരുടേത്‌. നിലവിളക്കിന്റെ വെളിച്ചത്തില്‍ സ്വര്‍ണകസവുള്ള സാരി വെട്ടിതിളങ്ങി. മൃതശരീരത്തെ വ്യസനത്തോടെ നോക്കിയിട്ട്‌ രാധാമണി ചേച്ചിയെ കെട്ടിപിടിച്ച്‌ അവര്‍ കരഞ്ഞു. പിന്നെ ഇടറിയ കാലടികളോടെ നടന്നു പോയി. അരിവാളുകാരുടെ പതിവ്ശൈലിയുടെ പുനരാവിഷ്ക്കരണം കണ്ട്‌ ഞാന്‍ ഉള്ളില്‍ ചിരിച്ചു. ഗോപാലേട്ടന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ ഈ മരണം ഒഴിവാക്കാമായിരുന്നില്ലേ എന്നൊരു ചിന്ത അനാവശ്യമായി എന്നിലേക്ക്‌ കടന്നുവന്നു. ഇനി പറഞ്ഞിട്ട്‌ കാര്യമൊന്നുമില്ലെങ്കിലും ഈ നാട്ടുകാരനെന്ന നിലയില്‍ ഈ മരണത്തിന്‌ ഉത്തരവാദികളെ കണ്ടെത്തി പഴി പറഞ്ഞില്ലെങ്കില്‍ എന്റെ തിരിച്ചറിയല്‍ കാര്‍ഡ്‌ നഷ്ടപ്പെട്ടതിന്‌ എന്ത്‌ വിലയുണ്ടാവും. ഗോപാലേട്ടന്‍ വാഴത്തോട്ടം ഇന്‍ഷൂര്‍ ചെയ്യാനൊരുങ്ങിയപ്പോള്‍ വയലിലാണ്‌ കൃഷിചെയ്തതെന്ന്‌ റിപ്പോര്‍ട്ട്‌ കൊടുത്ത മെമ്പറാണ്‌. പിന്നീട്‌ തോട്ടം നശിച്ചപ്പോള്‍ നഷ്ടപരിഹാരം കിട്ടിയില്ലെന്ന്‌ മാത്രമല്ല..ഇതിനിടയില്‍ വയല്‍നികത്തിയെന്ന്‌ ആരോപിച്ച്‌ കേസും വന്നു. ഇത്‌ അധികമാര്‍ക്കും അറിയില്ലെങ്കിലും എനിക്കറിയാം. തൊഴില്ലാത്തവന്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ കണ്ടെത്തുന്നത്‌ തെറ്റാണെന്ന്‌ ഇതുവരെ തോന്നിയിട്ടില്ല.
വീട്‌ മേയാന്‍ കുടുംബശ്രീ മുഖാന്തിരം രാധാമണിചേച്ചിക്ക്‌ ലോണ്‍ ശരിയാക്കിക്കൊടുക്കാന്‍ മെമ്പര്‍ക്ക്‌ എളുപ്പം കഴിയുമായിരുന്നു. എന്ത്‌ ചെയ്യാം കഴിഞ്ഞ ആറുമാസമായി വീട്‌ മോടിപിടിപ്പിക്കുന്ന തിരക്കിലായിരുന്നു അവര്‍. 100 രൂപക്ക്‌ ജയലളിത മൂന്നുസാരി കൊടുത്തപ്പോള്‍ ഓടിപ്പോയി വാങ്ങിയ മെമ്പറുടെ പരിണാമദശകള്‍ മനസില്‍ തെളിഞ്ഞപ്പോള്‍ ഉള്ളിലുറി വന്ന ചിരി ഗദ്ഗദമായി ഞാന്‍ വഴിമാറ്റിവിട്ടു.
രാധാമണിചേച്ചിയേയും കുട്ടികളേയും കാണുമ്പോള്‍ എനിക്ക്‌ അല്‍പം നൊമ്പരം തോന്നാതിരുന്നില്ല. ചേച്ചിയുടെ യൗവനം ഇനിയും ബാക്കിനില്‍ക്കുന്നത്‌ കൊണ്ട്‌ ഇനിയിവിടെ മനുഷ്യസ്നേഹികളുടെ ഉന്തുംതള്ളുമായിരിക്കും. ഇരുട്ടിന്റെ മറവ്‌ പറ്റി ചൂട്ടുവീശി വരുമ്പോള്‍ അവരുടെ മുഖം തിരിച്ചറിഞ്ഞ്‌ പിടിച്ച്‌ നില്‍ക്കാന്‍ ചേച്ചിക്ക്‌ ഈശ്വരന്‍ ശക്തി നല്‍കട്ടെയെന്ന്‌ ഞാന്‍ പ്രാര്‍ത്ഥിച്ചു.

ഇതിനിടയില്‍ ചെറിയൊരു തര്‍ക്കം അവിടെ ഉടലെടുത്തു. കുഴിച്ചിടണോ ദഹിപ്പിക്കണോ എന്നതായിരുന്നു വിഷയം. ദഹിപ്പിക്കണമെങ്കില്‍ അതിര്‍ത്തിയില്‍ ആരുടേതെന്ന്‌ വ്യക്തതയില്ലാതെ നില്‍ക്കുന്ന മാവ്‌ വെട്ടണം. എല്ലാവര്‍ഷവും കണ്ണിമാങ്ങ തരുന്ന അതിനെ അത്രവേഗം വെട്ടിമാറ്റാന്‍ മാത്രം ക്രൂരന്മാരായിരുന്നില്ല അയല്‍ക്കാര്‍. മറ്റൊരു കാര്യം കൂടി ദഹിപ്പിക്കലിനെ ബാധിച്ചു. അടുത്തൊരു കല്ല്യാണവീടുണ്ട്‌. ഉണക്കമത്തിചുട്ട പോലത്തെ മണം പടര്‍ന്നാല്‍ സദ്യക്ക്‌ രുചി കുറയുമത്രെ..
അങ്ങനെ കുഴിച്ചിടാനുള്ള തീരുമാനത്തില്‍ എല്ലാവരും ചേര്‍ന്ന്‌ അടിവരയിട്ടു. മണ്ണില്‍ തൂമ്പ പതിയുന്ന ശബ്ദം കേട്ടപ്പോള്‍ തര്‍ക്കത്തെയും അതില്‍ ആത്മാര്‍ത്ഥമായി പങ്കെടുത്തവരെയും കുറിച്ചോര്‍ത്ത്‌ മുഖത്തൊരു പുഞ്ചിരി പടര്‍ത്താതിരിക്കാന്‍ എനിക്ക്‌ കഴിഞ്ഞില്ല.
ഏതോ സിനിമയില്‍ കണ്ട കോമാളിയെ പോലെ കുളിയും ജപവുമില്ലാത്ത ഒരു സ്വാമി പൂജകള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഗോപാലേട്ടന്‍ ഇപ്പോള്‍ കുളികഴിഞ്ഞ്‌ കിടക്കുകയാണ്‌. പൂര്‍ത്തിയായ കുഴിക്കരുകിലേക്ക്‌ എന്തോ അത്ഭുതം കാണാനെന്ന പോലെ ഞാന്‍ നടന്നു. ഓടി പാഞ്ഞുനടന്ന മനുഷ്യനെ കിടത്താന്‍ ഇത്രയും ചുരുങ്ങിയ കുഴി. പതിവുചിന്തയായതിനാലാവാം ഒന്നും തോന്നിയില്ല. മൃതശരീരവുമായി കുഴിക്കരുകിലേക്ക്‌ വരുന്നവരെ കണ്ട്‌ ഞാന്‍ പെട്ടന്ന്‌ പിന്നോട്ട്‌ മാറി. അങ്ങനെ എന്റെ ചിന്ത പാതിവഴിയില്‍ ഒറ്റക്കായി. കുഴിക്കരുകില്‍ നിന്നും അവസാനവട്ട നിലവിളികള്‍ കേട്ടു. ഓര്‍മ്മ വന്നത്‌ നാളത്തെ ചരമപേജാണ്‌. കറുപ്പ്‌ പ്രതലത്തില്‍ വെളുത്ത അക്ഷരം കൊണ്ട്‌ ഒരു കര്‍ഷക ആത്മഹത്യ കൂടി എഴുതിച്ചേര്‍ക്കപ്പെടും. പതിവായി ചരമപേജ്‌ വായിച്ച്‌ ചിരിക്കാറുള്ള എനിക്ക്‌ നാളത്തെ പത്രം കാണാന്‍ ആര്‍ത്തിയായി.
ആളുകള്‍ വിരലിലെണ്ണാവുന്നവരായി അവശേഷിക്കുമ്പോള്‍ ഞാന്‍ ഇറങ്ങി നടന്നു. മൂന്നാംദിവസം ഇനിയൊരു കല്യാണവീടിന്റെ പ്രതീതിയാവും ഇവിടെ..ഒരു വിഭാഗം ശീട്ട്കളി മറ്റൊരു വിഭാഗം മദ്യസേവ..മരണവീട്‌ ആഹ്ലാദത്തിന്റെ അത്യുന്നതങ്ങളിലേക്ക്‌ സന്നിവേശിക്കും...

എല്ലാം ഓര്‍ത്തോത്ത്‌ ചിരിക്കാന്‍ മറവ്‌ തേടുകയായിരുന്നു ഞാന്‍...പെട്ടന്ന്‌ ആരോ കിതച്ചുകൊണ്ട്‌ ഓടി എന്റെയരുകില്‍ വന്നു നിന്നു. പെട്ടന്ന്‌ വീട്ടിലേക്ക്‌ ചെല്ലണം..അയാളുടെ ശബ്ദത്തിന്റെ പതര്‍ച്ച കണ്ടപ്പോള്‍ കാലുകള്‍ക്ക്‌ വേഗത കൂടുന്നതറിഞ്ഞു..
പാഞ്ഞുപോകുന്നതിനിടെ വെറുതെയൊന്ന്‌ തിരിഞ്ഞുനോക്കി..
അയാള്‍ എന്നെ പിന്‍തുടരുന്നുണ്ട്‌. എന്നെ പോലെ മറ്റൊരാളാവാം അത്‌. ഒരുപക്ഷേ ഞാന്‍ കരയുമോ അതോ ചിരിക്കുമോ എന്നറിയാനുള്ള ആകാംഷയാവും അയാള്‍ക്ക്‌...

23 comments:

ദ്രൗപദി said...

മരണവീട്ടില്‍ പോകാന്‍ ചില പരിഷ്കൃതര്‍ പുതിയവസ്ത്രങ്ങള്‍ വരെ വാങ്ങിവെക്കാന്‍ തുടങ്ങിയിരിക്കുന്നു. മരണവീട്ടിലെത്തുമ്പോള്‍ മനസില്‍ സന്തോഷം നിറയുന്നത്‌ ആദ്യത്തെ സംഭവമല്ല. അതെന്തുകൊണ്ടാണെന്ന്‌ മാത്രം എത്ര ചിന്തിച്ചിട്ടും മനസിലാകുന്നുമില്ല. എനിക്കിപ്പോള്‍ വല്ലാത്തൊരു ഭയമുണ്ട്‌. വളരെ വേണ്ടപ്പെട്ടവരാരെങ്കിലും മരിച്ചാല്‍ ഞാന്‍ ചിരിക്കുമോ അതോ കരയുമോ എന്നോര്‍ത്ത്‌...


മരണവീട്ടിലെ ചിരി-പുതിയ പോസ്റ്റ്‌

വാളൂരാന്‍ said...

ഒക്കെ പ്രകടനങ്ങള്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു, ദ്രൗപദീ...

വാല്‍മീകി said...

നല്ല കഥ. ഇങ്ങനെയും സമൂഹത്തിനെ നോക്കി കാണാം അല്ലെ?

എന്റെ ഉപാസന said...

സമൂഹത്തിലെ കാപട്യങ്ങള്‍ തുറന്നു കാണിക്കാനുള്ള ധീരമായ ശ്രമം
നന്നായി
:)
ഉപാസന

പ്രയാസി said...

കരയണൊ!? ചിരിക്കണൊ!?
ചിലപ്പൊള്‍ നാം ഇതുരണ്ടിനുമിടയില്‍ പെട്ടു പോകാറുണ്ട്..!

ഉയര്‍ന്നു കേള്‍ക്കുന്ന നിലവിളികള്‍ക്കിടയില്‍ ചിരിക്കാന്‍ കഴിയുമൊ!?

സമൂഹത്തിലെ കറുത്ത സത്യങ്ങള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല അല്ലേ..!?

നന്നായി..അഭിനന്ദനങ്ങള്‍..

നിഷ്ക്കളങ്കന്‍ said...

കഥ‌ കൊള്ളാം.
ഓ.ടോ
അച്ചുമാമ്മ കാണ‌ണ്ടാ. തിന്നുക‌ള‌യും. പിന്തിരിപ്പന്‍.. മൂരാച്ചി കഥ. പു.ക.സാ.സ യില്‍ അംഗ‌മാകൂ. കഥ‌യെഴുതാന്‍ പഠിയ്ക്കൂ.

സഹയാത്രികന്‍ said...

കൊള്ളാം...
:)

കുഞ്ഞന്‍ said...

അയാളുടെ വീട്ടില്‍ ചിരികളുടെ അലയൊലികള്‍ മുഴങ്ങിക്കേള്‍ക്കും, കാരണം അയാള്‍ ചിരിച്ചവനാണ്...!

Priya Unnikrishnan said...

പൊയ്മുഖങ്ങള്‍ എന്നു തിരിച്ചറിയപ്പെടുന്നുവോ അന്നേ എല്ലാം ശരിയാവൂ.ലളിതമായ വാക്കുകള്‍ കൊണ്ട്‌ ഒരുപാട്‌ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.
ഭാവുകങ്ങള്‍

ശ്രീ said...

ഇന്നത്തെ ലോകം ഇങ്ങനെ ആകുന്നു.... കാപട്യങ്ങള്‍‌ മാത്രം... എല്ലാം ഒരു പ്രഹസനം...

കഥ നന്നായി.
:)

ദ്രൗപദി said...

വാളൂരാന്‍...
വാത്മീകീ
സുനില്‍
പ്രയാസി..
നിഷ്കളങ്കന്‍
സഹയാത്രികാ
കുഞ്ഞാ-ശരിയാണ്‌ ഒരുപക്ഷേ ആ വീട്ടില്‍ നിലവിളികള്‍ക്ക്‌ പകരം പൊട്ടിച്ചിരി സ്ഥാനം പിടിക്കുമായിരിക്കും..
പ്രിയാ
ശ്രീ
അഭിപ്രായത്തിന്‌ ഒരുപാട്‌ നന്ദി...

മുരളി മേനോന്‍ (Murali Menon) said...

kaalaththinu maakkaan paTaaththa dukhangaLilla......
pakshe ellaam prakatanaparathayilothungumbOL aarkkum chirivarum....

enkilum otuvil ayaaLute kaalukaLkku akaaraNamaay vEgam kootunnu, chiri maayunnu, maToraaL chirikkaan pinthutarunnuNt~.
nannaay, vaLare nannay ezhuthth~

Prasanth Kalathil | പ്രശാന്ത് കളത്തില്‍ said...

നന്നായിരുക്കുന്നു.
എന്നലും അവതരണം ഒന്നുകൂടി നന്നാക്കാമായിരുന്നു എന്നു തോന്നുന്നു.

മയൂര said...

ഒരു പാട് കാര്യങ്ങള്‍ നന്നായി പറഞ്ഞിരിക്കുന്ന കഥ...:)

മന്‍സുര്‍ said...

ദ്രൗപദി...

ഒരു മരണ വീടിന്‍റെ പ്രതീതിയും...ചടങ്ങുകളും...ആഘോഷങ്ങളും ..മരണവീട്ടിലേക്ക്‌ പോകാന്‍ പുതിയ വസ്ത്രങ്ങള്‍ വരെ തെരെഞെടുക്കുന്നതില്‍ നാമിന്ന്‌ ശ്രദ്ധ ചെലുത്തുന്നു...
നാളത്തെ പത്രവാര്‍ത്തകളിലെ ചരമകുറിപ്പുകള്‍ നമ്മെ ചിരിപ്പിക്കുമോ..അതോ കരയിപ്പിക്കുമോ.....ആര്‍ക്കറിയാം..
മരണ വാര്‍ത്തകളില്‍ ഇന്ന്‌ മരിച്ചവന്‌ പ്രാധാന്യമില്ല..
മറിച്ച്‌...പൂക്കള്‍ നിറച്ച റീത്തുമായി വരുന്ന മണ്ഡലങ്ങളാണ്‌....ചിത്രങ്ങളില്‍ നിറയുന്നത്‌.
അര്‍ത്ഥവത്തായ വിവരണം....... അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

aksharajaalakam.blogspot.com said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

P Jyothi said...

ഇങ്ങനെയൊക്കെത്തന്നെ ഇപ്പോള്‍ മരണവീടുകള്‍... ഒരു മരണവീട്ടിലെ ഇത്തരം കോപ്രായങ്ങള്‍ കണ്ട ഓര്‍മ്മ വന്നു കഥ വായിച്ചപ്പോള്‍...

ധ്വനി said...

എന്റെ അടുത്ത ബന്ധുവീട്ടില്‍ ഒരാത്മഹത്യ നടന്നു. മനോരോഗമുണ്ടായിരുന്ന ഒരു കന്യാസ്ത്രീ. എനിയ്ക്കു ആഴമായ ആത്മബന്ധമുണ്ടായിരുന്ന എന്റെ ചെറിയമ്മ. അന്നു ഞാന്‍ ചിരിച്ചു. അവിടെ കൂടിയ ആളുകളുടെ കരച്ചിലും പറച്ചിലുകളും കേട്ട്. പിന്നൊന്നു കരഞ്ഞതാവട്ടെ 2 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു നാള്‍!

സത്യമാണു. അനുശോചനങ്ങള്‍ പോലും ശവദാഹ കര്‍മ്മങ്ങള്‍ പോലെ മുറയായി/ക്രമമായി നടത്തേണ്ടവ! കഷ്ടം!

മുക്കുവന്‍ said...

നല്ല കഥ.

ഗോപാലേട്ടന്‍ വാഴത്തോട്ടം ഇന്‍ഷൂര്‍ ചെയ്യാനൊരുങ്ങിയപ്പോള്‍ വയലിലാണ്‌ കൃഷിചെയ്തതെന്ന്‌ റിപ്പോര്‍ട്ട്‌ കൊടുത്ത മെമ്പറാണ്‌. പിന്നീട്‌ തോട്ടം നശിച്ചപ്പോള്‍ നഷ്ടപരിഹാരം കിട്ടിയില്ലെന്ന്‌ മാത്രമല്ല..ഇതിനിടയില്‍ വയല്‍നികത്തിയെന്ന്‌ ആരോപിച്ച്‌ കേസും വന്നു

ellam kandum, kettum pazhichaarunna njaan...

പാലാ ശ്രീനിവാസന്‍ said...

ഇത്തവണ ഫോട്ടോ ഇല്ലല്ലോ,
ഇനിയുള്ള രചനകളുടെ കൂടെ ഫോട്ടോ ഇടാന്‍
മറക്കരുതേ..............

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നല്ല കഥ.......സമൂഹത്തിലെ കറുത്ത സത്യങ്ങള്‍........

ദ്രൗപദി said...

മുരളിയേട്ടാ
പ്രശാന്ത്‌..
മയൂരാ
മന്‍സൂര്‍
ജ്യോതി
ധ്വനി
മുക്കുവന്‍
ശ്രീനിവാസന്‍
സഗീര്‍
എല്ലാവര്‍ക്കും അഭിപ്രായം പറഞ്ഞതിന്‌ ഒരുപാട്‌ നന്ദി...

നിരക്ഷരന്‍ said...

“ തിരിച്ചറിയല്‍ കാര്‍ഡ്‌ നഷ്ടപ്പെട്ട വോട്ടര്‍ക്ക്‌ ഇതിനെ കുറിച്ചൊന്നും അഗാധമായി ചിന്തിക്കാന്‍ അര്‍ഹതയില്ലെന്ന തിരിച്ചറിവുള്ളത്‌ “

ആ പ്രയോഗം രസിച്ചു.