Monday, December 17, 2007

ഒരു സ്വയംഹത്യയുടെ പിന്നാമ്പുറങ്ങളിലേക്ക്‌...


വേനലറുതിയുടെ വിജനതയില്‍ മാത്രം പൂക്കുന്ന
ഗുല്‍മോഹറിന്റെ ചുവട്ടിലെ കൊഴിഞ്ഞ പൂക്കള്‍ മാത്രം
മനസിന്റെ വഴിത്താരകളില്‍ അവശേഷിപ്പിച്ച്‌ നിന്റെ യാത്ര...
നീയില്ലാത്ത ആദ്യത്തെ ശൈത്യം ഡിസംബറിന്റെ തണുത്ത കരങ്ങളായി
എന്നെ വരിഞ്ഞുമുറുക്കുന്നു...
മരണം കൊണ്ട്‌ നീ നിശ്ബ്ദനായി..
എന്നിട്ടും നീ പറത്തിവിട്ട സ്വപ്നങ്ങള്‍
ഇന്നും എന്നെ അലോസരപ്പെടുത്തികൊണ്ടിരിക്കുന്നു...

ശിവദാസന്റെ ഫോണ്‍കോളെത്തുമ്പോള്‍ സമയം എട്ടുമണിയായിരുന്നു. എന്റെ മനസിന്റെ വ്യതിചലങ്ങള്‍ തിരിച്ചറിഞ്ഞ്‌ വേദനിക്കാനാവാത്തത്‌ കൊണ്ടാവാം. വിമല്‍ മരിച്ചെന്ന്‌ മാത്രം പറഞ്ഞ്‌ അവന്‍ ഫോണ്‍വെച്ചു..എന്താ..എന്തായീ പറയണേ..എന്നുള്ള ആകാംഷ നിറഞ്ഞ എന്റെ ചോദ്യം അതുകൊണ്ട്‌ തന്നെ അവന്‍ കേട്ടുകാണില്ല..
വിമല്‍ ആരായിരുന്നുവെന്നൊരു ചോദ്യം നിങ്ങളില്‍ അവശേഷിക്കുന്നുണ്ടാവാം. എന്റെ പ്രിയപ്പെട്ട സഖി നന്ദനയുടെ മനസ്‌ കട്ടെടുത്ത ഒരാള്‍. അതിനുമപ്പുറം ചോദിച്ച്‌ എന്നെ നിങ്ങള്‍ കുഴക്കരുത്‌..ഒരു നിയോഗം പോലെയാണ്‌ നന്ദന ഈ നഗരത്തിലെത്തുന്നത്‌. കളിയാക്കലുകള്‍ക്കിടയില്‍ നിന്നും അവളുടെ ചലനങ്ങള്‍ പോലും പിഴുതെറിഞ്ഞ്‌ എന്റെ മനസിന്റെ അടഞ്ഞുകിടന്ന വാതില്‍ തള്ളിമാറ്റി കടന്നുവരുകയായിരുന്നു. മുഖത്ത്‌ നിറയെ നിഷ്കളങ്കതയുമായി വള്ളുവനാടന്‍ മണ്ണില്‍ നിന്നൊരു അധിനിവേശം.
താനഭിനയിച്ച ഏതോ നാടകത്തിലെ ഭ്രാന്തിയെ പോലെ തന്റെ മുറിയിലെ ഒരാള്‍ വലിപ്പമുള്ള കണ്ണാടിക്ക്‌ മുമ്പില്‍ നിന്ന്‌ അഹല്യ അഭിനയിക്കുകയാണ്‌.
വിമല്‍ ശങ്കര്‍ എന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മരണം ആക്സ്മികമായിരുന്നു. വിഷം കഴിച്ചൊരു ആത്മഹത്യ. എന്തായിരുന്നു മരണത്തിന്‌ കാരണമെന്നറിയാനായിരുന്നു അഹല്യക്ക്‌ തിടുക്കം. അത്‌ മറ്റൊന്നും കൊണ്ടല്ല ഉള്ളില്‍ ആരിളക്കിയാലും മറിയാത്ത കുറ്റബോധത്തില്‍ നിന്നും ഉടലെടുത്തൊരു ആവേശം. വിമല്‍ ശങ്കറിനെ പരിചയപ്പെടുന്നത്‌ നന്ദനയിലൂടെയാണ്‌. സൂപ്പര്‍മാര്‍ക്കറ്റിന്റെ ബില്ലിംഗ്‌ സെക്ഷനുമായി ബന്ധപ്പെട്ട ഒരു പ്രോഗാം നിര്‍മ്മാണത്തിനിടയിലായിരുന്നു അയാള്‍. നല്ല സംസാരം, പെരുമാറ്റം. പിന്നെ എണ്ണക്കറുപ്പിന്റെ അപാരസൗന്ദര്യവും..നന്ദനയോട്‌ എനിക്കും ഇഷ്ടമായി എന്നൊരു മറുപടി കൊടുത്തു..നന്ദന എന്ന പെണ്‍കുട്ടിയുടെ മനസില്‍ വിമല്‍ ശങ്കര്‍ പിന്നെ വാകമരത്തിന്റെ വേരു പോലെ ദൃഢമായി പടര്‍ന്നുകയറി..പക്ഷേ മറ്റൊരു പ്രശ്നം ഇവിടെ പിന്നെയും ബാക്കിയയായി. രാഗേഷിനെ എങ്ങനെ ഒഴിവാക്കും. സംശയരോഗി, ദേഷ്യക്കാരന്‍ ഇങ്ങനെ ഒരുപാട്‌ നെഗേറ്റെവ്‌ വികാരങ്ങളുടെ തടവറയിലാണയാള്‍. പ്രണയം ശരീരം തമ്മിലുള്ള ഒട്ടിച്ചേരല്‍ മാത്രമല്ലല്ലോ..ഒപ്പം ജീവിക്കുമ്പോ ഇത്തരം വികാരങ്ങള്‍ ചത്ത ശരീരങ്ങള്‍ പോലെയാണ്‌. ഉപകാരമുണ്ടാവില്ലെന്ന്‌ മാത്രമല്ല ഉപദ്രവങ്ങളേറുകയും ചെയ്യും. സത്യത്തില്‍ അഹല്യയുടെ നിര്‍ബന്ധത്തിന്‌ വഴങ്ങിയാണ്‌ രാഗേഷില്‍ നിന്നുമുള്ള ഒളിച്ചോട്ടത്തിന്‌ നന്ദന മുതിര്‍ന്നത്‌. ഒരുപാട്‌ പേരേ പ്രേമിച്ച്‌ വഞ്ചിച്ച്‌ പരിചയമുള്ള അഹല്യക്ക്‌ ഇതിലൊന്നും വല്യ വിഷമം തോന്നാത്തത്‌ സ്വാഭാവികം മാത്രം..
വിമല്‍ശങ്കറുമായുള്ള നന്ദനയുടെ ഇഷ്ടം നാള്‍ക്കുനാള്‍ ശക്തി പ്രാപിച്ചുവന്നു. സഹായിയുടെ ഭാഗം നിരവധി നാടകങ്ങളില്‍ മികച്ച അഭിനേത്രിപട്ടം നേടിയിട്ടുള്ള അഹല്യ അതിമനോഹരമായി അഭിനയിച്ചുതീര്‍ത്തുകൊണ്ടിരുന്നു.

വിമല്‍ശങ്കര്‍ ക്രൂരനാണോ എന്നൊരു ചോദ്യം ഇവിടെ ബാക്കിയാവുന്നുണ്ട്‌..കാരണം അയാള്‍ക്ക്‌ ഭാര്യയും രണ്ടു കുട്ടികളുമുണ്ട്‌. അതു മറച്ചുവെച്ചാണ്‌ നന്ദനയുമായുള്ള പ്രണയം..ഇതറിയാവുന്നത്‌ അയാള്‍ക്ക്‌ മാത്രം. ജഢം പോലെ കിടന്നുതരാറുള്ള തമിഴത്തി ഭാര്യയെ കാമം തീര്‍ക്കാനുള്ള ഒരു ഉപകരണത്തിനപ്പുറം മറ്റൊന്നുമായി കാണാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല. പിന്നെ രണ്ടുകുട്ടികള്‍..ഉറക്കം വരാത്ത ഏതോ രാത്രികളില്‍ മോഹങ്ങള്‍ മതിലുചാടി പോയതിന്റെ അടയാളങ്ങള്‍. ഇങ്ങനെയൊക്കെ ചിന്തിക്കാനാണ്‌ അയാള്‍ക്കിഷ്ടം..ഇനിയാണ്‌ ജീവിതം നന്ദനയുമൊത്ത്‌. കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ അയാള്‍ ചിന്തകളെ പിടിച്ചുനിര്‍ത്താനാവാതെ വിഷമിച്ചുകൊണ്ടിരുന്നു...

നഗരം ഇടക്കൊക്കെ അഴിഞ്ഞാട്ടക്കാരിയെ പോലെയാണ്‌. സമാധാനത്തിന്റെ ലോകത്ത്‌ നിന്നും ഓഫിസെന്ന തിരക്കിന്റെ അതിവിശാലതയിലേക്ക്‌ ഊളിയിടുമ്പോള്‍ ട്രാഫിക്‌ ബ്ലോക്ക്‌ കൊണ്ടാവും പലപ്പോഴും എതിരേല്‍ക്കുക. ഉള്ളിലെ അമര്‍ഷം ബ്യുറോ ചീഫിന്റെ ദേഷ്യത്തിന്‌ മുമ്പില്‍ നിസഹായതയായി അവസാനിക്കും. ഷെഡ്യൂള്‍ ബുക്കെടുത്ത്‌ എഴുതാന്‍ തുടങ്ങുമ്പോഴേക്കും അദ്ദേഹം സമാധാനപ്പെടുത്താന്‍ വന്നിട്ടുണ്ടാവും..
അഹല്യാ...പതിവായി വൈകിവരുന്നതിന്റെ കാരണം ഒരിക്കല്‍ പോലും ഞാന്‍ ചോദിച്ചിട്ടില്ല..ഇനിയെങ്കിലും ആവര്‍ത്തിക്കാതിരുന്നെങ്കില്‍...എവിടെയും തൊടാതെയുള്ള ആ പരിഭവം പറച്ചിലിന്‌ മുമ്പില്‍ സ്വയം പഴി പറഞ്ഞ്‌ ഇറങ്ങിപോരും. പ്രസ്ക്ലബ്ബിലെ വിരസമായ പത്രസമ്മേളനങ്ങളിള്‍ മിഴികളൂന്നിയിരിക്കുമ്പോഴേക്കും മൊബെയില്‍ ഫോണ്‍ ഇടതടവില്ലാതെ ചിലച്ചുകൊണ്ടിരിക്കും. മിക്കവാറും നന്ദനയാവും..അല്ലെങ്കില്‍ വിമല്‍ശങ്കര്‍. മറ്റുള്ളവര്‍ക്ക്‌ വേണ്ടി രാത്രിസമയം നീക്കിവെച്ചിരിക്കുകയാണ്‌...സ്വസ്ഥമായി സംസാരിക്കണമെങ്കില്‍ ഇപ്പോള്‍ ഇരുട്ടിന്റെ മറവ്‌ വേണമെന്നായിരിക്കുന്നു...

നന്ദനയുടെ ഫോണ്‍കോള്‍ അറ്റന്റ്‌ ചെയ്തപ്പോഴേക്കും പത്രസമ്മേളനത്തിലെ ഏതൊക്കെയോ പ്രധാന ഭാഗങ്ങള്‍ വിട്ടുപോയി. ഇനി മറ്റാരുടെയെങ്കിലും കാലുപിടിക്കണം. ഉള്ളില്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടലും അലോസരപ്പെടുത്തലും അവളിലേക്ക്‌ കടന്നുവന്നു.
നന്ദനക്ക്‌ തന്നെ കാണണമത്രെ..
പന്ത്രണ്ട്‌ മണിയെങ്കിലുമാവും ഇവിടുത്തെ മലമറിക്കല്‍ കഴിയാന്‍..പിന്നെ അവിടെ പോയി തിരിച്ചുവരുമ്പോഴേക്കും രണ്ടു മണിയെങ്കിലുമാവും. വലിയ തിരക്കില്ലാത്തൊരു ദിവസമായതിനാല്‍ അഹല്യക്ക്‌ ഉള്ളിന്റെയുളളില്‍ സമാധാനം തോന്നി.
പ്രസ്ക്ലബ്ബില്‍ നിന്നിറങ്ങി ഓട്ടോയിലേക്ക്‌...എതിരെ ചോദിക്കാതെ വന്ന ഇളംകാറ്റിന്റെ സുഷുപ്തിയില്‍ മിഴികള്‍ പൂട്ടിയിരുന്നു.
നന്ദന ആകെയൊരു വിഭ്രമത്തിലായിരുന്നു. രാഗേഷിന്റെ ചില ഭീഷണികോളുകള്‍ അവളെ ആകമാനം ഉലച്ചുകളഞ്ഞു..വിമല്‍ ശങ്കറെയും രാഗേഷിനെയും താരതമ്യപ്പെടുത്തിയുള്ള തന്റെ ആഖ്യാനത്തില്‍ പതിയെ അവള്‍ ഒരാളിലേക്ക്‌ തന്നെ മടങ്ങിവന്നു. ട്രെയിനിംഗിനായി അയാളുടെ സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ തന്നെ പോകാനുള്ള അവളുടെ തീരുമാനത്തിന്‌ ആദ്യമെ ഗ്രീന്‍ സിഗ്നല്‍ നല്‍കിയിരുന്നു..വിമലുമായി അടുത്തിടപഴകാന്‍ കിട്ടുന്നൊരു അവസരം പിന്നീട്‌ ജീവിതത്തിലും ഗുണം ചെയ്തേക്കുമെന്ന തിരിച്ചറിവ്‌ ആ അഭിപ്രായം നല്ലതാണെന്ന്‌ തോന്നുകയും ചെയ്തിരുന്നു.
പിന്നീടുള്ള നന്ദനയുടെ മാറ്റം എന്നെ പോലും അത്ഭുതപ്പെടുത്തി. വിവിധ കാരണങ്ങള്‍ പറഞ്ഞ്‌ ഓഫിസ്‌ ടൈമില്‍ നേരിയ മാറ്റം വരുത്തി വിമല്‍ അവളുടെ ബോസാകുക കൂടി ചെയ്തപ്പോള്‍ കാര്യങ്ങള്‍ ലളിതമായി. ആള്‍താമസമില്ലാത്ത വലിയ വീടിനുള്ളില്‍ അകപ്പെട്ട പോലെ അവള്‍ അസ്വസ്ഥയായി കൊണ്ടിരുന്നു..ഈ വിഹ്വലത തന്നെയാണ്‌ പ്രണയത്തിന്റെ മുഖമുദ്രയെന്ന്‌ തിരിച്ചറിയാതിരിക്കാന്‍ അവള്‍ കുട്ടിയല്ലല്ലോ...ഞാന്‍ അങ്ങനെ സമാധാനിച്ചു.

രഹസ്യങ്ങളുടെ തടവറ ഭേദിച്ച്‌ വന്ന കൂരമ്പുകള്‍ വല്ലാതെ വേദനിപ്പിച്ച ദിവസങ്ങളുടെ ഘോഷയാത്രകളായിരുന്നു പിന്നീട്‌...നന്ദനയുടെ പ്രണയം അതിന്റെ പാരമ്യത്തോട്‌ അടുക്കുമ്പോഴാണ്‌ വിമല്‍ശങ്കറിന്റെ ആദ്യത്തെ നുണ മറ്റൊരാളിലൂടെ കാതില്‍വന്നലച്ച്‌ തകര്‍ന്നത്‌. അയാള്‍ വിവാഹിതനാണെന്ന്‌ മാത്രമല്ല രണ്ടു കുട്ടികളുടെ പിതാവ്‌ കൂടിയാണെന്ന്‌ കേട്ടപ്പോള്‍ വല്ലാതെ തളര്‍ന്നുപോയി. നന്ദന ഇതറിഞ്ഞാല്‍...മനസിലെ ആശങ്ക പിരിമുറുക്കത്തിന്‌ വഴി മാറി. ഒരു ഇടനിലക്കാരിയുടെ റോളിന്റെ പ്രാധാന്യം ശരിക്കുമറിയുന്നത്‌ കൊണ്ടാവാം വിമലുമായി സംസാരിക്കണമെന്ന്‌ തീരുമാനിച്ചു.
ഒന്നും നിഷേധിക്കുവാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല..അങ്ങനെയൊരു കാര്യമറിഞ്ഞത്‌ നന്ദനയുടെ ചെവിയിലെത്തില്ലെന്ന ഉറപ്പോടെയായിരുന്നു ആ ഫോണ്‍ വെച്ചത്‌. പക്ഷേ അത്‌ പറയാതിരിക്കാന്‍ കഴിഞ്ഞില്ല.
നന്ദന ഇതറിയുമ്പോള്‍ അവളുടെ ശബ്ദം വല്ലാതെ വിറങ്ങലിച്ചിരുന്നു. എന്റെ മനസില്‍ അവള്‍ക്കുള്ള ഉപദേശം മറ്റൊന്നുമായിരുന്നില്ല. വീണ്ടുമൊരു മടക്കയാത്ര രാഗേഷിലേക്ക്‌. ഇവിടെ ആര്‍ക്കും നഷ്ടവും ലാഭവുമില്ല. ഓര്‍ക്കാന്‍ കുറെ പൊള്ളുന്ന ഓര്‍മ്മകള്‍ ബാക്കിവെച്ചൊരു സുഖദയാത്ര. അങ്ങനെ സമാധാനിക്കുകയാണ്‌ ഉചിതം. മറ്റൊരു തീരുമാനത്തിലെത്താനായില്ല...
പിന്നീടുള്ള ദിവസങ്ങളില്‍ നന്ദനയുടെ ഫോണ്‍ അയാളുടെ നമ്പര്‍ കാണുമ്പോള്‍ നിശബ്ദമാകാന്‍ തുടങ്ങി. പക്ഷേ വല്ലാത്തൊരു മാനസികസംഘര്‍ഷത്തിലകപ്പെട്ടത്‌ ഞാനായിരുന്നു. മണിക്കൂറുകളോളം എന്നെ വിളിച്ച്‌ അയാള്‍ നന്ദനയോട്‌ സംസാരിക്കണമെന്നും ഭാര്യയെ ഉപേക്ഷിക്കാനൊരുക്കമാണെന്നും പറഞ്ഞു.
ഇതിനിടയിലാണ്‌ ആകസ്മികമായി ആ മരണവാര്‍ത്ത കേട്ടത്‌. വല്ലാത്തൊരു ഭീതി മനസിനെ പുണരുന്നു. എല്ലാം തകര്‍ക്കാന്‍ ഒരാത്മഹത്യകുറിപ്പ്‌ അയാള്‍ അവശേഷിപ്പിച്ചുണ്ടാവുമോ..ഉറക്കമില്ലാത്ത രാത്രികളുടെ ഘോഷയാത്ര തുടങ്ങി കഴിഞ്ഞുവെന്ന യാഥാര്‍ത്ഥ്യം അവള്‍ തിരിച്ചറിഞ്ഞു.
കൂടുതലെന്തെങ്കിലും ചോദിക്കുന്നതിന്‌ മുമ്പെ ശിവദാസന്‍ ഫോണ്‍ വെച്ചിരുന്നു. ഓഫിസ്‌ നമ്പറിലേക്ക്‌ ഡയല്‍ ചെയ്തു. നഗരത്തിലെ അറിയപ്പെടുന്ന ഒരു സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍ മരിച്ചാല്‍ അത്‌ ഓഫിസിലെത്താതിരിക്കില്ല..
ആ മരണം ശരി വെക്കും വിധമായിരുന്നു ഓഫിസില്‍ നിന്നുള്ള മറുപടിയും..കണ്ണില്‍ ഇരുട്ട്‌ കയറുംപോലെ തോന്നി. മരണകാരണം നന്ദനയാവുമ്പോള്‍ അതിലുള്ള തന്റെ പങ്കും വ്യക്തമാണ്‌. എങ്ങനെയൊന്ന്‌ തടിയൂരും ഇതില്‍ നിന്ന്‌ എന്ന ചിന്ത അഹല്യയെ ആകെ ആശയക്കുഴപ്പത്തിലാക്കി.
നന്ദനക്ക്‌ ഡയല്‍ ചെയ്തു.
ഫോണെടുത്തതും രണ്ടും കല്‍പിച്ച്‌ കാര്യം പറഞ്ഞു..
മറുതലക്കല്‍ ഒരു നിലവിളിയും ആല്‍ത്തലച്ച്‌ മേശയിലേക്ക്‌ വീണതാവാം എന്തൊക്കെയോ തട്ടിമറിയുന്ന ശബ്ദവും കേട്ടു.
നിശബ്ദമായ ഫോണിനരുകില്‍ പിന്നെയും ഏറെ നേരം നിന്നു.
ഉറക്കം നഷ്ടപ്പെട്ട രാത്രി. തീന്‍മുറിയില്‍ ഇരുണ്ടുകൂടിയ നിശബ്ദതയില്‍ വറ്റുകള്‍ പെറുക്കി കൂറെ നേരമിരുന്നു. നല്ല സുഖമില്ലെന്ന്‌ അമ്മയോട്‌ പറഞ്ഞ്‌ മുറിയില്‍ പോയി കിടന്നു..മിഴികളടച്ച്‌ ഏറെ നേരം കിടന്നിട്ടും അവളെ തേടി ഉറക്കം അതുവഴി വന്നതേയില്ല. ഇന്ന്‌ പകല്‍ തന്റെ ഫോണിലേക്ക്‌ വിമല്‍ ശങ്കര്‍ വിളിച്ചിരുന്നു. മരണത്തില്‍ സംശയമുണ്ടെന്നാങ്ങാന്‍ ശ്രുതി പടര്‍ന്നാല്‍ ആ ഫോണ്‍ നമ്പര്‍ വഴി അന്വേഷണം തന്നിലെത്തില്ലേ...
ഏതു നശിച്ച നേരത്താണോ..വിമല്‍ശങ്കര്‍ നന്ദനയുടെ ജീവിതത്തിലേക്ക്‌ കടന്നുവന്നത്‌..അവളുടെ ചിന്തകളില്‍ തീ പടര്‍ന്ന്‌ അതവളെ ഉരുക്കിക്കൊണ്ടിരുന്നു...

അടുത്ത ദിവസം മധ്യാഹ്നം..
മരണത്തിന്റെ നിഗൂഡതയില്‍ വിമല്‍ശങ്കര്‍. തൂശനിലയില്‍ നീണ്ടുനിവര്‍ന്ന്‌..ഇന്നലെ ഉച്ചക്ക്‌ വരെ ഒരുപാട്‌ സ്വപ്നങ്ങളുണ്ടായിരുന്ന മാംസത്തിനുടമയായിരുന്നു അയാള്‍..ഇന്നോ ശൂന്യതയുടെ തടാകത്തില്‍ ജീവനുപേക്ഷിച്ച്‌ ശയിക്കുന്നു. സാമ്പത്തികപ്രശ്നങ്ങളാണ്‌ മരണകാരണമെന്നൊരു അപശ്രുതി പടര്‍ന്നത്‌ ഒരു കണക്കിന്‌ ആശ്വാസമായി. അഹല്യയുടെ മനസ്‌ ആ മരണവീടിന്റെ ശോകത്തിനും സന്തോഷിച്ചു...
തിരിച്ചുപോരുമ്പോള്‍ മനസ്‌ ശാന്തമായിരുന്നു. നന്ദനയെ വിളിച്ച്‌ എല്ലാമറിയിച്ചപ്പോള്‍ അവളുടെ മനസും അടങ്ങി. സത്യത്തില്‍ എവിടെയായിരുന്നു തെറ്റെന്ന്‌ എത്രയാലോചിച്ചിട്ടും അവള്‍ക്ക്‌ മനസിലായില്ല.

അനക്കമറ്റ സ്വപ്നങ്ങളുമേറ്റി എന്തിനിനിയീ യാത്ര...
അധരത്തിലുറഞ്ഞ കൂടിയ
സ്നേഹത്തിന്റെ മഞ്ഞുകണം
ഡിസംബറിന്റെ ആത്മാവിലെ തണുപ്പായിരുന്നു...
നന്ദനയില്‍ നിന്നും മനസെപ്പോഴോ
അഹല്യയിലെക്ക്‌ വഴുതിപോയി..
തെറ്റാണ്‌..
ചിലമ്പിച്ച ആ ശബ്ദത്തോടായിരുന്ന ആദ്യമാദ്യം ഇഷ്ടം...
പിന്നീട്‌ സാന്ത്വനത്തിന്റെ തളിര്‍ക്കാറ്റായി
അതെ ശബ്ദം പരിണമിച്ചു...
വഴിമാറ്റി വിടാന്‍ തുടങ്ങിയ ഇഷ്ടത്തിന്റെ
അര്‍ത്ഥതലങ്ങളിലെവിടെയോ നന്ദനയുടെ മുഖം അപ്രത്യക്ഷമായിരുന്നു...
തകര്‍ന്നടിഞ്ഞ മോഹങ്ങളുടെ
കുരുതിക്കളത്തില്‍
ജിവിതം അവള്‍ക്ക്‌ മുമ്പില്‍ തന്നെ വെച്ചു മടങ്ങുന്നു...

ഇന്നും അക്ഷരങ്ങള്‍ നരക്കാതെ ആ ആത്മഹത്യാകുറിപ്പ്‌ ഇനിയും ശബ്ദിക്കാനെന്നോണം കാത്തുകിടക്കുന്നു...

Sunday, December 16, 2007

അരങ്ങും അണിയറയും ഉണരുന്നു; നാടകം ഇവിടെ ഭദ്രം


പരിഷ്കൃതരെന്ന്‌ അവകാശപ്പെടുന്ന ഒരു വിഭാഗം നാടകത്തെ അരങ്ങില്‍ നിന്ന്‌ വേര്‍പെടുത്തുമ്പോള്‍ രചനയിലെ വൈവിധ്യം കൊണ്ട്‌ പുതിയ തലമുറയെ അഭിനയപാടവത്തിന്റെ അണിയറയിലേക്ക്‌ കൈപിടിച്ചു നടത്തുന്നതാണ്‌ സതീഷ്‌ കെ സതീഷിന്റെ രചനകള്‍. നാടകം കാഴ്ചക്കാരന്റെ മനസില്‍ വര്‍ത്തമാനകാലത്തിന്റെ മുഖംമൂടികള്‍ വലിച്ചെറിയുമ്പോള്‍ സംവേദനത്തിന്റെ പുതുകാഴ്ചകളിലേക്ക്‌ ഓരോരുത്തരും സഞ്ചരിക്കുകയാണിവിടെ. അരങ്ങിന്റെ താളം നഷ്ടപ്പെട്ടവന്റെ രോദനങ്ങളല്ല മറിച്ച്‌ അമര്‍ഷമാണ്‌ ഇവിടെ കഥാപാത്രങ്ങളിലൂടെ പുനര്‍ജനിക്കുന്നത്‌. നാടകസ്നേഹികള്‍ക്കും സ്കൂള്‍-കോളജ്‌ വിദ്യാര്‍ഥികള്‍ക്കും ഒരുപാട്‌ സഹായകരമായ സമാഹാരമാണ്‌ " സതീഷ്‌ കെ സതീഷിന്റെ തെരെഞ്ഞെടുത്ത നാടകങ്ങള്‍"

'ദ്‌ മാസ്ക്ക്‌ അഥവാ അഭിനന്ദനങ്ങള്‍കൊണ്ട്‌ എങ്ങനെ വിശപ്പടക്കാം' എന്നതാണ്‌ സമാഹാരത്തിലെ ആദ്യനാടകം. അരങ്ങിന്റെ നിഷേധി സുരാസുവിനുള്ള ബലിക്കുറിപ്പായാണ്‌ സതീഷ്‌ കെ സതീഷ്‌ ഈ നാടകം എഴുതിയിട്ടുള്ളത്‌. നൊമ്പരങ്ങളും വിഹ്വലതകളും ഇണചേര്‍ന്ന്‌ നില്‍ക്കുന്നൊരു കഥാപ്രതലമാണ്‌ ഈ നാടകത്തിന്റെ പ്രത്യേകത. മകളുടെ വിവാഹത്തിന്‌ മുറ്റത്തെ തുളസികതിര്‍ ഉപഹാരമായി നല്‍കുന്ന ഒരച്ഛന്റെ നിസഹായതക്കപ്പുറം ബാലചന്ദ്രന്‍ കാഴ്ചക്കാരിലേക്ക്‌ പടരുന്നത്‌ മേറ്റ്ന്തൊക്കെയോ ആയാണ്‌. ഏവരും ആദരിക്കുന്ന നാടകകൃത്ത്‌, അരങ്ങിന്റെ ചലനങ്ങള്‍ക്കൊപ്പം കഥാപാത്രമായി ജീവിച്ച്‌ ആനന്ദിക്കേണ്ടി വന്ന അമ്മുവിന്റെ ബാലേട്ടന്‍, മുഖംമൂടി നിര്‍മ്മിച്ച്‌ വില്‍ക്കുന്ന ജോജോവിന്റെ ഗുരു. ഇങ്ങനെ ഇതിലെ പ്രധാനകഥാപാത്രം നിറഞ്ഞാടുകയാണ്‌. മരണമെന്ന നിഗൂഡതയുടെ കൈത്തണലിലേക്ക്‌ മനുഷ്യന്‍ നടന്നടുക്കുന്നത്‌ സമാശ്വാസത്തിനായുള്ള മറുമരുന്നു തേടിയാണെന്ന്‌ അടിവരയിട്ടുറപ്പിക്കുന്നു ഈ നാടകം. ബന്ധങ്ങള്‍ ബന്ധനങ്ങളാവുന്നതിനെക്കാള്‍ ഉചിതം അത്‌ ശിഥിലമാവുന്നതാണെന്നൊരു പിന്‍കുറിപ്പ്‌ നാടകകൃത്ത്‌ അരങ്ങിന്‍ നിന്നും പകര്‍ന്നു നല്‍കുന്നുവോയെന്ന സംശയം ബാക്കിയാക്കിയാണ്‌ തിരശീല നമുക്ക്‌ മുന്നിലെ ദൃശ്യങ്ങളെ മറക്കുന്നത്‌.

സമാഹാരത്തിലെ 12 നാടകങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്‌ 'ഗ്രീന്‍ റൂം'. മരിച്ചാല്‍ പോലും സ്വസ്ഥത ലഭിക്കാത്ത പെണ്‍ശരീരത്തിന്റെ നൊമ്പരം അരങ്ങിലെന്ന പോലെ കാഴ്ചക്കാരുടെ മിഴികളും ഈറനാക്കുന്നു. പ്രബുദ്ധരെന്ന അവകാശപ്പെടുന്നവരുടെ മനസിലെ ക്രൂരതയുടെ ഇരുട്ട്‌ ഇവിടെ പകയുടെ കനലുകള്‍ പാകുന്നു. ഓരോ മരണവും അതിന്റെ ഉറവിടം തേടി തിരിച്ചു സഞ്ചരിക്കുകയാണിവിടെ. കേന്ദ്രകഥാപാത്രമായ രാഹുലിലൂടെയാണ്‌ കഥ പുരോഗമിക്കുന്നതെങ്കിലും നാടകത്തിലെ സംസാരിക്കുന്ന ശവങ്ങള്‍ ഇന്നിന്റെ വ്യര്‍ത്ഥമായ നേര്‍ക്കാഴ്ചകള്‍ അനുവാചകനിലേക്ക്‌ വലിച്ചെറിയുന്നു. മോഹങ്ങളുടെ തടവറയില്‍പെട്ട്‌ വീര്‍പ്പുമുട്ടുന്ന എലിസബത്തിലൂടെ ദാമ്പത്യജീവിതത്തിന്റെ ക്ഷണികസൗന്ദര്യം തുറന്നുകാട്ടുന്നുവെങ്കിലും ശൈഥില്യത്തിന്റെ നൊമ്പരം ഈ കഥാപാത്രത്തെ പരിണാമദശകളിലേക്ക്‌ ആനയിക്കുന്നതിന്റെ കാഴ്ച വേദനാജനകം തന്നെയാണ്‌. ഇടക്കെപ്പോഴോ രാഹുല്‍ എന്ന നാടകകൃത്തിനെ തേടി അവസരങ്ങളെത്തുന്നുവെങ്കിലും ദാരിദ്ര്യം ആദര്‍ശം പണയം വെക്കാനുള്ള നിമിത്തമായി കാണാന്‍ അദ്ദേഹത്തിലെ നന്മക്ക്‌ കഴിയുന്നില്ല. അതുകൊണ്ട്‌ തന്നെ മതസൗഹാര്‍ദത്തെ കുറിച്ചെഴുതണമെന്ന ആവശ്യവുമായി വന്നവരെ തിരിച്ചറിഞ്ഞ്‌ ആട്ടിപായിക്കുന്നതിലൂടെ രാഹുല്‍ നഷ്ടങ്ങള്‍ക്കിടയിലും ആത്മാഭിമാനം ഉയര്‍ത്തിപിടിച്ച്‌ മരണത്തിലേക്കടുക്കുന്ന ശക്തമായ കഥാപാത്രമാണെന്ന്‌ തിരിച്ചറിയാനാവും. കഥ പറയുന്ന രീതിയിലും അരങ്ങിലെ അനൗപചാരികതയും കൊണ്ടാവാം 1993ല്‍ പി എം താജ്‌ അനുസ്മരണത്തോടനുബന്ധിച്ച്‌ പുരോഗമനകലാസംഘം നടത്തിയ അഖിലകേരള നാടകമത്സരത്തില്‍ രചനയും സംവിധാനവും ഉള്‍പ്പെടെ എല്ലാ സമ്മാനങ്ങളും ഈ നാടകം കരസ്ഥമാക്കിയത്‌.

സ്കൂള്‍-കോളജ്‌ കലോത്സവവേദികളില്‍ ഒരുപാട്‌ പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയ 'ജാലകം' ആണ്‌ പുസ്തകത്തിലെ മറ്റൊരു ശ്രദ്ധേയമായ നാടകം. ഭ്രാന്തിന്റെ പിന്നാമ്പുറകാഴ്ചകളിലൂടെ ഒഴുകി നീങ്ങുന്ന നാടകം വിഷയവൈവിധ്യത്തിനപ്പുറം അരങ്ങിനോടൊപ്പം തന്നെ ആസ്വാദകര്‍ക്കിടയിലും പുതിയ ചിന്തകള്‍ പാകുന്നു. ഒരേ കാര്യത്തിലുള്ള സമൂഹത്തിന്റെ വ്യത്യസ്തവീക്ഷണമാണ്‌ ഈ കഥ കാഴ്ചക്കാരിലേക്ക്‌ പകര്‍ന്നു നല്‍കുന്നത്‌. കാഴ്ചയുടെ ധാരാളിത്തത്തിലൂടെ അതിനപ്പുറത്തെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചുള്ള സതീഷ്‌ കെ സതീഷിന്റെ നിര്‍വചനാതീതമായ വര്‍ണനയായിരുന്നു ഇത്‌. അമേച്ചര്‍ നാടകത്തിന്റെ അതിവിശാലമായ മേച്ചില്‍പുറം കലാസ്നേഹികളിലേക്ക്‌ തുറന്നിട്ട രചനയായിരുന്നു ജാലകം.

ദൈനംദിന സംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു രചനയാണ്‌ 'റോസ്മേരി പറയാനിരുന്നത്‌'. ആര്‍ത്തിയും ആസക്തിയും പൂണ്ട കണ്ണുകളോടെ സ്ത്രീകളിലേക്ക്‌ പടര്‍ന്നുകയറുന്ന മനുഷ്യരിലെ മൃഗീയത തുറന്നുകാട്ടുകയെന്ന ലക്ഷ്യമാവണം ഈ നാടകത്തിന്‌ നിര്‍വഹിക്കാനുണ്ടായിരുന്നത്‌. അമ്മയില്ലാത്ത പെണ്‍കുട്ടി അച്ഛന്റെ കാമഭ്രാന്തിന്‌ ഇരയാകേണ്ടി വരുന്ന നിസഹായത ഇന്നിന്റെ സ്വാര്‍ത്ഥതയില്‍ കുഴിച്ചുമൂടപ്പെടാനുള്ളതല്ലെന്നും മരണത്തിന്റെ കളിത്തൊട്ടിലില്‍ നിന്ന്‌ അതിജീവനത്തിന്റെ പാതയിലേക്ക്‌ പാടുപെട്ടെങ്കിലും അവള്‍ പറിച്ചു നടേണ്ടതാണെന്നും അടിവരയിട്ടുറപ്പിക്കുന്നതാണ്‌ ഈ രചന.

രണ്ട്‌ ആത്മഹത്യാശ്രമങ്ങള്‍ക്കിടെ ഒരു പറ്റം കൊതുകുകള്‍, ഒച്ചുകള്‍ മെല്ലെ ഇഴയുന്നത്‌ എന്തുകൊണ്ട്‌, കറുത്തപക്ഷിയുടെ പാട്ട്‌, ആര്‍ദ്രയുടെ ആകാശം, ഇലകള്‍ മഞ്ഞ പൂക്കള്‍ പച്ച, കളി കളി കഥയില്ലാക്കളി, പദപ്രശ്നങ്ങള്‍ക്കിടയില്‍ മേരി ലോറന്‍സ്‌, സതീഷ്‌ കീയും സ്വര്‍ണ്ണതളികയും പിന്നെ ശിവപാര്‍വ്വതിമാരും എന്നിങ്ങനെ അരങ്ങിനെ ജ്വലിപ്പിച്ചിട്ടുള്ള പന്ത്രണ്ട്‌ നാടകങ്ങളാണ്‌ സമാഹാരത്തിലുള്ളത്‌.

സമൂഹത്തിന്റെ ദ്രവിച്ചുപോകുന്ന ബോധത്തെ രാകി മൂര്‍ച്ചപ്പെടുത്താന്‍ നാടകമെന്ന കലക്കേ കഴിയൂ എന്നുറച്ച്‌ വിശ്വസിക്കുന്ന സതീഷ്‌ കെ സതീഷിന്റെ ഓരോ രചനകളിലും നമുക്ക്‌ ചുറ്റുമുള്ള വിവര്‍ത്തനം ചെയ്യപ്പെടാനാവാത്ത മുഖങ്ങള്‍ നിറഞ്ഞാടുന്നു. നിര്‍വചനങ്ങളുടെ ചട്ടക്കൂടില്‍ ചുരുങ്ങാനാഗ്രഹിക്കാത്ത മനുഷ്യരെ അതിഭാവുകത്വത്തിന്റെ അകമ്പടിയോടെയല്ല മറിച്ച ലളിതവ്യാഖ്യാനങ്ങളുടെ മേമ്പൊടി ചേര്‍ത്തു വിളമ്പുകയാണ്‌ ഓരോ നാടകത്തിലെയും ജീവനുള്ള കഥാപാത്രങ്ങള്‍. അണിയറയിലെ വിഹ്വലതകളും വേദനകളും മറന്ന്‌ അരങ്ങ്‌ നിറഞ്ഞാടുമ്പോള്‍ ഇവിടെ നാടകം നമ്മളില്‍ നിന്ന്‌ മറയുകയല്ല. മറിച്ച്‌ കൂടുതല്‍ കൂടുതല്‍ അടുക്കുകയാണ്‌.
പൂര്‍ണ പബ്ലിക്കേഷന്‍സ്‌ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 250 രൂപയാണ്‌.