Friday, September 25, 2009

മൗനമെഴുതിയ മിഴികള്‍


കോടമഞ്ഞ്‌ മൂടി കിടക്കുന്ന പര്‍വതനിരകള്‍ക്ക്‌ താഴെയുള്ള ഗ്രീന്‍വാലി റിസോര്‍ട്ടിലെ പാര്‍ക്കിലിരിക്കുമ്പോള്‍ മനസ്സുനിറയെ ശൂന്യതയായിരുന്നു. ഈ മലനിരകള്‍ക്ക്‌ താഴെ ഓര്‍മ്മകളെ തുരത്താന്‍ ഒളിത്താമസം തുടങ്ങിയിട്ട്‌ ദിവസങ്ങളേറെയായി. പക്ഷേ അതില്‍ വിജയിച്ചോയെന്ന്‌ ചോദിക്കുമ്പോഴാണ്‌ മൗനം ശരീരത്തിലേക്കും ആത്മാവിലേക്കും കയറിപോവുക.
പുകപടലങ്ങള്‍ പോലെ പറന്നിറങ്ങുന്ന കോടമഞ്ഞിനിടയില്‍ ഷാള്‍ പുതച്ച്‌ ബിയര്‍ കഴിച്ചിരിക്കുമ്പോള്‍ ഇടക്കിടെ വരുന്ന കോളുകള്‍ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ആരൊക്കെയോ എന്നെയും ഓര്‍ക്കുന്നുണ്ടല്ലോയെന്ന്‌ ചിന്തിക്കുമ്പോള്‍ ഒരാശ്വാസം ബാക്കിയാവുന്നു.
ഒരു ഐസ്‌ ബിയറിന്‌ കൂടി പറഞ്ഞിരിക്കുമ്പോള്‍ അല്‍പ്പമകലെയുള്ള ബെഞ്ചില്‍ രണ്ടുപേര്‍ വന്നിരിക്കുന്നത്‌ കണ്ടു.
മധുവിധു ആഘോഷിക്കാന്‍ തണുക്കുന്ന മലനിരകള്‍ തേടി വന്നവരാണെന്ന്‌ തോന്നുന്നു. നടന്നുവരുമ്പോള്‍ അയാളുടെ കൈകള്‍ അവളെ ചുറ്റിപിടിച്ചിരുന്നു. നിതംബത്തിന്‌ താഴെ മുടിയുള്ള ആ പെണ്‍കുട്ടിയുടെ നെറ്റിയില്‍ കടുംചുവപ്പ്‌ സിന്ദൂരം ഉണങ്ങികിടന്നിരുന്നു. ഭാവിജീവിതത്തിന്റെ അസുലഭതകളെ പറ്റി പരസ്‌പരം പറഞ്ഞുറപ്പിക്കാനുള്ള യാത്രകളാണല്ലോ മധുവിധുനാളിലേത്‌..
ബിയര്‍ കൊണ്ടുവെച്ച്‌ തിരിഞ്ഞുനടക്കുമ്പോള്‍ എന്റെ നോട്ടം കണ്ടാവാം ബെയറര്‍ പറഞ്ഞു.
``ഇവിടെ ഹണിമൂണ്‍ ക്വാട്ടേഴ്‌സുണ്ട്‌ സാര്‍''
എന്റെ നോട്ടം അത്ര തീഷ്‌ണമായിരുന്നുവെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ അയാളെ നോക്കി അറിയാതെ ചിരിച്ചുപോയി.
മഞ്ഞിനെയും വഹിച്ചുകൊണ്ടുപോവുന്ന കാറ്റ്‌ ശരീരത്തെ കുത്തിനോവിക്കുന്നുണ്ടെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ സിഗരറ്റിന്‌ തീ കൊളുത്തി. അകലെ ആവി പറക്കുന്ന ചായ അവളുടെ ചുണ്ടുകളിലേക്ക്‌ പകര്‍ന്നുകൊടുക്കുകയാണ്‌ അയാള്‍. ഒരു വലിയ ജീവിതയാത്രയുടെ തുടക്കത്തില്‍ നില്‍ക്കുന്ന ആ മനസുകളെ കണ്ടപ്പോള്‍ അവളുടെ മുഖം മനസില്‍ വന്നു.

ശ്രീദേവി ഇപ്പോള്‍ എവിടെയുണ്ടാകും?
എവിടെയാണെങ്കിലും സന്തോഷത്തോടെയിരിക്കട്ടെ...
ടൗണ്‍മാളിലെ പുസ്‌തകശാലയില്‍ നിന്നാണ്‌ അവളെ ആദ്യമായി കണ്ടത്‌.
ഇംഗ്ലീഷ്‌ കവിതകളുടെ വിവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കുന്നതിനിടയില്‍ നിലത്തോട്‌ ചേര്‍ന്ന്‌ കിടന്നിരുന്ന അവളുടെ ചുരിദാറിന്റെ ഷാളില്‍ അറിയാതെ ചവിട്ടിപ്പോയി.
തിരിഞ്ഞുനടക്കാന്‍ തുടങ്ങുന്നതിനിടെ പുറകില്‍ നിന്നും ആരോ പിടിച്ചുവലിച്ചത്‌ പോലെ തോന്നിയിട്ടുണ്ടാവും. ദേഷ്യത്തോടെ മുഖം തിരിച്ചുവെങ്കിലും എന്നെ കണ്ടപ്പോള്‍ അവള്‍ ചിരിച്ചതേയുള്ളു.
`സോറി'..അല്‍പ്പം ജാള്യതയോടെ പറഞ്ഞു.
`ഇറ്റ്‌സ്‌ ഒക്കെ' എന്ന്‌ പറഞ്ഞ്‌ അവളെന്റെ മുഖത്ത്‌ നോക്കി പൊട്ടിചിരിച്ചു.
ചന്ദ്രഹാസന്‍ സാറല്ലെ?
അവളുടെ അപ്രതീക്ഷിതമായ ചോദ്യം അത്ഭുതപ്പെടുത്തി.
`അതെ' എന്നെയെങ്ങനെയറിയാം?
``ഞാന്‍...ശ്രീരേഖയുടെ ചേച്ചിയാണ്‌. ശ്രീദേവി. സാറിന്റെ നാടകങ്ങള്‍ വായിച്ചിട്ടുണ്ട്‌.ചിലതെല്ലാം കാണാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്‌''
്‌നാടകവുമായി ചുറ്റിത്തിരിയുന്നത്‌ കൊണ്ട്‌ ആ വഴിക്കുമുണ്ട്‌ കുറെ സ്‌നേഹബന്ധങ്ങള്‍. `ശലഭങ്ങള്‍ അലയുന്നു' എന്ന നാടകത്തിലെ വേശ്യാവൃത്തി ഉപജീവനമാര്‍ഗമാക്കി മാറ്റിയ നായികാകഥാപാത്രത്തെ അഭിനയിച്ച്‌ ഫലിപ്പിച്ച്‌ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ പെണ്‍കുട്ടിയായിരുന്നു ശ്രീരേഖ.
എഴുതുമ്പോഴെല്ലാം മനസില്‍ ഓരോ കഥാപാത്രങ്ങളുടെയും മുഖം തെളിയാറുണ്ട്‌. പക്ഷേ അരങ്ങില്‍ കാണാറുള്ളത്‌ സ്വപ്‌നങ്ങള്‍ക്കപ്പുറത്തുള്ള വിരസന്‍ രൂപങ്ങള്‍ മാത്രം.
ടൗണ്‍ഹാളില്‍ ശലഭങ്ങള്‍ അലയുന്നു എന്ന നാടകം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. സൂസന്‍ എന്ന കേന്ദ്രകഥാപാത്രത്തിന്‌ ഞാനിട്ട അതേ മുഖഛായയായിരുന്നു. നല്ലൊരു ജീവിതത്തിലേക്ക്‌ തിരിച്ചെത്താന്‍ മോഹിച്ച്‌ മരണത്തിന്റെ പടികള്‍ കയറിപോവുന്ന സൂസന്റെ ദയനീയചിത്രത്തിലൂടെ തിരശ്ശീല താഴുമ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞു.
പിന്നീടൊരിക്കല്‍ സംവിധായകന്‍ മോഹനചന്ദ്രനാണ്‌ പറഞ്ഞത്‌.
``നിന്റെ നാടകം പോലെയാവുന്നല്ലോ അവളുടെ ജീവിതവും...''
കൂടുതലൊന്നും ചോദിക്കാതെ തിരിഞ്ഞുനടക്കുമ്പോള്‍ ദുഖം തോന്നി.
ഇതാ അപ്രതീക്ഷിതമായി അവളുടെ ചേച്ചി മുന്നില്‍..
എന്തെങ്കിലും ചോദിക്കണ്ടേയെന്ന്‌ കരുതി തിരക്കി.
`എന്തു ചെയ്യുന്നു?'
`കേന്ദ്രീയവിദ്യാലയത്തില്‍ ടീച്ചറാണ്‌'
`ഏതാ സബ്‌ജക്‌റ്റ്‌?'
`കെമിസ്‌ട്രി'
`ശ്രീരേഖയിപ്പോള്‍ എവിടെയാണ്‌?'
എന്റെ ചോദ്യം അനാവശ്യമായിപ്പോയെന്ന്‌ ആ മുഖം കണ്ടപ്പോള്‍ മനസ്സിലായി
``ഹൈദ്രാബാദിലാണ്‌. കലാകേരളയുടെ ടൂര്‍ പ്രോഗ്രാം. സാറെവിടെയാ താമസം?''
``ബീച്ച്‌ അവന്യുവില്‍ ഫ്‌ളാറ്റ്‌ നമ്പര്‍ 14''
`കുടുംബം'
`ഒറ്റക്കാണ്‌'
പുസ്‌തകശാലയില്‍ നിന്ന്‌ പിരിയുമ്പോള്‍ വീണ്ടും കാണാമെന്ന്‌ അവള്‍ പറഞ്ഞു.
മൂന്ന്‌ ദിവസത്തിന്‌ ശേഷം മദ്യപിച്ച്‌ കൊണ്ടിരുന്ന ഒരു രാത്രിയില്‍ ശ്രീദേവി വിളിച്ചു.
``എന്റെ മുന്നിലിപ്പോള്‍ സാറിന്റെ `രാത്രിയാത്രികര്‍'എന്ന നാടകമുണ്ട്‌. വായിച്ചപ്പോള്‍ ഒരു സംശയം. ഇതിലെ യാമിനി ജീവിച്ചിരുന്ന ആരെങ്കിലുമാണോ?''
ലഹരി മാറ്റിയെഴുതിയ എന്റെ മുന്നില്‍ ഒരു നീണ്ട ബെല്‍ മുഴങ്ങി.
തീരശീല ഉയര്‍ന്നു.
ബാക്ക്‌ ഗ്രൗണ്ടില്‍ ഒരു രാത്രി ബസ്റ്റാന്റ്‌. രണ്ടു മൂന്ന്‌ ബസ്സുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു.
അരങ്ങില്‍ നേരിയ വെളിച്ചം പടരുന്നു.
സുന്ദരിയായ ഒരു സ്‌ത്രീ നടന്നുവരുന്നു.
ബസ്‌ കാത്ത്‌ നില്‍ക്കുന്ന യുവാവിനെ ചുറ്റിപറ്റി നീങ്ങുന്ന സ്‌ത്രീ അയാളോട്‌ എന്തോ സംസാരിക്കുന്നു..
അരങ്ങിലെ വെളിച്ചം പെട്ടന്ന്‌ പോകുന്നു. വീണ്ടും തെളിയുമ്പോള്‍ രംഗത്ത്‌ ശൂന്യത മാത്രം.
``സാര്‍..ഞാന്‍ പറയുന്നത്‌ കേള്‍ക്കുന്നില്ലേ?'' വീണ്ടും ശ്രീദേവിയുടെ ശബ്‌ദം.
``ഉണ്ട്‌. രാത്രിയാത്രികരിലെ യാമിനി എന്ന കഥാപാത്രം എന്റെ അമ്മ തന്നെയാണ്‌ ശ്രീദേവി..''
്‌നീണ്ട നിശബ്‌ദതക്ക്‌ ശേഷം ടെലഫോണ്‍ അവള്‍ കട്ട്‌ ചെയ്‌തതറിഞ്ഞു.
ലഹരിയുടെ ആധിക്യം സിരകളെ തളര്‍ത്തിയപ്പോള്‍ ഞാന്‍ വേച്ചുവീണുപോയി.

നിര്‍ത്താതെയടിച്ച കോളിംഗ്‌ബെല്‍ കേട്ടാണുണര്‍ന്നത്‌. അലങ്കോരമായി കിടക്കുന്ന മുറിയെ നോക്കി ഗുഡ്‌മോണിംഗ്‌ പറഞ്ഞു.
വാതില്‍ക്കലേക്ക്‌ നടന്നു.
കതക്‌ തുറന്നു നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി.
ശ്രീദേവി.
``ഞാന്‍ അകത്തേക്ക്‌ വന്നോട്ടെ''
അവ്യക്തമായ എന്റെ മൂളല്‍ അവള്‍ കേട്ടോയെന്നറിയില്ല. പെട്ടന്ന്‌ അകത്തേക്ക്‌ കയറിവന്നു.
``ഇന്നലെ രാത്രി തന്നെ കാണാന്‍ തോന്നി. പക്ഷേ ഞാനൊരു പെണ്ണായി പോയില്ലേ?''
``ശ്രീദേവി. ഇന്നലെ ഞാനെന്തെങ്കിലും അവിവേകം പറഞ്ഞോ?''
``ഇല്ല. കഴിഞ്ഞ കുറെ നാളുകളായി സാറിന്റെ ബുക്കുകളില്‍ പലതിലൂടെയും ഞാന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്‌. ഏറ്റവും ഇഷ്‌ടപ്പെട്ടത്‌ രാത്രിയാത്രികരായിരുന്നു. അതിന്റെ ആവിര്‍ഭാവത്തെ കുറിച്ചറിയാന്‍ താല്‍പര്യം തോന്നി. അതാണ്‌ വിളിച്ചത്‌. അതറിഞ്ഞപ്പോള്‍ കാണാനും...''
സംസാരിക്കുന്നതിനിടെ അലങ്കോലമായി കിടക്കുന്ന മുറി വൃത്തിയാക്കി അവള്‍ അടുക്കളയിലേക്ക്‌ പോകുന്നത്‌ കണ്ടു.
കുളി കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോള്‍ ചായയുമായി ശ്രീദേവി മുന്നില്‍..
അര മണിക്കുറോളം പിന്നെയും എന്തൊക്കെയോ പറഞ്ഞ്‌ അവള്‍ അവിടെ തന്നെയുണ്ടായിരുന്നു.
ഇടക്കെപ്പോഴോ മൊബൈല്‍ ഫോണ്‍ ശബ്‌ദിച്ചപ്പോള്‍ ഫോണ്‍ ചെവിയോട്‌ ചേര്‍ത്തവള്‍ യാത്ര പറഞ്ഞു.
എല്ലാമൊരു സ്വപ്‌നം പോലെയാണ്‌ അപ്പോഴും തോന്നിയത്‌.
ഒരു സ്‌ത്രീയുടെ സാമീപ്യത്തെ കുറിച്ചോ അതിന്റെ മനോഹാരിതയെ കുറിച്ചോ ചിന്തിച്ചിട്ടില്ലാത്ത എന്നിലേക്ക്‌ വളരെയാഴത്തില്‍ ശ്രീദേവിയുടെ സാമീപ്യം കയറിപ്പോയതറിഞ്ഞു.
പിന്നീടെത്രയെത്ര കൂടികാഴ്‌ചകള്‍, സംസാരങ്ങള്‍.
ഒരു ദിവസം അനുസ്‌മരണ ചടങ്ങ്‌ കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോള്‍ രാത്രിയായിരുന്നു. ബാറിന്റെ അരണ്ട വെളിച്ചത്തിലേക്ക്‌ കടന്നുചെന്ന്‌ മദ്യത്തിന്‌ ഓര്‍ഡര്‍ നല്‍കിയിരിക്കുമ്പോള്‍ മനസിലോര്‍ത്തു. മദ്യത്തിന്റെയും സിഗരറ്റിന്റെയും മനംമടുപ്പിക്കുന്ന ഗന്ധം ശ്രീദേവിയെ എത്രമാത്രം അലോസരപ്പെടുത്തുന്നുണ്ടാവും. .മദ്യശാലയിലേക്കുള്ള വരവ്‌ അവസാനിപ്പിക്കണമെന്ന്‌ തീര്‍ച്ചപ്പെടുത്തി.
ലഹരിയില്‍ കുഴഞ്ഞ്‌ ഫ്‌ളാറ്റിലെത്തുമ്പോള്‍ വാതില്‍ക്കല്‍ ശ്രീദേവിയുണ്ടായിരുന്നു. കൈയില്‍ ഒരു വലിയ ബാഗും.
``കുറെ നേരായോ വന്നിട്ട്‌. വിളിച്ചൂടായിരുന്നോ...'' ചാവി അവള്‍ക്ക്‌ നീട്ടികൊണ്ട്‌ ചോദിച്ചു.
``ഞാന്‍ കാരണം ഒന്നും മാറ്റി വെക്കണ്ടല്ലോയെന്ന്‌ കരുതി''
``ഞാനിങ്ങോട്ട്‌ പോന്നു. ശ്‌മശാനം പോലുള്ള ആ വിട്ടില്‍ ഇനി വയ്യ..''
ഉം..നന്നായി. ശബ്‌ദം കുഴയാതിരിക്കാന്‍ ശ്രദ്ധിച്ച്‌ കൊണ്ട്‌ ഞാന്‍ പറഞ്ഞു.
``നാളെ ക്ഷേത്രത്തില്‍ കൊണ്ടുപോയി ഒരു താലി കെട്ടിത്തരണം. ഒരുമിച്ച്‌ താമസിക്കുമ്പോള്‍ ആളുകള്‍ തിരയുന്ന അടയാളം നമുക്കും ബാധകമാണല്ലോ''
ഉം..ഞാന്‍ മൂളി.
ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുന്നു. എങ്ങിനെയൊക്കെ സംഭവിക്കുന്നു. ഒന്നും മനസിലാകാതെ നില്‍ക്കുമ്പോള്‍ മദ്യം കബളിപ്പിക്കുകയാണെന്ന്‌ തോന്നി.
``സമയം ഒരുപാടായി. ഉറങ്ങണ്ടെ?''
അവളുടെ ചോദ്യം കേട്ട്‌ അനുസരണയുള്ള കുട്ടിയെ പോലെ പിന്നാലെ നടന്നു.
മനോഹരമായി വിരിച്ചിട്ടിരുന്ന കിടക്കയിലേക്ക്‌ ചെന്ന്‌ വീണു. അല്‍പം കഴിഞ്ഞ്‌ ലൈറ്റ്‌ ഓഫ്‌ ചെയ്‌ത്‌ ശ്രീദേവിയും വന്ന്‌ അരികത്ത്‌ കിടന്നു.
അവളുടെ മാദകഗന്ധം ഓരോ നിമിഷവും ഭ്രാന്തനാക്കികൊണ്ടിരുന്നു...
`` ചന്ദ്രേട്ടന്‌ എല്ലാമൊരത്ഭുതം പോലെ തോന്നുണ്ടാവും ല്ലേ...ഞാനങ്ങനെയാണ്‌ ചിന്തകള്‍ക്കധീതമായി..സ്വപ്‌നങ്ങള്‍ക്കധീതമായി...
ഒരു രാത്രിയെ നമുക്ക്‌ മുന്നിലുള്ളു..എന്തും തീരുമാനിക്കാം. കൂടിചേരാം അല്ലെങ്കില്‍ പിരിയാം.
അവളുടെ വാക്കുകള്‍ കേട്ട്‌ എന്ത്‌ പറയണമെന്നറിയാതെ കുഴഞ്ഞു.
``ഞാന്‍ എപ്പോഴൊക്കെയോ നിന്നെ സ്‌നേഹിച്ചിരുന്നു ശ്രീദേവീ..''
``പറയാതെ തിരിച്ചറിയുമ്പോഴാണ്‌ സ്‌നേഹം തീഷ്‌ണമാവുന്നത്‌ ചന്ദ്രേട്ടാ..ഒരു രാത്രി വന്ന്‌ താലിചരടിന്റെ ബന്ധനം ആവശ്യപ്പെട്ട സ്‌ത്രീയുടെ മനസ്‌ പുഛത്തോടെയാവും കണ്ടിട്ടുണ്ടാവുക. പക്ഷേ എനിക്കെന്നോ അറിയാമായിരുന്നു എന്നെ ഉപേക്ഷിക്കാനാവില്ലെന്ന്‌...''
പിന്നീട്‌ കുറെ നേരം നിശബ്‌ദത ഞങ്ങള്‍ക്കിടയില്‍ കിടന്ന്‌ പുളഞ്ഞു.
എന്നിലെ മൃഗതൃഷ്‌ണയെ അടക്കികിടത്തി മദ്യരഹിത രാത്രികളെ സ്വപ്‌നം കണ്ട്‌ എപ്പോഴോ ഉറങ്ങി. രാത്രി ഏറെ വൈകിയപ്പോള്‍ തൊണ്ട വരളുന്നത്‌ പോലെ തോന്നി. മദ്യം അടക്കിവാണ ശരീരത്തില്‍ നിന്നും അത്‌ വിട്ടൊഴിഞ്ഞുപോവുമ്പോഴുള്ള ഒടുക്കത്തെ ദാഹം.
ബെഡ്‌ ലാംബ്‌ ഓണ്‍ ചെയ്‌ത്‌ എഴുന്നേല്‍ക്കുമ്പോള്‍ കിടക്കയില്‍ ശ്രീദേവിയെ കണ്ടില്ല. ജഗ്ഗില്‍ നിന്നും വെള്ളമെടുത്ത്‌ വായിലേക്ക്‌ കമിഴ്‌ത്തി വിസിറ്റിംഗ്‌ റൂമിലേക്ക്‌ നടക്കുമ്പോള്‍ ശ്രീദേവി ആരോടോ സംസാരിക്കുന്നത്‌ കേട്ടു.
``റിയാസ്‌...മൂന്ന്‌ മാസം നിനക്കായി ഞാന്‍ കാത്തിരിക്കും. സുരക്ഷിതമായ പ്ലാറ്റ്‌ഫോമില്‍. ഒന്ന്‌ നിനക്കുറപ്പ്‌ തരാം. എന്നെ സംരക്ഷിക്കാന്‍ എനിക്കറിയാം. മൂന്ന്‌ മാസം പൂര്‍ത്തിയായിട്ടും നീ വന്നില്ലെങ്കില്‍ ഞാന്‍ പ്രശസ്‌തനായ ഒരു വ്യക്തിയുടെ ഭാര്യയായിട്ടുണ്ടാവും.''
അവളുടെ വാക്കുകള്‍ കൂരമ്പുകളായി മനസ്സില്‍ തറക്കുന്നതറിഞ്ഞു. മിഴികള്‍ പൂട്ടി ഉറക്കം വരാതെ കിടക്കുമ്പോള്‍ തൊട്ടടുത്ത്‌ നിന്നും നീണ്ട നിശ്വാസവും അടക്കിയ തേങ്ങലുകളും കേട്ടു.

എനിക്ക്‌ മുന്നില്‍ വീണ്ടും അരങ്ങുണര്‍ന്നു.
ഓല മേഞ്ഞ വീടിന്‌ മുന്നിലെ മരച്ചുവട്ടില്‍ ഒരു യുവാവിരിക്കുന്നു. കൈലിമുണ്ടും ബനിയനുമാണ്‌ വേഷം. അയാളുടെ മുഖം അസ്വസ്ഥമാണ്‌. ഇടക്ക്‌ ഭ്രാന്ത്‌ വന്നവനെ പോലെ മുടി പിടിച്ച്‌ വലിക്കുന്നു. ചുവപ്പും പച്ചയും പ്രകാശങ്ങള്‍ അരങ്ങിലേക്ക്‌ മിന്നിമായുന്നു. അയാളുടെ ചുറ്റിനും മുഖംമൂടി ധരിച്ച കോലങ്ങള്‍, ചുവന്ന പട്ടുടുത്ത രൗദ്രഭാവങ്ങള്‍ ഉറഞ്ഞുതുള്ളുന്നു.
വീടിന്റെ ഇറപ്പില്‍ നിന്നും തിളങ്ങുന്ന കത്തി വലിച്ചൂരി വാതില്‍ ചവിട്ടിതുറന്ന്‌ അയാള്‍ അകത്തേക്ക്‌ കയറി പോയി. മുഖം മൂടികള്‍ മറയുന്നു. രൗദ്രഭാവങ്ങള്‍ ഓടിയകലുന്നു.
രംഗത്ത്‌ കനത്ത ഇരുട്ട്‌ നിറയുന്നു. ഒരു സ്‌ത്രീയുടെ ആര്‍ത്തനാദം..
സുധാകരന്‍ അവന്റെ അമ്മയെ കൊന്നു.
ആരോ വിളിച്ചുപറയുന്നു.
തിരശീല പതിയെ താഴുകയാണ്‌...
രാത്രിയാത്രികരിലെ അവസാനരംഗം മനസില്‍ മിന്നിമായുന്നതറിഞ്ഞു.
സ്‌ത്രീ വിഷമാണ്‌. അനുഭവങ്ങള്‍ സമ്മാനിച്ച തത്വം ഊട്ടിയുറപ്പിക്കുമ്പോഴും ശ്രീദേവിയോട്‌ അല്‍പം പോലും വെറുപ്പ്‌ തോന്നിയില്ല.
ജീവിതത്തില്‍ ഒരിക്കലും തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്‌ത്രീസാമീപ്യം കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി തിരിച്ചറിഞ്ഞപ്പോള്‍ എന്റെ മനസും മാറിപ്പോയോ?
നഗരത്തില്‍ നിരവധി ഹോസ്റ്റലുകളുണ്ടായിട്ടും ഒരു പുരുഷന്റെ കൂടെ മൂന്ന്‌ മാസം തള്ളിനീക്കാന്‍ ധൈര്യം കാണിച്ച പെണ്‍കുട്ടിയുടെ മനശക്തി ലോകത്തേത്‌ പുരുഷനുണ്ടാകും?
ശ്രീദേവിയും തന്റെ ജീവിതം ഒരു പരീക്ഷണത്തിന്‌ നല്‍കുകയാണ്‌. ഇഷ്‌ടങ്ങള്‍ മാറിമറിഞ്ഞേക്കാവുന്ന മനസുള്ള അവള്‍ സ്‌നേഹിക്കുന്ന പുരുഷന്‌ ഡെഡ്‌ലൈന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതില്‍ നിഗൂഢമായ ചില തീരുമാനങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്‌.

നേരം പുലര്‍ന്നപ്പോള്‍ പ്രഭാതഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു അവള്‍. അടുക്കളയിലേക്ക്‌ ചെന്നപ്പോള്‍ ചായയെടുത്ത്‌ തന്നു.
``വേഗം കുളിച്ചൊരുങ്ങ്‌ ചന്ദ്രേട്ടാ..ക്ഷേത്രത്തില്‍ പോവണ്ടേ നമുക്ക്‌..''
``ശ്രീ..മനസുകള്‍ തമ്മിലൊരു ബന്ധനം പോരേ നമുക്കിടയിലും. വിപ്ലവം പ്രസംഗിച്ചും എഴുതിയും നടക്കുന്നത്‌ കൊണ്ട്‌ ദൈവത്തിലൊന്നും വിശ്വാസമില്ല എനിക്ക്‌...''
ഒരു വലിയ ചതിക്ക്‌ എന്തിന്‌ ദൈവത്തെ സാക്ഷിയാക്കുന്നു എന്നതായിരുന്നു അപ്പോള്‍ എന്റെ മനസിലെ ചിന്ത...
``എല്ലാം ചന്ദ്രേട്ടന്റെയിഷ്‌ടം.''
ചതിയുടെ വിരല്‍പാടുകള്‍ പതിഞ്ഞുകിടക്കുമ്പോഴും അവളുടെ മുഖം വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.
വിസിറ്റിംഗ്‌ റൂമില്‍ കാഴ്‌ചക്കാരും വാദ്യഘോഷങ്ങളുമില്ലാതെ ശ്രീദേവിയുടെ കഴുത്തില്‍ അവള്‍ പറഞ്ഞ മുഹൂര്‍ത്തത്തില്‍ താലി ചാര്‍ത്തി.
ബീച്ച്‌ ഹോട്ടലിലെ ഒഴിഞ്ഞ കോണിലിരുന്ന്‌ ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ അല്‍പ്പമകലെ ആര്‍ത്തിരമ്പുന്ന കടല്‍ ഒരു ബിന്ദുവായി ചുരുങ്ങി ശ്രീദേവിയുടെ മനസില്‍ കയറിക്കൂടിയത്‌ പോലെ തോന്നി.
ആഹ്ലാദത്തിന്റെ അത്യുന്നതിയില്‍ വിരാജിക്കുകയാണ്‌ അവളുടെ മുഖമെന്ന്‌ ഇടക്കിടെയുള്ള പുഞ്ചിരിയില്‍ നിന്നും വ്യക്തമായി.
രാത്രിയില്‍ നൈറ്റ്‌ ഗൗണിനുള്ളില്‍ വീര്‍പ്പുമുട്ടുന്ന യൗവനം മനസിനെ ഭ്രാന്തമാക്കുമ്പോഴും പിടിച്ചടക്കി കിടന്നു.
മൂന്ന്‌ മാസം അവളെ കാത്തുവെക്കേണ്ടത്‌ ഇപ്പോള്‍ അവളുടെയല്ല എന്റെയാവശ്യമാണെന്ന്‌ തോന്നി.
വഞ്ചനയുടെ പര്യായമായ അവള്‍ അയാളെയും ചതിക്കില്ലെന്നാരു കണ്ടു.
ദിവസങ്ങള്‍ക്ക്‌ ശരവേഗതയായിരുന്നു.
രാത്രിയുടെ അവസാനയാമങ്ങളിലൊന്നില്‍ കൂട്ടുകാരനോട്‌ സംസാരിക്കുന്നതിനിടെ ശ്രീദേവിയുടെ പൊട്ടിച്ചിരി കേട്ടു.
``റിയാസ്‌..എനിക്ക്‌ വിശ്വസിക്കാനാവുന്നില്ല. വെള്ളിയാഴ്‌ച വീ വരുന്നെന്നോ...അപ്പോള്‍ പറഞ്ഞത്‌ പോലെ ഹോട്ടല്‍ പസഫികില്‍ കാണാം''
വ്യക്തമായി ആ സംഭാഷണം കാതില്‍ വന്നലച്ചപ്പോള്‍ മനസില്‍ എന്തെന്നില്ലാത്തൊരു ശൂന്യത വന്ന്‌ നിറഞ്ഞു. ഈ മനോഹരമായ സാന്നിധ്യം തനിക്കന്യമാവുകയാണ്‌. കുറെ ചിന്തിച്ചപ്പോള്‍ എന്തെന്നില്ലാത്തൊരാശ്വാസം തോന്നി. എല്ലാം നേരത്തെ അവസാനിക്കുകയാണെങ്കില്‍ അതല്ലേ കൂടുതല്‍ നല്ലത്‌...

വെള്ളിയാഴ്‌ച...
അതിരാവിലെ എഴുന്നേറ്റ്‌ കുളിച്ചൊരുങ്ങി ശ്രീദേവി മുന്നില്‍ വന്നു.
``ചന്ദ്രേട്ടാ... ഞാന്‍ പറഞ്ഞിരുന്നില്ലേ. ഇന്നാണ്‌ വിനോദയാത്ര. ടാക്‌സി വിളിച്ചുപറഞ്ഞിട്ടുണ്ട്‌. സ്‌കൂളിലേക്ക്‌ ഈ സമയത്ത്‌ വണ്ടി കിട്ടാന്‍ പ്രയാസാണ്‌''
`ഉം'
ഈ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു അവളുടെ മുഖത്ത്‌...
ബാല്‍ക്കണിയിലെത്തിയപ്പോള്‍ താഴെ നിന്നും കാറിന്റെ ഹോണടി കേട്ടു.
പടികളിറങ്ങി താഴേക്ക്‌ ചെന്നു.
ശ്രീദേവിക്ക്‌ നല്‍കാന്‍ എഴുതിവെച്ചിരുന്ന കത്തും കുറച്ച്‌ പണവും ഡ്രൈവറെ എല്‍പിച്ചു. അവള്‍ പറഞ്ഞ സ്ഥലത്തെത്തിയ ശേഷം മാത്രമെ ഇതേല്‍പ്പിക്കാവു എന്നും പറഞ്ഞു.
ചന്ദ്രഹാസന്‍ വിഡ്ഡിയായിരുന്നില്ലെന്ന്‌ ശ്രീദേവി തിരിച്ചറിയണമെന്ന്‌ മാത്രമെ കരുതിയുള്ളു. ഇത്രയും കാലം വെച്ചുവിളമ്പി തന്നതിന്‌ കൂലി. പിന്നെ അരങ്ങില്‍ ആയിരങ്ങള്‍ കാണാന്‍ പോവുന്ന നാടകത്തിന്‌ കഥയൊരുക്കി തന്നതിനൊരു നന്ദിയും.
അഞ്ചുമിനിറ്റിനകം ബാഗും തൂക്കി അവള്‍ വന്ന്‌ കാറില്‍ കയറി.
``ചന്ദ്രേട്ടാ..അപ്പോള്‍ നാലു ദിവസം കഴിഞ്ഞ്‌ വീണ്ടും കാണാം''
മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ച്‌ അവള്‍ കൈവീശി കാണിച്ചു. അവളുടെ മിഴികളില്‍ കനത്തമൗനത്തിന്റെ ആവരണം പതിഞ്ഞുകിടക്കുന്നത്‌ കണ്ടു.

``സാര്‍..ഇനിയെന്തെങ്കിലും...'' ഓര്‍മ്മയില്‍ നിന്നും വിടപറഞ്ഞപ്പോള്‍ ബെയററുടെ ശബ്‌ദം.
`ബില്ല്‌ എടുത്തോളൂ.'
അയാള്‍ പോയി കഴിഞ്ഞപ്പോള്‍ അല്‍പ്പമകലെയുള്ള ആ യുവമിഥുനങ്ങളില്‍ തന്നെയായി ശ്രദ്ധ.
ചെറിയൊരു സൗന്ദര്യപിണക്കത്തിന്റെ ആലസ്യത്തിലായിരുന്നു അവരെന്ന്‌ തോന്നി. ഇല്ലികള്‍ കൊണ്ട്‌ നിര്‍മ്മിച്ച കൈവരികളില്‍ പിടിച്ച്‌ ഇരുവരും അകന്നുമാറി നില്‍ക്കുന്നുണ്ടായിരുന്നു.
മുറിയില്‍ പോയി മണിക്കൂറുകളോളം കിടന്നുറങ്ങി.
എഴുന്നേറ്റ്‌ ചൂടുവെള്ളത്തില്‍ കുളിച്ച്‌ റെസ്റ്റോറന്റിലേക്ക്‌ നടന്നു.
ചപ്പാത്തിക്കും ഗ്രീന്‍പീസ്‌ മസാലക്കും ഓര്‍ഡര്‍ നല്‍കിയിരിക്കുമ്പോള്‍ പിറകില്‍ നിന്നും ആരോ വിളിക്കുന്നത്‌ പോലെ തോന്നി.
``ചന്ദ്രഹാസന്‍ സാര്‍...വല്ലാത്ത അതിശയമായിരിക്കുന്നല്ലോ...''
തിരിഞ്ഞുനോക്കുമ്പോള്‍ വയലറ്റ്‌ നിറമുള്ള വസ്‌ത്രമണിഞ്ഞ്‌ ശ്രീരേഖ.
``അത്ഭുതമായിരിക്കുന്നല്ലോ കുട്ടീ. ഇത്ര ദൂരെ വെച്ച്‌ ഇങ്ങനെയൊരു കണ്ടുമുട്ടല്‍'' അവളെ നോക്കി ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
``നാളെ ഇവിടെയോരു പ്രോഗ്രാമുണ്ട്‌.'' അവള്‍ പറഞ്ഞു.
`സാറിന്റെ റൂം'
112. സെക്കന്റ്‌ ഫ്‌ളോറില്‍..
``ഞാന്‍ അങ്ങോട്ട്‌ വരാം.'' അവള്‍ കൂടെയുണ്ടായിരുന്നവരുടെയടുത്തേക്ക്‌ പോയി.
റൂമില്‍ അവളെ കാത്തിരിക്കുമ്പോള്‍ ശ്രീദേവിയെ കുറിച്ചറിയാന്‍ വല്ലാത്ത ആകാംക്ഷയുണ്ടായിരുന്നു. ഒടുവില്‍ ശ്രീയെ കുറിച്ച്‌ അവളോട്‌ ചോദിക്കാന്‍ തന്നെ തീരുമാനിച്ചു.
സ്വെറ്റര്‍ ധരിച്ച്‌ ശ്രീരേഖ വന്നു.
``പുതിയ ഏതെങ്കിലും രചനയുടെ ഭാഗമായി വന്നതാവും ഇവിടെ ല്ലേ..''
കയറിവരുന്നതിനിടെ അവള്‍ ചോദിച്ചു.
അതെ. അവളുടെ മുഖത്തേക്ക്‌ നോക്കാതെ പറഞ്ഞു.
``ശ്രീദേവിയിപ്പോള്‍ എവിടെയാണ്‌?' അങ്ങനെ ചോദിക്കുമ്പോള്‍ ശബദം വല്ലാതെ വിറച്ചു.
`ശ്രീദേവിയോ?' ആശ്ചര്യത്തോടെ അവള്‍ ചോദിച്ചു.
``ശ്രീരേഖയുടെ ചേച്ചിയുടെ കാര്യാ ചോദിച്ചത്‌'' അവളുടെ മുഖത്തേക്ക്‌ നോക്കി പറഞ്ഞു.
അവള്‍ പൊട്ടിച്ചിരിച്ചു.
സാറെന്താണീ ചോദിക്കുന്നത്‌. എനിക്ക്‌ ചേച്ചിയില്ല. ആകെയുണ്ടായിരുന്ന അനിയന്‍ ഒരാക്‌സിഡന്റില്‍ മരിച്ചു. ശ്രീകാന്ത്‌ മരിച്ചിട്ടിപ്പോള്‍ മൂന്നു വര്‍ഷം കഴിഞ്ഞു.
മനസില്‍ സ്‌ഫോടനം നടക്കുന്നതറിഞ്ഞു. തീഗോളങ്ങള്‍ ശരീരം മൊത്തം വരിയുന്ന പോലെ...കണ്ണുകളില്‍ കനത്ത ഇരുട്ടിന്റെ മൂടുപടം വന്നുവീഴുന്ന പോലെ...
അപ്പോള്‍ പിന്നെ അവള്‍ ആരാണ്‌...?
മൗനത്തിന്റെ ആവരണമണിഞ്ഞ അവളുടെ മുഖം മനസില്‍ തെളിഞ്ഞുവന്നു.

മുന്നില്‍ അരങ്ങിന്റെ മനോഹാരിത തെളിയുന്നു.
കരിയിലകള്‍ വീണുകിടക്കുന്ന വഴിയിലൂടെ ഒരു സ്‌ത്രീ നടന്നുപോവുന്നു.
എഴുത്തുകാരന്‌ പോലും എത്തിപിടിക്കാനാവാത്ത മുഖംമൂടി ധരിച്ച ആ കഥാപാത്രം പതിയെ നടക്കുകയാണ്‌...
ഏതു നിമിഷവും മറയുമെന്ന മന്ത്രണവുമായി ഓര്‍മ്മകളുടെ വരണ്ട മണ്ണിലൂടെ നഷ്‌ടങ്ങളുടെ വണ്ടി ഇഴഞ്ഞുനീങ്ങുകയാണ്‌. നമുക്ക്‌ മുന്നില്‍ ഒരു മഴ പെയ്യാതിരിക്കില്ല. ഗുല്‍മോഹറുകള്‍ പൂത്തുനില്‍ക്കുന്ന ഭൂമിയും നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശവും മൗനത്തിന്റെ നീണ്ട വഴികളാണ്‌.എനിക്ക്‌ ഈ ലോകത്ത്‌ ഏറ്റവും ഭയം മൗനത്തെയാണ്‌. തുടങ്ങാന്‍ മടിച്ചുനില്‍ക്കുന്ന കൊടുങ്കാറ്റും പെയ്യാനറച്ച്‌ നില്‍ക്കുന്ന പേമാരിയുമാണ്‌ മൗനം.
അവളുടെ ശബ്‌ദം അകന്നകന്ന്‌ പോവുന്നു.
തിരശീല പതിയെ താഴുകയാണ്‌.
കിടക്കയില്‍ മാഗസിന്‍ മറച്ചുനോക്കി കൊണ്ടിരിക്കുകയായിരുന്ന ശ്രീരേഖയുടെ മുഖത്ത്‌ പതിഞ്ഞുകിടക്കുന്ന മൗനത്തിന്റെ ഭീകരത കണ്ടു. ഓടിച്ചെന്ന്‌ അവളെ വാരിപുണര്‍ന്നു.
ഒരെതിര്‍പ്പുമില്ലാതെ കീഴങ്ങുന്ന അവളില്‍ നിന്നും അടര്‍ന്നുമാറി പുറത്തേക്ക്‌ നടന്നു. കനത്ത ഇരുട്ടിലൂടെ മൗനത്തിന്റെ താഴ്‌വര തേടിയുള്ള യാത്ര...


ദേശാഭിമാനി വാരിക 2009 September 20
image courtasy-google

Tuesday, June 16, 2009

പഞ്ചനക്ഷത്രത്തിലേക്കുള്ള വഴി



വിസിറ്റിംഗ്‌ റൂമില്‍ ഒരാള്‍ കാത്തിരിക്കുന്നുണ്ടെന്ന്‌ പറഞ്ഞപ്പോഴും അതൊരിക്കലും ചാരുതയായിരിക്കുമെന്ന്‌ ഓര്‍ത്തതേയില്ല. ക്ലാസ്സ്‌ കഴിഞ്ഞുപോയതില്‍ പിന്നെ അവളെ മാത്രമാണ്‌ കാണാന്‍ കഴിയാതിരുന്നത്‌.ഏതോ ഡോക്‌ടറെ വിവാഹം ചെയ്‌ത്‌ അമേരിക്കയിലേക്ക്‌ പറന്നുവെന്ന്‌ സുമോദ്‌ ഒരിക്കല്‍ പറഞ്ഞിരുന്നു. ചാരുവിനെ കുറിച്ചുപറയുമ്പോഴെല്ലാം അവന്റെ കണ്ണുകളില്‍ നക്ഷത്രത്തിളക്കം കാണാം. പക്ഷേ ചാരുവിന്റെ മനസ്സ്‌ പോലെ തന്നെയാണ്‌ അവന്റേതും. നിഗൂഢതയുടെ താവളം...

അന്നത്തെ പത്രങ്ങളിലൊന്ന്‌ തുറന്ന്‌ വാര്‍ത്തകളിലേക്ക്‌ മിഴികളൂന്നിയിരിക്കുകയാണവള്‍.

“ചാരൂ''

എന്റെ വിളി കേട്ട്‌ പത്രം മടക്കിവെച്ച്‌ അവള്‍ എഴുന്നേറ്റു. പിന്നെയടുത്ത്‌ വന്ന്‌ കൈയ്യില്‍ പിടിച്ചു. അവള്‍ ഒരുപാട്‌ മാറിയിരിക്കുന്നു. നിതംബത്തോളമുണ്ടായിരുന്ന മുടി തോളോട്‌ ചേര്‍ത്ത്‌ മുറിച്ചിട്ടിരിക്കുന്നു. ചുണ്ടുകളില്‍ ചുവന്ന ഛായം. മെലിഞ്ഞൊണങ്ങിയ ശരീരം തടിച്ചിരിക്കുന്നു. ഹൈഹീല്‍ ചെരുപ്പും പോളിഷ്‌ ചെയ്‌ത്‌ നീട്ടിവളര്‍ത്തിയ നഖങ്ങളും. ഇതിനെല്ലാമുപരി എന്നെ അതിശയിപ്പിച്ചത്‌ അവളുടെ വസ്‌ത്രധാരണമായിരുന്നു. പാവടയും ബ്ലൗസും ഇഷ്‌ടവേഷമായിരുന്ന അവളിന്ന്‌ ധരിച്ചിരിക്കുന്നത്‌ ജീന്‍സും ബനിയനുമാണ്‌.

“ഇത്‌ ഞാന്‍ തന്നെയാണ്‌ ചാരുത'' എന്റെ സൂക്ഷ്‌മനിരീക്ഷണം കണ്ട്‌ അവള്‍ പറഞ്ഞു.

“നിന്റെ ജോലി കഴിഞ്ഞെങ്കില്‍ നമുക്കൊന്ന്‌ പുറത്തുപോവാം. ഒമ്പത്‌ വര്‍ഷമായില്ലേ നമ്മളൊന്ന്‌ ശരിക്കും മിണ്ടിയിട്ട്‌''

“ചാരു ഇരിക്ക്‌..ഞാനിപ്പോള്‍ വരാം''

തിരിഞ്ഞുനടക്കുമ്പോള്‍ അത്ഭുതമാണ്‌ തോന്നിയത്‌. ഒരാളല്‍ കാലം ഇത്രയേറെ മാറ്റം വരുത്തുമോ? ക്ലാസ്സിലെ തൊട്ടാവാടിയായിരുന്ന നാടന്‍ പെണ്‍കുട്ടിയുടെ ഈ പരിണാമം എനിക്ക്‌ അംഗീകരിക്കാനേ കഴിഞ്ഞില്ല.

ഓഫിസില്‍ നിന്നും അവളുടെ പിന്നാലെ ഇറങ്ങിനടക്കുമ്പോള്‍ പിണങ്ങിയിരിക്കുന്ന അവളെ അനുനയിപ്പിക്കാനായി പിന്നാലെ പോകാറുള്ളതാണ്‌ ഓര്‍മ്മ വന്നത്‌. പക്ഷേ അന്നുണ്ടായിരുന്ന പാദസരത്തിന്റെ കിലുക്കവും ലജ്ജയും ഇന്ന്‌ എടുത്തുമാറ്റിയിരിക്കുന്നു. പകരം ബാലന്‍സ്‌ തെറ്റിയാല്‍ വീഴുന്ന ചെരുപ്പുമായി ബദ്ധപ്പെട്ട്‌ അവള്‍ പടിയിറങ്ങുകയാണ്‌.

ആഡംബര കാറിന്റെ മുന്‍സീറ്റില്‍ അവളോടൊപ്പമിരിക്കുമ്പോഴും എനിക്ക്‌ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാനായില്ല. ഒരുവാക്ക്‌ പോലും പറയാതെ പിരിഞ്ഞുപോയ ചാരുത ഒമ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരിച്ചുവരിക, എന്റെ ജോലിസ്ഥലം കണ്ടെത്തുക...അല്ലെങ്കിലും എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം അത്ഭുതങ്ങളും കാല്‌പനികവുമാണ്‌.

“സുനിയെന്താണ്‌ ആലോചിക്കുന്നത്‌ ?''

ശ്രദ്ധയോടെ ഡ്രൈവ്‌ ചെയ്യുന്നതിനിടയില്‍ അവള്‍ ചോദിച്ചു.

“ഒന്നുമില്ല''

പുറം കാഴ്‌ചകളിലേക്ക്‌ നോക്കിയിരുന്നു. പുറത്ത്‌ മഞ്ഞുകണങ്ങള്‍ പോലെ ചാറ്റല്‍മഴ പൊഴിയുന്നുണ്ട്‌. നിരത്തുകളില്‍ കൂടണയാന്‍ വെമ്പുന്നവര്‍ തീര്‍ക്കുന്ന തിരക്ക്‌...

നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പോര്‍ട്ടിക്കോവില്‍ കാര്‍ നിന്നു. ചാരുത റിസപ്‌ഷനില്‍ നിന്നും മുറിയുടെ കീ വാങ്ങി. ലിഫ്‌റ്റില്‍ കയറി മുഖാമുഖം നില്‍ക്കുമ്പോഴും ഞാന്‍ അതിശയങ്ങളില്‍ നിന്ന്‌ മുക്തനായിരുന്നില്ല. ഒരു പേനയോ നോട്ട്‌ബുക്കോ വാങ്ങാന്‍ ഒറ്റക്ക്‌ പോകാന്‍ പേടിയുള്ള ചാരുതയാണ്‌ തിരക്കേറിയ റോഡിലൂടെ കാര്‍ ഡ്രൈവ്‌ ചെയ്‌തത്‌, പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒറ്റക്ക്‌ താമസിക്കുന്നത്‌...

“എന്നാ നാട്ടില്‍ വന്നത്‌ ?''

ബാല്‍ക്കണിയില്‍ കടലിനഭിമുഖമായി ഇരിക്കുമ്പോള്‍ ചോദിച്ചു.

“മൂന്ന്‌ ദിവസമായി''. അവള്‍ ഫ്‌ളാസ്‌ക്കില്‍ നിന്നും ചായ പകര്‍ന്നുകൊണ്ട്‌ പറഞ്ഞു.

“കുടുംബം, കുട്ടികള് ?‍''

എന്റെ ചോദ്യം കേട്ടവള്‍ ചിരിച്ചു. “സുനിയെന്നെ ഇന്റര്‍വ്യു ചെയ്യുകയാണോ ? ഈ സായന്തനത്തിലെങ്കിലും നീയാ പത്രക്കാരന്റെ മുഖംമൂടി അഴിച്ചുവെച്ച്‌ ആ പഴയയാളാവണം. പാതി വട്ടുള്ള...''

അവളുടെ വാക്കുകള്‍ കേട്ട്‌ ഞാനും ചിരിച്ചു.

“നീ പണ്ടെ ഇങ്ങനെയായിരുന്നു ചാരൂ...എന്റെ എത്രയോ ചോദ്യങ്ങളില്‍ നിന്ന്‌ അതിവിദഗ്‌ധമായി രക്ഷപ്പെട്ടിരിക്കുന്നു''

“കുടുംബവും കുട്ടികളും ഒന്നുമില്ല സുനീ...ദേശാടനപക്ഷിയെ പോലെയാണ്‌ ഞാന്‍. പറന്ന്‌, വിശ്രമിച്ച്‌, പറന്ന്‌ അങ്ങനെയങ്ങനെ...''

ഒന്നും മനസ്സിലാകാത്ത പോലെ ഞാന്‍ അവളെ നോക്കി.

“പീറ്ററുമായി വേര്‍പിരിഞ്ഞിട്ട്‌ മൂന്ന്‌ വര്‍ഷം കഴിഞ്ഞു. മൂന്ന്‌ തവണ ഗര്‍ഭിണിയായെങ്കിലും അലസിപ്പോയി. അയാളുടെ ബീജം എന്റെ ശരീരം തിരസ്‌ക്കരിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഞാനയാളെയും..''

അവളുടെ മിഴികളില്‍ മഴത്തുള്ളികള്‍ കൂടുകൂട്ടിയെന്നറിഞ്ഞപ്പോള്‍ ഞാന്‍ കടലിലേക്ക്‌ നോക്കിയിരുന്നു. അറിയാനൊരുപാട്‌ ഉണ്ടായിരുന്നുവെങ്കിലും എന്റെ ചോദ്യങ്ങള്‍ അവളെ കൂടുതല്‍ സങ്കടപ്പെടുത്തുമെന്ന്‌ അറിയുന്നത്‌ കൊണ്ട്‌ ഉപേക്ഷിച്ചു.

“സുനിയിപ്പോ എഴുതാറുണ്ടോ ?''

“വല്ലപ്പോഴും ഡയറിത്താളില്‍ എന്തെങ്കിലും കുത്തിക്കുറിച്ചിടും''

“നിനക്കോര്‍മ്മയുണ്ടോ പണ്ടു നിന്നെ ഞാന്‍ വഴിമാറ്റി വിടാന്‍ ശ്രമിച്ചിരുന്നത്‌. ഒടുവില്‍ എനിക്കായി നീ തമാശകള്‍ നിറഞ്ഞ ഒരു കഥയെഴുതി തന്നു. പക്ഷേ നൊമ്പരങ്ങളെഴുതുമ്പോഴെ നിന്റെ വാക്കുകള്‍ക്ക്‌ ശക്തിയുണ്ടായിരുന്നുള്ളുവെന്ന്‌ ഞാനറിഞ്ഞു. പിന്നീടൊരിക്കലും ഞാന്‍ നിന്നെ ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ല.''

“മുന്നോട്ട്‌ നടക്കാന്‍ പ്രേരിപ്പിക്കുന്നത്‌ ആ പഴയനാളുകള്‍ തന്നെയാണ്‌ ചാരു. ചിതറിമുറിഞ്ഞുപോയ കുറെ ആത്മബന്ധങ്ങള്‍, കുത്തിനോവിച്ച സൗഹൃദങ്ങള്‍ അങ്ങനെയങ്ങനെ...''

“ആ ചെറിയ പ്രായത്തില്‍ നീ പറഞ്ഞതും എഴുതിയതുമെല്ലാം വരണ്ട ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളായിരുന്നു. ജീവിതം കാണാത്ത നീയെങ്ങനെ അന്നതെല്ലാം മുന്‍കൂട്ടി കണ്ടുവെന്ന്‌ പിന്നീട്‌ പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്‌. ചുട്ടുപൊള്ളുന്ന ഒരു കനല്‍ക്കട്ട തന്നെയാണ്‌ ജീവിതം. ഓര്‍മ്മകള്‍ക്കെന്നും ശവപറമ്പിന്റെ നിശബ്‌ദതയാണ്‌.
അന്ന്‌ നിന്നെ കളിയാക്കാറുള്ളവരുടെ പട്ടികയില്‍ ഞാനുമുണ്ടായിരുന്നു. ജീവിതം കാണാത്ത പെണ്‍കുട്ടികള്‍ അങ്ങനെയാണ്‌ സുനീ... അവരുടെ സ്വപ്‌നങ്ങളില്‍ നീ കാണുന്ന വിഷാദവും നീ തൊട്ടറിയുന്ന നൊമ്പരത്തിന്റെ സൂക്ഷ്‌മരേണുക്കളുമുണ്ടാവില്ല''

“ജീവിതം, കുടുംബം എല്ലാമിപ്പോള്‍ തമാശകളാണ്‌ ചാരൂ... ഭാര്യയെന്നത്‌ യാന്ത്രികമായൊരു പദവിയാണ്‌. ഭര്‍ത്താവെന്നത്‌ കാപട്യത്തിന്റെ പ്രതീകവും. ഞങ്ങളൊന്നാണെന്ന്‌ ആവര്‍ത്തിക്കുമ്പോഴും ഇരുഹൃദയങ്ങളും പരസ്‌പരം പറയാനാവാത്ത രഹസ്യങ്ങളുടെ കലവറയാണ്‌...''

അവള്‍ എന്നിലേക്ക്‌ തന്നെ നോക്കിയിരിക്കുകയാണ്‌. പിന്നെ ആവി പറക്കുന്ന ചായ മിഴികൂമ്പി കുടിച്ചുകൊണ്ട്‌ പതിയെ പുഞ്ചിരിച്ചു.

“സുനിയെന്താ ഇതുവരെ വിവാഹം കഴിക്കാതിരുന്നത്‌ ?''

നീണ്ട നിശബ്‌ദതക്ക്‌ ശേഷം ആഘാതമായി എന്നിലേക്കൊരു ചോദ്യം വന്നുവീണു.
“ബന്ധനങ്ങളെ ഭയന്ന്‌...''ഒരു ഭീരുവിനെ പോലെ അതുപറയുമ്പോള്‍ അവളുടെ മുഖം മാറി.

“ഒറ്റപ്പെടല്‍ പരിധി വരെ രസമാണ്‌. പക്ഷേ ചിലപ്പോഴെല്ലാം അശുഭചിന്തകളുടെ തടവറയില്‍പ്പെട്ട്‌ പോകും. ഏകാന്തത തമോഗര്‍ത്തങ്ങള്‍ പോലെയാണ്‌. നമ്മെയത്‌ ശൂന്യതയിലേക്ക്‌ ആകര്‍ഷിച്ചുകൊണ്ടിരിക്കും.''

ഞാന്‍ തലകുലുക്കി. എന്റെ ഉത്തരവും അവള്‍ പറഞ്ഞതുമായി എത്ര ബന്ധപ്പെടുത്താന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല.

“നമുക്ക്‌ കുറച്ചുസമയം പഴയ ക്ലാസ്സ്‌മുറിയിലേക്ക്‌ പോകാം. ഒരിക്കല്‍ കൂടി എനിക്ക്‌ നാണം കുണുങ്ങിയായ ആ പാവാടക്കാരിയാവണം. കടലാസുതുണ്ടുകളില്‍ കവിതയെഴുതി ചുരുട്ടിയെറിയുന്ന കവിയാകണം നീ...''

അവള്‍ സ്വപ്‌നങ്ങളിലൂടെയെങ്കിലും ജീവിതത്തിന്റെ അസുലഭതകളിലേക്ക്‌ മടങ്ങി പോകാനൊരുങ്ങുകയാണ്‌.

ഞാന്‍ സമ്മതിച്ചു.

അന്നെല്ലാം ചാരുതയോടെല്ലാവര്‍ക്കും വാത്സല്യമായിരുന്നു. ഇടക്ക്‌ വാ തോരാതെ സംസാരിക്കുന്ന, പലപ്പോഴും മൗനവ്രതത്തിലേക്ക്‌ കയറിപ്പോവുന്ന പ്രകൃതം. സഹപാഠികളില്‍ അവളുടെ കൂട്ട്‌ സുമോദിനോട്‌ മാത്രം. അവരുടെ മനസ്സ്‌ ഇന്നും അജ്ഞാതമായ തുരുത്തായി അവശേഷിക്കുന്നു. ഇടക്കെല്ലാം എന്നോട്‌ സംസാരിക്കും. മിക്കപ്പോഴും മനസ്സില്‍ സങ്കടം കുമിഞ്ഞു കൂടുമ്പോഴാവും എന്റെയരുകില്‍ വരുക. കണ്ണുനീരിനെയും ദുഖത്തെയും നിര്‍വചിക്കാന്‍ പറയും. മരണത്തിന്റെ രസതന്ത്രം തിരക്കും. അവളുടെ മുഖത്തേക്ക്‌ ഇമചിമ്മാതെ നോക്കി എന്തുപറ്റിയെന്ന്‌ ചോദിക്കുമ്പോള്‍ എന്തെങ്കിലും ന്യായം കണ്ടെത്തും. നുണ പറയുന്ന ചുണ്ടുകളേക്കാള്‍ സത്യം പറയുന്ന ചാരുവിന്റെ കണ്ണുകളെയാണ്‌ എനിക്കിഷ്‌ടമെന്ന്‌ പറഞ്ഞ്‌ ഞാന്‍ ചിരിക്കും.

അപ്രതീക്ഷിതമായി ഒരു സായന്തനം. പ്രായത്തെ ചുരുട്ടിയെറിഞ്ഞ്‌ കുറെ നിമിഷങ്ങള്‍...
ഒരുമിച്ച്‌ ഭക്ഷണം കഴിച് പിരിയുമ്പോള്‍ ചാരുവിന്റെ കണ്ണുകള്‍ ആര്‍ദ്രമായിരുന്നു.

“എന്റയീ യാത്ര അവിചാരിതമായിരുന്നു. ഒരാളെ തിരഞ്ഞുമാത്രം... പരസ്‌പരം ഒരായിരം വട്ടം പറയാന്‍ തുനിഞ്ഞിട്ടും അന്ന്‌ ഒന്നിനും കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക്‌ ശേഷം അവനെ കാണാന്‍ ഞാനെത്തുമ്പോള്‍ മറ്റേതോ രാജ്യത്ത്‌ ഭാര്യയും കുട്ടികളുമായി സുഖമായി ജീവിക്കുകയാണ്‌.''

സുമോദിനെ കുറിച്ചാവാം അവള്‍ പറയുന്നത്‌. ഞാന്‍ കൂടുതലൊന്നും ചോദിച്ചില്ല.

“ഇനിയെന്നാണ്‌ മടക്കയാത്ര?''

“തീരുമാനിച്ചിട്ടില്ല.''

എന്റെ ചോദ്യത്തിന്‌ മുഖത്തേക്ക്‌ നോക്കാതെ മറുപടി നല്‍കി അവള്‍ തിരിഞ്ഞുനടന്നു.

മുറിയിലെത്തി തല ചായ്‌ക്കുമ്പോഴും മനസ്സ്‌ നിറയെ ചാരുതയും അവളുടെ പരിണാമങ്ങളുമായിരുന്നു. ഒരിക്കലെന്നോ കണ്ടുമുട്ടുകയും പിന്നീട്‌ പിരിഞ്ഞുപോവേണ്ടി വരുകയും ചെയ്യുന്ന നിസ്സഹായത എന്നെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വേട്ടയാടുകയാണ്‌. ഉറക്കം വരാന്‍ മടിച്ചപ്പോള്‍ തലേദിവസത്തെ മദ്യക്കുപ്പി തപ്പി. പാതി തീര്‍ന്ന അതിനെ നെഞ്ചോട്‌ ചേര്‍ത്ത്‌ ഗ്ലാസില്‍ പകര്‍ന്നു. അല്ലെങ്കിലും അന്നും ഇന്നും എന്നെ ഇത്രമാത്രം സ്‌നേഹിച്ചത്‌ ഈ ലഹരി തന്നെയാണ്‌. എന്റെ ദുഖങ്ങളില്‍, അഗാധമായ വിരസതകളില്‍ എന്നെ പറിച്ചുനട്ടത്‌ ഈ ചവര്‍പ്പാണ്‌. അന്നനാളം കത്തിയിറങ്ങി സിരകളിലൂടെ കുതിച്ചുപായുന്ന മദ്യത്തോട്‌ നന്ദി പറഞ്ഞു കിടക്കയില്‍ വീണു.
ചീര്‍ത്ത കണ്ണുകളുമായി രാവിലെ പത്രത്തിന്‌ മുന്നിലെത്തുമ്പോള്‍ എനിക്കായി ഒരു ദുഖവാര്‍ത്ത കാത്തുകിടക്കുന്നുണ്ടായിരുന്നു.


image courtasy-corbis.com

Friday, March 6, 2009

പ്രായത്തെ തോല്‍പ്പിക്കുമ്പോള്‍...


തൊണ്ണൂറ്‌ വയസുള്ളൊരാള്‍ ഉയരമേറിയ മരത്തില്‍ കയറുന്നത്‌ കാഴ്‌ചക്കാര്‍ക്ക്‌ കൗതുകമായിരിക്കും. തിങ്ങി നിറഞ്ഞോടുന്ന ജീപ്പില്‍ ഇത്രയും വയസുള്ളൊരാള്‍ തൂങ്ങി പിടിച്ചുനിന്ന്‌ യാത്ര ചെയ്യുന്നത്‌ അതിലും അതിശയമായിരിക്കും. എന്നാല്‍ ഇതെല്ലാമാണ്‌ കൃഷ്‌ണേട്ടന്‍. വാര്‍ധക്യത്തിന്റെ വീര്‍പ്പുമുട്ടലുകള്‍ക്കിടയിലും കടത്തിണ്ണയില്‍ അന്തിയുറങ്ങി അധ്വാനിച്ച്‌ ജീവിക്കുന്നതിന്റെ ആനന്ദമാണ്‌ ഇന്നും ആ മുഖത്ത്‌ തെളിയുന്നത്‌.

തൊടികളും കാട്ടുപാതകളും താണ്ടി ഹോട്ടലുകള്‍ക്കായി ഇലവെട്ടാനിറങ്ങുന്ന കൃഷ്‌ണന്‍ ഉച്ചയാവുമ്പോഴേക്കും തന്റെ ജോലി തീര്‍ന്ന്‌ സ്വതന്ത്രനായിട്ടുണ്ടാവും. നൂറ്‌ ഇല നല്‍കിയാല്‍ അമ്പത്‌ രൂപയാണ്‌ പ്രതിഫലം. ജോലി കഴിഞ്ഞാല്‍ മുഴുവന്‍ സമയവും അങ്ങാടിയില്‍ തന്നെയുണ്ടാവും. ഏകനായി ഇരിക്കുന്നത്‌ കണ്ട്‌ ആരെങ്കിലും ചായ കുടിക്കാന്‍ വിളിച്ചാല്‍ കൃഷ്‌ണന്‍ കൂടെ പോകുമെങ്കിലും മടിക്കുത്തില്‍ നിന്ന്‌ പൈസയെടുത്ത്‌ കടക്കാരന്‌ നല്‍കും. എന്റെ കയ്യിലില്ലാത്തപ്പോള്‍ വാങ്ങിതന്നാല്‍ മതിയെന്ന്‌ പറഞ്ഞ്‌ തിരിച്ചുനടക്കും.കുഞ്ഞച്ചന്‍ ചേട്ടനെന്ന്‌ നാട്ടുകാര്‍ വിളിക്കുന്ന സുല്‍ത്താന്‍ ബത്തേരി വാകേരി പ്ലാമൂട്ടില്‍ കെ കെ കൃഷ്‌ണനില്‍ നൈരാശ്യത്തിന്റെയോ ദുഖത്തിന്റെയോ നേര്‍ത്ത ലാഞ്ചന പോലുമില്ല. മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാമായി വിശ്രമജീവിതം നയിക്കേണ്ട പ്രായത്തില്‍ ഏകനായി അധ്വാനിച്ച്‌ ജീവിക്കേണ്ടി വരുന്നതിന്റെ നിസഹായതയില്‍ ആരോടും പരിഭവവുമില്ല. ദുരിതത്തിന്റെയും കഷ്‌ടപ്പാടിന്റെയും നാളുകളെ അതിജീവിച്ച്‌ വാര്‍ധക്യത്തിലെത്തി നില്‍ക്കുമ്പോഴും ജീവിതത്തെ ലളിതമായി കാണുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കുമുണ്ട്‌ ഏറെ മാധുര്യം.

``ഇടുക്കി ജില്ലയിലെ മൂലമറ്റത്ത്‌ പ്ലാമൂട്ടില്‍ തറവാട്ടില്‍ നിന്ന്‌ വയനാട്ടിലെത്തിയിട്ട്‌ അമ്പത്തിയേഴ്‌ വര്‍ഷമായി. കേണിച്ചിറക്കടുത്ത്‌ തേനാടികുളം ഗോപാലന്‍ എന്ന വ്യക്തിയുടെ തോട്ടത്തിന്റെ മേല്‍നോട്ട ചുമതലയായിരുന്നു ആദ്യജോലി. ഏതാനം വര്‍ഷങ്ങള്‍ക്ക്‌ ശേഷം അവിടെ നിന്നും കോളേരി എന്ന സ്ഥലത്തേക്ക്‌ മാറി. അവിടെ സഹോദരിയെ കല്യാണം കഴിപ്പിച്ചയച്ച വീട്ടില്‍ കാര്യസ്ഥനായി കുറെക്കാലം നിന്നു. നാല്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അവിടെ നിന്നും വാകേരിയിലേക്ക്‌ പോന്നു. കുറെ ബന്ധുക്കള്‍ ഇവിടെയുമുണ്ടായിരുന്നെങ്കിലും ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാനായിരുന്നു ഇഷ്‌ടം. അങ്ങനെ കൂലിപണിക്ക്‌ പോയി തുടങ്ങി. കുടുംബവും കുട്ടികളുമെല്ലാം സ്വപ്‌നം കണ്ടെങ്കിലും എല്ലാം വെറുതെയായി.''നീണ്ട മുപ്പത്‌ വര്‍ഷമായി പട്ടിണിക്കിടാതെ തന്നെ പിടിച്ചുനിര്‍ത്തിയ ഗ്രാമത്തോടുള്ള നന്ദിയും കൃതഘ്‌നതയുമായിരുന്നു ആ വാക്കുകളില്‍.``വാകേരിയില്‍ ആദിവാസികള്‍ മാത്രമാണ്‌ അന്നുണ്ടായിരുന്നത്‌. കൊച്ചച്ചന്റെ മകന്റെയൊപ്പം താമസിച്ചാണ്‌ ജോലി ചെയ്‌തിരുന്നത്‌. പാടത്തെ ജോലിയായിരുന്നു അക്കാലത്ത്‌ മുഖ്യ ആശ്രയം. ഒന്നേകാല്‍ രൂപയൊക്കെ പ്രതിഫലം കിട്ടിയിരുന്നു. കാപ്പിക്കിട കിളക്കുക, ഇഞ്ചിക്ക്‌ കുഴികുത്തുക തുടങ്ങിയ കൃഷിപ്പണികളും ചെയ്‌തിരുന്നു. ജോലി ചെയ്‌തിരുന്ന വീട്ടുകാര്‍ക്ക്‌ വേണ്ടി അഞ്ചു രൂപക്ക്‌ അരി വാങ്ങാന്‍ പോയത്‌ ഓര്‍മ്മയുണ്ട്‌. രണ്ട്‌ പേര്‍ ചേര്‍ന്ന്‌ ഒരു ചാക്ക്‌ അരിയെടുത്ത്‌ തലയില്‍ വെച്ചുതന്നു. വളരെ പ്രയാസപ്പെട്ടാണ്‌ വീട്ടിലെത്തിച്ചത്‌.''ഇന്നത്തെ വിലക്കയറ്റത്തെ കുറിച്ചും ജീവിക്കാനുള്ള ബുദ്ധിമുട്ടുകളെ കുറിച്ചുമെല്ലാം പലരും പരാതി പറയുമ്പോള്‍ കഴിഞ്ഞുപോയ നല്ലകാലത്തെ കുറിച്ചുള്ള സ്‌മരണകള്‍ പങ്കുവെച്ച്‌ കൃഷ്‌ണേട്ടന്‍ ചിരിക്കും.

മണ്ഡലകാലമായാല്‍ കെട്ടുനിറകളിലും ഭജനകളിലും പ്രാര്‍ത്ഥനകളിലുമെല്ലാം സജീവസാന്നിധ്യമായ കൃഷ്‌ണന്‍ അമ്പത്തിയഞ്ച്‌ കൊല്ലത്തിലധികം ശബരിമലക്ക്‌ പോയിട്ടുണ്ട്‌. കൊടുംതണുപ്പില്‍ മാസങ്ങള്‍ നീണ്ട വ്രതത്തിന്‌ ശേഷം മകരവിളക്കിനോട്‌ അനുബന്ധിച്ചാണ്‌ സാധാരണ അദ്ദേഹം മല ചവിട്ടാറുള്ളത്‌. കഴിഞ്ഞ രണ്ടുവര്‍ഷമായി ആസ്‌ത്‌മയുടെ ഉപദ്രവമുള്ളത്‌ കൊണ്ട്‌ പോകാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ വിഷമത്തോടെ അദ്ദേഹം പറയുന്നു.``നാട്ടിലുള്ള സമയത്ത്‌ കലാപരിപാടികളോട്‌ വല്ലാത്ത മമതയായിരുന്നു. അയ്യപ്പ ചരിത്രാവതരണം, കഥകളി, ഇടപറവ, തുടങ്ങിയ കലാരൂപങ്ങള്‍ക്ക്‌ സഹായിയായി പോകുമായിരുന്നു. പനാവള്ളി കുഞ്ഞനാശാന്‍, എം എന്‍ നമ്പ്യാര്‍, തിക്കുറിശ്ശി, പാപ്പനാശന്‍ എന്നിവരോടൊപ്പമെല്ലാം കളിക്കാനും പാടാനും പോവുന്നത്‌ ഇന്നും ഹൃദ്യമായ ഓര്‍മ്മയാണ്‌.'' കവിതയെഴുത്തിലും പാട്ടിലുമെല്ലാം കഴിവ്‌ തെളിയിച്ചിട്ടുള്ള കൃഷ്‌ണന്റെ വാക്കുകളില്‍ തെളിയുന്നത്‌ പൊയ്‌പോയ വസന്തകാലത്തിന്റെ തുടിപ്പും പ്രസരിപ്പും.

``നെഹ്‌റുവിന്റെ കാലത്ത്‌ കോയമ്പത്തൂര്‍ പോയി കൂലിപ്പട്ടാളത്തില്‍ ചേര്‍ന്നിരുന്നു. 18 രൂപയായിരുന്നു മാസവേതനം. പ്രധാനമായും നാടിന്റെ വികസനപ്രവര്‍ത്തനങ്ങളായിരുന്നു ചെയ്‌തിരുന്നത്‌. അതിന്റെ ബാക്കിപത്രമെന്നോണം വിരമിച്ച പട്ടാളക്കാരനെന്ന നിലയില്‍ വയനാട്ടിലെ ഒരു ബാങ്കില്‍ നിന്ന്‌ ലോണെടുത്ത്‌ ചിലര്‍ പറ്റിക്കുകയും ചെയ്‌തു. ഏക്കറിന്‌ അമ്പത്‌ രൂപയുണ്ടായിരുന്ന കാലത്ത്‌ അല്‍പം മണ്ണ്‌ വാങ്ങിയിടണമെന്ന്‌ കരുതിയിരുന്നെങ്കിലും നടന്നിരുന്നില്ല. കുറെ കാലത്തിന്‌ ശേഷം രണ്ടായിരം രൂപക്ക്‌ ഇരുളത്ത്‌ സ്ഥലം വാങ്ങിയിരുന്നു. അവിടെ വീടുവെക്കാനുള്ള ശ്രമത്തിനിടയിലാണ്‌ ബാങ്ക്‌ ലോണിന്റെ പേരില്‍ ചിലര്‍ പറ്റിച്ചത്‌. കൂടെ നിന്നവര്‍ ചതിച്ചതോടെ ലോണ്‍ പൈസ കിട്ടിയില്ലെന്ന്‌ മാത്രമല്ല സ്ഥലം നഷട്‌മാവുകയും ചെയ്‌തു.'' വീടെന്ന സ്വപ്‌നം ഇനിയും പുവണിയാത്ത ദു:ഖത്തോടെ കൃഷ്‌ണന്‍ പറയുന്നു.കൃഷ്‌ണന്‌ അവശേഷിക്കുന്ന ഒരേയൊരു സ്വപ്‌നം ഒരു വീടാണ്‌. ആ മുഖത്ത്‌ നിഴലിക്കുന്നത്‌ കൊടുംതണുപ്പിലും മഴക്കാലത്തും പ്രായത്തെ അതിജീവിച്ച്‌ കടതിണ്ണയില്‍ അന്തിയുറങ്ങേണ്ടി വരുന്ന നിസഹായതയും. ചുറ്റിനും സാമ്പത്തികമായി ഉന്നതിയില്‍ കഴിയുന്ന ബന്ധുക്കളുണ്ടെങ്കിലും ആ വഴിയും സഹായങ്ങളൊന്നുമില്ല. നാട്ടുകാരില്‍ ചിലര്‍ മുന്‍കയ്യെടുത്തത്‌ കൊണ്ട്‌ മാസം 110 രൂപ വാര്‍ധക്യ പെന്‍ഷന്‍ കിട്ടുന്നുണ്ടെന്ന്‌ നന്ദിയോടെ പറയുമ്പോഴും തന്റെ നിസഹായതയില്‍ ആരെയും പഴിപറയാനോ ശല്യപ്പെടുത്താനോ കൃഷ്‌ണന്‍ തയ്യാറല്ല.

Saturday, February 7, 2009

``പ്രണയം``പറയാതെ പറയുന്നത്‌...


``ഈ ലോകത്ത്‌ നീ ഏറ്റവും കൂടുതല്‍ ഇഷ്‌ടപ്പെടുന്നതാരെയാണ്‌ ?''
വിരസമായ ഒരു പകലില്‍ ക്ലാസ്‌മുറിയിലെ ഡെസ്‌ക്കില്‍ കൈകെട്ടി കിടന്ന്‌ അവള്‍ ചോദിക്കുകയാണ്‌.
കുറെ നേരം ഞാനാ മുഖത്തേക്ക്‌ നോക്കിയിരുന്നു. ഇമ ചിമ്മാത്ത കണ്ണുകളുമായി അവള്‍ എന്നെ തന്നെ നോക്കിയിരിക്കുന്നുണ്ട്‌. ഇടക്കെല്ലാം അവള്‍ ഇങ്ങനെയാണ്‌. ചെറിയ ചില ചോദ്യങ്ങള്‍ കൊണ്ട്‌ എന്നെ തളച്ചിടും. ആരോടും പറയാതെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന കാര്യങ്ങളുടെ പാതിയവള്‍ അടര്‍ത്തിയെടുക്കും.
ഏകാന്തതയെ കൂട്ടുപിടിച്ച്‌ ജീവിക്കുന്ന ഒരു ബാല്യകാല സ്‌നേഹിതയുണ്ടായിരുന്നു. അവള്‍ വലുതായി മുന്നില്‍ വന്ന്‌ നില്‍ക്കുകയാണോയെന്ന്‌ ക്ലാസ്‌ തുടങ്ങിയ ദിവസം തന്നെ സംശയിച്ചിരുന്നു. ആനച്ചെവിയും ഉണ്ടകണ്ണും എണ്ണ തൊടാത്ത മുടിയും കാണുമ്പോഴും പിന്നീട്‌ അവളില്‍ നിന്ന്‌ വരുന്ന ചോദ്യങ്ങള്‍ കേള്‍ക്കുമ്പോഴുമെല്ലാം മഴയിലൊഴുകിപ്പോയ എന്റെ മേഘയെ പോലെ...
അവളുമായി ഞാന്‍ അടുക്കുന്നതും രസകരമായൊരു അനുഭവത്തിലൂടെയാണ്‌.
നഗരത്തിലെ ബ്യൂട്ടിപാര്‍ലര്‍ സുന്ദരിമാര്‍ ടെലിവിഷനില്‍ പാടവും കാടും പുഴയും കായലും കാണുമ്പോള്‍ തുള്ളിച്ചാടുന്ന ക്ലാസ്‌മുറി. ഗൃഹാതുരതയുടെ മണമുള്ള കവിതള്‍ നോട്ടുബുക്കിന്റെ താളുകളില്‍ കോറിയിട്ട്‌ മലയാളത്തെ നെഞ്ചിലേറ്റുന്നു എന്നഭിമാനിക്കുന്ന ലിപ്‌സ്റ്റിക്‌ മങ്കമാര്‍ വേറെയും.
അധ്യാപകന്‍ മദ്യപിക്കാന്‍ പോയ ഒരു നട്ടുച്ചയിലാണ്‌ ഒരു സര്‍വ്വെ നടത്താന്‍ തീരുമാനിച്ചത്‌. ഈ സുന്ദരിമാരോട്‌ എന്തുചോദിക്കുമെന്ന്‌ നിശ്ചയമില്ലായിരുന്നു. കൂട്ടുകാരില്‍ ചിലര്‍ ചില ചോദ്യങ്ങളുമായി മുന്നോട്ട്‌ വന്നെങ്കിലും എല്ലാം പുതുമ നഷ്‌ടപ്പെട്ടവയായിരുന്നു. പ്രണയത്തെ കുറിച്ച്‌ ചോദിക്കുമ്പോള്‍ പറയാന്‍ താല്‍പ്പര്യമേറുമെന്ന്‌ അറിയുന്നത്‌ കൊണ്ടാണ്‌ ഒരൊറ്റ ചോദ്യത്തില്‍ ഒതുക്കാന്‍ തീരുമാനിച്ചത്‌.
``രക്തം കൊണ്ടെഴുതിയ പ്രണയലേഖനം കിട്ടിയാല്‍ അതെഴുതിയ ആളോട്‌ മനസ്സില്‍ തോന്നുന്നതെന്താണ്‌ ?''
വനിതാമാസികകളിലെ ലൈംഗികപക്തികള്‍ മാത്രം വായിക്കുന്ന സുന്ദരിമാരില്‍ നിന്നായിരുന്നു തുടക്കം. അതുകൊണ്ട്‌ തന്നെ വെറുപ്പ്‌, അറപ്പ്‌, ദേഷ്യം, ഭ്രാന്ത്‌ എന്നൊക്കെയായിരുന്നു ഉത്തരങ്ങള്‍.
ബുദ്ധിജീവി ചമയുന്നവരും പ്രണയമെന്നാല്‍ അര്‍ബുദമോ എയ്‌ഡ്‌സോ ആയി കാണുന്ന ചില ഗ്രാമീണകന്യകമാര്‍ `പ്രതികരിക്കുന്നില്ല' എന്ന മറുപടി നല്‍കി.
ചോദ്യം അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ്‌ ഒന്നുമറിയാത്ത പോലെ ഇരിക്കുന്ന അവളെ കണ്ടത്‌. പണ്ട്‌ കാപ്പിച്ചെടികള്‍ക്കിടയില്‍ വെച്ച്‌ കണ്ണന്‍ചിരട്ടയില്‍ ചുട്ടുവെച്ച മണ്ണപ്പമെടുത്ത്‌ എന്റെ മുഖത്തേക്കെറിഞ്ഞ മേഘയല്ലേ അവള്‍. എഴുതിക്കൊണ്ടിരിക്കുന്ന ഹീറോപേനയിലെ മഷി മുഖത്തേക്ക്‌ കുടഞ്ഞുകളയുമോ എന്ന ഭയമുണ്ടായിരുന്നു.
``എന്താ ?'' ഒലിപ്പിക്കാനാണെങ്കില്‍ സമയമില്ല എന്ന മട്ടില്‍ അവളെന്നെ നോക്കി.
ചിരിച്ചുകൊണ്ട്‌ ചോദ്യമെടുത്ത്‌ അവളിലേക്കെറിഞ്ഞു.
നേരമില്ലാ നേരത്ത്‌ നിന്റെയൊരു ചോദ്യം എന്ന്‌ പറയുമെന്നാണ്‌ കരുതിയത്‌. പക്ഷേ പ്രതീക്ഷിക്കുന്നതൊന്നുമല്ലല്ലോ അവള്‍ ചെയ്യാറുള്ളത്‌.
എഴുത്ത്‌ നിര്‍ത്തി, പേന ബുക്കിനുള്ളില്‍ വെച്ച ശേഷം മുഖം തുടച്ച്‌ കണ്ണുകള്‍ അടച്ചുതുറന്ന്‌ എന്റെ നേരെ നോക്കി ചിരിച്ചു. പഴുത്തുവീഴാറായ മാമ്പഴം പോലെ പൊട്ടാനൊരുങ്ങി നില്‍ക്കുന്ന മുഖക്കുരുക്കളില്‍ രക്തം ഉറഞ്ഞുകൂടുന്നത്‌ കണ്ടു.
``അയാള്‍ക്ക്‌ എന്നോടുള്ള അഗാധമായ പ്രണയം ഞാന്‍ തിരിച്ചറിയും''
ഞാന്‍ അത്ഭുതത്തോടെ അവളെ നോക്കി. ഞാന്‍ പ്രതീക്ഷിച്ച ഉത്തരം പറഞ്ഞുകഴിഞ്ഞ്‌ അവള്‍ വീണ്ടും എഴുത്ത്‌ തുടങ്ങിയിരുന്നു. ഇങ്ങനെയൊരുത്തരം ആദ്യമെ പ്രതീക്ഷിച്ചിരുന്നതാണ്‌. പക്ഷേ എന്തുകൊണ്ടാണത്‌ ആരും പറയാതിരുന്നത്‌ ?
സ്‌നേഹം തിരിച്ചറിയാന്‍ ചോര കൊണ്ടുള്ള കത്തൊന്നും വേണ്ട പെരുമാറ്റം നിരീക്ഷിച്ചാല്‍ മതിയെന്ന്‌ പറഞ്ഞ സൗമ്യയെന്താണ്‌ ഇത്രയായിട്ടും ശൈലേഷിന്റെ ഇഷ്‌ടം മനസ്സിലാക്കത്തതെന്ന്‌ ചിന്തിക്കാതിരുന്നില്ല. ഉത്തരങ്ങളേറെയും ആത്മാര്‍ത്ഥത നഷ്‌ടപ്പെട്ടതും കളിയാക്കലുമായിരുന്നുവെന്ന്‌ തിരിച്ചറിയാന്‍ പിന്നെയുമുണ്ടായിരുന്നു നിരവധി പേരുടെ വാക്കുകള്‍...
പക്ഷേ അവള്‍ അത്‌ സത്യസന്ധമായി നല്‍കിയ മറുപടിയാണെന്ന്‌ തോന്നി.
പീന്നീടാണ്‌ അവളുമായി കൂടുതല്‍ അടുക്കുന്നത്‌. വിരസമായ ചില ക്ലാസുകളില്‍ ഉറക്കെ ചുമച്ച്‌ തുപ്പാനെന്ന പോലെ പുറത്തേക്ക്‌ പോകും. പിന്നീട്‌ കുറെ കഴിഞ്ഞേ മടങ്ങിവരാറുള്ളു. മുകള്‍നിലയിലെ ഒഴിഞ്ഞ ക്ലാസ്‌മുറിയില്‍ പോയിരിക്കും. മിക്ക ദിവസങ്ങളിലും എനിക്ക്‌ മുന്നെ അവളവിടെ എത്തിയിട്ടുണ്ടാവും. ഇതെപ്പോഴാണ്‌ അവള്‍ ഇറങ്ങിപ്പോയതെന്ന്‌ ഓര്‍ത്തെടുക്കാന്‍ പോലും കഴിയില്ല.
വന്യമായ നിഗൂഡതയുമേറ്റി പുഴക്ക്‌ അക്കരെയും ഇക്കരെയുമെന്ന വണ്ണം കുറെ നേരമിരിക്കും. പിന്നെ മനസ്സില്‍ നിറയെ സന്തോഷം നിറഞ്ഞ പോലെ അവള്‍ ചിരിക്കും.
വൈശാഖ പൗര്‍ണ്ണമിയോ, എന്നു വരും നീയോ പതിയെ പാടും.
മുത്തുകള്‍ കൊഴിയുന്ന ആ ശബ്‌ദം കേട്ട്‌ ജനലിലൂടെ പുറത്തേക്ക്‌ നോക്കിയിരിക്കും. സണ്‍ഷെയ്‌ഡില്‍ മുളച്ച്‌ പൊന്തിയ ആലിന്റെ ഇല പറിച്ചെടുത്ത്‌ സൗഹൃദത്തെ കുറിച്ചോ ആത്മബന്ധങ്ങളെ കുറിച്ചോ എഴുതി അവളുടെ നോട്ട്‌ബുക്കില്‍ വെക്കുമായിരുന്നു.
ശൂന്യതയിലിരുന്ന്‌ അതിന്റെ ഞരമ്പുകള്‍ പൊന്തിതുടങ്ങിയെന്നും എന്നിട്ടും വാക്കുകള്‍ മായ്‌ക്കാതെ സൂക്ഷിക്കുന്നുണ്ടെന്നും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞതോര്‍മ്മയുണ്ട്‌.
ദിവസങ്ങള്‍ കൊഴിഞ്ഞുതീരുന്നത്‌ ഞാനും അവളുമറിഞ്ഞില്ല. ഇടക്ക്‌ ചില പരിഭവങ്ങള്‍ കടന്നുവന്നെങ്കിലും അതിന്‌ അല്‍പ്പായുസ്സായിരുന്നു.
നാളെ ക്ലാസ്‌ കഴിയുകയാണ്‌. മിക്കവരുടെ മുഖത്ത്‌ നിന്നും ഞാന്‍ വായിച്ചെടുത്തത്‌ `രക്ഷപ്പെട്ടു' എന്ന മനോഭാവമാണ്‌. എന്തോ എനിക്ക്‌ വല്ലാത്തൊരു വിങ്ങലായിരുന്നു. കുസൃതിയായ, ഉരുളക്കുപ്പേരി പോലെ മറുപടി പറയുന്ന അവള്‍ സമ്മാനിച്ച ബഹളങ്ങള്‍ ശൂന്യതക്ക്‌ വഴിമാറുകയാണ്‌.
പിരിഞ്ഞുപോകാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ്‌ അങ്ങനെയൊരു ചോദ്യം അവളില്‍ നിന്നും വരുന്നത്‌. എന്തുകൊണ്ടാണ്‌ ഞങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ ചോദ്യങ്ങള്‍ മുമ്പ്‌ കടന്നുവരാതിരുന്നതെന്നും എനിക്ക്‌ ഊഹിച്ചെടുക്കാനായില്ല.
കണ്ണുകള്‍ ചിമ്മിത്തുറന്ന്‌ എന്റെ ഉത്തരത്തിന്‌ ചെവിയോര്‍ക്കുകയാണ്‌ അവള്‍.
`` ഞാന്‍ ഈ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഇഷ്‌ടപ്പെടുന്നത്‌ നിന്റെ അമ്മയെയാണ്‌''
എന്റെ ഉത്തരം അവളെ പ്രകോപിതയാക്കിയോ എന്ന്‌ സംശയിച്ചു. ചാടിയെഴുന്നേറ്റ ശേഷം എന്റെ മുന്നില്‍ വന്നു.
``ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ അമ്മയെ എന്തുകൊണ്ടാണ്‌ നീ ഇഷ്‌ടപ്പെട്ടത്‌ ?''
അവളുടെ മുഖം തീപ്പന്തം പോലെ ജ്വലിക്കുന്നുണ്ടായിരുന്നു.
``നിന്നെ പ്രസവിച്ചത്‌ കൊണ്ട്‌...''
എന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവളുടെ മുഖത്ത്‌ നിന്നും സൂര്യരശ്‌മികള്‍ പൊഴിഞ്ഞു തുടങ്ങിയിരുന്നു. അവയെന്റെ ഹൃദയത്തെ ചുട്ടുകരിച്ചുകൊണ്ടിരുന്നു. അവളെ കുറിച്ച്‌ ചോദിക്കുമ്പോഴെല്ലാം ഒന്നും പറയാത്ത മനസ്സ്‌ ഈ അവസാനനിമിഷം എല്ലാം ഏറ്റുപറയുകയാണെന്ന്‌ തോന്നി.
``ഏറ്റവും കൂടുതല്‍ വെറുക്കുന്നതാരെയാണ്‌ ?''
വീണ്ടും പഴയ പടി കിടന്നുകൊണ്ട്‌ അവള്‍ ചോദിച്ചു.
``നിന്റെ അമ്മയെ''
പ്രതീക്ഷിക്കാത്ത ഉത്തരം കേട്ടപോലെ അവള്‍ നടുങ്ങുന്നത്‌ കണ്ടു.
``എന്തുകൊണ്ട്‌ ?''
അതേ കിടപ്പില്‍ തന്നെ അവള്‍ ചോദിച്ചു. കുസൃതിയായ അവളിപ്പോള്‍ ഒരു പൂച്ചക്കുട്ടിയെ പോലെ എന്നെ നോക്കുകയാണ്‌. നിസ്സഹായതയുടെ കരിമ്പടം കാലമവളില്‍ ഛേദിക്കപ്പെടാനാവാതെ വിരിച്ചിട്ടിരുന്നുവെന്ന്‌ തോന്നി.
``നിന്നെ ഇങ്ങനെ സ്‌നേഹിക്കുന്നത്‌ കൊണ്ട്‌...''
സൂര്യരശ്‌മികള്‍ ചേക്കേറിയ അവളുടെ മുഖത്തിപ്പോള്‍ മഴമേഘങ്ങള്‍ കൂട്‌ കൂട്ടിതുടങ്ങിയിരുന്നു. കണ്ണുകള്‍ ഇറുക്കെയടച്ചവള്‍ ഡെസ്‌ക്കില്‍ മുഖം പൂഴ്‌ത്തി.
``എന്നേക്കാള്‍ കൂടുതല്‍ ഒരാളും നിന്നെ സ്‌നേഹിക്കുന്നത്‌ എനിക്കിഷ്‌ടമായിരുന്നില്ല''
എന്റെ വാക്കുകള്‍ അവളുടെ ഹൃദയത്തില്‍ തറഞ്ഞുകിടന്നുവെന്ന്‌ തോന്നുന്നു. മഴ പൊഴിഞ്ഞുതുടങ്ങിയിരുന്നു. കണ്ണുനീരിന്റെ പ്രളയത്തില്‍ ഞാനും അവളും ആ ക്ലാസ്‌മുറിയും ഒലിച്ചുപൊകുമോയെന്ന്‌ ഭയന്നു.
പടിയിറങ്ങി നടക്കുമ്പോള്‍ അവളുടെ മനസ്സിലിപ്പോള്‍ എന്തായിരിക്കുമെന്ന്‌ ഊഹിച്ചുനോക്കി.
ദിവസങ്ങള്‍ നഷ്‌ടപ്പെടുത്തിയതിലുള്ള ദുഖമോ...പറയാതെയിരുന്ന പ്രണയത്തിന്റെ അസ്വസ്ഥതകളോ...
അതോ ഒരാളെ തന്നെ എങ്ങനെ ഒരേ പോലെ ഇഷ്‌ടപ്പെടാനും വെറുക്കാനും കഴിയുമെന്ന സംശയമോ...
അറിയില്ല. പക്ഷേ എന്റെ മനസ്സില്‍ മാസങ്ങളായി ഉറഞ്ഞുകൂടി നിന്ന മേഘങ്ങള്‍ പേമാരിയായി പെയ്‌തുതീരുകയായിരുന്നു.

അവളെ കുറിച്ചോര്‍ത്ത്‌ ഉറങ്ങാതെ കിടന്ന ആ രാത്രിയില്‍ നിന്ന്‌ കാലം ഒരുപാട്‌ മുന്നോട്ട്‌ പോയിരിക്കുന്നു. കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ പഴയ ക്ലാസ്‌മുറിയില്‍ തന്നെ വീണ്ടും ഞങ്ങളെല്ലാവരും ഒത്തുകൂടി. പ്രതീക്ഷിച്ചവരെല്ലാം എത്തിച്ചേര്‍ന്നില്ലെങ്കിലും അവള്‍ വന്നിരുന്നു. അപരിചിതരെ പോലെ കുറെ സമയമിരുന്നെങ്കിലും പോകാനിറങ്ങുമ്പോള്‍ അവള്‍ എന്റെയരുകില്‍ വന്നു.
``ആ ആലില ഇപ്പോഴും ഞാന്‍ സൂക്ഷിക്കുന്നുണ്ട്‌ നിന്നെയോര്‍ക്കാന്‍...''
ജീവിതത്തിന്റെ രണ്ടാംഘട്ടത്തിലേക്ക്‌ പ്രവേശിച്ച അവളുടെ സീമന്തത്തില്‍ല്‍ പതിഞ്ഞുകിടന്ന രക്തത്തില്‍ തന്നെ നോക്കി നിന്നു. എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അത്‌ പുറത്തേക്ക്‌ വരാതെ മനസ്സില്‍ തന്നെ കുരുങ്ങികിടന്നു.
``ഇപ്പോഴും ഓര്‍മ്മയുടെ പുസ്‌തകത്തിലെ ആദ്യപേജില്‍ നിന്റെ മുഖം തന്നെയാണ്‌. സ്വന്തമാക്കാന്‍ മോഹിക്കാതിരുന്നത്‌ നീയെന്റെ കുഞ്ഞുമേഘയായത്‌ കൊണ്ട്‌ മാത്രവും''
അകന്നുപോകുമ്പോള്‍ അവളോട്‌ വിളിച്ചുപറയാന്‍ തോന്നി...


image courtasy-corbis

Saturday, January 10, 2009

തണല്‍മരങ്ങളില്ലാത്ത പാതയോരം


തീവണ്ടിപ്പാളത്തിലൂടെ അയാള്‍ നടന്നു.
പരന്നുകിടക്കുന്ന ഭൂമി. ആകാശത്ത്‌ ചിന്നിച്ചിതറിക്കിടക്കുന്ന വെള്ളമേഘങ്ങള്‍. സൂര്യരശ്‌മികള്‍ക്ക്‌ വൈഡൂര്യത്തിന്റെ തിളക്കമുണ്ടായിരുന്നു. അകലെ ഇലകൊഴിഞ്ഞ മരം
അയാളുടെ കാല്‍പ്പാദങ്ങള്‍ ആ മരച്ചുവട്ടിലേക്കായി.
ഉണങ്ങിയ ചില്ലകള്‍ക്ക്‌ എന്തോ ആകര്‍ഷകതയുണ്ടായിരുന്നു. മരച്ചുവട്ടിലിരിക്കുമ്പോള്‍ കണ്‍പോളകളെ ഉറക്കം തഴുകുന്നത്‌ അയാളറിഞ്ഞു. മരത്തോട്‌ ചേര്‍ന്നിരുന്ന്‌ മെല്ലെ അയാള്‍ ഉറക്കത്തിന്‌ കീഴടക്കി.
``എത്ര വസന്തങ്ങള്‍
എത്ര ഹേമന്തങ്ങള്‍
ആര്‍ദ്രമായ മുദ്രണങ്ങള്‍ തീര്‍ത്ത്‌
നക്ഷത്രങ്ങളുടെ നിറം കണ്ണുകളിലേറ്റുവാങ്ങി
വിദൂരമാം മേഘങ്ങള്‍ക്കിടയിലേക്ക്‌ പോകുന്നു
അതാണ്‌ സ്വര്‍ഗ്ഗമെന്ന്‌
മരിച്ചവര്‍ മുന്നില്‍ നിന്ന്‌ ആണയിടുന്നു''
അയാള്‍ ഞെട്ടിയുണര്‍ന്നു. കഴിഞ്ഞ കുറച്ചുരാത്രികളായി ആ വരികള്‍ വല്ലാതെ അലോസരപ്പെടുത്തുന്നു. ഒരിക്കലും വായിച്ചിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത വരികള്‍...
ഉതിര്‍ന്നുവീഴുന്ന ചാറ്റല്‍മഴ.
അയാള്‍ എഴുന്നേറ്റ്‌ ചുറ്റിനും നോക്കി. ഒരു കൂര പോലും എങ്ങും കാണാനില്ല. മഴ ശക്തി പ്രാപിച്ചുതുടങ്ങി. അതിവേഗം മണ്ണിനടിയിലൂടെ മഴത്തുള്ളികള്‍ ഊര്‍ന്നിറങ്ങുന്നു. മണ്ണിന്‌ മനം മയക്കുന്ന ഗന്ധം. മഴ പെയ്‌തിട്ട്‌ കാലങ്ങളായിരുന്നുവെന്ന്‌ തോന്നി. വീണ്ടും കാറ്റ്‌ വന്നു. അതിനപ്പോള്‍ നല്ല തണുപ്പുണ്ടായിരുന്നു. അല്‍പ്പം അകലയായി എന്തോ അയാളുടെ ദൃഷ്‌ടിയില്‍പ്പെട്ടു. അടുത്തുചെന്നപ്പോള്‍ മനസ്സിലായി. അതൊരു മരക്കുരിശായിരുന്നു. ജലത്തുള്ളികള്‍ അതിലെ പൊടികളെല്ലാം കഴുകിക്കളഞ്ഞിരുന്നു.
``പവിത്ര''
മരക്കുരിശില്‍ കുറിച്ചിട്ടിരിക്കുന്ന പേര്‌ വായിച്ചപ്പോള്‍ അയാള്‍ കിതച്ചു. പവിത്ര...
അവള്‍ സമാധാനമായി ഉറങ്ങുകയാണ്‌. അവിടെ പ്രകൃതിയുടെ വിവിധ മുഖങ്ങളില്ല. മനുഷ്യന്റെ ആത്മവികാരങ്ങളില്ല. ചോര്‍ന്നൊലിക്കാന്‍ സ്‌ത്രൈണഭാവങ്ങളില്ല. വെറും ശൂന്യത, ശൂന്യത മാത്രം.
``പവിത്രാ..ഇത്‌ ഞാനാണ്‌ അമല്‍. വര്‍ഷങ്ങള്‍ക്കൊടുവില്‍ ഞാന്‍ വന്നു. നിന്നെയൊന്ന്‌ കൊതിതീരെ കാണാന്‍. പറയ്‌ എന്താ നിനക്ക്‌ പറ്റിയത്‌ ? എന്തിനാ എന്നെ ഇവിടേക്ക്‌ ക്ഷണിച്ചത്‌ ? ജീവിതത്തിലൊരിക്കലും വന്നിട്ടില്ലാത്ത ഈ സ്ഥലത്ത്‌ ഒരു നിമിത്തം പോലെ നീയെന്നെ എന്തിനെത്തിച്ചു ? നീയിന്ന്‌ ജീവിച്ചിരിക്കുന്നില്ല എന്നെന്നെ അറിയിക്കാനോ ? ''
മഴ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു.
``എനിക്കറിയാം ഈ മഴ നിന്റെ കണ്ണുനീരാണ്‌. എന്റെ കവിളിനെ ചുംബിച്ചിറങ്ങിയ മഴത്തുള്ളികള്‍ക്ക്‌ ഉപ്പുരസമായിരുന്നു.''
അയാള്‍ തിരിഞ്ഞുനടന്നു. ഏതോ തീവണ്ടി അലറിപ്പാഞ്ഞു വരുന്ന ശബ്‌ദം കേട്ടു.
*************************************
പൂട്ടിക്കിടന്ന വീട്‌ തുറന്ന്‌ അകത്തുകയറിയപ്പോള്‍ പഴമയുടെ സുഖമുള്ള ഗന്ധമറിഞ്ഞു. ചിലന്തിവലകള്‍ തട്ടിമാറ്റി അകത്തുകടന്ന്‌ പൊടിതട്ടി കുടഞ്ഞ്‌ കട്ടിലില്‍ തല ചായ്‌ക്കുമ്പോള്‍ ഓര്‍ക്കുകയായിരുന്നു. എവിടെ വെച്ചാണ്‌ നഷ്‌ടങ്ങള്‍ എന്നെ ഗാഢമായി ഇഷ്‌ടപ്പെട്ടു തുടങ്ങിയത്‌ ? ചുവരില്‍ പൊടിപിടിച്ച്‌ കിടക്കുന്ന അമ്മയുടെ ചിത്രം കണ്ടു. അവിടം മുതലാവാം.
പവിത്രക്ക്‌ എന്താണ്‌ പറ്റിയത്‌ ? അങ്ങനെയൊരു ചോദ്യം ബാക്കിയാവുന്നു. ഒരിക്കല്‍ അവള്‍ മനസ്സ്‌ കുത്തിനോവിച്ചതാണ്‌. എന്നിട്ടും അല്‍പ്പം പോലും വെറുപ്പ്‌ തോന്നിയില്ല. പിന്നീടൊരിക്കലും കണ്ടു മുട്ടരുതേയെന്ന്‌ പ്രാര്‍ത്ഥിച്ചിരുന്നു. ഒരു പക്ഷേ എന്റെയാ ആഗ്രഹമാവുമോ അവളെ യാത്രയാക്കിയത്‌ ?

പകലുകള്‍ രാത്രിക്ക്‌ വഴിമാറി. സൂര്യനും ചന്ദ്രനും വന്നും പോയുമിരുന്നു. കാലമാരെയും ശ്രദ്ധിക്കാതെ ഒഴുക്ക്‌ തുടര്‍ന്നു.
പൊടിപിടിച്ചു കിടന്ന മേശവലിപ്പിനുള്ളില്‍ നിന്നും കുറെ പുസ്‌തകത്താളുകള്‍ അയാള്‍ കണ്ടെടുത്തു. കയ്യില്‍ കിടന്നത്‌ വിറച്ചു. പതിയെ അയാളത്‌ വായിക്കാന്‍ തുടങ്ങി.
09-04-1992
എവിടെയോ വെച്ച്‌ എനിക്ക്‌ നഷ്‌ടപ്പെട്ട വുള്‍ഫിയ പുഷ്‌പത്തിന്റെ ഇതളുകള്‍ തേടി ഞാന്‍ യാത്രയാവുകയാണ്‌. എന്റെ കണ്ണുകള്‍ക്കത്‌ കണ്ടെത്താനാവുമോ എന്നറിയില്ല. അത്ര ചെറുതാണത്‌. പക്ഷേ ഭംഗിയുണ്ടായിരുന്നു. വുള്‍ഫിയ പൂത്തുനിന്നിടം സ്വര്‍ഗ്ഗമാണ്‌. പലരും വില കൊടുത്ത്‌ വാങ്ങാന്‍ ശ്രമിച്ചു. പക്ഷേ കരിഞ്ഞുണങ്ങിപ്പോയി. തോട്ടികളുടെ കയ്യില്‍, അനാഥരുടെ കയ്യില്‍, ദരിദ്രരുടെ കയ്യില്‍ അത്‌ സുരക്ഷിതമായിരുന്നു. ആര്‍ഭാടങ്ങള്‍ക്കിടയിലൂടെ നടന്നുപോയവരുടെ കൈകളില്‍ നിന്നും അത്‌ വഴുതിച്ചാടി രക്ഷപ്പെട്ടു. അതു കൊണ്ടാവാം അസ്വാസ്ഥ്യങ്ങള്‍ അവരെ കീഴ്‌പ്പെടുത്തിക്കൊണ്ടിരുന്നു. മരണം മൗനം പേറി അവരെ കീഴ്‌പ്പെടുത്തുമ്പോഴും ആ ഹൃദയങ്ങള്‍ സമാധാനത്തിന്റെ തരി പോലും അനുഭവിച്ചിരുന്നില്ല...

11-02-1994
ഒരുപാടലഞ്ഞു. ഒടുവില്‍ പൂവ്‌ തേടി വേനലിലെത്തി. ആദ്യം നല്ല രസം തോന്നി. പിന്നീടെപ്പോഴോ ചെടികളുടെ കരച്ചില്‍ കാതില്‍ വന്ന്‌ അലോസരപ്പെടുത്തിയപ്പോള്‍ പതിയെ വെറുപ്പ്‌ തോന്നിത്തുടങ്ങി. പിന്നീട്‌ കരിഞ്ഞുണങ്ങിയ ചെടികളില്‍ നിന്നും അവസാന നെടുവീര്‍പ്പുകളും അന്യമായി.
ഒരു പൊട്ടിച്ചിരി കേട്ട്‌ തിരിഞ്ഞുനോക്കി.
പൂത്തുനില്‍ക്കുന്ന ഗുല്‍മോഹറുകള്‍. അവയീ ചൂടിനെ സ്വാഗതം ചെയ്യുകയാണ്‌. എന്തോ ആ പൂക്കള്‍ക്കിഷ്‌ടം കടുത്ത വേനലിനെയാണ്‌. സൂര്യനെ വെല്ലുവിളിക്കും പോലെ അവ തലയുയര്‍ത്തി നില്‍ക്കുന്നു. വഴിതെറ്റി വരുന്ന കാറ്റില്‍ നൃത്തഭംഗിയോട്‌ കൂടി പൊഴിയുന്നു.
പുഴയില്‍ ഒരു തുള്ളിവെള്ളമില്ല. ഉയര്‍ന്നുനില്‍ക്കുന്ന കല്ലുകളും ഉണങ്ങിയ പായലും മാത്രം, ശേഷിച്ചിരുന്ന അവസാനതരി മണലും പെറുക്കിയെടുക്കാനുള്ള തത്രപ്പാടിലാണ്‌ ജനം. അത്‌ മുറിച്ചുകടക്കുമ്പോള്‍ നീന്തിത്തുടിച്ചിരുന്ന ബാല്യം മനസ്സിലോടിയെത്തി. രണ്ട്‌ തുള്ളി കണ്ണുനീര്‍ താഴേക്ക്‌ വീണു. അല്‍പ്പം കണ്ണുനീരെങ്കിലും ആ പുഴക്ക്‌ സമ്മാനിച്ച ചാരിതാര്‍ത്ഥ്യം ബാക്കിയായി.

21-03-1994 രാത്രി 10 മണി
കാലം നടക്കുകയാണ്‌. പക്ഷേ മഴ മാത്രം വന്നില്ല. ശക്തിയുള്ള വേനല്‍മഴ സ്വപ്‌നം കണ്ടവര്‍ക്കും തെറ്റി. ഇലകളടര്‍ന്ന വൃക്ഷങ്ങള്‍ വിണ്ടുകീറി. ഒടുവിലൊടുവില്‍ ദിവസങ്ങളോളം പിടിച്ചുനിന്ന വേരുകളും കീഴടങ്ങിത്തുടങ്ങി. മരണം ഗന്ധവുമായെത്തി. നിലത്തുവീണ മരങ്ങളില്‍ അത്‌ താണ്ഡവമാടി.

20-04-1994 രാത്രി 11 മണി
എന്റെ കൈകള്‍ വിറക്കുന്നു. കഴിഞ്ഞ ദിവസത്തെ സംഭവം ഒരു ദുസ്വപ്‌നം പോലെ എന്നെ വേട്ടയാടുകയാണ്‌.
ആ മലഞ്ചെരുവിലിരിക്കുമ്പോള്‍ വല്ലാത്ത കിതപ്പനുഭവപ്പെട്ടു. ഇനിയീ യാത്ര തുടരുന്നതിലര്‍ത്ഥമില്ല. വുള്‍ഫിയ ഈ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായി കാണും. കാലുകള്‍ തളര്‍ന്നുകഴിഞ്ഞു. തൊണ്ടക്ക്‌ വല്ലാത്ത വരള്‍ച്ച. പകല്‍ പതിയെ പതിയെ രാത്രിക്ക്‌ വഴിമാറുകയാണ്‌. കുറെ കാല്‍പ്പാദങ്ങളുടെ ശബ്‌ദം കേള്‍ക്കുന്നു. നിലവിളിക്കാന്‍ സമയം കിട്ടിയില്ല. ആരുടെയോ തോളില്‍ കിടന്ന്‌ സുഖമായി ഒരു യാത്രയായിരുന്നു പിന്നീട്‌. എതോ മെത്തയിലേക്ക്‌ വീണതറിഞ്ഞു. ആരുടെയോ ഭാരം ശരീരത്തിലമരുകയാണ്‌...
എതിര്‍പ്പുകള്‍ നഷ്‌ടപ്പെട്ടു തുടങ്ങി. അനുഭൂതി ശരീരം മുഴുവന്‍ നിറയുന്നു, ആളുകള്‍ മാറുന്നു. ഒടുവിലത്തെയാളും ശരീരമുപേക്ഷിച്ചപ്പോള്‍ എന്നില്‍ നിന്നും വന്നുകൊണ്ടിരുന്ന നിലവിളിയും നിന്നു.
ആരോ തീപ്പെട്ടിയുരക്കുന്ന ശബ്‌ദം കേട്ടു. അയാള്‍ സിഗരറ്റ്‌ കത്തിക്കുകയാണ്‌. ഞാനാകെ തളര്‍ന്നുപോയി. ആ ചെറിയ പ്രകാശത്തില്‍ മുഖം കണ്ടു. മദ്യത്തിന്റെ ലഹരിയില്‍ കുളിച്ചുനില്‍ക്കുന്ന അച്ഛന്‍.
ആ രാത്രി കഴിഞ്ഞുണരുമ്പോള്‍ ഞാനാ മലഞ്ചെരുവില്‍ തന്നെയായിരുന്നു. ഒക്കെ ഒരു സ്വപ്‌നം പോലെ..ദേഹം മുഴുവന്‍ അസഹ്യമായ വേദന അനുഭവപ്പെടുന്നു.
മുകളില്‍ എവിടെ നിന്നോ പാറിവരുന്ന കറുത്ത മേഘങ്ങള്‍, മഴപ്പക്ഷികള്‍. കാറ്റിന്‌ ശക്തിയേറി. അത്‌ കരിയിലകളും വഹിച്ച്‌ ഉയര്‍ന്നു പറക്കാന്‍ തുടങ്ങി. ഭീതി തോന്നി. ഒരു പക്ഷേ, ഇത്രയും കാലം പെയ്യാതിരുന്നത്‌ പേമാരിക്കാവുമോ ? പറന്നുവീണ കരിയിലകള്‍ക്കിടയില്‍ പുഷ്‌പത്തിന്റെ ഇതളുകള്‍ കണ്ടു. അത്‌ ശംഖുപുഷ്‌പത്തിന്റെതായിരുന്നു. അത്‌ നിരാശപ്പൂക്കളാണ്‌. ആ നിറം നൊമ്പരത്തിന്റെതാണ്‌. ഞാനത്‌ കാറ്റില്‍ പറത്തി.

ആ താളുകളില്‍ രണ്ടെണ്ണം മാത്രം അവശേഷിക്കെ അമല്‍ ആനന്ദ്‌ വായന നിര്‍ത്തി. കുറെ വെള്ളമെടുത്ത്‌ വായിലേക്ക്‌ കമിഴ്‌ത്തി. പിന്നീട്‌ ശരീരത്തിലെ വിയര്‍പ്പുകളൊപ്പി. വീണ്ടും ശ്രദ്ധ വരികളിലേക്കായി.

12-09-1994 വൈകുന്നേരം 5 മണി
ഒരുപാട്‌ കാലം കൂടി വീട്ടില്‍പ്പോയി. പുസ്‌തകത്തിനിടയില്‍ പതുങ്ങിയിരുന്ന ആശംസാകാര്‍ഡ്‌ കണ്ടു. പലയാവര്‍ത്തി വായിച്ചു. അക്ഷരങ്ങള്‍ മാഞ്ഞുതുടങ്ങിയിരിക്കുന്നു. ഇന്നാദ്യമായി എനിക്ക്‌ ദുഖം തോന്നുന്നു. നിനക്കൊരു മറുപടി നല്‍കാത്തതില്‍. എന്നെ കുറിച്ച്‌ നിനക്കെല്ലാം അറിയാമായിരുന്നു. എനിക്കെത്ര വസ്‌ത്രങ്ങളുണ്ടെന്നും അതിന്റെ നിറങ്ങളുമെല്ലാം...നിനക്കെന്നുമിഷ്‌ടം ആ വെള്ളവസ്‌ത്രമായിരുന്നുവെന്നും...
അമല്‍...മാപ്പ്‌ നിന്നില്‍ നിന്നകന്നുപോയതിന്‌...
നീയറിയണം. ഞാന്‍ തേടിയലഞ്ഞ്‌ കിട്ടാതായ വുള്‍ഫിയ പുഷ്‌പം സ്‌നേഹമായിരുന്നു. നിഷ്‌കളങ്കമായ സ്‌നേഹം ഒരിക്കല്‍ നീയെനിക്ക്‌ കൈവെള്ളയില്‍ വെച്ച്‌ നീട്ടിയ സ്‌നേഹം. ഇനിയെന്താണ്‌ ഞാന്‍ പകരും തരിക ?
ദിവസങ്ങള്‍ കടന്നുപോവുകയാണ്‌. എന്റെ വയറ്റില്‍ ഒരു ജീവന്‍ വളരുന്നുണ്ട്‌. ഞാനാകെ തളരുന്നു. ആ രാത്രി എന്റെ മുന്നില്‍ പല്ലിളിച്ചുനില്‍ക്കുകയാണ്‌. ഒരു പക്ഷേ അച്ഛന്റെ...

20-09-1994 രാത്രി 10 മണി
ഞാനെല്ലാം തീരുമാനിച്ചുകഴിഞ്ഞു. എന്റെ മുമ്പില്‍ ഇപ്പോള്‍ വിഷപ്പാത്രമുണ്ട്‌. അതിലല്‍പ്പം ലഹരി കൂടി ചേര്‍ത്തു. കാരണം ലഹരി ചേര്‍ത്ത വിഷത്തിന്‌ ശരീരത്തെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാനേ കഴിയില്ലെന്ന്‌ എനിക്ക്‌ നന്നായറിയാം.
``യാത്ര ചോദിക്കുന്നു ഞാന്‍ നീയെനിക്കായി-
തീര്‍ത്തൊരീ ഓര്‍മ്മപാഥേയവും പേറി
വിഹ്വലനിമിഷവും വികാരവും-
പിന്നെയാര്‍ദ്രമാം സ്‌നേഹവും ബാക്കി.
ഇനി കാണുമോന്നറിയില്ല വീണ്ടും
ചിറകില്‍ തറച്ചുകയറിയ മുള്ളിലെ
ചോര വാര്‍ന്നെന്നുമിങ്ങനെയൊടുവില്‍
കാറ്റായി...മഴയായി...
ആകാശത്തോടലിയുകയാണ്‌ ഞാന്‍''

അയാളുടെ കൈകളില്‍ നിന്നും ആ താളുകള്‍ നിലത്തേക്ക്‌ വീണു. പാവം പവിത്ര. അവളെ കുറ്റപ്പെടുത്തുന്നില്ല. അവള്‍ ചെയ്‌തതാണ്‌ ശരി.
***************************************
ഏപ്രില്‍മാസത്തെ ഒരു സായന്തനം
അമല്‍ ആനന്ദ്‌ ആ മണ്ണിലൂടെ നടന്നു. ആ വലിയ വൃക്ഷം നിറയെ ചുവന്ന പൂക്കളുണ്ടായിരുന്നു. ആ മണ്‍കൂനക്ക്‌ ചുറ്റും അവന്‍ മെഴുകുതിരികള്‍ കത്തിച്ചുവെച്ചു. ഓരത്തായി ഒരുപിടി ഓര്‍ക്കിഡ്‌ പുഷ്‌പങ്ങളും.
ഇളംകാറ്റ്‌ അതിലെ ഒഴുകിനടന്നു. വൃക്ഷം മണ്‍ക്കൂനക്ക്‌ മുകളില്‍ പൂക്കള്‍ വര്‍ഷിച്ചു. പവിത്രയോട്‌ യാത്ര പറഞ്ഞ്‌ പിന്തിരിയുമ്പോള്‍ വൃക്ഷത്തിന്‌ ചുവട്ടില്‍ തളിര്‍ത്തുനില്‍ക്കുന്ന തൈകള്‍ അയാള്‍ കണ്ടു. അതിലൊന്ന്‌ പറിച്ചെടുത്ത്‌ നടക്കുമ്പോള്‍ ഏതോ തീവണ്ടി പതിയെ കടന്നുപോവുന്നുണ്ടായിരുന്നു.
note: വുള്‍ഫിയ-ലോകത്തിലെ ഏറ്റവും ചെറിയ പുഷ്‌പം
imgae courtasy-corbis