Saturday, June 19, 2010

ആര്‍ദ്രാനായര്‍-പരിണാമത്തിന്റെ പേര്‌


അപരിചിതമായ ആ നഗരത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ വെച്ചാണ്‌ ആര്‍ദ്രാനായരെ ഞാന്‍ വീണ്ടും കണ്ടുമുട്ടുന്നത്‌. വെളുത്ത്‌ മെലിഞ്ഞിരുന്ന അവളില്‍ കാലം എഴുതിച്ചേര്‍ത്ത മാറ്റങ്ങളിലേക്കാണ്‌ ഞാന്‍ മിഴി തുറന്നത്‌. ശോണിമ മറഞ്ഞ ചുണ്ടുകളും സീമന്തത്തില്‍ ചിതറിച്ചിട്ട സിന്ദൂരവും നരച്ച കോട്ടണ്‍ സാരിയും അവള്‍ക്ക്‌ തീരെ ഇണങ്ങുന്നുണ്ടായിരുന്നില്ല. കാച്ചെണ്ണയുടെ ഗന്ധമുണ്ടായിരുന്ന മുടി ചെമ്പ്‌ പൊതിഞ്ഞ്‌ വികൃതമായിരിക്കുന്നു.
പതിവുപോലെ ഇത്തവണയും കാലമാണ്‌ വില്ലന്‍. അവന്റെ കുസൃതിയില്‍ ആര്‍ദ്രാനായരെന്ന ഗ്രാമീണത പോസ്റ്റ്‌ മോഡേണിസത്തിന്റെ ഇരയായിരിക്കുന്നു. ചുവന്ന ചുണ്ടുകള്‍ വരണ്ട്‌ കറുപ്പ്‌നിറം പടര്‍ന്നിരിക്കുന്നു.
മഴ ബസ്റ്റാന്റിന്റെ മേല്‍ക്കൂരയില്‍ മുത്തുമണികള്‍ ചൊരിയുകയാണ്‌. നനയാന്‍ വിധിക്കപ്പെട്ട ജൂണിന്റെ പകലുകളില്‍ അധിനിവേശം കൊതിച്ചെത്തുന്ന വെയിലിന്റെ നേര്‍ത്ത കിരണങ്ങള്‍ കറുത്ത ചിത്രങ്ങള്‍ വരയ്‌ക്കാന്‍ വെമ്പുന്നു.
എങ്ങനെയാണ്‌ ഞാന്‍ ആര്‍ദ്രാനായരിലേക്ക്‌ തിരിഞ്ഞുനടക്കുക?
വര്‍ഷങ്ങള്‍ എന്നിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാവും. ഇഷ്‌ടമല്ലാത്ത മാറ്റങ്ങളെ ആരും തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ലെന്ന്‌ മാത്രം.
എന്റെ കണ്ണുകള്‍ ആര്‍ദ്രാനായര്‍ക്ക്‌ ചുറ്റും ഒരു കവചം തീര്‍ക്കുന്നുണ്ടെങ്കിലും അവള്‍ക്കരുകിലേക്ക്‌ ആരൊക്കെയോ വന്നുകൊണ്ടിരുന്നു.
ആളുകളെ കുത്തിനിറച്ച്‌ പായുന്ന ബസ്സുകള്‍. ആരെയൊക്കെയോ കാത്തുകിടക്കുന്നവ വേറെയും. ഏതു ദിക്കിലേക്കുള്ള ബസ്‌ കാത്താവും ആര്‍ദ്രാനായര്‍ നില്‍ക്കുന്നത്‌?
നിമിഷങ്ങള്‍ക്കകം അവള്‍ ലക്ഷ്യത്തിലേക്ക്‌ നീങ്ങും. അതിന്‌ മുമ്പ്‌ പരിചയം പുതുക്കണം. അവളുടെ ജീവിതത്തെ കുറിച്ചറിയണം.
എന്റെ ഹൃദയം താളാത്മകമായെങ്കിലും കാലുകള്‍ നിശ്ചലമായിരുന്നു.

മഴ കാറ്റിന്റെ പിടിയില്‍ നിന്ന്‌ കുതറിമാറി ചെരിഞ്ഞിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. കറുത്ത തുണിയുടെ സഞ്ചാരപഥങ്ങളില്‍ വീണവ ചിതറുന്നു. അപരിചിതരായ ആരൊക്കെയോ വരുന്നു, പോകുന്നു.
ബസ്റ്റാന്റുകള്‍ യാത്രികരുടെ സമ്മേളനനഗരിയായത്‌ കൊണ്ടാവാം എല്ലാവരുടേയും മുഖത്തുണ്ട്‌ ലക്ഷ്യങ്ങള്‍. ദൂരങ്ങളുടെ വിടവ്‌ തീര്‍ത്ത്‌ നില്‍ക്കുന്ന ഹൃദയങ്ങളിലേക്കാണ്‌ ഓരോ യാത്രയുടേയും പര്യവസാനം.
ആര്‍ദ്രാനായര്‍ക്ക്‌ ഇനി എത്ര ദൂരം പോകേണ്ടി വരും?
അവളില്‍ ഒരു ദൂരയാത്രയുടെ ലക്ഷണങ്ങളെ ഉണ്ടായിരുന്നില്ല. പഴകിയ ഒരു പഴ്‌സല്ലാതെ അവളുടെ കൈകളില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. പിശടന്‍കാറ്റിന്റെ അഹന്തയോട്‌ തോറ്റ്‌ സാരിത്തലപ്പ്‌ തോളിലൂടെയിട്ട്‌ നില്‍ക്കുമ്പോഴും ആ മുഖം ശാന്തമായിരുന്നു.

ആര്‍ദ്രാനായരെ ഞാന്‍ ആദ്യം കാണുന്നത്‌ ഉത്തരാധുനീക കവിതകളെ കുറിച്ചുള്ള സിമ്പോസിയത്തില്‍ വെച്ചാണ്‌. ഞാനും അവളും അവിടെ വഴിതെറ്റിയെത്തിയവരായിരുന്നു. അരികില്‍ വന്നിരുന്ന സുന്ദരിയായ അവളെ ഇമ ചിമ്മാതെ ഞാന്‍ നോക്കിക്കൊണ്ടിരുന്നു. അതു കാണാത്ത പോലെ അവളും.
``കവിത വരണമെങ്കില്‍ ഊശാന്‍താടി വേണമെന്നുണ്ടോ?''
ഇടക്കെപ്പോഴൊ അവള്‍ ചോദിച്ചു.
ഉദ്‌ഘാടകന്‍ തുപ്പല്‍ തെറിപ്പിച്ച്‌ പ്രസംഗം തുടരുകയാണ്‌.
നവലിബറലിസം മുതല്‍ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ വരെ ഇന്നലെ രാത്രി ഉറക്കമിളച്ച്‌ റഫര്‍ ചെയ്‌തതിന്റെ അമര്‍ഷം അയാളുടെ പ്രസംഗത്തില്‍ പ്രതിഫലിച്ചുകൊണ്ടിരുന്നു.
``ഏത്‌ തെണ്ടിക്കും എഴുതാന്‍ പറ്റുംവിധം കവിത ഇന്ന്‌ ഗദ്യമെന്ന വിഴുപ്പ്‌ ചുമക്കുന്നു.''
മുഖത്തേക്ക്‌ നോക്കാതെ അവള്‍ പറഞ്ഞു.
ശാന്തവും ശാലീനവുമായ ആ മുഖത്ത്‌ നിന്നാണോ ഇത്തരം വാക്കുകള്‍ കടന്നുവരുന്നതെന്ന്‌ ഞാന്‍ സംശയിച്ചു.
പ്രസംഗങ്ങളും ക്ലാസുകളും തീര്‍ന്നപ്പോള്‍ സംവാദം തുടങ്ങി.
``എവിടം മുതലാണ്‌ കവിതക്ക്‌ മൂല്യച്യുതി സംഭവിക്കാന്‍ തുടങ്ങിയത്‌?''
ഊശാന്‍ താടിക്കാരന്‌ നേരെ അവള്‍ ആദ്യചോദ്യമെറിഞ്ഞു.
താടി ചൊറിഞ്ഞ്‌ അയാള്‍ മൈക്ക്‌ കൈയ്യിലെടുത്തു.
``കവിതക്ക്‌ മൂല്യച്യുതി സംഭവിച്ചിട്ടില്ല.'' ഗൗരവത്തോടെ അയാള്‍ മറുപടി പറഞ്ഞു.
``പണം വാങ്ങി പുസ്‌തകമിറക്കി കൊടുക്കുന്ന പ്രസാധകരുടെ കാലമാണിത്‌. ഇപ്പോഴിറങ്ങുന്ന ഏത്‌ കവിതയിലാണ്‌ ആത്മാവുള്ളത്‌?''
ഊശാന്‍താടിക്കാരന്‌ നേരെ അവള്‍ ചോദ്യമെറിഞ്ഞു.
താടി ചൊറിഞ്ഞ്‌ അയാള്‍ മൈക്ക്‌ കൈയ്യിലെടുത്തു.
``കവിതക്ക്‌ മൂല്യച്യുതി സംഭവിച്ചിട്ടില്ല.'' ഗൗരവത്തോടെ അയാള്‍ മറുപടി പറഞ്ഞു.
``പണം വാങ്ങി പുസ്‌തകമിറക്കിക്കൊടുക്കുന്ന പ്രസാധകരുടെ കാലമാണിത്‌. ഇപ്പോഴിറങ്ങുന്ന ഏത്‌ കവിതയിലാണ്‌ ആത്മാവുള്ളത്‌?''
ഊശാന്‍താടിക്കാരന്‍ തലവേദന വന്നതുപോലെ നെറ്റിയില്‍ വിരലമര്‍ത്തി.
അവള്‍ എഴുന്നേറ്റു.
``സമയത്തെ കൊല്ലാന്‍ പാര്‍ക്കുകളോ, കടല്‍തീരമോ ആണ്‌ നല്ലത്‌.''
അങ്ങനെ പറഞ്ഞ്‌ അവള്‍ നടന്നുപോയി.

ആര്‍ദ്രാനായരെ ഞാന്‍ വീണ്ടും കാണുന്നത്‌ പിന്നെയും ഒരുമാസത്തിന്‌ ശേഷമാണ്‌.
വില്ലേജ്‌ ഓഫിസില്‍ ജാതി സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാനെത്തിയ വൃദ്ധയായ സ്‌ത്രീയെ അവഹേളിച്ച ക്ലര്‍ക്കിനോട്‌ വഴക്കിടുകയായിരുന്നു അവള്‍.
എന്നെ കണ്ടപ്പോള്‍ പുഞ്ചിരിച്ചു.
പരിചിതനായ വില്ലേജ്‌ ഓഫിസറുടെ മുന്നിലിരിക്കുമ്പോഴും പുറത്തുനിന്നും അവളുടെ ശബ്‌ദം കേള്‍ക്കുന്നുണ്ടായിരുന്നു.
``എന്നുമുണ്ടാകും ഇങ്ങനെ ഗാന്ധിജിയുടെ കൊച്ചുമക്കളിലാരെങ്കിലും...മനുഷ്യനെ മിനക്കെടുത്താന്‍...''
അമര്‍ഷം നുരഞ്ഞുപൊന്തിയ ആ വാക്കുകള്‍ നുണഞ്ഞ്‌ ഞാന്‍ കാര്യത്തിലേക്ക്‌ കടന്നു.
പുറത്തെത്തുമ്പോള്‍ ആ വൃദ്ധയെ ഓട്ടോറിക്ഷയില്‍ പിടിച്ചുകയറ്റി യാത്രയാക്കുന്ന ആര്‍ദ്രാനായരെയാണ്‌ കണ്ടത്‌.
``ഞാന്‍ പുറത്തേക്കൊന്നും അധികമിറങ്ങാറില്ല. ഇങ്ങനെ എന്തിലെങ്കിലുമൊക്കെ ഇടപെട്ട്‌ പോകും...''
അല്‍പ്പം ലജ്ജയോടെ അവള്‍ പറഞ്ഞു.
ഞാന്‍ ചിരിച്ചതേയുള്ളു.

മൂന്ന്‌ മാസങ്ങള്‍ക്ക്‌ ശേഷം ആര്‍ദ്രാനായരെ കാണുമ്പോള്‍ അവള്‍ ഒരു പ്രസംഗവേദിയിലായിരുന്നു.
മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്‌ത്രീപീഡനങ്ങള്‍ക്കെതിരെ നടന്ന പ്രക്ഷോഭ പരിപാടികളുടെ ഉദ്‌ഘാടനചടങ്ങില്‍ അവള്‍ സംസാരിക്കുന്നു.
``സ്‌ത്രീ ആണ്‍വര്‍ഗ്ഗത്തിലെ ഒരു വിഭാഗത്തിന്‌ ഉടലഴക്‌ മാത്രമാണ്‌. അത്തരക്കാരുടെ മുന്നില്‍ ഉപഭോഗവസ്‌തുവായി മാറുന്നതിനേക്കാള്‍ നല്ലത്‌ മരിക്കുകയാണ്‌. കമ്പോളങ്ങളില്‍ അര്‍ദ്ധനഗ്നയായി നില്‍ക്കുന്ന സ്‌ത്രീകള്‍ പരസ്യബോര്‍ഡുകളില്‍ നിന്ന്‌ യാഥാര്‍ത്ഥ്യത്തിലേക്ക്‌ തിരിച്ചുനടക്കണം.......
സ്‌തബ്‌ധരായി ഇരിക്കുന്ന സദസ്സ്‌.
അടക്കിവെച്ചിരിക്കുന്ന പ്രതികരണശേഷി ആര്‍ദ്രാനായരില്‍ നിന്ന്‌ പുറംചാടി ഒരു കടലാവുകയാണ്‌. ആ തിരകളില്‍ അനീതികളോടുള്ള അമര്‍ഷം ആരിലൊക്കെയോ നുരഞ്ഞുപൊന്തുന്നു....

ജോലിയുടെ ഭാഗമായുള്ള ട്രാന്‍സ്‌ഫറുകളുടെ പ്രളയത്തില്‍പ്പെട്ട്‌ ആടിയുലഞ്ഞ്‌ പോയ പതിനൊന്ന്‌ വര്‍ഷങ്ങള്‍. ആര്‍ദ്രാനായരെ ഇടക്കെല്ലാം ഞാന്‍ ഓര്‍ക്കുമായിരുന്നു. ഒരു നിയമസഭാസമാജികരുടെ വേഷത്തിലെങ്കിലും അവള്‍ ഉയരുമെന്നും പ്രത്യാശിച്ചിരുന്നു. ഒടുവില്‍ തീര്‍ത്തും അപരിചിതമായ മഹാനഗരത്തില്‍ അപ്രതീക്ഷിതമായി അവള്‍...
മഴ ശക്തി പ്രാപിക്കുകയാണ്‌.
ആര്‍ദ്രാനായരിലേക്ക്‌ കണ്ണുകള്‍ തിരിച്ചെങ്കിലും നിരാശനാകേണ്ടി വന്നു.
എന്റെ ശ്രദ്ധ മാറിയ ഏതോ ഒരു നിമിഷം അവള്‍ പോയ്‌മറഞ്ഞിരിക്കുന്നു.
പരിചയം പുതുക്കണമെന്ന്‌ അതിയായി ആഗ്രഹിച്ചെങ്കിലും കഴിയാതെ പോയതില്‍ ദുഖം തോന്നി. ഈ മഹാനഗരത്തില്‍ നിന്ന്‌ ഇനി ആര്‍ദ്രാനായരെ എങ്ങനെ കണ്ടെടുക്കാനാവും...

എനിക്ക്‌ പോകേണ്ട ബസ്സ്‌ വന്നപ്പോള്‍ അതില്‍ കയറിയിരുന്നു.
അഭയാര്‍ത്ഥികളും ഭിക്ഷാംദേഹികളും നിറഞ്ഞ ആ ബസ്സിനുള്ളില്‍ വീര്‍പ്പുമുട്ടിയിരുന്നു. പതിവുപോലെ ഈ നഗരവുമായി ഇണങ്ങാനും അല്‍പ്പം സമയമെടുക്കുമെന്ന്‌ തോന്നി.
ജാലകത്തിലൂടെ ഉയരമേറിയ കെട്ടിടങ്ങളിലേക്ക്‌ തെന്നിയിറങ്ങുന്ന മഴയെ നോക്കിയിരുന്നു. ഡബിള്‍ബെല്ലിലേക്ക്‌ നീങ്ങും വരെ ഓര്‍മ്മയിലേക്ക്‌ ചാഞ്ഞു.
ബസ്സ്‌ ചലിച്ചുതുടങ്ങിയപ്പോഴാണ്‌ സീറ്റില്‍ കിടന്ന കാര്‍ഡ്‌ കണ്ടത്‌. ഏതോ ഭിക്ഷാംദേഹി മറന്നുപോയതാണെന്ന്‌ തോന്നി.
``എന്റെ ഭര്‍ത്താവ്‌ ഒരു ഖനി തൊഴിലാളിയായിരുന്നു. ജോലിക്കിടെയുണ്ടായ അപകടത്തില്‍ അരക്ക്‌ താഴേക്ക്‌ തളര്‍ന്ന്‌ കിടപ്പിലാണ്‌. ഞാന്‍ ഒരു കാന്‍സര്‍ രോഗിയാണ്‌. നിര്‍ധന കുടുംബത്തില്‍പ്പെട്ട എനിക്ക്‌ ജോലി ചെയ്‌ത്‌ ജീവിക്കാനാവില്ല. രണ്ടുമക്കളെയും കുടുംബത്തേയും നോക്കാന്‍ വേറെ വഴിയില്ലാത്തത്‌ കൊണ്ടാണ്‌.....................''
വായിച്ചുതീര്‍ന്നപ്പോള്‍ നടുങ്ങിപ്പോയി.
അതിനടയിലെ പേര്‌ `ആര്‍ദ്രാനായര്‍' എന്നായിരുന്നു.
ബസ്സ്‌ വേഗത പ്രാപിച്ചുതുടങ്ങിയിരിക്കുന്നു. ചില്ലുജാലകത്തിന്റെ നേര്‍ത്ത വിടവിലൂടെ അകത്തേക്ക്‌ കയറുന്ന കാറ്റ്‌ വല്ലാതെ അലോസരപ്പെടുത്തി.
ആ റോഡ്‌ നിറമുള്ള കാര്‍ഡ്‌ അറിയാതെ തിരിച്ചു.
അതില്‍ മനോഹരമായ കൈയ്യക്ഷരത്തില്‍ ഇത്രയും എഴുതിയിരുന്നു.

``നിങ്ങള്‍ കണ്ടുമുട്ടാറുള്ള ധിക്കാരിയായ ആ പെണ്‍കുട്ടി മരിച്ചു.
അവളുടെ ചലിക്കുന്ന ജഡം
പരേതാത്മക്കള്‍ നിറഞ്ഞ ഈ ലോകത്തില്‍
ഒരു നേരത്തെ അന്നം തേടി അലയുന്നു.
ജീവിതം ഒരു കണ്ണുപൊത്തിക്കളിയാണ്‌.
മിഴി തുറക്കുമ്പോഴേക്കും മാഞ്ഞുപോകുന്ന
വിസ്‌മയങ്ങളെ ഈ ലോകത്തുള്ളു.

-ആര്‍ദ്രാനായര്‍ ''

image cortasy-google

Wednesday, June 2, 2010

ഖഡ്‌ക്ക


കിഷന്‍ജി കിടന്നുകൊണ്ട്‌ ഖഡ്‌ക്ക വലിക്കുകയാണ്‌. ഇടക്കിടെ ചുമക്കുന്നതും ആയാസപ്പെടുന്നതും കാണുമ്പോള്‍ എന്തിനാണ്‌ ഇത്ര ബുദ്ധിമുട്ടുന്നതെന്ന്‌ തോന്നും. സമീപത്ത്‌ ഭാര്യ മഹാലക്ഷ്‌മി അനിഷ്‌ടത്തോടെ ഇരിക്കുന്നുണ്ട്‌.
കഴിഞ്ഞ ഒരാഴ്‌ചയായി ബസാറിലേക്കുള്ള എന്റെ യാത്ര അവസാനിക്കുന്നത്‌ അലങ്കാരപണി ചെയ്‌ത കിഷന്‍ജിയുടെ കൊച്ചുവീടിന്‌ മുന്നിലാണ്‌. എന്തോ എനിക്ക്‌ പോലുമറിയില്ല, ഒരു കാന്തികവലയം പോലെ മക്കളില്ലാത്ത ആ ദമ്പതികളുടെ മുമ്പിലേക്ക്‌ ഞാന്‍ ആകര്‍ഷിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.
അവരുടെ വീടിന്‌ മുന്നിലെ ഉണങ്ങിത്തുടങ്ങിയ വലിയ മരച്ചുവട്ടില്‍ കത്തുന്ന ചൂടില്‍ സാന്ത്വനമായി എത്താറുള്ള കാറ്റിനെ പ്രതീക്ഷിച്ച്‌ ഇരുട്ട്‌ വീഴുന്നത്‌ വരെ ഇരിക്കും. വീടിന്‌ മുന്‍വശത്തെ ജാലകത്തിലൂടെ ഇരുവരും ചേര്‍ന്ന്‌ രാത്രിഭക്ഷണം ഒരുക്കുന്നത്‌ കാണാം. ഇടക്കവര്‍ ചെറിയ കാര്യങ്ങള്‍ക്ക്‌ പോലും വല്ലാതെ വഴക്കടിക്കും. തീ കത്തിച്ചില്ലെന്നോ, വെണ്ടക്കയും ഉരുളക്കിഴങ്ങും അരിഞ്ഞത്‌ വലുതായി എന്നോ ഒക്കെയാവും വഴക്കിനുള്ള കാരണങ്ങള്‍. ദേഷ്യം പിടിച്ചാല്‍ കിഷന്‍ജി ഓടി ഖഡ്‌ക്കയുടെ അടുത്തെത്തും. അത്‌ തുടച്ച്‌ മരുന്ന്‌ നിറച്ച്‌ കത്തിച്ച്‌ വലിക്കും. നേര്‍ത്ത പുക പുറത്തേക്കൂതി വിടുമ്പോള്‍ കണ്ണുനിറഞ്ഞിട്ടുണ്ടാവും. കുര്‍ത്തയുടെ തലപ്പ്‌ കൊണ്ട്‌ കണ്ണുകള്‍ തുടച്ച്‌ വിതുമ്പുമ്പോള്‍ മഹാലക്ഷ്‌മി ഓടി വന്ന്‌ അദ്ദേഹത്തെ ചേര്‍ത്തുപിടിക്കും. നരച്ച താടിയിലൂടെ ഊര്‍ന്നിറങ്ങുന്ന കണ്ണുനീരിന്റെ ചാല്‍ പതിയെ അവ്യക്തമാവും.
ജയ്‌പ്പൂരിലെ എന്റെ സായന്തനങ്ങള്‍ കിഷന്‍ജിയുടെ വീടിന്‌ മുന്നില്‍ വീണുടയുകയാണ്‌. നാട്ടിലേക്ക്‌ തിരിച്ചുപോവാന്‍ ഇനി 29 ദിവസങ്ങള്‍ കൂടിയുണ്ട്‌. ജോലിയുമായി ബന്ധപ്പെട്ട്‌ കിട്ടിയ ഈ മൂന്ന്‌ മാസം ശരിക്കും ഞാന്‍ ആസ്വദിക്കുകയായിരുന്നു. ജീവിതത്തിലേക്ക്‌ ഇറങ്ങിവന്നിട്ടില്ലെങ്കിലും ഇവിടെ പരിചയപ്പെട്ടവരും കണ്ടവരുമെല്ലാം ജീവിതത്തിന്റെ ഭാഗമായ പോലെ...

കിഷന്‍ജിയുടെ ചുമ ശക്തിപ്രാപിക്കുകയാണ്‌. ഇടക്കയാള്‍ ബന്ധപ്പെട്ട്‌ എഴുന്നേറ്റ്‌ വെള്ളം കുടിക്കാന്‍ ശ്രമിച്ചെങ്കിലും അതിന്‌ കഴിയാതെ കട്ടിലിലേക്ക്‌ തന്നെ വീണു. പിന്നീട്‌ മഹാലക്ഷ്‌മി അദ്ദേഹത്തെ താങ്ങിപ്പിടിച്ചിരുത്തി വെള്ളം കുടിപ്പിച്ചു. അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ഞാന്‍ മരത്തില്‍ ചാരിയിരുന്നു മിഴികള്‍ പൂട്ടി.

കളിപ്പാട്ട വില്‍പ്പനക്കാരനായ കിഷന്‍ജിയെയും മഹാലക്ഷ്‌മിയെയും ഞാന്‍ കണ്ടുമുട്ടുന്നത്‌ ജയ്‌പ്പൂരില്‍ വന്നതിന്‌ പിറ്റേ ദിവസമാണ്‌. പുറത്ത്‌ നിന്നുള്ള ഭക്ഷണം ശരിയാകാത്തത്‌ കൊണ്ട്‌ സ്വയം വെച്ചുകഴിക്കാന്‍ തീരുമാനിച്ച പകല്‍. അത്യാവശ്യസാധനങ്ങള്‍ വാങ്ങാനായി ബസാറില്‍ പോയി. കുങ്കുമപ്പൊടികളും, രാഗികളും വില്‍ക്കുന്ന കടകള്‍ക്കരുകില്‍ കളിപ്പാട്ടങ്ങള്‍ നിറഞ്ഞ ഒരു കട കണ്ടു. മനോഹരമായ പാവകള്‍ കണ്ടപ്പോള്‍ അങ്ങോട്ടുനടന്നു. വിവിധ അസംസ്‌കൃതവസ്‌തുക്കളാല്‍ തീര്‍ത്ത പാവകള്‍. കടയുടെ ഒരു വശത്തിരുന്ന്‌ ചെറിയ തടികള്‍ ചെത്തിമിനുക്കി പാവയുണ്ടാക്കുന്ന കിഷന്‍ജി. അയാളെ സഹായിക്കുന്ന മഹാലക്ഷ്‌മി. ഏതോ മരത്തിന്റെ നാരുകള്‍ പിന്നിയെടുത്ത്‌ പാവകള്‍ക്ക്‌ തലമുടിയുണ്ടാക്കുകയാണ്‌ അവര്‍.
മലയാളിയായ മസാലപീടികക്കാരനില്‍ നിന്നാണ്‌ കിഷന്‍ജിയെ കുറിച്ചറിഞ്ഞത്‌. ബസാറിലെ ഏറ്റവും പഴയ വ്യാപാരിയാണ്‌ അയാള്‍. മറുനാട്ടില്‍ നിന്നുവരെ പാവകള്‍ വാങ്ങാന്‍ ഈ ചെറിയ കട തേടി ആളുകള്‍ വരാറുണ്ടത്രെ.
കിഷന്‍ജിയുടെയും മഹാലക്ഷ്‌മിയുടെയും ജീവിതം മറ്റുള്ളവരില്‍ നിന്നും വിഭിന്നമായിരുന്നു. ജോലി ചെയ്‌തു സമ്പാദിക്കുന്നതിന്റെ പകുതിയിലധികവും അനാഥരായ കുട്ടികള്‍ക്കായാണ്‌ അവര്‍ ചിലവഴിച്ചിരുന്നത്‌. ബസാറിന്‌ സമീപമുള്ള ദേവീക്ഷേത്രത്തില്‍ വെച്ച്‌ എല്ലാ വ്യാഴാഴ്‌ചയും അനാഥക്കുട്ടികള്‍ക്കും തെരുവ്‌ കുട്ടികള്‍ക്കുമായി അവര്‍ റൊട്ടിയും പാലും വിതരണം ചെയ്‌തിരുന്നു.

മഹാലക്ഷ്‌മിയുടെ നിലവിളി കേട്ടാണ്‌ കണ്ണുതുറന്നത്‌.
കിഷന്‍ജി ചുമച്ച്‌ ചുമച്ച്‌ ചോര ഛര്‍ദ്ദിക്കുന്നു.
ഓടിചെല്ലുമ്പോഴേക്കും അയാള്‍ തളര്‍ന്നുവീണിരുന്നു.
കിഷന്‍ജിയെ റിക്ഷയില്‍ കയറ്റിയിരുത്തി. അലമുറയിടുന്ന മഹാലക്ഷ്‌മി അദ്ദേഹത്തെ കെട്ടിപിടിച്ചുകരയുകയാണ്‌. ആശുപത്രിയിലേക്ക്‌ ഇനിയും ദൂരമുണ്ട്‌.
റിക്ഷക്കാരന്‍ തനിക്കാവും വിധം റോഡിലെ തിരക്കിനെ അവഗണിച്ചുകൊണ്ട്‌ ചവിട്ടിവിട്ടു.
``ബേട്ടാ...മേരാ കിഷന്‍...''
അദ്ദേഹത്തെ ചൂണ്ടികാട്ടി മഹാലക്ഷ്‌മി വിതുമ്പി.
``ടര്‍നേ ക്കാ ബാത്ത്‌ നഹിം..മാം'
എനിക്ക്‌ പറയാന്‍ മറ്റൊന്നുമുണ്ടായിരുന്നില്ല.
പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ ഐ സി യുവിലേക്ക്‌ കിഷന്‍ജിയെ കയറ്റി.
മഹാലക്ഷ്‌മി മുറിക്കുപുറത്തെ സിമന്റ്‌ബെഞ്ചില്‍ തളര്‍ന്നിരിക്കുകയാണ്‌. സമീപത്ത്‌ പോയിരുന്നപ്പോള്‍
എന്റെ തോളിലേക്കവര്‍ ചാരി കിടന്നു.
``ഘൂന്‍ ചാഹിയേ സാബ്‌''
വാതില്‍ തുറന്ന്‌ പുറത്തേക്ക്‌ വന്ന നഴ്‌സ്‌ എന്നെ നോക്കി പറഞ്ഞു.
ലാബോറട്ടറിയിലേക്ക്‌ നടക്കുമ്പോള്‍ സൗകര്യക്കുറവുള്ള ആ ആശുപത്രിയില്‍ വേണ്ടത്ര പരിചരണം ലഭിക്കാതെ കിഷന്‍ജിക്ക്‌ എന്തെങ്കിലും പറ്റുമോയെന്ന്‌ എനിക്ക്‌ ഭയമുണ്ടായിരുന്നു.
ഭാഗ്യമെന്നോണം എന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ തന്നെയായിരുന്നു കിഷന്‍ജിക്കും. രക്തമെടുത്ത്‌ കഴിഞ്ഞപ്പോള്‍ വല്ലാത്ത തളര്‍ച്ച തോന്നി. കൂജയില്‍ നിന്നും രാമച്ചമിട്ട വെള്ളമെടുത്ത്‌ കുടിച്ച ശേഷം വീണ്ടും മഹാലക്ഷ്‌മിയുടെ അടുത്ത്‌ പോയിരുന്നു.
സമയം ഇഴഞ്ഞുനീങ്ങുകയാണ്‌.
കിഷന്‍ജി പതിയെ ശ്വാസമെടുക്കുന്നത്‌ വാതിലിന്‌ നടുവിലുള്ള ചില്ലുജാലകത്തിലൂടെ മഹാലക്ഷ്‌മിക്ക്‌ കാണിച്ചുകൊടുത്തു.
അവരുടെ മുഖം പ്രസന്നമായി.
നേരം വെളുത്തപ്പോഴാണ്‌ കിഷന്‍ജിയെ കാണാന്‍ അവസരം ലഭിച്ചത്‌. പുഞ്ചിരിച്ചുകൊണ്ട്‌ കിടക്കുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ മഹാലക്ഷ്‌മി തുള്ളിച്ചാടി. ഓടിച്ചെന്ന്‌ ആ മാറില്‍ വീണു.
``ലക്ഷ്‌മീ...മേരാ ഖഡ്‌ക്കാ...'' കിഷന്‍ജി ചിരിച്ചുകൊണ്ട്‌ ചോദിക്കുകയാണ്‌.
``ബുരാ കിഷന്‍...ചുപ്പ്‌ രഹോ'' മഹാലക്ഷ്‌മി പതിയെ അദ്ദേഹത്തിന്റെ കവിളില്‍ നുള്ളിക്കൊണ്ട്‌ പറഞ്ഞു.
അവരുടെ സ്‌നേഹത്തിന്റെ തീവ്രത ഞാന്‍ അത്ഭുതത്തോടെ നോക്കിനിന്നു.
പിറ്റേന്ന്‌ ഉച്ചയോടെ കിഷന്‍ജി ആശുപത്രി വിട്ടു. വീട്‌ വരെ ഞാനും അവരോടൊപ്പം പോയി. യാത്ര പറഞ്ഞുപിരിയുമ്പോള്‍ മഹാലക്ഷ്‌മി എന്നെ ആരതിയുഴിഞ്ഞു.
``തൂ ഹമാരാ ബേട്ടാ ഹേ''. ഗെയ്‌റ്റ്‌ കടക്കുമ്പോള്‍ അവര്‍ പറയുന്നത്‌ കേട്ടു.

എന്റെ സായന്തനങ്ങള്‍ ആ മരച്ചുവട്ടില്‍ നിന്നും കിഷന്‍ജിയുടെ വരാന്തയിലേക്ക്‌ മാറി. ജയ്‌പ്പൂരിലെ തെരുവുകളെ കുറിച്ചും കച്ചവടങ്ങളെ കുറിച്ചും ഇരുവരും കുറെ നേരം സംസാരിക്കും. എന്നെ നിര്‍ബന്ധിച്ച്‌ മധുരപാനീയങ്ങളും പലഹാരങ്ങളും കഴിപ്പിക്കും. തിരിച്ചുപോകാനാവാതെയിരിക്കുമ്പോള്‍ രാത്രി പതിയെ കയറിവരും. റാന്തല്‍വിളക്കിന്റെ തിരിയുയര്‍ത്തി മനസ്സില്ലാ മനസ്സോടെ മുറിയിലേക്ക്‌ നടക്കും.
ജീവിക്കുകയാണെങ്കില്‍ കിഷന്‍ജിയെയും മഹാലക്ഷ്‌മിയെയും പോലെയാവണമെന്ന്‌ പലപ്പോഴും തോന്നി. ജീവിതത്തെ അവരേറ്റെടുക്കുകയാണ്‌. ഒരു പുസ്‌തകത്തിന്റെ താളുകളെന്ന പോലെ ദിവസങ്ങളെ ആകര്‍ഷകമായി അടുക്കിവെക്കുകയാണവര്‍...
മുറിയില്‍ ഭയാനകമായ ഏകാന്തത കടന്നുവരുമ്പോള്‍ ഗസലുകളില്‍ അഭയം പ്രാപിക്കും. ജാലകങ്ങള്‍ക്കപ്പുറത്ത്‌ നിന്നും വരുന്ന നേരിയ വെട്ടം പതിയെ പതിയെ കനത്ത ഇരുട്ടിന്‌ വഴിമാറുമ്പോള്‍ മനസ്സ്‌ നാട്ടിലേക്ക്‌ പറക്കും. പായല്‍ പിടിച്ച ചുമരുകളുള്ള വീട്ടിലെ നൊമ്പരങ്ങളിലൂടെ ഒഴുകി നടക്കുമ്പോള്‍ അമ്മയുടെ നിലവിളിയും അച്ഛന്റെ മദ്യാസക്തിയും ലയിച്ച്‌ ചെവികളില്‍ ഭീകരതയാവും. ഒരു ഭയാനകസ്വപ്‌നം കണ്ടിട്ടെന്ന പോലെ വല്ലാതെ വിയര്‍ക്കും. കൂജയെടുത്ത്‌ വായിലേക്ക്‌ കമിഴ്‌ത്തും. ജയ്‌പൂരിലെ എന്റെ രാത്രികള്‍ വന്യമാകുന്നത്‌ ഞാന്‍ പോലുമറിയാതെയാണ്‌.
നാട്ടിലെ ഓഫിസ്‌ മുറിയിലേക്കും ആതിരയുടെ സാമീപ്യത്തിലേക്കുമുള്ള യാത്രയാണ്‌ രാത്രിയുടെ രണ്ടാംയാമം. വെളുത്തുമെലിഞ്ഞ അവളുടെ പുഞ്ചിരിയിലാണ്‌ പലപ്പോഴും നഷ്‌ടമായെന്ന്‌ തോന്നുന്ന ജീവിതത്തിന്റെ താളം ഞാന്‍ കണ്ടെടുത്തിരുന്നത്‌. എന്റെ കൈപിടിച്ച്‌ കണ്ണാനാംകുന്ന്‌ കയറുന്ന കുഞ്ഞുടിപ്പിട്ട അനിയത്തിക്കുട്ടിയുടെ പുനര്‍ജന്മമാണ്‌ അവള്‍. എല്ലാരെയും ഉപേക്ഷിച്ച്‌ തന്നിഷ്‌ടത്തിനിറങ്ങിപ്പോകുമ്പോഴും അവള്‍ എന്റെ നെഞ്ചിലിരുത്തി ഞാന്‍ വളര്‍ത്തിയ `കുഞ്ഞു'വായിരുന്നല്ലോ...
ഓര്‍മ്മകള്‍ വെടിയുണ്ടകളായി ഹൃദയത്തില്‍ പാഞ്ഞുകയറി മരണം സംഭവിക്കുന്നതാണ്‌ എനിക്കെന്നുമുറക്കം. ജാലകത്തിനപ്പുറത്തെ തെരുവുകുട്ടികളുടെ ബഹളത്തിലേക്കാണ്‌ പിന്നീട്‌ ഞാന്‍ പുനര്‍ജനിക്കുന്നത്‌.
പകലുകള്‍ എത്ര കൂട്ടിയാലും ശരിയാകാത്ത കണക്കുകളിലേക്കും കുനുകുനെ വരച്ചിട്ട കടലാസുകളിലേക്കും ചുരുങ്ങുകയാണ്‌. ആകാശം മുട്ടെ ഉയരുന്ന കെട്ടിടത്തിന്റെ ഓരോ മുറികളും എന്റെ മനസ്സില്‍ ഭദ്രമാണ്‌. ചിന്തകള്‍ക്ക്‌ മൂര്‍ച്ച കൂട്ടി പാകപ്പെടുത്തിയെടുത്ത പ്ലാനുകളില്‍ ഒന്നുപോലും ഇതുവരെ പിഴിച്ചിട്ടില്ലാത്തതുകൊണ്ടാവാം ഭാഷയും വേഷവുമെല്ലാം എനിക്ക്‌ അപരിചിതമാവാത്തത്‌. ഞാന്‍ പോലുമറിയാതെ ഒരു നാടോടിയാവുന്നത്‌.
കിഷന്‍ജിയുടെ വരാന്തയില്‍ നിന്ന്‌ ഞാന്‍ ജയ്‌പൂരിന്റെ ചരിത്രത്തിലേക്കും വികസനത്തിന്റെ വെള്ളിവെളിച്ചം നാടിന്റെ അസ്ഥിത്വം ചോര്‍ത്തിയെടുക്കുന്നതിലേക്കും സഞ്ചരിച്ചുകൊണ്ടിരുന്നു. ആവി പറക്കുന്ന ആലു പൊറോട്ടയും അറബിചായയും കൊണ്ടുവെച്ച്‌ ഞങ്ങളുടെ സംവാദത്തിലേക്ക്‌ മഹാലക്ഷ്‌മിയും ഇറങ്ങിവരും. ഇനി മുതല്‍ `മാം' എന്ന്‌ എന്നെ വിളിച്ചാല്‍ മതിയെന്ന്‌ പറഞ്ഞ്‌ ചിലപ്പോഴെല്ലാം അവരെന്റെ തോളത്ത്‌ ചാരിയിരിക്കും. ദിവസങ്ങള്‍ പിന്നിടും തോറും ഇതാണ്‌ എന്റെ നാടെന്നും കിഷന്‍ജിയും മഹാലക്ഷ്‌മിയുമാണ്‌ എന്റെ മാതാപിതാക്കളെന്നും തോന്നി. ഫ്‌ളാറ്റിന്റെ അന്തിമജോലികളിലേക്ക്‌ കടന്നിരിക്കുന്നതിനാല്‍ തിരക്ക്‌ പിടിച്ച ജോലിയായിരുന്നു പലപ്പോഴും. പക്ഷേ, രാത്രി വൈകിയാലും കിഷന്‍ജിയുടെ വീട്ടിലെത്താതെ റൂമിലേക്ക്‌ മടക്കമില്ലായിരുന്നു. ഇടക്കെല്ലാം റൊട്ടിയും വെണ്ടക്കാക്കറിയും കിഷന്‍ജിയുടെ കൈയില്‍ സൈറ്റിലേക്ക്‌ മഹാലക്ഷ്‌മി കൊടുത്തുവിടുമായിരുന്നു. ജോലിതിരക്കിനിടയില്‍ വിശപ്പിനെ മറന്ന്‌ തിരക്കുകളിലേക്കൂളിയിടുമ്പോഴും നിര്‍ബന്ധിച്ച്‌ ഭക്ഷണം കഴിപ്പിച്ചാണ്‌ കിഷന്‍ജി മടങ്ങാറുള്ളത്‌. നിയോഗത്തിന്റെ അര്‍ത്ഥവും വ്യാപ്‌തിയും ജയ്‌പൂരിലെ വേനലിന്റെ കാഠിന്യത്തോടൊപ്പം ഞാനറിയുകയായിരുന്നു.
ജയ്‌പ്പൂരില്‍ നിന്ന്‌ മടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ്‌ കിഷന്‍ജിക്ക്‌ വീണ്ടും സുഖമില്ലാതായത്‌. ഒരു സന്ധ്യക്ക്‌ കിഷന്‍ജിയുടെ വീട്ടിലെത്തുമ്പോള്‍ മഹാലക്ഷ്‌മിയുടെ നിലവിളി കേട്ടു. വീട്ടിനുള്ളിലെ ചാരുകട്ടിലില്‍ ഖഡ്‌ക്കയും കെട്ടിപിടിച്ച്‌ ശ്വാസം വലിക്കാന്‍ ബദ്ധപ്പെടുന്ന കിഷന്‍ജിയെയാണ്‌ കണ്ടത്‌. റിക്ഷാക്കാരനെ കൂട്ടി വീട്ടിലെത്തുമ്പോഴേക്കും കിഷന്‍ജി വല്ലാതെ തളര്‍ന്നിരുന്നു. സന്ധ്യയുടെ തിരക്കിനെ അതിജീവിച്ച്‌ മുന്നേറാന്‍ പാടുപെടുന്ന റിക്ഷാക്കാരനോട്‌ `ജല്‍ദി, ജല്‍ദി' എന്ന്‌ മഹാലക്ഷ്‌മി ആക്രോശിച്ചുകൊണ്ടിരുന്നു. ഒരു ഭ്രാന്തിയെ പോലെ എന്തൊക്കെയോ അവര്‍ പുലമ്പുന്നുണ്ടായിരുന്നു.
ഐ സി യുവിന്റെ ചില്ലുജാലകത്തിനരുകില്‍ മഹാലക്ഷ്‌മിയെ ഇരുത്തി ഡോക്‌ടറെ കാണാന്‍ പോകാന്‍ തുടങ്ങുമ്പോള്‍ അവരെന്റെ കൈയ്യില്‍ പിടിച്ചു.
``ബേട്ടാ...മേം അകേലാ ഹും...''
ദൈന്യതയാര്‍ന്ന ആ കണ്ണുകളില്‍ നിന്നും എന്തോ വായിച്ചെടുക്കാന്‍ വൃഥാ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കിഷന്‍ജിക്കെന്തെങ്കിലും പറ്റിയാല്‍ ഈ വലിയ ലോകത്ത്‌ അവര്‍ തനിച്ചാവും. പക്ഷേ കിഷന്‍ജിയുടെ വിയോഗം അവരെ ഈ ഭൂമിയില്‍ തുടരാന്‍ അനുവദിക്കുമോ...അനാവശ്യചിന്തകള്‍ എന്നിലേക്കും വന്നുകൊണ്ടിരുന്നു.
ഒരു മണിക്കൂറിന്‌ ശേഷം ഐ സി യുവിന്റെ വാതില്‍ തുറന്ന ഡോക്‌ടര്‍ എന്നെ വിളിച്ചു.
കിഷന്‍ജി ഈ ഭൂമിയില്‍ നിന്നും യാത്രയെന്നറിഞ്ഞപ്പോള്‍ ഉറക്കെ നിലവിളിക്കാനാണ്‌ തോന്നിയത്‌. പ്രതീക്ഷയുടെ തുരുത്തില്‍ ലോകത്തെ മുഴുവന്‍ ദൈവങ്ങളോടും അപേക്ഷിച്ചുകൊണ്ടിരിക്കുന്ന മഹാലക്ഷ്‌മിയുടെ മുഖത്തേക്ക്‌ നോക്കിയപ്പോള്‍ ഒന്നിനും കഴിഞ്ഞില്ല. നിസ്സംഗനായി അവരുടെ അരികത്തിരുന്നു. പിന്നെ പതിയെ പറഞ്ഞു.
``മാം. ബാപ്‌.....''
ശബ്‌ദം തൊണ്ടയില്‍ കുരുങ്ങിയപ്പോള്‍ കണ്ണുകള്‍ ഒഴുകിത്തുടങ്ങിയിരുന്നു.
കിഷന്‍...മേരാ കിഷന്‍...
മഹാലക്ഷ്‌മിയെ ഒരു ഭ്രാന്തിയെ പോലെ അലമുറിയിട്ട്‌ ആശുപത്രി വരാന്തയിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു...

പുതിയ പകല്‍.
ഞാന്‍ നാളെ നാട്ടിലേക്ക്‌ മടങ്ങുകയാണ്‌.
കിഷന്‍ജിയുടെ വരാന്തയില്‍ ലോകം ശൂന്യമായെന്ന്‌ പരിതപിച്ച്‌ മഹാലക്ഷ്‌മിയുണ്ട്‌. ഇനിയൊരിക്കല്‍ വീണ്ടും വരാമെന്ന ഉറപ്പോടെ ആ വീട്ടില്‍ നിന്നും തിരിഞ്ഞു നടക്കുമ്പോള്‍ തലേ ദിവസത്തെ മഹാലക്ഷ്‌മിയെയാണ്‌ ഓര്‍മ്മ വന്നത്‌.
ഈ ഏകാന്തതയില്‍ നിന്നും അവരെ മോചിപ്പിക്കണമെന്നുറച്ചാണ്‌ ആ സന്ധ്യയിലും കിഷന്‍ജിയുടെ വീട്ടിലെത്തിയത്‌. ഉമ്മറത്ത്‌ ആരെയും കണ്ടില്ല. അകത്തേക്ക്‌ നടക്കുമ്പോള്‍ ഖഡ്‌ക്കയില്‍ നിന്നും പുകച്ചുരുളുകള്‍ ഉയരുന്നത്‌ കണ്ടു. പുക വലിച്ച്‌ കണ്ണുചുവന്ന്‌ തളര്‍ന്നിരിക്കുന്ന മഹാലക്ഷ്‌മിക്ക്‌ കൈയ്യിലുണ്ടായിരുന്ന പലഹാരപ്പൊതി നീട്ടി...
പുഞ്ചിരിച്ചുകൊണ്ട്‌ അവരത്‌ വാങ്ങി.
എന്റെ കൂടെ നാട്ടിലേക്ക്‌ വരണമെന്ന്‌ പറഞ്ഞപ്പോള്‍ അവര്‍ പൊട്ടിച്ചിരിച്ചു.
കിഷന്റെ ഓര്‍മ്മകളില്‍ നിന്നും എങ്ങോട്ടുമില്ലെന്നും നാട്ടിലെത്തിയാല്‍ പതിവായി കത്തുകളയക്കണമെന്നും പറഞ്ഞ്‌ എന്നെ നെഞ്ചോടു ചേര്‍ത്തു. അവരുടെ മിഴികളില്‍ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീര്‍ എന്നെ നനയിച്ചുകൊണ്ടിരുന്നു.
ഖഡ്‌ക്ക വലിച്ചതിന്‌ അവരെ ഞാന്‍ ശാസിച്ചു.
ദയനീയതയോടെ എന്നെ നോക്കിയ ശേഷം അവര്‍ പറഞ്ഞു.
ബേട്ടാ...യേ ഖഡ്‌ഖാ മേരാ കിഷന്‍ ഹേ...
കരയുന്നതിനിടെ അവര്‍ പതിയെ പതിയെ ചിരിയിലേക്ക്‌ വഴിമാറിക്കൊണ്ടിരുന്നു. അവര്‍ ഈ ലോകത്ത്‌ ഒറ്റക്കല്ലെന്ന്‌ ആദ്യമായി ഞാനും തിരിച്ചറിയുകയായിരുന്നു.

image courtasy-google

Wednesday, May 5, 2010

ടര്‍ക്കിഷ്‌ എയ്‌ഞ്ചല്‍


അയാള്‍
കേരളത്തിലെ ഒന്നാംനിര പത്രങ്ങളിലൊന്നില്‍ ജോലി കിട്ടിയെങ്കിലും ആലപ്പുഴയില്‍ നിന്നും കോഴിക്കോട്ടേക്ക്‌ വണ്ടി കയറുമ്പോള്‍ ഷാജഹാന്‍ നിരാശനായിരുന്നു. കായല്‍നഗരത്തില്‍ പടുത്തുയര്‍ത്തിയ സൗഹൃദങ്ങള്‍ക്ക്‌ മേല്‍ വന്നുവീണ ആദ്യപ്രഹരമായി തന്നെ അയാള്‍ ജോലിയെ കണ്ടതുകൊണ്ടാവാം കോഴിക്കോടെത്തി ദിവസങ്ങളോളം ആ മുഖത്ത്‌ നൈരാശ്യം പതിഞ്ഞുകിടന്നിരുന്നു.
കാര്യമായ ജോലിയൊന്നുമുണ്ടായിരുന്നില്ലെങ്കിലും വൈകിട്ട്‌ ആറു മുതല്‍ രാത്രി രണ്ടു മണി വരെയുള്ള സമയം കഠിനപ്രയത്‌നത്തിന്റെ നിമിഷങ്ങളായാണ്‌ അയാള്‍ക്ക്‌ തോന്നിയത്‌. ക്യാബിനിലെ സഹജോലിക്കാരായ ഗായത്രിയും വിവേക്‌ നായരുമൊന്നും അയാളുടെ ആത്മബന്ധങ്ങളുടെ പട്ടികയിലേക്ക്‌ കടന്നുവന്നുമില്ല. വിരസമായ ജോലിസമയങ്ങളെ സ്വയം ശപിച്ച്‌ കൂട്ടുകാരോടൊത്തുള്ള വേമ്പനാട്ടുകായലിലെ ഹൗസ്‌ ബോട്ട്‌ പര്യടനം മനസ്സില്‍ സങ്കല്‍പ്പിച്ച്‌ അതിന്റെ നിര്‍വൃതിയില്‍ അയാള്‍ രാത്രിയെ കൊന്നുകൊണ്ടിരുന്നു.
രാത്രി നിഗൂഡത ഉള്ളിലൊളിപ്പിക്കുന്ന ഒരു കൊലയാളിയാണെന്നായിരുന്നു അയാളുടെ പക്ഷം. എത്ര ശാന്തമാണെങ്കിലും അത്‌ ഭീകരത മാത്രം ബാക്കിയാക്കുന്നു.
കമ്പനി ക്വാട്ടേഴ്‌സ്‌ ശരിയായെങ്കിലും അവിടെയും ഷാജഹാന്‌ ഏകാന്തതയായിരുന്നു കൂട്ട്‌. ഒപ്പം താമസിക്കേണ്ടിയിരുന്ന ജെയിംസ്‌ ആക്‌സിഡന്റ്‌ പറ്റി ചികിത്സയിലാണ്‌. ഏകാന്തത ഓര്‍മ്മകളുടെ താവളമാണ്‌. ഒന്നിന്‌ പുറകെ ഒന്നൊന്നായി ഓര്‍മ്മകള്‍ കടന്നുവരുമ്പോള്‍ നാമറിയാതെ നിസംഗരാവും. ആറാം വയസ്സില്‍ സ്‌കൂളിലാക്കിയിട്ട്‌ മീന്‍ വില്‍ക്കാന്‍ പോയ ഉമ്മ ഖദീജയുടെ മുഖം ഇന്നും അയാള്‍ക്ക്‌ നല്ല ഓര്‍മ്മയുണ്ട്‌. പിന്നീടൊരിക്കലും ആ മുഖമോ സ്‌നേഹമോ അനുഭവിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇന്നും ഉറക്കം വരാത്ത രാത്രികളില്‍ ആദ്യം അയാളുടെ മുന്നില്‍ വരുന്നത്‌ ഉമ്മ തന്നെയാണ്‌.
ഉമ്മ എങ്ങോട്ടാണ്‌ പോയിട്ടുണ്ടാവുക? ഒരു പക്ഷെ ആരെങ്കിലും കൊന്നിട്ടുണ്ടാവുമോ? ആരായിരിക്കും എന്റെ ബാപ്പ? ബാപ്പയെന്താണ്‌ ഒരിക്കല്‍ പോലും എന്നെ കാണാന്‍ വരാത്തത്‌?
ഇങ്ങനെ ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍ തന്നെയാണ്‌ അയാള്‍ക്ക്‌ ജീവിതം.

അവള്‍
ചരിത്രനഗരത്തിന്റെ മകളാണ്‌ മുംതാസ്‌. അരയിടത്തുപാലത്ത്‌ നിന്നും ഇടത്തോട്ട്‌ സഞ്ചരിക്കുന്ന കാറ്റിനൊത്ത്‌ ഓരോ പകലും അവളും ഒഴുകിനീങ്ങുകയാണ്‌. സ്വപ്‌നനഗരിയിലെ നിയോഗങ്ങളുടെ കല്‍പ്പടവുകളിലൊന്ന്‌ അവളെ കാത്തുകിടക്കും പോലെ...കളിപൊയ്‌കയിലെ ഓളങ്ങള്‍ അവളെ രസിപ്പിക്കാന്‍ മാത്രമായി വിവിധ ആകൃതി പ്രാപിക്കും പോലെ...
ജനിച്ചതും വളര്‍ന്നതും ഇതേ നഗരത്തില്‍ തന്നെയാണ്‌. തുര്‍ക്കിക്കാരിയായ ഉമ്മ. ബാപ്പ ആരാണെന്നുള്ള ചോദ്യത്തിന്‌ കണ്ണടച്ചു ചിരിക്കുകയായിരുന്നു ഉമ്മ നല്‍കിയിരുന്ന മറുപടി. ഉമ്മയുടെ ചിരി കാണാന്‍ ആഗ്രഹിക്കുമ്പോഴെല്ലാം അവള്‍ ബാപ്പയെ കുറിച്ച്‌ ചോദിക്കും. ഒടുവില്‍ ആ സമസ്യ പൂരിപ്പിക്കാതെ തന്നെ ജമീലബീഗം എന്നു പേരുള്ള അവളുടെ ഉമ്മ ഖബര്‍സ്ഥാനിലേക്ക്‌ മടങ്ങിപ്പോയി.
തിളങ്ങുന്ന പൂച്ചക്കണ്ണുകളും ചന്ദനത്തിന്റെ നിറവും നിതംബം മറക്കുന്ന മുടിയുമായിരുന്നു അവളുടെ വശ്യത. എസ്‌ എസ്‌ എല്‍ സി മുതല്‍ മക്കളില്ലാത്ത ഒരു പ്രവാസിയുടെ സ്‌പോണ്‍സര്‍ഷിപ്പിലായിരുന്നു പഠനം. നഗരത്തിലെ പ്രശസ്‌തമായ കോളേജില്‍ നിന്ന്‌ ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം കേരളത്തിലെ അറിയപ്പെടുന്ന മൊബൈല്‍ കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ എക്‌സിക്യുട്ടീവായി ജോലി ചെയ്യുകയായിരുന്നു. കമ്പനി ക്വാട്ടേഴ്‌സില്‍ സുഹൃത്തുക്കളോടൊത്ത്‌ കഴിയുന്ന മുംതാസിന്‌ രാത്രിയാണ്‌ ജോലി.
കുറെ ഫോണ്‍കോളുകള്‍ക്ക്‌ നടുവില്‍ ജീവിതം പച്ചപിടിച്ചുവരുമ്പോഴും പകലിനെ അവള്‍ ശപിക്കുന്നു. പകല്‍ നിസംഗനായ ഒരു വിഡ്ഡിയാണെന്നാണ്‌ അവളുടെ പക്ഷം. ഒരാളെ ഒളിപ്പിച്ചുവെക്കാന്‍ പോലും കഴിയാത്ത വിധം സുതാര്യമാണ്‌ അതിന്റെ ശരീരം. സ്വപ്‌നനഗരിയിലെ നല്ല ജീവിതം മോഹിക്കുന്ന പ്രണയികളെ വകവെക്കാതെ പടര്‍ന്നുകിടക്കുന്ന ഏതെങ്കിലുമൊരു മരത്തണലില്‍ കളിപൊയ്‌കയിലെ കാഴ്‌ചകള്‍ മനംമടുപ്പിക്കും വരെ അവളുണ്ടാകും.

അവര്‍ക്കിടയിലെ ആദ്യപകല്‍
ഷാജഹാന്‍ പകലിനെ കൊല്ലാന്‍ സ്വപ്‌നനഗരിയിലെത്തുന്നത്‌ രാവിലെ പത്തുമണിക്കാണ്‌. തണല്‍ വിരിച്ച പേരറിയാ മരച്ചുവട്ടിലിരിക്കുമ്പോള്‍ അയാള്‍ തൊട്ടടുത്ത മരച്ചുവട്ടിലിരിന്ന്‌ പുസ്‌തകം വായിക്കുന്ന അവളെ ആദ്യമെ കണ്ടിരുന്നു. അതുകൊണ്ട്‌ തന്നെയാണ്‌ ആ മരച്ചുവട്‌ തിരഞ്ഞെടുത്തതും.
സമയം എതിരില്ലാത്ത മത്സരാര്‍ത്ഥിയെ പോലെ അവര്‍ക്കിടയിലൂടെ ഓടിക്കൊണ്ടിരുന്നു.
ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും അവള്‍ സുമുഖനായ അയാളെ ഒന്നു നോക്കിയത്‌ പോലുമില്ല. അവള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്‌തകത്തെ പറ്റി എന്തെങ്കിലുമൊന്ന്‌ ചോദിച്ചാലോ എന്ന്‌ അയാള്‍ക്ക്‌ തോന്നി. പക്ഷേ ചലനശേഷി നഷ്‌ടപ്പെട്ടൊരാളെ ചേര്‍ത്തുപിടിക്കും വിധം ആ മരം അയാളെ ശരീരത്തോട്‌ ഒട്ടിച്ചിരുന്നു.
മൂന്ന്‌ സൂചികളും ഒരൊറ്റ ബിന്ദുവില്‍ കേന്ദ്രീകരിക്കുമ്പോള്‍ ഒരു ശുഭമുഹൂര്‍ത്തം രൂപം കൊള്ളുവെന്നും ആ സമയത്ത്‌ അവള്‍ക്കരുകിലേക്ക്‌ സഞ്ചരിക്കാന്‍ ധൈര്യം തന്നെ പ്രാപ്‌തനാക്കുമെന്നും അയാള്‍ വിശ്വസിച്ചു.
ഒടുവില്‍ എഴുന്നേറ്റ്‌ അവള്‍ക്കരുകിലേക്ക്‌ നടന്നു.
``കുടിക്കാന്‍ വെള്ളമുണ്ടോ കയ്യില്‍?'' സ്വരുക്കൂട്ടിവെച്ചിരുന്ന ചോദ്യങ്ങളെല്ലാം അയാളെ കബളിപ്പിച്ച്‌ ഊര്‍ന്നുപോയി.
വായനക്ക്‌ ഭംഗം വന്നത്‌ ഇഷ്‌ടമാകാതെ അവള്‍ മുഖമുയര്‍ത്തി നോക്കി.
കണ്ണില്‍ ഇരുട്ടുകയറി, തൊണ്ടയില്‍ വെള്ളം വറ്റി ഇപ്പോള്‍ തളര്‍ന്നുവീഴും എന്ന മട്ടില്‍ നില്‍ക്കുന്ന അയാളെ കണ്ടപ്പോള്‍ അവള്‍ക്ക്‌ ചിരി വന്നു. എങ്കിലും മുഖഭാവം മാറ്റാതെ വാനിറ്റിബാഗില്‍ നിന്നും ജീരകവെള്ളം നിറച്ച കുപ്പിയെടുത്ത്‌ അയാള്‍ക്ക്‌ നീട്ടി.
``മുഴുവന്‍ തീര്‍ക്കരുത്‌. ഈ ഭാഗത്തുനിന്ന്‌ കിട്ടുന്ന വെള്ളത്തിന്‌ എന്തോ ചുവയാണ്‌.'' അവള്‍ ഓര്‍മ്മപ്പെടുത്തി.
വെള്ളം കുടിച്ച ശേഷം കുപ്പി തിരികെ നല്‍കി അയാള്‍ അല്‍പ്പനേരം കൂടി അവിടെ നിന്നു.
``താങ്ക്‌സ്‌''
അവള്‍ തന്നെ ശ്രദ്ധിക്കാതെ വായന തുടരുകയാണെന്നറിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു.
അവള്‍ വീണ്ടും വായന നിര്‍ത്തി അയാളെ നോക്കി. പിന്നെ പുഞ്ചിരിച്ചു.
``നാളെ പരീക്ഷയുണ്ടോ?'' അവളിലേക്ക്‌ സഞ്ചരിക്കാന്‍ ഒരൊഴുക്ക്‌ കിട്ടട്ടെയെന്ന്‌ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ അയാളെറിഞ്ഞ ആദ്യചോദ്യം.
``എനിക്കെന്നും പരീക്ഷയാണ്‌.'' വീണ്ടുമൊരു ചോദ്യത്തിന്‌ പഴുതില്ലാത്ത വിധം അവളുടെ ഉത്തരം.
നിരാശനായി അയാള്‍ തിരിഞ്ഞുനടന്നപ്പോള്‍ അവള്‍ പുറകില്‍ നിന്ന്‌ വിളിച്ചു.
``നിങ്ങള്‍ക്കെന്നെ പരിചയപ്പെടണ്ടേ?'' അയാളെ അത്ഭുതപ്പെടുത്തി അവളുടെ വാക്കുകള്‍.
``നിനക്ക്‌ മനസ്സ്‌ വായിക്കാനുള്ള കഴിവുണ്ടോ?'' അവളിലേക്ക്‌ കൂടുതല്‍ അടുത്തുനിന്നുകൊണ്ട്‌ അയാള്‍ ചോദിച്ചു.
``ഗവേഷണത്തിന്‌ ഞാനെടുത്ത വിഷയം `പുരുഷന്മാരുടെ മനശാസ്‌ത്രം' ആയിരുന്നു.''
അവളുടെ പൗര്‍ണ്ണമി പോലുള്ള ചിരിയും അയാള്‍ പുറന്തള്ളിയ വിളറിയ ചിരിയും കൂട്ടിമുട്ടി വഴിപിരിഞ്ഞുപോയി.

രണ്ടാംപകല്‍
സ്വപ്‌നനഗരിയിലെ സിമന്റ്‌ ബെഞ്ചിന്റെ ഇരുവശത്തുമിരുന്ന്‌ ഒന്നും മിണ്ടാതെ കുറേനേരം. മൗനം അവരുടെ അകലങ്ങള്‍ക്കിടയില്‍ കളിച്ചുകൊണ്ടിരുന്നു.
``ആത്മബന്ധങ്ങള്‍ രൂപം കൊള്ളുന്നതെങ്ങനെയാണ്‌.?'' ആദ്യം സംസാരിച്ചുതുടങ്ങിയത്‌ അവളാണ്‌.
അയാളപ്പോള്‍ ഏതോ സ്വര്‍ഗലോകത്തായിരുന്നു. അപ്രതീക്ഷിതമായി കിട്ടിയ ആ ചോദ്യത്തിന്‌ എങ്ങനെ മറുപടി പറയണമെന്നറിയാതെ അയാള്‍ ആശയക്കുഴപ്പത്തിലായി.
``ചിലതെല്ലാം ആകസ്‌മികമായി സംഭവിക്കുന്നതാണ്‌. ഒരു പുഴയോടൊത്ത്‌ ഒഴുകിനീങ്ങുന്നത്‌ പോലെ, കാറ്റിന്റെ ദിശയോടൊത്ത്‌ തെന്നി നീങ്ങുന്നത്‌ പോലെ...''
അയാളുടെ വാക്കുകള്‍ കേട്ട്‌ കൗതുകത്തോടെ അവള്‍ നോക്കുക മാത്രം ചെയ്‌തു.
``സൗഹൃദത്തെ നാമെങ്ങനെയാണ്‌ വിശ്വസിക്കുക?''
വായിച്ചുകൊണ്ടിരുന്ന പുസ്‌തകത്തിലെ ഒരു താള്‍ മടക്കിവെച്ചുകൊണ്ട്‌ അവള്‍ ചോദിച്ചു.
``അതിനൊരു കുറുക്കുവഴിയുണ്ട്‌. സൗഹൃദത്തിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്ന വ്യക്തി നമ്മോടെന്തെല്ലാം പറയുന്നുവെന്ന്‌ നോക്കിയാല്‍ മതി.''
``എങ്ങനെ?'' അവള്‍ക്കൊന്നും മനസ്സിലായില്ല.
``നീയെന്റെ കൂട്ടുകാരിയാണെങ്കില്‍ ഞാന്‍ എന്നെ കുറിച്ച്‌ പറയാവുന്നതെല്ലാം പറയും. നീയെന്നെ അംഗീകരിക്കുന്നുവെങ്കില്‍ നിന്റെ മനസ്സിലുള്ളതെല്ലാം എന്നോടും പറയും. പങ്കുവെക്കപ്പെടാന്‍ ഒന്നുമില്ലാതാകുമ്പോഴാണ്‌ സൗഹൃദം അതിന്റെ പൂര്‍ണതയിലെത്തുക.''
അത്‌ ശരി വെക്കും വിധം അവള്‍ തലയാട്ടി.
``ദാ..അതു കണ്ടോ?''
അല്‍പ്പം അകലെയുള്ള രണ്ടു വിദ്യാര്‍ത്ഥികളെ അവള്‍ ചൂണ്ടിക്കാട്ടി.
``അവര്‍ പ്രണയികളല്ല. അവര്‍ തമ്മില്‍ ദൃഢമായ ഒരു സൗഹൃദവുമില്ല.'' അവള്‍ പറഞ്ഞു.
``എങ്ങനെ മനസ്സിലായി? അയാള്‍ക്ക്‌ ആകാംഷയായി.
``പ്രണയിക്കുന്നവര്‍ ശരീരങ്ങള്‍ തമ്മില്‍ അകലം സൂക്ഷിക്കാറില്ല. സൗഹൃദമായിരുന്നെങ്കില്‍ ഒരിക്കലും അവന്‍ അവളുടെ ശരീരത്തെ ഇത്ര കാമാര്‍ത്തനായി നോക്കില്ലായിരുന്നു.''
അവള്‍ പറയുന്നത്‌ ശരിയാണെന്ന്‌ തോന്നിയെങ്കിലും അത്‌ അംഗീകരിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല.
``അവര്‍ തമ്മില്‍ ഒരു ബന്ധവുമില്ലെങ്കില്‍ പിന്നെങ്ങനെ ഒരുമിച്ച്‌ ഇവിടെയെത്തി.?''
അയാള്‍ക്ക്‌ അവള്‍ എന്തു പറയുമെന്നറിയാനുള്ള തിടുക്കമായിരുന്നു.
``ചതിക്കപ്പെടുമെന്നറിയാതെ അതിലൊരാള്‍ മറ്റേയാളെ വിശ്വസിക്കുന്നു.''
ഇത്തവണ അവള്‍ അല്‍പ്പം ഉറക്കെ തന്നെ ചിരിച്ചു.
അവളിലെ കൗശലക്കാരിയെ അയാള്‍ കണ്ടു.
``ഞാന്‍ എന്നെ കുറിച്ച്‌ പറയട്ടെ?''
ഷാജഹാന്റെ ചോദ്യത്തിന്‌ അവള്‍ മറുപടി പറഞ്ഞില്ല. എങ്കിലും അയാള്‍ സ്വന്തം ജീവിതത്തെ കുറിച്ച്‌ വാചാലമായി.
എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു.
``എന്നെ കുറിച്ച്‌ അറിയാന്‍ വേണ്ടിയാണിത്രയും പറഞ്ഞതെന്നറിയാം. അതുകൊണ്ട്‌ നിങ്ങളെ ഞാന്‍ നിരാശനാക്കുന്നില്ല.'' അവളും പറയാന്‍ തുടങ്ങി.
``നമ്മുടെ ജീവിതത്തിന്‌ ഒരു സാമ്യമുണ്ട്‌. ബാപ്പയെന്നത്‌ നമുക്കൊരു സമസ്യയാണ്‌. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു.
``ചതിക്കപ്പെട്ടാല്‍ പോലും ആദ്യം ബന്ധപ്പെടുന്ന പുരുഷനേയും അയാള്‍ നല്‍കിയ സുഖമുള്ള വേദനയും ഒരു സ്‌ത്രീക്കും മറക്കാനാവില്ല.''
അവളുടെ രസികന്‍ മറുപടി കേട്ടിട്ടും അയാള്‍ നിസ്സംഗനായി.
അല്‍പ്പം അകലെ തോളിലൂടെ കൈയ്യിട്ട്‌ ചേര്‍ത്തുപിടിക്കാന്‍ ശ്രമിച്ചതിന്‌ പെണ്‍കുട്ടി ആണ്‍കുട്ടിയെ തള്ളിമാറ്റി നടന്നുപോകുന്നത്‌ കണ്ടു.
``ഇപ്പോള്‍ മനസ്സിലായില്ലേ...ഞാന്‍ പറഞ്ഞതാണ്‌ ശരിയെന്ന്‌...'' പുസ്‌തകത്തില്‍ മുഖം പൂഴ്‌ത്തി അവള്‍ ഉറക്കെ ചിരിച്ചു.
``Love in the time of Cholera-Gabriel Garcia Marguez''
അവളുടെ വിരലുകള്‍ക്കിടയിലൂടെ അയാള്‍ ആ പുസ്‌തകം ശരിക്കും കണ്ടു.

മൂന്നാംപകല്‍
സ്വപ്‌നനഗരിയില്‍ ആദ്യമെത്തിയത്‌ ഷാജഹാനാണ്‌. കഴിഞ്ഞ രാത്രിയെ എങ്ങനെയാണ്‌ ആട്ടിപ്പായിച്ചതെന്ന്‌ അയാള്‍ക്ക്‌ തന്നെ നിശ്ചയമില്ല. ഈ നഗരം അതിവേഗം ഇണങ്ങുന്ന പൂച്ചക്കുട്ടിയെ പോലെയാണെന്ന്‌ തോന്നി. വന്നയുടനെ ആരും കൊതിച്ചു പോകുന്നൊരു ആത്മബന്ധം തന്നിരിക്കുന്നു. ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അദൃശ്യമായൊരു ശക്തിയാണ്‌ ഈ നഗരത്തെ താങ്ങിനിര്‍ത്തുന്നതെന്ന്‌ അയാള്‍ ഊഹിച്ചു.
മുംതാസ്‌ വന്നത്‌ പിന്നെയും അര മണിക്കൂര്‍ കഴിഞ്ഞാണ്‌.
കടുംനീല നിറത്തിലുള്ള ചുരിദാറാണ്‌ അവള്‍ ധരിച്ചിരുന്നത്‌. കൊഴുത്തുരുണ്ട രണ്ടു പുസ്‌തകങ്ങള്‍ അവള്‍ മാറോടടുക്കി പിടിച്ചിരുന്നു.
ഇളംനീല നിറത്തിലുള്ള കുട ചുരുക്കി അവളിരുന്നു.
``ലൈബ്രറിയിലൊന്ന്‌ കയറി...''
``കാത്തിരുന്ന്‌ ബോറടിച്ചു.'' അയാള്‍ പരിഭവം മറച്ചുവെച്ചില്ല.
``വിളിക്കാന്‍ നോക്കിയപ്പോള്‍ ഫോണില്‍ ബാലന്‍സില്ലായിരുന്നു.''
അവളുടെ ഒഴുക്കന്‍ മറുപടി അയാളെ ചിരിപ്പിച്ചില്ല. അയാള്‍ ദൂരേക്ക്‌ മിഴികളൂന്നിയിരുന്നു.
പിണങ്ങിയിരുന്ന അയാളുടെ ഷോള്‍ഡറില്‍ നുള്ളിയ ശേഷം അവള്‍ പൊട്ടിച്ചിരിച്ചു.
``യാ..അള്ളാ...ഇയാള്‍ എന്നില്‍ സ്വാതന്ത്യമെടുക്കാന്‍ ശ്രമിക്കുന്നു..''
അയാളുടെ മുഖത്തെ ഇരുളിനെ തുടച്ചുനീക്കി ചന്ദ്രിക പരന്നു.
``ഇന്നലെ തീരെ ഉറങ്ങാന്‍ കഴിഞ്ഞില്ല.'' ആശയക്കുഴപ്പത്തോടെയായിരുന്നു അയാളുടെ തുടക്കം.
``കോഴിക്കോട്‌ കൊതുകുകളുടെ നഗരമാണ്‌. പലപ്പോഴും എന്നെയും അവ അലോസരപ്പെടുത്താറുണ്ട്‌. ചോര കുടിക്കുക മാത്രമാണ്‌ അവയുടെ ലക്ഷ്യം.''
കൈവീശി തല്ലാനാണ്‌ അയാള്‍ക്ക്‌ തോന്നിയത്‌. അവള്‍ക്കെല്ലാം തമാശയാണ്‌. ഞാന്‍ പറഞ്ഞു തുടങ്ങാനാഗ്രഹിക്കുന്നത്‌ മനസ്സിലായിട്ടും ഒന്നുമറിയാത്തത്‌ പോലെ ഓരോന്നു പറയുന്നു.
എന്റെ ഉറക്കം കെടുത്തുന്ന കൊതുക്‌ നീയാണെന്ന്‌ ഉറക്കെപറയാന്‍ അയാള്‍ കൊതിച്ചു.
``പകല്‍ക്കിനാവുകളാണ്‌ എന്നെ മുന്നോട്ടുനയിക്കുന്നത്‌. രാത്രിസ്വപ്‌നങ്ങള്‍ എന്നും ശൂന്യതയുടെ കളിത്തൊട്ടിലായിരുന്നു.''
അയാളെ ഉറക്കാത്ത സ്വപ്‌നങ്ങളെ അവള്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന്‌ തോന്നുംവിധം അനിവാര്യമായ ഉത്തരം.
``എനിക്ക്‌ സ്വപ്‌നങ്ങള്‍ വേട്ടപ്പക്ഷികളാണ്‌. അവ കൊത്തി മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുന്നു.''
``യാഥാര്‍ത്ഥ്യമാകില്ലെന്നുറപ്പുള്ള സ്വപ്‌നങ്ങളെ മുറുകെ പിടിച്ചുകിടക്കുന്നത്‌ കൊണ്ടാണ്‌ നിങ്ങള്‍ക്കവയെ വേട്ടപ്പക്ഷികളായി തോന്നുന്നത്‌.
ഷാജഹാന്‌ മനോഹരമായൊരു മറുപടി നല്‍കി അവള്‍ ബെഞ്ചില്‍ ചാരിയിരുന്നു.
``എന്തൊക്കെയാണ്‌ മുംതാസിന്റെ ഹോബികള്‍? വിഷയം മാറ്റാനെന്നവണ്ണം അയാളുടെ ചോദ്യം.
``പാവക്കുട്ടികളുണ്ടാക്കുക. എന്റെ മുറി നിറയെ വിവിധ രൂപത്തിലും ഭാവത്തിലുമുള്ള പാവക്കുട്ടികളാണ്‌. ഒരിക്കല്‍ അവക്ക്‌ ജീവന്‍ വെക്കുമെന്നും എന്റെ ചുറ്റിനും വന്ന്‌ നൃത്തം വെക്കുമെന്നും പ്രത്യാശിക്കുന്നു. അങ്ങനെയൊരു ദിവസത്തിന്‌ വേണ്ടിയുള്ള കാത്തിരിപ്പാണ്‌ എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്‌.''
അയാള്‍ക്ക്‌ അത്ഭുതം തോന്നി. വായിച്ചുതള്ളിയ പുസ്‌തകങ്ങളെ കുറിച്ചു കേള്‍ക്കാന്‍ കൊതിച്ചാണ്‌ അങ്ങനെയൊരു ചോദ്യമെറിഞ്ഞത്‌. പക്ഷേ,
``ഷാജഹാന്റെ വിനോദമെന്താണ്‌?''
എന്തു പറയണമെന്നറിയാതെ അയാള്‍ കുഴങ്ങി. സത്യത്തില്‍ എന്താണ്‌ എന്റെ ഹോബി? വലിച്ചുവാരിയെഴുതിയ വാര്‍ത്തകളെ വെട്ടിച്ചുരുക്കലോ, വഴങ്ങാതെ കിടക്കുന്ന `ഇന്‍ട്രോ'കളെ നേര്‍വഴിക്ക്‌ നടത്തുകയോ, അതുമല്ലെങ്കില്‍ ആരെയും ആകര്‍ഷിക്കുന്ന `തലക്കെട്ടുകള്‍ക്ക്‌ ജന്മം നല്‍കുകയോ?...അയാള്‍ക്ക്‌ മുന്നില്‍ അപ്പോള്‍ വാര്‍ത്തകള്‍ ചിതറിക്കിടക്കുന്ന ഒരു ലോക്കല്‍പേജ്‌ മാത്രമാണുണ്ടായിരുന്നത്‌.
``കായലിലൂടെ കെട്ടുവള്ളത്തില്‍ സഞ്ചരിക്കാന്‍ ഇഷ്‌ടമാണ്‌.'' ഒടുവില്‍ മറുപടി നല്‍കി.
``കായലിനോ കടലിനോ അഭിമുഖമായി ഒരു വീട്‌. അതെന്റെ സ്വപ്‌നമാണ്‌.''
മുംതാസിന്റെ വാക്കുകള്‍ കേട്ട്‌ അയാള്‍ പൊട്ടിച്ചിരിച്ചു.
``നമ്മുടെ മനസ്സ്‌ ഒരേ ദിശയിലാണ്‌ സഞ്ചരിക്കുന്നത്‌. വേമ്പനാട്ടുകായലിന്റെ കരയില്‍ ഞാന്‍ സ്ഥലം വാങ്ങിക്കഴിഞ്ഞു.''
``ഉത്തരേന്ത്യന്‍ ശൈലിയിലുള്ള വീടാവണം. കുംഭങ്ങളും മട്ടുപ്പാവും പൂന്തോട്ടവുമെല്ലാമുള്ള ചെറിയൊരു വീട്‌. ചുമരുകളും മേല്‍ക്കൂരകളും മാര്‍ബിള്‍ പതിക്കണം. വെയിലിന്റെ പ്രകാശം അകത്തേക്ക്‌ കയറുന്ന വിധം മനോഹരമായിരിക്കണം അവയുടെ ജാലകങ്ങള്‍....
അവള്‍ വാചാലയാവുകയാണ്‌.
അയാള്‍ക്ക്‌ ചിരി വന്നു. വളരെ പ്രയാസപ്പെട്ട്‌ സ്വരുകൂട്ടിയ പണം കൊണ്ടാണ്‌ സ്ഥലം വാങ്ങിയത്‌. ചുമരുകളിലും മേല്‍ക്കൂരകളിലും മാര്‍ബിള്‍ പതിച്ച്‌ വീടുണ്ടാക്കാന്‍ എന്നെങ്കിലും പറ്റുമോ?
സങ്കല്‍പ്പങ്ങള്‍ ഒരിക്കലും കൃത്രിമം കാട്ടാറില്ല. ചിലപ്പോഴെല്ലാം ഭാവിജീവിതത്തെ കുറിച്ചുള്ള കിനാവുകളും. അവ സ്വന്തം അസ്ഥിത്വത്തെ പോലും കബളിപ്പിച്ച്‌ വസന്തം ചൊരിയുന്നു. മുംതാസ്‌ ഫാന്റസികളുടെ ലോകത്താണെന്ന്‌ അയാള്‍ക്ക്‌ തോന്നി.
``അതിനൊക്കെ ഒരുപാട്‌ പണം വേണ്ടേ?''
``പണം ചിലപ്പോഴെല്ലാം വിലയില്ലാത്ത വെറും കടലാസാണ്‌. ആയിരംരൂപയുടെ ഒരൊറ്റനോട്ട്‌ മാത്രം കൈയ്യില്‍ വെച്ച്‌ നടന്നാല്‍ ഈ നഗരത്തില്‍ ഒരു സര്‍ബ്ബത്ത്‌ കുടിക്കാന്‍ പോലുമാവില്ല. അപ്പോള്‍ ആ റോസ്‌ കടലാസിനേക്കാള്‍ വിലയുണ്ടാവും മൂന്നോ നാലോ നാണയത്തുട്ടുകള്‍ക്ക്‌...''
അയാള്‍ക്കൊന്നും മനസ്സിലായില്ല.
``ഷാജഹാനോട്‌ വല്ലാത്ത അടുപ്പം തോന്നുന്നു. അതുകൊണ്ട്‌ വീടുണ്ടാക്കാന്‍ ഞാന്‍ സഹായിക്കാം. ഞാന്‍ പറഞ്ഞ മാതൃകയില്‍ തന്നെ അതുയരട്ടെ..''
എന്തു പറയണമെന്നറിയാത്ത വാക്കുകള്‍.
ഒരു കസ്റ്റമര്‍കെയര്‍ എക്‌സിക്യുട്ടീവിന്റെ ബാങ്ക്‌ ബാലന്‍സിനെ പറ്റി ഊഹിക്കാവുന്നതേയുള്ളു. എന്താണ്‌ ഇവളോട്‌ പറയുക. തന്റെ ഫോണൊന്ന്‌ ശബ്‌ദിച്ചിരുന്നെങ്കിലെന്ന്‌ അയാള്‍ കൊതിച്ചുപോയി.
``എന്റെ സ്‌പോണ്‍സര്‍ ഒരു കോടീശ്വരനായിരുന്നു. എനിക്ക്‌ ഈ ജന്മം മുഴുവന്‍ ചിലവഴിക്കാനുള്ള തുക അദ്ദേഹം ബാങ്കിലിട്ടിട്ടുണ്ട്‌. ശരിക്കും പറഞ്ഞാല്‍ അതിന്റെ പലിശ മതി എനിക്ക്‌ ധാരാളിത്തത്തോടെ ജീവിക്കാന്‍...പക്ഷേ അധ്വാനിച്ച്‌ ജീവിക്കുന്നതിന്റെ സുഖം വേറെയാണ്‌.''
അയാളുടെ ആശയക്കുഴപ്പങ്ങള്‍ക്ക്‌ വിരാമമേകി അവളുടെ ഉത്തരം.
അവളുടെ വീട്‌ അവള്‍ക്കിഷ്‌ടമുള്ള രീതിയില്‍ പണിയുന്നു. അയാള്‍ക്ക്‌ അപ്പോള്‍ അങ്ങനെയാണ്‌ തോന്നിയത്‌.
വിവിധ വിഷയങ്ങളില്‍ പിന്നെയും ഒരുപാട്‌ നേരം അവര്‍ സംസാരിച്ചു. പിരിയാന്‍ മനസ്സ്‌ വന്നില്ലെങ്കിലും ഒടുവില്‍ ഇരുവരും എഴുന്നേറ്റു.
``ജീവിതം ഒരു യാത്രയാണ്‌. കണ്ടുമുട്ടാന്‍ വിധിക്കപ്പെടുന്നവരേയും കൊണ്ടാണ്‌ ഓരോ വാഹനവും ആ യാത്രയില്‍ ഭാഗവാക്കാകുന്നത്‌.''
പുറത്തേക്ക്‌ നടക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു.
അത്ഭുതങ്ങള്‍ മിടിക്കുന്ന ഹൃദയമാണ്‌ മുംതാസിന്റേതെന്ന്‌ അയാള്‍ക്ക്‌ തോന്നി. അവളില്‍ നിന്നുതിരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ബാക്കിയാക്കുന്നത്‌ പറഞ്ഞാലൊടുങ്ങാത്ത അമ്പരപ്പ്‌ മാത്രമാണ്‌. പകല്‍ അവസാനിക്കാതിരുന്നെങ്കില്‍...
അവളോട്‌ യാത്ര പറയാനാതെ അയാള്‍ നിന്നു.
``ഷാജഹാന്‍...നമ്മള്‍ പ്രണയിച്ചുതുടങ്ങുകയാണോ?''
കൗതുകത്തോടെയുള്ള അവളുടെ വാക്കുകള്‍ കേട്ട്‌ അയാളുടെ മുഖം വിടര്‍ന്നു. റോഡിലൂടെ കുതിച്ചുപായുന്ന വാഹനങ്ങളുടെ അലോസരപ്പെടുത്തുന്ന ശബ്‌ദം സംഗീതമായി അയാള്‍ക്ക്‌ തോന്നി.
രാത്രിയെ ആട്ടിപ്പായിക്കാന്‍ ശ്രമിക്കുന്നതില്‍ അയാളെ എങ്ങനെ തെറ്റു പറയാനാകും?

മൂന്ന്‌ മാസത്തിന്‌ ശേഷം ഒരു പകല്‍
സ്വപ്‌നനഗരിയിലെ ഒഴിഞ്ഞ കോണില്‍ ഷാജഹാനും അയാളുടെ തോളില്‍ ചാരി മുംതാസും ഇരുന്നു. കളിപ്പൊയ്‌കയില്‍ പെഡല്‍ ബോട്ടുകള്‍ ഒഴുകുന്നുണ്ട്‌. ചൂട്‌ അറിയാത്ത വിധം ഇളങ്കാറ്റ്‌ വീശുന്ന അന്തരീക്ഷം.
``നമ്മുടെ മോന്‌ എന്താണ്‌ പേരിടുക?'' മുംതാസിന്റെ ചോദ്യം.
``ഔറംഗസേബ്‌'' ഷാജഹാന്‌ തെല്ലും സംശയമുണ്ടായിരുന്നില്ല.
``നമ്മുടെ മോന്‌ ഒരിക്കലും ആ പേരിടരുത്‌. ആ പ്രൗഡിയുള്ള പേരിട്ടാല്‍ അവന്‍ ക്രൂരനാകും. ചിലപ്പോള്‍ നമ്മളെ പോലും വകവരുത്തിയെന്ന്‌ വരും.''
അതു പറയുമ്പോള്‍ അവളുടെ മുഖത്ത്‌ ഭീതിയുണ്ടായിരുന്നു. അവളെ ചേര്‍ത്തുപിടിച്ച്‌ അയാള്‍ ചിരിച്ചു.
``ആ സ്‌ത്രീ ഒരു പ്രോസ്റ്റിറ്റിയൂട്ടാണ്‌.'' അല്‍പ്പമകലെ ഒരു സ്‌ത്രീയും അവരേക്കാള്‍ പ്രായം കുറഞ്ഞ പുരുഷനും വന്നിരിക്കുന്നത്‌ കണ്ടപ്പോള്‍ മുംതാസ്‌ പറഞ്ഞു.
``എങ്ങനെ മനസ്സിലായി?''
``അതവരുടെ മുഖത്ത്‌ എഴുതിവെച്ചിട്ടുണ്ട്‌.''
സ്‌ത്രീയുടെ മടിയില്‍ അയാള്‍ തല വെച്ചുകിടക്കുന്നത്‌ കണ്ടപ്പോള്‍ ഷാജഹാനും അത്‌ ശരിയാണെന്ന്‌ തോന്നി. മുംതാസിന്‌ ബന്ധങ്ങളെ തിരിച്ചറിയുന്നതില്‍ വല്ലാത്ത ജ്ഞാനമുണ്ടെന്ന്‌ അയാള്‍ തീര്‍ച്ചപ്പെടുത്തി.
``ഈ ലോകത്ത്‌ എനിക്കേറ്റവും സഹതാപം തോന്നിയിട്ടുള്ളത്‌ വേശ്യകളോടാണ്‌.''
``എന്തുകൊണ്ട്‌?'' അവളുടെ ഉത്തരം കേള്‍ക്കാന്‍ അയാള്‍ക്ക്‌ കൊതിയായി.
``ജീവിതത്തിലെ ഏറ്റവും വലിയ സുഖാനുഭൂതി ആസ്വദിക്കാന്‍ കഴിയാതെ പോകുന്ന ചലിക്കുന്ന പാവകളാണവര്‍. അര്‍ത്ഥശൂന്യതയുടെയും നിസ്സഹായതയുടെയും പ്രതീകങ്ങള്‍...''
``എനിക്ക്‌ അവറ്റകളോട്‌ തോന്നിയിട്ടുള്ളത്‌ വെറുപ്പ്‌ മാത്രമാണ്‌.'' അയാള്‍ മുഖംകോട്ടി.
``ചുംബിക്കുന്ന മുഖങ്ങള്‍ പോലും ഓര്‍ത്തുവെക്കാന്‍ കഴിയാത്ത മനസ്സാണവരുടേത്‌. രതി ആരംഭിക്കുന്നത്‌ ബാല്യത്തില്‍ നിന്നാണെന്നാണ്‌ ഫ്രോയിഡിന്റെ സിദ്ധാന്തം. ആണ്‍കുട്ടികള്‍ക്ക്‌ അമ്മയോടും പെണ്‍കുട്ടികള്‍ക്ക്‌ അച്ഛനോടുമാണ്‌ ആദ്യമായി ലൈംഗിതതൃഷ്‌ണ തോന്നുക. മുല കുടിക്കുന്ന പിഞ്ചുകുഞ്ഞ്‌ പോലും രതിയുടെ സുഖം അനുവഭിക്കുന്നുണ്ടെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. എന്നിട്ടും യൗവ്വനത്തിന്റെ തിളപ്പില്‍ നില്‍ക്കുന്ന ചിലര്‍ക്ക്‌ അതാസ്വദിക്കാനാവാതെ പോകുന്നു.''
``അദ്ദേഹത്തിന്റെ ഭൂരിഭാഗം സിദ്ധാന്തങ്ങളും തള്ളപ്പെട്ടതാണ്‌.'' ഷാജഹാന്‍ ഓര്‍മ്മപ്പെടുത്തി.
``പരീക്ഷണങ്ങളോ നിരീക്ഷണങ്ങളോ നടത്താതെ എല്ലാത്തിനേയും തള്ളിപ്പറയുന്നവരാണേറെയും'' അവളുടെ മുഖത്ത്‌ ഈര്‍ഷ്യയായിരുന്നു.
അവരുടെ സംസാരം വിവിധ വിഷയങ്ങളിലേക്ക്‌ നീണ്ടു. എക്‌സ്‌ട്രാ ഗ്രിപ്പ്‌ ക്വാണ്ടത്തെ കുറിച്ചും ഐ പില്ലിനെ കുറിച്ചും വരെ പറഞ്ഞു വഴക്കടിച്ച പകല്‍. പിരിയുമ്പോള്‍ മുംതാസിന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു.
ഷാജഹാന്‍ നാളെ ആലപ്പുഴക്ക്‌ മടങ്ങുകയാണ്‌. രണ്ടാഴ്‌ചക്ക്‌ ശേഷമെ അയാളിനി മടങ്ങിവരൂ...ക്ഷണികമാണെങ്കിലും ആ വേര്‍പാട്‌ അവളെ വല്ലാതെ തളര്‍ത്തുന്നു.
``നമ്മുടെ വീട്‌ അവസാനഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌. കുറച്ചുദിവസം അവിടെ നിന്നില്ലെങ്കില്‍ ശരിയാവില്ല.'' ``എന്താ നമ്മുടെ വീടിന്‌ പേരിടുക?'' നിഷ്‌കളങ്കതയോടെ അവള്‍.
`താജ്‌മഹല്‍' സന്ദേഹമില്ലാത്ത മറുപടി.
``അപ്പോള്‍ എന്നെ കൊന്നുകുഴിച്ചുമൂടിയോ അതിനുള്ളില്‍...'' ചിരിച്ചുകൊണ്ടാണ്‌ അവള്‍ ചോദിച്ചത്‌.
ഷാജഹാന്‍ എന്തുപറയണമെന്നറിയാതെ നിന്നു.
``നല്ല പേര്‌..ഇതിനപ്പുറം നമുക്കൊരു പേരിടാനാവില്ല.''
അയാളെ സന്തോഷിപ്പിക്കാനെന്നവണ്ണം അവള്‍ ഉറക്കെച്ചിരിച്ചു. ക്രമേണ അയാളും ആ ചിരിയില്‍ പങ്കുചേര്‍ന്നു.
തിരിഞ്ഞുനടക്കുമ്പോള്‍ അവള്‍ വിങ്ങിപ്പൊട്ടി കരഞ്ഞത്‌ അയാള്‍ കണ്ടില്ല.

ഒരാഴ്‌ചയ്‌ക്ക്‌ ശേഷം
ഷാജഹാന്‍ കോഴിക്കോട്‌ തിരിച്ചെത്തി. അയാള്‍ അസ്വസ്ഥനായിരുന്നു. അന്നു പിരിഞ്ഞതിന്‌ ശേഷം മുംതാസിന്റെ ഒരു കോളുപോലും വന്നിട്ടില്ല. വിളിച്ചപ്പോഴെല്ലാം നമ്പര്‍ നിലവിലില്ലെന്ന മറുപടി. കസ്റ്റമര്‍ കെയറില്‍ രാത്രി പുരുഷന്മാരെ മാത്രമാക്കിയെന്ന്‌ തോന്നുന്നു. ഒരു പെണ്‍കുട്ടിയെ പോലും ലൈനില്‍ കിട്ടിയില്ല.
മുംതാസിന്‌ എന്താണ്‌ പറ്റിയത്‌?
അതിരാവിലെ തന്നെ അയാള്‍ സ്വപ്‌നനഗരിയിലെത്തി.
ചലനങ്ങള്‍ നഷ്‌ടപ്പെട്ട മരങ്ങള്‍, ശൂന്യമായി കിടക്കുന്ന പെഡല്‍ ബോട്ടുകള്‍, ഓളങ്ങളില്ലാത്ത കളിപ്പൊയ്‌ക.. എല്ലാം അയാളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
മധ്യാഹ്നം വരെ കാത്തിരുന്നെങ്കിലും അവള്‍ വന്നില്ല. പതിവിലും തിരക്കേറി തുടങ്ങിയ സ്വപ്‌നനഗരിയില്‍ നിന്നും അയാള്‍ പുറത്തേക്ക്‌ നടന്നു. `ടെല്‍മോറി'ന്റെ ക്വാട്ടേഴ്‌സായിരുന്നു ലക്ഷ്യം.
പൂട്ടിക്കിടന്ന അവളുടെ ക്വാട്ടേഴ്‌സിന്‌ മുമ്പില്‍ ചിതറിക്കിടന്ന പത്രങ്ങളില്‍ ചവിട്ടി അയാള്‍ എങ്ങോട്ട്‌ പോകണമെന്നറിയാതെ നിന്നു. പിന്നീട്‌ ഉഷ്‌ണക്കാറ്റ്‌ വീശുന്ന നഗരത്തിലൂടെ ഒരു ഭ്രാന്തനെ പോലെ അവളെ തേടിയലഞ്ഞു.

രാത്രി
ലീവ്‌ ക്യാന്‍സല്‍ ചെയ്യാതെ തന്നെ അയാള്‍ ക്യാബിനില്‍ വന്നിരുന്നു. കംപ്യൂട്ടര്‍ ഓണ്‍ ചെയ്‌ത്‌ മുംതാസിന്റെ ഫോട്ടോകള്‍ സേവ്‌ ചെയ്‌ത ഫോള്‍ഡര്‍ തുറന്നു. പൗര്‍ണ്ണമി പരന്ന ആ മുഖം ഉറ്റുനോക്കിയിരുന്നു.
``ഷാജഹാന്‍...എന്തുപറ്റീ വേഗം തിരിച്ചുപോരാന്‍...''
തിരിഞ്ഞുനോക്കിയപ്പോള്‍ റിപ്പോര്‍ട്ടര്‍ ഹരികൃഷ്‌ണന്‍.
മറുപടിയൊന്നും പറയാതെ അയാള്‍ പുഞ്ചിരിച്ചു. പിന്നെ അതിവേഗം അവളുടെ ചിത്രങ്ങള്‍ മോണിറ്ററില്‍ നിന്ന്‌ മാറ്റി.
``ഏതാണ്‌ കക്ഷി? ഞാനുമൊന്ന്‌ കാണട്ടെ?''
ഹരികൃഷ്‌ണന്‍ മുംതാസിനെ കണ്ടുവെന്ന്‌ മനസ്സിലായപ്പോള്‍ അയാള്‍ ആകെ ആശയക്കുഴപ്പത്തിലായി.
മറ്റാരുമില്ലെന്ന്‌ ഉറപ്പുവരുത്തിയ ശേഷം അയാള്‍ മുംതാസിന്റെ ഏറ്റവും ഭംഗി തോന്നിക്കുന്ന ഫോട്ടോ തുറന്നു.
``ടര്‍ക്കിഷ്‌ എയ്‌ഞ്ചല്‍'' ഹരികൃഷ്‌ണന്‍ മന്ത്രിച്ചു.
``നിനക്കെങ്ങനെ കിട്ടി എയ്‌ഞ്ചലിന്റെ ഇത്രയും ഫോട്ടോ? അയാള്‍ക്ക്‌ ആകാംഷയായിരുന്നു.
``എയ്‌ഞ്ചലോ?'' ഷാജഹാന്‌ ഒന്നും മനസ്സിലായില്ല.
``ഇതാണ്‌ ടര്‍ക്കിഷ്‌ എയ്‌ഞ്ചല്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന ഈ നഗരത്തിലെ ഏറ്റവും വിലയേറിയ കോള്‍ഗേള്‍. ഒരു രാത്രിക്ക്‌ ലക്ഷങ്ങള്‍ വാങ്ങുന്ന സുന്ദരി. ഏതോ വിദേശരാജ്യത്തേക്ക്‌ അവരുടെ സംഘം ചേക്കേറിയത്‌ കഴിഞ്ഞ ദിവസമാണ്‌.''
ഫോണ്‍ റിംഗ്‌ ചെയ്‌തപ്പോള്‍ ഹരികൃഷ്‌ണന്‍ നടന്നുമറഞ്ഞു.
പുതിയ ചില അറിവുകളുടെ ഭാരം താങ്ങാനാവാതെ ഷാജഹാന്‍ ഇരുന്നു. ഒരു ബലൂണ്‍ പോലെ ശരീരം മൊത്തം വീര്‍ക്കുന്നതായി അയാള്‍ക്ക്‌ തോന്നി. കണ്ണുകള്‍ക്ക്‌ മുന്നില്‍ ഭയാനകരൂപം പൂണ്ട്‌ ഇരുട്ട്‌ ശരീരത്തെ കുത്തിക്കീറാന്‍ പാഞ്ഞടുക്കുന്നത്‌ പോലെ...
``ഷാജഹാന്‌ ഒരു കത്തുണ്ട്‌. മൂന്ന്‌ ദിവസം മുന്നെ വന്നതാണ്‌.''
ഗായത്രി പറഞ്ഞത്‌ ഷാജഹാന്‍ കേട്ടില്ല.
അയാള്‍ അപ്പോഴും പൊട്ടാനാവാതെ വീര്‍ത്തുകൊണ്ടിരുന്നു.

Tuesday, March 23, 2010

വൈഗാസ്‌ ഹെവന്‍


``ഇന്നും അമ്മയോടൊപ്പമാണ്‌ ഉറങ്ങാന്‍ കിടന്നത്‌. അമ്മയുടെ ഗന്ധം ആകര്‍ഷകമാണ്‌. ആ ശരീരത്തിന്റെ മൃദുത്വം എന്നെ ഓരോ നിമിഷവും ഉന്മത്തമാക്കുകയാണ്‌. ഓരോ രാത്രിയും എനിക്ക്‌ മുന്നില്‍ വീണ്‌ ചിതറി നഷ്‌ടമായിക്കൊണ്ടിരിക്കുന്നു. അമ്മയെ പുണരുമ്പോള്‍ ഞരമ്പുകളിലൂടെ തീജ്വാലകള്‍ കടന്നുപോവും പോലെ...
ഞാന്‍ നല്ല ഉറക്കമാണെന്നോര്‍ത്താവാം. അമ്മയിന്നും ഒരു ഭയാനകരാത്രിയുടെ പാതി വഴിയില്‍ എന്നെ ഉപേക്ഷിച്ച്‌ പോയിരിക്കുന്നു...''
ഡയറിയില്‍ അത്രയുമെഴുതി വൈഗ എഴുന്നേറ്റു. മനോഹരമായി അലങ്കരിച്ചിരുന്ന മുറിയില്‍ പാദസരത്തിന്റെ ശബ്‌ദം മുഖരിതമായി. ബെഡ്ഡിനോട്‌ ചേര്‍ന്ന ജാലകം അവള്‍ പതിയെ തുറന്നു. മേഘപാളികള്‍ക്കിടയിലൂടെ ചന്ദ്രബിംബത്തിന്റെ നേരിയ വെളിച്ചം ആ മുഖത്തേക്കടിച്ചു. പതിഞ്ഞ ശബ്‌ദത്തോടെ വീശുന്ന കാറ്റ്‌ ജാലകത്തിനുള്ളിലേക്ക്‌ കടന്നുവന്ന്‌ വസ്‌ത്രങ്ങള്‍ക്കിടയിലൂടെ മിന്നിമാഞ്ഞുകൊണ്ടിരുന്നു.
ആത്മാക്കള്‍ പോലും ഇണ ചേരുന്ന സമയം. വൃക്ഷശിഖരങ്ങള്‍ ഇളകിയൊട്ടുന്നുണ്ടാവും...കരിയിലകള്‍ കൂടി ചേരുന്നുണ്ടാവും...നേര്‍ത്ത മഞ്ഞുകണങ്ങള്‍ മണ്ണിന്റെ മാറിടത്തില്‍ അമര്‍ത്തി ചുംബിക്കുന്നുണ്ടാവും...കാറ്റും പൂഗന്ധവും ഗാഢമായ ആലിംഗനത്തിലാവും...
അവളുടെ മനസ്സിലൂടെ ചിന്തകള്‍ തീനാളങ്ങളായി ആളിക്കൊണ്ടിരുന്നു.
നിദ്രാവിഹീനമായ മറ്റൊരു രാത്രി കൂടി കടന്നുപോവുകയാണ്‌. ജാലകമടച്ച്‌ തഴുതിട്ട ശേഷം തുറന്നുകിടന്ന വാതിലിലൂടെ അവള്‍ പുറത്തേക്ക്‌ നടന്നു. വിസിറ്റിംഗ്‌ റൂമിലൂടെ ശബ്‌ദമുണ്ടാക്കാതെ മറ്റൊരു മുറിക്ക്‌ മുന്നിലെത്തി നിന്നു. കൊത്തുപണികളാല്‍ അലങ്കൃതമായ വാതിലുകളുള്ള മുറിയുടെ താക്കോല്‍ പഴുതിലൂടെ അകത്തേക്ക്‌ നോക്കി. പൂര്‍ണ നഗ്നരായി അച്ഛനും അമ്മയും. അമ്മയൊരു വെണ്ണക്കല്‍ പ്രതിമ പോലെയാണ്‌. ഒരു പാട്‌ പോലുമില്ലാത്ത ശരീരം. എത്ര ചുംബിച്ചിട്ടും മതിവരാതെ അമ്മയുടെ ശരീരഭാഗങ്ങളിലേക്ക്‌ പിന്നെയും ചുണ്ടുകള്‍ പായിക്കുകയാണ്‌ അച്ഛന്‍.
വൈദ്യുതാലിംഗനമേറ്റ പോലെ അവള്‍ മുഖം തിരിച്ചു. കറുത്ത്‌ മെലിഞ്ഞൊരു പുരുഷരൂപത്തെ സൗന്ദര്യധാമമായ അമ്മക്കെങ്ങനെ സ്‌നേഹിക്കാന്‍ പറ്റി. അവളുടെ ചിന്ത അതുമാത്രമായിരുന്നു.
മുറിയിലെത്തി കിടക്കുമ്പോഴും അവളുടെ കണ്ണുകള്‍ക്ക്‌ മുന്നില്‍ നിന്ന്‌ ആ കാഴ്‌ച പോയിരുന്നില്ല. കുഞ്ഞിലെയുള്ള ശീലമായിരുന്നു അമ്മയുടെ ചൂടു പറ്റിയുള്ള ഉറക്കം. ഋതുമതിയായപ്പോഴും കോളജില്‍ പോയി തുടങ്ങിയപ്പോഴും അത്‌ മാറ്റാന്‍ തോന്നിയില്ല. ഒരു മടിയുമില്ലാതെ അടുത്ത്‌ വന്ന്‌ എന്നെ പുണര്‍ന്നുറങ്ങുന്ന അമ്മ രാത്രിയേറെ വൈകുമ്പോള്‍ എഴുന്നേറ്റ്‌ പോകാറുണ്ടെന്നറിഞ്ഞത്‌ ഒരുപാട്‌ വൈകിയാണ്‌. ഒരിക്കല്‍ അവള്‍ അമ്മയെ പിന്തുടര്‍ന്നതും അങ്ങനെയൊരു കാഴ്‌ച കണ്ടതും യാദൃശ്ചികമായിരുന്നു. പിന്നീടുള്ള ഓരോ രാത്രിയും അമ്മ പോവുന്നതും കാത്ത്‌ കിടന്നു. രാവിലെ ഉറക്കമുണരുമ്പോള്‍ ദേഹത്ത്‌ അമ്മയുടെ കൈയ്യുണ്ടാവും. അതെടുത്ത്‌ മാറ്റി അലാറം ഓഫ്‌ ചെയ്‌ത്‌ പഠിക്കാനിരിക്കുമ്പോഴേക്കും അമ്മയും എഴുന്നേല്‍ക്കും..
ഇതെല്ലാം വൈഗയുടെ ജീവിതത്തിലെ പതിവുകള്‍ മാത്രം. ദിവസങ്ങള്‍ കഴിയും തോറും പുതുമ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നവ. ഒരനിയനോ അനിയത്തിയോ ഉണ്ടായിരുന്നെങ്കിലെന്ന്‌ അവള്‍ ആഗ്രഹിച്ചിരുന്നു. അമ്മയോടത്‌ പറയുകയും ചെയ്‌തു. ഇനിയത്‌ നടക്കില്ലത്രെ. എന്റെ ജനനത്തോടെ പ്രസവം നിര്‍ത്തി. അച്ഛന്റെ രൂപവും ഭാവവുമുള്ള ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ കൊതിച്ചിരുന്നുവെന്ന്‌ ഒരിക്കല്‍ ലജ്ജയേതുമില്ലാതെ അമ്മ പറഞ്ഞു. അതുണ്ടാവാത്തത്‌ ഭാഗ്യമെന്ന്‌ അവളും.
അവളുടെ മനസ്സില്‍ അവശേഷിച്ച ചോദ്യം ഒന്നു മാത്രമായിരുന്നു.
അമ്മക്കെങ്ങനെ അച്ഛനെ പോലൊരാളെ സ്‌നേഹിക്കാന്‍ പറ്റി...?
~ഒന്നുറപ്പാണ്‌ വൈഗക്കൊരിക്കലും ഈ രൂപമുള്ളൊരാളെ സ്‌നേഹിക്കാന്‍ കഴിയില്ല.
കോളജില്‍ ചേര്‍ക്കാന്‍ അമ്മ ഒപ്പം വന്നാല്‍ മതിയെന്ന്‌ വാശി പിടിച്ചതോര്‍മ്മയുണ്ട്‌. പ്രിന്‍സിപ്പലിനെ കാണാന്‍ നില്‍ക്കുമ്പോള്‍ ലനയുടെ അച്ഛന്‍ എന്താര്‍ത്തിയോടെയാണ്‌ അമ്മയെ നോക്കിയത്‌. വലയറ്റ്‌ സാരിയുടുക്കുമ്പോള്‍ മയില്‍പീലി പോലെയാണ്‌ അമ്മ. ഒരിക്കല്‍ പോലും കണ്ണാടി നോക്കുന്നത്‌ കണ്ടിട്ടില്ലാത്തത്‌ കൊണ്ടാവാം സ്വന്തം സൗന്ദര്യം തിരിച്ചറിയാത്തൊരാളാണ്‌ അമ്മയെന്ന്‌ പലപ്പോഴും തോന്നി. എല്ലാ കുട്ടികളുടെയും കണ്ണുകള്‍ തന്നേക്കാള്‍ കൂടുതല്‍ അമ്മയില്‍ പതിക്കുന്നത്‌ കണ്ടപ്പോള്‍ ആഹ്ലാദിച്ചു. ഇതു പോലൊരു സുന്ദരിയായ അമ്മയെ കിട്ടിയതോര്‍ത്ത്‌...

മലയാളം ക്ലാസിലെ ആദ്യദിനം സങ്കല്‍പ്പങ്ങള്‍ക്കായി മാറ്റിവെച്ചിരുന്നു. ലൈഫ്‌ പാര്‍ട്ടണറെ കുറിച്ചുള്ള സങ്കല്‍പ്പമായിരുന്നു ആദ്യം. ഓരോരുത്തരും വന്നതും പോയതും ഓര്‍മ്മയുണ്ട്‌. ആത്മാര്‍ത്ഥതയില്ലാത്ത ഉത്തരങ്ങള്‍ മാത്രമായിരുന്നു മിക്കതും. മനസ്സിലൊന്ന്‌ വെച്ച്‌ പുറത്തൊന്ന്‌ പറയുന്ന കാപട്യക്കാര്‍. അവരിലും അവള്‍ വേറിട്ട്‌ നിന്നു.
``സൗന്ദര്യം, വിദ്യാഭ്യാസം, സാമ്പത്തികം പിന്നെ എല്ലാത്തിനുപരി പണം. ഇതെല്ലാം വേണം എന്റെയാള്‍ക്ക്‌..''
ആരൊക്കെയോ അടക്കിചിരിച്ചെന്ന്‌ തോന്നുന്നു. പക്ഷേ വൈഗയുടെ തൊലിവെളുപ്പ്‌ കണ്ട്‌ വെള്ളമിറക്കുന്ന പൂവാലന്മാരുടെ കിട്ടാത്ത മുന്തിരിയുടെ പുളിപ്പായേ അവള്‍ക്ക്‌ തോന്നിയുള്ളു.
എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്‌ മഹേഷ്‌ മേനോന്റെ സങ്കല്‍പമായിരുന്നു. ലാളിത്യമാര്‍ന്ന വാക്കുകള്‍ ഉള്ളിലെ കാപട്യമൊളിപ്പിച്ചവന്‍ പറഞ്ഞു കളഞ്ഞു.
``സൗന്ദര്യം വേണത്‌ മനസ്സിനാണ്‌ ശരീരത്തിനല്ല...അറിവ്‌ വേണ്ടത്‌ പെരുമാറാനാണ്‌ അഹങ്കാരിക്കാനല്ല...പണം വേണ്ടത്‌ ജീവിക്കാനാണ്‌ ആര്‍ഭാടത്തിനല്ല'' ഇതേ മനസ്സുള്ള ലളിതമായ ചുറ്റുപാടുള്ളൊരാളെയാണെനിക്കിഷ്‌ടം.
നിശബ്‌ദമായ ക്ലാസ്‌മുറിയില്‍ കുറെ കണ്ണുകള്‍ ഒരു മഹാനെ കണ്ടപോലെ അത്ഭുതത്തോടെ ബഹുമാനത്തോടെ മഹേഷിനെ നോക്കി.
അവള്‍ പൊട്ടിചിരിച്ചു. വീണ്ടും വീണ്ടും...
എല്ലാ കണ്ണുകളും അവളിലേക്ക്‌ മാത്രമായി.
വില കൂടിയ വസ്‌ത്രങ്ങളിട്ട്‌ കോളജിലെത്തിയെ ആദ്യദിനം മുതല്‍ സുന്ദരികളായ പെണ്‍കുട്ടികളുടെ പിന്നാലെ നടക്കാറുള്ള മഹേഷിന്റെ സങ്കല്‍പ്പത്തിന്റെ ശാലീനത കണ്ട്‌ ചിരിക്കാതിരിക്കാന്‍ മറ്റുള്ളവരെ പോലെ വൈഗ വിഡ്ഡിയല്ലല്ലോ..
``ഓരോ ക്ലാസിലും സൗന്ദര്യമില്ലായ്‌മയുടെ പേരില്‍ തഴയപ്പെടുന്ന നല്ല മനസിന്റെയുടമകള്‍ നിരവധിയുണ്ട്‌. അവരിലൊരാളെ സ്‌നേഹിച്ച്‌ സ്വന്തം സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കാന്‍ മഹേഷിനാവുമോ..?''
എഴുന്നേറ്റ്‌ നിന്ന്‌ അവള്‍ ചോദിച്ചപ്പോള്‍ എല്ലാവരും അഹങ്കാരി എന്ന്‌ മുറുമുറുക്കുന്നുണ്ടായിരുന്നു. പൊള്ളയായ ആദര്‍ശങ്ങളെ കേട്ടിരിക്കാന്‍ വൈഗ വികാരമില്ലാത്തൊരു ജന്തുവല്ലല്ലോ..
ക്ലാസില്‍ നിന്നും ഇറങ്ങിപോവാന്‍ പറഞ്ഞപ്പോള്‍ സുജാത മിസ്സിന്റെ മുഖത്ത്‌ നോക്കി ചിരിക്കാന്‍ മറന്നില്ല. കറുത്തിരുണ്ട ആ ഭീകരരൂപത്തെ അവഗണിച്ച്‌ കൊണ്ട്‌ പുറത്തേക്ക്‌ നടക്കുമ്പോള്‍ ഇത്‌ നല്ലൊരു തുടക്കമാണെന്ന്‌ അവള്‍ മനസ്സില്‍ പറയുകയായിരുന്നു.
പൂക്കള്‍ കൊഴിഞ്ഞുതുടങ്ങിയ വാകമരങ്ങളും ദേവദാരു മരങ്ങളും നിറഞ്ഞ ആ ക്യാംപസില്‍ ബഹളങ്ങളില്‍ നിന്നൊഴിഞ്ഞു മാറി നില്‍ക്കാന്‍ ധാരാളം സ്ഥലങ്ങളുണ്ടായിരുന്നു. ക്യാംപസിനുള്ളില്‍ അധികമാരും വരാത്ത ഒരു വാകമരചുവട്‌ അവള്‍ സ്വന്തമാക്കുന്നതങ്ങനെയാണ്‌. പടര്‍ന്ന്‌ പന്തലിച്ച്‌ നില്‍ക്കുന്ന ആ മരത്തില്‍ ഒറ്റരൂപ നാണയം കൊണ്ട്‌ ``വൈഗാസ്‌ ഹെവന്‍'' എന്ന്‌ കോറിയിട്ടു.
വിരസമെന്ന്‌ തോന്നുന്ന ഒറ്റക്ലാസിലും അവള്‍ ഇരിക്കാറില്ല. ആറുമാസം കഴിഞ്ഞിട്ടും ഒറ്റ കുട്ടി പോലും അവളുടെ ജീവിതത്തിലേക്ക്‌ എത്തി നോക്കിയതുമില്ല.

നീലകണ്ണുകളും ചുവന്നുതുടുത്ത ചുണ്ടുകളുമുള്ള ദീപ്‌തി മിസ്സിന്റെ ശരീരത്തോടും സംസാരശൈലിയോടും അവള്‍ക്ക്‌ ഇഷ്‌ടം തോന്നിയത്‌ മഴ പെയ്‌ത ഒരു പകലിലായിരുന്നു.
മഴയെ കുഞ്ഞുനാള്‍ മുതല്‍ ഇഷ്‌ടമല്ലായിരുന്നു. കാറ്റിന്റെ താളത്തിനൊത്ത്‌ വീശിയടിച്ച്‌ ശരീരത്തിന്റെ അവിടെയും ഇവിടെയും നനയിച്ച്‌ ചോദിക്കാതെ വരുകയും ഇണ ചേരുകയും ചെയ്യുന്ന മഴയെ..
വാകമരച്ചുവട്ടിലിരിക്കുമ്പോള്‍ മേഘങ്ങള്‍ പൂര്‍ണമായി മറയാത്ത ആകാശത്ത്‌ നിന്നും അപ്രതീക്ഷിതമായി അന്ന്‌ മഴ പെയ്‌തു.
ചുരിദാറിന്റെ ഷാളെടുത്ത്‌ തലയിലിട്ട്‌ മരത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുമ്പോള്‍ കൂടി നിന്നിരുന്ന അതിന്റെ ഇലകള്‍ കഴിയുന്നത്ര നനക്കാതെ നിര്‍ത്തിയിരുന്നു. പക്ഷേ കാറ്റിന്റെ പരാക്രമം കൂടിയായപ്പോള്‍ വസ്‌ത്രങ്ങള്‍ക്കുള്ളിലേക്ക്‌ മഴ പടര്‍ന്നു. ഗ്രൗണ്ടിലൂടെ ഓടി മേല്‍ക്കൂരക്ക്‌ കീഴിലെത്തുമ്പോഴേക്കും നനഞ്ഞൊലിക്കുമെന്നുറപ്പാണ്‌.
എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും `വൈഗേ' എന്ന്‌ ആരോ വിളിച്ചു.
അത്‌ ദീപ്‌തി മിസ്സായിരുന്നു. ഇളംനീല കുടയുമായി കറുത്ത സാരിയുടുത്ത്‌ പച്ച വളകളിട്ടൊരു സുന്ദരി. അവരുടെ കുടയില്‍ കയറിനിന്നപ്പോള്‍ സാരിതുമ്പ്‌ കൊണ്ട്‌ അവളുടെ തല തുവര്‍ത്തി തന്നു. ചുളിവുകള്‍ വീഴാത്ത അവരുടെ വെളുത്ത വയറില്‍ നോക്കി നില്‍ക്കുമ്പോള്‍ അമ്മയാണെന്ന്‌ വൈഗക്ക്‌ തോന്നി. അവരിലേക്ക്‌ കൂടുതല്‍ അടുത്ത്‌ നില്‍ക്കുമ്പോള്‍ അമ്മയുടെ അതേ ഗന്ധം.
``സൗന്ദര്യമുള്ള എല്ലാ സ്‌ത്രീകള്‍ക്കും ഒരേ ഗന്ധമാണോ.?''
അപ്പോള്‍ അവളുടെ മനസ്സില്‍ വന്ന സംശയം അത്‌ മാത്രമായിരുന്നു...
പിന്നീടൊരിക്കല്‍ ഗ്രൗണ്ടില്‍ വെച്ച്‌ അവളുടെ കാലില്‍ കുപ്പിചില്ലുകൊണ്ട്‌ കയറിയപ്പോഴും അപ്രതീക്ഷിതമായി ദീപ്‌തി മിസ്സ്‌ വന്നു. സ്റ്റാഫ്‌ റൂമില്‍ കൊണ്ട്‌ പോയി ഡെറ്റോള്‍ ഒഴിച്ച്‌ അവളുടെ മുറിവ്‌ കെട്ടികൊടുത്തു. ചെരുപ്പിടാതെ ഗ്രൗണ്ടിലൂടെ നടന്നതിന്‌ അമ്മയെ പോലെ വഴക്ക്‌ പറഞ്ഞു. ദീപ്‌തി മിസ്സിനെ കണ്ട അന്ന്‌ മുതല്‍ അവരുടെ ഭര്‍ത്താവിനെ കാണാന്‍ അവള്‍ക്ക്‌ വല്ലാത്ത ആഗ്രഹമായിരുന്നു. അയാളുടെ രൂപം ഈ സൗന്ദര്യത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുമോ എന്നറിയാന്‍ വേണ്ടി മാത്രം.
ക്ലാസ്‌ നേരത്തെ കഴിഞ്ഞ ഒരു ദിവസം അയാളെയും കണ്ടു. നര വീണ മുടിയും കൃതാവും ഉന്തിയ വയറുമെല്ലാമുള്ളൊരു വയസ്സന്‍. അകാലവാര്‍ധക്യത്തിന്റെ കടന്നുകയറ്റമൊന്നുമായിരുന്നില്ല അതെന്ന്‌ പിന്നീടറിഞ്ഞു. തന്നെക്കാള്‍ പതിനഞ്ചിലധികം വയസുള്ളയാള്‍. ദീപ്‌തി മിസ്സിന്റെ ശരീരത്തിനും മനസിനും യൗവനമായിരുന്നില്ലെന്ന്‌ അവള്‍ തിരിച്ചറിഞ്ഞ പകലായിരുന്നു അത്‌. പക്ഷേ ഒട്ടും വെറുപ്പ്‌ തോന്നിയില്ല. സാന്ത്വനം മാത്രമായി കടന്നുവരാറുള്ള അവരെ അവരുടെ സങ്കല്‍പത്തിന്റെ അപാകത കൊണ്ട്‌ എങ്ങനെ സ്‌നേഹിക്കാതിരിക്കാനാവും. അങ്ങനെയെങ്കില്‍ ആദ്യം വെറുക്കേണ്ടത്‌ അമ്മയെയല്ലേ?

വിരസതയുടെ നീണ്ട പകലുകള്‍ സമ്മാനിച്ച്‌ അവളിലേക്ക്‌ വെക്കേഷന്‍ കടന്നുവന്നു. ഓര്‍ക്കാനോ വിളിക്കാനോ പോലും ആരെയും അവശേഷിപ്പിക്കാതെ കടന്നുപോയ ഒരു വര്‍ഷം അവളുടെ മനസ്സില്‍ ശൂന്യതയുടെ കരിമ്പടം തീര്‍ത്ത്‌ കിടന്നു. വവ്വാലുകള്‍ ചിറകടിച്ച്‌ പായുന്ന രാത്രികളില്‍ അവള്‍ അമ്മയുടെ ചൂട്‌ പറ്റി ഉറങ്ങി. ആര്‍ത്തവനാളുകളൊഴിച്ച്‌ അമ്മ രാത്രിയാത്ര തുടര്‍ന്നു. ഇടക്കെപ്പോഴൊക്കെയോ അവള്‍ പിന്തുടര്‍ന്നു. ഒരാണിന്റെ കൂടെ കിടക്കാന്‍ അവള്‍ക്കും ആഗ്രഹം തോന്നി. വാതില്‍പഴുതിനപ്പുറമുള്ള കാഴ്‌ചകള്‍ ദിവസങ്ങള്‍ കഴിയുംതോറും അവളിലേക്ക്‌ ആഴത്തില്‍ കടന്നുപോവുന്നത്‌ കൊണ്ടാവാം. പക്ഷേ സൗന്ദര്യമുള്ളൊരാളെ മാത്രമെ ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ അനുവദിക്കുകയുള്ളുവെന്ന്‌ എന്നോ അവള്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു. അങ്ങനെയൊരാളെ തിരയാന്‍ തീര്‍ച്ചപ്പെടുത്തിയാണ്‌ നിലാവുള്ള ഒരു വെള്ളിയാഴ്‌ച വൈഗ ഉറങ്ങാന്‍ കിടന്നത്‌. പക്ഷേ പിന്നീട്‌ ഒരുപാട്‌ ചിന്തിച്ചപ്പോള്‍ അത്‌ വേണ്ടെന്ന്‌ തീരുമാനിച്ചു.
ആണ്‍കുട്ടികളെ അധികമൊന്നും അവള്‍ അടുപ്പിച്ചിരുന്നില്ല. മാന്യരെന്ന്‌ തോന്നുന്ന ചിലരെല്ലാം അടുത്ത്‌ വരുമ്പോഴും അവരുടെ കണ്ണുകള്‍ അവളുടെ മാറിടത്തിലോ അരക്കെട്ടിലോ ആവും. പുഛത്തോടെ മുഖം തിരിച്ച്‌ നടക്കുമ്പോള്‍ അവളുടെ അഹങ്കാരത്തെ അവരിലാരെങ്കിലും ശപിച്ചുണ്ടാവും. അല്ലെങ്കില്‍ അവളുടെ ചുവന്ന ചുണ്ടുകളില്‍ ദന്തക്ഷതം വീഴ്‌ത്താനോ, വാരി പുണരാനോ അവരിലാരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവും.

ഏപ്രില്‍ മാസത്തെ ഒരു സായന്തനത്തിലാണ്‌ വലിയമ്മയും മനുവും അവളുടെ വീട്ടിലെത്തിയത്‌. വലിയമ്മക്ക്‌ അമ്മയുടെയത്ര സൗന്ദര്യമുണ്ടായിരുന്നില്ല. മനുവിന്റെ മുഖം മനോഹരമായിരുന്നു. കിളര്‍ത്തുതുടങ്ങിയ മീശ കണ്‍മഷി കൊണ്ട്‌ കറുപ്പിച്ചിരുന്നു അവന്‍.
സന്ധ്യക്ക്‌ നോട്ടെഴുതുമ്പോള്‍ മനു വന്ന്‌ നോക്കി നില്‍ക്കുന്നത്‌ അവള്‍ കണ്ടു. രണ്ടാം വര്‍ഷത്തെ നോട്ടുകള്‍ സംഘടിപ്പിച്ച്‌ എഴുതിവെച്ചാല്‍ മിക്ക വിരസന്‍ ക്ലാസുകളില്‍ നിന്നും വിട പറയാമെന്ന ധാരണയാണ്‌ വെക്കേഷന്‍ സമയത്തും അവളെ എഴുതാന്‍ പ്രേരിപ്പിച്ചത്‌.
മനുവിന്റെ ഓരോ ചേഷ്‌ടകളും അവളെ അമ്പരപ്പിച്ചു കൊണ്ടിരുന്നു. വല്ലാത്ത ആര്‍ത്തിയുള്ളത്‌ പോലെ...ഇടക്കെപ്പോഴോ അവന്‍ അവളുടെ കയ്യില്‍ കയറി പിടിച്ചു. ദേഷ്യം കൊണ്ട്‌ മുഖം ചുവന്നപ്പോഴും അവള്‍ ഒന്നും പറഞ്ഞില്ല.
പകലുറക്കം അവള്‍ക്കൊരു ഹരമായിരുന്നു. നീണ്ടു നിവര്‍ന്ന്‌ കിടക്കുമ്പോള്‍ മനു അവളെ വന്ന്‌ നോക്കുന്നുണ്ടെന്നറിഞ്ഞത്‌ ഉറങ്ങാതെ കിടന്ന പകലിലായിരുന്നു. വാതില്‍ക്കലെത്തി ചാരി നിന്ന്‌ ആര്‍ത്തിയോടെ ഉറ്റുനോക്കുന്നത്‌ കണ്ടപ്പോള്‍ അവനോട്‌ അവള്‍ക്ക്‌ വെറുപ്പ്‌ തോന്നി. എന്തായിരിക്കും അവന്റെ മനസിലെ ചിന്ത. അത്‌ മാത്രമായിരുന്നു അവള്‍ ആലോചിച്ചത്‌.
എന്നെ പൂര്‍ണനഗ്നനായി കാണാന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ടാവുമോ?
സിനിമക്ക്‌ പോവാന്‍ തീരുമാനിച്ച ഒരു ദിവസം കുളിച്ച്‌ കണ്ണാടിക്ക്‌ മുന്നില്‍ വന്ന്‌ നില്‍ക്കുമ്പോള്‍ പുറകില്‍ മനു. അവളുടെ നിതംബത്തിലായിരുന്നു അവന്റെ കണ്ണെന്ന്‌ കണ്ണാടിയിലൂടെ കണ്ടു.
പെട്ടന്ന്‌ വെട്ടിതിരിഞ്ഞ്‌ അവന്റെ തോളില്‍ കയ്യമര്‍ത്തി അവള്‍ ചോദിച്ചു.
``എന്നെ പൂര്‍ണനഗ്നയായി കാണാന്‍ നിനക്കാഗ്രഹമുണ്ടോ''
ഒരു വിഡ്‌ഡിചോദ്യം കേട്ടിട്ടെന്ന പോലെ അവന്‍ ചിരിച്ചു.
``പൂര്‍ണനഗ്നയായ സ്‌ത്രീരൂപം. ഈ ലോകത്ത്‌ ഇതിലും വികൃതമായ, വൃത്തികെട്ട മറ്റെന്ത്‌ കാഴ്‌ചയുണ്ടാകും''
വെട്ടിതിരിഞ്ഞ്‌ അവന്‍ നടന്നുപോവുമ്പോള്‍ ജഗ്ഗിലെ വെള്ളമെടുത്ത്‌ വായിലേക്ക്‌ കമിഴ്‌ത്തി ജനലഴികളില്‍ പിടിച്ചുനിന്നു.
വൈഗ തോല്‍ക്കുകയാണ്‌. ഈ പീറപ്പയ്യന്‌ മുന്നില്‍.
മനുവിനെ കൊല്ലാനുള്ള ദേഷ്യം അവളുടെ മനസിലുണ്ടായിട്ടും പുറത്ത്‌കാട്ടിയില്ല. കാറിന്റെ ബാക്ക്‌സീറ്റില്‍ അവന്റെയരുകിലിരുന്നു. സിനിമ കാണുമ്പോഴും അവളുടെയടുത്ത്‌ അവന്‍ തന്നെയായിരുന്നു. തിയ്യറ്ററില്‍ ലൈറ്റണച്ചഞ്ഞപ്പോള്‍ അവന്‍ അവളുടെ കൈക്ക്‌ മുകളില്‍ കൈ അമര്‍ത്തി. പാമ്പ്‌ കൊത്തിയത്‌ പോലെയാണ്‌ തോന്നിയത്‌. അവന്റെ കാല്‍പ്പാദങ്ങള്‍ കാലില്‍ അമരുന്നതറിഞ്ഞപ്പോള്‍ നീട്ടി വളര്‍ത്തിയ നഖം കൊണ്ട്‌ മാംസം മുറിയുമാറ്‌ അവന്റെ തോളില്‍ അവള്‍ നുള്ളി. പിന്നീട്‌ ശല്യമുണ്ടായില്ല.
തിരച്ചുവീട്ടിലെത്തി ഭക്ഷണം കഴിച്ച്‌ കിടക്കാന്‍ പോവുമ്പോള്‍ അവന്‍ അവളുടെ പുറകെ ചെന്നു.
തിരിഞ്ഞുനോക്കിയപ്പോള്‍ അവന്‍ ചിരിച്ചു. മൊബൈല്‍ കാട്ടി അവളോട്‌ സ്വകാര്യമെന്നോണം അവന്‍ പറഞ്ഞു.
``ഒരു ചൂടന്‍ ക്ലിപ്പിംഗ്‌സ്‌ കാണിച്ച്‌ തരാം. അതും കണ്ട്‌ സുഖമായുറങ്ങിക്കോ...''
ഏതോ അലവലാതി ആണിന്റെ പുറകെ പോയി ചതിക്കപ്പെട്ട പെണ്ണിന്റെ ചേഷ്‌ടകളാവാം അവനുദേശിച്ചതെന്ന്‌ മനസിലായി.
വളരെയടുത്ത്‌ ചെന്ന്‌ നിന്റെയമ്മയെ കൊണ്ട്‌ പോയി കാണിക്കാന്‍ അവള്‍ പറഞ്ഞു.
അവന്‍ ചിരിച്ചതേയുള്ളു.
സ്റ്റെയര്‍കേസ്‌ ഇറങ്ങിപ്പോവുമ്പോള്‍ അവന്‍ കുറച്ച്‌ കൂടി പ്രായമായാലുള്ള അവസ്ഥയെ കുറിച്ച്‌ ചിന്തിക്കുകയായിരുന്നു അവള്‍.
അവനൊരു വികൃതയായ പെണ്ണിനെ കിട്ടട്ടെയെന്ന്‌ ശപിച്ചുകൊണ്ട്‌ കിടക്കുമ്പോള്‍ അമ്മ വന്ന്‌ അരുകത്ത്‌ കിടന്നു. അമ്മയുടെ ശ്വാസഛ്വാസത്തിന്റെ ക്രമം പോലും അവളെ അത്ഭുതപ്പെടുത്തി. ഏതു ദൈവമാണ്‌ ഈ രൂപത്തിന്റെ സൃഷ്‌ടി നടത്തിയതെന്ന്‌ ഒരുനിമിഷം അവള്‍ ചിന്തിച്ചുപോയി.
ഒരാഴ്‌ചക്കുള്ളില്‍ മനുവും വല്ല്യമ്മയും മടങ്ങിപ്പോയി. അവളെ കീഴ്‌പ്പെടുത്താനുള്ള കുറെ ശ്രമങ്ങള്‍ കൂടി അവന്റെ ഭാഗത്ത്‌ നിന്നുണ്ടായെങ്കിലും വൈഗ ചെറുത്ത്‌ നിന്നു. ഒരു ദിവസം അവള്‍ക്കവന്‍ വൈന്‍ വിളമ്പി. സിഗരറ്റ്‌ വലിക്കാന്‍ കൊടുത്തു. അവനെക്കാള്‍ കൂടുതല്‍ കുടിച്ചിട്ടും ഇളകാതെ നിന്ന അവളെ നോക്കി തോല്‍വി സമ്മതിക്കുന്നു എന്ന മട്ടില്‍ അവന്‍ ചിരിച്ചു. മോഹങ്ങള്‍ക്കും സുഖത്തിനും വേണ്ടി തോറ്റടിയുന്ന പെണ്‍കുട്ടികളുടെ പട്ടികയില്‍ വൈഗയെന്ന പേരില്ലല്ലോ...
മിക്ക പെണ്‍കുട്ടികളെയും ആദ്യം നശിപ്പിക്കുന്നത്‌ ബന്ധുക്കള്‍ തന്നെയാണ്‌. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ പെട്ടുപോകുന്നവര്‍. സ്വാതന്ത്ര്യത്തെ കീഴ്‌മേല്‍ മറിക്കുന്നവര്‍. ഒരുപാട്‌ പേരൊടൊപ്പം കിടന്നിട്ട്‌ ഒടുവില്‍ മറ്റൊരാളെ ചതിക്കാനൊരുങ്ങുന്ന എത്ര പെണ്‍കുട്ടികളുണ്ട്‌. മറവിയാണ്‌ ഓരോ പെണ്ണിനെയും ഈ ഭൂമിയില്‍ താങ്ങി നിര്‍ത്തുന്നത്‌. എയ്‌ഡ്‌സ്‌ ടെസ്റ്റിന്‌ വാശി പിടിക്കുന്ന സ്‌ത്രീയോട്‌ വെര്‍ജിന്‍ ടെസ്റ്റ്‌ നടത്തണമെന്ന്‌ പുരുഷന്‍ പറഞ്ഞാലുള്ള അവസ്ഥയോര്‍ത്ത്‌ കുറെ ചിരിച്ചിട്ടുണ്ട്‌ അവള്‍.
കൈവിട്ട്‌ പോകുന്ന ഇത്തരം ചിന്തകള്‍ വൈഗയില്‍ വരുന്നത്‌ ആദ്യമല്ലല്ലോ. അപ്രധാനമായ യാഥാര്‍ത്ഥ്യങ്ങള്‍ എന്നൊരു വിളിപ്പേര്‌ അവള്‍ ഈ ചിന്തകള്‍ക്ക്‌ നല്‍കുന്നതും അതുകൊണ്ടാണ്‌.
പിരീഡ്‌സിന്റെ സമയമല്ലാതിരുന്നിട്ട്‌ കൂടി കഴിഞ്ഞ കുറെ ദിവസങ്ങളായി അമ്മയുടെ രാത്രിസഞ്ചാരമുണ്ടായില്ല. ഇടക്കെപ്പോഴോ അമ്മയുടെ തേങ്ങല്‍ കേട്ടു. ചെറിയ സൗന്ദര്യപിണക്കമാവാം. അതില്‍ അസ്വഭാവികതയൊന്നും തോന്നിയില്ല. എല്ലാമറിഞ്ഞിട്ടും അവളൊന്നും ചോദിച്ചുമില്ല.
പിറ്റേ ദിവസം ബ്രേക്ക്‌ഫാസ്റ്റ്‌ കഴിക്കാന്‍ അവള്‍ ഡൈനിംഗ്‌ ഹാളില്‍ എത്തിയപ്പോഴാണറിഞ്ഞത്‌. അന്നൊന്നും ഉണ്ടാക്കിയിരുന്നില്ല. അടുക്കളയില്‍ പോയി നോക്കിയപ്പോള്‍ പാത്രങ്ങള്‍ അഴുക്ക്‌ പുരണ്ട്‌ ചിതറികിടക്കുന്നു.
ബ്രഡ്ഡില്‍ ജാം പുരട്ടി കഴിച്ചപ്പോള്‍ തൊണ്ട വരണ്ടു. ഫ്രിഡ്‌ജില്‍ നിന്ന്‌ തണുത്തവെള്ളമെടുത്ത്‌ കുടിച്ചു.
അന്ന്‌ അവള്‍ ക്ലാസില്‍ കയറിയതേയില്ല.
`വൈഗാസ്‌ ഹെവന്റെ' ഏകാന്തതയില്‍ ഒരു പകല്‍.
അമ്മക്കും അച്ഛനുമിടയില്‍ എന്താണുണ്ടായത്‌. അത്‌ മാത്രമായിരുന്നു വൈഗയുടെ ചിന്ത. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അവര്‍ക്കിടയില്‍ ബഹളങ്ങള്‍ തീരെ കുറവായിരുന്നു. അതുകൊണ്ട്‌ തന്നെ ഇങ്ങനെയൊരമ്മയെയും അച്ഛനെയും കിട്ടിയതില്‍ സന്തോഷിച്ചിരുന്നു.
മരത്തില്‍ ചേര്‍ന്നിരുന്ന്‌ മിഴികള്‍ പൂട്ടിയിരിക്കുമ്പോഴാണ്‌ അയാള്‍ വന്നത്‌.
യൂണിയന്‍ സെക്രട്ടറിയായ `സുനില്‍ മേനോന്‍'.
കുറെ നിര്‍വചനങ്ങള്‍ക്കുള്ളിലാണ്‌ അയാള്‍. പക്ഷേ സൗന്ദര്യമുണ്ടായിരുന്നില്ല.
വൈഗയുടെ സ്വര്‍ഗത്തില്‍ കട്ടുറുമ്പായി വന്നതെന്തിനെന്നായിരുന്നു അവളുടെ ചിന്ത.
ഇരിക്കാന്‍ പറയാതെ അയാള്‍ അവളുടെ അരുകിലിരുന്നു.
മുഖമുയര്‍ത്തിയ അവളുടെ മുഖത്തെ ദൈന്യത കണ്ടാവാം. അയാള്‍ പതിയെ പുഞ്ചിരിച്ചു.
``എന്തു പറ്റി ഈ ശൂന്യതയില്‍ വാടി കരിഞ്ഞൊരു താമരത്തണ്ട്‌ പോലെ...''
അവള്‍ അയാളുടെ മുഖത്ത്‌ നോക്കി ചിരിച്ചു.
``വിരസന്‍ ക്ലാസുകളില്‍ വൈഗ ഇരിക്കാറില്ല''
അവളുടെ മറുപടി കേട്ട്‌ എന്നെ പോലെയെന്ന്‌ പറഞ്ഞ്‌ അയാള്‍ വീണ്ടും ചിരിച്ചു.
``എന്നെ ഒറ്റക്ക്‌ വിട്ടൂടെ''
അപ്രതീക്ഷിതമായ അവളുടെ ചോദ്യം അയാളെ അല്‍പ്പം പോലും ദേഷ്യം പിടിപ്പിച്ചില്ല.
വാകമരത്തിന്റെയിലകള്‍ കാറ്റില്‍ ആടിയുലയുന്നുണ്ടായിരുന്നു. തെളിഞ്ഞയാകാശത്ത്‌ നിന്ന്‌ വീണു ചിതറിയ സൂര്യരശ്‌മികള്‍ വലിയ ആകൃതിയിലുള്ള നിഴലുകള്‍ തീര്‍ത്തത്‌ കണ്ടു. അയാള്‍ക്ക്‌ മുഖം കൊടുക്കാതെ അവള്‍ എങ്ങോട്ടോ നോക്കിയിരുന്നു.
``വൈഗ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?''
മുഖത്തടിച്ചത്‌ പോലെ ആയാളുടെ ചോദ്യം.
``എന്റെ പ്രണയം എന്റേത്‌ മാത്രമാണ്‌. എനിക്കും അയാള്‍ക്കും മാത്രമറിയുന്നവ. മനസ്സിന്റെ അഗാധതയില്‍ കുഴിച്ച്‌മൂടിയിട്ട മഹാരഹസ്യം. അതെന്തിന്‌ നിങ്ങളറിയണം''
അയാള്‍ മുഖം താഴ്‌ത്തിയിരുന്നു. ചോദിച്ചതിനായിരുന്നില്ല ഉത്തരം പറഞ്ഞതെന്നറിഞ്ഞിട്ടും അവള്‍ക്ക്‌ പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഇത്രയും കാലത്തിനിടയില്‍ അഭിനിവേശം തോന്നിയത്‌ ആരോടായിരുന്നുവെന്ന്‌ സ്വയം ചോദിച്ചാല്‍ നീലകണ്ണുകളുള്ള പ്രഫസര്‍ ദിനേശ്‌ നായരെന്നോ മറ്റോ പറയേണ്ടി വരും.
അയാളൊന്ന്‌ പോയിരുന്നെങ്കില്‍ എന്നാവളാശിച്ചു.
``വൈഗേ..ഞാന്‍ വന്നത്‌ നിന്നെ ദേഷ്യം പിടിപ്പിക്കാനല്ല. ആര്‍ക്കും പിടികൊടുക്കാത്ത ആ മനസ്സ്‌ കട്ടെടുക്കാനുമല്ല. ദീപ്‌തി മിസ്സ്‌്‌ ഇന്ന്‌ ലീവാണ്‌. വൈകുന്നേരം വീട്ടില്‍ പോകുമ്പോള്‍ നിന്നോട്‌ അതുവഴി ചെല്ലാന്‍ പറഞ്ഞു . മറ്റെവിടെയും കണ്ടില്ലെങ്കില്‍ നീ ഇവിടെയുണ്ടാകുമെന്ന്‌ പറഞ്ഞതും ടീച്ചറാണ്‌''
അയാള്‍ എഴുന്നേറ്റ്‌ നടന്നു.
എന്തിനാണെന്ന്‌ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല.
മൂന്നരയായപ്പോള്‍ അവള്‍എഴുന്നേറ്റ്‌ നടന്നു.
ഗെയിറ്റ്‌ തുറന്ന്‌ അകത്ത്‌ കയറി വിസിറ്റിംഗ്‌ റൂമിലിരുന്നു. ശീതികരിച്ച മുറി ശരീരത്തിന്‌ ആശ്വാസം നല്‍കി.
ദീപ്‌തി മിസ്സും ഭര്‍ത്താവും വന്നു.
''വൈഗേ സുഖമല്ലേ നിനക്ക്‌''
മിസ്‌ അവളെ ചേര്‍ത്തുപിടിച്ച്‌ തലോടിയപ്പോള്‍ അമ്മയുടെ ഗന്ധം മൂക്കിലേക്കടിച്ചുകയറി.
``സത്യത്തില്‍ വൈഗയെ വിളിപ്പിച്ചത്‌ ഞാനല്ല, ദേ ഈ അങ്കിളാ''
`എന്തിന്‌' ആശ്ചര്യത്തോടെ ചോദിച്ചു.
``വൈഗ എനര്‍ജറ്റിക്‌ ആയ കുട്ടിയാണെന്ന്‌ ദീപ്‌തി എപ്പോഴും പറയും. അത്‌ കൊണ്ട്‌ തന്നെ സ്‌ട്രെയിറ്റായി പറയാം. അമ്മയും അച്ഛനും വേര്‍പിരിയുകയാണ്‌.''
ആ ശീതികരിച്ച മുറിയിലിരുന്ന്‌ വിയര്‍ത്തപ്പോള്‍ ദീപ്‌തി മിസ്സ്‌ അവളെ ചേര്‍ത്ത്‌ പിടിച്ചു. ഗെയിറ്റിനരുകില്‍ സ്ഥാപിച്ച അഡ്വ. വേണുഗോപാല്‍ എന്ന ബോര്‍ഡ്‌ ഓര്‍മ്മയില്‍ തെളിഞ്ഞു.
ഒന്നും മനസിലാകാതെ അവള്‍ നോക്കി.
``കഴിഞ്ഞ കുറച്ച്‌ മാസമായി പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട്‌. വൈഗയെ ഓര്‍ത്താണ്‌ ഇത്രയും വൈകിയതെന്ന്‌ പറയാം. ഇനിയും നീട്ടിക്കൊണ്ട്‌ പോകാന്‍ പറ്റില്ലെന്ന്‌ വിനയ വീണ്ടും വീണ്ടും പറയുന്നു''
അച്ഛനും അമ്മയും വേര്‍പിരിഞ്ഞുപോയ കുട്ടികളുടെ അവസ്ഥ മനസ്സില്‍ തെളിഞ്ഞു. നൊമ്പരത്തിന്റെ കനല്‍ ഹൃദയത്തില്‍ വന്ന്‌ വീഴാന്‍ പോവുകയാണെന്ന്‌ അവളറിയുകയായിരുന്നു.
``എന്ത്‌ പറ്റി അമ്മക്ക്‌. പിരിയണമെന്ന്‌ വാശിപിടിക്കാന്‍ ?''
അവളുടെ ചോദ്യം കേട്ട്‌ അങ്കിള്‍ ദീപ്‌തി മിസ്സിന്റെ മുഖത്തേക്ക്‌ നോക്കി.
``എല്ലാം തുറന്നുപറഞ്ഞോളു വേണുവേട്ടാ. എല്ലാം കേട്ട്‌ തളരാന്‍ ഇതൊരു തൊട്ടാവാടി പെണ്‍കുട്ടിയല്ല. വൈഗയാണ്‌''
ദീപ്‌തി മിസ്സിന്റെ വാക്കുകള്‍ അവളെ ഊര്‍ജ്ജസ്വലയാക്കി മാറ്റി.
അവള്‍ പതിയ ചിരിച്ചു.
``ദാമ്പത്യത്തിനിടയില്‍ `സംശയം' കടന്നുവന്നാല്‍ ആ ബന്ധത്തിന്‌ നിലനില്‍പ്പില്ല കുട്ടീ. അമ്മയുടെയും അച്ഛന്റെയും ജീവിതത്തില്‍ സംഭവിച്ചതും അതാണ്‌. അച്ഛന്റെ മനസ്സില്‍ കല്യാണം കഴിഞ്ഞ അന്നുമുതല്‍ സംശയത്തിന്റെ നാമ്പുകള്‍ മുളപൊട്ടിയിരുന്നു. അമ്മയുടെ സൗന്ദര്യമാണ്‌ അതിനൊരു കാരണം. പിന്നീടെപ്പോഴോ അമ്മ അതിന്‌ യഥാര്‍ത്ഥ്യത്തിന്റെ മുഖം നല്‍കുകയും ചെയ്‌തു.''
രണ്ടു രൂപവും ഭാവവുമാണെങ്കിലും അവര്‍ക്കിടയിലുള്ള ഐക്യം കണ്ട്‌ അമ്പരന്ന്‌ പോകാറുള്ള അവളുടെ മനസ്സില്‍ തീയാളി. എന്തോക്കെയോ പ്രശ്‌നങ്ങള്‍ കഴിഞ്ഞ കുറച്ച്‌ നാളായി വീട്ടിനുള്ളില്‍ പുകഞ്ഞിട്ടും അത്‌ മനസിലാക്കാനായില്ലല്ലോയെന്ന്‌ അവള്‍ പരിതപിച്ചു.
`അമ്മക്കാരോടെങ്കിലും?'
അവളുടെ ചോദ്യം മനസിലായിട്ടെന്നവണ്ണം അങ്കിള്‍ തലകുലുക്കി.
ദീപ്‌തി മിസ്സ്‌ എഴുന്നേറ്റ്‌ അകത്തേക്ക്‌ പോയി.
``ഡോ. പ്രസാദുമായി അടുപ്പമുണ്ടെന്ന്‌ വിനയ ഇന്നലെ തുറന്നുപറഞ്ഞു. അവര്‍ പണ്ടേ പരിചയക്കാരായിരുന്നു. എവിടെയോ മുറിഞ്ഞുപോയൊരു ബന്ധം വീണ്ടും ഒന്നിച്ചുചേരുന്നത്‌ പോലെയാണ്‌ വിനയയുടെ സംസാരത്തില്‍ നിന്ന്‌ മനസിലായത്‌.''
മനസ്സിലൊരു സ്‌ഫോടനം നടക്കുന്നതറിഞ്ഞു.
വൈഗയുടെ അമ്മക്ക്‌ മറ്റൊരാളോട്‌ പ്രണയമെന്നോ. അതും ഈ പ്രായത്തില്‍..ഇത്‌ പോലൊരു ചപലയായ സ്‌ത്രീയാണോ എന്റെ അമ്മ.
ദേഷ്യം ഇരച്ച്‌ കയറുന്നുണ്ടായിരുന്നെങ്കിലും അവള്‍ അങ്കിളിനെ നോക്കി ചിരിച്ചു.
ഒരിക്കല്‍ ഈവനിംഗ്‌ ക്ലിനിക്കില്‍ പോയത്‌ അവള്‍ക്ക്‌ ഓര്‍മ്മ വന്നു. സുമുഖനായ ഡോ. പ്രസാദിനെ കണ്ട്‌ അവള്‍ ഉളള്‌ തുറന്ന്‌ ചിരിക്കുമ്പോഴും അമ്മ മുഖം താഴ്‌ത്തിയിരിക്കുകയായിരുന്നു.
തെര്‍മോമീറ്റര്‍ നാവിനടിയില്‍ വെച്ചിരിക്കുമ്പോള്‍ ഡോക്‌ടറുടെ മുഖം അമ്മയിലായിരുന്നു. അയാളുടെ ചുണ്ടുകളില്‍ നിന്ന്‌ ചോര പൊടിയുന്നത്‌ പോലെ തോന്നി.
കുട്ടി ഒന്ന്‌ പുറത്ത്‌ നില്‍ക്കുമോയെന്ന ചോദ്യത്തില്‍ അവള്‍ ഭയന്നത്‌ മാറാരോഗമുണ്ടെന്നോര്‍ത്തായിരുന്നില്ല. അമ്മയെ അയാളെന്തെങ്കിലും ചെയ്‌തുകളയുമോയെന്ന പേടി കൊണ്ടായായിരുന്നു.
മടിച്ച്‌ മടിച്ച്‌ പുറത്തേക്ക്‌ നടന്നു.
പത്ത്‌ മിനിറ്റിന്‌ ശേഷം അമ്മ വന്നപ്പോള്‍ അവള്‍ ശ്രദ്ധിച്ചത്‌ മുടിയും സാരിയുമൊക്കെയായിരുന്നു. അസ്വഭാവികതയൊന്നും തോന്നിയില്ല.
അവളുടെ നോട്ടം കണ്ട്‌ അമ്മ ചിരിച്ചു.
``പേടിക്കണ്ടടാ..നിനക്ക്‌ ഒരു രോഗവുമില്ല'' അവളെ ചേര്‍ത്ത്‌ പിടിച്ചുനടക്കുമ്പോള്‍ അമ്മയുടെ ഗന്ധം വൈഗയെ കൂടുതല്‍ ഉന്മേഷവതിയാക്കി.
ദീപ്‌തി മിസ്സ്‌ ചായയും പലഹാരങ്ങളും ടീപ്പോയില്‍ വെച്ച ശേഷം അവളുടെയരുകില്‍ വന്നിരുന്നു.
ഒരു കപ്പ്‌ ചായയെടുത്ത്‌ അവള്‍ക്ക്‌ നേരെ നീട്ടി.
``പ്രായപൂര്‍ത്തിയായത്‌ കൊണ്ട്‌ വൈഗക്ക്‌ ഇഷ്‌ടമുള്ളവരുടെ കൂടെ നില്‍ക്കാം.'' ചായ കുടിക്കുന്നതിനിടെ അങ്കിള്‍ പറഞ്ഞു.
അവള്‍ പുഞ്ചിരിച്ചു.
``ഇനി രണ്ടു പേരൊടൊപ്പവും നില്‍ക്കാനിഷ്‌ടമില്ലെങ്കില്‍ വൈഗക്ക്‌ എന്റെ കൂടെ നില്‍ക്കാം.''
മക്കളില്ലാത്ത ദീപ്‌തിമിസ്സിന്റെ ആത്മാര്‍ത്ഥതയുള്ള വാക്കുകള്‍ അവളുടെ മനസ്സില്‍ ആഴത്തില്‍ തുളഞ്ഞുകയറി.
വൈഗ അനാഥയാകുകയാണോ? കുറച്ച്‌ നാള്‍ അമ്മയോടൊപ്പം പിന്നെയച്ഛന്റെയൊപ്പം. ഓരോട്ട പ്രദക്ഷിണം പോലെ തോറ്റടിയുന്ന ജീവിതം. ഉള്ളിലൊരു കൊടുങ്കാറ്റിന്റെ മുരള്‍ച്ചയുണ്ടായിരുന്നിട്ടും അവള്‍ അവിടെയിരുന്നു.
യാത്ര പറഞ്ഞുപിരിയുമ്പോള്‍ ഇരുവരും ഗെയിറ്റ്‌ വരെ അനുഗമിച്ചു.
വീട്ടിലെത്തി മുറിയിലേക്ക്‌ നടക്കുമ്പോള്‍ വിസിറ്റിംഗ്‌ റൂമില്‍ പാതി തീര്‍ന്ന മദ്യക്കുപ്പി കണ്ടു. എരിഞ്ഞുതീര്‍ന്ന കുറെ സിഗരറ്റ്‌ കഷ്‌ണങ്ങളും.
അച്ഛന്‍ മദ്യപിക്കുമായിരുന്നോ? സിഗരറ്റ്‌ വലിക്കുമായിരുന്നോ?
ഇത്‌ വരെ കണ്ടിട്ടില്ല.
മുകളിലെത്തി വാതില്‍ തുറന്നപ്പോള്‍ അന്ധാളിച്ച്‌ പോയി. കിടക്കയില്‍ കരഞ്ഞുവീര്‍ത്ത മുഖവുമായി അമ്മ.
ഒന്നുമറിയാത്ത പോലെ വസ്‌ത്രം മാറി അവള്‍ പുറത്തേക്ക്‌ നടന്നു.
മുറ്റം നിറയെ ഇലകള്‍ ചിതറി കിടക്കുന്നുണ്ടായിരുന്നു. ഓര്‍ക്കിഡുകളും ആന്തൂറിയവുമെല്ലാം നനക്കാത്തത്‌ കൊണ്ട്‌ തളര്‍ന്ന്‌ നില്‍ക്കുന്നത്‌ കണ്ടു. എന്ത്‌ വേഗമാണ്‌ ആത്മബന്ധങ്ങള്‍ ശിഥിലമാകുന്നത്‌. ഇത്രയേറെ സ്‌നേഹിച്ചിട്ടും അമ്മക്കെങ്ങനെ അച്ഛനെ വെറുക്കാന്‍ പറ്റുന്നു. സൗന്ദര്യമില്ലായ്‌മയുടെ അഭംഗി ഇപ്പോഴാണോ അമ്മയുടെ കണ്ണില്‍പ്പെട്ടത്‌. ഡോക്‌ടര്‍ അമ്മക്ക്‌ ചേര്‍ന്ന വരന്‍ തന്നെ. പക്ഷേ അച്ഛന്‍ ഈ നഷ്‌ടം എങ്ങനെ സഹിക്കും...
ഇത്ര സുന്ദരിയായ സ്‌ത്രീയെ അച്ഛനിനി കിട്ടുമോ?
ചോദ്യങ്ങളും വിശകലനങ്ങളും അവളെ വീര്‍പ്പുമുട്ടിക്കുന്നുണ്ടായിരുന്നു.
ചൂലെടുത്ത്‌ മുറ്റത്തെ പ്രധാനഭാഗങ്ങളെല്ലാം അടിച്ചുവാരി. വെള്ളം മുക്കി തറ തുടച്ചു. അടുക്കളയില്‍ അലങ്കോലമായി കിടന്നിരുന്ന പാത്രങ്ങളെല്ലാം കഴുകിവെച്ചു.
സ്റ്റൗ കത്തിച്ച്‌ വെള്ളം തിളപ്പിച്ച്‌ അരി കഴുകി അടുപ്പത്തിട്ടു. ഫ്രിഡ്‌ജിലുണ്ടായിരുന്ന പച്ചക്കറികള്‍ അരിഞ്ഞു. താറാവ്‌ മുട്ടയെടുത്ത്‌ പൊരിക്കാനായി അവള്‍ കലക്കിവെച്ചു.
സമയം ഇഴഞ്ഞുനീങ്ങുകയാണ്‌. അമ്മയുടെയും അച്ഛന്റെയും ചലനങ്ങളൊന്നും കണ്ടില്ല. തോല്‍വിയും വിജയവും മാറി മറിയുന്ന ബിസിനസ്‌ രംഗത്തെ അതികായനായിട്ടും അമ്മക്ക്‌ മുന്നില്‍ അച്ഛന്‍ ചുരുങ്ങിയില്ലാതാകുന്നത്‌ പോലെ...
ഇന്ന്‌ വൈഗ വീട്ടുകാരിയുടെ റോള്‍ ഏറ്റെടുക്കുകയാണ്‌. ഇടക്കെല്ലാം വിനോദത്തിനായി മാത്രം ചെയ്യുമായിരുന്ന പാചകത്തിലേക്കൊരു തിരിച്ചുപോക്ക്‌..
ചോറ്‌ വാര്‍ത്ത ശേഷം കറി വെച്ചു. മുട്ട ഇളക്കിപൊരിച്ചെടുത്ത്‌ കരുമുളക്‌ പൊടി വിതറി.തീന്‍ മേശയില്‍ ഓരോന്നായി നിരത്തിവെച്ചപ്പോഴേക്കും സമയം എട്ടുമണി കഴിഞ്ഞിരുന്നു.
മേല്‍ കഴുകി വൈഗ അച്ഛന്റെയടുത്ത്‌ ചെന്നു. മദ്യത്തിന്റെയാലസ്യത്തില്‍ കണ്ണുകള്‍ ചുവന്ന്‌ തുടുത്തിരുന്നു.
``അച്ഛാ..നമുക്കെന്തെങ്കിലും കഴിക്കാം''
അവളുടെ ചോദ്യം കേട്ട്‌ അച്ഛന്‍ മുഖമുയര്‍ത്തി നോക്കി. മിഴികള്‍ കലങ്ങി മറിഞ്ഞൊഴുകുന്നുണ്ടായിരുന്നു. മുഖം കഴുകിയ ശേഷം അച്ഛന്‍ അവളുടെ കൂടെ നടന്നു.
പിന്നെ അവള്‍ അമ്മയെ പോയി വിളിച്ചു. വേണ്ട എന്ന്‌ ശാഠ്യം പിടിച്ചെങ്കിലും ഒരുപാട്‌ നിര്‍ബന്ധിച്ചപ്പോള്‍ അവളുടെ കൂടെ ചെന്നു.
തീന്‍മേശയില്‍ ഇരുവരും അഭിമുഖമായി ഇരുന്നു.
രണ്ടു പേര്‍ക്കും അവള്‍ ചോറുവിളമ്പി കൊടുത്തു.
മുഖത്തേക്ക്‌ നോക്കാതെ വിളമ്പിയിട്ടത്‌ മുഴുവന്‍ ഇരുവരും വാരി തിന്നു.
``വൈഗക്കൊരു ആഗ്രഹമുണ്ട്‌. പറഞ്ഞോട്ടെ ഞാന്‍.''
അമ്മയും അച്ഛനും ഒരുപോലെ തലയാട്ടി.
``ഞാനിന്ന്‌ മുതല്‍ ശീലങ്ങള്‍ മാറ്റുകയാണ്‌. ഇനി ഞാന്‍ അമ്മയില്ലാതെ കിടന്നുറങ്ങും. നിങ്ങളുടെ സ്വര്‍ഗത്തില്‍ കട്ടുറുമ്പായത്‌ മതി എനിക്ക്‌''
അവളുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഇരുവരുടെ ചുണ്ടിലും പുഞ്ചിരി പരന്നു.
അമ്മയും അച്ഛനും കൈകഴുകി വന്നപ്പോള്‍ അവര്‍ക്ക്‌ നടുവില്‍ പോയി നിന്ന്‌ രണ്ടുപേരുടെയും തോളത്തായി അവള്‍ കൈകള്‍ ചുറ്റി. അമ്മയുടെയും അച്ഛന്റെയും കവിളില്‍ ചുംബിച്ചു. പതിയെ അവരെ ബെഡ്ഡ്‌റൂമിലാക്കിയ ശേഷം തിരിഞ്ഞുനടന്നു. ഒരു കടലിന്റെ അക്കരെയും ഇക്കരെയുമെന്നവണ്ണം കട്ടിലിന്റെ ഇരുഭാഗത്തായി അവരിരിക്കുന്നത്‌ കണ്ടു. പുറത്തെത്തി വാതില്‍ വലിച്ചടച്ച്‌ താക്കോലിട്ട്‌ പൂട്ടി. ഫോണ്‍ ബന്ധം വിഛേദിച്ച ശേഷം അവള്‍ മുറിയിലേക്ക്‌ നടന്നു.
ജാലകത്തിനരുകില്‍ പോയി നില്‍ക്കുമ്പോള്‍ തെളിഞ്ഞ ആകാശത്ത്‌ നിന്നും നിലാവ്‌ പൊഴിയുന്നുണ്ടായിരുന്നു. ഈ നിലാവുള്ള രാത്രിയില്‍ ``വൈഗാസ്‌ ഹെവന്‍'' എന്തു ഭംഗിയുണ്ടാവുമെന്ന്‌ അവളോര്‍ത്തു. അവിടെ പോയി ഈ രാത്രി മുഴുവന്‍ ഇരിക്കാന്‍ അവള്‍ കൊതിച്ചു.
വൈഗ ക്രൂരയാണ്‌. പൊഴിയാനൊരുങ്ങുന്ന ഇലകളെ ഒരുമിച്ച്‌ ചേര്‍ത്ത്‌ അടര്‍ത്തിയിട്ട്‌ പുഞ്ചിരിക്കുന്ന ക്രൂര. ഓര്‍ത്തപ്പോള്‍ പൊട്ടിചിരിക്കാനാണ്‌ അവള്‍ക്ക്‌ തോന്നിയത്‌.
മേഘങ്ങള്‍ ആകാശത്ത്‌ പരന്നുതുടങ്ങിയത്‌ അവ്യക്തമായി കണ്ടു. നിലാവ്‌ ഇരുട്ടിന്‌ വഴിമാറുകയാണ്‌. ചുറ്റിനും കാറ്റ്‌ വ്യാപിക്കുന്നതറിഞ്ഞു.
കണ്ണാടിക്ക്‌ മുന്നില്‍ നിന്ന്‌ അവള്‍ അണിഞ്ഞൊരുങ്ങി. നെറ്റിയില്‍ ചുവന്ന പൊട്ടുതൊട്ടു. ആരും തൊട്ടശുദ്ധമാക്കാത്ത ശരീരവടിവുകളില്‍ മിഴികളൂന്നി. ഇണചേരുന്നത്‌ പലയാവര്‍ത്തി കണ്ടിട്ടും പിടിച്ച്‌ നിന്ന മനോധൈര്യത്തെ സ്വയം പുകഴ്‌ത്തി.
മഴ പെയ്‌തുതുടങ്ങി. വൈദ്യുതി നിലച്ചു.
മെഴുകുതിരി കത്തിച്ച്‌ അവള്‍ അടുക്കളയിലേക്ക്‌ നടന്നു.
ആകാശത്ത്‌ മേഘങ്ങള്‍ കൂട്ടിമുട്ടുന്ന ശബ്‌ദം കേട്ട്‌ അവള്‍ ഉറക്കെ ചിരിച്ചു. ഒരുപാട്‌ വെറുത്തിട്ടും അവളെ സ്വീകരിക്കാനെന്ന പോലെ ഓടിയെത്തിയ മഴയോട്‌ ആദ്യമായി വൈഗക്ക്‌്‌ ഇഷ്‌ടം തോന്നി...

Friday, September 25, 2009

മൗനമെഴുതിയ മിഴികള്‍


കോടമഞ്ഞ്‌ മൂടി കിടക്കുന്ന പര്‍വതനിരകള്‍ക്ക്‌ താഴെയുള്ള ഗ്രീന്‍വാലി റിസോര്‍ട്ടിലെ പാര്‍ക്കിലിരിക്കുമ്പോള്‍ മനസ്സുനിറയെ ശൂന്യതയായിരുന്നു. ഈ മലനിരകള്‍ക്ക്‌ താഴെ ഓര്‍മ്മകളെ തുരത്താന്‍ ഒളിത്താമസം തുടങ്ങിയിട്ട്‌ ദിവസങ്ങളേറെയായി. പക്ഷേ അതില്‍ വിജയിച്ചോയെന്ന്‌ ചോദിക്കുമ്പോഴാണ്‌ മൗനം ശരീരത്തിലേക്കും ആത്മാവിലേക്കും കയറിപോവുക.
പുകപടലങ്ങള്‍ പോലെ പറന്നിറങ്ങുന്ന കോടമഞ്ഞിനിടയില്‍ ഷാള്‍ പുതച്ച്‌ ബിയര്‍ കഴിച്ചിരിക്കുമ്പോള്‍ ഇടക്കിടെ വരുന്ന കോളുകള്‍ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ആരൊക്കെയോ എന്നെയും ഓര്‍ക്കുന്നുണ്ടല്ലോയെന്ന്‌ ചിന്തിക്കുമ്പോള്‍ ഒരാശ്വാസം ബാക്കിയാവുന്നു.
ഒരു ഐസ്‌ ബിയറിന്‌ കൂടി പറഞ്ഞിരിക്കുമ്പോള്‍ അല്‍പ്പമകലെയുള്ള ബെഞ്ചില്‍ രണ്ടുപേര്‍ വന്നിരിക്കുന്നത്‌ കണ്ടു.
മധുവിധു ആഘോഷിക്കാന്‍ തണുക്കുന്ന മലനിരകള്‍ തേടി വന്നവരാണെന്ന്‌ തോന്നുന്നു. നടന്നുവരുമ്പോള്‍ അയാളുടെ കൈകള്‍ അവളെ ചുറ്റിപിടിച്ചിരുന്നു. നിതംബത്തിന്‌ താഴെ മുടിയുള്ള ആ പെണ്‍കുട്ടിയുടെ നെറ്റിയില്‍ കടുംചുവപ്പ്‌ സിന്ദൂരം ഉണങ്ങികിടന്നിരുന്നു. ഭാവിജീവിതത്തിന്റെ അസുലഭതകളെ പറ്റി പരസ്‌പരം പറഞ്ഞുറപ്പിക്കാനുള്ള യാത്രകളാണല്ലോ മധുവിധുനാളിലേത്‌..
ബിയര്‍ കൊണ്ടുവെച്ച്‌ തിരിഞ്ഞുനടക്കുമ്പോള്‍ എന്റെ നോട്ടം കണ്ടാവാം ബെയറര്‍ പറഞ്ഞു.
``ഇവിടെ ഹണിമൂണ്‍ ക്വാട്ടേഴ്‌സുണ്ട്‌ സാര്‍''
എന്റെ നോട്ടം അത്ര തീഷ്‌ണമായിരുന്നുവെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ അയാളെ നോക്കി അറിയാതെ ചിരിച്ചുപോയി.
മഞ്ഞിനെയും വഹിച്ചുകൊണ്ടുപോവുന്ന കാറ്റ്‌ ശരീരത്തെ കുത്തിനോവിക്കുന്നുണ്ടെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ സിഗരറ്റിന്‌ തീ കൊളുത്തി. അകലെ ആവി പറക്കുന്ന ചായ അവളുടെ ചുണ്ടുകളിലേക്ക്‌ പകര്‍ന്നുകൊടുക്കുകയാണ്‌ അയാള്‍. ഒരു വലിയ ജീവിതയാത്രയുടെ തുടക്കത്തില്‍ നില്‍ക്കുന്ന ആ മനസുകളെ കണ്ടപ്പോള്‍ അവളുടെ മുഖം മനസില്‍ വന്നു.

ശ്രീദേവി ഇപ്പോള്‍ എവിടെയുണ്ടാകും?
എവിടെയാണെങ്കിലും സന്തോഷത്തോടെയിരിക്കട്ടെ...
ടൗണ്‍മാളിലെ പുസ്‌തകശാലയില്‍ നിന്നാണ്‌ അവളെ ആദ്യമായി കണ്ടത്‌.
ഇംഗ്ലീഷ്‌ കവിതകളുടെ വിവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കുന്നതിനിടയില്‍ നിലത്തോട്‌ ചേര്‍ന്ന്‌ കിടന്നിരുന്ന അവളുടെ ചുരിദാറിന്റെ ഷാളില്‍ അറിയാതെ ചവിട്ടിപ്പോയി.
തിരിഞ്ഞുനടക്കാന്‍ തുടങ്ങുന്നതിനിടെ പുറകില്‍ നിന്നും ആരോ പിടിച്ചുവലിച്ചത്‌ പോലെ തോന്നിയിട്ടുണ്ടാവും. ദേഷ്യത്തോടെ മുഖം തിരിച്ചുവെങ്കിലും എന്നെ കണ്ടപ്പോള്‍ അവള്‍ ചിരിച്ചതേയുള്ളു.
`സോറി'..അല്‍പ്പം ജാള്യതയോടെ പറഞ്ഞു.
`ഇറ്റ്‌സ്‌ ഒക്കെ' എന്ന്‌ പറഞ്ഞ്‌ അവളെന്റെ മുഖത്ത്‌ നോക്കി പൊട്ടിചിരിച്ചു.
ചന്ദ്രഹാസന്‍ സാറല്ലെ?
അവളുടെ അപ്രതീക്ഷിതമായ ചോദ്യം അത്ഭുതപ്പെടുത്തി.
`അതെ' എന്നെയെങ്ങനെയറിയാം?
``ഞാന്‍...ശ്രീരേഖയുടെ ചേച്ചിയാണ്‌. ശ്രീദേവി. സാറിന്റെ നാടകങ്ങള്‍ വായിച്ചിട്ടുണ്ട്‌.ചിലതെല്ലാം കാണാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്‌''
്‌നാടകവുമായി ചുറ്റിത്തിരിയുന്നത്‌ കൊണ്ട്‌ ആ വഴിക്കുമുണ്ട്‌ കുറെ സ്‌നേഹബന്ധങ്ങള്‍. `ശലഭങ്ങള്‍ അലയുന്നു' എന്ന നാടകത്തിലെ വേശ്യാവൃത്തി ഉപജീവനമാര്‍ഗമാക്കി മാറ്റിയ നായികാകഥാപാത്രത്തെ അഭിനയിച്ച്‌ ഫലിപ്പിച്ച്‌ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ പെണ്‍കുട്ടിയായിരുന്നു ശ്രീരേഖ.
എഴുതുമ്പോഴെല്ലാം മനസില്‍ ഓരോ കഥാപാത്രങ്ങളുടെയും മുഖം തെളിയാറുണ്ട്‌. പക്ഷേ അരങ്ങില്‍ കാണാറുള്ളത്‌ സ്വപ്‌നങ്ങള്‍ക്കപ്പുറത്തുള്ള വിരസന്‍ രൂപങ്ങള്‍ മാത്രം.
ടൗണ്‍ഹാളില്‍ ശലഭങ്ങള്‍ അലയുന്നു എന്ന നാടകം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. സൂസന്‍ എന്ന കേന്ദ്രകഥാപാത്രത്തിന്‌ ഞാനിട്ട അതേ മുഖഛായയായിരുന്നു. നല്ലൊരു ജീവിതത്തിലേക്ക്‌ തിരിച്ചെത്താന്‍ മോഹിച്ച്‌ മരണത്തിന്റെ പടികള്‍ കയറിപോവുന്ന സൂസന്റെ ദയനീയചിത്രത്തിലൂടെ തിരശ്ശീല താഴുമ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞു.
പിന്നീടൊരിക്കല്‍ സംവിധായകന്‍ മോഹനചന്ദ്രനാണ്‌ പറഞ്ഞത്‌.
``നിന്റെ നാടകം പോലെയാവുന്നല്ലോ അവളുടെ ജീവിതവും...''
കൂടുതലൊന്നും ചോദിക്കാതെ തിരിഞ്ഞുനടക്കുമ്പോള്‍ ദുഖം തോന്നി.
ഇതാ അപ്രതീക്ഷിതമായി അവളുടെ ചേച്ചി മുന്നില്‍..
എന്തെങ്കിലും ചോദിക്കണ്ടേയെന്ന്‌ കരുതി തിരക്കി.
`എന്തു ചെയ്യുന്നു?'
`കേന്ദ്രീയവിദ്യാലയത്തില്‍ ടീച്ചറാണ്‌'
`ഏതാ സബ്‌ജക്‌റ്റ്‌?'
`കെമിസ്‌ട്രി'
`ശ്രീരേഖയിപ്പോള്‍ എവിടെയാണ്‌?'
എന്റെ ചോദ്യം അനാവശ്യമായിപ്പോയെന്ന്‌ ആ മുഖം കണ്ടപ്പോള്‍ മനസ്സിലായി
``ഹൈദ്രാബാദിലാണ്‌. കലാകേരളയുടെ ടൂര്‍ പ്രോഗ്രാം. സാറെവിടെയാ താമസം?''
``ബീച്ച്‌ അവന്യുവില്‍ ഫ്‌ളാറ്റ്‌ നമ്പര്‍ 14''
`കുടുംബം'
`ഒറ്റക്കാണ്‌'
പുസ്‌തകശാലയില്‍ നിന്ന്‌ പിരിയുമ്പോള്‍ വീണ്ടും കാണാമെന്ന്‌ അവള്‍ പറഞ്ഞു.
മൂന്ന്‌ ദിവസത്തിന്‌ ശേഷം മദ്യപിച്ച്‌ കൊണ്ടിരുന്ന ഒരു രാത്രിയില്‍ ശ്രീദേവി വിളിച്ചു.
``എന്റെ മുന്നിലിപ്പോള്‍ സാറിന്റെ `രാത്രിയാത്രികര്‍'എന്ന നാടകമുണ്ട്‌. വായിച്ചപ്പോള്‍ ഒരു സംശയം. ഇതിലെ യാമിനി ജീവിച്ചിരുന്ന ആരെങ്കിലുമാണോ?''
ലഹരി മാറ്റിയെഴുതിയ എന്റെ മുന്നില്‍ ഒരു നീണ്ട ബെല്‍ മുഴങ്ങി.
തീരശീല ഉയര്‍ന്നു.
ബാക്ക്‌ ഗ്രൗണ്ടില്‍ ഒരു രാത്രി ബസ്റ്റാന്റ്‌. രണ്ടു മൂന്ന്‌ ബസ്സുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു.
അരങ്ങില്‍ നേരിയ വെളിച്ചം പടരുന്നു.
സുന്ദരിയായ ഒരു സ്‌ത്രീ നടന്നുവരുന്നു.
ബസ്‌ കാത്ത്‌ നില്‍ക്കുന്ന യുവാവിനെ ചുറ്റിപറ്റി നീങ്ങുന്ന സ്‌ത്രീ അയാളോട്‌ എന്തോ സംസാരിക്കുന്നു..
അരങ്ങിലെ വെളിച്ചം പെട്ടന്ന്‌ പോകുന്നു. വീണ്ടും തെളിയുമ്പോള്‍ രംഗത്ത്‌ ശൂന്യത മാത്രം.
``സാര്‍..ഞാന്‍ പറയുന്നത്‌ കേള്‍ക്കുന്നില്ലേ?'' വീണ്ടും ശ്രീദേവിയുടെ ശബ്‌ദം.
``ഉണ്ട്‌. രാത്രിയാത്രികരിലെ യാമിനി എന്ന കഥാപാത്രം എന്റെ അമ്മ തന്നെയാണ്‌ ശ്രീദേവി..''
്‌നീണ്ട നിശബ്‌ദതക്ക്‌ ശേഷം ടെലഫോണ്‍ അവള്‍ കട്ട്‌ ചെയ്‌തതറിഞ്ഞു.
ലഹരിയുടെ ആധിക്യം സിരകളെ തളര്‍ത്തിയപ്പോള്‍ ഞാന്‍ വേച്ചുവീണുപോയി.

നിര്‍ത്താതെയടിച്ച കോളിംഗ്‌ബെല്‍ കേട്ടാണുണര്‍ന്നത്‌. അലങ്കോരമായി കിടക്കുന്ന മുറിയെ നോക്കി ഗുഡ്‌മോണിംഗ്‌ പറഞ്ഞു.
വാതില്‍ക്കലേക്ക്‌ നടന്നു.
കതക്‌ തുറന്നു നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി.
ശ്രീദേവി.
``ഞാന്‍ അകത്തേക്ക്‌ വന്നോട്ടെ''
അവ്യക്തമായ എന്റെ മൂളല്‍ അവള്‍ കേട്ടോയെന്നറിയില്ല. പെട്ടന്ന്‌ അകത്തേക്ക്‌ കയറിവന്നു.
``ഇന്നലെ രാത്രി തന്നെ കാണാന്‍ തോന്നി. പക്ഷേ ഞാനൊരു പെണ്ണായി പോയില്ലേ?''
``ശ്രീദേവി. ഇന്നലെ ഞാനെന്തെങ്കിലും അവിവേകം പറഞ്ഞോ?''
``ഇല്ല. കഴിഞ്ഞ കുറെ നാളുകളായി സാറിന്റെ ബുക്കുകളില്‍ പലതിലൂടെയും ഞാന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്‌. ഏറ്റവും ഇഷ്‌ടപ്പെട്ടത്‌ രാത്രിയാത്രികരായിരുന്നു. അതിന്റെ ആവിര്‍ഭാവത്തെ കുറിച്ചറിയാന്‍ താല്‍പര്യം തോന്നി. അതാണ്‌ വിളിച്ചത്‌. അതറിഞ്ഞപ്പോള്‍ കാണാനും...''
സംസാരിക്കുന്നതിനിടെ അലങ്കോലമായി കിടക്കുന്ന മുറി വൃത്തിയാക്കി അവള്‍ അടുക്കളയിലേക്ക്‌ പോകുന്നത്‌ കണ്ടു.
കുളി കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോള്‍ ചായയുമായി ശ്രീദേവി മുന്നില്‍..
അര മണിക്കുറോളം പിന്നെയും എന്തൊക്കെയോ പറഞ്ഞ്‌ അവള്‍ അവിടെ തന്നെയുണ്ടായിരുന്നു.
ഇടക്കെപ്പോഴോ മൊബൈല്‍ ഫോണ്‍ ശബ്‌ദിച്ചപ്പോള്‍ ഫോണ്‍ ചെവിയോട്‌ ചേര്‍ത്തവള്‍ യാത്ര പറഞ്ഞു.
എല്ലാമൊരു സ്വപ്‌നം പോലെയാണ്‌ അപ്പോഴും തോന്നിയത്‌.
ഒരു സ്‌ത്രീയുടെ സാമീപ്യത്തെ കുറിച്ചോ അതിന്റെ മനോഹാരിതയെ കുറിച്ചോ ചിന്തിച്ചിട്ടില്ലാത്ത എന്നിലേക്ക്‌ വളരെയാഴത്തില്‍ ശ്രീദേവിയുടെ സാമീപ്യം കയറിപ്പോയതറിഞ്ഞു.
പിന്നീടെത്രയെത്ര കൂടികാഴ്‌ചകള്‍, സംസാരങ്ങള്‍.
ഒരു ദിവസം അനുസ്‌മരണ ചടങ്ങ്‌ കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോള്‍ രാത്രിയായിരുന്നു. ബാറിന്റെ അരണ്ട വെളിച്ചത്തിലേക്ക്‌ കടന്നുചെന്ന്‌ മദ്യത്തിന്‌ ഓര്‍ഡര്‍ നല്‍കിയിരിക്കുമ്പോള്‍ മനസിലോര്‍ത്തു. മദ്യത്തിന്റെയും സിഗരറ്റിന്റെയും മനംമടുപ്പിക്കുന്ന ഗന്ധം ശ്രീദേവിയെ എത്രമാത്രം അലോസരപ്പെടുത്തുന്നുണ്ടാവും. .മദ്യശാലയിലേക്കുള്ള വരവ്‌ അവസാനിപ്പിക്കണമെന്ന്‌ തീര്‍ച്ചപ്പെടുത്തി.
ലഹരിയില്‍ കുഴഞ്ഞ്‌ ഫ്‌ളാറ്റിലെത്തുമ്പോള്‍ വാതില്‍ക്കല്‍ ശ്രീദേവിയുണ്ടായിരുന്നു. കൈയില്‍ ഒരു വലിയ ബാഗും.
``കുറെ നേരായോ വന്നിട്ട്‌. വിളിച്ചൂടായിരുന്നോ...'' ചാവി അവള്‍ക്ക്‌ നീട്ടികൊണ്ട്‌ ചോദിച്ചു.
``ഞാന്‍ കാരണം ഒന്നും മാറ്റി വെക്കണ്ടല്ലോയെന്ന്‌ കരുതി''
``ഞാനിങ്ങോട്ട്‌ പോന്നു. ശ്‌മശാനം പോലുള്ള ആ വിട്ടില്‍ ഇനി വയ്യ..''
ഉം..നന്നായി. ശബ്‌ദം കുഴയാതിരിക്കാന്‍ ശ്രദ്ധിച്ച്‌ കൊണ്ട്‌ ഞാന്‍ പറഞ്ഞു.
``നാളെ ക്ഷേത്രത്തില്‍ കൊണ്ടുപോയി ഒരു താലി കെട്ടിത്തരണം. ഒരുമിച്ച്‌ താമസിക്കുമ്പോള്‍ ആളുകള്‍ തിരയുന്ന അടയാളം നമുക്കും ബാധകമാണല്ലോ''
ഉം..ഞാന്‍ മൂളി.
ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുന്നു. എങ്ങിനെയൊക്കെ സംഭവിക്കുന്നു. ഒന്നും മനസിലാകാതെ നില്‍ക്കുമ്പോള്‍ മദ്യം കബളിപ്പിക്കുകയാണെന്ന്‌ തോന്നി.
``സമയം ഒരുപാടായി. ഉറങ്ങണ്ടെ?''
അവളുടെ ചോദ്യം കേട്ട്‌ അനുസരണയുള്ള കുട്ടിയെ പോലെ പിന്നാലെ നടന്നു.
മനോഹരമായി വിരിച്ചിട്ടിരുന്ന കിടക്കയിലേക്ക്‌ ചെന്ന്‌ വീണു. അല്‍പം കഴിഞ്ഞ്‌ ലൈറ്റ്‌ ഓഫ്‌ ചെയ്‌ത്‌ ശ്രീദേവിയും വന്ന്‌ അരികത്ത്‌ കിടന്നു.
അവളുടെ മാദകഗന്ധം ഓരോ നിമിഷവും ഭ്രാന്തനാക്കികൊണ്ടിരുന്നു...
`` ചന്ദ്രേട്ടന്‌ എല്ലാമൊരത്ഭുതം പോലെ തോന്നുണ്ടാവും ല്ലേ...ഞാനങ്ങനെയാണ്‌ ചിന്തകള്‍ക്കധീതമായി..സ്വപ്‌നങ്ങള്‍ക്കധീതമായി...
ഒരു രാത്രിയെ നമുക്ക്‌ മുന്നിലുള്ളു..എന്തും തീരുമാനിക്കാം. കൂടിചേരാം അല്ലെങ്കില്‍ പിരിയാം.
അവളുടെ വാക്കുകള്‍ കേട്ട്‌ എന്ത്‌ പറയണമെന്നറിയാതെ കുഴഞ്ഞു.
``ഞാന്‍ എപ്പോഴൊക്കെയോ നിന്നെ സ്‌നേഹിച്ചിരുന്നു ശ്രീദേവീ..''
``പറയാതെ തിരിച്ചറിയുമ്പോഴാണ്‌ സ്‌നേഹം തീഷ്‌ണമാവുന്നത്‌ ചന്ദ്രേട്ടാ..ഒരു രാത്രി വന്ന്‌ താലിചരടിന്റെ ബന്ധനം ആവശ്യപ്പെട്ട സ്‌ത്രീയുടെ മനസ്‌ പുഛത്തോടെയാവും കണ്ടിട്ടുണ്ടാവുക. പക്ഷേ എനിക്കെന്നോ അറിയാമായിരുന്നു എന്നെ ഉപേക്ഷിക്കാനാവില്ലെന്ന്‌...''
പിന്നീട്‌ കുറെ നേരം നിശബ്‌ദത ഞങ്ങള്‍ക്കിടയില്‍ കിടന്ന്‌ പുളഞ്ഞു.
എന്നിലെ മൃഗതൃഷ്‌ണയെ അടക്കികിടത്തി മദ്യരഹിത രാത്രികളെ സ്വപ്‌നം കണ്ട്‌ എപ്പോഴോ ഉറങ്ങി. രാത്രി ഏറെ വൈകിയപ്പോള്‍ തൊണ്ട വരളുന്നത്‌ പോലെ തോന്നി. മദ്യം അടക്കിവാണ ശരീരത്തില്‍ നിന്നും അത്‌ വിട്ടൊഴിഞ്ഞുപോവുമ്പോഴുള്ള ഒടുക്കത്തെ ദാഹം.
ബെഡ്‌ ലാംബ്‌ ഓണ്‍ ചെയ്‌ത്‌ എഴുന്നേല്‍ക്കുമ്പോള്‍ കിടക്കയില്‍ ശ്രീദേവിയെ കണ്ടില്ല. ജഗ്ഗില്‍ നിന്നും വെള്ളമെടുത്ത്‌ വായിലേക്ക്‌ കമിഴ്‌ത്തി വിസിറ്റിംഗ്‌ റൂമിലേക്ക്‌ നടക്കുമ്പോള്‍ ശ്രീദേവി ആരോടോ സംസാരിക്കുന്നത്‌ കേട്ടു.
``റിയാസ്‌...മൂന്ന്‌ മാസം നിനക്കായി ഞാന്‍ കാത്തിരിക്കും. സുരക്ഷിതമായ പ്ലാറ്റ്‌ഫോമില്‍. ഒന്ന്‌ നിനക്കുറപ്പ്‌ തരാം. എന്നെ സംരക്ഷിക്കാന്‍ എനിക്കറിയാം. മൂന്ന്‌ മാസം പൂര്‍ത്തിയായിട്ടും നീ വന്നില്ലെങ്കില്‍ ഞാന്‍ പ്രശസ്‌തനായ ഒരു വ്യക്തിയുടെ ഭാര്യയായിട്ടുണ്ടാവും.''
അവളുടെ വാക്കുകള്‍ കൂരമ്പുകളായി മനസ്സില്‍ തറക്കുന്നതറിഞ്ഞു. മിഴികള്‍ പൂട്ടി ഉറക്കം വരാതെ കിടക്കുമ്പോള്‍ തൊട്ടടുത്ത്‌ നിന്നും നീണ്ട നിശ്വാസവും അടക്കിയ തേങ്ങലുകളും കേട്ടു.

എനിക്ക്‌ മുന്നില്‍ വീണ്ടും അരങ്ങുണര്‍ന്നു.
ഓല മേഞ്ഞ വീടിന്‌ മുന്നിലെ മരച്ചുവട്ടില്‍ ഒരു യുവാവിരിക്കുന്നു. കൈലിമുണ്ടും ബനിയനുമാണ്‌ വേഷം. അയാളുടെ മുഖം അസ്വസ്ഥമാണ്‌. ഇടക്ക്‌ ഭ്രാന്ത്‌ വന്നവനെ പോലെ മുടി പിടിച്ച്‌ വലിക്കുന്നു. ചുവപ്പും പച്ചയും പ്രകാശങ്ങള്‍ അരങ്ങിലേക്ക്‌ മിന്നിമായുന്നു. അയാളുടെ ചുറ്റിനും മുഖംമൂടി ധരിച്ച കോലങ്ങള്‍, ചുവന്ന പട്ടുടുത്ത രൗദ്രഭാവങ്ങള്‍ ഉറഞ്ഞുതുള്ളുന്നു.
വീടിന്റെ ഇറപ്പില്‍ നിന്നും തിളങ്ങുന്ന കത്തി വലിച്ചൂരി വാതില്‍ ചവിട്ടിതുറന്ന്‌ അയാള്‍ അകത്തേക്ക്‌ കയറി പോയി. മുഖം മൂടികള്‍ മറയുന്നു. രൗദ്രഭാവങ്ങള്‍ ഓടിയകലുന്നു.
രംഗത്ത്‌ കനത്ത ഇരുട്ട്‌ നിറയുന്നു. ഒരു സ്‌ത്രീയുടെ ആര്‍ത്തനാദം..
സുധാകരന്‍ അവന്റെ അമ്മയെ കൊന്നു.
ആരോ വിളിച്ചുപറയുന്നു.
തിരശീല പതിയെ താഴുകയാണ്‌...
രാത്രിയാത്രികരിലെ അവസാനരംഗം മനസില്‍ മിന്നിമായുന്നതറിഞ്ഞു.
സ്‌ത്രീ വിഷമാണ്‌. അനുഭവങ്ങള്‍ സമ്മാനിച്ച തത്വം ഊട്ടിയുറപ്പിക്കുമ്പോഴും ശ്രീദേവിയോട്‌ അല്‍പം പോലും വെറുപ്പ്‌ തോന്നിയില്ല.
ജീവിതത്തില്‍ ഒരിക്കലും തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്‌ത്രീസാമീപ്യം കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി തിരിച്ചറിഞ്ഞപ്പോള്‍ എന്റെ മനസും മാറിപ്പോയോ?
നഗരത്തില്‍ നിരവധി ഹോസ്റ്റലുകളുണ്ടായിട്ടും ഒരു പുരുഷന്റെ കൂടെ മൂന്ന്‌ മാസം തള്ളിനീക്കാന്‍ ധൈര്യം കാണിച്ച പെണ്‍കുട്ടിയുടെ മനശക്തി ലോകത്തേത്‌ പുരുഷനുണ്ടാകും?
ശ്രീദേവിയും തന്റെ ജീവിതം ഒരു പരീക്ഷണത്തിന്‌ നല്‍കുകയാണ്‌. ഇഷ്‌ടങ്ങള്‍ മാറിമറിഞ്ഞേക്കാവുന്ന മനസുള്ള അവള്‍ സ്‌നേഹിക്കുന്ന പുരുഷന്‌ ഡെഡ്‌ലൈന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതില്‍ നിഗൂഢമായ ചില തീരുമാനങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്‌.

നേരം പുലര്‍ന്നപ്പോള്‍ പ്രഭാതഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു അവള്‍. അടുക്കളയിലേക്ക്‌ ചെന്നപ്പോള്‍ ചായയെടുത്ത്‌ തന്നു.
``വേഗം കുളിച്ചൊരുങ്ങ്‌ ചന്ദ്രേട്ടാ..ക്ഷേത്രത്തില്‍ പോവണ്ടേ നമുക്ക്‌..''
``ശ്രീ..മനസുകള്‍ തമ്മിലൊരു ബന്ധനം പോരേ നമുക്കിടയിലും. വിപ്ലവം പ്രസംഗിച്ചും എഴുതിയും നടക്കുന്നത്‌ കൊണ്ട്‌ ദൈവത്തിലൊന്നും വിശ്വാസമില്ല എനിക്ക്‌...''
ഒരു വലിയ ചതിക്ക്‌ എന്തിന്‌ ദൈവത്തെ സാക്ഷിയാക്കുന്നു എന്നതായിരുന്നു അപ്പോള്‍ എന്റെ മനസിലെ ചിന്ത...
``എല്ലാം ചന്ദ്രേട്ടന്റെയിഷ്‌ടം.''
ചതിയുടെ വിരല്‍പാടുകള്‍ പതിഞ്ഞുകിടക്കുമ്പോഴും അവളുടെ മുഖം വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.
വിസിറ്റിംഗ്‌ റൂമില്‍ കാഴ്‌ചക്കാരും വാദ്യഘോഷങ്ങളുമില്ലാതെ ശ്രീദേവിയുടെ കഴുത്തില്‍ അവള്‍ പറഞ്ഞ മുഹൂര്‍ത്തത്തില്‍ താലി ചാര്‍ത്തി.
ബീച്ച്‌ ഹോട്ടലിലെ ഒഴിഞ്ഞ കോണിലിരുന്ന്‌ ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ അല്‍പ്പമകലെ ആര്‍ത്തിരമ്പുന്ന കടല്‍ ഒരു ബിന്ദുവായി ചുരുങ്ങി ശ്രീദേവിയുടെ മനസില്‍ കയറിക്കൂടിയത്‌ പോലെ തോന്നി.
ആഹ്ലാദത്തിന്റെ അത്യുന്നതിയില്‍ വിരാജിക്കുകയാണ്‌ അവളുടെ മുഖമെന്ന്‌ ഇടക്കിടെയുള്ള പുഞ്ചിരിയില്‍ നിന്നും വ്യക്തമായി.
രാത്രിയില്‍ നൈറ്റ്‌ ഗൗണിനുള്ളില്‍ വീര്‍പ്പുമുട്ടുന്ന യൗവനം മനസിനെ ഭ്രാന്തമാക്കുമ്പോഴും പിടിച്ചടക്കി കിടന്നു.
മൂന്ന്‌ മാസം അവളെ കാത്തുവെക്കേണ്ടത്‌ ഇപ്പോള്‍ അവളുടെയല്ല എന്റെയാവശ്യമാണെന്ന്‌ തോന്നി.
വഞ്ചനയുടെ പര്യായമായ അവള്‍ അയാളെയും ചതിക്കില്ലെന്നാരു കണ്ടു.
ദിവസങ്ങള്‍ക്ക്‌ ശരവേഗതയായിരുന്നു.
രാത്രിയുടെ അവസാനയാമങ്ങളിലൊന്നില്‍ കൂട്ടുകാരനോട്‌ സംസാരിക്കുന്നതിനിടെ ശ്രീദേവിയുടെ പൊട്ടിച്ചിരി കേട്ടു.
``റിയാസ്‌..എനിക്ക്‌ വിശ്വസിക്കാനാവുന്നില്ല. വെള്ളിയാഴ്‌ച വീ വരുന്നെന്നോ...അപ്പോള്‍ പറഞ്ഞത്‌ പോലെ ഹോട്ടല്‍ പസഫികില്‍ കാണാം''
വ്യക്തമായി ആ സംഭാഷണം കാതില്‍ വന്നലച്ചപ്പോള്‍ മനസില്‍ എന്തെന്നില്ലാത്തൊരു ശൂന്യത വന്ന്‌ നിറഞ്ഞു. ഈ മനോഹരമായ സാന്നിധ്യം തനിക്കന്യമാവുകയാണ്‌. കുറെ ചിന്തിച്ചപ്പോള്‍ എന്തെന്നില്ലാത്തൊരാശ്വാസം തോന്നി. എല്ലാം നേരത്തെ അവസാനിക്കുകയാണെങ്കില്‍ അതല്ലേ കൂടുതല്‍ നല്ലത്‌...

വെള്ളിയാഴ്‌ച...
അതിരാവിലെ എഴുന്നേറ്റ്‌ കുളിച്ചൊരുങ്ങി ശ്രീദേവി മുന്നില്‍ വന്നു.
``ചന്ദ്രേട്ടാ... ഞാന്‍ പറഞ്ഞിരുന്നില്ലേ. ഇന്നാണ്‌ വിനോദയാത്ര. ടാക്‌സി വിളിച്ചുപറഞ്ഞിട്ടുണ്ട്‌. സ്‌കൂളിലേക്ക്‌ ഈ സമയത്ത്‌ വണ്ടി കിട്ടാന്‍ പ്രയാസാണ്‌''
`ഉം'
ഈ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു അവളുടെ മുഖത്ത്‌...
ബാല്‍ക്കണിയിലെത്തിയപ്പോള്‍ താഴെ നിന്നും കാറിന്റെ ഹോണടി കേട്ടു.
പടികളിറങ്ങി താഴേക്ക്‌ ചെന്നു.
ശ്രീദേവിക്ക്‌ നല്‍കാന്‍ എഴുതിവെച്ചിരുന്ന കത്തും കുറച്ച്‌ പണവും ഡ്രൈവറെ എല്‍പിച്ചു. അവള്‍ പറഞ്ഞ സ്ഥലത്തെത്തിയ ശേഷം മാത്രമെ ഇതേല്‍പ്പിക്കാവു എന്നും പറഞ്ഞു.
ചന്ദ്രഹാസന്‍ വിഡ്ഡിയായിരുന്നില്ലെന്ന്‌ ശ്രീദേവി തിരിച്ചറിയണമെന്ന്‌ മാത്രമെ കരുതിയുള്ളു. ഇത്രയും കാലം വെച്ചുവിളമ്പി തന്നതിന്‌ കൂലി. പിന്നെ അരങ്ങില്‍ ആയിരങ്ങള്‍ കാണാന്‍ പോവുന്ന നാടകത്തിന്‌ കഥയൊരുക്കി തന്നതിനൊരു നന്ദിയും.
അഞ്ചുമിനിറ്റിനകം ബാഗും തൂക്കി അവള്‍ വന്ന്‌ കാറില്‍ കയറി.
``ചന്ദ്രേട്ടാ..അപ്പോള്‍ നാലു ദിവസം കഴിഞ്ഞ്‌ വീണ്ടും കാണാം''
മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ച്‌ അവള്‍ കൈവീശി കാണിച്ചു. അവളുടെ മിഴികളില്‍ കനത്തമൗനത്തിന്റെ ആവരണം പതിഞ്ഞുകിടക്കുന്നത്‌ കണ്ടു.

``സാര്‍..ഇനിയെന്തെങ്കിലും...'' ഓര്‍മ്മയില്‍ നിന്നും വിടപറഞ്ഞപ്പോള്‍ ബെയററുടെ ശബ്‌ദം.
`ബില്ല്‌ എടുത്തോളൂ.'
അയാള്‍ പോയി കഴിഞ്ഞപ്പോള്‍ അല്‍പ്പമകലെയുള്ള ആ യുവമിഥുനങ്ങളില്‍ തന്നെയായി ശ്രദ്ധ.
ചെറിയൊരു സൗന്ദര്യപിണക്കത്തിന്റെ ആലസ്യത്തിലായിരുന്നു അവരെന്ന്‌ തോന്നി. ഇല്ലികള്‍ കൊണ്ട്‌ നിര്‍മ്മിച്ച കൈവരികളില്‍ പിടിച്ച്‌ ഇരുവരും അകന്നുമാറി നില്‍ക്കുന്നുണ്ടായിരുന്നു.
മുറിയില്‍ പോയി മണിക്കൂറുകളോളം കിടന്നുറങ്ങി.
എഴുന്നേറ്റ്‌ ചൂടുവെള്ളത്തില്‍ കുളിച്ച്‌ റെസ്റ്റോറന്റിലേക്ക്‌ നടന്നു.
ചപ്പാത്തിക്കും ഗ്രീന്‍പീസ്‌ മസാലക്കും ഓര്‍ഡര്‍ നല്‍കിയിരിക്കുമ്പോള്‍ പിറകില്‍ നിന്നും ആരോ വിളിക്കുന്നത്‌ പോലെ തോന്നി.
``ചന്ദ്രഹാസന്‍ സാര്‍...വല്ലാത്ത അതിശയമായിരിക്കുന്നല്ലോ...''
തിരിഞ്ഞുനോക്കുമ്പോള്‍ വയലറ്റ്‌ നിറമുള്ള വസ്‌ത്രമണിഞ്ഞ്‌ ശ്രീരേഖ.
``അത്ഭുതമായിരിക്കുന്നല്ലോ കുട്ടീ. ഇത്ര ദൂരെ വെച്ച്‌ ഇങ്ങനെയൊരു കണ്ടുമുട്ടല്‍'' അവളെ നോക്കി ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
``നാളെ ഇവിടെയോരു പ്രോഗ്രാമുണ്ട്‌.'' അവള്‍ പറഞ്ഞു.
`സാറിന്റെ റൂം'
112. സെക്കന്റ്‌ ഫ്‌ളോറില്‍..
``ഞാന്‍ അങ്ങോട്ട്‌ വരാം.'' അവള്‍ കൂടെയുണ്ടായിരുന്നവരുടെയടുത്തേക്ക്‌ പോയി.
റൂമില്‍ അവളെ കാത്തിരിക്കുമ്പോള്‍ ശ്രീദേവിയെ കുറിച്ചറിയാന്‍ വല്ലാത്ത ആകാംക്ഷയുണ്ടായിരുന്നു. ഒടുവില്‍ ശ്രീയെ കുറിച്ച്‌ അവളോട്‌ ചോദിക്കാന്‍ തന്നെ തീരുമാനിച്ചു.
സ്വെറ്റര്‍ ധരിച്ച്‌ ശ്രീരേഖ വന്നു.
``പുതിയ ഏതെങ്കിലും രചനയുടെ ഭാഗമായി വന്നതാവും ഇവിടെ ല്ലേ..''
കയറിവരുന്നതിനിടെ അവള്‍ ചോദിച്ചു.
അതെ. അവളുടെ മുഖത്തേക്ക്‌ നോക്കാതെ പറഞ്ഞു.
``ശ്രീദേവിയിപ്പോള്‍ എവിടെയാണ്‌?' അങ്ങനെ ചോദിക്കുമ്പോള്‍ ശബദം വല്ലാതെ വിറച്ചു.
`ശ്രീദേവിയോ?' ആശ്ചര്യത്തോടെ അവള്‍ ചോദിച്ചു.
``ശ്രീരേഖയുടെ ചേച്ചിയുടെ കാര്യാ ചോദിച്ചത്‌'' അവളുടെ മുഖത്തേക്ക്‌ നോക്കി പറഞ്ഞു.
അവള്‍ പൊട്ടിച്ചിരിച്ചു.
സാറെന്താണീ ചോദിക്കുന്നത്‌. എനിക്ക്‌ ചേച്ചിയില്ല. ആകെയുണ്ടായിരുന്ന അനിയന്‍ ഒരാക്‌സിഡന്റില്‍ മരിച്ചു. ശ്രീകാന്ത്‌ മരിച്ചിട്ടിപ്പോള്‍ മൂന്നു വര്‍ഷം കഴിഞ്ഞു.
മനസില്‍ സ്‌ഫോടനം നടക്കുന്നതറിഞ്ഞു. തീഗോളങ്ങള്‍ ശരീരം മൊത്തം വരിയുന്ന പോലെ...കണ്ണുകളില്‍ കനത്ത ഇരുട്ടിന്റെ മൂടുപടം വന്നുവീഴുന്ന പോലെ...
അപ്പോള്‍ പിന്നെ അവള്‍ ആരാണ്‌...?
മൗനത്തിന്റെ ആവരണമണിഞ്ഞ അവളുടെ മുഖം മനസില്‍ തെളിഞ്ഞുവന്നു.

മുന്നില്‍ അരങ്ങിന്റെ മനോഹാരിത തെളിയുന്നു.
കരിയിലകള്‍ വീണുകിടക്കുന്ന വഴിയിലൂടെ ഒരു സ്‌ത്രീ നടന്നുപോവുന്നു.
എഴുത്തുകാരന്‌ പോലും എത്തിപിടിക്കാനാവാത്ത മുഖംമൂടി ധരിച്ച ആ കഥാപാത്രം പതിയെ നടക്കുകയാണ്‌...
ഏതു നിമിഷവും മറയുമെന്ന മന്ത്രണവുമായി ഓര്‍മ്മകളുടെ വരണ്ട മണ്ണിലൂടെ നഷ്‌ടങ്ങളുടെ വണ്ടി ഇഴഞ്ഞുനീങ്ങുകയാണ്‌. നമുക്ക്‌ മുന്നില്‍ ഒരു മഴ പെയ്യാതിരിക്കില്ല. ഗുല്‍മോഹറുകള്‍ പൂത്തുനില്‍ക്കുന്ന ഭൂമിയും നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശവും മൗനത്തിന്റെ നീണ്ട വഴികളാണ്‌.എനിക്ക്‌ ഈ ലോകത്ത്‌ ഏറ്റവും ഭയം മൗനത്തെയാണ്‌. തുടങ്ങാന്‍ മടിച്ചുനില്‍ക്കുന്ന കൊടുങ്കാറ്റും പെയ്യാനറച്ച്‌ നില്‍ക്കുന്ന പേമാരിയുമാണ്‌ മൗനം.
അവളുടെ ശബ്‌ദം അകന്നകന്ന്‌ പോവുന്നു.
തിരശീല പതിയെ താഴുകയാണ്‌.
കിടക്കയില്‍ മാഗസിന്‍ മറച്ചുനോക്കി കൊണ്ടിരിക്കുകയായിരുന്ന ശ്രീരേഖയുടെ മുഖത്ത്‌ പതിഞ്ഞുകിടക്കുന്ന മൗനത്തിന്റെ ഭീകരത കണ്ടു. ഓടിച്ചെന്ന്‌ അവളെ വാരിപുണര്‍ന്നു.
ഒരെതിര്‍പ്പുമില്ലാതെ കീഴങ്ങുന്ന അവളില്‍ നിന്നും അടര്‍ന്നുമാറി പുറത്തേക്ക്‌ നടന്നു. കനത്ത ഇരുട്ടിലൂടെ മൗനത്തിന്റെ താഴ്‌വര തേടിയുള്ള യാത്ര...


ദേശാഭിമാനി വാരിക 2009 September 20
image courtasy-google

Tuesday, June 16, 2009

പഞ്ചനക്ഷത്രത്തിലേക്കുള്ള വഴിവിസിറ്റിംഗ്‌ റൂമില്‍ ഒരാള്‍ കാത്തിരിക്കുന്നുണ്ടെന്ന്‌ പറഞ്ഞപ്പോഴും അതൊരിക്കലും ചാരുതയായിരിക്കുമെന്ന്‌ ഓര്‍ത്തതേയില്ല. ക്ലാസ്സ്‌ കഴിഞ്ഞുപോയതില്‍ പിന്നെ അവളെ മാത്രമാണ്‌ കാണാന്‍ കഴിയാതിരുന്നത്‌.ഏതോ ഡോക്‌ടറെ വിവാഹം ചെയ്‌ത്‌ അമേരിക്കയിലേക്ക്‌ പറന്നുവെന്ന്‌ സുമോദ്‌ ഒരിക്കല്‍ പറഞ്ഞിരുന്നു. ചാരുവിനെ കുറിച്ചുപറയുമ്പോഴെല്ലാം അവന്റെ കണ്ണുകളില്‍ നക്ഷത്രത്തിളക്കം കാണാം. പക്ഷേ ചാരുവിന്റെ മനസ്സ്‌ പോലെ തന്നെയാണ്‌ അവന്റേതും. നിഗൂഢതയുടെ താവളം...

അന്നത്തെ പത്രങ്ങളിലൊന്ന്‌ തുറന്ന്‌ വാര്‍ത്തകളിലേക്ക്‌ മിഴികളൂന്നിയിരിക്കുകയാണവള്‍.

“ചാരൂ''

എന്റെ വിളി കേട്ട്‌ പത്രം മടക്കിവെച്ച്‌ അവള്‍ എഴുന്നേറ്റു. പിന്നെയടുത്ത്‌ വന്ന്‌ കൈയ്യില്‍ പിടിച്ചു. അവള്‍ ഒരുപാട്‌ മാറിയിരിക്കുന്നു. നിതംബത്തോളമുണ്ടായിരുന്ന മുടി തോളോട്‌ ചേര്‍ത്ത്‌ മുറിച്ചിട്ടിരിക്കുന്നു. ചുണ്ടുകളില്‍ ചുവന്ന ഛായം. മെലിഞ്ഞൊണങ്ങിയ ശരീരം തടിച്ചിരിക്കുന്നു. ഹൈഹീല്‍ ചെരുപ്പും പോളിഷ്‌ ചെയ്‌ത്‌ നീട്ടിവളര്‍ത്തിയ നഖങ്ങളും. ഇതിനെല്ലാമുപരി എന്നെ അതിശയിപ്പിച്ചത്‌ അവളുടെ വസ്‌ത്രധാരണമായിരുന്നു. പാവടയും ബ്ലൗസും ഇഷ്‌ടവേഷമായിരുന്ന അവളിന്ന്‌ ധരിച്ചിരിക്കുന്നത്‌ ജീന്‍സും ബനിയനുമാണ്‌.

“ഇത്‌ ഞാന്‍ തന്നെയാണ്‌ ചാരുത'' എന്റെ സൂക്ഷ്‌മനിരീക്ഷണം കണ്ട്‌ അവള്‍ പറഞ്ഞു.

“നിന്റെ ജോലി കഴിഞ്ഞെങ്കില്‍ നമുക്കൊന്ന്‌ പുറത്തുപോവാം. ഒമ്പത്‌ വര്‍ഷമായില്ലേ നമ്മളൊന്ന്‌ ശരിക്കും മിണ്ടിയിട്ട്‌''

“ചാരു ഇരിക്ക്‌..ഞാനിപ്പോള്‍ വരാം''

തിരിഞ്ഞുനടക്കുമ്പോള്‍ അത്ഭുതമാണ്‌ തോന്നിയത്‌. ഒരാളല്‍ കാലം ഇത്രയേറെ മാറ്റം വരുത്തുമോ? ക്ലാസ്സിലെ തൊട്ടാവാടിയായിരുന്ന നാടന്‍ പെണ്‍കുട്ടിയുടെ ഈ പരിണാമം എനിക്ക്‌ അംഗീകരിക്കാനേ കഴിഞ്ഞില്ല.

ഓഫിസില്‍ നിന്നും അവളുടെ പിന്നാലെ ഇറങ്ങിനടക്കുമ്പോള്‍ പിണങ്ങിയിരിക്കുന്ന അവളെ അനുനയിപ്പിക്കാനായി പിന്നാലെ പോകാറുള്ളതാണ്‌ ഓര്‍മ്മ വന്നത്‌. പക്ഷേ അന്നുണ്ടായിരുന്ന പാദസരത്തിന്റെ കിലുക്കവും ലജ്ജയും ഇന്ന്‌ എടുത്തുമാറ്റിയിരിക്കുന്നു. പകരം ബാലന്‍സ്‌ തെറ്റിയാല്‍ വീഴുന്ന ചെരുപ്പുമായി ബദ്ധപ്പെട്ട്‌ അവള്‍ പടിയിറങ്ങുകയാണ്‌.

ആഡംബര കാറിന്റെ മുന്‍സീറ്റില്‍ അവളോടൊപ്പമിരിക്കുമ്പോഴും എനിക്ക്‌ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാനായില്ല. ഒരുവാക്ക്‌ പോലും പറയാതെ പിരിഞ്ഞുപോയ ചാരുത ഒമ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരിച്ചുവരിക, എന്റെ ജോലിസ്ഥലം കണ്ടെത്തുക...അല്ലെങ്കിലും എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം അത്ഭുതങ്ങളും കാല്‌പനികവുമാണ്‌.

“സുനിയെന്താണ്‌ ആലോചിക്കുന്നത്‌ ?''

ശ്രദ്ധയോടെ ഡ്രൈവ്‌ ചെയ്യുന്നതിനിടയില്‍ അവള്‍ ചോദിച്ചു.

“ഒന്നുമില്ല''

പുറം കാഴ്‌ചകളിലേക്ക്‌ നോക്കിയിരുന്നു. പുറത്ത്‌ മഞ്ഞുകണങ്ങള്‍ പോലെ ചാറ്റല്‍മഴ പൊഴിയുന്നുണ്ട്‌. നിരത്തുകളില്‍ കൂടണയാന്‍ വെമ്പുന്നവര്‍ തീര്‍ക്കുന്ന തിരക്ക്‌...

നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പോര്‍ട്ടിക്കോവില്‍ കാര്‍ നിന്നു. ചാരുത റിസപ്‌ഷനില്‍ നിന്നും മുറിയുടെ കീ വാങ്ങി. ലിഫ്‌റ്റില്‍ കയറി മുഖാമുഖം നില്‍ക്കുമ്പോഴും ഞാന്‍ അതിശയങ്ങളില്‍ നിന്ന്‌ മുക്തനായിരുന്നില്ല. ഒരു പേനയോ നോട്ട്‌ബുക്കോ വാങ്ങാന്‍ ഒറ്റക്ക്‌ പോകാന്‍ പേടിയുള്ള ചാരുതയാണ്‌ തിരക്കേറിയ റോഡിലൂടെ കാര്‍ ഡ്രൈവ്‌ ചെയ്‌തത്‌, പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒറ്റക്ക്‌ താമസിക്കുന്നത്‌...

“എന്നാ നാട്ടില്‍ വന്നത്‌ ?''

ബാല്‍ക്കണിയില്‍ കടലിനഭിമുഖമായി ഇരിക്കുമ്പോള്‍ ചോദിച്ചു.

“മൂന്ന്‌ ദിവസമായി''. അവള്‍ ഫ്‌ളാസ്‌ക്കില്‍ നിന്നും ചായ പകര്‍ന്നുകൊണ്ട്‌ പറഞ്ഞു.

“കുടുംബം, കുട്ടികള് ?‍''

എന്റെ ചോദ്യം കേട്ടവള്‍ ചിരിച്ചു. “സുനിയെന്നെ ഇന്റര്‍വ്യു ചെയ്യുകയാണോ ? ഈ സായന്തനത്തിലെങ്കിലും നീയാ പത്രക്കാരന്റെ മുഖംമൂടി അഴിച്ചുവെച്ച്‌ ആ പഴയയാളാവണം. പാതി വട്ടുള്ള...''

അവളുടെ വാക്കുകള്‍ കേട്ട്‌ ഞാനും ചിരിച്ചു.

“നീ പണ്ടെ ഇങ്ങനെയായിരുന്നു ചാരൂ...എന്റെ എത്രയോ ചോദ്യങ്ങളില്‍ നിന്ന്‌ അതിവിദഗ്‌ധമായി രക്ഷപ്പെട്ടിരിക്കുന്നു''

“കുടുംബവും കുട്ടികളും ഒന്നുമില്ല സുനീ...ദേശാടനപക്ഷിയെ പോലെയാണ്‌ ഞാന്‍. പറന്ന്‌, വിശ്രമിച്ച്‌, പറന്ന്‌ അങ്ങനെയങ്ങനെ...''

ഒന്നും മനസ്സിലാകാത്ത പോലെ ഞാന്‍ അവളെ നോക്കി.

“പീറ്ററുമായി വേര്‍പിരിഞ്ഞിട്ട്‌ മൂന്ന്‌ വര്‍ഷം കഴിഞ്ഞു. മൂന്ന്‌ തവണ ഗര്‍ഭിണിയായെങ്കിലും അലസിപ്പോയി. അയാളുടെ ബീജം എന്റെ ശരീരം തിരസ്‌ക്കരിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഞാനയാളെയും..''

അവളുടെ മിഴികളില്‍ മഴത്തുള്ളികള്‍ കൂടുകൂട്ടിയെന്നറിഞ്ഞപ്പോള്‍ ഞാന്‍ കടലിലേക്ക്‌ നോക്കിയിരുന്നു. അറിയാനൊരുപാട്‌ ഉണ്ടായിരുന്നുവെങ്കിലും എന്റെ ചോദ്യങ്ങള്‍ അവളെ കൂടുതല്‍ സങ്കടപ്പെടുത്തുമെന്ന്‌ അറിയുന്നത്‌ കൊണ്ട്‌ ഉപേക്ഷിച്ചു.

“സുനിയിപ്പോ എഴുതാറുണ്ടോ ?''

“വല്ലപ്പോഴും ഡയറിത്താളില്‍ എന്തെങ്കിലും കുത്തിക്കുറിച്ചിടും''

“നിനക്കോര്‍മ്മയുണ്ടോ പണ്ടു നിന്നെ ഞാന്‍ വഴിമാറ്റി വിടാന്‍ ശ്രമിച്ചിരുന്നത്‌. ഒടുവില്‍ എനിക്കായി നീ തമാശകള്‍ നിറഞ്ഞ ഒരു കഥയെഴുതി തന്നു. പക്ഷേ നൊമ്പരങ്ങളെഴുതുമ്പോഴെ നിന്റെ വാക്കുകള്‍ക്ക്‌ ശക്തിയുണ്ടായിരുന്നുള്ളുവെന്ന്‌ ഞാനറിഞ്ഞു. പിന്നീടൊരിക്കലും ഞാന്‍ നിന്നെ ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ല.''

“മുന്നോട്ട്‌ നടക്കാന്‍ പ്രേരിപ്പിക്കുന്നത്‌ ആ പഴയനാളുകള്‍ തന്നെയാണ്‌ ചാരു. ചിതറിമുറിഞ്ഞുപോയ കുറെ ആത്മബന്ധങ്ങള്‍, കുത്തിനോവിച്ച സൗഹൃദങ്ങള്‍ അങ്ങനെയങ്ങനെ...''

“ആ ചെറിയ പ്രായത്തില്‍ നീ പറഞ്ഞതും എഴുതിയതുമെല്ലാം വരണ്ട ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളായിരുന്നു. ജീവിതം കാണാത്ത നീയെങ്ങനെ അന്നതെല്ലാം മുന്‍കൂട്ടി കണ്ടുവെന്ന്‌ പിന്നീട്‌ പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്‌. ചുട്ടുപൊള്ളുന്ന ഒരു കനല്‍ക്കട്ട തന്നെയാണ്‌ ജീവിതം. ഓര്‍മ്മകള്‍ക്കെന്നും ശവപറമ്പിന്റെ നിശബ്‌ദതയാണ്‌.
അന്ന്‌ നിന്നെ കളിയാക്കാറുള്ളവരുടെ പട്ടികയില്‍ ഞാനുമുണ്ടായിരുന്നു. ജീവിതം കാണാത്ത പെണ്‍കുട്ടികള്‍ അങ്ങനെയാണ്‌ സുനീ... അവരുടെ സ്വപ്‌നങ്ങളില്‍ നീ കാണുന്ന വിഷാദവും നീ തൊട്ടറിയുന്ന നൊമ്പരത്തിന്റെ സൂക്ഷ്‌മരേണുക്കളുമുണ്ടാവില്ല''

“ജീവിതം, കുടുംബം എല്ലാമിപ്പോള്‍ തമാശകളാണ്‌ ചാരൂ... ഭാര്യയെന്നത്‌ യാന്ത്രികമായൊരു പദവിയാണ്‌. ഭര്‍ത്താവെന്നത്‌ കാപട്യത്തിന്റെ പ്രതീകവും. ഞങ്ങളൊന്നാണെന്ന്‌ ആവര്‍ത്തിക്കുമ്പോഴും ഇരുഹൃദയങ്ങളും പരസ്‌പരം പറയാനാവാത്ത രഹസ്യങ്ങളുടെ കലവറയാണ്‌...''

അവള്‍ എന്നിലേക്ക്‌ തന്നെ നോക്കിയിരിക്കുകയാണ്‌. പിന്നെ ആവി പറക്കുന്ന ചായ മിഴികൂമ്പി കുടിച്ചുകൊണ്ട്‌ പതിയെ പുഞ്ചിരിച്ചു.

“സുനിയെന്താ ഇതുവരെ വിവാഹം കഴിക്കാതിരുന്നത്‌ ?''

നീണ്ട നിശബ്‌ദതക്ക്‌ ശേഷം ആഘാതമായി എന്നിലേക്കൊരു ചോദ്യം വന്നുവീണു.
“ബന്ധനങ്ങളെ ഭയന്ന്‌...''ഒരു ഭീരുവിനെ പോലെ അതുപറയുമ്പോള്‍ അവളുടെ മുഖം മാറി.

“ഒറ്റപ്പെടല്‍ പരിധി വരെ രസമാണ്‌. പക്ഷേ ചിലപ്പോഴെല്ലാം അശുഭചിന്തകളുടെ തടവറയില്‍പ്പെട്ട്‌ പോകും. ഏകാന്തത തമോഗര്‍ത്തങ്ങള്‍ പോലെയാണ്‌. നമ്മെയത്‌ ശൂന്യതയിലേക്ക്‌ ആകര്‍ഷിച്ചുകൊണ്ടിരിക്കും.''

ഞാന്‍ തലകുലുക്കി. എന്റെ ഉത്തരവും അവള്‍ പറഞ്ഞതുമായി എത്ര ബന്ധപ്പെടുത്താന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല.

“നമുക്ക്‌ കുറച്ചുസമയം പഴയ ക്ലാസ്സ്‌മുറിയിലേക്ക്‌ പോകാം. ഒരിക്കല്‍ കൂടി എനിക്ക്‌ നാണം കുണുങ്ങിയായ ആ പാവാടക്കാരിയാവണം. കടലാസുതുണ്ടുകളില്‍ കവിതയെഴുതി ചുരുട്ടിയെറിയുന്ന കവിയാകണം നീ...''

അവള്‍ സ്വപ്‌നങ്ങളിലൂടെയെങ്കിലും ജീവിതത്തിന്റെ അസുലഭതകളിലേക്ക്‌ മടങ്ങി പോകാനൊരുങ്ങുകയാണ്‌.

ഞാന്‍ സമ്മതിച്ചു.

അന്നെല്ലാം ചാരുതയോടെല്ലാവര്‍ക്കും വാത്സല്യമായിരുന്നു. ഇടക്ക്‌ വാ തോരാതെ സംസാരിക്കുന്ന, പലപ്പോഴും മൗനവ്രതത്തിലേക്ക്‌ കയറിപ്പോവുന്ന പ്രകൃതം. സഹപാഠികളില്‍ അവളുടെ കൂട്ട്‌ സുമോദിനോട്‌ മാത്രം. അവരുടെ മനസ്സ്‌ ഇന്നും അജ്ഞാതമായ തുരുത്തായി അവശേഷിക്കുന്നു. ഇടക്കെല്ലാം എന്നോട്‌ സംസാരിക്കും. മിക്കപ്പോഴും മനസ്സില്‍ സങ്കടം കുമിഞ്ഞു കൂടുമ്പോഴാവും എന്റെയരുകില്‍ വരുക. കണ്ണുനീരിനെയും ദുഖത്തെയും നിര്‍വചിക്കാന്‍ പറയും. മരണത്തിന്റെ രസതന്ത്രം തിരക്കും. അവളുടെ മുഖത്തേക്ക്‌ ഇമചിമ്മാതെ നോക്കി എന്തുപറ്റിയെന്ന്‌ ചോദിക്കുമ്പോള്‍ എന്തെങ്കിലും ന്യായം കണ്ടെത്തും. നുണ പറയുന്ന ചുണ്ടുകളേക്കാള്‍ സത്യം പറയുന്ന ചാരുവിന്റെ കണ്ണുകളെയാണ്‌ എനിക്കിഷ്‌ടമെന്ന്‌ പറഞ്ഞ്‌ ഞാന്‍ ചിരിക്കും.

അപ്രതീക്ഷിതമായി ഒരു സായന്തനം. പ്രായത്തെ ചുരുട്ടിയെറിഞ്ഞ്‌ കുറെ നിമിഷങ്ങള്‍...
ഒരുമിച്ച്‌ ഭക്ഷണം കഴിച് പിരിയുമ്പോള്‍ ചാരുവിന്റെ കണ്ണുകള്‍ ആര്‍ദ്രമായിരുന്നു.

“എന്റയീ യാത്ര അവിചാരിതമായിരുന്നു. ഒരാളെ തിരഞ്ഞുമാത്രം... പരസ്‌പരം ഒരായിരം വട്ടം പറയാന്‍ തുനിഞ്ഞിട്ടും അന്ന്‌ ഒന്നിനും കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക്‌ ശേഷം അവനെ കാണാന്‍ ഞാനെത്തുമ്പോള്‍ മറ്റേതോ രാജ്യത്ത്‌ ഭാര്യയും കുട്ടികളുമായി സുഖമായി ജീവിക്കുകയാണ്‌.''

സുമോദിനെ കുറിച്ചാവാം അവള്‍ പറയുന്നത്‌. ഞാന്‍ കൂടുതലൊന്നും ചോദിച്ചില്ല.

“ഇനിയെന്നാണ്‌ മടക്കയാത്ര?''

“തീരുമാനിച്ചിട്ടില്ല.''

എന്റെ ചോദ്യത്തിന്‌ മുഖത്തേക്ക്‌ നോക്കാതെ മറുപടി നല്‍കി അവള്‍ തിരിഞ്ഞുനടന്നു.

മുറിയിലെത്തി തല ചായ്‌ക്കുമ്പോഴും മനസ്സ്‌ നിറയെ ചാരുതയും അവളുടെ പരിണാമങ്ങളുമായിരുന്നു. ഒരിക്കലെന്നോ കണ്ടുമുട്ടുകയും പിന്നീട്‌ പിരിഞ്ഞുപോവേണ്ടി വരുകയും ചെയ്യുന്ന നിസ്സഹായത എന്നെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വേട്ടയാടുകയാണ്‌. ഉറക്കം വരാന്‍ മടിച്ചപ്പോള്‍ തലേദിവസത്തെ മദ്യക്കുപ്പി തപ്പി. പാതി തീര്‍ന്ന അതിനെ നെഞ്ചോട്‌ ചേര്‍ത്ത്‌ ഗ്ലാസില്‍ പകര്‍ന്നു. അല്ലെങ്കിലും അന്നും ഇന്നും എന്നെ ഇത്രമാത്രം സ്‌നേഹിച്ചത്‌ ഈ ലഹരി തന്നെയാണ്‌. എന്റെ ദുഖങ്ങളില്‍, അഗാധമായ വിരസതകളില്‍ എന്നെ പറിച്ചുനട്ടത്‌ ഈ ചവര്‍പ്പാണ്‌. അന്നനാളം കത്തിയിറങ്ങി സിരകളിലൂടെ കുതിച്ചുപായുന്ന മദ്യത്തോട്‌ നന്ദി പറഞ്ഞു കിടക്കയില്‍ വീണു.
ചീര്‍ത്ത കണ്ണുകളുമായി രാവിലെ പത്രത്തിന്‌ മുന്നിലെത്തുമ്പോള്‍ എനിക്കായി ഒരു ദുഖവാര്‍ത്ത കാത്തുകിടക്കുന്നുണ്ടായിരുന്നു.


image courtasy-corbis.com

Friday, March 6, 2009

പ്രായത്തെ തോല്‍പ്പിക്കുമ്പോള്‍...


തൊണ്ണൂറ്‌ വയസുള്ളൊരാള്‍ ഉയരമേറിയ മരത്തില്‍ കയറുന്നത്‌ കാഴ്‌ചക്കാര്‍ക്ക്‌ കൗതുകമായിരിക്കും. തിങ്ങി നിറഞ്ഞോടുന്ന ജീപ്പില്‍ ഇത്രയും വയസുള്ളൊരാള്‍ തൂങ്ങി പിടിച്ചുനിന്ന്‌ യാത്ര ചെയ്യുന്നത്‌ അതിലും അതിശയമായിരിക്കും. എന്നാല്‍ ഇതെല്ലാമാണ്‌ കൃഷ്‌ണേട്ടന്‍. വാര്‍ധക്യത്തിന്റെ വീര്‍പ്പുമുട്ടലുകള്‍ക്കിടയിലും കടത്തിണ്ണയില്‍ അന്തിയുറങ്ങി അധ്വാനിച്ച്‌ ജീവിക്കുന്നതിന്റെ ആനന്ദമാണ്‌ ഇന്നും ആ മുഖത്ത്‌ തെളിയുന്നത്‌.

തൊടികളും കാട്ടുപാതകളും താണ്ടി ഹോട്ടലുകള്‍ക്കായി ഇലവെട്ടാനിറങ്ങുന്ന കൃഷ്‌ണന്‍ ഉച്ചയാവുമ്പോഴേക്കും തന്റെ ജോലി തീര്‍ന്ന്‌ സ്വതന്ത്രനായിട്ടുണ്ടാവും. നൂറ്‌ ഇല നല്‍കിയാല്‍ അമ്പത്‌ രൂപയാണ്‌ പ്രതിഫലം. ജോലി കഴിഞ്ഞാല്‍ മുഴുവന്‍ സമയവും അങ്ങാടിയില്‍ തന്നെയുണ്ടാവും. ഏകനായി ഇരിക്കുന്നത്‌ കണ്ട്‌ ആരെങ്കിലും ചായ കുടിക്കാന്‍ വിളിച്ചാല്‍ കൃഷ്‌ണന്‍ കൂടെ പോകുമെങ്കിലും മടിക്കുത്തില്‍ നിന്ന്‌ പൈസയെടുത്ത്‌ കടക്കാരന്‌ നല്‍കും. എന്റെ കയ്യിലില്ലാത്തപ്പോള്‍ വാങ്ങിതന്നാല്‍ മതിയെന്ന്‌ പറഞ്ഞ്‌ തിരിച്ചുനടക്കും.കുഞ്ഞച്ചന്‍ ചേട്ടനെന്ന്‌ നാട്ടുകാര്‍ വിളിക്കുന്ന സുല്‍ത്താന്‍ ബത്തേരി വാകേരി പ്ലാമൂട്ടില്‍ കെ കെ കൃഷ്‌ണനില്‍ നൈരാശ്യത്തിന്റെയോ ദുഖത്തിന്റെയോ നേര്‍ത്ത ലാഞ്ചന പോലുമില്ല. മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാമായി വിശ്രമജീവിതം നയിക്കേണ്ട പ്രായത്തില്‍ ഏകനായി അധ്വാനിച്ച്‌ ജീവിക്കേണ്ടി വരുന്നതിന്റെ നിസഹായതയില്‍ ആരോടും പരിഭവവുമില്ല. ദുരിതത്തിന്റെയും കഷ്‌ടപ്പാടിന്റെയും നാളുകളെ അതിജീവിച്ച്‌ വാര്‍ധക്യത്തിലെത്തി നില്‍ക്കുമ്പോഴും ജീവിതത്തെ ലളിതമായി കാണുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കുമുണ്ട്‌ ഏറെ മാധുര്യം.

``ഇടുക്കി ജില്ലയിലെ മൂലമറ്റത്ത്‌ പ്ലാമൂട്ടില്‍ തറവാട്ടില്‍ നിന്ന്‌ വയനാട്ടിലെത്തിയിട്ട്‌ അമ്പത്തിയേഴ്‌ വര്‍ഷമായി. കേണിച്ചിറക്കടുത്ത്‌ തേനാടികുളം ഗോപാലന്‍ എന്ന വ്യക്തിയുടെ തോട്ടത്തിന്റെ മേല്‍നോട്ട ചുമതലയായിരുന്നു ആദ്യജോലി. ഏതാനം വര്‍ഷങ്ങള്‍ക്ക്‌ ശേഷം അവിടെ നിന്നും കോളേരി എന്ന സ്ഥലത്തേക്ക്‌ മാറി. അവിടെ സഹോദരിയെ കല്യാണം കഴിപ്പിച്ചയച്ച വീട്ടില്‍ കാര്യസ്ഥനായി കുറെക്കാലം നിന്നു. നാല്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അവിടെ നിന്നും വാകേരിയിലേക്ക്‌ പോന്നു. കുറെ ബന്ധുക്കള്‍ ഇവിടെയുമുണ്ടായിരുന്നെങ്കിലും ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാനായിരുന്നു ഇഷ്‌ടം. അങ്ങനെ കൂലിപണിക്ക്‌ പോയി തുടങ്ങി. കുടുംബവും കുട്ടികളുമെല്ലാം സ്വപ്‌നം കണ്ടെങ്കിലും എല്ലാം വെറുതെയായി.''നീണ്ട മുപ്പത്‌ വര്‍ഷമായി പട്ടിണിക്കിടാതെ തന്നെ പിടിച്ചുനിര്‍ത്തിയ ഗ്രാമത്തോടുള്ള നന്ദിയും കൃതഘ്‌നതയുമായിരുന്നു ആ വാക്കുകളില്‍.``വാകേരിയില്‍ ആദിവാസികള്‍ മാത്രമാണ്‌ അന്നുണ്ടായിരുന്നത്‌. കൊച്ചച്ചന്റെ മകന്റെയൊപ്പം താമസിച്ചാണ്‌ ജോലി ചെയ്‌തിരുന്നത്‌. പാടത്തെ ജോലിയായിരുന്നു അക്കാലത്ത്‌ മുഖ്യ ആശ്രയം. ഒന്നേകാല്‍ രൂപയൊക്കെ പ്രതിഫലം കിട്ടിയിരുന്നു. കാപ്പിക്കിട കിളക്കുക, ഇഞ്ചിക്ക്‌ കുഴികുത്തുക തുടങ്ങിയ കൃഷിപ്പണികളും ചെയ്‌തിരുന്നു. ജോലി ചെയ്‌തിരുന്ന വീട്ടുകാര്‍ക്ക്‌ വേണ്ടി അഞ്ചു രൂപക്ക്‌ അരി വാങ്ങാന്‍ പോയത്‌ ഓര്‍മ്മയുണ്ട്‌. രണ്ട്‌ പേര്‍ ചേര്‍ന്ന്‌ ഒരു ചാക്ക്‌ അരിയെടുത്ത്‌ തലയില്‍ വെച്ചുതന്നു. വളരെ പ്രയാസപ്പെട്ടാണ്‌ വീട്ടിലെത്തിച്ചത്‌.''ഇന്നത്തെ വിലക്കയറ്റത്തെ കുറിച്ചും ജീവിക്കാനുള്ള ബുദ്ധിമുട്ടുകളെ കുറിച്ചുമെല്ലാം പലരും പരാതി പറയുമ്പോള്‍ കഴിഞ്ഞുപോയ നല്ലകാലത്തെ കുറിച്ചുള്ള സ്‌മരണകള്‍ പങ്കുവെച്ച്‌ കൃഷ്‌ണേട്ടന്‍ ചിരിക്കും.

മണ്ഡലകാലമായാല്‍ കെട്ടുനിറകളിലും ഭജനകളിലും പ്രാര്‍ത്ഥനകളിലുമെല്ലാം സജീവസാന്നിധ്യമായ കൃഷ്‌ണന്‍ അമ്പത്തിയഞ്ച്‌ കൊല്ലത്തിലധികം ശബരിമലക്ക്‌ പോയിട്ടുണ്ട്‌. കൊടുംതണുപ്പില്‍ മാസങ്ങള്‍ നീണ്ട വ്രതത്തിന്‌ ശേഷം മകരവിളക്കിനോട്‌ അനുബന്ധിച്ചാണ്‌ സാധാരണ അദ്ദേഹം മല ചവിട്ടാറുള്ളത്‌. കഴിഞ്ഞ രണ്ടുവര്‍ഷമായി ആസ്‌ത്‌മയുടെ ഉപദ്രവമുള്ളത്‌ കൊണ്ട്‌ പോകാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ വിഷമത്തോടെ അദ്ദേഹം പറയുന്നു.``നാട്ടിലുള്ള സമയത്ത്‌ കലാപരിപാടികളോട്‌ വല്ലാത്ത മമതയായിരുന്നു. അയ്യപ്പ ചരിത്രാവതരണം, കഥകളി, ഇടപറവ, തുടങ്ങിയ കലാരൂപങ്ങള്‍ക്ക്‌ സഹായിയായി പോകുമായിരുന്നു. പനാവള്ളി കുഞ്ഞനാശാന്‍, എം എന്‍ നമ്പ്യാര്‍, തിക്കുറിശ്ശി, പാപ്പനാശന്‍ എന്നിവരോടൊപ്പമെല്ലാം കളിക്കാനും പാടാനും പോവുന്നത്‌ ഇന്നും ഹൃദ്യമായ ഓര്‍മ്മയാണ്‌.'' കവിതയെഴുത്തിലും പാട്ടിലുമെല്ലാം കഴിവ്‌ തെളിയിച്ചിട്ടുള്ള കൃഷ്‌ണന്റെ വാക്കുകളില്‍ തെളിയുന്നത്‌ പൊയ്‌പോയ വസന്തകാലത്തിന്റെ തുടിപ്പും പ്രസരിപ്പും.

``നെഹ്‌റുവിന്റെ കാലത്ത്‌ കോയമ്പത്തൂര്‍ പോയി കൂലിപ്പട്ടാളത്തില്‍ ചേര്‍ന്നിരുന്നു. 18 രൂപയായിരുന്നു മാസവേതനം. പ്രധാനമായും നാടിന്റെ വികസനപ്രവര്‍ത്തനങ്ങളായിരുന്നു ചെയ്‌തിരുന്നത്‌. അതിന്റെ ബാക്കിപത്രമെന്നോണം വിരമിച്ച പട്ടാളക്കാരനെന്ന നിലയില്‍ വയനാട്ടിലെ ഒരു ബാങ്കില്‍ നിന്ന്‌ ലോണെടുത്ത്‌ ചിലര്‍ പറ്റിക്കുകയും ചെയ്‌തു. ഏക്കറിന്‌ അമ്പത്‌ രൂപയുണ്ടായിരുന്ന കാലത്ത്‌ അല്‍പം മണ്ണ്‌ വാങ്ങിയിടണമെന്ന്‌ കരുതിയിരുന്നെങ്കിലും നടന്നിരുന്നില്ല. കുറെ കാലത്തിന്‌ ശേഷം രണ്ടായിരം രൂപക്ക്‌ ഇരുളത്ത്‌ സ്ഥലം വാങ്ങിയിരുന്നു. അവിടെ വീടുവെക്കാനുള്ള ശ്രമത്തിനിടയിലാണ്‌ ബാങ്ക്‌ ലോണിന്റെ പേരില്‍ ചിലര്‍ പറ്റിച്ചത്‌. കൂടെ നിന്നവര്‍ ചതിച്ചതോടെ ലോണ്‍ പൈസ കിട്ടിയില്ലെന്ന്‌ മാത്രമല്ല സ്ഥലം നഷട്‌മാവുകയും ചെയ്‌തു.'' വീടെന്ന സ്വപ്‌നം ഇനിയും പുവണിയാത്ത ദു:ഖത്തോടെ കൃഷ്‌ണന്‍ പറയുന്നു.കൃഷ്‌ണന്‌ അവശേഷിക്കുന്ന ഒരേയൊരു സ്വപ്‌നം ഒരു വീടാണ്‌. ആ മുഖത്ത്‌ നിഴലിക്കുന്നത്‌ കൊടുംതണുപ്പിലും മഴക്കാലത്തും പ്രായത്തെ അതിജീവിച്ച്‌ കടതിണ്ണയില്‍ അന്തിയുറങ്ങേണ്ടി വരുന്ന നിസഹായതയും. ചുറ്റിനും സാമ്പത്തികമായി ഉന്നതിയില്‍ കഴിയുന്ന ബന്ധുക്കളുണ്ടെങ്കിലും ആ വഴിയും സഹായങ്ങളൊന്നുമില്ല. നാട്ടുകാരില്‍ ചിലര്‍ മുന്‍കയ്യെടുത്തത്‌ കൊണ്ട്‌ മാസം 110 രൂപ വാര്‍ധക്യ പെന്‍ഷന്‍ കിട്ടുന്നുണ്ടെന്ന്‌ നന്ദിയോടെ പറയുമ്പോഴും തന്റെ നിസഹായതയില്‍ ആരെയും പഴിപറയാനോ ശല്യപ്പെടുത്താനോ കൃഷ്‌ണന്‍ തയ്യാറല്ല.