
അപരിചിതമായ ആ നഗരത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ വെച്ചാണ് ആര്‍ദ്രാനായരെ ഞാന്‍ വീണ്ടും കണ്ടുമുട്ടുന്നത്. വെളുത്ത് മെലിഞ്ഞിരുന്ന അവളില്‍ കാലം എഴുതിച്ചേര്‍ത്ത മാറ്റങ്ങളിലേക്കാണ് ഞാന്‍ മിഴി തുറന്നത്. ശോണിമ മറഞ്ഞ ചുണ്ടുകളും സീമന്തത്തില്‍ ചിതറിച്ചിട്ട സിന്ദൂരവും നരച്ച കോട്ടണ്‍ സാരിയും അവള്‍ക്ക് തീരെ ഇണങ്ങുന്നുണ്ടായിരുന്നില്ല. കാച്ചെണ്ണയുടെ ഗന്ധമുണ്ടായിരുന്ന മുടി ചെമ്പ് പൊതിഞ്ഞ് വികൃതമായിരിക്കുന്നു.
പതിവുപോലെ ഇത്തവണയും കാലമാണ് വില്ലന്‍. അവന്റെ കുസൃതിയില്‍ ആര്‍ദ്രാനായരെന്ന ഗ്രാമീണത പോസ്റ്റ് മോഡേണിസത്തിന്റെ ഇരയായിരിക്കുന്നു. ചുവന്ന ചുണ്ടുകള്‍ വരണ്ട് കറുപ്പ്‌നിറം പടര്‍ന്നിരിക്കുന്നു.
മഴ ബസ്റ്റാന്റിന്റെ മേല്‍ക്കൂരയില്‍ മുത്തുമണികള്‍ ചൊരിയുകയാണ്. നനയാന്‍ വിധിക്കപ്പെട്ട ജൂണിന്റെ പകലുകളില്‍ അധിനിവേശം കൊതിച്ചെത്തുന്ന വെയിലിന്റെ നേര്‍ത്ത കിരണങ്ങള്‍ കറുത്ത ചിത്രങ്ങള്‍ വരയ്‌ക്കാന്‍ വെമ്പുന്നു.
എങ്ങനെയാണ് ഞാന്‍ ആര്‍ദ്രാനായരിലേക്ക് തിരിഞ്ഞുനടക്കുക?
വര്‍ഷങ്ങള്‍ എന്നിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാവും. ഇഷ്‌ടമല്ലാത്ത മാറ്റങ്ങളെ ആരും തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ലെന്ന് മാത്രം.
എന്റെ കണ്ണുകള്‍ ആര്‍ദ്രാനായര്‍ക്ക് ചുറ്റും ഒരു കവചം തീര്‍ക്കുന്നുണ്ടെങ്കിലും അവള്‍ക്കരുകിലേക്ക് ആരൊക്കെയോ വന്നുകൊണ്ടിരുന്നു.
ആളുകളെ കുത്തിനിറച്ച് പായുന്ന ബസ്സുകള്‍. ആരെയൊക്കെയോ കാത്തുകിടക്കുന്നവ വേറെയും. ഏതു ദിക്കിലേക്കുള്ള ബസ് കാത്താവും ആര്‍ദ്രാനായര്‍ നില്‍ക്കുന്നത്?
നിമിഷങ്ങള്‍ക്കകം അവള്‍ ലക്ഷ്യത്തിലേക്ക് നീങ്ങും. അതിന് മുമ്പ് പരിചയം പുതുക്കണം. അവളുടെ ജീവിതത്തെ കുറിച്ചറിയണം.
എന്റെ ഹൃദയം താളാത്മകമായെങ്കിലും കാലുകള്‍ നിശ്ചലമായിരുന്നു.
മഴ കാറ്റിന്റെ പിടിയില്‍ നിന്ന് കുതറിമാറി ചെരിഞ്ഞിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. കറുത്ത തുണിയുടെ സഞ്ചാരപഥങ്ങളില്‍ വീണവ ചിതറുന്നു. അപരിചിതരായ ആരൊക്കെയോ വരുന്നു, പോകുന്നു.
ബസ്റ്റാന്റുകള്‍ യാത്രികരുടെ സമ്മേളനനഗരിയായത് കൊണ്ടാവാം എല്ലാവരുടേയും മുഖത്തുണ്ട് ലക്ഷ്യങ്ങള്‍. ദൂരങ്ങളുടെ വിടവ് തീര്‍ത്ത് നില്‍ക്കുന്ന ഹൃദയങ്ങളിലേക്കാണ് ഓരോ യാത്രയുടേയും പര്യവസാനം.
ആര്‍ദ്രാനായര്‍ക്ക് ഇനി എത്ര ദൂരം പോകേണ്ടി വരും?
അവളില്‍ ഒരു ദൂരയാത്രയുടെ ലക്ഷണങ്ങളെ ഉണ്ടായിരുന്നില്ല. പഴകിയ ഒരു പഴ്‌സല്ലാതെ അവളുടെ കൈകളില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. പിശടന്‍കാറ്റിന്റെ അഹന്തയോട് തോറ്റ് സാരിത്തലപ്പ് തോളിലൂടെയിട്ട് നില്‍ക്കുമ്പോഴും ആ മുഖം ശാന്തമായിരുന്നു.
ആര്‍ദ്രാനായരെ ഞാന്‍ ആദ്യം കാണുന്നത് ഉത്തരാധുനീക കവിതകളെ കുറിച്ചുള്ള സിമ്പോസിയത്തില്‍ വെച്ചാണ്. ഞാനും അവളും അവിടെ വഴിതെറ്റിയെത്തിയവരായിരുന്നു. അരികില്‍ വന്നിരുന്ന സുന്ദരിയായ അവളെ ഇമ ചിമ്മാതെ ഞാന്‍ നോക്കിക്കൊണ്ടിരുന്നു. അതു കാണാത്ത പോലെ അവളും.
``കവിത വരണമെങ്കില്‍ ഊശാന്‍താടി വേണമെന്നുണ്ടോ?''
ഇടക്കെപ്പോഴൊ അവള്‍ ചോദിച്ചു.
ഉദ്‌ഘാടകന്‍ തുപ്പല്‍ തെറിപ്പിച്ച് പ്രസംഗം തുടരുകയാണ്.
നവലിബറലിസം മുതല്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വരെ ഇന്നലെ രാത്രി ഉറക്കമിളച്ച് റഫര്‍ ചെയ്‌തതിന്റെ അമര്‍ഷം അയാളുടെ പ്രസംഗത്തില്‍ പ്രതിഫലിച്ചുകൊണ്ടിരുന്നു.
``ഏത് തെണ്ടിക്കും എഴുതാന്‍ പറ്റുംവിധം കവിത ഇന്ന് ഗദ്യമെന്ന വിഴുപ്പ് ചുമക്കുന്നു.''
മുഖത്തേക്ക് നോക്കാതെ അവള്‍ പറഞ്ഞു.
ശാന്തവും ശാലീനവുമായ ആ മുഖത്ത് നിന്നാണോ ഇത്തരം വാക്കുകള്‍ കടന്നുവരുന്നതെന്ന് ഞാന്‍ സംശയിച്ചു.
പ്രസംഗങ്ങളും ക്ലാസുകളും തീര്‍ന്നപ്പോള്‍ സംവാദം തുടങ്ങി.
``എവിടം മുതലാണ് കവിതക്ക് മൂല്യച്യുതി സംഭവിക്കാന്‍ തുടങ്ങിയത്?''
ഊശാന്‍ താടിക്കാരന് നേരെ അവള്‍ ആദ്യചോദ്യമെറിഞ്ഞു.
താടി ചൊറിഞ്ഞ് അയാള്‍ മൈക്ക് കൈയ്യിലെടുത്തു.
``കവിതക്ക് മൂല്യച്യുതി സംഭവിച്ചിട്ടില്ല.'' ഗൗരവത്തോടെ അയാള്‍ മറുപടി പറഞ്ഞു.
``പണം വാങ്ങി പുസ്‌തകമിറക്കി കൊടുക്കുന്ന പ്രസാധകരുടെ കാലമാണിത്. ഇപ്പോഴിറങ്ങുന്ന ഏത് കവിതയിലാണ് ആത്മാവുള്ളത്?''
ഊശാന്‍താടിക്കാരന് നേരെ അവള്‍ ചോദ്യമെറിഞ്ഞു.
താടി ചൊറിഞ്ഞ് അയാള്‍ മൈക്ക് കൈയ്യിലെടുത്തു.
``കവിതക്ക് മൂല്യച്യുതി സംഭവിച്ചിട്ടില്ല.'' ഗൗരവത്തോടെ അയാള്‍ മറുപടി പറഞ്ഞു.
``പണം വാങ്ങി പുസ്‌തകമിറക്കിക്കൊടുക്കുന്ന പ്രസാധകരുടെ കാലമാണിത്. ഇപ്പോഴിറങ്ങുന്ന ഏത് കവിതയിലാണ് ആത്മാവുള്ളത്?''
ഊശാന്‍താടിക്കാരന്‍ തലവേദന വന്നതുപോലെ നെറ്റിയില്‍ വിരലമര്‍ത്തി.
അവള്‍ എഴുന്നേറ്റു.
``സമയത്തെ കൊല്ലാന്‍ പാര്‍ക്കുകളോ, കടല്‍തീരമോ ആണ് നല്ലത്.''
അങ്ങനെ പറഞ്ഞ് അവള്‍ നടന്നുപോയി.
ആര്‍ദ്രാനായരെ ഞാന്‍ വീണ്ടും കാണുന്നത് പിന്നെയും ഒരുമാസത്തിന് ശേഷമാണ്.
വില്ലേജ് ഓഫിസില്‍ ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ വൃദ്ധയായ സ്‌ത്രീയെ അവഹേളിച്ച ക്ലര്‍ക്കിനോട് വഴക്കിടുകയായിരുന്നു അവള്‍.
എന്നെ കണ്ടപ്പോള്‍ പുഞ്ചിരിച്ചു.
പരിചിതനായ വില്ലേജ് ഓഫിസറുടെ മുന്നിലിരിക്കുമ്പോഴും പുറത്തുനിന്നും അവളുടെ ശബ്‌ദം കേള്‍ക്കുന്നുണ്ടായിരുന്നു.
``എന്നുമുണ്ടാകും ഇങ്ങനെ ഗാന്ധിജിയുടെ കൊച്ചുമക്കളിലാരെങ്കിലും...മനുഷ്യനെ മിനക്കെടുത്താന്‍...''
അമര്‍ഷം നുരഞ്ഞുപൊന്തിയ ആ വാക്കുകള്‍ നുണഞ്ഞ് ഞാന്‍ കാര്യത്തിലേക്ക് കടന്നു.
പുറത്തെത്തുമ്പോള്‍ ആ വൃദ്ധയെ ഓട്ടോറിക്ഷയില്‍ പിടിച്ചുകയറ്റി യാത്രയാക്കുന്ന ആര്‍ദ്രാനായരെയാണ് കണ്ടത്.
``ഞാന്‍ പുറത്തേക്കൊന്നും അധികമിറങ്ങാറില്ല. ഇങ്ങനെ എന്തിലെങ്കിലുമൊക്കെ ഇടപെട്ട് പോകും...''
അല്‍പ്പം ലജ്ജയോടെ അവള്‍ പറഞ്ഞു.
ഞാന്‍ ചിരിച്ചതേയുള്ളു.
മൂന്ന് മാസങ്ങള്‍ക്ക് ശേഷം ആര്‍ദ്രാനായരെ കാണുമ്പോള്‍ അവള്‍ ഒരു പ്രസംഗവേദിയിലായിരുന്നു.
മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്‌ത്രീപീഡനങ്ങള്‍ക്കെതിരെ നടന്ന പ്രക്ഷോഭ പരിപാടികളുടെ ഉദ്‌ഘാടനചടങ്ങില്‍ അവള്‍ സംസാരിക്കുന്നു.
``സ്‌ത്രീ ആണ്‍വര്‍ഗ്ഗത്തിലെ ഒരു വിഭാഗത്തിന് ഉടലഴക് മാത്രമാണ്. അത്തരക്കാരുടെ മുന്നില്‍ ഉപഭോഗവസ്‌തുവായി മാറുന്നതിനേക്കാള്‍ നല്ലത് മരിക്കുകയാണ്. കമ്പോളങ്ങളില്‍ അര്‍ദ്ധനഗ്നയായി നില്‍ക്കുന്ന സ്‌ത്രീകള്‍ പരസ്യബോര്‍ഡുകളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചുനടക്കണം.......
സ്‌തബ്‌ധരായി ഇരിക്കുന്ന സദസ്സ്.
അടക്കിവെച്ചിരിക്കുന്ന പ്രതികരണശേഷി ആര്‍ദ്രാനായരില്‍ നിന്ന് പുറംചാടി ഒരു കടലാവുകയാണ്. ആ തിരകളില്‍ അനീതികളോടുള്ള അമര്‍ഷം ആരിലൊക്കെയോ നുരഞ്ഞുപൊന്തുന്നു....
ജോലിയുടെ ഭാഗമായുള്ള ട്രാന്‍സ്‌ഫറുകളുടെ പ്രളയത്തില്‍പ്പെട്ട് ആടിയുലഞ്ഞ് പോയ പതിനൊന്ന് വര്‍ഷങ്ങള്‍. ആര്‍ദ്രാനായരെ ഇടക്കെല്ലാം ഞാന്‍ ഓര്‍ക്കുമായിരുന്നു. ഒരു നിയമസഭാസമാജികരുടെ വേഷത്തിലെങ്കിലും അവള്‍ ഉയരുമെന്നും പ്രത്യാശിച്ചിരുന്നു. ഒടുവില്‍ തീര്‍ത്തും അപരിചിതമായ മഹാനഗരത്തില്‍ അപ്രതീക്ഷിതമായി അവള്‍...
മഴ ശക്തി പ്രാപിക്കുകയാണ്.
ആര്‍ദ്രാനായരിലേക്ക് കണ്ണുകള്‍ തിരിച്ചെങ്കിലും നിരാശനാകേണ്ടി വന്നു.
എന്റെ ശ്രദ്ധ മാറിയ ഏതോ ഒരു നിമിഷം അവള്‍ പോയ്‌മറഞ്ഞിരിക്കുന്നു.
പരിചയം പുതുക്കണമെന്ന് അതിയായി ആഗ്രഹിച്ചെങ്കിലും കഴിയാതെ പോയതില്‍ ദുഖം തോന്നി. ഈ മഹാനഗരത്തില്‍ നിന്ന് ഇനി ആര്‍ദ്രാനായരെ എങ്ങനെ കണ്ടെടുക്കാനാവും...
എനിക്ക് പോകേണ്ട ബസ്സ് വന്നപ്പോള്‍ അതില്‍ കയറിയിരുന്നു.
അഭയാര്‍ത്ഥികളും ഭിക്ഷാംദേഹികളും നിറഞ്ഞ ആ ബസ്സിനുള്ളില്‍ വീര്‍പ്പുമുട്ടിയിരുന്നു. പതിവുപോലെ ഈ നഗരവുമായി ഇണങ്ങാനും അല്‍പ്പം സമയമെടുക്കുമെന്ന് തോന്നി.
ജാലകത്തിലൂടെ ഉയരമേറിയ കെട്ടിടങ്ങളിലേക്ക് തെന്നിയിറങ്ങുന്ന മഴയെ നോക്കിയിരുന്നു. ഡബിള്‍ബെല്ലിലേക്ക് നീങ്ങും വരെ ഓര്‍മ്മയിലേക്ക് ചാഞ്ഞു.
ബസ്സ് ചലിച്ചുതുടങ്ങിയപ്പോഴാണ് സീറ്റില്‍ കിടന്ന കാര്‍ഡ് കണ്ടത്. ഏതോ ഭിക്ഷാംദേഹി മറന്നുപോയതാണെന്ന് തോന്നി.
``എന്റെ ഭര്‍ത്താവ് ഒരു ഖനി തൊഴിലാളിയായിരുന്നു. ജോലിക്കിടെയുണ്ടായ അപകടത്തില്‍ അരക്ക് താഴേക്ക് തളര്‍ന്ന് കിടപ്പിലാണ്. ഞാന്‍ ഒരു കാന്‍സര്‍ രോഗിയാണ്. നിര്‍ധന കുടുംബത്തില്‍പ്പെട്ട എനിക്ക് ജോലി ചെയ്‌ത് ജീവിക്കാനാവില്ല. രണ്ടുമക്കളെയും കുടുംബത്തേയും നോക്കാന്‍ വേറെ വഴിയില്ലാത്തത് കൊണ്ടാണ്.....................''
വായിച്ചുതീര്‍ന്നപ്പോള്‍ നടുങ്ങിപ്പോയി.
അതിനടയിലെ പേര് `ആര്‍ദ്രാനായര്‍' എന്നായിരുന്നു.
ബസ്സ് വേഗത പ്രാപിച്ചുതുടങ്ങിയിരിക്കുന്നു. ചില്ലുജാലകത്തിന്റെ നേര്‍ത്ത വിടവിലൂടെ അകത്തേക്ക് കയറുന്ന കാറ്റ് വല്ലാതെ അലോസരപ്പെടുത്തി.
ആ റോഡ് നിറമുള്ള കാര്‍ഡ് അറിയാതെ തിരിച്ചു.
അതില്‍ മനോഹരമായ കൈയ്യക്ഷരത്തില്‍ ഇത്രയും എഴുതിയിരുന്നു.
``നിങ്ങള്‍ കണ്ടുമുട്ടാറുള്ള ധിക്കാരിയായ ആ പെണ്‍കുട്ടി മരിച്ചു.
അവളുടെ ചലിക്കുന്ന ജഡം
പരേതാത്മക്കള്‍ നിറഞ്ഞ ഈ ലോകത്തില്‍
ഒരു നേരത്തെ അന്നം തേടി അലയുന്നു.
ജീവിതം ഒരു കണ്ണുപൊത്തിക്കളിയാണ്.
മിഴി തുറക്കുമ്പോഴേക്കും മാഞ്ഞുപോകുന്ന
വിസ്‌മയങ്ങളെ ഈ ലോകത്തുള്ളു.
-ആര്‍ദ്രാനായര്‍ ''
image cortasy-google
അവളുടെ ചലിക്കുന്ന ജഡം
പരേതാത്മക്കള്‍ നിറഞ്ഞ ഈ ലോകത്തില്‍
ഒരു നേരത്തെ അന്നം തേടി അലയുന്നു.
ജീവിതം ഒരു കണ്ണുപൊത്തിക്കളിയാണ്.
മിഴി തുറക്കുമ്പോഴേക്കും മാഞ്ഞുപോകുന്ന
വിസ്‌മയങ്ങളെ ഈ ലോകത്തുള്ളു.
-ആര്‍ദ്രാനായര്‍ ''
image cortasy-google
10 comments:
``നിങ്ങള്‍ കണ്ടുമുട്ടാറുള്ള ധിക്കാരിയായ ആ പെണ്‍കുട്ടി മരിച്ചു.
അവളുടെ ചലിക്കുന്ന ജഡം
പരേതാത്മക്കള്‍ നിറഞ്ഞ ഈ ലോകത്തില്‍
ഒരു നേരത്തെ അന്നം തേടി അലയുന്നു.
ജീവിതം ഒരു കണ്ണുപൊത്തിക്കളിയാണ്.
മിഴി തുറക്കുമ്പോഴേക്കും മാഞ്ഞുപോകുന്ന
വിസ്‌മയങ്ങളെ ഈ ലോകത്തുള്ളു.
-ആര്‍ദ്രാനായര്‍ ''
New story
തീഷ്ണമായ ജീവിതാനുഭവങ്ങളുടെ പരിച്ഛേദം കുറഞ്ഞ വാക്കുകളില്‍ ഭംഗിയായി വരച്ചു കാട്ടിയിരിക്കുന്നു
പതിവു പോലെ നന്നായി ഗിരീഷ്.
പക്ഷെ ആ കാര്‍ഡില്‍ എഴുതിയിരിക്കുന്ന വരികള്‍ വേണമായിരുന്നൊ എന്നൊരു സംശയം ബാക്കി.
കഥയ്ക്കു കൈവരുമായിരുന്ന ഒരു മാനം അതുകാരണം ഇല്ലാതായൊ എന്നും ശങ്കിക്കുന്നു.
നായികയുടെ ഐഡന്റിട്ടി ഒരു മിസ്റ്ററിയായി നിലനിക്കുന്നതായിരുന്നു നല്ലതെന്നു തോന്നുന്നു.
കാരണം ആര്‍ദ്ര പ്രതിനിധാനം ചെയ്യുന്നത് ; ഒരാളെയല്ലാ ,ഒന്ന്നിലധികം സമൂഹങ്ങളെയാനെന്നു
വായിച്ചെടുക്കാന്‍ തോന്നിപ്പൊകുന്നു.
ആശംസകള്‍
നല്ല കഥ, നന്നായി പറഞ്ഞിരിക്കുന്നു
ഒത്തിരി ഇഷ്ട്ടായി
കഥ നന്നായിട്ടുണ്ട്ട്ടോ..
ജീവിതം ഒരു കണ്ണുപൊത്തിക്കളിയാണ്.
മിഴി തുറക്കുമ്പോഴേക്കും മാഞ്ഞുപോകുന്ന
വിസ്‌മയങ്ങളെ ഈ ലോകത്തുള്ളു.
ഗിരീഷ്,
എവിടെയും ഏതുസമയത്തും നമ്മള്‍ ആഗ്രഹിച്ചുപോകുന്ന ഒരു കഥാപാത്രത്തെ എഴുതിയതിനു നന്ദി, സന്തോഷം.
(അവസാന വരികള്‍, നാടകീയമായൊരു രംഗമായിത്തോന്നി. അവയില്ലെങ്കില്‍ക്കൂടി ആ അവസ്ഥ വായിച്ചെടുക്കാന്‍ വായനക്കാരനാകുമായിരുന്നു.)
നല്ല കഥ ..ഇതില്‍ എഴുത്തുകാരന്റെ ആത്മ രോഷവും ഉണ്ട് .പക്ഷെ ആ കാര്‍ഡും ..പിന്‍ കുറിപ്പും അസ്ഥാനത്തായെന്നു തോന്നി.ഒറ്റ വിഷയം എടുത്തു കഥയും കവിതയും ആക്കി bl
ആര്‍ദ്രാനായരും ഉത്തരാധുനീക കവിതകളും നല്ല ചേര്‍ച്ച, ഒരു സുന്ദരിയും ഉത്തരാധുനീകതയും ചേരുമോ.
കഥ വളരെ നന്നായിട്ടുണ്ട്.വിഭിന്ന തലങ്ങളിലുടെയുള്ള കഥ പറച്ചില്‍ രിതി ഈ കഥയെ കുടുതല്‍ ഭംഗിയുള്ളതാകുന്നു
Post a Comment