Wednesday, May 5, 2010

ടര്‍ക്കിഷ്‌ എയ്‌ഞ്ചല്‍


അയാള്‍
കേരളത്തിലെ ഒന്നാംനിര പത്രങ്ങളിലൊന്നില്‍ ജോലി കിട്ടിയെങ്കിലും ആലപ്പുഴയില്‍ നിന്നും കോഴിക്കോട്ടേക്ക്‌ വണ്ടി കയറുമ്പോള്‍ ഷാജഹാന്‍ നിരാശനായിരുന്നു. കായല്‍നഗരത്തില്‍ പടുത്തുയര്‍ത്തിയ സൗഹൃദങ്ങള്‍ക്ക്‌ മേല്‍ വന്നുവീണ ആദ്യപ്രഹരമായി തന്നെ അയാള്‍ ജോലിയെ കണ്ടതുകൊണ്ടാവാം കോഴിക്കോടെത്തി ദിവസങ്ങളോളം ആ മുഖത്ത്‌ നൈരാശ്യം പതിഞ്ഞുകിടന്നിരുന്നു.
കാര്യമായ ജോലിയൊന്നുമുണ്ടായിരുന്നില്ലെങ്കിലും വൈകിട്ട്‌ ആറു മുതല്‍ രാത്രി രണ്ടു മണി വരെയുള്ള സമയം കഠിനപ്രയത്‌നത്തിന്റെ നിമിഷങ്ങളായാണ്‌ അയാള്‍ക്ക്‌ തോന്നിയത്‌. ക്യാബിനിലെ സഹജോലിക്കാരായ ഗായത്രിയും വിവേക്‌ നായരുമൊന്നും അയാളുടെ ആത്മബന്ധങ്ങളുടെ പട്ടികയിലേക്ക്‌ കടന്നുവന്നുമില്ല. വിരസമായ ജോലിസമയങ്ങളെ സ്വയം ശപിച്ച്‌ കൂട്ടുകാരോടൊത്തുള്ള വേമ്പനാട്ടുകായലിലെ ഹൗസ്‌ ബോട്ട്‌ പര്യടനം മനസ്സില്‍ സങ്കല്‍പ്പിച്ച്‌ അതിന്റെ നിര്‍വൃതിയില്‍ അയാള്‍ രാത്രിയെ കൊന്നുകൊണ്ടിരുന്നു.
രാത്രി നിഗൂഡത ഉള്ളിലൊളിപ്പിക്കുന്ന ഒരു കൊലയാളിയാണെന്നായിരുന്നു അയാളുടെ പക്ഷം. എത്ര ശാന്തമാണെങ്കിലും അത്‌ ഭീകരത മാത്രം ബാക്കിയാക്കുന്നു.
കമ്പനി ക്വാട്ടേഴ്‌സ്‌ ശരിയായെങ്കിലും അവിടെയും ഷാജഹാന്‌ ഏകാന്തതയായിരുന്നു കൂട്ട്‌. ഒപ്പം താമസിക്കേണ്ടിയിരുന്ന ജെയിംസ്‌ ആക്‌സിഡന്റ്‌ പറ്റി ചികിത്സയിലാണ്‌. ഏകാന്തത ഓര്‍മ്മകളുടെ താവളമാണ്‌. ഒന്നിന്‌ പുറകെ ഒന്നൊന്നായി ഓര്‍മ്മകള്‍ കടന്നുവരുമ്പോള്‍ നാമറിയാതെ നിസംഗരാവും. ആറാം വയസ്സില്‍ സ്‌കൂളിലാക്കിയിട്ട്‌ മീന്‍ വില്‍ക്കാന്‍ പോയ ഉമ്മ ഖദീജയുടെ മുഖം ഇന്നും അയാള്‍ക്ക്‌ നല്ല ഓര്‍മ്മയുണ്ട്‌. പിന്നീടൊരിക്കലും ആ മുഖമോ സ്‌നേഹമോ അനുഭവിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇന്നും ഉറക്കം വരാത്ത രാത്രികളില്‍ ആദ്യം അയാളുടെ മുന്നില്‍ വരുന്നത്‌ ഉമ്മ തന്നെയാണ്‌.
ഉമ്മ എങ്ങോട്ടാണ്‌ പോയിട്ടുണ്ടാവുക? ഒരു പക്ഷെ ആരെങ്കിലും കൊന്നിട്ടുണ്ടാവുമോ? ആരായിരിക്കും എന്റെ ബാപ്പ? ബാപ്പയെന്താണ്‌ ഒരിക്കല്‍ പോലും എന്നെ കാണാന്‍ വരാത്തത്‌?
ഇങ്ങനെ ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍ തന്നെയാണ്‌ അയാള്‍ക്ക്‌ ജീവിതം.

അവള്‍
ചരിത്രനഗരത്തിന്റെ മകളാണ്‌ മുംതാസ്‌. അരയിടത്തുപാലത്ത്‌ നിന്നും ഇടത്തോട്ട്‌ സഞ്ചരിക്കുന്ന കാറ്റിനൊത്ത്‌ ഓരോ പകലും അവളും ഒഴുകിനീങ്ങുകയാണ്‌. സ്വപ്‌നനഗരിയിലെ നിയോഗങ്ങളുടെ കല്‍പ്പടവുകളിലൊന്ന്‌ അവളെ കാത്തുകിടക്കും പോലെ...കളിപൊയ്‌കയിലെ ഓളങ്ങള്‍ അവളെ രസിപ്പിക്കാന്‍ മാത്രമായി വിവിധ ആകൃതി പ്രാപിക്കും പോലെ...
ജനിച്ചതും വളര്‍ന്നതും ഇതേ നഗരത്തില്‍ തന്നെയാണ്‌. തുര്‍ക്കിക്കാരിയായ ഉമ്മ. ബാപ്പ ആരാണെന്നുള്ള ചോദ്യത്തിന്‌ കണ്ണടച്ചു ചിരിക്കുകയായിരുന്നു ഉമ്മ നല്‍കിയിരുന്ന മറുപടി. ഉമ്മയുടെ ചിരി കാണാന്‍ ആഗ്രഹിക്കുമ്പോഴെല്ലാം അവള്‍ ബാപ്പയെ കുറിച്ച്‌ ചോദിക്കും. ഒടുവില്‍ ആ സമസ്യ പൂരിപ്പിക്കാതെ തന്നെ ജമീലബീഗം എന്നു പേരുള്ള അവളുടെ ഉമ്മ ഖബര്‍സ്ഥാനിലേക്ക്‌ മടങ്ങിപ്പോയി.
തിളങ്ങുന്ന പൂച്ചക്കണ്ണുകളും ചന്ദനത്തിന്റെ നിറവും നിതംബം മറക്കുന്ന മുടിയുമായിരുന്നു അവളുടെ വശ്യത. എസ്‌ എസ്‌ എല്‍ സി മുതല്‍ മക്കളില്ലാത്ത ഒരു പ്രവാസിയുടെ സ്‌പോണ്‍സര്‍ഷിപ്പിലായിരുന്നു പഠനം. നഗരത്തിലെ പ്രശസ്‌തമായ കോളേജില്‍ നിന്ന്‌ ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം കേരളത്തിലെ അറിയപ്പെടുന്ന മൊബൈല്‍ കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ എക്‌സിക്യുട്ടീവായി ജോലി ചെയ്യുകയായിരുന്നു. കമ്പനി ക്വാട്ടേഴ്‌സില്‍ സുഹൃത്തുക്കളോടൊത്ത്‌ കഴിയുന്ന മുംതാസിന്‌ രാത്രിയാണ്‌ ജോലി.
കുറെ ഫോണ്‍കോളുകള്‍ക്ക്‌ നടുവില്‍ ജീവിതം പച്ചപിടിച്ചുവരുമ്പോഴും പകലിനെ അവള്‍ ശപിക്കുന്നു. പകല്‍ നിസംഗനായ ഒരു വിഡ്ഡിയാണെന്നാണ്‌ അവളുടെ പക്ഷം. ഒരാളെ ഒളിപ്പിച്ചുവെക്കാന്‍ പോലും കഴിയാത്ത വിധം സുതാര്യമാണ്‌ അതിന്റെ ശരീരം. സ്വപ്‌നനഗരിയിലെ നല്ല ജീവിതം മോഹിക്കുന്ന പ്രണയികളെ വകവെക്കാതെ പടര്‍ന്നുകിടക്കുന്ന ഏതെങ്കിലുമൊരു മരത്തണലില്‍ കളിപൊയ്‌കയിലെ കാഴ്‌ചകള്‍ മനംമടുപ്പിക്കും വരെ അവളുണ്ടാകും.

അവര്‍ക്കിടയിലെ ആദ്യപകല്‍
ഷാജഹാന്‍ പകലിനെ കൊല്ലാന്‍ സ്വപ്‌നനഗരിയിലെത്തുന്നത്‌ രാവിലെ പത്തുമണിക്കാണ്‌. തണല്‍ വിരിച്ച പേരറിയാ മരച്ചുവട്ടിലിരിക്കുമ്പോള്‍ അയാള്‍ തൊട്ടടുത്ത മരച്ചുവട്ടിലിരിന്ന്‌ പുസ്‌തകം വായിക്കുന്ന അവളെ ആദ്യമെ കണ്ടിരുന്നു. അതുകൊണ്ട്‌ തന്നെയാണ്‌ ആ മരച്ചുവട്‌ തിരഞ്ഞെടുത്തതും.
സമയം എതിരില്ലാത്ത മത്സരാര്‍ത്ഥിയെ പോലെ അവര്‍ക്കിടയിലൂടെ ഓടിക്കൊണ്ടിരുന്നു.
ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും അവള്‍ സുമുഖനായ അയാളെ ഒന്നു നോക്കിയത്‌ പോലുമില്ല. അവള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്‌തകത്തെ പറ്റി എന്തെങ്കിലുമൊന്ന്‌ ചോദിച്ചാലോ എന്ന്‌ അയാള്‍ക്ക്‌ തോന്നി. പക്ഷേ ചലനശേഷി നഷ്‌ടപ്പെട്ടൊരാളെ ചേര്‍ത്തുപിടിക്കും വിധം ആ മരം അയാളെ ശരീരത്തോട്‌ ഒട്ടിച്ചിരുന്നു.
മൂന്ന്‌ സൂചികളും ഒരൊറ്റ ബിന്ദുവില്‍ കേന്ദ്രീകരിക്കുമ്പോള്‍ ഒരു ശുഭമുഹൂര്‍ത്തം രൂപം കൊള്ളുവെന്നും ആ സമയത്ത്‌ അവള്‍ക്കരുകിലേക്ക്‌ സഞ്ചരിക്കാന്‍ ധൈര്യം തന്നെ പ്രാപ്‌തനാക്കുമെന്നും അയാള്‍ വിശ്വസിച്ചു.
ഒടുവില്‍ എഴുന്നേറ്റ്‌ അവള്‍ക്കരുകിലേക്ക്‌ നടന്നു.
``കുടിക്കാന്‍ വെള്ളമുണ്ടോ കയ്യില്‍?'' സ്വരുക്കൂട്ടിവെച്ചിരുന്ന ചോദ്യങ്ങളെല്ലാം അയാളെ കബളിപ്പിച്ച്‌ ഊര്‍ന്നുപോയി.
വായനക്ക്‌ ഭംഗം വന്നത്‌ ഇഷ്‌ടമാകാതെ അവള്‍ മുഖമുയര്‍ത്തി നോക്കി.
കണ്ണില്‍ ഇരുട്ടുകയറി, തൊണ്ടയില്‍ വെള്ളം വറ്റി ഇപ്പോള്‍ തളര്‍ന്നുവീഴും എന്ന മട്ടില്‍ നില്‍ക്കുന്ന അയാളെ കണ്ടപ്പോള്‍ അവള്‍ക്ക്‌ ചിരി വന്നു. എങ്കിലും മുഖഭാവം മാറ്റാതെ വാനിറ്റിബാഗില്‍ നിന്നും ജീരകവെള്ളം നിറച്ച കുപ്പിയെടുത്ത്‌ അയാള്‍ക്ക്‌ നീട്ടി.
``മുഴുവന്‍ തീര്‍ക്കരുത്‌. ഈ ഭാഗത്തുനിന്ന്‌ കിട്ടുന്ന വെള്ളത്തിന്‌ എന്തോ ചുവയാണ്‌.'' അവള്‍ ഓര്‍മ്മപ്പെടുത്തി.
വെള്ളം കുടിച്ച ശേഷം കുപ്പി തിരികെ നല്‍കി അയാള്‍ അല്‍പ്പനേരം കൂടി അവിടെ നിന്നു.
``താങ്ക്‌സ്‌''
അവള്‍ തന്നെ ശ്രദ്ധിക്കാതെ വായന തുടരുകയാണെന്നറിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു.
അവള്‍ വീണ്ടും വായന നിര്‍ത്തി അയാളെ നോക്കി. പിന്നെ പുഞ്ചിരിച്ചു.
``നാളെ പരീക്ഷയുണ്ടോ?'' അവളിലേക്ക്‌ സഞ്ചരിക്കാന്‍ ഒരൊഴുക്ക്‌ കിട്ടട്ടെയെന്ന്‌ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ അയാളെറിഞ്ഞ ആദ്യചോദ്യം.
``എനിക്കെന്നും പരീക്ഷയാണ്‌.'' വീണ്ടുമൊരു ചോദ്യത്തിന്‌ പഴുതില്ലാത്ത വിധം അവളുടെ ഉത്തരം.
നിരാശനായി അയാള്‍ തിരിഞ്ഞുനടന്നപ്പോള്‍ അവള്‍ പുറകില്‍ നിന്ന്‌ വിളിച്ചു.
``നിങ്ങള്‍ക്കെന്നെ പരിചയപ്പെടണ്ടേ?'' അയാളെ അത്ഭുതപ്പെടുത്തി അവളുടെ വാക്കുകള്‍.
``നിനക്ക്‌ മനസ്സ്‌ വായിക്കാനുള്ള കഴിവുണ്ടോ?'' അവളിലേക്ക്‌ കൂടുതല്‍ അടുത്തുനിന്നുകൊണ്ട്‌ അയാള്‍ ചോദിച്ചു.
``ഗവേഷണത്തിന്‌ ഞാനെടുത്ത വിഷയം `പുരുഷന്മാരുടെ മനശാസ്‌ത്രം' ആയിരുന്നു.''
അവളുടെ പൗര്‍ണ്ണമി പോലുള്ള ചിരിയും അയാള്‍ പുറന്തള്ളിയ വിളറിയ ചിരിയും കൂട്ടിമുട്ടി വഴിപിരിഞ്ഞുപോയി.

രണ്ടാംപകല്‍
സ്വപ്‌നനഗരിയിലെ സിമന്റ്‌ ബെഞ്ചിന്റെ ഇരുവശത്തുമിരുന്ന്‌ ഒന്നും മിണ്ടാതെ കുറേനേരം. മൗനം അവരുടെ അകലങ്ങള്‍ക്കിടയില്‍ കളിച്ചുകൊണ്ടിരുന്നു.
``ആത്മബന്ധങ്ങള്‍ രൂപം കൊള്ളുന്നതെങ്ങനെയാണ്‌.?'' ആദ്യം സംസാരിച്ചുതുടങ്ങിയത്‌ അവളാണ്‌.
അയാളപ്പോള്‍ ഏതോ സ്വര്‍ഗലോകത്തായിരുന്നു. അപ്രതീക്ഷിതമായി കിട്ടിയ ആ ചോദ്യത്തിന്‌ എങ്ങനെ മറുപടി പറയണമെന്നറിയാതെ അയാള്‍ ആശയക്കുഴപ്പത്തിലായി.
``ചിലതെല്ലാം ആകസ്‌മികമായി സംഭവിക്കുന്നതാണ്‌. ഒരു പുഴയോടൊത്ത്‌ ഒഴുകിനീങ്ങുന്നത്‌ പോലെ, കാറ്റിന്റെ ദിശയോടൊത്ത്‌ തെന്നി നീങ്ങുന്നത്‌ പോലെ...''
അയാളുടെ വാക്കുകള്‍ കേട്ട്‌ കൗതുകത്തോടെ അവള്‍ നോക്കുക മാത്രം ചെയ്‌തു.
``സൗഹൃദത്തെ നാമെങ്ങനെയാണ്‌ വിശ്വസിക്കുക?''
വായിച്ചുകൊണ്ടിരുന്ന പുസ്‌തകത്തിലെ ഒരു താള്‍ മടക്കിവെച്ചുകൊണ്ട്‌ അവള്‍ ചോദിച്ചു.
``അതിനൊരു കുറുക്കുവഴിയുണ്ട്‌. സൗഹൃദത്തിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്ന വ്യക്തി നമ്മോടെന്തെല്ലാം പറയുന്നുവെന്ന്‌ നോക്കിയാല്‍ മതി.''
``എങ്ങനെ?'' അവള്‍ക്കൊന്നും മനസ്സിലായില്ല.
``നീയെന്റെ കൂട്ടുകാരിയാണെങ്കില്‍ ഞാന്‍ എന്നെ കുറിച്ച്‌ പറയാവുന്നതെല്ലാം പറയും. നീയെന്നെ അംഗീകരിക്കുന്നുവെങ്കില്‍ നിന്റെ മനസ്സിലുള്ളതെല്ലാം എന്നോടും പറയും. പങ്കുവെക്കപ്പെടാന്‍ ഒന്നുമില്ലാതാകുമ്പോഴാണ്‌ സൗഹൃദം അതിന്റെ പൂര്‍ണതയിലെത്തുക.''
അത്‌ ശരി വെക്കും വിധം അവള്‍ തലയാട്ടി.
``ദാ..അതു കണ്ടോ?''
അല്‍പ്പം അകലെയുള്ള രണ്ടു വിദ്യാര്‍ത്ഥികളെ അവള്‍ ചൂണ്ടിക്കാട്ടി.
``അവര്‍ പ്രണയികളല്ല. അവര്‍ തമ്മില്‍ ദൃഢമായ ഒരു സൗഹൃദവുമില്ല.'' അവള്‍ പറഞ്ഞു.
``എങ്ങനെ മനസ്സിലായി? അയാള്‍ക്ക്‌ ആകാംഷയായി.
``പ്രണയിക്കുന്നവര്‍ ശരീരങ്ങള്‍ തമ്മില്‍ അകലം സൂക്ഷിക്കാറില്ല. സൗഹൃദമായിരുന്നെങ്കില്‍ ഒരിക്കലും അവന്‍ അവളുടെ ശരീരത്തെ ഇത്ര കാമാര്‍ത്തനായി നോക്കില്ലായിരുന്നു.''
അവള്‍ പറയുന്നത്‌ ശരിയാണെന്ന്‌ തോന്നിയെങ്കിലും അത്‌ അംഗീകരിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല.
``അവര്‍ തമ്മില്‍ ഒരു ബന്ധവുമില്ലെങ്കില്‍ പിന്നെങ്ങനെ ഒരുമിച്ച്‌ ഇവിടെയെത്തി.?''
അയാള്‍ക്ക്‌ അവള്‍ എന്തു പറയുമെന്നറിയാനുള്ള തിടുക്കമായിരുന്നു.
``ചതിക്കപ്പെടുമെന്നറിയാതെ അതിലൊരാള്‍ മറ്റേയാളെ വിശ്വസിക്കുന്നു.''
ഇത്തവണ അവള്‍ അല്‍പ്പം ഉറക്കെ തന്നെ ചിരിച്ചു.
അവളിലെ കൗശലക്കാരിയെ അയാള്‍ കണ്ടു.
``ഞാന്‍ എന്നെ കുറിച്ച്‌ പറയട്ടെ?''
ഷാജഹാന്റെ ചോദ്യത്തിന്‌ അവള്‍ മറുപടി പറഞ്ഞില്ല. എങ്കിലും അയാള്‍ സ്വന്തം ജീവിതത്തെ കുറിച്ച്‌ വാചാലമായി.
എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു.
``എന്നെ കുറിച്ച്‌ അറിയാന്‍ വേണ്ടിയാണിത്രയും പറഞ്ഞതെന്നറിയാം. അതുകൊണ്ട്‌ നിങ്ങളെ ഞാന്‍ നിരാശനാക്കുന്നില്ല.'' അവളും പറയാന്‍ തുടങ്ങി.
``നമ്മുടെ ജീവിതത്തിന്‌ ഒരു സാമ്യമുണ്ട്‌. ബാപ്പയെന്നത്‌ നമുക്കൊരു സമസ്യയാണ്‌. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു.
``ചതിക്കപ്പെട്ടാല്‍ പോലും ആദ്യം ബന്ധപ്പെടുന്ന പുരുഷനേയും അയാള്‍ നല്‍കിയ സുഖമുള്ള വേദനയും ഒരു സ്‌ത്രീക്കും മറക്കാനാവില്ല.''
അവളുടെ രസികന്‍ മറുപടി കേട്ടിട്ടും അയാള്‍ നിസ്സംഗനായി.
അല്‍പ്പം അകലെ തോളിലൂടെ കൈയ്യിട്ട്‌ ചേര്‍ത്തുപിടിക്കാന്‍ ശ്രമിച്ചതിന്‌ പെണ്‍കുട്ടി ആണ്‍കുട്ടിയെ തള്ളിമാറ്റി നടന്നുപോകുന്നത്‌ കണ്ടു.
``ഇപ്പോള്‍ മനസ്സിലായില്ലേ...ഞാന്‍ പറഞ്ഞതാണ്‌ ശരിയെന്ന്‌...'' പുസ്‌തകത്തില്‍ മുഖം പൂഴ്‌ത്തി അവള്‍ ഉറക്കെ ചിരിച്ചു.
``Love in the time of Cholera-Gabriel Garcia Marguez''
അവളുടെ വിരലുകള്‍ക്കിടയിലൂടെ അയാള്‍ ആ പുസ്‌തകം ശരിക്കും കണ്ടു.

മൂന്നാംപകല്‍
സ്വപ്‌നനഗരിയില്‍ ആദ്യമെത്തിയത്‌ ഷാജഹാനാണ്‌. കഴിഞ്ഞ രാത്രിയെ എങ്ങനെയാണ്‌ ആട്ടിപ്പായിച്ചതെന്ന്‌ അയാള്‍ക്ക്‌ തന്നെ നിശ്ചയമില്ല. ഈ നഗരം അതിവേഗം ഇണങ്ങുന്ന പൂച്ചക്കുട്ടിയെ പോലെയാണെന്ന്‌ തോന്നി. വന്നയുടനെ ആരും കൊതിച്ചു പോകുന്നൊരു ആത്മബന്ധം തന്നിരിക്കുന്നു. ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അദൃശ്യമായൊരു ശക്തിയാണ്‌ ഈ നഗരത്തെ താങ്ങിനിര്‍ത്തുന്നതെന്ന്‌ അയാള്‍ ഊഹിച്ചു.
മുംതാസ്‌ വന്നത്‌ പിന്നെയും അര മണിക്കൂര്‍ കഴിഞ്ഞാണ്‌.
കടുംനീല നിറത്തിലുള്ള ചുരിദാറാണ്‌ അവള്‍ ധരിച്ചിരുന്നത്‌. കൊഴുത്തുരുണ്ട രണ്ടു പുസ്‌തകങ്ങള്‍ അവള്‍ മാറോടടുക്കി പിടിച്ചിരുന്നു.
ഇളംനീല നിറത്തിലുള്ള കുട ചുരുക്കി അവളിരുന്നു.
``ലൈബ്രറിയിലൊന്ന്‌ കയറി...''
``കാത്തിരുന്ന്‌ ബോറടിച്ചു.'' അയാള്‍ പരിഭവം മറച്ചുവെച്ചില്ല.
``വിളിക്കാന്‍ നോക്കിയപ്പോള്‍ ഫോണില്‍ ബാലന്‍സില്ലായിരുന്നു.''
അവളുടെ ഒഴുക്കന്‍ മറുപടി അയാളെ ചിരിപ്പിച്ചില്ല. അയാള്‍ ദൂരേക്ക്‌ മിഴികളൂന്നിയിരുന്നു.
പിണങ്ങിയിരുന്ന അയാളുടെ ഷോള്‍ഡറില്‍ നുള്ളിയ ശേഷം അവള്‍ പൊട്ടിച്ചിരിച്ചു.
``യാ..അള്ളാ...ഇയാള്‍ എന്നില്‍ സ്വാതന്ത്യമെടുക്കാന്‍ ശ്രമിക്കുന്നു..''
അയാളുടെ മുഖത്തെ ഇരുളിനെ തുടച്ചുനീക്കി ചന്ദ്രിക പരന്നു.
``ഇന്നലെ തീരെ ഉറങ്ങാന്‍ കഴിഞ്ഞില്ല.'' ആശയക്കുഴപ്പത്തോടെയായിരുന്നു അയാളുടെ തുടക്കം.
``കോഴിക്കോട്‌ കൊതുകുകളുടെ നഗരമാണ്‌. പലപ്പോഴും എന്നെയും അവ അലോസരപ്പെടുത്താറുണ്ട്‌. ചോര കുടിക്കുക മാത്രമാണ്‌ അവയുടെ ലക്ഷ്യം.''
കൈവീശി തല്ലാനാണ്‌ അയാള്‍ക്ക്‌ തോന്നിയത്‌. അവള്‍ക്കെല്ലാം തമാശയാണ്‌. ഞാന്‍ പറഞ്ഞു തുടങ്ങാനാഗ്രഹിക്കുന്നത്‌ മനസ്സിലായിട്ടും ഒന്നുമറിയാത്തത്‌ പോലെ ഓരോന്നു പറയുന്നു.
എന്റെ ഉറക്കം കെടുത്തുന്ന കൊതുക്‌ നീയാണെന്ന്‌ ഉറക്കെപറയാന്‍ അയാള്‍ കൊതിച്ചു.
``പകല്‍ക്കിനാവുകളാണ്‌ എന്നെ മുന്നോട്ടുനയിക്കുന്നത്‌. രാത്രിസ്വപ്‌നങ്ങള്‍ എന്നും ശൂന്യതയുടെ കളിത്തൊട്ടിലായിരുന്നു.''
അയാളെ ഉറക്കാത്ത സ്വപ്‌നങ്ങളെ അവള്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന്‌ തോന്നുംവിധം അനിവാര്യമായ ഉത്തരം.
``എനിക്ക്‌ സ്വപ്‌നങ്ങള്‍ വേട്ടപ്പക്ഷികളാണ്‌. അവ കൊത്തി മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുന്നു.''
``യാഥാര്‍ത്ഥ്യമാകില്ലെന്നുറപ്പുള്ള സ്വപ്‌നങ്ങളെ മുറുകെ പിടിച്ചുകിടക്കുന്നത്‌ കൊണ്ടാണ്‌ നിങ്ങള്‍ക്കവയെ വേട്ടപ്പക്ഷികളായി തോന്നുന്നത്‌.
ഷാജഹാന്‌ മനോഹരമായൊരു മറുപടി നല്‍കി അവള്‍ ബെഞ്ചില്‍ ചാരിയിരുന്നു.
``എന്തൊക്കെയാണ്‌ മുംതാസിന്റെ ഹോബികള്‍? വിഷയം മാറ്റാനെന്നവണ്ണം അയാളുടെ ചോദ്യം.
``പാവക്കുട്ടികളുണ്ടാക്കുക. എന്റെ മുറി നിറയെ വിവിധ രൂപത്തിലും ഭാവത്തിലുമുള്ള പാവക്കുട്ടികളാണ്‌. ഒരിക്കല്‍ അവക്ക്‌ ജീവന്‍ വെക്കുമെന്നും എന്റെ ചുറ്റിനും വന്ന്‌ നൃത്തം വെക്കുമെന്നും പ്രത്യാശിക്കുന്നു. അങ്ങനെയൊരു ദിവസത്തിന്‌ വേണ്ടിയുള്ള കാത്തിരിപ്പാണ്‌ എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്‌.''
അയാള്‍ക്ക്‌ അത്ഭുതം തോന്നി. വായിച്ചുതള്ളിയ പുസ്‌തകങ്ങളെ കുറിച്ചു കേള്‍ക്കാന്‍ കൊതിച്ചാണ്‌ അങ്ങനെയൊരു ചോദ്യമെറിഞ്ഞത്‌. പക്ഷേ,
``ഷാജഹാന്റെ വിനോദമെന്താണ്‌?''
എന്തു പറയണമെന്നറിയാതെ അയാള്‍ കുഴങ്ങി. സത്യത്തില്‍ എന്താണ്‌ എന്റെ ഹോബി? വലിച്ചുവാരിയെഴുതിയ വാര്‍ത്തകളെ വെട്ടിച്ചുരുക്കലോ, വഴങ്ങാതെ കിടക്കുന്ന `ഇന്‍ട്രോ'കളെ നേര്‍വഴിക്ക്‌ നടത്തുകയോ, അതുമല്ലെങ്കില്‍ ആരെയും ആകര്‍ഷിക്കുന്ന `തലക്കെട്ടുകള്‍ക്ക്‌ ജന്മം നല്‍കുകയോ?...അയാള്‍ക്ക്‌ മുന്നില്‍ അപ്പോള്‍ വാര്‍ത്തകള്‍ ചിതറിക്കിടക്കുന്ന ഒരു ലോക്കല്‍പേജ്‌ മാത്രമാണുണ്ടായിരുന്നത്‌.
``കായലിലൂടെ കെട്ടുവള്ളത്തില്‍ സഞ്ചരിക്കാന്‍ ഇഷ്‌ടമാണ്‌.'' ഒടുവില്‍ മറുപടി നല്‍കി.
``കായലിനോ കടലിനോ അഭിമുഖമായി ഒരു വീട്‌. അതെന്റെ സ്വപ്‌നമാണ്‌.''
മുംതാസിന്റെ വാക്കുകള്‍ കേട്ട്‌ അയാള്‍ പൊട്ടിച്ചിരിച്ചു.
``നമ്മുടെ മനസ്സ്‌ ഒരേ ദിശയിലാണ്‌ സഞ്ചരിക്കുന്നത്‌. വേമ്പനാട്ടുകായലിന്റെ കരയില്‍ ഞാന്‍ സ്ഥലം വാങ്ങിക്കഴിഞ്ഞു.''
``ഉത്തരേന്ത്യന്‍ ശൈലിയിലുള്ള വീടാവണം. കുംഭങ്ങളും മട്ടുപ്പാവും പൂന്തോട്ടവുമെല്ലാമുള്ള ചെറിയൊരു വീട്‌. ചുമരുകളും മേല്‍ക്കൂരകളും മാര്‍ബിള്‍ പതിക്കണം. വെയിലിന്റെ പ്രകാശം അകത്തേക്ക്‌ കയറുന്ന വിധം മനോഹരമായിരിക്കണം അവയുടെ ജാലകങ്ങള്‍....
അവള്‍ വാചാലയാവുകയാണ്‌.
അയാള്‍ക്ക്‌ ചിരി വന്നു. വളരെ പ്രയാസപ്പെട്ട്‌ സ്വരുകൂട്ടിയ പണം കൊണ്ടാണ്‌ സ്ഥലം വാങ്ങിയത്‌. ചുമരുകളിലും മേല്‍ക്കൂരകളിലും മാര്‍ബിള്‍ പതിച്ച്‌ വീടുണ്ടാക്കാന്‍ എന്നെങ്കിലും പറ്റുമോ?
സങ്കല്‍പ്പങ്ങള്‍ ഒരിക്കലും കൃത്രിമം കാട്ടാറില്ല. ചിലപ്പോഴെല്ലാം ഭാവിജീവിതത്തെ കുറിച്ചുള്ള കിനാവുകളും. അവ സ്വന്തം അസ്ഥിത്വത്തെ പോലും കബളിപ്പിച്ച്‌ വസന്തം ചൊരിയുന്നു. മുംതാസ്‌ ഫാന്റസികളുടെ ലോകത്താണെന്ന്‌ അയാള്‍ക്ക്‌ തോന്നി.
``അതിനൊക്കെ ഒരുപാട്‌ പണം വേണ്ടേ?''
``പണം ചിലപ്പോഴെല്ലാം വിലയില്ലാത്ത വെറും കടലാസാണ്‌. ആയിരംരൂപയുടെ ഒരൊറ്റനോട്ട്‌ മാത്രം കൈയ്യില്‍ വെച്ച്‌ നടന്നാല്‍ ഈ നഗരത്തില്‍ ഒരു സര്‍ബ്ബത്ത്‌ കുടിക്കാന്‍ പോലുമാവില്ല. അപ്പോള്‍ ആ റോസ്‌ കടലാസിനേക്കാള്‍ വിലയുണ്ടാവും മൂന്നോ നാലോ നാണയത്തുട്ടുകള്‍ക്ക്‌...''
അയാള്‍ക്കൊന്നും മനസ്സിലായില്ല.
``ഷാജഹാനോട്‌ വല്ലാത്ത അടുപ്പം തോന്നുന്നു. അതുകൊണ്ട്‌ വീടുണ്ടാക്കാന്‍ ഞാന്‍ സഹായിക്കാം. ഞാന്‍ പറഞ്ഞ മാതൃകയില്‍ തന്നെ അതുയരട്ടെ..''
എന്തു പറയണമെന്നറിയാത്ത വാക്കുകള്‍.
ഒരു കസ്റ്റമര്‍കെയര്‍ എക്‌സിക്യുട്ടീവിന്റെ ബാങ്ക്‌ ബാലന്‍സിനെ പറ്റി ഊഹിക്കാവുന്നതേയുള്ളു. എന്താണ്‌ ഇവളോട്‌ പറയുക. തന്റെ ഫോണൊന്ന്‌ ശബ്‌ദിച്ചിരുന്നെങ്കിലെന്ന്‌ അയാള്‍ കൊതിച്ചുപോയി.
``എന്റെ സ്‌പോണ്‍സര്‍ ഒരു കോടീശ്വരനായിരുന്നു. എനിക്ക്‌ ഈ ജന്മം മുഴുവന്‍ ചിലവഴിക്കാനുള്ള തുക അദ്ദേഹം ബാങ്കിലിട്ടിട്ടുണ്ട്‌. ശരിക്കും പറഞ്ഞാല്‍ അതിന്റെ പലിശ മതി എനിക്ക്‌ ധാരാളിത്തത്തോടെ ജീവിക്കാന്‍...പക്ഷേ അധ്വാനിച്ച്‌ ജീവിക്കുന്നതിന്റെ സുഖം വേറെയാണ്‌.''
അയാളുടെ ആശയക്കുഴപ്പങ്ങള്‍ക്ക്‌ വിരാമമേകി അവളുടെ ഉത്തരം.
അവളുടെ വീട്‌ അവള്‍ക്കിഷ്‌ടമുള്ള രീതിയില്‍ പണിയുന്നു. അയാള്‍ക്ക്‌ അപ്പോള്‍ അങ്ങനെയാണ്‌ തോന്നിയത്‌.
വിവിധ വിഷയങ്ങളില്‍ പിന്നെയും ഒരുപാട്‌ നേരം അവര്‍ സംസാരിച്ചു. പിരിയാന്‍ മനസ്സ്‌ വന്നില്ലെങ്കിലും ഒടുവില്‍ ഇരുവരും എഴുന്നേറ്റു.
``ജീവിതം ഒരു യാത്രയാണ്‌. കണ്ടുമുട്ടാന്‍ വിധിക്കപ്പെടുന്നവരേയും കൊണ്ടാണ്‌ ഓരോ വാഹനവും ആ യാത്രയില്‍ ഭാഗവാക്കാകുന്നത്‌.''
പുറത്തേക്ക്‌ നടക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു.
അത്ഭുതങ്ങള്‍ മിടിക്കുന്ന ഹൃദയമാണ്‌ മുംതാസിന്റേതെന്ന്‌ അയാള്‍ക്ക്‌ തോന്നി. അവളില്‍ നിന്നുതിരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ബാക്കിയാക്കുന്നത്‌ പറഞ്ഞാലൊടുങ്ങാത്ത അമ്പരപ്പ്‌ മാത്രമാണ്‌. പകല്‍ അവസാനിക്കാതിരുന്നെങ്കില്‍...
അവളോട്‌ യാത്ര പറയാനാതെ അയാള്‍ നിന്നു.
``ഷാജഹാന്‍...നമ്മള്‍ പ്രണയിച്ചുതുടങ്ങുകയാണോ?''
കൗതുകത്തോടെയുള്ള അവളുടെ വാക്കുകള്‍ കേട്ട്‌ അയാളുടെ മുഖം വിടര്‍ന്നു. റോഡിലൂടെ കുതിച്ചുപായുന്ന വാഹനങ്ങളുടെ അലോസരപ്പെടുത്തുന്ന ശബ്‌ദം സംഗീതമായി അയാള്‍ക്ക്‌ തോന്നി.
രാത്രിയെ ആട്ടിപ്പായിക്കാന്‍ ശ്രമിക്കുന്നതില്‍ അയാളെ എങ്ങനെ തെറ്റു പറയാനാകും?

മൂന്ന്‌ മാസത്തിന്‌ ശേഷം ഒരു പകല്‍
സ്വപ്‌നനഗരിയിലെ ഒഴിഞ്ഞ കോണില്‍ ഷാജഹാനും അയാളുടെ തോളില്‍ ചാരി മുംതാസും ഇരുന്നു. കളിപ്പൊയ്‌കയില്‍ പെഡല്‍ ബോട്ടുകള്‍ ഒഴുകുന്നുണ്ട്‌. ചൂട്‌ അറിയാത്ത വിധം ഇളങ്കാറ്റ്‌ വീശുന്ന അന്തരീക്ഷം.
``നമ്മുടെ മോന്‌ എന്താണ്‌ പേരിടുക?'' മുംതാസിന്റെ ചോദ്യം.
``ഔറംഗസേബ്‌'' ഷാജഹാന്‌ തെല്ലും സംശയമുണ്ടായിരുന്നില്ല.
``നമ്മുടെ മോന്‌ ഒരിക്കലും ആ പേരിടരുത്‌. ആ പ്രൗഡിയുള്ള പേരിട്ടാല്‍ അവന്‍ ക്രൂരനാകും. ചിലപ്പോള്‍ നമ്മളെ പോലും വകവരുത്തിയെന്ന്‌ വരും.''
അതു പറയുമ്പോള്‍ അവളുടെ മുഖത്ത്‌ ഭീതിയുണ്ടായിരുന്നു. അവളെ ചേര്‍ത്തുപിടിച്ച്‌ അയാള്‍ ചിരിച്ചു.
``ആ സ്‌ത്രീ ഒരു പ്രോസ്റ്റിറ്റിയൂട്ടാണ്‌.'' അല്‍പ്പമകലെ ഒരു സ്‌ത്രീയും അവരേക്കാള്‍ പ്രായം കുറഞ്ഞ പുരുഷനും വന്നിരിക്കുന്നത്‌ കണ്ടപ്പോള്‍ മുംതാസ്‌ പറഞ്ഞു.
``എങ്ങനെ മനസ്സിലായി?''
``അതവരുടെ മുഖത്ത്‌ എഴുതിവെച്ചിട്ടുണ്ട്‌.''
സ്‌ത്രീയുടെ മടിയില്‍ അയാള്‍ തല വെച്ചുകിടക്കുന്നത്‌ കണ്ടപ്പോള്‍ ഷാജഹാനും അത്‌ ശരിയാണെന്ന്‌ തോന്നി. മുംതാസിന്‌ ബന്ധങ്ങളെ തിരിച്ചറിയുന്നതില്‍ വല്ലാത്ത ജ്ഞാനമുണ്ടെന്ന്‌ അയാള്‍ തീര്‍ച്ചപ്പെടുത്തി.
``ഈ ലോകത്ത്‌ എനിക്കേറ്റവും സഹതാപം തോന്നിയിട്ടുള്ളത്‌ വേശ്യകളോടാണ്‌.''
``എന്തുകൊണ്ട്‌?'' അവളുടെ ഉത്തരം കേള്‍ക്കാന്‍ അയാള്‍ക്ക്‌ കൊതിയായി.
``ജീവിതത്തിലെ ഏറ്റവും വലിയ സുഖാനുഭൂതി ആസ്വദിക്കാന്‍ കഴിയാതെ പോകുന്ന ചലിക്കുന്ന പാവകളാണവര്‍. അര്‍ത്ഥശൂന്യതയുടെയും നിസ്സഹായതയുടെയും പ്രതീകങ്ങള്‍...''
``എനിക്ക്‌ അവറ്റകളോട്‌ തോന്നിയിട്ടുള്ളത്‌ വെറുപ്പ്‌ മാത്രമാണ്‌.'' അയാള്‍ മുഖംകോട്ടി.
``ചുംബിക്കുന്ന മുഖങ്ങള്‍ പോലും ഓര്‍ത്തുവെക്കാന്‍ കഴിയാത്ത മനസ്സാണവരുടേത്‌. രതി ആരംഭിക്കുന്നത്‌ ബാല്യത്തില്‍ നിന്നാണെന്നാണ്‌ ഫ്രോയിഡിന്റെ സിദ്ധാന്തം. ആണ്‍കുട്ടികള്‍ക്ക്‌ അമ്മയോടും പെണ്‍കുട്ടികള്‍ക്ക്‌ അച്ഛനോടുമാണ്‌ ആദ്യമായി ലൈംഗിതതൃഷ്‌ണ തോന്നുക. മുല കുടിക്കുന്ന പിഞ്ചുകുഞ്ഞ്‌ പോലും രതിയുടെ സുഖം അനുവഭിക്കുന്നുണ്ടെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. എന്നിട്ടും യൗവ്വനത്തിന്റെ തിളപ്പില്‍ നില്‍ക്കുന്ന ചിലര്‍ക്ക്‌ അതാസ്വദിക്കാനാവാതെ പോകുന്നു.''
``അദ്ദേഹത്തിന്റെ ഭൂരിഭാഗം സിദ്ധാന്തങ്ങളും തള്ളപ്പെട്ടതാണ്‌.'' ഷാജഹാന്‍ ഓര്‍മ്മപ്പെടുത്തി.
``പരീക്ഷണങ്ങളോ നിരീക്ഷണങ്ങളോ നടത്താതെ എല്ലാത്തിനേയും തള്ളിപ്പറയുന്നവരാണേറെയും'' അവളുടെ മുഖത്ത്‌ ഈര്‍ഷ്യയായിരുന്നു.
അവരുടെ സംസാരം വിവിധ വിഷയങ്ങളിലേക്ക്‌ നീണ്ടു. എക്‌സ്‌ട്രാ ഗ്രിപ്പ്‌ ക്വാണ്ടത്തെ കുറിച്ചും ഐ പില്ലിനെ കുറിച്ചും വരെ പറഞ്ഞു വഴക്കടിച്ച പകല്‍. പിരിയുമ്പോള്‍ മുംതാസിന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു.
ഷാജഹാന്‍ നാളെ ആലപ്പുഴക്ക്‌ മടങ്ങുകയാണ്‌. രണ്ടാഴ്‌ചക്ക്‌ ശേഷമെ അയാളിനി മടങ്ങിവരൂ...ക്ഷണികമാണെങ്കിലും ആ വേര്‍പാട്‌ അവളെ വല്ലാതെ തളര്‍ത്തുന്നു.
``നമ്മുടെ വീട്‌ അവസാനഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌. കുറച്ചുദിവസം അവിടെ നിന്നില്ലെങ്കില്‍ ശരിയാവില്ല.'' ``എന്താ നമ്മുടെ വീടിന്‌ പേരിടുക?'' നിഷ്‌കളങ്കതയോടെ അവള്‍.
`താജ്‌മഹല്‍' സന്ദേഹമില്ലാത്ത മറുപടി.
``അപ്പോള്‍ എന്നെ കൊന്നുകുഴിച്ചുമൂടിയോ അതിനുള്ളില്‍...'' ചിരിച്ചുകൊണ്ടാണ്‌ അവള്‍ ചോദിച്ചത്‌.
ഷാജഹാന്‍ എന്തുപറയണമെന്നറിയാതെ നിന്നു.
``നല്ല പേര്‌..ഇതിനപ്പുറം നമുക്കൊരു പേരിടാനാവില്ല.''
അയാളെ സന്തോഷിപ്പിക്കാനെന്നവണ്ണം അവള്‍ ഉറക്കെച്ചിരിച്ചു. ക്രമേണ അയാളും ആ ചിരിയില്‍ പങ്കുചേര്‍ന്നു.
തിരിഞ്ഞുനടക്കുമ്പോള്‍ അവള്‍ വിങ്ങിപ്പൊട്ടി കരഞ്ഞത്‌ അയാള്‍ കണ്ടില്ല.

ഒരാഴ്‌ചയ്‌ക്ക്‌ ശേഷം
ഷാജഹാന്‍ കോഴിക്കോട്‌ തിരിച്ചെത്തി. അയാള്‍ അസ്വസ്ഥനായിരുന്നു. അന്നു പിരിഞ്ഞതിന്‌ ശേഷം മുംതാസിന്റെ ഒരു കോളുപോലും വന്നിട്ടില്ല. വിളിച്ചപ്പോഴെല്ലാം നമ്പര്‍ നിലവിലില്ലെന്ന മറുപടി. കസ്റ്റമര്‍ കെയറില്‍ രാത്രി പുരുഷന്മാരെ മാത്രമാക്കിയെന്ന്‌ തോന്നുന്നു. ഒരു പെണ്‍കുട്ടിയെ പോലും ലൈനില്‍ കിട്ടിയില്ല.
മുംതാസിന്‌ എന്താണ്‌ പറ്റിയത്‌?
അതിരാവിലെ തന്നെ അയാള്‍ സ്വപ്‌നനഗരിയിലെത്തി.
ചലനങ്ങള്‍ നഷ്‌ടപ്പെട്ട മരങ്ങള്‍, ശൂന്യമായി കിടക്കുന്ന പെഡല്‍ ബോട്ടുകള്‍, ഓളങ്ങളില്ലാത്ത കളിപ്പൊയ്‌ക.. എല്ലാം അയാളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
മധ്യാഹ്നം വരെ കാത്തിരുന്നെങ്കിലും അവള്‍ വന്നില്ല. പതിവിലും തിരക്കേറി തുടങ്ങിയ സ്വപ്‌നനഗരിയില്‍ നിന്നും അയാള്‍ പുറത്തേക്ക്‌ നടന്നു. `ടെല്‍മോറി'ന്റെ ക്വാട്ടേഴ്‌സായിരുന്നു ലക്ഷ്യം.
പൂട്ടിക്കിടന്ന അവളുടെ ക്വാട്ടേഴ്‌സിന്‌ മുമ്പില്‍ ചിതറിക്കിടന്ന പത്രങ്ങളില്‍ ചവിട്ടി അയാള്‍ എങ്ങോട്ട്‌ പോകണമെന്നറിയാതെ നിന്നു. പിന്നീട്‌ ഉഷ്‌ണക്കാറ്റ്‌ വീശുന്ന നഗരത്തിലൂടെ ഒരു ഭ്രാന്തനെ പോലെ അവളെ തേടിയലഞ്ഞു.

രാത്രി
ലീവ്‌ ക്യാന്‍സല്‍ ചെയ്യാതെ തന്നെ അയാള്‍ ക്യാബിനില്‍ വന്നിരുന്നു. കംപ്യൂട്ടര്‍ ഓണ്‍ ചെയ്‌ത്‌ മുംതാസിന്റെ ഫോട്ടോകള്‍ സേവ്‌ ചെയ്‌ത ഫോള്‍ഡര്‍ തുറന്നു. പൗര്‍ണ്ണമി പരന്ന ആ മുഖം ഉറ്റുനോക്കിയിരുന്നു.
``ഷാജഹാന്‍...എന്തുപറ്റീ വേഗം തിരിച്ചുപോരാന്‍...''
തിരിഞ്ഞുനോക്കിയപ്പോള്‍ റിപ്പോര്‍ട്ടര്‍ ഹരികൃഷ്‌ണന്‍.
മറുപടിയൊന്നും പറയാതെ അയാള്‍ പുഞ്ചിരിച്ചു. പിന്നെ അതിവേഗം അവളുടെ ചിത്രങ്ങള്‍ മോണിറ്ററില്‍ നിന്ന്‌ മാറ്റി.
``ഏതാണ്‌ കക്ഷി? ഞാനുമൊന്ന്‌ കാണട്ടെ?''
ഹരികൃഷ്‌ണന്‍ മുംതാസിനെ കണ്ടുവെന്ന്‌ മനസ്സിലായപ്പോള്‍ അയാള്‍ ആകെ ആശയക്കുഴപ്പത്തിലായി.
മറ്റാരുമില്ലെന്ന്‌ ഉറപ്പുവരുത്തിയ ശേഷം അയാള്‍ മുംതാസിന്റെ ഏറ്റവും ഭംഗി തോന്നിക്കുന്ന ഫോട്ടോ തുറന്നു.
``ടര്‍ക്കിഷ്‌ എയ്‌ഞ്ചല്‍'' ഹരികൃഷ്‌ണന്‍ മന്ത്രിച്ചു.
``നിനക്കെങ്ങനെ കിട്ടി എയ്‌ഞ്ചലിന്റെ ഇത്രയും ഫോട്ടോ? അയാള്‍ക്ക്‌ ആകാംഷയായിരുന്നു.
``എയ്‌ഞ്ചലോ?'' ഷാജഹാന്‌ ഒന്നും മനസ്സിലായില്ല.
``ഇതാണ്‌ ടര്‍ക്കിഷ്‌ എയ്‌ഞ്ചല്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന ഈ നഗരത്തിലെ ഏറ്റവും വിലയേറിയ കോള്‍ഗേള്‍. ഒരു രാത്രിക്ക്‌ ലക്ഷങ്ങള്‍ വാങ്ങുന്ന സുന്ദരി. ഏതോ വിദേശരാജ്യത്തേക്ക്‌ അവരുടെ സംഘം ചേക്കേറിയത്‌ കഴിഞ്ഞ ദിവസമാണ്‌.''
ഫോണ്‍ റിംഗ്‌ ചെയ്‌തപ്പോള്‍ ഹരികൃഷ്‌ണന്‍ നടന്നുമറഞ്ഞു.
പുതിയ ചില അറിവുകളുടെ ഭാരം താങ്ങാനാവാതെ ഷാജഹാന്‍ ഇരുന്നു. ഒരു ബലൂണ്‍ പോലെ ശരീരം മൊത്തം വീര്‍ക്കുന്നതായി അയാള്‍ക്ക്‌ തോന്നി. കണ്ണുകള്‍ക്ക്‌ മുന്നില്‍ ഭയാനകരൂപം പൂണ്ട്‌ ഇരുട്ട്‌ ശരീരത്തെ കുത്തിക്കീറാന്‍ പാഞ്ഞടുക്കുന്നത്‌ പോലെ...
``ഷാജഹാന്‌ ഒരു കത്തുണ്ട്‌. മൂന്ന്‌ ദിവസം മുന്നെ വന്നതാണ്‌.''
ഗായത്രി പറഞ്ഞത്‌ ഷാജഹാന്‍ കേട്ടില്ല.
അയാള്‍ അപ്പോഴും പൊട്ടാനാവാതെ വീര്‍ത്തുകൊണ്ടിരുന്നു.