Thursday, October 11, 2007

അവള്‍ ഉരുകുകയാണ്‌


മംഗലാപുരത്ത്‌ നിന്നുള്ള ഒരു പറിച്ചുനടലായിരുന്നു സലീനയുടെ ജീവിതം മാറ്റിമറിച്ചത്‌. സ്വപ്നങ്ങള്‍ കണ്ണുപൊത്തിക്കളിക്കുന്ന മനസ്‌, വിഹ്വലതകള്‍ പതഞ്ഞൊഴുകുന്ന ഓര്‍മ്മകള്‍, എല്ലാം വേട്ടയാടിതീര്‍ക്കും മുമ്പ്‌ അനുയോജ്യമായൊരു മാറ്റം തന്ന ദൈവത്തിന്‌ സ്തുതി പറഞ്ഞു. ഹോസ്റ്റല്‍ മുറിയിലെ സ്വയം കണ്ടെത്തിയ ഏകാന്തതകളില്‍ അവള്‍ അവളോട്‌ തന്നെ ചോദ്യം ചോദിക്കുന്നു അവള്‍ തന്നെ ഉത്തരം കണ്ടെത്തുന്നു. മുറിവുകള്‍ പുനര്‍ജനി തേടുന്ന പകലും പകലറുതികളും അവളെ പ്രതീക്ഷകള്‍ തന്ന്‌ കൊതിപ്പിക്കുന്നു. കളിപ്പാട്ടം തിരഞ്ഞുനടന്ന ബാല്യത്തില്‍ പ്രണയത്തിന്റെ കഥ പറഞ്ഞു തന്ന കളിക്കൂട്ടുകാരന്‍ മനസിനെ പിടിച്ചുകുലുക്കിയപ്പോഴും ഉള്ളില്‍ ഒന്നും തോന്നാത്തതിന്റെ നിസഹായതായിരുന്നു. പിന്നീടെന്നോ സ്വയം ചോദ്യങ്ങള്‍ വീര്‍പ്പുമുട്ടിച്ചപ്പോള്‍ അവനില്‍ തന്നെ അഭയം പ്രാപിക്കാന്‍ മനസ്‌ ഒരുമ്പെട്ടുവെന്നതും കൗതുകകരം.
പത്ത്‌ വര്‍ഷത്തിന്‌ പത്തു ദിവസത്തിന്റെ ദൈര്‍ഘ്യം മാത്രം...
നിയെന്നെ പഴി പറയരുത്‌ ഞാന്‍ ജോജിയെ പ്രണയിക്കുന്നു. ഒരാള്‍ വലിപ്പമുള്ള കണ്ണാടിക്ക്‌ മുന്നില്‍ നിന്ന്‌ അവള്‍ അവളോട്‌ തന്നെ പറഞ്ഞു. പ്രണയം വേദനയുടെ അസ്ഥിത്വം തേടുന്നു.. അത്‌ കണ്ണുനീരില്‍ പുനര്‍ജനിക്കുന്നു. അസ്തമയത്തിന്റെ ശോണിമയില്‍ വീണ്ടും മരിക്കുന്നു. ചിന്തകള്‍ക്ക്‌ കടിഞ്ഞാണിടാനാവാതെ അവള്‍ ആദ്യമായി കുഴങ്ങി.
അവളുടെ മനസ്‌ കോഴിക്കോട്ടെത്തിയതില്‍ പിന്നെ അസ്വസ്ഥമായിരുന്നു...ഹോസ്റ്റല്‍മുറിയിലെ ഏകാന്തതയെ കീറി മുറിക്കാന്‍ തത്രപ്പെടുമ്പോഴും കഴമ്പില്ലാത്ത കഥകളില്‍ സമയത്തെ കൊല്ലുമ്പൊഴും മനസില്‍ സാഫല്യത്തിന്റെ നെടുവീര്‍പ്പുകള്‍ വന്നുംപോയുമിരുന്നു. സ്വന്തം സ്വത്വം നഷ്ടപ്പെടുത്താന്‍ മാത്രം ക്രൂരനാണോ ഈ വികാരം.അതിന്റെ തേറ്റപല്ലുകള്‍ ആഴ്‌ന്നിറങ്ങുന്നത്‌ ഹൃദയത്തിന്റെ നീലത്തടാകങ്ങളിലേക്കാണെന്ന തിരിച്ചറിവ്‌ അവളെ ഭീതിപ്പെടുത്തിക്കൊണ്ടിരുന്നു...

അച്ഛന്റെ സ്നേഹം കിട്ടാക്കനിയായിരുന്നു. പ്രവാസജീവിതത്തിന്റെ ഇടവേളയിലെപ്പോഴോ ഒരോര്‍മ്മ പോലെ മകളുടെ രൂപം സ്വപ്നം കാണുന്നുണ്ടാവാം. കടലിനക്കരെ നിന്നും ഒഴുകിയെത്തുന്ന ശബ്ദത്തില്‍ ഒരുപാട്‌ വാക്കുകള്‍ പുറത്തേക്ക്‌ വരാനാവാതെ വിങ്ങിനില്‍ക്കുമ്പോഴും മനസില്‍ ദേഷ്യമൊന്നും തോന്നിയിരുന്നില്ല. അച്ഛന്‍ എന്ന സങ്കല്‍പത്തിന്‌ അത്രയെ നിറം നല്‍കിയിരുന്നുള്ളു. അമ്മയായിരുന്നു എല്ലാം. ഉള്ളില്‍ വേദന തോന്നുമ്പോഴും സന്തോഷം തോന്നുമ്പോഴും ആ ശബ്ദത്തിന്റെ തീഷ്ണത നിമിഷങ്ങളെ മാറ്റി മറിച്ചുകൊണ്ടിരുന്നു. അമ്മ ഒരറിവാണ്‌..ഒരിക്കലും തീരാത്ത പ്രപഞ്ചത്തിന്റെ ഗൂഢരഹസ്യം പോലെ...ജോജിയുമായുള്ള ബന്ധം അമ്മക്ക്‌ തിരെ ഇഷ്ടമായിരുന്നില്ല. അതെന്തു തന്നെയായാലും അമ്മയുടെ തീരുമാനത്തെ വെറുക്കാന്‍ മനസ്‌ അനുവദിക്കുമായിരുന്നില്ല. വളര്‍ത്തി വലുതാക്കിയതെങ്ങനെയെന്ന്‌ ഓര്‍മ്മ വെച്ച്‌ തുടങ്ങിയപ്പോള്‍ മുതല്‍ മനസിലാക്കിയിരുന്നു. അമ്മയണിയാറുള്ള നിസംഗതയെയായിരുന്നു ഏറ്റവും ഇഷ്ടം. കുറവുകള്‍ ജീവിതത്തില്‍ ഒരിക്കലും വരുത്തിയിട്ടില്ല..അതറിയിക്കാതിരിക്കാന്‍ മറുനാട്ടില്‍ നിന്നെത്തുന്ന പണത്തിന്‌ എത്രമാത്രം സാധിച്ചുവെന്നതും കൗതുകകരമായി ചിന്തിക്കേണ്ടിയിരിക്കുന്നു. പക്ഷേ പണമാണോ ഒരു ജീവിതത്തിന്റെ മാനദണ്ഡം..? സലീന അവളോട്‌ ചോദിച്ച ആദ്യത്തെ ചോദ്യം. ഉത്തരം കണ്ടെത്തുമ്പോള്‍ ദിവസങ്ങളെടുത്തിരുന്നു.

ആര്‍ബര്‍ട്ട്‌ മുഖാന്തിരമായിരുന്നു പുതിയ കലാലയത്തിലേക്കുള്ള പ്രവേശനം തരപ്പെടുത്തിയത്‌. ചെറുപ്പത്തിലൊരുമിച്ചിരുന്ന്‌ ഭക്ഷണം കഴിച്ചൊരു സായന്തനത്തിലായിരുന്നു ആദ്യമായി അവനെ കണ്ടത്‌. ബന്ധുത്വത്തിന്റെ അസ്വാദ്യകരമായ ഒരനുഭൂതിക്കപ്പുറം അതിന്‌ ജീവിതത്തില്‍ മറ്റൊരു പ്രാധാന്യവും നല്‍കിയിരുന്നില്ല. പുതിയ കലാലയവുമായി പൊരുത്തപ്പെടാന്‍ ദിവസങ്ങളെടുത്തു. സമരത്തിന്റെ തീഷ്ണതയില്‍ യൗവനം പുതിയ വാതായനങ്ങളിലേക്ക്‌ ചിറകടിച്ചുയരുന്നതിന്‌ സാക്ഷിയാകേണ്ടി വന്നു. മനസ്‌ ഇടക്കിടെ മടുത്തു തുടങ്ങിയപ്പോള്‍ ഞായറാഴ്ചയാവാന്‍ കാത്തിരിക്കും. അള്‍ത്താരയുടെ ഒഴിഞ്ഞ കോണിലിരുന്ന്‌ ദൈവപുത്രനെ മനസിലേക്കാവാഹിക്കും. ഉള്ളിലെ വിങ്ങലടങ്ങാന്‍ ഇതൊക്കെ മതി സലീനക്ക്‌..
ആല്‍ബര്‍ട്ട്‌ ഇടക്കിടെ ഹോസ്റ്റലിലെത്തും. അവന്റെ മൊബെയിലില്‍ നിന്നും അമ്മയെ വിളിക്കും. പ്രണയത്തെ കുറിച്ചും സ്നേഹത്തെ കുറിച്ചുമെല്ലാം ഹോസ്റ്റല്‍മുറിയില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ നടക്കാറുണ്ട്‌. ഇതിനിടയിലെപ്പോഴോ ആല്‍ബര്‍ട്ടിന്റെ പെരുമാറ്റത്തില്‍ തീവ്രമായ വിധത്തിലൊരു സ്നേഹത്തിന്റെ ലാഞ്ചന കണ്ടെത്താന്‍ കഴിഞ്ഞിരുന്നു അവള്‍ക്ക്‌. ജോജിയെ പറ്റി പറയാന്‍ ഒരുപാട്‌ തവണ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. അവന്റെ മനസില്‍ പ്രണയത്തിന്റെ മഴ പെയ്തുതുടങ്ങും മുമ്പ്‌ കാറ്റായി ആ മേഘശകലങ്ങള്‍ പറത്തിവിടാന്‍ അത്‌ പറയാതെ നിവര്‍ത്തിയില്ലെന്ന യാഥാര്‍ത്ഥ്യത്തിനിടയിലാണ്‌ അമ്മ മുഖാന്തിരംഅവനതറിഞ്ഞത്‌.

ഗ്രാമത്തിന്റെ നിശബ്ദതതയില്‍ നിന്നും നഗരത്തിന്റെ തിരക്കിലേക്ക്‌ ചേക്കേറുമ്പോള്‍ ആല്‍ബര്‍ട്ടിന്റെ മനസ്‌ ശൂന്യമായിരുന്നു. മരുഭൂമി പോലെ സ്വപ്നങ്ങള്‍ക്കായി പരന്നു കിടക്കുന്ന മനസ്‌. പണ്ടൊരിക്കല്‍ ദിവ്യബലിക്കിടയില്‍ ജേക്കബ്ബച്ചന്‍ പറഞ്ഞതോര്‍മ്മയുണ്ട്‌. ഓരോ ചെടിയും പറിച്ചുനടാന്‍ വിധിക്കപ്പെട്ടവരാണ്‌. എവിടെ പ്രതലം കണ്ടെത്തിയാലും കാറ്റും മഴയും അതിനെ സ്നേഹിച്ചുകൊണ്ടിരിക്കും. ശരിയാണ്‌ എവിടെ ചെന്നാലും പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ചിലരുണ്ട്‌. സ്നേഹത്തിന്റെ അസുലഭതയിലേക്ക്‌ കൈപിടിച്ചുകൊണ്ടു പോകുന്നവര്‍. കോഴിക്കോട്ടെത്തുമ്പോള്‍ മനസില്‍ ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളു. മറ്റാരെയും ശല്യം ചെയ്യാതെ സുഖമായി ജീവിക്കാന്‍ കഴിയുക. കടം മനുഷ്യനെ ഭ്രാന്തനാക്കുമ്പോള്‍ ആര്‍ക്കും തോന്നാവുന്ന സാധാരണചിന്ത. പക്ഷേ ആല്‍ബര്‍ട്ട്‌ സാഫല്യത്തിന്റെ ചിറകിലേറിയത്‌ വളരെ വേഗമായിരുന്നു.
തീരെ അവിചാരിതമായാണ്‌ ആ ഫോണ്‍കോള്‍ വന്നത്‌. ബന്ധത്തിലുള്ള കുട്ടിക്ക്‌ നഗരത്തിലെ ഒരു പ്രമുഖ കോളജില്‍ അഡ്മിഷന്‌ വേണ്ടി..പഠിക്കാനാവാത്തതിന്റെ ദുഖം ആത്മാവിനെ വരിഞ്ഞുമുറുക്കുന്നത്‌ കൊണ്ടാവാം പഠിക്കുന്ന കുട്ടികളെ ഒരുപാടിഷ്ടമായിരുന്നു. ചരിത്രമുറങ്ങിക്കിടക്കുന്ന ആ കലാലയത്തിലെത്തുമ്പോള്‍ തിമര്‍ത്തുപെയ്യുന്ന മഴയായിരുന്നു. ആപ്ലിക്കേഷന്‍ ഫോറം വാങ്ങിതിരിച്ചു വരുമ്പോള്‍ കുഞ്ഞുനാളിലെങ്ങോ കണ്ട ആ പിഞ്ചുമുഖം വളര്‍ന്നത്‌ ഏതുരൂപത്തിലാണെന്നറിയാനുള്ള ആകാംക്ഷയായിരുന്നു. സലീനയുടെ നിറം, രൂപം, ഭാവം, സംസാരം ഒക്കെ ഓര്‍മ്മിച്ചെടുക്കാനാവാത്ത വിധം വിദൂരമായിരുന്നു.
പിന്നീട്‌ കണ്ടപ്പോള്‍, സംസാരിച്ചപ്പോള്‍, ഉള്ളുതുറന്നപ്പോള്‍ അറിയാതെ അവള്‍ മനസിലേക്ക്‌ നടന്നുവരുതായി അവന്റെ ചിന്തകള്‍ക്ക്‌ തോന്നിയതിലും അത്ഭുതപ്പെടാനില്ല. കാരണം സലീനയുടെ ഭാവങ്ങള്‍ ആരിലും പ്രണയം വിടര്‍ത്തും വിധം ചേതോഹരമായിരുന്നു.
ഒടുവില്‍ ജോജി എന്നൊരാളെ അവള്‍ സ്നേഹിക്കുന്നുണ്ടെന്ന്‌ തിരിച്ചറിഞ്ഞിട്ടും മനസ്‌ തുറന്ന്‌ കാട്ടേണ്ടി വന്നു. സ്നേഹിതനായ രഞ്ജിത്ത്‌ അവളോട്‌ ഇക്കാര്യം സംസാരിക്കുമ്പോള്‍ ഉള്ളില്‍ പ്രതീക്ഷ അവശേഷിച്ചിരുന്നുവെന്ന്‌ പറയാതെ വയ്യ...

പതിവിന്‌ വിപരീദമായി സലീനക്ക്‌ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതായി. ഉള്ളില്‍ വിഹ്വലതകള്‍ കൂടുകൂട്ടുന്നു. ജോജിയുമായുള്ള ആത്മബന്ധത്തിന്‌ മുറിവ്‌ പറ്റുമോ എന്ന ആശങ്ക തന്നെയായിരുന്നു അതിന്‌ കാരണം. വേദന മാംസത്തെ നുള്ളിപറിക്കാന്‍ തുടങ്ങുമ്പോള്‍ ഞായറാഴാചയാകാന്‍ കാത്തിരിക്കും. ദൈവപുത്രന്റെ സന്നിധിയിലെത്തി അള്‍ത്താര സാന്ത്വനമാകുമ്പോള്‍ ഒരിക്കലും ലഭിക്കാത്ത ശാന്തത ആത്മാവിലേക്ക്‌ തള്ളിക്കയറും. മനസില്‍ രണ്ടു കാര്യങ്ങളാവും അപ്പോള്‍. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയണം.ജോജിയെ കിട്ടണം. യൗവനാരംഭത്തില്‍ ഏതൊരു പെണ്‍കുട്ടികള്‍ക്കും തോന്നുന്ന ചെറുചിന്ത.
ഹോസ്റ്റലിലെ തീന്‍മേശയില്‍ ഭക്ഷണത്തിന്‌ മുന്നിലിരിക്കുമ്പോള്‍ മനസില്‍ അമ്മയുടെയും അനിയത്തിയുടേയും മുഖമാവും. ഒന്നുരണ്ടു വറ്റ്‌ വാരിതിന്നിട്ട്‌ എഴുന്നേറ്റ്‌ പോകും..സത്യത്തില്‍ കോഴിക്കോട്ടെക്ക്‌ വരാന്‍ പ്രേരിപ്പിച്ചത്‌ ഇവിടെ ജോജിയുണ്ടെന്ന ചിന്ത മാത്രമാണ്‌. സ്നേഹത്തിന്റെ സൗന്ദര്യമൊന്നും ജീവിതത്തില്‍ കിട്ടിയിട്ടില്ല. ശബ്ദത്തിന്റെ പരിമിതികളെ അഭയം പ്രാപിക്കുമ്പോള്‍ സാമീപ്യം കൊതിക്കുന്നത്‌ തെറ്റാണോ? സലീന അവളോട്‌ തന്നെ ചോദിക്കുന്ന മറ്റൊരു ചോദ്യം.
വേദനകള്‍ കുത്തിനിറക്കുന്നൊരു വികാരമായിട്ടും എല്ലാവരും പ്രണയം കൊതിക്കുന്നതെന്തെ...ഈ ക്ഷണികമായ വ്യഥയെ സുഖനൊമ്പരമെന്ന്‌ വിളിക്കുന്നതാവും ഉചിതം. സത്യത്തില്‍ അതൊരു അനുഭൂതിയുടെ പെയ്ത്താണ്‌.
കൂട്ടുകാരുടെ സലീനാ എന്നുള്ള ചെകിടടപ്പിക്കുന്ന ശബ്ദം കേട്ട്‌ അവള്‍ ചിന്തകള്‍ക്ക്‌ താല്‍ക്കാലികമായി അവധി നല്‍കി. എന്നിട്ട്‌ അവരോടൊപ്പം കൂടി. ഹോസ്റ്റല്‍മുറികളിലെ വിഷയം സൗഹൃദത്തിനും പ്രണയത്തിനും വേണ്ടി മാറ്റിവെച്ചിട്ടുള്ളതാണ്‌.
നീയൊരാളെ പ്രണയിക്കുന്നില്ലേ സലീനാ..
എല്ലാമറിഞ്ഞിട്ടെന്നവണ്ണമുള്ള ഗായത്രിയുടെ ചോദ്യം അമ്പരപ്പിച്ചുകളഞ്ഞു.
ആദ്യമായി ഉള്ളിലെ രഹസ്യം ചോര്‍ത്തിയത്‌ അവളായിരുന്നു. ഈ നഗരത്തില്‍ വന്നിട്ട്‌ ആദ്യമായി എന്റെ ഹൃദയം കട്ടെടുത്ത്‌ കളഞ്ഞു അവള്‍. പിന്നീടുള്ള ഓരോ പകലും ഞങ്ങള്‍ ഉള്ളുതുറന്ന്‌ സംസാരിച്ചു. പ്രണയിക്കുന്നവര്‍ക്ക്‌ സംസാരിക്കാന്‍ സ്വപ്നങ്ങളുടെ കഥകളുണ്ടാവും. അത്‌ എത്ര പറഞ്ഞാലുംതീരാത്തവിധം വിശാലമായികൊണ്ടിരിക്കും.

ക്ലാസ്‌ കഴിഞ്ഞ്‌ ഹോസ്റ്റലിലേക്കുള്ള ഇറക്കമിറങ്ങി പോകുമ്പോള്‍ മനസില്‍ വല്ലാത്ത സന്തോഷമായിരുന്നു. വൈകിട്ട്‌ ഗായത്രിയുടെ ഫോണിലേക്ക്‌ ജോജി വിളിക്കും. ഇന്നെങ്കിലും പതിവിന്‌ വിപരീദമായി അല്‍പം സീരിയസായി സംസാരിക്കണം. അമ്മ, ആല്‍ബര്‍ട്ട്‌, ഗായത്രി ഇങ്ങനെ ഓരോരുത്തരായി അറിഞ്ഞുതുടങ്ങി. പ്രണയം പുസ്തകതാളിലിരുന്ന്‌ ഉറങ്ങിപ്പോയ മയില്‍പീലി പോലെയാണ്‌. എല്ലാവര്‍ക്കും എല്ലാവരുടേയും മനസ്‌ കാണാന്‍ കഴിഞ്ഞെന്ന്‌ വരില്ല. അമ്മയുടെ വെറുപ്പുകളെ എങ്ങനെ അവഗണിക്കാനാവുമെന്ന ചിന്ത മാത്രം അവളെ വേട്ടയാടി.
ഒരു പ്രവാസിയുടെ ജീവിതം പപ്പയെക്കാള്‍ നന്നായി എനിക്കിപ്പോഴറിയാം. എന്നെ വിഷമിപ്പിക്കണ്ടല്ലോയെന്ന ചിന്തയാവാം പപ്പയെ കൊണ്ടങ്ങനെ പറയിച്ചത്‌. പക്ഷേ അമ്മ ഒരുവാക്കെതിര്‍ത്ത്‌ പറഞ്ഞാല്‍ പപ്പ കീഴടങ്ങിക്കളയും.
ഇതിനിടയില്‍ ആല്‍ബര്‍ട്ടിനും തന്നോട്‌ പ്രണയം. എപ്പോഴെങ്കിലും ഞാനാ രീതിയില്‍ അവനോട്‌ പെരുമാറിയിരുന്നോ..അറിയില്ല. ഇങ്ങനെയൊരു കാര്യം അറിഞ്ഞപ്പോഴോ വയ്യാന്ന്‌ തുറന്ന്‌ പറയേണ്ടി വന്നു. തിളച്ചുമറിയുന്ന ഒരു മനസിനെ കൂടുതല്‍ തീവ്രമാക്കി അത്‌. ചിലപ്പോള്‍ അവന്‌ വല്ലാത്ത വിഷമമായിട്ടുണ്ടാവും. പക്ഷേ അതിനപ്പുറം ഒരുത്തരം നല്‍കാന്‍ അശക്തയാണ്‌...
ചിന്തകള്‍ കാടുകയറുമ്പോള്‍ സലീനയുടെ മനസ്‌ ഭ്രാന്തമാവും. സ്വപ്നങ്ങള്‍ അതിന്റെ ഭ്രമണപഥം തെറ്റിച്ച്‌ പുറത്തേക്കൊഴുകും. പുറത്ത്‌ ശിഖരങ്ങളടര്‍ത്തി കാറ്റ്‌ വീശുന്നതും സംഗീതം പൊഴിച്ച്‌ മഴ പൊഴിയുന്നതൊന്നും അപ്പോളവള്‍ അറിയാറില്ല. പ്രണയം അസ്വസ്ഥമാക്കിയ ഹൃദയം അപ്പോള്‍ ഒരിക്കലുമില്ലാത്തവിധം ശക്തമായി മിടിക്കുന്നുണ്ടാകും. മിഴി നനഞ്ഞൊഴുകുമ്പോള്‍ അവള്‍ ശബ്ദം കുറച്ച്‌ ചോദിക്കും.
ജോജി...നിനക്ക്‌ ദാഹിക്കുന്നില്ലേ?
ഇതാ എന്റെ കണ്ണുനീര്‍ കുടിച്ചോളൂ...മറ്റൊന്നും തരാനില്ല കയ്യില്‍.
അവളുടെ ചുണ്ടുകള്‍ ആരുമറിയാതെ ചലനാത്മകമായ ശേഷം നിശ്ചലമാവും.


ആല്‍ബര്‍ട്ടിന്റെ മനസ്‌ വല്ലാത്തൊരു ആശയക്കുഴപ്പത്തിലായിരുന്നു. രഞ്ജിത്തിന്റെ സംസാരം അല്‍പം അതിരുകടന്നു പോയി. പണ്ടേ അറിയുന്നത്‌ കൊണ്ടാവാം തിരിച്ചറിയാനാവാത്ത വിധം സുദൃഡമാക്കി വെച്ചിട്ടും അവനെന്റെ മനസ്‌ വായിച്ചുകളഞ്ഞു.
ഇനിയെങ്ങനെ സലീനയെ സമീപിക്കും ?
അവള്‍ അങ്ങനെയൊരു കണ്ണോടെയല്ലേ തന്നെ നോക്കിക്കാണൂ.ഇത്തരം ചിന്തകള്‍ അവനെ അലട്ടാതിരുന്നില്ല. രാവിലെ സലീനയെ വിളിച്ചിരുന്നു. സാധാരണരീതിയില്‍ തന്നെയായിരുന്നില്ലേ അവളുടെ സംസാരം. ഒരിക്കലുമില്ലാത്ത രീതിയിലൊരു സംശയം അവനില്‍ നാമ്പെടുത്തു.
ഏത്‌ ശപിക്കപ്പെട്ട നേരത്താണ്‌ അവളോട്‌ അങ്ങനെയൊരിഷ്ടം തോന്നിയത്‌, അത്‌ പറയിക്കാന്‍ തോന്നിയത്‌...ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍ അവനെ സമീപിച്ചുകൊണ്ടിരുന്നു.
അവള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ ഇപ്പോള്‍ എനിക്കവളോട്‌ പ്രേമമില്ലെന്നും ഗാഢമായ മറ്റൊരു സ്നേഹമാണെന്നും...ഒരു പക്ഷേ ജോജിയെ അവള്‍ കാണുന്നുണ്ടാകുമോ..പ്രണയത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ച്‌ അവരെ മറ്റ്‌ ചിന്തകള്‍ വഴിതെറ്റിച്ച്‌ വിടുന്നുണ്ടാവുമോ.
അവള്‍ക്ക്‌ എന്തെങ്കിലും പറ്റിയാല്‍ അവളെ എന്നെ ഏല്‍പ്പിച്ചിട്ട്‌ പോയ വീട്ടുകാരോട്‌ എന്തു പറയും..ചിന്തകള്‍ക്ക്‌ തീപിടിച്ച്‌ തീപിടിച്ച്‌ അവന്‍ വെന്തുതുടങ്ങി. മുന്നില്‍ ഇനിയും വര്‍ഷങ്ങളുണ്ട്‌ അത്‌ വരെ അവളെ എങ്ങനെ കാത്ത്‌ സൂക്ഷിക്കും. ആല്‍ബര്‍ട്ടിന്‌ ഒരിക്കലും ഇല്ലാത്ത ആധി പെരുവിരല്‍ മുതല്‍ പെരുത്ത്‌ കയറാന്‍ തുടങ്ങി. സെലീനയുടെ മനസിനെക്കാള്‍ ആയിരം മടങ്ങ്‌ വേഗത്തില്‍ അവന്റെ മനസ്‌ എരിഞ്ഞുതുടങ്ങി.

മുഴച്ച്‌ നില്‍ക്കുന്ന ഒരേച്ച്കെട്ടല്‍ പോലെ ജീവിതം അതിന്റെ പന്ഥാവുകള്‍ തേടി യാത്ര തുടരുന്നു.
പള്ളിയുടെ പടികള്‍ കയറി സലീന നടന്നു. ഷാളെടുത്ത്‌ തലവഴിയിട്ടവള്‍ നൊവേന തുടങ്ങുന്നതിനായി കാത്തുനിന്നു. പെട്ടന്ന്‌ അവളുടെ മനസ്‌ ഒരിക്കലുമില്ലാത്തവിധം രൗദ്രമായി.
അള്‍ത്താരയില്‍ വിങ്ങിപ്പൊട്ടിക്കരയുന്ന മെഴുകുതിരികള്‍...ക്രൂശിതരൂപത്തിന്റെ പ്രതിമയില്‍ നിന്നും രക്തം ഒഴുകിയിറങ്ങുന്നു. കുന്തിരിക്കത്തിന്റെ ഗന്ധം അവിടം മുഴുവന്‍ പരക്കുന്നതായി അവള്‍ക്ക്‌ തോന്നി.
ആദ്യമായി ആ ഭൂമിയിലെ വന്യത കണ്ടവള്‍ ഞെട്ടിവിറച്ചു.
മനസിലിപ്പോള്‍ ജോജിയില്ല, ആല്‍ബര്‍ട്ടില്ല, അമ്മയില്ല.
പ്രാര്‍ത്ഥനകളില്ല...
പെട്ടന്ന്‌ അച്ചന്റെ ശബ്ദം അവള്‍ കേട്ടു.

അന്നാ പെസഹാതിരുനാളില്‍
കര്‍ത്താവരുളിയ കല്‍പന പോല്‍
തിരുനാമത്തില്‍ ചേര്‍ന്നീടാം...
ഒരുമയോടീ ബലിയര്‍പ്പിക്കാം...

അസ്വസ്ഥമായ മനസെടുത്തവള്‍ പ്രാര്‍ത്ഥനാമുറിയിലേക്ക്‌ വലിച്ചെറിച്ച്‌ തിരിച്ച്‌ നടന്നു. അപ്പോള്‍ ഒരിക്കലുമില്ലാത്ത വിധത്തിലൊരു തണുത്തകാറ്റ്‌ അവളെ തഴുകി കടന്നുപോയി.

15 comments:

ഗിരീഷ്‌ എ എസ്‌ said...

മംഗലാപുരത്ത്‌ നിന്നുള്ള ഒരു പറിച്ചുനടലായിരുന്നു സലീനയുടെ ജീവിതം മാറ്റിമറിച്ചത്‌. സ്വപ്നങ്ങള്‍ കണ്ണുപൊത്തിക്കളിക്കുന്ന മനസ്‌, വിഹ്വലതകള്‍ പതഞ്ഞൊഴുകുന്ന ഓര്‍മ്മകള്‍, എല്ലാം വേട്ടയാടിതീര്‍ക്കും മുമ്പ്‌ അനുയോജ്യമായൊരു മാറ്റം തന്ന ദൈവത്തിന്‌ സ്തുതി പറഞ്ഞു. ഹോസ്റ്റല്‍ മുറിയിലെ സ്വയം കണ്ടെത്തിയ ഏകാന്തതകളില്‍ അവള്‍ അവളോട്‌ തന്നെ ചോദ്യം ചോദിക്കുന്നു അവള്‍ തന്നെ ഉത്തരം കണ്ടെത്തുന്നു. മുറിവുകള്‍ പുനര്‍ജനി തേടുന്ന പകലും പകലറുതികളും അവളെ പ്രതീക്ഷകള്‍ തന്ന്‌ കൊതിപ്പിക്കുന്നു.

അവള്‍ ഉരുകുകയാണ്‌.-കഥ (പുതിയ പോസ്റ്റ്‌)

Murali K Menon said...

വായിച്ചു.

പ്രയാസി said...

വേദനകള്‍ കുത്തിനിറക്കുന്നൊരു വികാരമായിട്ടും എല്ലാവരും പ്രണയം കൊതിക്കുന്നതെന്തെ...ഈ ക്ഷണികമായ വ്യഥയെ സുഖനൊമ്പരമെന്ന്‌ വിളിക്കുന്നതാവും ഉചിതം. സത്യത്തില്‍ അതൊരു അനുഭൂതിയുടെ പെയ്ത്താണ്‌.

ദ്രൌപതി വീണ്ടും നല്ലൊരു പോസ്റ്റ്..

സലീന ഈ പേരില്‍ എനിക്കല്‍ഭുതം തോന്നുന്നു..!!!!!

ദിലീപ് വിശ്വനാഥ് said...

ഇനിയും എന്തൊക്കെയോ പറയാനുണ്ടെന്ന ഒരു തോന്നല്‍ ബാക്കിവെച്ചു.

വളരെ നന്നായിട്ടുണ്ട്.

Sunil MV said...
This comment has been removed by the author.
ഉപാസന || Upasana said...

“പ്രണയിക്കുന്നവര്‍ക്ക്‌ സംസാരിക്കാന്‍ സ്വപ്നങ്ങളുടെ കഥകളുണ്ടാവും.“
നല്ല നല്ല വരികള്‍.
എവിറ്റെ നിന്ന് വരുന്നു..?
:)
ഉപാസന

സു | Su said...

കഥ നന്നായിട്ടുണ്ട്. ആല്‍ബര്‍ട്ടും, സലീനയും, ജോജിയും, അമ്മയും, കൂട്ടുകാരും, കോളേജും ഹോസ്റ്റലും ഒക്കെ അറിഞ്ഞു. എല്ലാവരും ഒപ്പമുള്ളപ്പോഴും ഏകാന്തത കൂട്ടുണ്ടാവുമെന്ന് ഓര്‍മ്മിപ്പിക്കുന്ന കഥ.

വേണു venu said...

ഏകാന്തതയുടെ തീവ്രത നിറഞ്ഞ കഥ വായിച്ചു. എവിടെയൊക്കെയോ എന്തൊക്കെയോ പറയാനുള്ള്ളതു വിട്ടു പോയ പോലെയും തോന്നി.
ആദ്യ ഭാഗങ്ങളില്‍‍ പാര‍ഗ്രാഫു് തിരിച്ചതു് കുറഞ്ഞു പോയതു പോലെ . ആശംസകള്‍.:)

സഹയാത്രികന്‍ said...

നന്നായിരിക്കുന്നു.

ശ്രീ said...

കഥ നല്ല രീതിയില്‍‌ പുരോഗമിച്ചു എങ്കിലും എന്തോ ബാക്കിയായ പോലെ....

പാലാ ശ്രീനിവാസന്‍ said...

താങ്കളുടെ ചിത്രങ്ങളാണോ ,കഥകളാണോ എന്നെ ആകര്‍ഷിക്കുന്നതെന്ന് എനിക്ക് തീര്‍ച്ചയില്ല എങ്കിലും എല്ലാദിവസവും ഈ ബ്ലോഗുകളില്‍ ഞാന്‍ വരാറുണ്ട്,വായിക്കാറുമുണ്ട്
അക്ഷരം ഇപ്പോ‍ഴത്തേതിന്റെ വലുത് തിരഞ്ഞ് എടുക്കണം..

മന്‍സുര്‍ said...

ദ്രൗപതി...

ഉണരുന്നു വീണ്ടുമൊരു വര്‍ഷക്കാലം
മനസ്സിനുള്ളില്‍ തുടിപ്പുകളുണര്‍ത്തും ഓര്‍മ്മകളുടെ
മര്‍മ്മരങ്ങള്‍ ഒഴുകുക്കയായ്‌
സ്നേഹപ്പൂക്കളായ്‌..പരിഭവങ്ങളായ്‌..
മനസ്സേ കരയരുതേ...
നീയില്ലായിരുന്നെങ്കില്‍ പിന്നെ ഞാനാര്‌...

സ്നേഹത്തിന്‍ പൂക്കളാല്‍ അര്‍പ്പിക്കാം
പെരുന്നാല്‍ ആശംസകള്‍

നന്‍മകള്‍ നേരുന്നു

ഗിരീഷ്‌ എ എസ്‌ said...

മുരളി..
നന്ദി..
പ്രയാസി..
ഈ പേര്‌ യാദൃശ്ചികമായി മനസില്‍ വന്നതാണ്‌..ഇപ്പോള്‍ ചിലതെല്ലാം എനിക്ക്‌ മനസിലാകുന്നുണ്ട്‌....
നന്ദി...

വാത്മീകി
സലീനയുടെ ജീവിതം ഇപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌..അതു കൊണ്ട്‌ തന്നെ പൂര്‍ണതയില്ലെന്ന്‌ എനിക്കും തോന്നിയിട്ടുണ്ട്‌...

ഉപാസന..
നന്ദി...

സൂവേച്ചീ
അഭിപ്രായത്തിന്‌ ഒരുപാട്‌ നന്ദി..

വേണുവേട്ടാ..
ശ്രീ...
സലീനയുടെ കഥ അവസാനിക്കുന്നില്ല...
അഭിപ്രായത്തിന്‌ നന്ദി...

സഹയാത്രികാ
ശ്രീനിവാസ്‌
നിര്‍ദേശത്തിനും അഭിപ്രായത്തിനും നന്ദി...

മന്‍സൂര്‍
പെരുന്നാള്‍ ആശംസകള്‍ നേരുന്നു...
അഭിപ്രായത്തിന്‌ ഒത്തിരി നന്ദി...

ചന്ദ്രകാന്തം said...

ദ്രൗപതീ,
വായിച്ചു; പലര്‍ക്കും തോന്നിയതൊന്നു തന്നെ.... ഇത്‌ ഇവിടെ അവസാനിയ്ക്കുന്നില്ലല്ലൊ. ഇനിയും പെയ്തുതീരാന്‍ ഒരുപാട്‌ ബാക്കിയുള്ള പോലെ..
"പ്രണയം പുസ്തകതാളിലിരുന്ന്‌ ഉറങ്ങിപ്പോയ മയില്‍പീലി പോലെയാണ്‌."
വളരെ നല്ല നിര്‍‌വചനം..!!!

ഗിരീഷ്‌ എ എസ്‌ said...

ചന്ദ്രകാന്തം ഒരുപാട്‌ നന്ദി..