Friday, February 8, 2008

ഓര്‍മ്മകളുടെ സമന്വയം...


മറവിക്ക്‌ മുന്നില്‍ തോറ്റടിയുന്ന ഓര്‍മ്മകളോട്‌ എന്നും സഹതാപമായിരുന്നു...എത്രയാഴത്തില്‍ ഒരാളെ സ്പര്‍ശിച്ച്‌ കടന്നുപോയാലും ദിവസങ്ങളുടെ ആഴത്തിലേക്ക്‌ വീണില്ലാതാവുകയാണ്‌ അതിന്റെ നൈര്‍മല്യങ്ങള്‍। കഴിഞ്ഞുപോയ കാലത്തിലെ മനോഹരനിമിഷങ്ങളെല്ലാം ഓര്‍ത്തെടുക്കാനാവാത്ത വിധം തിരക്കിന്റെ ലോകത്തേക്ക്‌ കയറിപ്പോകുമ്പോള്‍ ശൂന്യമാവുന്നത്‌ ഓര്‍മ്മകളുടെ സുഗന്ധമാണ്‌...പരസ്പരം പഴി പറഞ്ഞും പിണങ്ങിയും വാശി തീര്‍ത്തും ആടിതിമര്‍ത്ത കലാലയജീവിതം തന്നെയാവും മിക്കവരുടെയും സ്മരണകളില്‍ നിറഞ്ഞുനില്‍ക്കുന്നത്‌। ആര്‍ദ്രമായ മിഴികളുമായി ഓട്ടോഗ്രാഫിന്റെ താളില്‍ നിന്നെ കുറിച്ചുള്ളതെല്ലാമെഴുതിയിട്ട്‌ നടക്കുമ്പോള്‍ വാകമരങ്ങള്‍ പോലും തലകുലുക്കി പൂക്കള്‍ വര്‍ഷിച്ച്‌ യാത്രയാക്കുന്നുണ്ടായിരുന്നു...വിട പറയല്‍ ചടങ്ങിന്‌ വരാമെന്നുറപ്പ്‌ പറഞ്ഞ്‌ പോയിട്ട്‌ ആറുവര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും കണ്ടെടുക്കാനായില്ലെനിക്ക്‌...ഇടക്ക്‌ ആശംസകാര്‍ഡിലെ അക്ഷരങ്ങള്‍ക്ക്‌ ജീവന്‍ വെക്കുന്നതും അത്‌ എന്നെ നോക്കി ചിരിക്കുന്നതുമെല്ലാം തിരിച്ചറിയുമ്പോള്‍ നീയെവിടെയാവും എന്നൊരു ഓര്‍മ്മ തിരക്കിട്ട്‌ വന്ന്‌ തിരിച്ചുപോവാറുണ്ട്‌. അപ്പോള്‍ സായ്ഭജന്‌ പോകാറുള്ള സായന്തനങ്ങള്‍ ഒരിക്കല്‍ കൂടി തിരിച്ചുവന്നിരുന്നെങ്കിലെന്ന്‌ വെറുതെ പ്രതീക്ഷിക്കാറുണ്ട്‌.
ഒരു മയില്‍പീലിതുണ്ടായി വന്ന്‌ മനസിനെ കട്ടെടുത്ത്‌ മറ്റൊരു മുഖമായി നീ വീണ്ടുംവന്നിരുന്നു॥തിരക്കിന്റെ ലോകത്തേക്ക്‌ പറയാതെ കടന്നുപോയി മറഞ്ഞിട്ടും കാത്തിരിക്കുകയാണ്‌..ഇനിയും വരുമെന്നും ജീവിതത്തിന്റെ വസന്തകാലം എനിക്ക്‌ തിരിച്ചുനല്‍കുമെന്നും...
അടച്ചുറപ്പുള്ള മുറിയിലകപ്പെട്ട സ്ത്രൈണതക്ക്‌ ലഭിക്കുന്ന സുരക്ഷിതത്വമാണ്‌ യഥാര്‍ത്ഥ സൗഹൃദങ്ങള്‍ക്ക്‌. അതിന്‌ അനിര്‍വചനീയമായ അനുഭൂതിയുണ്ട്‌..ഉള്ളിലൊരാളെ സൗഹൃദമായി പ്രതിഷ്ഠിച്ചാല്‍ അതൊന്നിളകിയാലോ അടര്‍ന്നാലോ മിഴികളില്‍ നിന്നും കടലിരമ്പും. അത്‌ ബാഷ്പമായി പറന്നുയര്‍ന്ന്‌ നിര്‍ത്താതെ പെയ്തുതീരും.ഇതെല്ലാമാവാം ആഗ്നേയയുടെ വാക്കുകളില്‍ സൗഹൃദം കത്തിജ്വലിക്കുന്നത്‌. പിരിഞ്ഞകന്നാലും ഒരു മഴച്ചാറലിന്റെ സ്നിഗ്ധത ബാക്കിയാക്കുന്നുണ്ട്‌ ഈ ആത്മബന്ധങ്ങള്‍...

സൗഹൃദമെന്ന ഓര്‍മ്മ (ആഗ്നേയ)
ആളൊഴിഞ്ഞ പഴയൊരു നാലുകെട്ടിലെ മുകളിലൊരു മുറിയില്‍ സാരംഗീ നാദത്തിന്‌ കാതോര്‍ത്ത്‌ തുറന്നിട്ട കിളിവാതിലിലിലൂടെ താഴെ നീണ്ടു പരന്നുകിടക്കുന്ന പച്ചപാടങ്ങളിലേക്കും അതിന്റെ ചുറ്റും നില്‍ക്കുന്ന സൂര്യപ്രകാശം കടന്നുവരാന്‍ മടിക്കുന്ന നീലിച്ച തലപാവണിഞ്ഞ മരങ്ങളിലേക്കും പെയ്തുവീഴുന്ന കനത്തമഴയിലേക്ക്‌ കണ്ണെറിഞ്ഞ്‌ ഒരു പകല്‍ മുഴുവന്‍ അനങ്ങാതിരിക്കുമ്പോള്‍ കിട്ടുന്ന സുഖം...
ചില സൗഹൃദങ്ങളും അത്തരം അനുഭൂതികളാണ്‌...മേഘമായി നീ മാറിയാല്‍ കാറ്റ്‌ നിന്നെ ചിതറിച്ച്‌ കളഞ്ഞെങ്കിലോ എന്ന്‌ വിഹ്വലപ്പെടുന്നവരുമായുള്ള സൗഹൃദം...ഹൃദയസ്പന്ദനങ്ങളെക്കാള്‍ സൗഹൃദത്തെ വിലമതിക്കുന്നവരുമായുള്ള സൗഹൃദം...
മഴ പെയ്തൊഴിഞ്ഞാലും ഇലത്തുമ്പില്‍ തങ്ങിയ മുത്തുമണികളില്‍ സൂര്യകിരണങ്ങള്‍ ഇന്ദ്രജാലം തീര്‍ക്കുന്നതും ഓലേഞ്ഞാലിയും അടക്കാകിളിയും നനഞ്ഞ തൂവലുകള്‍ കുടഞ്ഞ്‌ കൊക്കിന്‍ തുമ്പാല്‍ ചിറകു ചീകിയൊതുക്കുന്നതുമെല്ലാം കാഴ്ചകളായി ബാക്കി വെക്കുന്നത്‌ പോലെ...അടുത്ത മഴക്കായി കാത്തിരിക്കാനുള്ള വെമ്പല്‍ സമ്മാനിച്ച്‌ മടങ്ങും പോലെ...
സംസാരിച്ച്‌ പിരിഞ്ഞാലും വീണ്ടും കാണും വരെ മനസില്‍ മഴച്ചാറല്‍ ബാക്കി വെക്കുന്ന സൗഹൃദങ്ങള്‍

ദുഖപുത്രിയെന്ന്‌ കളിയാക്കിയെങ്കിലും വിളിക്കാറുണ്ടായിരുന്നു അവളെ...ചെറിയ പ്രായത്തില്‍ തന്നെ അനുഭവങ്ങളുടെ നെരിപ്പോടില്‍ വീണുരുകിപോയിരുന്നോ എന്റെ കൂട്ടുകാരിയെന്ന്‌ സംശയിച്ചിരുന്നു അവളുടെ വാക്കുകളിലൂടെ മിഴികളൂന്നിയപ്പോള്‍...കവിതകള്‍ ഏറ്റെടുക്കേണ്ടി വരുമ്പോള്‍ അതെന്നും ഉള്ളുരുക്കങ്ങള്‍ ബാക്കിയാക്കി മനസിലൊരു കല്ലായി കിടക്കാറാണ്‌ പതിവ്‌. ഈ കൂട്ടുകാരിയുടെ ഓരോ കവിതകളും അത്തരത്തിലൊരു അടങ്ങാത്ത വിഹ്വലതകളായി ബാക്കിയാവുന്നു. ഇവിടെ ഓര്‍മ്മകളുടെ തെരുവിലൂടെ അവളലയുകയാണ്‌. കഴിഞ്ഞുപോയ കാലത്തെ സുഗന്ധവും തേടി...

ഓര്‍മ്മകളുടെ തെരുവ്‌ (ശാരു)
തിരിഞ്ഞൊന്നു നോക്കിയാല്‍
ഓര്‍മ്മകളുടെ തെരുവ്‌
അതില്‍ ആരെല്ലാമൊക്കെയോ
എന്നെ വിളിച്ചുകരയുന്നു
കളിയാക്കി ചിരിക്കുന്നു
പെയ്തൊഴിഞ്ഞ മഴയും
പൊഴിഞ്ഞുതീര്‍ന്ന വസന്തവും
തളിരിട്ട നാമ്പുകളും
മറയുന്ന സ്വപ്നങ്ങളും
എല്ലാമെല്ലാം ആ തെരുവില്‍
ഞാന്‍ അകലുംതോറും
എന്നെ പിന്തുടരുന്നു
ചീഞ്ഞുനാറുന്ന അഴുക്കുചാലും
അസ്ഥി മണക്കുന്ന ശ്മശാനങ്ങളും
എനിക്കു പിന്നാലെയാ തെരുവില്‍
എനിക്കൊപ്പം നീങ്ങുന്നു.
ഞാന്‍ സഞ്ചരിക്കട്ടെ...
യാത്രയ്ക്കൊടുവിലെന്നോ
ഓര്‍മ്മകള്‍ പൂക്കുന്ന സുഗന്ധം പൊഴിക്കുന്ന
നാളും തേടി ഞാനലയട്ടെ...
ഹൃദയത്തെ കുത്തിപറിക്കുന്ന ഓര്‍മ്മകളാവും കൂടുതലും മനസില്‍ നിറഞ്ഞുനില്‍ക്കുക. നിഴലായി ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട സഹോദരിയുടെ നഷ്ടം ഏറ്റുവാങ്ങുമ്പോഴും അവനെ സാന്ത്വനിപ്പിക്കാന്‍ ഒരു മഴ പോലുമുണ്ടായിരുന്നില്ല. സൗഹൃദങ്ങളെ സ്വന്തം ജീവനായി തന്നെ കരുതുന്ന ആ മനസ്‌ എന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളു. വീണ്ടുമൊരു തിരിച്ചുപോക്കിലേക്ക്‌ കാലം കൈപിടിച്ചുനടത്തുമ്പോള്‍ മാറാല പിടിച്ചുകിടക്കുന്ന ഇടനാഴികള്‍ എങ്ങനെ അവനെ ഭയപ്പെടുത്താതിരിക്കും. നിറഞ്ഞുതുളുമ്പുന്ന മിഴികളുമായി ഇന്നും ഉറക്കം നഷ്ടപ്പെട്ട്‌ കഴിയുന്ന അവനെ സാന്ത്വനിപ്പിക്കാനാവാതെ ആദ്യമായി ഞാന്‍ കുഴങ്ങുന്നു...

ഓര്‍മ്മകളുടെ തുരുത്തിലേക്ക്‌ (മന്‍സൂര്‍)
ഒരു മടക്കയാത്ര
ഒരു നോക്ക്‌ കാണാന്‍ കഴിയാതെ..
അവധിയും കഴിഞ്ഞ്‌ ഞാന്‍ മടങ്ങുകയാണ്‌...വീട്‌ മൊത്തം ഉറങ്ങുന്നത്‌ പോലെ..നിറഞ്ഞ മിഴികള്‍ ചുറ്റിലും..ആരുടേയും മുഖത്ത്‌ നോക്കാന്‍ കഴിയില്ലെനിക്ക്‌..ഒന്ന്‌ നോക്കിയാല്‍ ഒരുപക്ഷേ എനിക്ക്‌ എന്നെ തന്നെ പിടിച്ചുനിര്‍ത്താന്‍ കഴിയാതെ പോവും..
ഉമ്മ നഷ്ടപ്പെട്ട എനിക്ക്‌ ആ സ്നേഹം പകര്‍ന്നുനല്‍കിയ പെങ്ങള്‍ രോഗത്തോട്‌ മല്ലടിച്ച്‌ കിടക്കുകയാണ്‌...എല്ലാവര്‍ക്കുമറിയാം..ഇനിയെല്ലാം ദൈവത്തിന്റെ കൈകളില്‍..യാത്ര പറയാന്‍ കട്ടിലിനിരുകിലേക്ക്‌ ചെന്നു. പെങ്ങള്‍ എന്നെ കണ്ടതും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. എഴുന്നേല്‍ക്കണ്ട എന്ന്‌ പറഞ്ഞ്‌ കട്ടിലിനരുകില്‍ ഞാനിരുന്നു.. മിഴികളില്‍ നിന്ന്‌ കണ്ണീര്‍ നിറഞ്ഞൊഴുകുന്നു..
ഒന്നേ നോക്കിയുള്ളു..
സംസാരിക്കാന്‍ കഴിയുന്നില്ല..തല കറങ്ങുന്നത്‌ പോലെ..തോളിലൂടെ കൈകളിട്ട്‌ എന്നെ വരിഞ്ഞു മുറുക്കി തെരുതെരെ ഉമ്മ വെച്ചു..കാതില്‍ മെല്ലെ മന്ത്രിച്ചു...എന്റെ പൊന്നാങ്ങളെ...
ഇനിവരുമ്പോ ഞാനുണ്ടാവില്ലട്ടോ...

വീണ്ടുമൊരു മടക്കയാത്രക്ക്‌ ഞാനൊരുങ്ങുകയാണ്‌..
അവസാനനിമിഷത്തില്‍ എന്നെ ഒരു നോക്ക്‌ കാണാന്‍ കൊതിച്ചിരുന്നുവത്രെ...
ആ ഖബറിടത്തിനരുകില്‍ അല്‍പ്പനേരം..
മനസിനെ ഒന്ന്‌ ബോധ്യപ്പെടുത്താന്‍..
ഇന്നും തീരാത്ത നോവായി..ഓര്‍മ്മകളുടെ ആ തുരുത്ത്‌....

മനസിലിട്ട്‌ താലോലിക്കാന്‍ ഓര്‍മ്മകളുടെ ഒരു വീടുണ്ടാക്കിയിട്ടുണ്ട്‌ മനസില്‍. വിരസമായ പകലുകളിലും പകലറുതികളിലുമെല്ലാം അവയോടൊത്ത്‌ അല്‍പസമയം..ഉള്ളിലുറഞ്ഞു കൂടിയ നൊമ്പരങ്ങള്‍ വീണ്ടുമൊരിക്കല്‍ കൂടി വഴിയാത്രികരായി കടന്നുപോവും. ഇങ്ങനെയെല്ലാമാണ്‌ ചിന്തകള്‍ ഓരോരുത്തരില്‍ നിന്നും വാക്കുകളായി പരിണമിക്കുന്നത്‌. പിന്നീടതിന്‌ നക്ഷത്രത്തിന്റെ തിളക്കം വരുന്നതും സൂര്യന്റെ താപമായി മാറി കത്തികയറുന്നതും...

സ്മൃതികള്‍... (പ്രിയ ഉണ്ണികൃഷ്ണന്‍)
അക്ഷരമുത്തുകള്‍ വരികളില്‍ വിതറിയ
നീഹാരം മിഴികള്‍ക്ക്‌ കുളിരാകവേ
വിടരുവാനൊരുങ്ങുന്ന കലികകളൊക്കെയും
നിറവാര്‍ന്ന സ്മൃതികളെ തഴുകിടട്ടെ...

അവളുടെ മനസിലിട്ട്‌ വളര്‍ത്തിയെടുത്ത ആ എഴുത്തുകാരി മരിച്ചതെന്തുവേഗമായിരുന്നു. ദുഖത്തിന്റെ നീലിമയിലേക്ക്‌ മടങ്ങിപോവണമെന്ന്‌ തിരിച്ചറിയുമ്പോഴും ആ നിഴലിനോട്‌ അവള്‍ക്ക്‌ വെറുപ്പൊന്നുമില്ലായിരുന്നു. ഇന്നും ചില വരികളെല്ലാം അവളുടെ നിദ്രയില്‍ വരുന്നു. ഓര്‍മ്മകളില്‍ വരച്ചെടുത്ത ആ രൂപം അവളെ സാന്ത്വനിപ്പിക്കുന്നു. മുഖത്തെ ദൈന്യത മറച്ച്‌ പിടിച്ച്‌ ഏറെ നേരം അവള്‍ക്കരുകിലിരിക്കുന്നു...പരസ്പരം അകലേണ്ടി വരുമ്പോഴാവാം സ്വപ്നങ്ങളുടെ സൗന്ദര്യത്തെ തിരിച്ചറിയേണ്ടി വരുന്നത്‌. കടലോളം അവളെ സ്നേഹിച്ച ആ കവിയത്രിയെ കുറിച്ച്‌ അവളറിയാതെ പോയെങ്കിലും മരണമെന്ന മൂന്നക്ഷരത്തില്‍ ആ രൂപത്തെ ഭാവത്തെ വാക്യങ്ങളെ അവസാനിപ്പിക്കേണ്ടി വരുമ്പോള്‍ അവളുടെ നിസഹായത ആ എഴുത്തുകാരിയുടെ ആത്മാവിന്‌ കാണാതിരിക്കാനാവുമോ..?

ഓര്‍മ്മകളിലെ അവള്‍... (നിഷ കെ എസ്‌)
രണ്ടു ദിവസം നിര്‍ത്താതെ പെയ്ത മഴയായി..പിന്നീടതൊരു പോമാരിയായി എന്നില്‍ പ്രളയം സൃഷ്ടിച്ച്‌ യാതൊന്നും ബാക്കി വെക്കാതെ കടന്നുപോയവള്‍...
അവളെ
ഓര്‍മ്മകളുടെ ശവകൂടീരത്തില്‍ അടക്കം ചെയ്തു കഴിഞ്ഞെങ്കിലും...ആ ഓര്‍മ്മ...അതിന്‌ വാടിയ ജമന്തിപൂക്കളുടെ ഗന്ധമായിരുന്നുവെന്ന്‌ ഞാന്‍ തിരിച്ചറിയുന്നു...ആ സുഗന്ധം എന്റെ കാല്‍പനികതയുടെ അങ്ങേയറ്റമായിരുന്നെങ്കിലും...ഏതാനം ദിവസത്തെ ആയുസ്സെ എന്റെ ചിത്രത്തിനുണ്ടായിരുന്നുള്ളു.
നീണ്ട മുടിയിഴകള്‍.. എപ്പോഴും മറക്കാന്‍ കൊതിക്കുന്ന സ്വര്‍ണ്ണപൊട്ട്‌ തിളങ്ങുന്ന കാതുകളും...വിഷാദം പൂക്കുന്ന മരങ്ങളൊളിപ്പിച്ച നയനങ്ങളും...നനുത്ത പുഞ്ചിരി വിരിയുന്ന ചുണ്ടില്‍..നിസ്സഹായതയോടെ കണ്ണാ..എന്ന്‌ വിളിക്കുന്ന ഒരു കൃഷ്ണകാമുകി...
കണ്ണില്‍ നിറയുന്ന കണ്ണീരിനെ..മനസില്‍ സൂക്ഷിച്ച തീയില്‍ വറ്റിച്ച്‌ ഉപ്പു നഷ്ടപ്പെടാത്ത അക്ഷരങ്ങളാക്കുന്നവള്‍...അതായിരുന്നു ദ്രൗപദി.
ഓര്‍മ്മകളിലിന്നും മായാതെ...

ഓര്‍മ്മകള്‍ അത്‌ ഏതു വികാരമാണ്‌ ഏറ്റുവാങ്ങുന്നതെങ്കിലും അമൂല്യസമ്പാദ്യങ്ങളാണ്‌. ഭൂതകാലത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്നും ചികഞ്ഞെടുക്കുന്നതില്‍ കൂടുതലും നൊമ്പരത്തിന്റെയും വിഷാദത്തിന്റെയും സമന്വയമാവാം. ഒറ്റപ്പെടലിന്റെ ഭീതിതമായ അവസ്ഥയില്‍ അതിനെ കൂട്ടുപിടിക്കാതിരിക്കാന്‍ ആര്‍ക്കാവും. ഇതെല്ലാമാവാം ചിന്തകളുടെ സൗകുമാര്യത്തെ കുറിച്ച്‌ അവന്‍ വാ തോരാതെ സംസാരിക്കുന്നത്‌
ഓര്‍മ്മയെന്ന സുഖനൊമ്പരം (സുനില്‍ ഉപാസന)
പലരെയും സംബന്ധിച്ച്‌ ജിവിതത്തിലെ ഏറ്റവും സുന്ദരമായ സന്ദര്‍ഭങ്ങള്‍ പലതായിരിക്കും। അതിന്‌ കാരണം ഓരോ വ്യക്തിയും ചിന്തിക്കുന്നത്‌ വ്യത്യസ്തമായ തരത്തില്‍ ആണെന്നുളളത്‌ തന്നെ॥ഓരോരുത്തരുടേയും അഭിരുചികളും ഇതില്‍ നിര്‍ണായക പങ്ക്‌ വഹിക്കുന്നുണ്ട്‌...എങ്കില്‍ തന്നെയും ഇത്തരം വ്യത്യസ്ത ചിന്താഗതിയുള്ളവരും യോജിപ്പിലെത്തുന്ന ഒരു അവസരമെങ്കിലും ഉണ്ടായിരിക്കും..
അവയിലൊന്നായിരിക്കും ഓരോരുത്തരും തങ്ങളുടെ ഭൂതകാല സ്മരണകളില്‍ മുഴുകി നിമഗ്നരായിരിക്കുക എന്നത്‌..കുട്ടിക്കാലത്തെ കുസൃതികള്‍, കൗമാരകാലത്തെ ചാപല്യങ്ങള്‍. യൗവനത്തില്‍ സംഭവിച്ച അബദ്ധങ്ങള്‍...ഇവയൊക്കെ ഒരിക്കലെങ്കിലും അയവിറക്കാത്തവര്‍ ആരെങ്കിലുമുണ്ടാകുമോ ഈ ലോകത്ത്‌...
സ്മരണകള്‍ അവ കയ്പ്‌ നിറഞ്ഞതായാലും മധുരിക്കുന്നതായാവും നൊമ്പരപ്പെടുത്തുന്നതായാലും വിലയേറിയവയാണ്‌..വിലയ്ക്ക്‌ വാങ്ങാന്‍ കഴിയാത്ത അമൂല്യസമ്പാദ്യങ്ങള്‍..ഓര്‍മ്മകള്‍ (സ്മരണകള്‍) പലരിലും പലപ്പോഴും ഉണര്‍ത്തുക നൊമ്പരങ്ങളാണ്‌. ഒരുതരം സുഖകരമായ നൊമ്പരം..ഓര്‍മ്മകളില്‍ മുങ്ങിത്തപ്പുകയെന്നത്‌ സുന്ദരമാണ്‌..അതേ സമയം വേദനാജനകവും..ഓര്‍മ്മകള്‍ അവ ജനിക്കുന്നവരില്‍ എന്ത്‌ വികാരമാണ്‌ അപ്പോള്‍ ഉളവാക്കുക..സന്തോഷം? സങ്കടം? നിസംഗത? പലതാകാം..
പക്ഷേ പഴകിയ വേദനക്കോ സന്തോഷത്തിനോ മാധുര്യം കൂടുതല്‍..? ആപേക്ഷികമായിരിക്കാം ഇതിന്റെ മറുപടി..
എന്റെ ഭൂതകാലത്തില്‍ സംഭവിച്ച വേദനകള്‍ പകര്‍ന്ന്‌ തരുന്ന സുഖകരമായ അനുഭൂതികളില്‍ ലയിച്ചിരിക്കുക എനിക്ക്‌ ഇഷ്ടമായിരുന്നു..കാരണം അത്തരം സ്മരണകള്‍ എന്നെ ഓര്‍മ്മപ്പെടുത്തും ഞാനാരായിരുന്നുവെന്ന്‌..ഞാനെങ്ങനെ ഇവിടെ വരെയെത്തിയെന്നും...സമകാലിക അവസ്ഥയില്‍ നിലവിട്ട്‌ പെരുമാറാതെ സംയമനം പാലിച്ച്‌ നിര്‍ത്തുന്നു എന്നെ ഇത്തരം ഭൂതകാലവിളികള്‍...അവക്ക്‌ അര്‍ഹിക്കുന്ന സ്ഥാനം നല്‍കി ആദരിക്കുക ബഹുമാനിക്കുക..കാരണം അത്തരം സ്മരണകളൊക്കെയാണ്‌ എന്നെ പരിപോഷിപ്പിച്ചത്‌..ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്‌...
ഓര്‍മ്മകളെല്ലാം തോറ്റടിയുന്നതെവിടെയാണ്‌...
ചോദിക്കാതെ കടന്നുവരുന്നതെന്താണ്‌
അനുഭവത്തിന്റെ പൂരകാഴ്ചകള്‍ മിഴികളില്‍ വീണ്ടുമൊരു വസന്തമായി ചേക്കേറുന്നതെന്തുകൊണ്ടാണ്‌..?
അറിയില്ല..പക്ഷേ ഇവിടെ ചില ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം നല്‍കിയിട്ടുണ്ട്‌. മനസ്‌ മറവിക്ക്‌ മുന്നില്‍ തോല്‍ക്കാതിരിക്കുകയായിരുന്നെങ്കിലെന്ന പ്രത്യാശ ഇന്നും ബാക്കിയാവുന്നു

ഓര്‍മ്മയെന്ന ശവകൂടീരം (അമൃതാ വാര്യര്‍)
മറവിയുടെ ശ്മശാനത്തില്‍
അടക്കം ചെയ്യപ്പെട്ട
ഓര്‍മ്മകളുടെ നനുത്ത
നൊമ്പരങ്ങള്‍ക്ക്‌ മേല്‍
ആരോ വച്ചുപോയ
റോസാദളങ്ങള്‍ക്ക്‌
സുഗന്ധമുണ്ടായിരുന്നില്ല

സ്മൃതിയുടെ
അഗാധതകളില്‍
സ്വയമറിയാതെ
പാറിനടക്കുമ്പോഴും
മറവിയുടെ ശിഖിരങ്ങള്‍
എത്തിപ്പിടിക്കാന്‍
ഒരിക്കല്‍ പോലും
ശ്രമിക്കരുതേയെന്ന്‌
മനസ്സിനോട്‌
അടക്കം പറഞ്ഞു.

ഒരിക്കലും
മനസ്സിന്റെ പടിവാതിലേക്ക്‌
എത്തിനോക്കാന്‍ പോലും
ആഗ്രഹിക്കാതിരുന്ന
ചില ഓര്‍മ്മകള്‍

ചെമ്മെ മത്സരിക്കുകയായിരുന്നു
ഹൃദയത്തിന്റെ ഒഴിഞ്ഞ
കോണില്‍ നൊമ്പരങ്ങളാല്‍
തീര്‍ത്ത നിശിതാഗ്രങ്ങള്‍ കൊണ്ട്‌
മുറിവുകള്‍ നല്‍കി
ഉറക്കം നഷ്ടപ്പെട്ട
രാത്രികള്‍ സമ്മാനിക്കാന്‍

ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല...അത്‌ മനസിലിടം തേടി വന്നുകൊണ്ടിരിക്കുന്നു. ജീവിതമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക്‌ ചുവട്‌ വെച്ചകന്ന സൗഹൃദങ്ങള്‍ക്ക്‌...മനസിനെ കുത്തിക്കീറിയിട്ടും ഇന്നും മനസിലിട്ട്‌ താലോലിക്കുന്ന പ്രണയിക്ക്‌...ആത്മസായൂജ്യം പകര്‍ന്നുതന്ന ബന്ധങ്ങള്‍ക്ക്‌...തകര്‍ക്കാനാവാത്ത ബന്ധനങ്ങള്‍ക്ക്‌ ഈ നൂറാമത്‌ ഉപഹാരം സ്നേഹപൂര്‍വം സമര്‍പ്പിക്കുന്നു...