Friday, February 8, 2008

ഓര്‍മ്മകളുടെ സമന്വയം...


മറവിക്ക്‌ മുന്നില്‍ തോറ്റടിയുന്ന ഓര്‍മ്മകളോട്‌ എന്നും സഹതാപമായിരുന്നു...എത്രയാഴത്തില്‍ ഒരാളെ സ്പര്‍ശിച്ച്‌ കടന്നുപോയാലും ദിവസങ്ങളുടെ ആഴത്തിലേക്ക്‌ വീണില്ലാതാവുകയാണ്‌ അതിന്റെ നൈര്‍മല്യങ്ങള്‍। കഴിഞ്ഞുപോയ കാലത്തിലെ മനോഹരനിമിഷങ്ങളെല്ലാം ഓര്‍ത്തെടുക്കാനാവാത്ത വിധം തിരക്കിന്റെ ലോകത്തേക്ക്‌ കയറിപ്പോകുമ്പോള്‍ ശൂന്യമാവുന്നത്‌ ഓര്‍മ്മകളുടെ സുഗന്ധമാണ്‌...പരസ്പരം പഴി പറഞ്ഞും പിണങ്ങിയും വാശി തീര്‍ത്തും ആടിതിമര്‍ത്ത കലാലയജീവിതം തന്നെയാവും മിക്കവരുടെയും സ്മരണകളില്‍ നിറഞ്ഞുനില്‍ക്കുന്നത്‌। ആര്‍ദ്രമായ മിഴികളുമായി ഓട്ടോഗ്രാഫിന്റെ താളില്‍ നിന്നെ കുറിച്ചുള്ളതെല്ലാമെഴുതിയിട്ട്‌ നടക്കുമ്പോള്‍ വാകമരങ്ങള്‍ പോലും തലകുലുക്കി പൂക്കള്‍ വര്‍ഷിച്ച്‌ യാത്രയാക്കുന്നുണ്ടായിരുന്നു...വിട പറയല്‍ ചടങ്ങിന്‌ വരാമെന്നുറപ്പ്‌ പറഞ്ഞ്‌ പോയിട്ട്‌ ആറുവര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും കണ്ടെടുക്കാനായില്ലെനിക്ക്‌...ഇടക്ക്‌ ആശംസകാര്‍ഡിലെ അക്ഷരങ്ങള്‍ക്ക്‌ ജീവന്‍ വെക്കുന്നതും അത്‌ എന്നെ നോക്കി ചിരിക്കുന്നതുമെല്ലാം തിരിച്ചറിയുമ്പോള്‍ നീയെവിടെയാവും എന്നൊരു ഓര്‍മ്മ തിരക്കിട്ട്‌ വന്ന്‌ തിരിച്ചുപോവാറുണ്ട്‌. അപ്പോള്‍ സായ്ഭജന്‌ പോകാറുള്ള സായന്തനങ്ങള്‍ ഒരിക്കല്‍ കൂടി തിരിച്ചുവന്നിരുന്നെങ്കിലെന്ന്‌ വെറുതെ പ്രതീക്ഷിക്കാറുണ്ട്‌.
ഒരു മയില്‍പീലിതുണ്ടായി വന്ന്‌ മനസിനെ കട്ടെടുത്ത്‌ മറ്റൊരു മുഖമായി നീ വീണ്ടുംവന്നിരുന്നു॥തിരക്കിന്റെ ലോകത്തേക്ക്‌ പറയാതെ കടന്നുപോയി മറഞ്ഞിട്ടും കാത്തിരിക്കുകയാണ്‌..ഇനിയും വരുമെന്നും ജീവിതത്തിന്റെ വസന്തകാലം എനിക്ക്‌ തിരിച്ചുനല്‍കുമെന്നും...
അടച്ചുറപ്പുള്ള മുറിയിലകപ്പെട്ട സ്ത്രൈണതക്ക്‌ ലഭിക്കുന്ന സുരക്ഷിതത്വമാണ്‌ യഥാര്‍ത്ഥ സൗഹൃദങ്ങള്‍ക്ക്‌. അതിന്‌ അനിര്‍വചനീയമായ അനുഭൂതിയുണ്ട്‌..ഉള്ളിലൊരാളെ സൗഹൃദമായി പ്രതിഷ്ഠിച്ചാല്‍ അതൊന്നിളകിയാലോ അടര്‍ന്നാലോ മിഴികളില്‍ നിന്നും കടലിരമ്പും. അത്‌ ബാഷ്പമായി പറന്നുയര്‍ന്ന്‌ നിര്‍ത്താതെ പെയ്തുതീരും.ഇതെല്ലാമാവാം ആഗ്നേയയുടെ വാക്കുകളില്‍ സൗഹൃദം കത്തിജ്വലിക്കുന്നത്‌. പിരിഞ്ഞകന്നാലും ഒരു മഴച്ചാറലിന്റെ സ്നിഗ്ധത ബാക്കിയാക്കുന്നുണ്ട്‌ ഈ ആത്മബന്ധങ്ങള്‍...

സൗഹൃദമെന്ന ഓര്‍മ്മ (ആഗ്നേയ)
ആളൊഴിഞ്ഞ പഴയൊരു നാലുകെട്ടിലെ മുകളിലൊരു മുറിയില്‍ സാരംഗീ നാദത്തിന്‌ കാതോര്‍ത്ത്‌ തുറന്നിട്ട കിളിവാതിലിലിലൂടെ താഴെ നീണ്ടു പരന്നുകിടക്കുന്ന പച്ചപാടങ്ങളിലേക്കും അതിന്റെ ചുറ്റും നില്‍ക്കുന്ന സൂര്യപ്രകാശം കടന്നുവരാന്‍ മടിക്കുന്ന നീലിച്ച തലപാവണിഞ്ഞ മരങ്ങളിലേക്കും പെയ്തുവീഴുന്ന കനത്തമഴയിലേക്ക്‌ കണ്ണെറിഞ്ഞ്‌ ഒരു പകല്‍ മുഴുവന്‍ അനങ്ങാതിരിക്കുമ്പോള്‍ കിട്ടുന്ന സുഖം...
ചില സൗഹൃദങ്ങളും അത്തരം അനുഭൂതികളാണ്‌...മേഘമായി നീ മാറിയാല്‍ കാറ്റ്‌ നിന്നെ ചിതറിച്ച്‌ കളഞ്ഞെങ്കിലോ എന്ന്‌ വിഹ്വലപ്പെടുന്നവരുമായുള്ള സൗഹൃദം...ഹൃദയസ്പന്ദനങ്ങളെക്കാള്‍ സൗഹൃദത്തെ വിലമതിക്കുന്നവരുമായുള്ള സൗഹൃദം...
മഴ പെയ്തൊഴിഞ്ഞാലും ഇലത്തുമ്പില്‍ തങ്ങിയ മുത്തുമണികളില്‍ സൂര്യകിരണങ്ങള്‍ ഇന്ദ്രജാലം തീര്‍ക്കുന്നതും ഓലേഞ്ഞാലിയും അടക്കാകിളിയും നനഞ്ഞ തൂവലുകള്‍ കുടഞ്ഞ്‌ കൊക്കിന്‍ തുമ്പാല്‍ ചിറകു ചീകിയൊതുക്കുന്നതുമെല്ലാം കാഴ്ചകളായി ബാക്കി വെക്കുന്നത്‌ പോലെ...അടുത്ത മഴക്കായി കാത്തിരിക്കാനുള്ള വെമ്പല്‍ സമ്മാനിച്ച്‌ മടങ്ങും പോലെ...
സംസാരിച്ച്‌ പിരിഞ്ഞാലും വീണ്ടും കാണും വരെ മനസില്‍ മഴച്ചാറല്‍ ബാക്കി വെക്കുന്ന സൗഹൃദങ്ങള്‍

ദുഖപുത്രിയെന്ന്‌ കളിയാക്കിയെങ്കിലും വിളിക്കാറുണ്ടായിരുന്നു അവളെ...ചെറിയ പ്രായത്തില്‍ തന്നെ അനുഭവങ്ങളുടെ നെരിപ്പോടില്‍ വീണുരുകിപോയിരുന്നോ എന്റെ കൂട്ടുകാരിയെന്ന്‌ സംശയിച്ചിരുന്നു അവളുടെ വാക്കുകളിലൂടെ മിഴികളൂന്നിയപ്പോള്‍...കവിതകള്‍ ഏറ്റെടുക്കേണ്ടി വരുമ്പോള്‍ അതെന്നും ഉള്ളുരുക്കങ്ങള്‍ ബാക്കിയാക്കി മനസിലൊരു കല്ലായി കിടക്കാറാണ്‌ പതിവ്‌. ഈ കൂട്ടുകാരിയുടെ ഓരോ കവിതകളും അത്തരത്തിലൊരു അടങ്ങാത്ത വിഹ്വലതകളായി ബാക്കിയാവുന്നു. ഇവിടെ ഓര്‍മ്മകളുടെ തെരുവിലൂടെ അവളലയുകയാണ്‌. കഴിഞ്ഞുപോയ കാലത്തെ സുഗന്ധവും തേടി...

ഓര്‍മ്മകളുടെ തെരുവ്‌ (ശാരു)
തിരിഞ്ഞൊന്നു നോക്കിയാല്‍
ഓര്‍മ്മകളുടെ തെരുവ്‌
അതില്‍ ആരെല്ലാമൊക്കെയോ
എന്നെ വിളിച്ചുകരയുന്നു
കളിയാക്കി ചിരിക്കുന്നു
പെയ്തൊഴിഞ്ഞ മഴയും
പൊഴിഞ്ഞുതീര്‍ന്ന വസന്തവും
തളിരിട്ട നാമ്പുകളും
മറയുന്ന സ്വപ്നങ്ങളും
എല്ലാമെല്ലാം ആ തെരുവില്‍
ഞാന്‍ അകലുംതോറും
എന്നെ പിന്തുടരുന്നു
ചീഞ്ഞുനാറുന്ന അഴുക്കുചാലും
അസ്ഥി മണക്കുന്ന ശ്മശാനങ്ങളും
എനിക്കു പിന്നാലെയാ തെരുവില്‍
എനിക്കൊപ്പം നീങ്ങുന്നു.
ഞാന്‍ സഞ്ചരിക്കട്ടെ...
യാത്രയ്ക്കൊടുവിലെന്നോ
ഓര്‍മ്മകള്‍ പൂക്കുന്ന സുഗന്ധം പൊഴിക്കുന്ന
നാളും തേടി ഞാനലയട്ടെ...
ഹൃദയത്തെ കുത്തിപറിക്കുന്ന ഓര്‍മ്മകളാവും കൂടുതലും മനസില്‍ നിറഞ്ഞുനില്‍ക്കുക. നിഴലായി ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട സഹോദരിയുടെ നഷ്ടം ഏറ്റുവാങ്ങുമ്പോഴും അവനെ സാന്ത്വനിപ്പിക്കാന്‍ ഒരു മഴ പോലുമുണ്ടായിരുന്നില്ല. സൗഹൃദങ്ങളെ സ്വന്തം ജീവനായി തന്നെ കരുതുന്ന ആ മനസ്‌ എന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളു. വീണ്ടുമൊരു തിരിച്ചുപോക്കിലേക്ക്‌ കാലം കൈപിടിച്ചുനടത്തുമ്പോള്‍ മാറാല പിടിച്ചുകിടക്കുന്ന ഇടനാഴികള്‍ എങ്ങനെ അവനെ ഭയപ്പെടുത്താതിരിക്കും. നിറഞ്ഞുതുളുമ്പുന്ന മിഴികളുമായി ഇന്നും ഉറക്കം നഷ്ടപ്പെട്ട്‌ കഴിയുന്ന അവനെ സാന്ത്വനിപ്പിക്കാനാവാതെ ആദ്യമായി ഞാന്‍ കുഴങ്ങുന്നു...

ഓര്‍മ്മകളുടെ തുരുത്തിലേക്ക്‌ (മന്‍സൂര്‍)
ഒരു മടക്കയാത്ര
ഒരു നോക്ക്‌ കാണാന്‍ കഴിയാതെ..
അവധിയും കഴിഞ്ഞ്‌ ഞാന്‍ മടങ്ങുകയാണ്‌...വീട്‌ മൊത്തം ഉറങ്ങുന്നത്‌ പോലെ..നിറഞ്ഞ മിഴികള്‍ ചുറ്റിലും..ആരുടേയും മുഖത്ത്‌ നോക്കാന്‍ കഴിയില്ലെനിക്ക്‌..ഒന്ന്‌ നോക്കിയാല്‍ ഒരുപക്ഷേ എനിക്ക്‌ എന്നെ തന്നെ പിടിച്ചുനിര്‍ത്താന്‍ കഴിയാതെ പോവും..
ഉമ്മ നഷ്ടപ്പെട്ട എനിക്ക്‌ ആ സ്നേഹം പകര്‍ന്നുനല്‍കിയ പെങ്ങള്‍ രോഗത്തോട്‌ മല്ലടിച്ച്‌ കിടക്കുകയാണ്‌...എല്ലാവര്‍ക്കുമറിയാം..ഇനിയെല്ലാം ദൈവത്തിന്റെ കൈകളില്‍..യാത്ര പറയാന്‍ കട്ടിലിനിരുകിലേക്ക്‌ ചെന്നു. പെങ്ങള്‍ എന്നെ കണ്ടതും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. എഴുന്നേല്‍ക്കണ്ട എന്ന്‌ പറഞ്ഞ്‌ കട്ടിലിനരുകില്‍ ഞാനിരുന്നു.. മിഴികളില്‍ നിന്ന്‌ കണ്ണീര്‍ നിറഞ്ഞൊഴുകുന്നു..
ഒന്നേ നോക്കിയുള്ളു..
സംസാരിക്കാന്‍ കഴിയുന്നില്ല..തല കറങ്ങുന്നത്‌ പോലെ..തോളിലൂടെ കൈകളിട്ട്‌ എന്നെ വരിഞ്ഞു മുറുക്കി തെരുതെരെ ഉമ്മ വെച്ചു..കാതില്‍ മെല്ലെ മന്ത്രിച്ചു...എന്റെ പൊന്നാങ്ങളെ...
ഇനിവരുമ്പോ ഞാനുണ്ടാവില്ലട്ടോ...

വീണ്ടുമൊരു മടക്കയാത്രക്ക്‌ ഞാനൊരുങ്ങുകയാണ്‌..
അവസാനനിമിഷത്തില്‍ എന്നെ ഒരു നോക്ക്‌ കാണാന്‍ കൊതിച്ചിരുന്നുവത്രെ...
ആ ഖബറിടത്തിനരുകില്‍ അല്‍പ്പനേരം..
മനസിനെ ഒന്ന്‌ ബോധ്യപ്പെടുത്താന്‍..
ഇന്നും തീരാത്ത നോവായി..ഓര്‍മ്മകളുടെ ആ തുരുത്ത്‌....

മനസിലിട്ട്‌ താലോലിക്കാന്‍ ഓര്‍മ്മകളുടെ ഒരു വീടുണ്ടാക്കിയിട്ടുണ്ട്‌ മനസില്‍. വിരസമായ പകലുകളിലും പകലറുതികളിലുമെല്ലാം അവയോടൊത്ത്‌ അല്‍പസമയം..ഉള്ളിലുറഞ്ഞു കൂടിയ നൊമ്പരങ്ങള്‍ വീണ്ടുമൊരിക്കല്‍ കൂടി വഴിയാത്രികരായി കടന്നുപോവും. ഇങ്ങനെയെല്ലാമാണ്‌ ചിന്തകള്‍ ഓരോരുത്തരില്‍ നിന്നും വാക്കുകളായി പരിണമിക്കുന്നത്‌. പിന്നീടതിന്‌ നക്ഷത്രത്തിന്റെ തിളക്കം വരുന്നതും സൂര്യന്റെ താപമായി മാറി കത്തികയറുന്നതും...

സ്മൃതികള്‍... (പ്രിയ ഉണ്ണികൃഷ്ണന്‍)
അക്ഷരമുത്തുകള്‍ വരികളില്‍ വിതറിയ
നീഹാരം മിഴികള്‍ക്ക്‌ കുളിരാകവേ
വിടരുവാനൊരുങ്ങുന്ന കലികകളൊക്കെയും
നിറവാര്‍ന്ന സ്മൃതികളെ തഴുകിടട്ടെ...

അവളുടെ മനസിലിട്ട്‌ വളര്‍ത്തിയെടുത്ത ആ എഴുത്തുകാരി മരിച്ചതെന്തുവേഗമായിരുന്നു. ദുഖത്തിന്റെ നീലിമയിലേക്ക്‌ മടങ്ങിപോവണമെന്ന്‌ തിരിച്ചറിയുമ്പോഴും ആ നിഴലിനോട്‌ അവള്‍ക്ക്‌ വെറുപ്പൊന്നുമില്ലായിരുന്നു. ഇന്നും ചില വരികളെല്ലാം അവളുടെ നിദ്രയില്‍ വരുന്നു. ഓര്‍മ്മകളില്‍ വരച്ചെടുത്ത ആ രൂപം അവളെ സാന്ത്വനിപ്പിക്കുന്നു. മുഖത്തെ ദൈന്യത മറച്ച്‌ പിടിച്ച്‌ ഏറെ നേരം അവള്‍ക്കരുകിലിരിക്കുന്നു...പരസ്പരം അകലേണ്ടി വരുമ്പോഴാവാം സ്വപ്നങ്ങളുടെ സൗന്ദര്യത്തെ തിരിച്ചറിയേണ്ടി വരുന്നത്‌. കടലോളം അവളെ സ്നേഹിച്ച ആ കവിയത്രിയെ കുറിച്ച്‌ അവളറിയാതെ പോയെങ്കിലും മരണമെന്ന മൂന്നക്ഷരത്തില്‍ ആ രൂപത്തെ ഭാവത്തെ വാക്യങ്ങളെ അവസാനിപ്പിക്കേണ്ടി വരുമ്പോള്‍ അവളുടെ നിസഹായത ആ എഴുത്തുകാരിയുടെ ആത്മാവിന്‌ കാണാതിരിക്കാനാവുമോ..?

ഓര്‍മ്മകളിലെ അവള്‍... (നിഷ കെ എസ്‌)
രണ്ടു ദിവസം നിര്‍ത്താതെ പെയ്ത മഴയായി..പിന്നീടതൊരു പോമാരിയായി എന്നില്‍ പ്രളയം സൃഷ്ടിച്ച്‌ യാതൊന്നും ബാക്കി വെക്കാതെ കടന്നുപോയവള്‍...
അവളെ
ഓര്‍മ്മകളുടെ ശവകൂടീരത്തില്‍ അടക്കം ചെയ്തു കഴിഞ്ഞെങ്കിലും...ആ ഓര്‍മ്മ...അതിന്‌ വാടിയ ജമന്തിപൂക്കളുടെ ഗന്ധമായിരുന്നുവെന്ന്‌ ഞാന്‍ തിരിച്ചറിയുന്നു...ആ സുഗന്ധം എന്റെ കാല്‍പനികതയുടെ അങ്ങേയറ്റമായിരുന്നെങ്കിലും...ഏതാനം ദിവസത്തെ ആയുസ്സെ എന്റെ ചിത്രത്തിനുണ്ടായിരുന്നുള്ളു.
നീണ്ട മുടിയിഴകള്‍.. എപ്പോഴും മറക്കാന്‍ കൊതിക്കുന്ന സ്വര്‍ണ്ണപൊട്ട്‌ തിളങ്ങുന്ന കാതുകളും...വിഷാദം പൂക്കുന്ന മരങ്ങളൊളിപ്പിച്ച നയനങ്ങളും...നനുത്ത പുഞ്ചിരി വിരിയുന്ന ചുണ്ടില്‍..നിസ്സഹായതയോടെ കണ്ണാ..എന്ന്‌ വിളിക്കുന്ന ഒരു കൃഷ്ണകാമുകി...
കണ്ണില്‍ നിറയുന്ന കണ്ണീരിനെ..മനസില്‍ സൂക്ഷിച്ച തീയില്‍ വറ്റിച്ച്‌ ഉപ്പു നഷ്ടപ്പെടാത്ത അക്ഷരങ്ങളാക്കുന്നവള്‍...അതായിരുന്നു ദ്രൗപദി.
ഓര്‍മ്മകളിലിന്നും മായാതെ...

ഓര്‍മ്മകള്‍ അത്‌ ഏതു വികാരമാണ്‌ ഏറ്റുവാങ്ങുന്നതെങ്കിലും അമൂല്യസമ്പാദ്യങ്ങളാണ്‌. ഭൂതകാലത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്നും ചികഞ്ഞെടുക്കുന്നതില്‍ കൂടുതലും നൊമ്പരത്തിന്റെയും വിഷാദത്തിന്റെയും സമന്വയമാവാം. ഒറ്റപ്പെടലിന്റെ ഭീതിതമായ അവസ്ഥയില്‍ അതിനെ കൂട്ടുപിടിക്കാതിരിക്കാന്‍ ആര്‍ക്കാവും. ഇതെല്ലാമാവാം ചിന്തകളുടെ സൗകുമാര്യത്തെ കുറിച്ച്‌ അവന്‍ വാ തോരാതെ സംസാരിക്കുന്നത്‌
ഓര്‍മ്മയെന്ന സുഖനൊമ്പരം (സുനില്‍ ഉപാസന)
പലരെയും സംബന്ധിച്ച്‌ ജിവിതത്തിലെ ഏറ്റവും സുന്ദരമായ സന്ദര്‍ഭങ്ങള്‍ പലതായിരിക്കും। അതിന്‌ കാരണം ഓരോ വ്യക്തിയും ചിന്തിക്കുന്നത്‌ വ്യത്യസ്തമായ തരത്തില്‍ ആണെന്നുളളത്‌ തന്നെ॥ഓരോരുത്തരുടേയും അഭിരുചികളും ഇതില്‍ നിര്‍ണായക പങ്ക്‌ വഹിക്കുന്നുണ്ട്‌...എങ്കില്‍ തന്നെയും ഇത്തരം വ്യത്യസ്ത ചിന്താഗതിയുള്ളവരും യോജിപ്പിലെത്തുന്ന ഒരു അവസരമെങ്കിലും ഉണ്ടായിരിക്കും..
അവയിലൊന്നായിരിക്കും ഓരോരുത്തരും തങ്ങളുടെ ഭൂതകാല സ്മരണകളില്‍ മുഴുകി നിമഗ്നരായിരിക്കുക എന്നത്‌..കുട്ടിക്കാലത്തെ കുസൃതികള്‍, കൗമാരകാലത്തെ ചാപല്യങ്ങള്‍. യൗവനത്തില്‍ സംഭവിച്ച അബദ്ധങ്ങള്‍...ഇവയൊക്കെ ഒരിക്കലെങ്കിലും അയവിറക്കാത്തവര്‍ ആരെങ്കിലുമുണ്ടാകുമോ ഈ ലോകത്ത്‌...
സ്മരണകള്‍ അവ കയ്പ്‌ നിറഞ്ഞതായാലും മധുരിക്കുന്നതായാവും നൊമ്പരപ്പെടുത്തുന്നതായാലും വിലയേറിയവയാണ്‌..വിലയ്ക്ക്‌ വാങ്ങാന്‍ കഴിയാത്ത അമൂല്യസമ്പാദ്യങ്ങള്‍..ഓര്‍മ്മകള്‍ (സ്മരണകള്‍) പലരിലും പലപ്പോഴും ഉണര്‍ത്തുക നൊമ്പരങ്ങളാണ്‌. ഒരുതരം സുഖകരമായ നൊമ്പരം..ഓര്‍മ്മകളില്‍ മുങ്ങിത്തപ്പുകയെന്നത്‌ സുന്ദരമാണ്‌..അതേ സമയം വേദനാജനകവും..ഓര്‍മ്മകള്‍ അവ ജനിക്കുന്നവരില്‍ എന്ത്‌ വികാരമാണ്‌ അപ്പോള്‍ ഉളവാക്കുക..സന്തോഷം? സങ്കടം? നിസംഗത? പലതാകാം..
പക്ഷേ പഴകിയ വേദനക്കോ സന്തോഷത്തിനോ മാധുര്യം കൂടുതല്‍..? ആപേക്ഷികമായിരിക്കാം ഇതിന്റെ മറുപടി..
എന്റെ ഭൂതകാലത്തില്‍ സംഭവിച്ച വേദനകള്‍ പകര്‍ന്ന്‌ തരുന്ന സുഖകരമായ അനുഭൂതികളില്‍ ലയിച്ചിരിക്കുക എനിക്ക്‌ ഇഷ്ടമായിരുന്നു..കാരണം അത്തരം സ്മരണകള്‍ എന്നെ ഓര്‍മ്മപ്പെടുത്തും ഞാനാരായിരുന്നുവെന്ന്‌..ഞാനെങ്ങനെ ഇവിടെ വരെയെത്തിയെന്നും...സമകാലിക അവസ്ഥയില്‍ നിലവിട്ട്‌ പെരുമാറാതെ സംയമനം പാലിച്ച്‌ നിര്‍ത്തുന്നു എന്നെ ഇത്തരം ഭൂതകാലവിളികള്‍...അവക്ക്‌ അര്‍ഹിക്കുന്ന സ്ഥാനം നല്‍കി ആദരിക്കുക ബഹുമാനിക്കുക..കാരണം അത്തരം സ്മരണകളൊക്കെയാണ്‌ എന്നെ പരിപോഷിപ്പിച്ചത്‌..ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്‌...
ഓര്‍മ്മകളെല്ലാം തോറ്റടിയുന്നതെവിടെയാണ്‌...
ചോദിക്കാതെ കടന്നുവരുന്നതെന്താണ്‌
അനുഭവത്തിന്റെ പൂരകാഴ്ചകള്‍ മിഴികളില്‍ വീണ്ടുമൊരു വസന്തമായി ചേക്കേറുന്നതെന്തുകൊണ്ടാണ്‌..?
അറിയില്ല..പക്ഷേ ഇവിടെ ചില ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം നല്‍കിയിട്ടുണ്ട്‌. മനസ്‌ മറവിക്ക്‌ മുന്നില്‍ തോല്‍ക്കാതിരിക്കുകയായിരുന്നെങ്കിലെന്ന പ്രത്യാശ ഇന്നും ബാക്കിയാവുന്നു

ഓര്‍മ്മയെന്ന ശവകൂടീരം (അമൃതാ വാര്യര്‍)
മറവിയുടെ ശ്മശാനത്തില്‍
അടക്കം ചെയ്യപ്പെട്ട
ഓര്‍മ്മകളുടെ നനുത്ത
നൊമ്പരങ്ങള്‍ക്ക്‌ മേല്‍
ആരോ വച്ചുപോയ
റോസാദളങ്ങള്‍ക്ക്‌
സുഗന്ധമുണ്ടായിരുന്നില്ല

സ്മൃതിയുടെ
അഗാധതകളില്‍
സ്വയമറിയാതെ
പാറിനടക്കുമ്പോഴും
മറവിയുടെ ശിഖിരങ്ങള്‍
എത്തിപ്പിടിക്കാന്‍
ഒരിക്കല്‍ പോലും
ശ്രമിക്കരുതേയെന്ന്‌
മനസ്സിനോട്‌
അടക്കം പറഞ്ഞു.

ഒരിക്കലും
മനസ്സിന്റെ പടിവാതിലേക്ക്‌
എത്തിനോക്കാന്‍ പോലും
ആഗ്രഹിക്കാതിരുന്ന
ചില ഓര്‍മ്മകള്‍

ചെമ്മെ മത്സരിക്കുകയായിരുന്നു
ഹൃദയത്തിന്റെ ഒഴിഞ്ഞ
കോണില്‍ നൊമ്പരങ്ങളാല്‍
തീര്‍ത്ത നിശിതാഗ്രങ്ങള്‍ കൊണ്ട്‌
മുറിവുകള്‍ നല്‍കി
ഉറക്കം നഷ്ടപ്പെട്ട
രാത്രികള്‍ സമ്മാനിക്കാന്‍

ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല...അത്‌ മനസിലിടം തേടി വന്നുകൊണ്ടിരിക്കുന്നു. ജീവിതമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക്‌ ചുവട്‌ വെച്ചകന്ന സൗഹൃദങ്ങള്‍ക്ക്‌...മനസിനെ കുത്തിക്കീറിയിട്ടും ഇന്നും മനസിലിട്ട്‌ താലോലിക്കുന്ന പ്രണയിക്ക്‌...ആത്മസായൂജ്യം പകര്‍ന്നുതന്ന ബന്ധങ്ങള്‍ക്ക്‌...തകര്‍ക്കാനാവാത്ത ബന്ധനങ്ങള്‍ക്ക്‌ ഈ നൂറാമത്‌ ഉപഹാരം സ്നേഹപൂര്‍വം സമര്‍പ്പിക്കുന്നു...

30 comments:

ദ്രൗപദി said...

ഓര്‍മ്മകളുടെ തീരത്തേക്ക്‌ പ്രിയപ്പെട്ടവരുമായി ഒരു യാത്ര..ഇതില്‍ സന്തോഷത്തിന്റെയും ദുഖത്തിന്റെയും സമ്മിശ്രവികാരങ്ങളുണ്ട്‌. സ്നേഹത്തിന്റെ ഊഷ്മളത ഏറ്റുവാങ്ങിയ ഒന്നരവര്‍ഷക്കാലം..ഒരു തമാശ പോലെ ഇവിടെയെത്തി പിന്നീട്‌ വളരെ സീരിയസായി ബ്ലോഗിംഗിനെ ഏറ്റെടുക്കുകയായിരുന്നു. പിന്നീട്‌ നല്ലതും ചീത്തയുമായ ഒരുപാട്‌ ഓര്‍മ്മകള്‍. ഇതിനിടയില്‍ ആത്മാവിനോട്‌ ഒട്ടിച്ച്‌ വെക്കാന്‍ നല്ല നല്ല സൗഹൃദങ്ങള്‍...അകലങ്ങള്‍ ചുരുങ്ങി ചുരുങ്ങി ബന്ധങ്ങള്‍ ദൃഢമാകുന്ന കാലത്ത്‌ ജീവിക്കാന്‍ കഴിയുന്നതില്‍ ഇന്ന്‌ ആഹ്ലാദിക്കുകയാണ്‌...
ഇവിടെ നൂറാമത്‌ പോസ്റ്റിടുമ്പോള്‍ അറിയാതെ മനസില്‍ വന്നൊരു ചിന്തയാണ്‌ പ്രിയപ്പെട്ടവരില്‍ ചിലരുമായി കൂടിച്ചേര്‍ന്ന്‌ എഴുതുക എന്നത്‌..ഓര്‍മ്മകളുടെ സുഗന്ധത്തെ കുറിച്ചായിരുന്നു പരസ്പരം ആശയങ്ങള്‍ കൈമാറാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും മനസിനെ കുഴിച്ചെടുത്തവയില്‍ കൂടുതലും വേദനകളായിരുന്നു..അങ്ങനെയാണ്‌ ഓര്‍മ്മകള്‍ എന്ന ആശയത്തിലൂന്നി നിന്നുകൊണ്ട്‌ എഴുതിയത്‌...
മനസില്‍ മയില്‍പീലിയൊളിപ്പിച്ചുള്ള സഞ്ചാരം തുടരുകയാണ്‌...
എന്നെ ഏറെ സ്നേഹിച്ച പ്രിയപ്പെട്ടവര്‍ക്ക്‌ നന്ദി...

ഓര്‍മ്മകളുടെ സമന്വയം (നൂറാമത്‌ പോസ്റ്റ്‌)
(എനിക്കായി ചിത്രമൊരുക്കി തന്ന പ്രയാസിക്ക്‌...പിന്നെ എഴുതി തന്ന എല്ലാവര്‍ക്കും നന്ദി....)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പിന്നിട്ട വഴികള്‍ ഓര്‍മ്മകള്‍ക്ക് നല്‍കുന്ന കവിതയുടെ കുളിരിന് നഷ്ടപ്പെട്ടുപോയ ചില സ്നേഹങ്ങളെ കുറച്ചുനേരത്തേയ്ക്കെങ്കിലും മാടിവിളിയ്ക്കാനായെങ്കില്‍ അത് സുകൃതം...

അക്ഷരങ്ങളെ കൂട്ടുപിടിച്ച് വാക്കുകളുണ്ടാക്കി അവയെ വരികളില്‍ ഒതുക്കി തീക്ഷ്ണമാ‍യ കവിതയൊരുക്കുന്ന ദ്രൌപദീ വര്‍മ്മയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍...

വാല്‍മീകി said...

നൂറാം പോസ്റ്റിന് ആശംസകള്‍.

അമൃതാ വാര്യര്‍ said...
This comment has been removed by the author.
അമൃതാ വാര്യര്‍ said...

"ആര്‍ദ്രമായ മിഴികളുമായി ഓട്ടോഗ്രാഫിന്റെ താളില്‍ നിന്നെ കുറിച്ചുള്ളതെല്ലാമെഴുതിയിട്ട്‌ നടക്കുമ്പോള്‍ വാകമരങ്ങള്‍ പോലും തലകുലുക്കി പൂക്കള്‍ വര്‍ഷിച്ച്‌ യാത്രയാക്കുന്നുണ്ടായിരുന്നു..."
"മഴ പെയ്തൊഴിഞ്ഞാലും ഇലത്തുമ്പില്‍ തങ്ങിയ മുത്തുമണികളില്‍ സൂര്യകിരണങ്ങള്‍ ഇന്ദ്രജാലം തീര്‍ക്കുന്നതും ഓലേഞ്ഞാലിയും അടക്കാകിളിയും നനഞ്ഞ തൂവലുകള്‍ കുടഞ്ഞ്‌ കൊക്കിന്‍ തുമ്പാല്‍ ചിറകു ചീകിയൊതുക്കുന്നതുമെല്ലാം കാഴ്ചകളായി ബാക്കി വെക്കുന്നത്‌ പോലെ..."

"ഓര്‍മ്മകളുടെ തുരുത്തിലേക്ക്‌
ഒരു മടക്കയാത്ര
ഒരു നോക്ക്‌ കാണാന്‍ കഴിയാതെ.."

"ഉള്ളിലുറഞ്ഞു കൂടിയ നൊമ്പരങ്ങള്‍ വീണ്ടുമൊരിക്കല്‍ കൂടി വഴിയാത്രികരായി കടന്നുപോവും.പിന്നീടതിന്‌ നക്ഷത്രത്തിന്റെ തിളക്കം വരുന്നതും സൂര്യന്റെ താപമായി മാറി കത്തികയറുന്നതും..."

സ്മരണകള്‍ അവ കയ്പ്‌ നിറഞ്ഞതായാലും മധുരിക്കുന്നതായാവും നൊമ്പരപ്പെടുത്തുന്നതായാലും വിലയേറിയവയാണ്‌..വിലയ്ക്ക്‌ വാങ്ങാന്‍ കഴിയാത്ത അമൂല്യസമ്പാദ്യങ്ങള്‍....""

"""" നന്‍മകള്‍ നേരുന്നു"""""
നൂറാം പോസ്റ്റിന് ഹൃദയം
നിറഞ്ഞ ആശംസകള്‍ ദ്രൗപദി

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കഴിഞ്ഞുപോയ ആ ഇന്നലെയുടെ നല്ല ഓര്‍മകള്‍.
നഷ്ടപ്പെട്ടുപോയ സുന്ദര ദിനങ്ങള്‍ അതിനി വെറും സ്വപ്നങ്ങള്‍ മാത്രം. നഷ്ടപ്പെട്ട വര്‍ഷങ്ങളും പിന്നെ കുറേ സ്വപ്നങ്ങളും..
ആശംസകള്‍ നേരുന്നു ഇനിയും നല്ല നല്ല പോസ്റ്റുകള്‍ കൊണ്ട് ഈ അക്ഷരങ്ങളുടെ ലോകത്ത് ഒരു അക്ഷരകൂട്ടയ്മയിലൂടെ വീണ്ടും നമുക്ക് കാണാം.
തന്മയത്ഥ്യമുള്ള വാക്കുകള്‍കൊണ്ട് വ്യതിചലിക്കാത്ത അക്ഷരങ്ങളുടെ ലോകത്തില്‍ ഇനിയും ഒരുപാടു മുന്നേറുകാ.

Cartoonist said...

വായിച്ചു. As usual in Draups writings, വെഷമം വന്ന്, മിണ്ടാന്‍ പറ്റാണ്ടായി.

ഒരു തരത്തില്‍ നമ്മള്‍ ഒരേ തൂവല്‍പ്പക്ഷികളാണ്.
ദ്രൌപ്സ് സദാ വിലപിച്ചോണ്ടിരിക്കുന്നു..
ഈ ഞാനൊ, സദാ ഒരു കാരണോല്യാതെ “കാവിലമ്മേ, ശ്ശക്തി തരൂ” എന്ന് കരഞ്ഞുവിളിച്ചുകൊണ്ടേയിരിക്കുന്നു.

100ന് ഉഗ്രന്‍ ആശംസകള്‍ !

എന്നാലും, ഞാന്‍ ആരെയും വിഷാദന്‍-വിഷദിനിമാരാക്കുന്നില്ല. ദ്രൌപ്സ്, ഇക്കാര്യം ഒന്നു ശ്രദ്ധിക്കണം..ഞാന്‍ പണ്ടു സൂച്പ്പിച്ചിട്ടുണ്ട്. :)

ആഗ്നേയ said...

ഒന്നര വര്‍ഷം കൊണ്ട് ഒന്നിനൊന്നുപകരം വക്കാനാവാത്ത 99 രചനകള്‍!
അതിശയപ്പെടുത്തുന്നു ഈ പ്രതിഭ!
ബൂലോകത്തിന്റെ അതിരുകള്‍ ഭേദിച്ചും ഈ പ്രതിഭ പറന്നുയരട്ടെ..
നൂറിന്റെ നിറവിന് നൂറുകോടി ആശംസകള്‍ ദ്രൌപ..
എല്ലാ ഭാവുകങ്ങളും...

ദൈവം said...

kollam :)

jithan said...

ormmakalude samanvayam!!!!!
The concept itself is very good....
naamellaavarum ariyappedaatha allenkil ariyaan orikkalum aagrahikkaththa oru vishaadam manassil sookshikkunnavarranennu thonunnu. Orupakshe athaayirikkaam ellaavrudeyum ormakalil nombarangalude oru nanuththa sparsham....Ottappedalinte asahaneeyamaakunna vedanathuruththil oru samaswaasamaayi aarokkeyo enikkum undaayirikkunnu....nandi.....jeevikkaan prerippikkunna mattoru khadakam koodi...
onnu koodi parayatte....
അകലങ്ങള്‍ ചുരുങ്ങി ചുരുങ്ങി ബന്ധങ്ങള്‍ ദൃഢമാകുന്ന കാലത്ത്‌ ജീവിക്കാന്‍ കഴിയുന്നതില്‍ ഇന്ന്‌ ആഹ്ലാദിക്കുകയാണ്‌...
Ikkaalaththu ingane parayuvaan oraalundaavuka...Bandhangal eyyampaattakalku (instant relationships) samamaakunna ekkalaththu draupathiyude nalla manassinu nandi parayuvaanallathe ethinaanaavuka????
ormakalekurichu ethennkilum ezhuthaan paranhaal enikkaadyam orma varika dainyatha muttiya, jeevithaththinte pachayaaya yaadhdharthyangalkkidayil pareekshinaraayi nilkkunna ente ettavum priyappetta randu mukhangal...oppam lokaththinte kaapatyamariyilyenkilum vihvalatha niranha kannukalumaayi oranchuvayassukaaranum...(ennaththe nhaanilekkulla dooram valarekurachchu maathramaanennu thonnippokunnu...yadhdhaarthathil anganeyallenkilum..)Oru nerththa thengal manasilevideyo.......Venda....eniyum parayaan manassil bakivechchathu anganethanneyirikkate....

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

വൗ..! ദ്രൗപതി നൂറടിച്ചു അല്ലേ.. സ്വഞ്ച്വറി നേടിയെങ്കിലും നിറുത്താതെ പോസ്റ്റുക.. വായനക്കാര്‍ എന്നും പിന്തുണയായുണ്ടാവും.. ആശംസകള്‍..

nisha k s said...

നല്ല ഓര്‍മ്മകള്‍ എന്നു നാം പറയുമ്പോഴും.. അവ നഷ്ടപ്പെട്ടതിന്റെ വേദന നമ്മെ കാര്‍ന്നു തിന്നാറുണ്ട്...
ഇന്ന്....

ഓര്‍മ്മകളിലും സ്വപ്നങ്ങളിലും ജീവിക്കാനിഷ്ടപ്പെടുകയും....
യാഥാര്‍ത്ഥ്യം മുന്നില്‍ വന്നു മാടി വിളിച്ചുണര്‍ത്തുകയും...ചെയ്യുമ്പോള്‍..
ഇതു പോലെ....
എല്ലാവരെയും...ഓര്‍മ്മകളിലേക്ക്.. ക്ഷണിച്ച ഈ ഉദ്യമത്തിനു..ദ്രൌപതിയോട് നന്ദി..

ശക്തമായ ഭാഷയോടെ ... കണ്ണീരിനെയും,ഓര്‍മകളെയുമെല്ലാം..... അക്ഷര മുത്തുകളാക്കികൊണ്ട്..
എഴുതിതീര്‍ത്ത 100 പോസ്റ്റുകള്‍...

ദ്രൌപതി
ഇനിയും.... വളര്‍ന്ന് വളര്‍ന്നൊരു വടവൃക്ഷം പൊലെ വലുതാവട്ടെ....
ഒരുപാട് ഒരുപാട് എഴുതാനും..
അറിവിന്റേയും അക്ഷരങ്ങളുടേയും..ഔന്നിത്യത്തിലേക്കു കയറിച്ചെല്ലാനും കഴിയാന്‍ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ.....

അഭിലാഷങ്ങള്‍ said...

ദ്രൌപതീ,

ചില രചനകള്‍ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.

ഇനിയും ഒരുപാട് ക്വാളിറ്റി കവിതകള്‍ എഴുതു.. വരികളുടെ സൌന്ദര്യം ഞങ്ങള്‍ ആസ്വദിക്കട്ടെ..!

100 th പോസ്റ്റിന് എല്ലാവിധ ആശംസകളും..

100 ന്റെ കൂടെ ഒരു പൂജ്യം കൂടി ചേരുന്ന അതിവിദൂരമല്ലാത്ത ഒരു നല്ല നാളെയെ പ്രതീക്ഷിച്ചുകൊണ്ട്..

സ്നേഹപൂര്‍വ്വം..

അഭിലാഷ്

ഗീതാഗീതികള്‍ said...

ഓര്‍മച്ചെപ്പു തുറന്ന്‌ കുന്നിമണികള്‍ പുറത്തെടുക്കുമ്പോള്‍ അവയ്ക്കു് നിറം മങ്ങാത്ത സൌന്ദര്യം......

വീണ്ടുമാ കുന്നിമണികള്‍ ചെപ്പിനകത്തു തന്നെ തിരിച്ചു നിക്ഷേപിക്കുക, ഇനിയുമിനിയും എടുത്തുനോക്കി ആസ്വദിക്കാനായി.....

ദ്രൌ, നന്നായിരിക്കുന്നു.

എന്നാലും കാര്‍ട്ടൂണിസ്റ്റ് പറഞ്ഞതിനോട് ഒരല്‍പ്പം യോജിപ്പ് എനിക്കുമൂണ്ട് കേട്ടോ!

Teena C George said...

സൌഹൃദം, ഒര്‍മ്മകള്‍, നൊമ്പരങ്ങള്‍, പ്രണയം... ഇവയ്ക്കെല്ലാം സ്വതവേ ഒരു സൌന്ദര്യമുണ്ട്. അതിന്റെ കൂടെ ഭാഷയുടെ സൌന്ദര്യവും ഒത്തുചേരുമ്പോള്‍ അതൊരു അനുഭൂതിയാവുന്നു!

ദ്രൌപതിയുടെ എല്ലാ പോസ്റ്റുകളും പ്രിന്റ് ഔട്ട് എടുത്ത് വച്ച് വായിച്ച് തീര്‍ത്തുകൊണ്ടിരിക്കുകയാണ് ഞാന്‍. പക്ഷെ പലപ്പോഴും, വായനയുടെ ഇടയില്‍ ഓര്‍മ്മകളുടെ തുരുത്തില്‍ സ്വയം നഷ്ടപ്പെട്ട് വായന പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോവുന്നു!

നൂറിന്റെ നിറവില്‍ ദ്രൌപതിയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍...

Sharu.... said...

ഒരായിരം ആശംസകള്‍..... :) ഇനിയും തുടരുക...

ഇത്തിരിവെട്ടം said...

ഒത്തിരി പോസ്റ്റുകളുമായി ബൂലോകത്ത് സജീവസാന്നിധ്യമായി എന്നും ഉണ്ടാവട്ടേ.... ആശംസകള്‍...

ധ്വനി said...

നൂറാം പോസ്റ്റ് തികയ്ക്കുമ്പോള്‍ ഭാവുകങ്ങള്‍!

പോസ്റ്റ് വളരെ നല്ലത്. വ്യത്യസ്ഥം. കൂട്ടുകാരെ വിളിച്ചു കൂട്ടി ഓര്‍മ്മകളിലേയ്ക്കു സഞ്ചരിയ്ക്കുന്നതു രസം തന്നെ!

സ്നേഹാശംസകള്‍!

പ്രയാസി said...

ആദ്യമൊക്കെ എനിക്കൊന്നു പ്രണയിക്കണമെന്നുണ്ടായിരുന്നു..:)

അതുമാതിരിയുള്ള അലക്കല്ലെ..!

എന്തായാലും നൂറിന്റെ നിറവിന് ആശംസകള്‍..!

സങ്കടം ഇനിയെങ്കിലും കുറക്കുക..

അല്ലേല്‍ ഞാനൊരു പ്രണയലേഖനം അങ്ങോട്ടയക്കും..;)

ഉപാസന | Upasana said...

ആദ്യമേ പറയട്ടെ ദ്രൌപദി, ഈ സെഞ്ചുറിക്ക് ഉപാസനയുടെ അഭിനന്ദനങ്ങള്..!

ഓര്‍മകളുടെ സുഗന്ധം എന്ന പേരില് എന്തെങ്കിലും എഴുതിതരണം എന്ന് ആവശ്യപ്പെട്ടപ്പോള് ഞാന് കുറച്ചധികം തിരക്കിലായിരുന്നു.
അതിനേക്കാളുപരി എന്തെങ്കിലും എഴുതാന് പറ്റിയ ഒരു മാനസികാവസ്ഥയില് അല്ലായിരുന്നു.

എങ്കിലും ഞാന് പലവിധ പ്രശ്നങ്ങളുടെ നടുവിലും ഞാന് കുറച്ച് സമയമുണ്ടാക്കി എഴുതാനിരുന്നു.
പക്ഷേ മനസ്സ് അപ്പോഴും വാശി പിടിച്ച് നിന്നു, ഒര് കൊച്ചുകുട്ടിയേപ്പോലെ.

ആ മനസ്സിനെ നിര്‍ബന്ധിപ്പിച്ച് എഴുതിപ്പിച്ച കുറച്ച് വരികള് ആണ് ദ്രൌപദി എന്റെ പേരില് ഇവിടെ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

വാചകങ്ങള്‍ക്കിടയിലുള്ള ആശയപ്പൊരുത്തമില്ലായ്മ, ആശയങ്ങള് വേണ്ടത്ര വികസിപ്പിച്ചെഴുതാത്തത് കൊണ്ടുള്ള അപാകം... എന്നിവയൊക്കെ എന്റെ ഈ ലേഖനത്തെ ചെറുതാക്കുന്നതാണ്.

എന്റെ ലേഖനം കുറച്ച് കൂടെ നന്നാക്കാമായിരുന്നു, തീര്‍ച്ചയായും.
ഇത്ലും നന്നായി എഴുതാന് സാധിക്കുമെന്ന് തന്നെയാണ് ഞാന് വിശ്വസിക്കുന്നത്.

പക്ഷേ..,
മേല്‍‌പറഞ്ഞ വഴക്കമില്ലാത്ത മനസ്സുമായി ഇരുന്ന് എഴുതിയതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് കരുതി സമാധാനിക്കുന്നു ഞാന്.

എന്തു കൊണ്ട് ദ്രൌപദി..?

കാരണങ്ങള് പലതാണ്.
ഈ ബൂലോകത്തെ ഒരു ഒരു അംഗമായി ചിലതൊക്കെ എഴുതിത്തുടങ്ങിയപ്പോള് എനിക്ക് തുടര്‍ന്നും കൂടുതല് എഴുതാന് പ്രചോദനം തന്ന അഭിപ്രായങ്ങള് കുറിച്ചവരില് പ്രധാനിയാണ് താങ്കള്.

പല ഏരിയകളേയും സ്പര്‍ശിക്കുന്ന, കാവ്യാംശം തുളുമ്പുന്ന അഭിപ്രായം കുറിക്കുന്നവരില് മുന്‍പന്തിയില് തന്നെയാണ് ദ്രൌപദിയുടെ സ്ഥാനം.

“സഹയാത്രികര്‍ക്ക് സ്നേഹപൂര്‍വം” എന്ന എന്റെ പോസ്റ്റില് ഇങ്ങിനെ കുറിച്ചിരിക്കുന്നു.

“കലാലയ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാന് തോന്നി ഇത് വായിച്ചപ്പോള്. കാണാമെന്ന് പറഞ്ഞ് പോയ
ഒരാളെ മാത്രം ഇന്നും കാണാന് കഴിയാത്ത ദുഖമുണ്ടെനിക്ക്...
നാലാള് കൂടുന്നിടത്തൊക്കെ ഞാന് നോക്കാറുമുണ്ട്...
ഒരുപക്ഷേ...
കണ്ടാലും തിരിച്ചറിയാത്തത്ര അപരിചത്വം കാലം ഞങ്ങളില്
വരുത്തിയിട്ടുണ്ടാവാം...“

സ്വന്തം ജീവിതത്തിലെ ഏടുകളും ഇവിടെ വിവരിച്ചിരിക്കുന്നു ദ്രൌപദി നല്ല വാക്കുകളില്, സുന്ദരമായി.


ദ്രൌപദി 100 അടിച്ചിര്‍ക്കുന്നു എന്നറിഞ്ഞപ്പോള് സന്തോഷം തോന്നി.
കാരണം വെറുതെയങ്ങ് അടിക്കുകയല്ല ചെയ്തത്..!

മനസ്സില് തട്ടുന്ന ഒരുപാട് സുന്ദരകവിതകള് എന്റെ മനസ്സില് ബാക്കി നില്‍ക്കുന്നു.
“അപരിചിത” യിലെ അരുന്ധതിയേപ്പോലുള്ള കിടയറ്റ കഥാപാത്രങ്ങളും.

“അപരിചിത“ ക്ക് ഇട്ട പോലത്തെ ഒരു കമന്റ് ഈ ബൂലോകത്ത് അപൂര്‍വം ചില പോസ്റ്റുകള്‍ക്കേ ഞാന് നല്‍കിയിട്ടുള്ളൂ..!

മനസ്സറിഞ്ഞ് വാക്കുകളറിഞ്ഞ് വായിച്ചപ്പോള് തോന്നിയ വികാരം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയപ്പോള് ഞാനറിഞ്ഞു, ആ ഗദ്യം എന്നെ കുറച്ചധികം ഉന്മാദാവസ്ഥയിലാക്കിയെന്ന്.

“ഖസാക്കിന്റെ ഇതിഹാസം” വായിച്ചതിന് ശേഷം ഞാന് അനുഭവിക്കുന്ന ഒരു തരം “ഏകാന്തത” (ഏകാന്തത മാത്രം. ‘ഇതിഹാസം’ ത്തിന് വായനക്കാരിലേക്ക് ഒരുപാട് വികാരങ്ങളെ സംവേദനം ചെയ്യാന് സാധിക്കും..!!!) ഉണ്ട്.

അത്തരത്തിലുള്ള ഒരു ഏകാന്തതയായിരുന്നു ‘അപരിചിത’ വായിച്ച് ഞാന് കുറച്ചധികം അനുഭവിച്ചത് ..!

100 മത്തെ പോസ്റ്റിന് എന്തെങ്കിലും പൊക്കിപ്പറയേണ്ടെ എന്ന് കരുതി നടത്തുന്ന ജല്പനങ്ങള് അല്ല ഇത്.
അങ്ങിനെ കരുതുകയുമരുത്.
ഇത് ഉപാസനയുടെ നേര്‍സാക്ഷ്യമാണ്.


എല്ലാവര്‍ക്കും ഉള്ളതു പോലെ പോരായ്മകള് തീര്‍ച്ചയായും ഉണ്ട് ദ്രൌപദിയുടെ രചനകള്‍ക്ക്.

കവിതകളിലെ ശോകഭാവം നല്ലതു തന്നെ.
എനിക്കത് ഇഷ്ടവുമാണ്.
എങ്കിലും മറ്റ് മാനുഷികവികാരങ്ങളും ദുഃഖത്തിന്റെ അത്ര പ്രതിനിധീകരിച്ച് കണ്ടിട്ടില്ല കവിതകളില്.

പിന്നെ നോവല് കുറച്ച് കൂടെ ആകര്‍ഷകമാക്കേണ്ടതുണ്ട്.
കൈകാര്യം ചെയ്യുന്ന വിഷയത്തിന് ആകര്‍ഷണീയത ഉണ്ടെന്ന് ഉറപ്പ് വരുത്താന് ശ്രമിച്ചാല് ഇനിയും നന്നാവും.

ഇതൊക്കെ എന്റെ മാത്രം വ്യക്തിപരമായ അഭിപ്രായം ആണ്.
മറ്റുള്ളവര്‍ക്ക് ഇങ്ങിനെ തോന്നണമെനില്ല..!

ഇത്രയൊക്കെ എഴുതാന് വിചാരിച്ചതല്ല.
എങ്കിലും മനസ്സ് വഴങ്ങിയപ്പോള് പിന്നെ ഞാന് സംശയിച്ചില്ല. :)

വീണ്ടും ഒരു 100 കൂടെ അടിക്കട്ടെ എന്നാശംസിക്കുന്നു ഉപാസന.
:)
എന്നും സ്നേഹത്തോടെ
സുനില് | ഉപാസന

മന്‍സുര്‍ said...

ഇന്നലെകളിലൂടെ ഒരു യാത്ര...

മനസ്സിനെ നൊമ്പരപ്പെടുത്തിയ ഓര്‍മ്മകള്‍...
ഓര്‍ക്കാന്‍ കൊതിച്ചത്‌
പറയാന്‍ കൊതിച്ചത്‌
കേള്‍ക്കാന്‍ കൊതിച്ചത്‌
...........ഇന്നും മനസ്സിലിട്ട്‌ താലോലിക്കുന്ന ആ മധുരമാമോര്‍മ്മകള്‍
ഇവിടെ ഒരു മഴയുടെ മൂളലായ്‌ അരികിലേക്ക്‌
മനസ്സിലേക്ക്‌..........ഒരു കുളിരായ്‌

ദ്രൗപദി

തുടരുകയീ പ്രയാണമിനിയും
മനസ്സിന്‌ മധുരം പകരും അക്ഷരങ്ങളുമായ്‌

നന്‍മകള്‍ നേരുന്നു

(ഒരു പക്ഷേ ഇനി ഒരുനാള്‍ എന്നെ കണ്ടിലെന്ന്‌ വരാം....പ്രതീക്ഷികരുത്‌...കാത്തിരിക്കരുത്‌....കാണാന്‍ കഴിഞ്ഞിലെന്ന്‌ വരാം..എങ്കിലുമോര്‍ക്കും ഞാന്‍.....മറക്കില്ല).

Gopan (ഗോപന്‍) said...

ദ്രൌപദി,
ഇവിടെ ആദ്യമാണ്.
നൂറു പോസ്റ്റു തികച്ചതിന്‍റെ ആശംസകള്‍.
ഓര്‍മ്മകള്‍ നൊമ്പരങ്ങള്‍ മാത്രം നല്‍കിയാലും
മനസ്സില്‍ ഒരു കുഞ്ഞു മയില്‍പീലിയെങ്കിലും
കരുതിവെക്കുക, പ്രിയപെട്ടവനായ് !
ആശംസകളോടെ
ഗോപന്‍

G.manu said...

നഷ്ടപ്പെടല്‍ വരുമ്പോഴും കൊഴിച്ചില്‍ വരുമ്പോഴും എടുത്തു നോക്കാന്‍ മനസിന്റെ താളിയോലയില്‍ പണ്ടേ കുറിച്ചിട്ടിരുന്നു ഈ വരികള്‍

നാമില്ലെങ്കിലും ഭൂമി തിരിയും പുതു
നാമ്പുകള്‍ പുലരിക്ക് പുഞ്ചിരി നേദിക്കും
അഞ്ജനം ചാര്‍ത്തി തൃസ്സന്ധ്യകളെത്തും
ശിഞ്ജിതം കോര്‍ത്തരുവി പൊട്ടിച്ചിരിക്കും..
നാമില്ലെങ്കിലും സൂര്യശോഭയില്‍ മണ്ണില്‍
നാലഞ്ചു പച്ചപ്പു പൊട്ടിട്ടുനില്‍ക്കും..

സാരമില്ലെന്നേ... എല്ലാം ഒന്നോര്‍ത്താല്‍ ഒന്നുമല്ലല്ലോ....

ഈ ബ്ലോഗിനും ഈ പോസ്റ്റിനും സ്പെഷ്യല്‍ ആശംസകള്‍

ശ്രീ said...

നൂറാം പോസ്റ്റിന് ആശംസകള്‍‌, ദ്രൌപതീ...
ഈ വ്യത്യസ്തതയും നന്നായി.
:)

വല്യമ്മായി said...

ആശംസകള്‍

RaFeeQ said...

ഓര്‍മ്മക്‍ ആശംസകള്‍.. :-)

ആഗ്നേയ said...

സുനീ..ഒരു തുല്യദുഃഖിത...
ദ്രൌപ ഒരു ദിവസം നൂറാമ്പോസ്റ്റിലിടാനായി രണ്ടുദിവസത്തിനകം ഒരു മാറ്റെര്‍ വേണമെന്നു പറഞ്ഞപ്പോള്‍...ഞെട്ടിപ്പോയി..
മനോനില ശരിയല്ലാഞ്ഞല്ലാ...ഒരു നാലുപോസ്റ്റ് തികച്ചിട്ടിട്ടില്ലാത്ത ഞാന്‍ ദ്രൌപതിയുടെ ബ്ലോഗില്‍ എഴുതുക..
അതും കൂടെയുള്ളതു സുനിയേയും,പ്രിയയേയും,മന്‍സൂറിക്കയേയും പോലുള്ളവരാണെന്നറിഞ്ഞപ്പോള്‍...വിറച്ചുപോയി..കണ്ണടച്ചു മനസ്സില്‍ വന്നതു കാച്ചി..
നന്നായിട്ടില്ലെന്നറിയാം...ഇതിലും നന്നാക്കുവാന്‍ എനിക്കാവുമായിരുന്നു എന്നും തോന്നുന്നില്ല..
പക്ഷെ സുനിലിന്റെ കമന്റ് കണ്ട് പോയി അപരിചിത വായിച്ചു...
സെയിം എക്സ്പീരിയന്‍സ്..!!!
പിന്നെ ദ്രൌപ...അക്ഷരങ്ങളെ ഒരു ജാലവിദ്യകൊണ്ട് കോര്‍ത്തിണക്കുന്ന ആ ശൈലിയിലൂടെ, ജീവിതത്തിന്റെ ,പ്രണയത്തിന്റെ മറ്റു മനോഹരഭാവങ്ങള്‍ കൂടെ ഞങ്ങള്‍ക്കായൊരുക്കുന്നത് ഞാനും കാത്തിരിക്കുന്നു...

ദ്രൗപദി said...

പ്രിയാ...(സ്നേഹത്തിന്റെയീ പൂഞ്ചെട്ടുകള്‍ക്ക്‌ ഹൃദ്യമായ നന്ദി...)
സജീ (പ്രോത്സാഹനത്തിന്‌ കടപ്പാട്‌..)

സജീവേട്ടാ (പലപ്പോഴും ആഹ്ലാദങ്ങളെ കുറിച്ച്‌ ഓര്‍ത്തുവെക്കാന്‍ കഴിയാറില്ല...ഇനി എന്തായാലും ശ്രദ്ധിക്കും..ഉറപ്പ്‌..)

ആഗ്നേ..(ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും മറുവാക്ക്‌ കണ്ടെത്താനാവാതെ കുഴങ്ങുന്നു ഞാന്‍...)
ദൈവം
ജിതന്‍ (വിശദമായ ഈ അഭിപ്രായത്തെ ഒരുപാട്‌ സ്നേഹത്തോടെ മാനിക്കുന്നു...)

സാലിയേട്ടാ ( തുടക്കം മുതലുള്ള പ്രോത്സാഹനങ്ങള്‍ ഒരിക്കലും മറക്കില്ല...)

നിഷ (ഇടക്ക്‌ വീണുകിട്ടുന്ന സൗഹൃദങ്ങള്‍ മറ്റൊരു തിരക്കില്‍ വീണു നഷ്ടപ്പെടുമ്പോഴും ഓര്‍മ്മകള്‍ അവ കൊണ്ടുപോകാറില്ല...അത്‌ മതി ബാക്കികാലത്തേക്ക്‌....നന്ദി...)

അഭി..(പ്രോത്സാഹനത്തിന്‌ ഒത്തിരി നന്ദി..)

ഗീതേച്ചീ (തുടര്‍ച്ചായുള്ള ഈ സ്നേഹവും പ്രോത്സാഹനവും എന്നുമോര്‍ക്കും...)

ടീനാ..(വിലയേറിയ അഭിപ്രായങ്ങളുമായി എന്നും എന്റെ പോസ്റ്റുകളെ ധന്യമാക്കിയിട്ടുള്ള ടീനക്ക്‌ ഒരുപാട്‌ നന്ദി...)
പ്രയാസി (എന്തു പറ്റി പ്രണയത്തിന്‍ നിന്നെല്ലാം പിന്‍തിരിഞ്ഞോ...)

സുനില്‍...(എഴുതിതന്നത്‌ ഒരുപാടിഷ്ടമായിരുന്നു..ഓര്‍മ്മകളെ കുറിച്ചുള്ള വിശദമായ ഒരു കാഴ്ചപ്പാട്‌ അതിലുണ്ടായിരുന്നു...
അനുഭവത്തിന്റെ സാക്ഷ്യപ്പെടുത്തലായ എന്റെ അപരിചിതയെ ഒരുപാടിഷ്ടപ്പെട്ടതിനും...എല്ലാ പോസ്റ്റുകള്‍ക്കും വ്യക്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താറുമുള്ള സുനിലിന്‌ ഒരുപാട്‌ നന്ദി...)

മന്‍സൂര്‍ ഭായി
ആശംസകള്‍ക്ക്‌ കടപ്പാട്‌...അവസാനവരികള്‍ എന്താണെന്ന്‌ മനസിലായില്ല...അത്‌ നേരിട്ട്‌ ചോദിക്കാം..ല്ലേ...)

ജീ മനു (ഓര്‍ത്തുവെക്കാന്‍ പറ്റിയ നല്ല വരികള്‍)
ഗോപാ...
ശ്രീ
വല്ല്യമ്മായി
റഫീക്ക്‌
ശാരൂ
ഇത്തിരിവെട്ടം
ധ്വനി
വാത്മീകി
അമൃതാ

ആഗ്നേ..(ഇത്ര കത്തുന്ന വാക്കുകള്‍ എഴുതി തന്നിട്ട്‌ ഇനിയെന്തിന്‌ നിരാശ...അപരിചിതയെ ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട്‌ നന്ദി)

വിശദമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി..

ചന്ദ്രകാന്തം said...

ദ്രൗപദീ,
എത്ര അടച്ചുപൂട്ടി വച്ചാലും, മനസ്സിന്റെ താക്കോല്‍ പഴുതിലൂടെ പുറത്തേയ്ക്ക്‌ എത്തിനോക്കുന്നവരാണ്‌ ഓര്‍മകള്‍. സന്തോഷം പകര്‍ന്നവയേക്കാള്‍, ദു:ഖസ്മൃതികളാണ്‌ ഇക്കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുക. അനുസരണയില്ലാതെ നെഞ്ചില്‍ ഓടിത്തിമര്‍ത്ത്‌ ശ്വാസം മുട്ടിയ്ക്കും; ഹൃദയത്തില്‍ ആണിത്തുളയിടും. ഓരോരോ വിനോദങ്ങള്‍..!!!
ഇതൊന്നും അറിഞ്ഞില്ലെന്ന ഭാവത്തില്‍, ചുണ്ടില്‍ പതിച്ചുവച്ച പുഞ്ച്ചിരി മായാതെ, ഇന്നിന്റെ വഴിയിലൂടെയുള്ള യാത്രയില്‍.. വീണുകിട്ടുന്ന മഞ്ചാടി മണികളും, കണ്ണു തുറക്കും ശംഖുപുഷ്പങ്ങളും വിടര്‍ത്തുന്ന സൗഹൃദം ജീവനാഡികളെ ഉണര്ത്തുമ്പോള്‍ അനുഭവിയ്ക്കുന്ന സന്തോഷം..
വാക്കുകള്‍ പോര അതു പറയാന്‍.

ഇനിയും നൂറുകണക്കിനു പേജുകള്‍ ഇവിടെ ചേര്‍ക്കപ്പെടട്ടെ എന്ന്‌ ആശംസിയ്ക്കുന്നു.

ഊഷ്മളമായ സൗഹൃദം ആസ്വദിച്ച സന്തോഷത്തോടെ..

ചന്ദ്രകാന്തം.

ഫസല്‍ said...

മറവിയുടെ കുട ചോര്‍ന്നൊലിച്ചിടത്താണ്
ഞാന്‍ ഓര്‍മ്മയുടെ കുളിരുള്ള
മഴ നനഞ്ഞൊലിക്കാന്‍ തുടങ്ങിയത്..

ഉരുകിയൊലിച്ച മനസ്സിന്‍ ലാവയാകണം
കാലപ്പഴക്കം ചെന്നയെന്‍റെ കമ്പൊടിഞ്ഞ
മറവിയുടെ കുടയ്ക്ക് ദ്വാരമിട്ട് പോയത്..