Saturday, March 15, 2008

തെരുവിന്റെ വിലാപം


തെരുവില്‍ നിന്നൊരു
ഭ്രാന്തവിലാപം കേള്‍ക്കുന്നു..
നഗരം ഉണരും മുമ്പാ ഭ്രാന്തന്‍
കുപ്പതൊട്ടിയിലിര തേടുന്നു...
ഭക്ഷണശാലയെറിഞ്ഞു കളഞ്ഞൊരു
ഭക്ഷണശകലം തിരയുന്നു...
നല്ലതെടുത്തിട്ടാഹ്ലാദത്തില്‍
നന്ദി പറഞ്ഞത്‌ തിന്നുന്നു..
ആര്‍ത്തിയിമല്ലാസക്തിയുമല്ലാ
ഹൃദയം നിറയെ വിശപ്പാണ്‌...

ഭ്രാന്തില്ലൊത്തൊരുവനെ നമ്മള്‍
ഭ്രാന്തനെന്ന്‌ വിളിക്കുന്നു...
വിശപ്പടക്കാന്‍ കക്കും നേരം
കള്ളനെന്നു പുലമ്പുന്നു...
മര്‍ദ്ദിക്കുമ്പോഴോടും അവനെ
കല്ലുകളെറിഞ്ഞു വീഴ്ത്തുന്നു...
വീണു കിടക്കും നേരം മിഴിയില്‍
മണ്ണു വാരി നിറക്കുന്നു...
കരയുമ്പോഴാ കണ്ണില്‍ നിറയെ
കപടതയെന്നവരാര്‍ക്കുന്നു...

തല്ലുകൊണ്ട്‌ കണ്ണുനീരിറ്റുമ്പൊഴും
മുകളിലേക്കുറ്റവന്‍...
ആര്‍ത്താര്‍ത്ത്‌ ചിരിക്കുന്നു...
ദൈവത്തോടവന്‌ പുച്ഛം
മനുഷ്യനോടവനാരാധന...

പിതൃത്വമില്ലാ പിഞ്ചുമനസില്‍
മാതൃത്വവുമിന്നില്ല...
കൊതുകുകളാണവനെന്നും കൂട്ട്‌
നായ്ക്കളവന്‌ സഹപാഠി...
കീറകുപ്പായത്തിനുള്ളില്‍
വാരിയെല്ലുകള്‍ തെളിയുമ്പോള്‍
വിരട്ടിയോട്ടും കുട്ടികളോടവനെന്നും
മനസില്‍ ഇഷ്ടം...

ചുമടുകളേറ്റി നടന്നു പിന്നെ
പാത്രം കഴുകിയിരുന്നു...
ചൂടുവെള്ളം മുഖത്തൊഴിച്ചൊരു
ഉടമയെ നോക്കി പടികളിറങ്ങി നടന്നു...
വിശപ്പുനീറും വേദനായായ
ദേഹം മുഴുവന്‍ പടരുമ്പോള്‍...
തെരുവിനെ മോഷ്ടാവെന്നൊരു പദവി
അറിയാതവനില്‍ വീഴുന്നു...

മുഷിഞ്ഞുനാറിയ വസ്ത്രം കണ്ട്‌
ഭ്രാന്തനെന്ന്‌ വിളിക്കുമ്പോള്‍
കറുത്തിരുണ്ടൊരു പല്ലുകള്‍ കൊണ്ടവന്‍
ചിരിച്ചുകാട്ടി നടക്കുന്നു...
ഒട്ടിയ വയറിന്‍ ചുളിവുകളില്‍
ഭൂപടങ്ങള്‍ തീര്‍ക്കും കാലം..
തൊലിക്കറുപ്പിന്‍ മീതെ ചെളികള്‍
ഉരുണ്ടു കൂടും നേരം...

സഹാനുഭൂതിയില്‍ നോക്കുന്നവര്‍
വിരളമെങ്കിലും
വിധിയുടെ കരങ്ങളില്‍ നിന്ന്‌
വഴുതിമാറാതെയിന്നും
ഭ്രാന്തനായി തന്നെ...
വൃദ്ധനായവന്‍ ഊര്‍ന്നിറങ്ങുന്നു...

ആര്‍ദ്രമാക്കും കണ്ണുനീരില്‍
സാന്ദ്രത പേറുമാ വദനത്തില്‍
കുഴിഞ്ഞ മിഴിയില്‍
ഒട്ടിയ കവിള്‍ത്തടങ്ങളില്‍
നീറും നിശ്വാസത്തിന്‍
ചുടുനെടുവീര്‍പ്പുകളെന്നും ബാക്കി..

14 comments:

ഗിരീഷ്‌ എ എസ്‌ said...

ഒരിക്കലും ശൂന്യമാവാത്ത
തെരുവിന്റെ വിലാപം
ഒരു മഴ പോലെ ആര്‍ത്തുപെയ്യുമ്പോള്‍..
കാഴ്ചകള്‍ നമ്മെ
കബളിപ്പിച്ചിരുന്നുവെങ്കില്‍
എന്ന്‌ അറിയാതെ ആഗ്രഹിച്ചുപോവുന്നു...

തെരുവിന്റെ വിലാപം (പുതിയ പോസ്റ്റ്‌)

Sharu (Ansha Muneer) said...

ഇതൊന്നും സമൂഹം കാണില്ല....കാഴ്ച എന്നേ നഷ്ടപ്പെട്ടിരിക്കുന്നു

Unknown said...

ഇവിടെ ഒന്നും എഴുതാനാകുന്നില്ല ദ്രൌപ..
വാക്കുകള്‍ തോറ്റു മടങ്ങുന്നു...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്വയം കണ്ണടച്ചിരുട്ടാക്കുന്ന സമൂഹത്തിന് ഈ നെടുവീര്‍പ്പുകള്‍ അറിയാന്‍ കഴിയില്ല...

രണ്ടാമത്തെ സ്റ്റാന്‍സ വല്ലാതെ ചിന്തിപ്പിച്ചു, എന്തൊക്കെയോ...

തെരുവിന്റെ വിലാപം നന്നായി ഉള്‍ക്കൊള്ളുന്ന വരികള്‍!

ശ്രീ said...

“ഭ്രാന്തില്ലൊത്തൊരുവനെ നമ്മള്‍
ഭ്രാന്തനെന്ന്‌ വിളിക്കുന്നു...
വിശപ്പടക്കാന്‍ കക്കും നേരം
കള്ളനെന്നു പുലമ്പുന്നു...”

തെരുവിന്റെ വിലാപം മനോഹരമായി ചിത്രീകരിച്ചിരിയ്ക്കുന്നു.
:)

ഭ്രാന്തനച്ചൂസ് said...

നന്നായിരിക്കുന്നു .........വായിച്ചപ്പോള്‍ പറയാന്‍ കഴിയാത്ത എന്തോ ഒന്ന് മനസ്സില്‍ കിടന്ന് ഉരുകുന്ന പോലെ.

പിന്നെ..........ഈ വരികളില്‍..

ദേഹം മുഴുവന്‍ പടരുമ്പോള്‍...
തെരുവിനെ മോഷ്ടാവെന്നൊരു പദവി
അറിയാതവനില്‍ വീഴുന്നു...

തെരുവിന്റെ മോഷ്ടാവ് എന്നാണോ ഉദ്ദേശിച്ചത്....?(എന്റെ തോന്നലാണേ...)

അത് പോലെ ഒന്നു കൂടി ഒന്ന് refine ചെയ്താല്‍ അതി മനോഹരമാവും ഇത്.......
ഭാവുകങ്ങള്‍..

ശ്രീവല്ലഭന്‍. said...

കവിത നന്ന് :-)

ഭൂമിപുത്രി said...

പുതിയ ശൈലീയാണല്ലൊ ദ്രൌപദീ..

John honay said...
This comment has been removed by the author.
John honay said...

-ആര്‍ത്തിയിമല്ലാസക്തിയുമല്ലാ-
'അക്ഷരങ്ങള്‍'അല്പം കൂടെ ശ്രദ്ധിക്കുമല്ലൊ
എങ്കിലും,
ഇതാസ്വാദ്യമാണ്

ഹരിശ്രീ said...

നന്നായിരിയ്കുന്നു....

:)

,, said...

കവിതയ്ക്ക് ഇത്ര മൂര്‍ച്ചയുള്ള ആയുധമാവാനും, മുറിവുണ്ടാക്കാനും കഴിയുമെന്ന് ദ്രൌപതി ഓര്‍മ്മിപ്പിക്കുന്നു

ഗിരീഷ്‌ എ എസ്‌ said...

അഭിപ്രായങ്ങള്‍ക്ക്‌ അകമഴിഞ്ഞ നന്ദി...

ഗിരീഷ്‌ എ എസ്‌ said...

അഭിപ്രായങ്ങള്‍ക്ക്‌ അകമഴിഞ്ഞ നന്ദി...