Monday, September 10, 2007

നീലിമ എവിടെയാണ്‌...?


വഴിയമ്പലത്തില്‍ വെച്ച്‌ എന്നും അയാളെ അവള്‍ കണ്ടുമുട്ടുമായിരുന്നു.
വെറ്റില കറ പുരണ്ട പല്ലുകള്‍ കാട്ടി അയാള്‍ എന്നും പൊട്ടിചിരിക്കും. മുഖത്തെ മാംസങ്ങള്‍ ചുക്കിചുളിഞ്ഞു തുടങ്ങിയിരിക്കുന്നു...കണ്ണുകളില്‍ ആര്‍ക്കും വായിച്ചെടുക്കാവുന്ന നിഷ്കളങ്കത എന്നിട്ടും അയാളില്‍ അവശേഷിച്ചിരുന്നു..
മഴ തോര്‍ന്ന ഒരു പകലിലാണ്‌ അയാള്‍ അവള്‍ക്ക്‌ നക്ഷത്രങ്ങളെ കുറിച്ചുള്ള കഥ പറഞ്ഞുകൊടുത്തത്‌..
എന്നും മാനത്ത്‌ സസൂക്ഷ്മം നിരീക്ഷിക്കാറുള്ള ചില നക്ഷത്രങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന ഐതിഹ്യങ്ങളെ പറ്റിയും മറ്റും അയാള്‍ വാ തോരാതെ സംസാരിക്കുന്നത്‌ കേള്‍ക്കുമ്പോള്‍ വല്ലാത്ത കൊതി തോന്നും.

പത്താം ക്ലാസിലെത്തിയതോടെ അവളുടെ വഴിയമ്പലത്തിലേക്കുള്ള യാത്ര ചുരുങ്ങി. എങ്കിലും ഇടക്കൊക്കെ അമ്മയുടെ കണ്ണുവെട്ടിച്ച്‌ അവള്‍ അവിടെയെത്തുമായിരുന്നു.
ചില ദിവസം അയാളെ കാണുമ്പോള്‍ വല്ലാത്ത മനപ്രയാസം തോന്നും.
ക്ഷേത്രത്തില്‍ പോയി മടങ്ങിവന്ന ഒരു സായന്തനത്തിലാണ്‌ അമ്മ പറഞ്ഞത്‌..
"ആ കിഴവന്റെ നോട്ടം കണ്ടോ..
പെണ്ണുങ്ങളെ കാണാത്ത പോലെ..."

പാവം തോന്നി. അയാള്‍ തന്നെയാണ്‌ നോക്കുന്നതെന്നും കുറെ ദിവസമായി കാണാത്തതിന്റെ സങ്കടമാണ്‌ ആ മുഖത്ത്‌ കാണുന്നതെന്നും ബോധ്യമായി...

പിറ്റേന്ന്‌ കണ്ടപ്പോള്‍ അവള്‍ അയാള്‍ക്ക്‌ ഒരു മയില്‍പീലി നീട്ടി...
അതു വാങ്ങിക്കുമ്പോള്‍ അയാള്‍ പറഞ്ഞു..പാവം ആണ്‍മയില്‍...
ലോകത്ത്‌ ആണ്‍വര്‍ഗത്തിനാണ്‌ ദൈവം കൂടുതല്‍ സൗന്ദര്യം നല്‍കിയിരിക്കുന്നത്‌ മൃഗമായാലും..മനുഷ്യനായാലും..
ഒപ്പം ചിരിക്കുമ്പോഴും അത്‌ ശരിയാണോയെന്ന്‌ അവള്‍ ചിന്തിക്കുകയായിരുന്നു...
സിഹം, പുലി, കോഴി..എന്നിങ്ങനെ എല്ലാത്തിനും ആണ്‍വര്‍ഗത്തിനാണ്‌ ഭംഗി..ചിന്തകള്‍ക്കൊടുവില്‍ അവള്‍ സമ്മതിച്ചു..

അയാളുടെ അഭിപ്രായങ്ങളോടെല്ലാം അവള്‍ യോജിച്ചുകൊണ്ടിരുന്നു...
്നമുക്കൊരു യാത്ര പോയാലോ...കാടും പുഴകളും ഒക്കെ കണ്ട്‌...
ഉം..അവള്‍ തലയാട്ടി...

നീലിമ..ഇന്നെവിടെയാണ്‌..?
ചോദ്യങ്ങള്‍ക്കൊടുവില്‍ അവളുടെ നോട്ടുബുക്കില്‍ നിന്നും ഒരു കുറിപ്പ്‌ കിട്ടി..

ഞാന്‍ പോകുകയാണ്‌..കാടും പുഴയും മലകളും ഒക്കെ കാണാന്‍...
ഫ്ലാറ്റില്‍ നിന്നും കരച്ചിലുയരുമ്പോള്‍ അവള്‍ അയാളോടൊപ്പം പുഴയുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു...

10 comments:

ഗിരീഷ്‌ എ എസ്‌ said...

പ്രകൃതിദൃശ്യങ്ങള്‍ പോലും
അന്യമാകുന്ന
ഫ്ലാറ്റ്‌ ജീവിതത്തിലെ
കുരുന്നുമോഹങ്ങളുടെ...
മനസിലേക്ക്‌
കടന്നുചെല്ലാനുള്ള ശ്രമം.....

നീലിമ എവിടെയാണ്‌..?

കുഞ്ഞന്‍ said...

അവള്‍ അയാളോടൊപ്പം പുഴയുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു...


പക്ഷെ, അയാള്‍ അവളുടെ സൌന്ദര്യം ആസ്വദിക്കുന്നുണ്ടാകും, അതാണു ലോകം!

പാലാ ശ്രീനിവാസന്‍ said...

പല തവണ വായിച്ചു,കമന്റുകളും വായിച്ചു
ആകെ ഒരു അസ്വസ്ഥത.......
താങ്കള്‍ വരികള്‍ക്കിടയിലൊളിപ്പിച്ച് വച്ച ആശയത്തേപ്പറ്റിഒരു കണ്‍ഫ്യൂഷന്‍.....
കുഞ്ഞന്‍ ഉദ്ദേശിച്ച ഒരു ആശയം ഇതിലുണ്ടോ...???

ശ്രീ said...

ദ്രൌപതീ...
ആശയം നല്ലതു തന്നെ. പക്ഷേ, കഥാകൃത്തിന്റെ ഉദ്ദേശ്ശം എന്തു തന്നെയായാലും (ആദ്യ കമന്റില്‍‌ നിന്നും അത് മനസ്സിലാക്കാം)ഇത് ഒരു തെറ്റായ സന്ദേശമായേ വായനക്കാര്‍‌ക്കു തോന്നൂ എന്നാണ്‍ എന്റെ അഭിപ്രായം.
കുഞ്ഞന്‍‌ ചേട്ടന്‍‌ പറഞ്ഞതിനോട് 100% യോജിക്കുന്നു.

ചന്ദ്രകാന്തം said...

ദ്രൗപതീ,
നല്ല ആശയം..
പക്ഷേ,
നീലിമയ്ക്‌, പ്രകൃതിഭംഗി അന്യമാണെന്ന ഒരു വീര്‍പ്പുമുട്ടല്‍ വായിച്ചുവന്നപ്പോള്‍ തോന്നിയില്ല.
ഫ്ലാറ്റിനപ്പുറത്ത്‌, വഴിയമ്പലവും, ക്ഷേത്രവും അടങ്ങുന്ന ലോകമുണ്ട്‌. കൂടാതെ, കണ്ണുചിമ്മുന്ന നക്ഷത്രങ്ങളെ കാണാനും, ഒരു കുഞ്ഞു പീലി തന്റെ സമ്പാദ്യത്തില്‍ നിന്നും അയാള്‍ക്കു നല്‍കാനും അവള്‍ക്ക്‌ കഴിയുന്നു.
ഇതുവരെ കേട്ടറിവു മാത്രമുള്ള കാഴ്ച്ചകളിലെ ആകര്‍ഷണീയതയാണ്‌ കുഞ്ഞുമനസ്സിനെ വശീകരിയ്ക്കുന്നത്‌.
..ഇതുവരെ കേട്ടത്‌, മധുരതരം..
ഇനി കേള്‍ക്കാനുള്ളത്‌ മധുരതമം..

: കുഞ്ഞാ, ഈ കാലത്തിനൊത്ത വീക്ഷണം.

Murali K Menon said...

വളരെ കുറച്ചു വാക്കുകളിലൂടെ നമ്മുടെ മുന്നിലേക്ക് കാഴ്ച്ചയുടെ കണ്ണാടി തിരിച്ചു വെക്കാന്‍ കഴിഞ്ഞ ദ്രൌപതി അഭിനന്ദനം അര്‍ഹിക്കുന്നു.

Dinkan-ഡിങ്കന്‍ said...

ജൂലിയയും നീലിമയും ഇന്നാണ് വായിച്ചത്

നീലിമ ഒരു കഥയായില്ല.
(ഒന്നൂടെ റീവര്‍ക്ക് ചെയ്യാമെങ്കില്‍ നന്നാക്കാം എന്ന് തോന്നുന്നു)

ജൂലിയ നന്നായിരിക്കുന്നു.

ഗിരീഷ്‌ എ എസ്‌ said...

കുഞ്ഞാ...
കഥ തെറ്റിദ്ധരിപ്പിക്കപ്പെട്ടതില്‍ ക്ഷമ...
അയാളിലേക്ക്‌ കടന്നുചെല്ലാന്‍ കൂടുതലായി ശ്രമിച്ചില്ല
എന്നതാണ്‌ സത്യം...
നന്ദി..

പാലാ..
ശ്രീനിവാസന്‍..
ഒരു കുട്ടിയുടെ മനസ്‌ കാണാനുള്ള ശ്രമമായിരുന്നു..അത്‌...
അതിനപ്പുറത്തേക്ക്‌
ചിന്തിച്ചിരുന്നില്ല...
അഭിപ്രായത്തിന്‌ നന്ദി...

ശ്രീ..
അഭിപ്രായം തുറന്നെഴുതിയതിന്‌ നന്ദി...

ചന്ദ്രകാന്തം....
അവളുടെ ജീവിതത്തില്‍
വഴിയമ്പലത്തിനും
ക്ഷേത്രത്തിനുമപ്പുറം
മറ്റൊന്നുമുണ്ടായിരുന്നില്ല...
മാത്രമല്ല..
ആ മയില്‍പീലി
അവള്‍ക്ക്‌ കൗതുകരവുമായിരുന്നില്ല...
അതാണ്‌ അയാള്‍ക്ക്‌ സമ്മാനിച്ചത്‌....

തുറന്നെഴുതാന്‍ കാണിച്ച മനസിന്‌ ഒരുപാട്‌ നന്ദി....

മുരളിയേട്ടാ...
അഭിനന്ദനത്തിന്‌ നന്ദി...

ഡിങ്കാ...
എഴുതി തീര്‍ന്നപ്പോള്‍ എനിക്കുംതോന്നിയത്‌...
ജൂലിയ എഴുതുമ്പോള്‍ മനസില്‍ ഒരാളുണ്ടായിരുന്നു..പക്ഷേ..ഇത്‌ പൂര്‍ണമായും സങ്കല്‍പമായിരുന്നു..അതാവാം ഈ പാളിച്ചക്ക്‌ കാരണമെന്ന്‌ കരുതുന്നു...

വിലപ്പെട്ട അഭിപ്രായത്തിന്‌
ഒരുപാട്‌ നന്ദി....

മന്‍സുര്‍ said...

ദ്രൗപതി

നന്നായിട്ടുണ്ടു.....ഇനിയും എഴുതുക...
നമ്മുക്ക് ചുറ്റും കഥകളും ,കവിതകളും നിറഞൊഴുകുന്നു..
അത്‌ കാണാന്‍ ശ്രമിക്കാം ,..എഴുതാന്‍ ശ്രമിക്കം

നന്‍മകള്‍ നേരുന്നു

റംസാന്‍ ആശംസകള്‍


മന്‍സൂര്‍ ,നിലംബൂര്‍

ഗിരീഷ്‌ എ എസ്‌ said...

മന്‍സൂര്‍
നന്ദി...
ആത്മശുദ്ധിയുടെ ഈ പുണ്യനാളുകളില്‍
ഒരുപാട്‌
നന്മകള്‍ നേരുന്നു...

സ്നേഹത്തോടെ...