Friday, September 25, 2009

മൗനമെഴുതിയ മിഴികള്‍


കോടമഞ്ഞ്‌ മൂടി കിടക്കുന്ന പര്‍വതനിരകള്‍ക്ക്‌ താഴെയുള്ള ഗ്രീന്‍വാലി റിസോര്‍ട്ടിലെ പാര്‍ക്കിലിരിക്കുമ്പോള്‍ മനസ്സുനിറയെ ശൂന്യതയായിരുന്നു. ഈ മലനിരകള്‍ക്ക്‌ താഴെ ഓര്‍മ്മകളെ തുരത്താന്‍ ഒളിത്താമസം തുടങ്ങിയിട്ട്‌ ദിവസങ്ങളേറെയായി. പക്ഷേ അതില്‍ വിജയിച്ചോയെന്ന്‌ ചോദിക്കുമ്പോഴാണ്‌ മൗനം ശരീരത്തിലേക്കും ആത്മാവിലേക്കും കയറിപോവുക.
പുകപടലങ്ങള്‍ പോലെ പറന്നിറങ്ങുന്ന കോടമഞ്ഞിനിടയില്‍ ഷാള്‍ പുതച്ച്‌ ബിയര്‍ കഴിച്ചിരിക്കുമ്പോള്‍ ഇടക്കിടെ വരുന്ന കോളുകള്‍ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ആരൊക്കെയോ എന്നെയും ഓര്‍ക്കുന്നുണ്ടല്ലോയെന്ന്‌ ചിന്തിക്കുമ്പോള്‍ ഒരാശ്വാസം ബാക്കിയാവുന്നു.
ഒരു ഐസ്‌ ബിയറിന്‌ കൂടി പറഞ്ഞിരിക്കുമ്പോള്‍ അല്‍പ്പമകലെയുള്ള ബെഞ്ചില്‍ രണ്ടുപേര്‍ വന്നിരിക്കുന്നത്‌ കണ്ടു.
മധുവിധു ആഘോഷിക്കാന്‍ തണുക്കുന്ന മലനിരകള്‍ തേടി വന്നവരാണെന്ന്‌ തോന്നുന്നു. നടന്നുവരുമ്പോള്‍ അയാളുടെ കൈകള്‍ അവളെ ചുറ്റിപിടിച്ചിരുന്നു. നിതംബത്തിന്‌ താഴെ മുടിയുള്ള ആ പെണ്‍കുട്ടിയുടെ നെറ്റിയില്‍ കടുംചുവപ്പ്‌ സിന്ദൂരം ഉണങ്ങികിടന്നിരുന്നു. ഭാവിജീവിതത്തിന്റെ അസുലഭതകളെ പറ്റി പരസ്‌പരം പറഞ്ഞുറപ്പിക്കാനുള്ള യാത്രകളാണല്ലോ മധുവിധുനാളിലേത്‌..
ബിയര്‍ കൊണ്ടുവെച്ച്‌ തിരിഞ്ഞുനടക്കുമ്പോള്‍ എന്റെ നോട്ടം കണ്ടാവാം ബെയറര്‍ പറഞ്ഞു.
``ഇവിടെ ഹണിമൂണ്‍ ക്വാട്ടേഴ്‌സുണ്ട്‌ സാര്‍''
എന്റെ നോട്ടം അത്ര തീഷ്‌ണമായിരുന്നുവെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ അയാളെ നോക്കി അറിയാതെ ചിരിച്ചുപോയി.
മഞ്ഞിനെയും വഹിച്ചുകൊണ്ടുപോവുന്ന കാറ്റ്‌ ശരീരത്തെ കുത്തിനോവിക്കുന്നുണ്ടെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ സിഗരറ്റിന്‌ തീ കൊളുത്തി. അകലെ ആവി പറക്കുന്ന ചായ അവളുടെ ചുണ്ടുകളിലേക്ക്‌ പകര്‍ന്നുകൊടുക്കുകയാണ്‌ അയാള്‍. ഒരു വലിയ ജീവിതയാത്രയുടെ തുടക്കത്തില്‍ നില്‍ക്കുന്ന ആ മനസുകളെ കണ്ടപ്പോള്‍ അവളുടെ മുഖം മനസില്‍ വന്നു.

ശ്രീദേവി ഇപ്പോള്‍ എവിടെയുണ്ടാകും?
എവിടെയാണെങ്കിലും സന്തോഷത്തോടെയിരിക്കട്ടെ...
ടൗണ്‍മാളിലെ പുസ്‌തകശാലയില്‍ നിന്നാണ്‌ അവളെ ആദ്യമായി കണ്ടത്‌.
ഇംഗ്ലീഷ്‌ കവിതകളുടെ വിവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കുന്നതിനിടയില്‍ നിലത്തോട്‌ ചേര്‍ന്ന്‌ കിടന്നിരുന്ന അവളുടെ ചുരിദാറിന്റെ ഷാളില്‍ അറിയാതെ ചവിട്ടിപ്പോയി.
തിരിഞ്ഞുനടക്കാന്‍ തുടങ്ങുന്നതിനിടെ പുറകില്‍ നിന്നും ആരോ പിടിച്ചുവലിച്ചത്‌ പോലെ തോന്നിയിട്ടുണ്ടാവും. ദേഷ്യത്തോടെ മുഖം തിരിച്ചുവെങ്കിലും എന്നെ കണ്ടപ്പോള്‍ അവള്‍ ചിരിച്ചതേയുള്ളു.
`സോറി'..അല്‍പ്പം ജാള്യതയോടെ പറഞ്ഞു.
`ഇറ്റ്‌സ്‌ ഒക്കെ' എന്ന്‌ പറഞ്ഞ്‌ അവളെന്റെ മുഖത്ത്‌ നോക്കി പൊട്ടിചിരിച്ചു.
ചന്ദ്രഹാസന്‍ സാറല്ലെ?
അവളുടെ അപ്രതീക്ഷിതമായ ചോദ്യം അത്ഭുതപ്പെടുത്തി.
`അതെ' എന്നെയെങ്ങനെയറിയാം?
``ഞാന്‍...ശ്രീരേഖയുടെ ചേച്ചിയാണ്‌. ശ്രീദേവി. സാറിന്റെ നാടകങ്ങള്‍ വായിച്ചിട്ടുണ്ട്‌.ചിലതെല്ലാം കാണാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്‌''
്‌നാടകവുമായി ചുറ്റിത്തിരിയുന്നത്‌ കൊണ്ട്‌ ആ വഴിക്കുമുണ്ട്‌ കുറെ സ്‌നേഹബന്ധങ്ങള്‍. `ശലഭങ്ങള്‍ അലയുന്നു' എന്ന നാടകത്തിലെ വേശ്യാവൃത്തി ഉപജീവനമാര്‍ഗമാക്കി മാറ്റിയ നായികാകഥാപാത്രത്തെ അഭിനയിച്ച്‌ ഫലിപ്പിച്ച്‌ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ പെണ്‍കുട്ടിയായിരുന്നു ശ്രീരേഖ.
എഴുതുമ്പോഴെല്ലാം മനസില്‍ ഓരോ കഥാപാത്രങ്ങളുടെയും മുഖം തെളിയാറുണ്ട്‌. പക്ഷേ അരങ്ങില്‍ കാണാറുള്ളത്‌ സ്വപ്‌നങ്ങള്‍ക്കപ്പുറത്തുള്ള വിരസന്‍ രൂപങ്ങള്‍ മാത്രം.
ടൗണ്‍ഹാളില്‍ ശലഭങ്ങള്‍ അലയുന്നു എന്ന നാടകം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. സൂസന്‍ എന്ന കേന്ദ്രകഥാപാത്രത്തിന്‌ ഞാനിട്ട അതേ മുഖഛായയായിരുന്നു. നല്ലൊരു ജീവിതത്തിലേക്ക്‌ തിരിച്ചെത്താന്‍ മോഹിച്ച്‌ മരണത്തിന്റെ പടികള്‍ കയറിപോവുന്ന സൂസന്റെ ദയനീയചിത്രത്തിലൂടെ തിരശ്ശീല താഴുമ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞു.
പിന്നീടൊരിക്കല്‍ സംവിധായകന്‍ മോഹനചന്ദ്രനാണ്‌ പറഞ്ഞത്‌.
``നിന്റെ നാടകം പോലെയാവുന്നല്ലോ അവളുടെ ജീവിതവും...''
കൂടുതലൊന്നും ചോദിക്കാതെ തിരിഞ്ഞുനടക്കുമ്പോള്‍ ദുഖം തോന്നി.
ഇതാ അപ്രതീക്ഷിതമായി അവളുടെ ചേച്ചി മുന്നില്‍..
എന്തെങ്കിലും ചോദിക്കണ്ടേയെന്ന്‌ കരുതി തിരക്കി.
`എന്തു ചെയ്യുന്നു?'
`കേന്ദ്രീയവിദ്യാലയത്തില്‍ ടീച്ചറാണ്‌'
`ഏതാ സബ്‌ജക്‌റ്റ്‌?'
`കെമിസ്‌ട്രി'
`ശ്രീരേഖയിപ്പോള്‍ എവിടെയാണ്‌?'
എന്റെ ചോദ്യം അനാവശ്യമായിപ്പോയെന്ന്‌ ആ മുഖം കണ്ടപ്പോള്‍ മനസ്സിലായി
``ഹൈദ്രാബാദിലാണ്‌. കലാകേരളയുടെ ടൂര്‍ പ്രോഗ്രാം. സാറെവിടെയാ താമസം?''
``ബീച്ച്‌ അവന്യുവില്‍ ഫ്‌ളാറ്റ്‌ നമ്പര്‍ 14''
`കുടുംബം'
`ഒറ്റക്കാണ്‌'
പുസ്‌തകശാലയില്‍ നിന്ന്‌ പിരിയുമ്പോള്‍ വീണ്ടും കാണാമെന്ന്‌ അവള്‍ പറഞ്ഞു.
മൂന്ന്‌ ദിവസത്തിന്‌ ശേഷം മദ്യപിച്ച്‌ കൊണ്ടിരുന്ന ഒരു രാത്രിയില്‍ ശ്രീദേവി വിളിച്ചു.
``എന്റെ മുന്നിലിപ്പോള്‍ സാറിന്റെ `രാത്രിയാത്രികര്‍'എന്ന നാടകമുണ്ട്‌. വായിച്ചപ്പോള്‍ ഒരു സംശയം. ഇതിലെ യാമിനി ജീവിച്ചിരുന്ന ആരെങ്കിലുമാണോ?''
ലഹരി മാറ്റിയെഴുതിയ എന്റെ മുന്നില്‍ ഒരു നീണ്ട ബെല്‍ മുഴങ്ങി.
തീരശീല ഉയര്‍ന്നു.
ബാക്ക്‌ ഗ്രൗണ്ടില്‍ ഒരു രാത്രി ബസ്റ്റാന്റ്‌. രണ്ടു മൂന്ന്‌ ബസ്സുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു.
അരങ്ങില്‍ നേരിയ വെളിച്ചം പടരുന്നു.
സുന്ദരിയായ ഒരു സ്‌ത്രീ നടന്നുവരുന്നു.
ബസ്‌ കാത്ത്‌ നില്‍ക്കുന്ന യുവാവിനെ ചുറ്റിപറ്റി നീങ്ങുന്ന സ്‌ത്രീ അയാളോട്‌ എന്തോ സംസാരിക്കുന്നു..
അരങ്ങിലെ വെളിച്ചം പെട്ടന്ന്‌ പോകുന്നു. വീണ്ടും തെളിയുമ്പോള്‍ രംഗത്ത്‌ ശൂന്യത മാത്രം.
``സാര്‍..ഞാന്‍ പറയുന്നത്‌ കേള്‍ക്കുന്നില്ലേ?'' വീണ്ടും ശ്രീദേവിയുടെ ശബ്‌ദം.
``ഉണ്ട്‌. രാത്രിയാത്രികരിലെ യാമിനി എന്ന കഥാപാത്രം എന്റെ അമ്മ തന്നെയാണ്‌ ശ്രീദേവി..''
്‌നീണ്ട നിശബ്‌ദതക്ക്‌ ശേഷം ടെലഫോണ്‍ അവള്‍ കട്ട്‌ ചെയ്‌തതറിഞ്ഞു.
ലഹരിയുടെ ആധിക്യം സിരകളെ തളര്‍ത്തിയപ്പോള്‍ ഞാന്‍ വേച്ചുവീണുപോയി.

നിര്‍ത്താതെയടിച്ച കോളിംഗ്‌ബെല്‍ കേട്ടാണുണര്‍ന്നത്‌. അലങ്കോരമായി കിടക്കുന്ന മുറിയെ നോക്കി ഗുഡ്‌മോണിംഗ്‌ പറഞ്ഞു.
വാതില്‍ക്കലേക്ക്‌ നടന്നു.
കതക്‌ തുറന്നു നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി.
ശ്രീദേവി.
``ഞാന്‍ അകത്തേക്ക്‌ വന്നോട്ടെ''
അവ്യക്തമായ എന്റെ മൂളല്‍ അവള്‍ കേട്ടോയെന്നറിയില്ല. പെട്ടന്ന്‌ അകത്തേക്ക്‌ കയറിവന്നു.
``ഇന്നലെ രാത്രി തന്നെ കാണാന്‍ തോന്നി. പക്ഷേ ഞാനൊരു പെണ്ണായി പോയില്ലേ?''
``ശ്രീദേവി. ഇന്നലെ ഞാനെന്തെങ്കിലും അവിവേകം പറഞ്ഞോ?''
``ഇല്ല. കഴിഞ്ഞ കുറെ നാളുകളായി സാറിന്റെ ബുക്കുകളില്‍ പലതിലൂടെയും ഞാന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്‌. ഏറ്റവും ഇഷ്‌ടപ്പെട്ടത്‌ രാത്രിയാത്രികരായിരുന്നു. അതിന്റെ ആവിര്‍ഭാവത്തെ കുറിച്ചറിയാന്‍ താല്‍പര്യം തോന്നി. അതാണ്‌ വിളിച്ചത്‌. അതറിഞ്ഞപ്പോള്‍ കാണാനും...''
സംസാരിക്കുന്നതിനിടെ അലങ്കോലമായി കിടക്കുന്ന മുറി വൃത്തിയാക്കി അവള്‍ അടുക്കളയിലേക്ക്‌ പോകുന്നത്‌ കണ്ടു.
കുളി കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോള്‍ ചായയുമായി ശ്രീദേവി മുന്നില്‍..
അര മണിക്കുറോളം പിന്നെയും എന്തൊക്കെയോ പറഞ്ഞ്‌ അവള്‍ അവിടെ തന്നെയുണ്ടായിരുന്നു.
ഇടക്കെപ്പോഴോ മൊബൈല്‍ ഫോണ്‍ ശബ്‌ദിച്ചപ്പോള്‍ ഫോണ്‍ ചെവിയോട്‌ ചേര്‍ത്തവള്‍ യാത്ര പറഞ്ഞു.
എല്ലാമൊരു സ്വപ്‌നം പോലെയാണ്‌ അപ്പോഴും തോന്നിയത്‌.
ഒരു സ്‌ത്രീയുടെ സാമീപ്യത്തെ കുറിച്ചോ അതിന്റെ മനോഹാരിതയെ കുറിച്ചോ ചിന്തിച്ചിട്ടില്ലാത്ത എന്നിലേക്ക്‌ വളരെയാഴത്തില്‍ ശ്രീദേവിയുടെ സാമീപ്യം കയറിപ്പോയതറിഞ്ഞു.
പിന്നീടെത്രയെത്ര കൂടികാഴ്‌ചകള്‍, സംസാരങ്ങള്‍.
ഒരു ദിവസം അനുസ്‌മരണ ചടങ്ങ്‌ കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോള്‍ രാത്രിയായിരുന്നു. ബാറിന്റെ അരണ്ട വെളിച്ചത്തിലേക്ക്‌ കടന്നുചെന്ന്‌ മദ്യത്തിന്‌ ഓര്‍ഡര്‍ നല്‍കിയിരിക്കുമ്പോള്‍ മനസിലോര്‍ത്തു. മദ്യത്തിന്റെയും സിഗരറ്റിന്റെയും മനംമടുപ്പിക്കുന്ന ഗന്ധം ശ്രീദേവിയെ എത്രമാത്രം അലോസരപ്പെടുത്തുന്നുണ്ടാവും. .മദ്യശാലയിലേക്കുള്ള വരവ്‌ അവസാനിപ്പിക്കണമെന്ന്‌ തീര്‍ച്ചപ്പെടുത്തി.
ലഹരിയില്‍ കുഴഞ്ഞ്‌ ഫ്‌ളാറ്റിലെത്തുമ്പോള്‍ വാതില്‍ക്കല്‍ ശ്രീദേവിയുണ്ടായിരുന്നു. കൈയില്‍ ഒരു വലിയ ബാഗും.
``കുറെ നേരായോ വന്നിട്ട്‌. വിളിച്ചൂടായിരുന്നോ...'' ചാവി അവള്‍ക്ക്‌ നീട്ടികൊണ്ട്‌ ചോദിച്ചു.
``ഞാന്‍ കാരണം ഒന്നും മാറ്റി വെക്കണ്ടല്ലോയെന്ന്‌ കരുതി''
``ഞാനിങ്ങോട്ട്‌ പോന്നു. ശ്‌മശാനം പോലുള്ള ആ വിട്ടില്‍ ഇനി വയ്യ..''
ഉം..നന്നായി. ശബ്‌ദം കുഴയാതിരിക്കാന്‍ ശ്രദ്ധിച്ച്‌ കൊണ്ട്‌ ഞാന്‍ പറഞ്ഞു.
``നാളെ ക്ഷേത്രത്തില്‍ കൊണ്ടുപോയി ഒരു താലി കെട്ടിത്തരണം. ഒരുമിച്ച്‌ താമസിക്കുമ്പോള്‍ ആളുകള്‍ തിരയുന്ന അടയാളം നമുക്കും ബാധകമാണല്ലോ''
ഉം..ഞാന്‍ മൂളി.
ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുന്നു. എങ്ങിനെയൊക്കെ സംഭവിക്കുന്നു. ഒന്നും മനസിലാകാതെ നില്‍ക്കുമ്പോള്‍ മദ്യം കബളിപ്പിക്കുകയാണെന്ന്‌ തോന്നി.
``സമയം ഒരുപാടായി. ഉറങ്ങണ്ടെ?''
അവളുടെ ചോദ്യം കേട്ട്‌ അനുസരണയുള്ള കുട്ടിയെ പോലെ പിന്നാലെ നടന്നു.
മനോഹരമായി വിരിച്ചിട്ടിരുന്ന കിടക്കയിലേക്ക്‌ ചെന്ന്‌ വീണു. അല്‍പം കഴിഞ്ഞ്‌ ലൈറ്റ്‌ ഓഫ്‌ ചെയ്‌ത്‌ ശ്രീദേവിയും വന്ന്‌ അരികത്ത്‌ കിടന്നു.
അവളുടെ മാദകഗന്ധം ഓരോ നിമിഷവും ഭ്രാന്തനാക്കികൊണ്ടിരുന്നു...
`` ചന്ദ്രേട്ടന്‌ എല്ലാമൊരത്ഭുതം പോലെ തോന്നുണ്ടാവും ല്ലേ...ഞാനങ്ങനെയാണ്‌ ചിന്തകള്‍ക്കധീതമായി..സ്വപ്‌നങ്ങള്‍ക്കധീതമായി...
ഒരു രാത്രിയെ നമുക്ക്‌ മുന്നിലുള്ളു..എന്തും തീരുമാനിക്കാം. കൂടിചേരാം അല്ലെങ്കില്‍ പിരിയാം.
അവളുടെ വാക്കുകള്‍ കേട്ട്‌ എന്ത്‌ പറയണമെന്നറിയാതെ കുഴഞ്ഞു.
``ഞാന്‍ എപ്പോഴൊക്കെയോ നിന്നെ സ്‌നേഹിച്ചിരുന്നു ശ്രീദേവീ..''
``പറയാതെ തിരിച്ചറിയുമ്പോഴാണ്‌ സ്‌നേഹം തീഷ്‌ണമാവുന്നത്‌ ചന്ദ്രേട്ടാ..ഒരു രാത്രി വന്ന്‌ താലിചരടിന്റെ ബന്ധനം ആവശ്യപ്പെട്ട സ്‌ത്രീയുടെ മനസ്‌ പുഛത്തോടെയാവും കണ്ടിട്ടുണ്ടാവുക. പക്ഷേ എനിക്കെന്നോ അറിയാമായിരുന്നു എന്നെ ഉപേക്ഷിക്കാനാവില്ലെന്ന്‌...''
പിന്നീട്‌ കുറെ നേരം നിശബ്‌ദത ഞങ്ങള്‍ക്കിടയില്‍ കിടന്ന്‌ പുളഞ്ഞു.
എന്നിലെ മൃഗതൃഷ്‌ണയെ അടക്കികിടത്തി മദ്യരഹിത രാത്രികളെ സ്വപ്‌നം കണ്ട്‌ എപ്പോഴോ ഉറങ്ങി. രാത്രി ഏറെ വൈകിയപ്പോള്‍ തൊണ്ട വരളുന്നത്‌ പോലെ തോന്നി. മദ്യം അടക്കിവാണ ശരീരത്തില്‍ നിന്നും അത്‌ വിട്ടൊഴിഞ്ഞുപോവുമ്പോഴുള്ള ഒടുക്കത്തെ ദാഹം.
ബെഡ്‌ ലാംബ്‌ ഓണ്‍ ചെയ്‌ത്‌ എഴുന്നേല്‍ക്കുമ്പോള്‍ കിടക്കയില്‍ ശ്രീദേവിയെ കണ്ടില്ല. ജഗ്ഗില്‍ നിന്നും വെള്ളമെടുത്ത്‌ വായിലേക്ക്‌ കമിഴ്‌ത്തി വിസിറ്റിംഗ്‌ റൂമിലേക്ക്‌ നടക്കുമ്പോള്‍ ശ്രീദേവി ആരോടോ സംസാരിക്കുന്നത്‌ കേട്ടു.
``റിയാസ്‌...മൂന്ന്‌ മാസം നിനക്കായി ഞാന്‍ കാത്തിരിക്കും. സുരക്ഷിതമായ പ്ലാറ്റ്‌ഫോമില്‍. ഒന്ന്‌ നിനക്കുറപ്പ്‌ തരാം. എന്നെ സംരക്ഷിക്കാന്‍ എനിക്കറിയാം. മൂന്ന്‌ മാസം പൂര്‍ത്തിയായിട്ടും നീ വന്നില്ലെങ്കില്‍ ഞാന്‍ പ്രശസ്‌തനായ ഒരു വ്യക്തിയുടെ ഭാര്യയായിട്ടുണ്ടാവും.''
അവളുടെ വാക്കുകള്‍ കൂരമ്പുകളായി മനസ്സില്‍ തറക്കുന്നതറിഞ്ഞു. മിഴികള്‍ പൂട്ടി ഉറക്കം വരാതെ കിടക്കുമ്പോള്‍ തൊട്ടടുത്ത്‌ നിന്നും നീണ്ട നിശ്വാസവും അടക്കിയ തേങ്ങലുകളും കേട്ടു.

എനിക്ക്‌ മുന്നില്‍ വീണ്ടും അരങ്ങുണര്‍ന്നു.
ഓല മേഞ്ഞ വീടിന്‌ മുന്നിലെ മരച്ചുവട്ടില്‍ ഒരു യുവാവിരിക്കുന്നു. കൈലിമുണ്ടും ബനിയനുമാണ്‌ വേഷം. അയാളുടെ മുഖം അസ്വസ്ഥമാണ്‌. ഇടക്ക്‌ ഭ്രാന്ത്‌ വന്നവനെ പോലെ മുടി പിടിച്ച്‌ വലിക്കുന്നു. ചുവപ്പും പച്ചയും പ്രകാശങ്ങള്‍ അരങ്ങിലേക്ക്‌ മിന്നിമായുന്നു. അയാളുടെ ചുറ്റിനും മുഖംമൂടി ധരിച്ച കോലങ്ങള്‍, ചുവന്ന പട്ടുടുത്ത രൗദ്രഭാവങ്ങള്‍ ഉറഞ്ഞുതുള്ളുന്നു.
വീടിന്റെ ഇറപ്പില്‍ നിന്നും തിളങ്ങുന്ന കത്തി വലിച്ചൂരി വാതില്‍ ചവിട്ടിതുറന്ന്‌ അയാള്‍ അകത്തേക്ക്‌ കയറി പോയി. മുഖം മൂടികള്‍ മറയുന്നു. രൗദ്രഭാവങ്ങള്‍ ഓടിയകലുന്നു.
രംഗത്ത്‌ കനത്ത ഇരുട്ട്‌ നിറയുന്നു. ഒരു സ്‌ത്രീയുടെ ആര്‍ത്തനാദം..
സുധാകരന്‍ അവന്റെ അമ്മയെ കൊന്നു.
ആരോ വിളിച്ചുപറയുന്നു.
തിരശീല പതിയെ താഴുകയാണ്‌...
രാത്രിയാത്രികരിലെ അവസാനരംഗം മനസില്‍ മിന്നിമായുന്നതറിഞ്ഞു.
സ്‌ത്രീ വിഷമാണ്‌. അനുഭവങ്ങള്‍ സമ്മാനിച്ച തത്വം ഊട്ടിയുറപ്പിക്കുമ്പോഴും ശ്രീദേവിയോട്‌ അല്‍പം പോലും വെറുപ്പ്‌ തോന്നിയില്ല.
ജീവിതത്തില്‍ ഒരിക്കലും തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്‌ത്രീസാമീപ്യം കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി തിരിച്ചറിഞ്ഞപ്പോള്‍ എന്റെ മനസും മാറിപ്പോയോ?
നഗരത്തില്‍ നിരവധി ഹോസ്റ്റലുകളുണ്ടായിട്ടും ഒരു പുരുഷന്റെ കൂടെ മൂന്ന്‌ മാസം തള്ളിനീക്കാന്‍ ധൈര്യം കാണിച്ച പെണ്‍കുട്ടിയുടെ മനശക്തി ലോകത്തേത്‌ പുരുഷനുണ്ടാകും?
ശ്രീദേവിയും തന്റെ ജീവിതം ഒരു പരീക്ഷണത്തിന്‌ നല്‍കുകയാണ്‌. ഇഷ്‌ടങ്ങള്‍ മാറിമറിഞ്ഞേക്കാവുന്ന മനസുള്ള അവള്‍ സ്‌നേഹിക്കുന്ന പുരുഷന്‌ ഡെഡ്‌ലൈന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതില്‍ നിഗൂഢമായ ചില തീരുമാനങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്‌.

നേരം പുലര്‍ന്നപ്പോള്‍ പ്രഭാതഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു അവള്‍. അടുക്കളയിലേക്ക്‌ ചെന്നപ്പോള്‍ ചായയെടുത്ത്‌ തന്നു.
``വേഗം കുളിച്ചൊരുങ്ങ്‌ ചന്ദ്രേട്ടാ..ക്ഷേത്രത്തില്‍ പോവണ്ടേ നമുക്ക്‌..''
``ശ്രീ..മനസുകള്‍ തമ്മിലൊരു ബന്ധനം പോരേ നമുക്കിടയിലും. വിപ്ലവം പ്രസംഗിച്ചും എഴുതിയും നടക്കുന്നത്‌ കൊണ്ട്‌ ദൈവത്തിലൊന്നും വിശ്വാസമില്ല എനിക്ക്‌...''
ഒരു വലിയ ചതിക്ക്‌ എന്തിന്‌ ദൈവത്തെ സാക്ഷിയാക്കുന്നു എന്നതായിരുന്നു അപ്പോള്‍ എന്റെ മനസിലെ ചിന്ത...
``എല്ലാം ചന്ദ്രേട്ടന്റെയിഷ്‌ടം.''
ചതിയുടെ വിരല്‍പാടുകള്‍ പതിഞ്ഞുകിടക്കുമ്പോഴും അവളുടെ മുഖം വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.
വിസിറ്റിംഗ്‌ റൂമില്‍ കാഴ്‌ചക്കാരും വാദ്യഘോഷങ്ങളുമില്ലാതെ ശ്രീദേവിയുടെ കഴുത്തില്‍ അവള്‍ പറഞ്ഞ മുഹൂര്‍ത്തത്തില്‍ താലി ചാര്‍ത്തി.
ബീച്ച്‌ ഹോട്ടലിലെ ഒഴിഞ്ഞ കോണിലിരുന്ന്‌ ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ അല്‍പ്പമകലെ ആര്‍ത്തിരമ്പുന്ന കടല്‍ ഒരു ബിന്ദുവായി ചുരുങ്ങി ശ്രീദേവിയുടെ മനസില്‍ കയറിക്കൂടിയത്‌ പോലെ തോന്നി.
ആഹ്ലാദത്തിന്റെ അത്യുന്നതിയില്‍ വിരാജിക്കുകയാണ്‌ അവളുടെ മുഖമെന്ന്‌ ഇടക്കിടെയുള്ള പുഞ്ചിരിയില്‍ നിന്നും വ്യക്തമായി.
രാത്രിയില്‍ നൈറ്റ്‌ ഗൗണിനുള്ളില്‍ വീര്‍പ്പുമുട്ടുന്ന യൗവനം മനസിനെ ഭ്രാന്തമാക്കുമ്പോഴും പിടിച്ചടക്കി കിടന്നു.
മൂന്ന്‌ മാസം അവളെ കാത്തുവെക്കേണ്ടത്‌ ഇപ്പോള്‍ അവളുടെയല്ല എന്റെയാവശ്യമാണെന്ന്‌ തോന്നി.
വഞ്ചനയുടെ പര്യായമായ അവള്‍ അയാളെയും ചതിക്കില്ലെന്നാരു കണ്ടു.
ദിവസങ്ങള്‍ക്ക്‌ ശരവേഗതയായിരുന്നു.
രാത്രിയുടെ അവസാനയാമങ്ങളിലൊന്നില്‍ കൂട്ടുകാരനോട്‌ സംസാരിക്കുന്നതിനിടെ ശ്രീദേവിയുടെ പൊട്ടിച്ചിരി കേട്ടു.
``റിയാസ്‌..എനിക്ക്‌ വിശ്വസിക്കാനാവുന്നില്ല. വെള്ളിയാഴ്‌ച വീ വരുന്നെന്നോ...അപ്പോള്‍ പറഞ്ഞത്‌ പോലെ ഹോട്ടല്‍ പസഫികില്‍ കാണാം''
വ്യക്തമായി ആ സംഭാഷണം കാതില്‍ വന്നലച്ചപ്പോള്‍ മനസില്‍ എന്തെന്നില്ലാത്തൊരു ശൂന്യത വന്ന്‌ നിറഞ്ഞു. ഈ മനോഹരമായ സാന്നിധ്യം തനിക്കന്യമാവുകയാണ്‌. കുറെ ചിന്തിച്ചപ്പോള്‍ എന്തെന്നില്ലാത്തൊരാശ്വാസം തോന്നി. എല്ലാം നേരത്തെ അവസാനിക്കുകയാണെങ്കില്‍ അതല്ലേ കൂടുതല്‍ നല്ലത്‌...

വെള്ളിയാഴ്‌ച...
അതിരാവിലെ എഴുന്നേറ്റ്‌ കുളിച്ചൊരുങ്ങി ശ്രീദേവി മുന്നില്‍ വന്നു.
``ചന്ദ്രേട്ടാ... ഞാന്‍ പറഞ്ഞിരുന്നില്ലേ. ഇന്നാണ്‌ വിനോദയാത്ര. ടാക്‌സി വിളിച്ചുപറഞ്ഞിട്ടുണ്ട്‌. സ്‌കൂളിലേക്ക്‌ ഈ സമയത്ത്‌ വണ്ടി കിട്ടാന്‍ പ്രയാസാണ്‌''
`ഉം'
ഈ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു അവളുടെ മുഖത്ത്‌...
ബാല്‍ക്കണിയിലെത്തിയപ്പോള്‍ താഴെ നിന്നും കാറിന്റെ ഹോണടി കേട്ടു.
പടികളിറങ്ങി താഴേക്ക്‌ ചെന്നു.
ശ്രീദേവിക്ക്‌ നല്‍കാന്‍ എഴുതിവെച്ചിരുന്ന കത്തും കുറച്ച്‌ പണവും ഡ്രൈവറെ എല്‍പിച്ചു. അവള്‍ പറഞ്ഞ സ്ഥലത്തെത്തിയ ശേഷം മാത്രമെ ഇതേല്‍പ്പിക്കാവു എന്നും പറഞ്ഞു.
ചന്ദ്രഹാസന്‍ വിഡ്ഡിയായിരുന്നില്ലെന്ന്‌ ശ്രീദേവി തിരിച്ചറിയണമെന്ന്‌ മാത്രമെ കരുതിയുള്ളു. ഇത്രയും കാലം വെച്ചുവിളമ്പി തന്നതിന്‌ കൂലി. പിന്നെ അരങ്ങില്‍ ആയിരങ്ങള്‍ കാണാന്‍ പോവുന്ന നാടകത്തിന്‌ കഥയൊരുക്കി തന്നതിനൊരു നന്ദിയും.
അഞ്ചുമിനിറ്റിനകം ബാഗും തൂക്കി അവള്‍ വന്ന്‌ കാറില്‍ കയറി.
``ചന്ദ്രേട്ടാ..അപ്പോള്‍ നാലു ദിവസം കഴിഞ്ഞ്‌ വീണ്ടും കാണാം''
മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ച്‌ അവള്‍ കൈവീശി കാണിച്ചു. അവളുടെ മിഴികളില്‍ കനത്തമൗനത്തിന്റെ ആവരണം പതിഞ്ഞുകിടക്കുന്നത്‌ കണ്ടു.

``സാര്‍..ഇനിയെന്തെങ്കിലും...'' ഓര്‍മ്മയില്‍ നിന്നും വിടപറഞ്ഞപ്പോള്‍ ബെയററുടെ ശബ്‌ദം.
`ബില്ല്‌ എടുത്തോളൂ.'
അയാള്‍ പോയി കഴിഞ്ഞപ്പോള്‍ അല്‍പ്പമകലെയുള്ള ആ യുവമിഥുനങ്ങളില്‍ തന്നെയായി ശ്രദ്ധ.
ചെറിയൊരു സൗന്ദര്യപിണക്കത്തിന്റെ ആലസ്യത്തിലായിരുന്നു അവരെന്ന്‌ തോന്നി. ഇല്ലികള്‍ കൊണ്ട്‌ നിര്‍മ്മിച്ച കൈവരികളില്‍ പിടിച്ച്‌ ഇരുവരും അകന്നുമാറി നില്‍ക്കുന്നുണ്ടായിരുന്നു.
മുറിയില്‍ പോയി മണിക്കൂറുകളോളം കിടന്നുറങ്ങി.
എഴുന്നേറ്റ്‌ ചൂടുവെള്ളത്തില്‍ കുളിച്ച്‌ റെസ്റ്റോറന്റിലേക്ക്‌ നടന്നു.
ചപ്പാത്തിക്കും ഗ്രീന്‍പീസ്‌ മസാലക്കും ഓര്‍ഡര്‍ നല്‍കിയിരിക്കുമ്പോള്‍ പിറകില്‍ നിന്നും ആരോ വിളിക്കുന്നത്‌ പോലെ തോന്നി.
``ചന്ദ്രഹാസന്‍ സാര്‍...വല്ലാത്ത അതിശയമായിരിക്കുന്നല്ലോ...''
തിരിഞ്ഞുനോക്കുമ്പോള്‍ വയലറ്റ്‌ നിറമുള്ള വസ്‌ത്രമണിഞ്ഞ്‌ ശ്രീരേഖ.
``അത്ഭുതമായിരിക്കുന്നല്ലോ കുട്ടീ. ഇത്ര ദൂരെ വെച്ച്‌ ഇങ്ങനെയൊരു കണ്ടുമുട്ടല്‍'' അവളെ നോക്കി ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
``നാളെ ഇവിടെയോരു പ്രോഗ്രാമുണ്ട്‌.'' അവള്‍ പറഞ്ഞു.
`സാറിന്റെ റൂം'
112. സെക്കന്റ്‌ ഫ്‌ളോറില്‍..
``ഞാന്‍ അങ്ങോട്ട്‌ വരാം.'' അവള്‍ കൂടെയുണ്ടായിരുന്നവരുടെയടുത്തേക്ക്‌ പോയി.
റൂമില്‍ അവളെ കാത്തിരിക്കുമ്പോള്‍ ശ്രീദേവിയെ കുറിച്ചറിയാന്‍ വല്ലാത്ത ആകാംക്ഷയുണ്ടായിരുന്നു. ഒടുവില്‍ ശ്രീയെ കുറിച്ച്‌ അവളോട്‌ ചോദിക്കാന്‍ തന്നെ തീരുമാനിച്ചു.
സ്വെറ്റര്‍ ധരിച്ച്‌ ശ്രീരേഖ വന്നു.
``പുതിയ ഏതെങ്കിലും രചനയുടെ ഭാഗമായി വന്നതാവും ഇവിടെ ല്ലേ..''
കയറിവരുന്നതിനിടെ അവള്‍ ചോദിച്ചു.
അതെ. അവളുടെ മുഖത്തേക്ക്‌ നോക്കാതെ പറഞ്ഞു.
``ശ്രീദേവിയിപ്പോള്‍ എവിടെയാണ്‌?' അങ്ങനെ ചോദിക്കുമ്പോള്‍ ശബദം വല്ലാതെ വിറച്ചു.
`ശ്രീദേവിയോ?' ആശ്ചര്യത്തോടെ അവള്‍ ചോദിച്ചു.
``ശ്രീരേഖയുടെ ചേച്ചിയുടെ കാര്യാ ചോദിച്ചത്‌'' അവളുടെ മുഖത്തേക്ക്‌ നോക്കി പറഞ്ഞു.
അവള്‍ പൊട്ടിച്ചിരിച്ചു.
സാറെന്താണീ ചോദിക്കുന്നത്‌. എനിക്ക്‌ ചേച്ചിയില്ല. ആകെയുണ്ടായിരുന്ന അനിയന്‍ ഒരാക്‌സിഡന്റില്‍ മരിച്ചു. ശ്രീകാന്ത്‌ മരിച്ചിട്ടിപ്പോള്‍ മൂന്നു വര്‍ഷം കഴിഞ്ഞു.
മനസില്‍ സ്‌ഫോടനം നടക്കുന്നതറിഞ്ഞു. തീഗോളങ്ങള്‍ ശരീരം മൊത്തം വരിയുന്ന പോലെ...കണ്ണുകളില്‍ കനത്ത ഇരുട്ടിന്റെ മൂടുപടം വന്നുവീഴുന്ന പോലെ...
അപ്പോള്‍ പിന്നെ അവള്‍ ആരാണ്‌...?
മൗനത്തിന്റെ ആവരണമണിഞ്ഞ അവളുടെ മുഖം മനസില്‍ തെളിഞ്ഞുവന്നു.

മുന്നില്‍ അരങ്ങിന്റെ മനോഹാരിത തെളിയുന്നു.
കരിയിലകള്‍ വീണുകിടക്കുന്ന വഴിയിലൂടെ ഒരു സ്‌ത്രീ നടന്നുപോവുന്നു.
എഴുത്തുകാരന്‌ പോലും എത്തിപിടിക്കാനാവാത്ത മുഖംമൂടി ധരിച്ച ആ കഥാപാത്രം പതിയെ നടക്കുകയാണ്‌...
ഏതു നിമിഷവും മറയുമെന്ന മന്ത്രണവുമായി ഓര്‍മ്മകളുടെ വരണ്ട മണ്ണിലൂടെ നഷ്‌ടങ്ങളുടെ വണ്ടി ഇഴഞ്ഞുനീങ്ങുകയാണ്‌. നമുക്ക്‌ മുന്നില്‍ ഒരു മഴ പെയ്യാതിരിക്കില്ല. ഗുല്‍മോഹറുകള്‍ പൂത്തുനില്‍ക്കുന്ന ഭൂമിയും നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശവും മൗനത്തിന്റെ നീണ്ട വഴികളാണ്‌.എനിക്ക്‌ ഈ ലോകത്ത്‌ ഏറ്റവും ഭയം മൗനത്തെയാണ്‌. തുടങ്ങാന്‍ മടിച്ചുനില്‍ക്കുന്ന കൊടുങ്കാറ്റും പെയ്യാനറച്ച്‌ നില്‍ക്കുന്ന പേമാരിയുമാണ്‌ മൗനം.
അവളുടെ ശബ്‌ദം അകന്നകന്ന്‌ പോവുന്നു.
തിരശീല പതിയെ താഴുകയാണ്‌.
കിടക്കയില്‍ മാഗസിന്‍ മറച്ചുനോക്കി കൊണ്ടിരിക്കുകയായിരുന്ന ശ്രീരേഖയുടെ മുഖത്ത്‌ പതിഞ്ഞുകിടക്കുന്ന മൗനത്തിന്റെ ഭീകരത കണ്ടു. ഓടിച്ചെന്ന്‌ അവളെ വാരിപുണര്‍ന്നു.
ഒരെതിര്‍പ്പുമില്ലാതെ കീഴങ്ങുന്ന അവളില്‍ നിന്നും അടര്‍ന്നുമാറി പുറത്തേക്ക്‌ നടന്നു. കനത്ത ഇരുട്ടിലൂടെ മൗനത്തിന്റെ താഴ്‌വര തേടിയുള്ള യാത്ര...


ദേശാഭിമാനി വാരിക 2009 September 20
image courtasy-google