Friday, March 6, 2009

പ്രായത്തെ തോല്‍പ്പിക്കുമ്പോള്‍...


തൊണ്ണൂറ്‌ വയസുള്ളൊരാള്‍ ഉയരമേറിയ മരത്തില്‍ കയറുന്നത്‌ കാഴ്‌ചക്കാര്‍ക്ക്‌ കൗതുകമായിരിക്കും. തിങ്ങി നിറഞ്ഞോടുന്ന ജീപ്പില്‍ ഇത്രയും വയസുള്ളൊരാള്‍ തൂങ്ങി പിടിച്ചുനിന്ന്‌ യാത്ര ചെയ്യുന്നത്‌ അതിലും അതിശയമായിരിക്കും. എന്നാല്‍ ഇതെല്ലാമാണ്‌ കൃഷ്‌ണേട്ടന്‍. വാര്‍ധക്യത്തിന്റെ വീര്‍പ്പുമുട്ടലുകള്‍ക്കിടയിലും കടത്തിണ്ണയില്‍ അന്തിയുറങ്ങി അധ്വാനിച്ച്‌ ജീവിക്കുന്നതിന്റെ ആനന്ദമാണ്‌ ഇന്നും ആ മുഖത്ത്‌ തെളിയുന്നത്‌.

തൊടികളും കാട്ടുപാതകളും താണ്ടി ഹോട്ടലുകള്‍ക്കായി ഇലവെട്ടാനിറങ്ങുന്ന കൃഷ്‌ണന്‍ ഉച്ചയാവുമ്പോഴേക്കും തന്റെ ജോലി തീര്‍ന്ന്‌ സ്വതന്ത്രനായിട്ടുണ്ടാവും. നൂറ്‌ ഇല നല്‍കിയാല്‍ അമ്പത്‌ രൂപയാണ്‌ പ്രതിഫലം. ജോലി കഴിഞ്ഞാല്‍ മുഴുവന്‍ സമയവും അങ്ങാടിയില്‍ തന്നെയുണ്ടാവും. ഏകനായി ഇരിക്കുന്നത്‌ കണ്ട്‌ ആരെങ്കിലും ചായ കുടിക്കാന്‍ വിളിച്ചാല്‍ കൃഷ്‌ണന്‍ കൂടെ പോകുമെങ്കിലും മടിക്കുത്തില്‍ നിന്ന്‌ പൈസയെടുത്ത്‌ കടക്കാരന്‌ നല്‍കും. എന്റെ കയ്യിലില്ലാത്തപ്പോള്‍ വാങ്ങിതന്നാല്‍ മതിയെന്ന്‌ പറഞ്ഞ്‌ തിരിച്ചുനടക്കും.കുഞ്ഞച്ചന്‍ ചേട്ടനെന്ന്‌ നാട്ടുകാര്‍ വിളിക്കുന്ന സുല്‍ത്താന്‍ ബത്തേരി വാകേരി പ്ലാമൂട്ടില്‍ കെ കെ കൃഷ്‌ണനില്‍ നൈരാശ്യത്തിന്റെയോ ദുഖത്തിന്റെയോ നേര്‍ത്ത ലാഞ്ചന പോലുമില്ല. മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാമായി വിശ്രമജീവിതം നയിക്കേണ്ട പ്രായത്തില്‍ ഏകനായി അധ്വാനിച്ച്‌ ജീവിക്കേണ്ടി വരുന്നതിന്റെ നിസഹായതയില്‍ ആരോടും പരിഭവവുമില്ല. ദുരിതത്തിന്റെയും കഷ്‌ടപ്പാടിന്റെയും നാളുകളെ അതിജീവിച്ച്‌ വാര്‍ധക്യത്തിലെത്തി നില്‍ക്കുമ്പോഴും ജീവിതത്തെ ലളിതമായി കാണുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കുമുണ്ട്‌ ഏറെ മാധുര്യം.

``ഇടുക്കി ജില്ലയിലെ മൂലമറ്റത്ത്‌ പ്ലാമൂട്ടില്‍ തറവാട്ടില്‍ നിന്ന്‌ വയനാട്ടിലെത്തിയിട്ട്‌ അമ്പത്തിയേഴ്‌ വര്‍ഷമായി. കേണിച്ചിറക്കടുത്ത്‌ തേനാടികുളം ഗോപാലന്‍ എന്ന വ്യക്തിയുടെ തോട്ടത്തിന്റെ മേല്‍നോട്ട ചുമതലയായിരുന്നു ആദ്യജോലി. ഏതാനം വര്‍ഷങ്ങള്‍ക്ക്‌ ശേഷം അവിടെ നിന്നും കോളേരി എന്ന സ്ഥലത്തേക്ക്‌ മാറി. അവിടെ സഹോദരിയെ കല്യാണം കഴിപ്പിച്ചയച്ച വീട്ടില്‍ കാര്യസ്ഥനായി കുറെക്കാലം നിന്നു. നാല്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അവിടെ നിന്നും വാകേരിയിലേക്ക്‌ പോന്നു. കുറെ ബന്ധുക്കള്‍ ഇവിടെയുമുണ്ടായിരുന്നെങ്കിലും ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാനായിരുന്നു ഇഷ്‌ടം. അങ്ങനെ കൂലിപണിക്ക്‌ പോയി തുടങ്ങി. കുടുംബവും കുട്ടികളുമെല്ലാം സ്വപ്‌നം കണ്ടെങ്കിലും എല്ലാം വെറുതെയായി.''നീണ്ട മുപ്പത്‌ വര്‍ഷമായി പട്ടിണിക്കിടാതെ തന്നെ പിടിച്ചുനിര്‍ത്തിയ ഗ്രാമത്തോടുള്ള നന്ദിയും കൃതഘ്‌നതയുമായിരുന്നു ആ വാക്കുകളില്‍.``വാകേരിയില്‍ ആദിവാസികള്‍ മാത്രമാണ്‌ അന്നുണ്ടായിരുന്നത്‌. കൊച്ചച്ചന്റെ മകന്റെയൊപ്പം താമസിച്ചാണ്‌ ജോലി ചെയ്‌തിരുന്നത്‌. പാടത്തെ ജോലിയായിരുന്നു അക്കാലത്ത്‌ മുഖ്യ ആശ്രയം. ഒന്നേകാല്‍ രൂപയൊക്കെ പ്രതിഫലം കിട്ടിയിരുന്നു. കാപ്പിക്കിട കിളക്കുക, ഇഞ്ചിക്ക്‌ കുഴികുത്തുക തുടങ്ങിയ കൃഷിപ്പണികളും ചെയ്‌തിരുന്നു. ജോലി ചെയ്‌തിരുന്ന വീട്ടുകാര്‍ക്ക്‌ വേണ്ടി അഞ്ചു രൂപക്ക്‌ അരി വാങ്ങാന്‍ പോയത്‌ ഓര്‍മ്മയുണ്ട്‌. രണ്ട്‌ പേര്‍ ചേര്‍ന്ന്‌ ഒരു ചാക്ക്‌ അരിയെടുത്ത്‌ തലയില്‍ വെച്ചുതന്നു. വളരെ പ്രയാസപ്പെട്ടാണ്‌ വീട്ടിലെത്തിച്ചത്‌.''ഇന്നത്തെ വിലക്കയറ്റത്തെ കുറിച്ചും ജീവിക്കാനുള്ള ബുദ്ധിമുട്ടുകളെ കുറിച്ചുമെല്ലാം പലരും പരാതി പറയുമ്പോള്‍ കഴിഞ്ഞുപോയ നല്ലകാലത്തെ കുറിച്ചുള്ള സ്‌മരണകള്‍ പങ്കുവെച്ച്‌ കൃഷ്‌ണേട്ടന്‍ ചിരിക്കും.

മണ്ഡലകാലമായാല്‍ കെട്ടുനിറകളിലും ഭജനകളിലും പ്രാര്‍ത്ഥനകളിലുമെല്ലാം സജീവസാന്നിധ്യമായ കൃഷ്‌ണന്‍ അമ്പത്തിയഞ്ച്‌ കൊല്ലത്തിലധികം ശബരിമലക്ക്‌ പോയിട്ടുണ്ട്‌. കൊടുംതണുപ്പില്‍ മാസങ്ങള്‍ നീണ്ട വ്രതത്തിന്‌ ശേഷം മകരവിളക്കിനോട്‌ അനുബന്ധിച്ചാണ്‌ സാധാരണ അദ്ദേഹം മല ചവിട്ടാറുള്ളത്‌. കഴിഞ്ഞ രണ്ടുവര്‍ഷമായി ആസ്‌ത്‌മയുടെ ഉപദ്രവമുള്ളത്‌ കൊണ്ട്‌ പോകാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ വിഷമത്തോടെ അദ്ദേഹം പറയുന്നു.``നാട്ടിലുള്ള സമയത്ത്‌ കലാപരിപാടികളോട്‌ വല്ലാത്ത മമതയായിരുന്നു. അയ്യപ്പ ചരിത്രാവതരണം, കഥകളി, ഇടപറവ, തുടങ്ങിയ കലാരൂപങ്ങള്‍ക്ക്‌ സഹായിയായി പോകുമായിരുന്നു. പനാവള്ളി കുഞ്ഞനാശാന്‍, എം എന്‍ നമ്പ്യാര്‍, തിക്കുറിശ്ശി, പാപ്പനാശന്‍ എന്നിവരോടൊപ്പമെല്ലാം കളിക്കാനും പാടാനും പോവുന്നത്‌ ഇന്നും ഹൃദ്യമായ ഓര്‍മ്മയാണ്‌.'' കവിതയെഴുത്തിലും പാട്ടിലുമെല്ലാം കഴിവ്‌ തെളിയിച്ചിട്ടുള്ള കൃഷ്‌ണന്റെ വാക്കുകളില്‍ തെളിയുന്നത്‌ പൊയ്‌പോയ വസന്തകാലത്തിന്റെ തുടിപ്പും പ്രസരിപ്പും.

``നെഹ്‌റുവിന്റെ കാലത്ത്‌ കോയമ്പത്തൂര്‍ പോയി കൂലിപ്പട്ടാളത്തില്‍ ചേര്‍ന്നിരുന്നു. 18 രൂപയായിരുന്നു മാസവേതനം. പ്രധാനമായും നാടിന്റെ വികസനപ്രവര്‍ത്തനങ്ങളായിരുന്നു ചെയ്‌തിരുന്നത്‌. അതിന്റെ ബാക്കിപത്രമെന്നോണം വിരമിച്ച പട്ടാളക്കാരനെന്ന നിലയില്‍ വയനാട്ടിലെ ഒരു ബാങ്കില്‍ നിന്ന്‌ ലോണെടുത്ത്‌ ചിലര്‍ പറ്റിക്കുകയും ചെയ്‌തു. ഏക്കറിന്‌ അമ്പത്‌ രൂപയുണ്ടായിരുന്ന കാലത്ത്‌ അല്‍പം മണ്ണ്‌ വാങ്ങിയിടണമെന്ന്‌ കരുതിയിരുന്നെങ്കിലും നടന്നിരുന്നില്ല. കുറെ കാലത്തിന്‌ ശേഷം രണ്ടായിരം രൂപക്ക്‌ ഇരുളത്ത്‌ സ്ഥലം വാങ്ങിയിരുന്നു. അവിടെ വീടുവെക്കാനുള്ള ശ്രമത്തിനിടയിലാണ്‌ ബാങ്ക്‌ ലോണിന്റെ പേരില്‍ ചിലര്‍ പറ്റിച്ചത്‌. കൂടെ നിന്നവര്‍ ചതിച്ചതോടെ ലോണ്‍ പൈസ കിട്ടിയില്ലെന്ന്‌ മാത്രമല്ല സ്ഥലം നഷട്‌മാവുകയും ചെയ്‌തു.'' വീടെന്ന സ്വപ്‌നം ഇനിയും പുവണിയാത്ത ദു:ഖത്തോടെ കൃഷ്‌ണന്‍ പറയുന്നു.കൃഷ്‌ണന്‌ അവശേഷിക്കുന്ന ഒരേയൊരു സ്വപ്‌നം ഒരു വീടാണ്‌. ആ മുഖത്ത്‌ നിഴലിക്കുന്നത്‌ കൊടുംതണുപ്പിലും മഴക്കാലത്തും പ്രായത്തെ അതിജീവിച്ച്‌ കടതിണ്ണയില്‍ അന്തിയുറങ്ങേണ്ടി വരുന്ന നിസഹായതയും. ചുറ്റിനും സാമ്പത്തികമായി ഉന്നതിയില്‍ കഴിയുന്ന ബന്ധുക്കളുണ്ടെങ്കിലും ആ വഴിയും സഹായങ്ങളൊന്നുമില്ല. നാട്ടുകാരില്‍ ചിലര്‍ മുന്‍കയ്യെടുത്തത്‌ കൊണ്ട്‌ മാസം 110 രൂപ വാര്‍ധക്യ പെന്‍ഷന്‍ കിട്ടുന്നുണ്ടെന്ന്‌ നന്ദിയോടെ പറയുമ്പോഴും തന്റെ നിസഹായതയില്‍ ആരെയും പഴിപറയാനോ ശല്യപ്പെടുത്താനോ കൃഷ്‌ണന്‍ തയ്യാറല്ല.