Saturday, February 7, 2009

``പ്രണയം``പറയാതെ പറയുന്നത്‌...


``ഈ ലോകത്ത്‌ നീ ഏറ്റവും കൂടുതല്‍ ഇഷ്‌ടപ്പെടുന്നതാരെയാണ്‌ ?''
വിരസമായ ഒരു പകലില്‍ ക്ലാസ്‌മുറിയിലെ ഡെസ്‌ക്കില്‍ കൈകെട്ടി കിടന്ന്‌ അവള്‍ ചോദിക്കുകയാണ്‌.
കുറെ നേരം ഞാനാ മുഖത്തേക്ക്‌ നോക്കിയിരുന്നു. ഇമ ചിമ്മാത്ത കണ്ണുകളുമായി അവള്‍ എന്നെ തന്നെ നോക്കിയിരിക്കുന്നുണ്ട്‌. ഇടക്കെല്ലാം അവള്‍ ഇങ്ങനെയാണ്‌. ചെറിയ ചില ചോദ്യങ്ങള്‍ കൊണ്ട്‌ എന്നെ തളച്ചിടും. ആരോടും പറയാതെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന കാര്യങ്ങളുടെ പാതിയവള്‍ അടര്‍ത്തിയെടുക്കും.
ഏകാന്തതയെ കൂട്ടുപിടിച്ച്‌ ജീവിക്കുന്ന ഒരു ബാല്യകാല സ്‌നേഹിതയുണ്ടായിരുന്നു. അവള്‍ വലുതായി മുന്നില്‍ വന്ന്‌ നില്‍ക്കുകയാണോയെന്ന്‌ ക്ലാസ്‌ തുടങ്ങിയ ദിവസം തന്നെ സംശയിച്ചിരുന്നു. ആനച്ചെവിയും ഉണ്ടകണ്ണും എണ്ണ തൊടാത്ത മുടിയും കാണുമ്പോഴും പിന്നീട്‌ അവളില്‍ നിന്ന്‌ വരുന്ന ചോദ്യങ്ങള്‍ കേള്‍ക്കുമ്പോഴുമെല്ലാം മഴയിലൊഴുകിപ്പോയ എന്റെ മേഘയെ പോലെ...
അവളുമായി ഞാന്‍ അടുക്കുന്നതും രസകരമായൊരു അനുഭവത്തിലൂടെയാണ്‌.
നഗരത്തിലെ ബ്യൂട്ടിപാര്‍ലര്‍ സുന്ദരിമാര്‍ ടെലിവിഷനില്‍ പാടവും കാടും പുഴയും കായലും കാണുമ്പോള്‍ തുള്ളിച്ചാടുന്ന ക്ലാസ്‌മുറി. ഗൃഹാതുരതയുടെ മണമുള്ള കവിതള്‍ നോട്ടുബുക്കിന്റെ താളുകളില്‍ കോറിയിട്ട്‌ മലയാളത്തെ നെഞ്ചിലേറ്റുന്നു എന്നഭിമാനിക്കുന്ന ലിപ്‌സ്റ്റിക്‌ മങ്കമാര്‍ വേറെയും.
അധ്യാപകന്‍ മദ്യപിക്കാന്‍ പോയ ഒരു നട്ടുച്ചയിലാണ്‌ ഒരു സര്‍വ്വെ നടത്താന്‍ തീരുമാനിച്ചത്‌. ഈ സുന്ദരിമാരോട്‌ എന്തുചോദിക്കുമെന്ന്‌ നിശ്ചയമില്ലായിരുന്നു. കൂട്ടുകാരില്‍ ചിലര്‍ ചില ചോദ്യങ്ങളുമായി മുന്നോട്ട്‌ വന്നെങ്കിലും എല്ലാം പുതുമ നഷ്‌ടപ്പെട്ടവയായിരുന്നു. പ്രണയത്തെ കുറിച്ച്‌ ചോദിക്കുമ്പോള്‍ പറയാന്‍ താല്‍പ്പര്യമേറുമെന്ന്‌ അറിയുന്നത്‌ കൊണ്ടാണ്‌ ഒരൊറ്റ ചോദ്യത്തില്‍ ഒതുക്കാന്‍ തീരുമാനിച്ചത്‌.
``രക്തം കൊണ്ടെഴുതിയ പ്രണയലേഖനം കിട്ടിയാല്‍ അതെഴുതിയ ആളോട്‌ മനസ്സില്‍ തോന്നുന്നതെന്താണ്‌ ?''
വനിതാമാസികകളിലെ ലൈംഗികപക്തികള്‍ മാത്രം വായിക്കുന്ന സുന്ദരിമാരില്‍ നിന്നായിരുന്നു തുടക്കം. അതുകൊണ്ട്‌ തന്നെ വെറുപ്പ്‌, അറപ്പ്‌, ദേഷ്യം, ഭ്രാന്ത്‌ എന്നൊക്കെയായിരുന്നു ഉത്തരങ്ങള്‍.
ബുദ്ധിജീവി ചമയുന്നവരും പ്രണയമെന്നാല്‍ അര്‍ബുദമോ എയ്‌ഡ്‌സോ ആയി കാണുന്ന ചില ഗ്രാമീണകന്യകമാര്‍ `പ്രതികരിക്കുന്നില്ല' എന്ന മറുപടി നല്‍കി.
ചോദ്യം അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ്‌ ഒന്നുമറിയാത്ത പോലെ ഇരിക്കുന്ന അവളെ കണ്ടത്‌. പണ്ട്‌ കാപ്പിച്ചെടികള്‍ക്കിടയില്‍ വെച്ച്‌ കണ്ണന്‍ചിരട്ടയില്‍ ചുട്ടുവെച്ച മണ്ണപ്പമെടുത്ത്‌ എന്റെ മുഖത്തേക്കെറിഞ്ഞ മേഘയല്ലേ അവള്‍. എഴുതിക്കൊണ്ടിരിക്കുന്ന ഹീറോപേനയിലെ മഷി മുഖത്തേക്ക്‌ കുടഞ്ഞുകളയുമോ എന്ന ഭയമുണ്ടായിരുന്നു.
``എന്താ ?'' ഒലിപ്പിക്കാനാണെങ്കില്‍ സമയമില്ല എന്ന മട്ടില്‍ അവളെന്നെ നോക്കി.
ചിരിച്ചുകൊണ്ട്‌ ചോദ്യമെടുത്ത്‌ അവളിലേക്കെറിഞ്ഞു.
നേരമില്ലാ നേരത്ത്‌ നിന്റെയൊരു ചോദ്യം എന്ന്‌ പറയുമെന്നാണ്‌ കരുതിയത്‌. പക്ഷേ പ്രതീക്ഷിക്കുന്നതൊന്നുമല്ലല്ലോ അവള്‍ ചെയ്യാറുള്ളത്‌.
എഴുത്ത്‌ നിര്‍ത്തി, പേന ബുക്കിനുള്ളില്‍ വെച്ച ശേഷം മുഖം തുടച്ച്‌ കണ്ണുകള്‍ അടച്ചുതുറന്ന്‌ എന്റെ നേരെ നോക്കി ചിരിച്ചു. പഴുത്തുവീഴാറായ മാമ്പഴം പോലെ പൊട്ടാനൊരുങ്ങി നില്‍ക്കുന്ന മുഖക്കുരുക്കളില്‍ രക്തം ഉറഞ്ഞുകൂടുന്നത്‌ കണ്ടു.
``അയാള്‍ക്ക്‌ എന്നോടുള്ള അഗാധമായ പ്രണയം ഞാന്‍ തിരിച്ചറിയും''
ഞാന്‍ അത്ഭുതത്തോടെ അവളെ നോക്കി. ഞാന്‍ പ്രതീക്ഷിച്ച ഉത്തരം പറഞ്ഞുകഴിഞ്ഞ്‌ അവള്‍ വീണ്ടും എഴുത്ത്‌ തുടങ്ങിയിരുന്നു. ഇങ്ങനെയൊരുത്തരം ആദ്യമെ പ്രതീക്ഷിച്ചിരുന്നതാണ്‌. പക്ഷേ എന്തുകൊണ്ടാണത്‌ ആരും പറയാതിരുന്നത്‌ ?
സ്‌നേഹം തിരിച്ചറിയാന്‍ ചോര കൊണ്ടുള്ള കത്തൊന്നും വേണ്ട പെരുമാറ്റം നിരീക്ഷിച്ചാല്‍ മതിയെന്ന്‌ പറഞ്ഞ സൗമ്യയെന്താണ്‌ ഇത്രയായിട്ടും ശൈലേഷിന്റെ ഇഷ്‌ടം മനസ്സിലാക്കത്തതെന്ന്‌ ചിന്തിക്കാതിരുന്നില്ല. ഉത്തരങ്ങളേറെയും ആത്മാര്‍ത്ഥത നഷ്‌ടപ്പെട്ടതും കളിയാക്കലുമായിരുന്നുവെന്ന്‌ തിരിച്ചറിയാന്‍ പിന്നെയുമുണ്ടായിരുന്നു നിരവധി പേരുടെ വാക്കുകള്‍...
പക്ഷേ അവള്‍ അത്‌ സത്യസന്ധമായി നല്‍കിയ മറുപടിയാണെന്ന്‌ തോന്നി.
പീന്നീടാണ്‌ അവളുമായി കൂടുതല്‍ അടുക്കുന്നത്‌. വിരസമായ ചില ക്ലാസുകളില്‍ ഉറക്കെ ചുമച്ച്‌ തുപ്പാനെന്ന പോലെ പുറത്തേക്ക്‌ പോകും. പിന്നീട്‌ കുറെ കഴിഞ്ഞേ മടങ്ങിവരാറുള്ളു. മുകള്‍നിലയിലെ ഒഴിഞ്ഞ ക്ലാസ്‌മുറിയില്‍ പോയിരിക്കും. മിക്ക ദിവസങ്ങളിലും എനിക്ക്‌ മുന്നെ അവളവിടെ എത്തിയിട്ടുണ്ടാവും. ഇതെപ്പോഴാണ്‌ അവള്‍ ഇറങ്ങിപ്പോയതെന്ന്‌ ഓര്‍ത്തെടുക്കാന്‍ പോലും കഴിയില്ല.
വന്യമായ നിഗൂഡതയുമേറ്റി പുഴക്ക്‌ അക്കരെയും ഇക്കരെയുമെന്ന വണ്ണം കുറെ നേരമിരിക്കും. പിന്നെ മനസ്സില്‍ നിറയെ സന്തോഷം നിറഞ്ഞ പോലെ അവള്‍ ചിരിക്കും.
വൈശാഖ പൗര്‍ണ്ണമിയോ, എന്നു വരും നീയോ പതിയെ പാടും.
മുത്തുകള്‍ കൊഴിയുന്ന ആ ശബ്‌ദം കേട്ട്‌ ജനലിലൂടെ പുറത്തേക്ക്‌ നോക്കിയിരിക്കും. സണ്‍ഷെയ്‌ഡില്‍ മുളച്ച്‌ പൊന്തിയ ആലിന്റെ ഇല പറിച്ചെടുത്ത്‌ സൗഹൃദത്തെ കുറിച്ചോ ആത്മബന്ധങ്ങളെ കുറിച്ചോ എഴുതി അവളുടെ നോട്ട്‌ബുക്കില്‍ വെക്കുമായിരുന്നു.
ശൂന്യതയിലിരുന്ന്‌ അതിന്റെ ഞരമ്പുകള്‍ പൊന്തിതുടങ്ങിയെന്നും എന്നിട്ടും വാക്കുകള്‍ മായ്‌ക്കാതെ സൂക്ഷിക്കുന്നുണ്ടെന്നും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞതോര്‍മ്മയുണ്ട്‌.
ദിവസങ്ങള്‍ കൊഴിഞ്ഞുതീരുന്നത്‌ ഞാനും അവളുമറിഞ്ഞില്ല. ഇടക്ക്‌ ചില പരിഭവങ്ങള്‍ കടന്നുവന്നെങ്കിലും അതിന്‌ അല്‍പ്പായുസ്സായിരുന്നു.
നാളെ ക്ലാസ്‌ കഴിയുകയാണ്‌. മിക്കവരുടെ മുഖത്ത്‌ നിന്നും ഞാന്‍ വായിച്ചെടുത്തത്‌ `രക്ഷപ്പെട്ടു' എന്ന മനോഭാവമാണ്‌. എന്തോ എനിക്ക്‌ വല്ലാത്തൊരു വിങ്ങലായിരുന്നു. കുസൃതിയായ, ഉരുളക്കുപ്പേരി പോലെ മറുപടി പറയുന്ന അവള്‍ സമ്മാനിച്ച ബഹളങ്ങള്‍ ശൂന്യതക്ക്‌ വഴിമാറുകയാണ്‌.
പിരിഞ്ഞുപോകാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ്‌ അങ്ങനെയൊരു ചോദ്യം അവളില്‍ നിന്നും വരുന്നത്‌. എന്തുകൊണ്ടാണ്‌ ഞങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ ചോദ്യങ്ങള്‍ മുമ്പ്‌ കടന്നുവരാതിരുന്നതെന്നും എനിക്ക്‌ ഊഹിച്ചെടുക്കാനായില്ല.
കണ്ണുകള്‍ ചിമ്മിത്തുറന്ന്‌ എന്റെ ഉത്തരത്തിന്‌ ചെവിയോര്‍ക്കുകയാണ്‌ അവള്‍.
`` ഞാന്‍ ഈ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഇഷ്‌ടപ്പെടുന്നത്‌ നിന്റെ അമ്മയെയാണ്‌''
എന്റെ ഉത്തരം അവളെ പ്രകോപിതയാക്കിയോ എന്ന്‌ സംശയിച്ചു. ചാടിയെഴുന്നേറ്റ ശേഷം എന്റെ മുന്നില്‍ വന്നു.
``ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ അമ്മയെ എന്തുകൊണ്ടാണ്‌ നീ ഇഷ്‌ടപ്പെട്ടത്‌ ?''
അവളുടെ മുഖം തീപ്പന്തം പോലെ ജ്വലിക്കുന്നുണ്ടായിരുന്നു.
``നിന്നെ പ്രസവിച്ചത്‌ കൊണ്ട്‌...''
എന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവളുടെ മുഖത്ത്‌ നിന്നും സൂര്യരശ്‌മികള്‍ പൊഴിഞ്ഞു തുടങ്ങിയിരുന്നു. അവയെന്റെ ഹൃദയത്തെ ചുട്ടുകരിച്ചുകൊണ്ടിരുന്നു. അവളെ കുറിച്ച്‌ ചോദിക്കുമ്പോഴെല്ലാം ഒന്നും പറയാത്ത മനസ്സ്‌ ഈ അവസാനനിമിഷം എല്ലാം ഏറ്റുപറയുകയാണെന്ന്‌ തോന്നി.
``ഏറ്റവും കൂടുതല്‍ വെറുക്കുന്നതാരെയാണ്‌ ?''
വീണ്ടും പഴയ പടി കിടന്നുകൊണ്ട്‌ അവള്‍ ചോദിച്ചു.
``നിന്റെ അമ്മയെ''
പ്രതീക്ഷിക്കാത്ത ഉത്തരം കേട്ടപോലെ അവള്‍ നടുങ്ങുന്നത്‌ കണ്ടു.
``എന്തുകൊണ്ട്‌ ?''
അതേ കിടപ്പില്‍ തന്നെ അവള്‍ ചോദിച്ചു. കുസൃതിയായ അവളിപ്പോള്‍ ഒരു പൂച്ചക്കുട്ടിയെ പോലെ എന്നെ നോക്കുകയാണ്‌. നിസ്സഹായതയുടെ കരിമ്പടം കാലമവളില്‍ ഛേദിക്കപ്പെടാനാവാതെ വിരിച്ചിട്ടിരുന്നുവെന്ന്‌ തോന്നി.
``നിന്നെ ഇങ്ങനെ സ്‌നേഹിക്കുന്നത്‌ കൊണ്ട്‌...''
സൂര്യരശ്‌മികള്‍ ചേക്കേറിയ അവളുടെ മുഖത്തിപ്പോള്‍ മഴമേഘങ്ങള്‍ കൂട്‌ കൂട്ടിതുടങ്ങിയിരുന്നു. കണ്ണുകള്‍ ഇറുക്കെയടച്ചവള്‍ ഡെസ്‌ക്കില്‍ മുഖം പൂഴ്‌ത്തി.
``എന്നേക്കാള്‍ കൂടുതല്‍ ഒരാളും നിന്നെ സ്‌നേഹിക്കുന്നത്‌ എനിക്കിഷ്‌ടമായിരുന്നില്ല''
എന്റെ വാക്കുകള്‍ അവളുടെ ഹൃദയത്തില്‍ തറഞ്ഞുകിടന്നുവെന്ന്‌ തോന്നുന്നു. മഴ പൊഴിഞ്ഞുതുടങ്ങിയിരുന്നു. കണ്ണുനീരിന്റെ പ്രളയത്തില്‍ ഞാനും അവളും ആ ക്ലാസ്‌മുറിയും ഒലിച്ചുപൊകുമോയെന്ന്‌ ഭയന്നു.
പടിയിറങ്ങി നടക്കുമ്പോള്‍ അവളുടെ മനസ്സിലിപ്പോള്‍ എന്തായിരിക്കുമെന്ന്‌ ഊഹിച്ചുനോക്കി.
ദിവസങ്ങള്‍ നഷ്‌ടപ്പെടുത്തിയതിലുള്ള ദുഖമോ...പറയാതെയിരുന്ന പ്രണയത്തിന്റെ അസ്വസ്ഥതകളോ...
അതോ ഒരാളെ തന്നെ എങ്ങനെ ഒരേ പോലെ ഇഷ്‌ടപ്പെടാനും വെറുക്കാനും കഴിയുമെന്ന സംശയമോ...
അറിയില്ല. പക്ഷേ എന്റെ മനസ്സില്‍ മാസങ്ങളായി ഉറഞ്ഞുകൂടി നിന്ന മേഘങ്ങള്‍ പേമാരിയായി പെയ്‌തുതീരുകയായിരുന്നു.

അവളെ കുറിച്ചോര്‍ത്ത്‌ ഉറങ്ങാതെ കിടന്ന ആ രാത്രിയില്‍ നിന്ന്‌ കാലം ഒരുപാട്‌ മുന്നോട്ട്‌ പോയിരിക്കുന്നു. കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ പഴയ ക്ലാസ്‌മുറിയില്‍ തന്നെ വീണ്ടും ഞങ്ങളെല്ലാവരും ഒത്തുകൂടി. പ്രതീക്ഷിച്ചവരെല്ലാം എത്തിച്ചേര്‍ന്നില്ലെങ്കിലും അവള്‍ വന്നിരുന്നു. അപരിചിതരെ പോലെ കുറെ സമയമിരുന്നെങ്കിലും പോകാനിറങ്ങുമ്പോള്‍ അവള്‍ എന്റെയരുകില്‍ വന്നു.
``ആ ആലില ഇപ്പോഴും ഞാന്‍ സൂക്ഷിക്കുന്നുണ്ട്‌ നിന്നെയോര്‍ക്കാന്‍...''
ജീവിതത്തിന്റെ രണ്ടാംഘട്ടത്തിലേക്ക്‌ പ്രവേശിച്ച അവളുടെ സീമന്തത്തില്‍ല്‍ പതിഞ്ഞുകിടന്ന രക്തത്തില്‍ തന്നെ നോക്കി നിന്നു. എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അത്‌ പുറത്തേക്ക്‌ വരാതെ മനസ്സില്‍ തന്നെ കുരുങ്ങികിടന്നു.
``ഇപ്പോഴും ഓര്‍മ്മയുടെ പുസ്‌തകത്തിലെ ആദ്യപേജില്‍ നിന്റെ മുഖം തന്നെയാണ്‌. സ്വന്തമാക്കാന്‍ മോഹിക്കാതിരുന്നത്‌ നീയെന്റെ കുഞ്ഞുമേഘയായത്‌ കൊണ്ട്‌ മാത്രവും''
അകന്നുപോകുമ്പോള്‍ അവളോട്‌ വിളിച്ചുപറയാന്‍ തോന്നി...


image courtasy-corbis