Wednesday, July 9, 2008

മഴ പെയ്‌ത രാത്രിയില്‍


പകലിന്‌ മുന്നില്‍ കറുത്ത മറ വന്നുവീണ ആ നിമിഷത്തെ കുറിച്ചോര്‍ക്കാന്‍ തന്നെ സുരഭിക്ക്‌ ഭീതിയാണ്‌. ഏകാന്തയാത്രകളും സാഹസികതയും ഇഷ്‌ടപ്പെട്ടു നടന്ന യൗവനാരംഭത്തില്‍ തന്നെ ജീവിതത്തിന്‌ മുകളില്‍ വന്നുവീണ കൊഴുത്ത ഇരുട്ട്‌ മായ്‌ച്ച്‌ കളയാനാവാത്തവിധം ദേഹമാസകലം പടരുന്നതായി അവള്‍ക്ക്‌ തോന്നും. വെളുത്ത മാംസത്തില്‍ തുടച്ചുനീക്കാനാവാത്ത വിധം കലര്‍ന്നുപോയ കറുപ്പടയാളങ്ങള്‍, മിഴികളില്‍ ആണ്ടിറങ്ങിപ്പോയ മൗനം, നാസികതുമ്പിലെ നഖപ്പാടുകള്‍, കവിളിണയിലെ ദന്തക്ഷതങ്ങള്‍, ചുണ്ടുകളില്‍ രക്തം കല്ലിച്ച പാടുകള്‍..പത്തോളം പേര്‍ നടന്നിറങ്ങിപ്പോയ ഊടുവഴി പോലെ ഒരു ശരീരം...

രക്തയോട്ടം മടുത്ത ഞരമ്പുകളെ പോലെ ലക്ഷ്യം വെറുത്തുപോവുന്ന സ്‌ത്രൈണതയായി സുരഭി എന്തുവേഗമാണ്‌ കൂപ്പുകുത്തിയത്‌. അവളുടെ ജ്വലിപ്പിക്കുന്ന മിഴികളില്‍ കാലം ദയനീയതയുടെ വയലറ്റ്‌പൂക്കള്‍ വിതറിയതെന്തിനായിരുന്നു..
ഭര്‍ത്താവിന്റെ വിയോഗം തളര്‍ത്താതെ കൂലിവേല ചെയ്‌ത്‌ അവളെ വളര്‍ത്തിയ കുഞ്ഞുലക്ഷ്‌മി ചെയ്‌തപാപമായിരിക്കുമോ അവള്‍ക്കേറ്റു വാങ്ങേണ്ടി വന്നത്‌. പെണ്‍കുട്ടികളുടെ ശരീരം കണ്ണാടി പോലെയാണ്‌. സുതാര്യമായ കാഴ്‌ചക്കപ്പുറവും അതിന്‌ സൗന്ദര്യമുണ്ട്‌. ഒഴുകിയിറങ്ങിപോവുന്ന ഏതെങ്കിലുമൊരു സ്‌പര്‍ശനത്തിന്‌ സ്ഥാനം തെറ്റിയാല്‍ മതി വീണടര്‍ന്ന്‌ ചിതറിപോവുമത്‌. പക്ഷേ സുരഭിക്ക്‌ സംഭവിച്ചത്‌ അങ്ങനെയായിരുന്നില്ല.
നഗരത്തിന്റെ തിരക്കിനൊത്ത്‌ പറിച്ചെറിഞ്ഞതാണ്‌ അവളുടെ ജീവിതം. പത്താംതരം പാസായതിന്‌ ശേഷം തയ്യല്‍പഠിക്കുവാന്‍ പോകുമായിരുന്നു. തുടര്‍പഠനത്തിനിടയിലൂടെ അതില്‍ അഗാധമായ പ്രാവീണ്യം നേടുകയും ചെയ്‌തു.
നാട്ടിമ്പുറത്തെ തയ്യല്‍ക്കാരെല്ലാം കാലാഹരണപ്പെട്ട അറിവുകള്‍ പേറുന്നവരാണല്ലോ..അതിനുമപ്പുറം പുകഴ്‌ത്തലുകളും സര്‍ട്ടിഫിക്കറ്റുകളും അവര്‍ക്കന്യമാണ്‌. ഇതെല്ലാം കൊണ്ടാവാം നാട്ടുകാരില്‍ ചിലര്‍ അവളെ ഫാഷന്‍ ഡിസൈനിംഗിന്‌ പഠിക്കാന്‍ പ്രേരിപ്പിച്ചത്‌.

പഠനത്തില്‍ മിടുക്കിയായിരുന്ന അവളെ എങ്ങനെയെങ്കിലും പഠിപ്പിക്കാന്‍ കുഞ്ഞുലക്ഷ്‌മിയും തയ്യാറായി. കാലത്തിന്റെ ഗതിവിഗതികള്‍ക്കൊപ്പം തങ്ങളുടെ ജീവിതവും മാറിമറിയുകയാണെങ്കില്‍ ആവട്ടെയെന്ന്‌ അവര്‍ ചിന്തിച്ചതില്‍ എങ്ങിനെ തെറ്റുപറയാനാകും.
ഹൈടെക്‌ സിറ്റിയിലെ പ്രശസ്‌തകോളജില്‍ കോഴ്‌സിന്‌ ചേര്‍ന്നപ്പോഴാണ്‌ ജീവിതത്തിന്റെ രണ്ടുഘട്ടങ്ങള്‍ സുരഭി തിരിച്ചറിഞ്ഞത്‌. അടുത്തവീട്ടിലെ സ്വര്‍ണ്ണമാല വാങ്ങി ബന്ധുക്കളുടെയും മറ്റും കല്ല്യണത്തിന്‌ പോകേണ്ടി വരുന്ന ദയനീയതയില്‍ ആദ്യമായി അവള്‍ പരിതപിച്ചു. ഫ്രണ്ട്‌ഷിപ്പ്‌ഡേക്ക്‌ റൂംമേറ്റ്‌ സുരഭിക്ക്‌ കഴുത്തിലിട്ട്‌ കൊടുത്ത സ്വര്‍ണമാലയുടെ തിളക്കം ഈ ലോകത്തില്‍ മറ്റെന്തിനുണ്ടാവുമെന്ന്‌ അവള്‍ ചിന്തിച്ചതിലും കൗതുകമില്ല. ഗ്രീഷ്‌മ പതിയെ റൂംമേറ്റ്‌ എന്നതിലുപരി കൂടപിറപ്പായി തന്നെ കാണാന്‍ സുരഭിക്കായതും ഇത്തരം സമ്മാനങ്ങളിലൂടെയാണ്‌.
മുട്ടോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന മിഡിയും മാറിടങ്ങളുടെ ചാല്‍ കാണുംവിധമുള്ള ടോപ്പും പ്രാക്‌ടിക്കല്‍ ക്ലാസിലിരുന്ന്‌ ചിലര്‍ ആയാസപ്പെട്ട്‌ തയ്‌ച്ചെടുക്കുന്നത്‌ കാണുമ്പോള്‍ സുരഭിക്ക്‌ ചിരി വരും. രമണിയേച്ചിയുടെ തയ്യല്‍ക്കടയില്‍ അര മണിക്കൂര്‍ മതി ഇങ്ങനെയൊന്ന്‌ തയ്‌ക്കാന്‍..ഇതിപ്പോ മൂന്നോ നാലോ ദിവസമായി വെട്ടും മുറിയുമായി ചിലര്‍ തത്രപ്പെട്ടുകൊണ്ടേയിരിക്കുന്നു. മോഡേണ്‍ വേഷത്തിലെത്തുന്ന സോണിയ മിസിന്റെ തിയറിക്ലാസുകള്‍ വല്ലാതെ വിരസമാണ്‌. ചുരിദാര്‍ സൈഡ്‌ ഓപ്പണ്‍ എന്ന്‌ ബോര്‍ഡില്‍ കുറിച്ചിട്ടിട്ട്‌ മൂന്നോ നാലോ ദിവസമായെങ്കിലും പാന്റിന്റെ സ്‌കെച്ചില്‍ തന്നെ തൂങ്ങിനില്‍ക്കുകയണവര്‍.
ക്ലാസ്‌ കഴിഞ്ഞാല്‍ ഏഴരയോടെ തിരിച്ചെത്തുമെന്ന നിബന്ധനയോടെ ഹോസ്റ്റലില്‍ നിന്നും ഗ്രീഷ്‌മയോടൊപ്പം പോകും. പിന്നെ പാര്‍ക്കില്‍ പോയിരിക്കും. ഇപ്പോ വരാമെന്ന്‌ പറഞ്ഞ്‌ ഒറ്റക്കാക്കി ഗ്രീഷ്‌മ സ്‌കൂട്ടറില്‍ കയറി പാഞ്ഞുപോകും. ആളൊഴിഞ്ഞ മരണത്തണലില്‍ പോയിരിക്കും. ഏകാന്തതയോട്‌ അഭിനിവേശമൊന്നുമില്ലെങ്കിലും അതിനൊട്‌ വെറുപ്പൊന്നുമുണ്ടായിരുന്നില്ല അവള്‍ക്ക്‌.
പകലിന്‌ മുകളില്‍ ഇരുട്ടിന്റെ മറ വന്നു വീഴുമ്പോള്‍ പ്രധാന കവാടത്തിനരുകില്‍ നിന്നും ഗ്രീഷ്‌മയുടെ ഹോണടി കേള്‍ക്കും.
`ഇതെന്ത്‌ പറ്റീ'..അഴിഞ്ഞുലഞ്ഞ മുടിയും ചുണ്ടിലെ മുറിപ്പാടും കണ്ട്‌ ഒരിക്കല്‍ തിരക്കി.
`ബഞ്ചമിന്റെ കുസൃതികളാ'...നേര്‍ത്ത ചിരിയോടെ അവള്‍ പറഞ്ഞു.
`ഗ്രീഷ്‌മാ..സൂക്ഷിക്കണം ട്ടോ'..ദയനീയമായ എന്റെ ഉപദേശം കേട്ടപ്പോള്‍ അവള്‍ ചിരിച്ചു.
പിന്നെ ഉറച്ച ആത്മവിശ്വാസത്തോടെ പറഞ്ഞു.
``ഇല്ലെടാ നീ വിഷമിക്കണ്ട..ബെഞ്ചമിന്‍ എന്നെ ചതിക്കില്ല ഒരിക്കലും...
അല്ലെങ്കിലും ആരും തൊടാത്ത ഒരു പെണ്ണിനെ ഇക്കാലത്ത്‌ ആരെങ്കിലും മോഹിക്കുമോ സുരഭീ..ഹൈടെക്‌ നഗരത്തില്‍ കന്യാകാത്വം തേടിയലയുന്നവനാണ്‌ വിഡ്ഡി.'' വിഷയത്തിനധീതമായി ഗ്രീഷ്‌മ പറഞ്ഞതെന്തിനാണെന്ന്‌ അവള്‍ക്ക്‌ മനസിലായില്ല.
റൂമിലെത്തിയ പാടെ ഗ്രീഷ്‌മ കളിക്കാന്‍ കയറി.
ഒരു പഴയ മാസികയിലെ കഥയില്‍ മിഴിയൂന്നിയിരിക്കുമ്പോഴാണ്‌ മൊബൈല്‍ ശബ്‌ദിച്ചത്‌.
അമ്മ വിളിക്കുകയാവുമെന്നോര്‍ത്ത്‌ മൊബൈലെടുക്കാനായി ബാഗ്‌ തുറന്നപ്പോള്‍ തീയില്‍ തൊട്ടപോലെ അവള്‍ കൈകള്‍ പിന്‍വലിച്ചു.
ഗര്‍ഭനിരോധന ഉറകള്‍. അടുക്കിവെച്ച കുറെ നോട്ടുകെട്ടുകള്‍...
സുരഭിയുടെ മിഴികള്‍ ഈറനായി. അവളുടെ കൈകള്‍ കഴുത്തില്‍ കിടന്ന മാലയിലേക്കിഴഞ്ഞു നീങ്ങി. അത്‌ പൊട്ടിച്ചെടുത്ത്‌ മുറിയുടെ മൂലയിലേക്ക വലിച്ചെറിഞ്ഞു.
ഒരു കനത്ത ഇരുട്ടി മേല്‍ മുഴുവന്‍ വന്ന്‌ മൂടുന്നതായി അവള്‍ക്ക്‌ തോന്നി.

ഗ്രീഷ്‌മയുമായി വല്ലാത്തൊരകലം വന്നത്‌ അവള്‍ പോലുമറിയാതെയാണ്‌. പതിവ്‌ സായന്തനസവാരികളില്‍ എന്തെന്നില്ലാത്ത നിശബ്‌ദത തളം കെട്ടി നിന്നു.
പാര്‍ക്കിലൊറ്റക്കിരിക്കുമ്പോള്‍ അനാവശ്യമായ ഓര്‍മ്മകളുടെ പ്രളയത്തില്‍ ഒലിച്ചുപോവുന്നതായി സുരഭിക്ക്‌ തോന്നി. മുന്നിലെ ഇരുട്ടില്‍ ഗ്രീഷ്‌മയുടെ മനോഹരമായ മുഖം വികൃതരൂപം പ്രാപിച്ചുനില്‍ക്കുന്നത്‌ പോലെ അവള്‍ക്ക്‌ തോന്നി.
എല്ലാമറിഞ്ഞിട്ടും അവളോട്‌ അല്‍പം പോലും വെറുപ്പ്‌ തോന്നിയിരുന്നില്ല. ഒരിക്കല്‍ പോലും ചീത്തരീതിയില്‍ അവളൊന്നും പറഞ്ഞിട്ടില്ല. സത്യത്തില്‍ ഒരു കൂടപിറപ്പിന്റെ സ്‌നേഹത്തിന്റെ ഊഷ്‌മളത തിരിച്ചറിഞ്ഞത്‌ അവളിലൂടെയാണ്‌. ഒരുമിച്ച്‌ താമസം തുടങ്ങിയതില്‍ പിന്നെ അവളെന്ത്‌ വാങ്ങിയാലും ഒന്ന്‌ തനിക്കും വാങ്ങുമായിരുന്നു. ഏതോ വലിയവീട്ടിലെ കുട്ടിയാണെന്നായിരുന്നു ധാരണ. വീട്ടുകാരെ കുറിച്ച്‌ കാര്യമായൊന്നും അവള്‍ പറഞ്ഞിരുന്നില്ല..
ദിവസങ്ങളുടെ കുതിച്ചുപായലില്‍ സായന്തനയാത്ര മാത്രം ഒഴിവാക്കാനായില്ല..
പകല്‍ ചാഞ്ഞുതുടങ്ങുമ്പോള്‍ പാര്‍ക്ക്‌ ഗേറ്റില്‍ നിന്നും സ്‌കൂട്ടറിന്റെ ഹോണടി കേള്‍ക്കും. പിന്നെ ഹോസ്റ്റലിലെ കൊഴുത്ത നിശബ്‌ദതയിലേക്ക്‌...
ഒരു രാത്രിയില്‍ അപ്രതീക്ഷിതമായി ഗ്രീഷ്‌മയുടെ ചോദ്യം കാതില്‍വന്നലച്ചു.
``സുരഭീ..എന്തു പറ്റി നിനക്ക്‌..''ഈയിടെയായി വല്ലാത്ത മൂകത.
`ഒന്നുമില്ല'..ആ ഉത്തരം അവളെ തൃപ്‌തയാക്കിയില്ലെന്ന്‌ തോന്നി.
``എന്തു പറ്റി നിനക്ക്‌..ഒരു മുറിയിലിങ്ങനെ കനത്ത നിശബ്‌ദതക്ക്‌ കീഴെ..എനിക്ക്‌ വയ്യടാ..
എന്നെക്കാള്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നതാണ്‌ സത്യം. രണ്ടാഴ്‌ചയായി നമുക്ക്‌ മുന്നില്‍ ഈ അകല്‍ച്ച വന്നിട്ട്‌...''
``ഗ്രീഷ്‌മാ..എനിക്കിപ്പോ നിന്നെ പേടിയാണ്‌. ഓരോ ദിവസം കഴിയുംതോറും നിന്നോടുള്ള ഇഷ്‌ടം കുറഞ്ഞുവരുന്ന പോലെ.'' സുരഭിയുടെ വിറയാര്‍ന്ന വാക്കുകള്‍ കേട്ട്‌ ഗ്രീഷ്‌മയുടെ മിഴികള്‍ ഈറനായി.
പിന്നെ തീഷ്‌ണമായ മുഖത്തോടെ അവള്‍ ചോദിച്ചു.
``ഞാനൊരു കോള്‍ഗേളാണെന്ന്‌ തിരിച്ചറിഞ്ഞത്‌ കൊണ്ടാവും ല്ലേ?''
അപ്രതീക്ഷിതമായ അവളുടെ ചോദ്യം കേട്ട്‌ സുരഭി നടുങ്ങിപ്പോയി. എല്ലാം അവളെങ്ങനെ തിരിച്ചറിഞ്ഞുവെന്നോര്‍ത്തപ്പോള്‍ അത്ഭുതം തോന്നി.
`അറിയില്ല'..ഒരു നീണ്ട നിശബ്‌ദതക്ക്‌ ശേഷം സുരഭി പറഞ്ഞു.
``സുരഭിക്കെന്നെ കുറിച്ചൊന്നുമറിയില്ല. കൂടപിറപ്പിനാല്‍ തന്നെ ചതിക്കപ്പെട്ടവളാണ്‌ ഞാന്‍..ഒരിക്കല്‍ എല്ലാം നഷ്‌ടപ്പെട്ടൊരാള്‍ പിന്നെന്തിനീ പരിശുദ്ധി കാത്തുവെക്കണം. ദാരിദ്ര്യത്തിന്റെ ഇടനാഴിയില്‍ നിന്ന്‌ പണത്തിന്റെ സുഖലോലുപതയിലേക്കുള്ള എന്റെ യാത്ര അതിവേഗത്തിലുള്ളതായിരുന്നു. നിനക്കറിയുമോ..ഈ നഗരത്തിന്റെ എന്റെ കിടക്ക പങ്കിടുന്നവരിലേറെയും എന്റെ അച്ഛനെക്കാള്‍ പ്രായമുള്ളവരാണ്‌...''
ഗ്രീഷ്‌മയുടെ കഥ..യാതൊരു നശിച്ച പെണ്ണിനും പറയുവാനുള്ളതാണെന്ന്‌ സുരഭിക്ക്‌ തോന്നി.
ഒന്നും പറയാതെ തിരിഞ്ഞുകിടക്കുമ്പോള്‍ ഗ്രീഷ്‌മയുടെ നേര്‍ത്ത കരച്ചില്‍ അവള്‍ക്ക്‌ കേള്‍ക്കാമായിരുന്നു.

ഈ സംഭവത്തിന്‌ ശേഷം മനസ്‌ വല്ലാതെ മൂകമാകുന്നത്‌ സുരഭിയറിഞ്ഞു.
ഒരാഴ്‌ച വീട്ടില്‍ പോയി നിന്നാല്‍ എല്ലാം ശരിയാകുമെന്ന വിശ്വാസത്തോടെ അവള്‍ പോകാനൊരുങ്ങി..
രാത്രി വണ്ടിയില്‍ കയറിയാല്‍ പുലരുമ്പോഴേക്കും നാട്‌ പിടിക്കാം..
ക്ലാസ്‌ കഴിഞ്ഞ്‌ ബാഗുമെടുത്തിറങ്ങുമ്പോഴേക്കും ഗ്രീഷ്‌മ സ്‌കൂട്ടറുമായെത്തിയിരുന്നു.
`ഞാന്‍ കൊണ്ടുവിടാം'..നിസഹായയായ അവളുടെ മുഖം കണ്ടപ്പോള്‍ സങ്കടം തോന്നി.
എട്ട്‌ മണിക്കാണ്‌ ട്രെയിന്‍..
സുരഭിയുടെ ശബ്‌ദം കേട്ട്‌ അവള്‍ വാച്ചില്‍ നോക്കി പറഞ്ഞു.
``ആറു മണിയെ ആയുള്ളു..വാ..എന്തായാലും പോകാം..''
പാര്‍ക്കിന്‌ സമീപമെത്തിയപ്പോള്‍ അവളുടെ മൊബൈല്‍ ശബ്‌ദിച്ചു.
സ്‌കൂട്ടര്‍ റോഡരുകില്‍ നിര്‍ത്തി ഗ്രീഷ്‌മ ഫോണ്‍ ചെവിയോട്‌ ചേര്‍ത്തു.
``സുരഭീ..നിയിവിടെയിരിക്ക്‌ അര മണിക്കൂര്‍..ഞാനിപ്പോ വരാം.''
പാര്‍ക്കിലേക്ക്‌ നടക്കുന്നതിനിടെ അവള്‍ വിളിച്ചുപറയുന്നത്‌ കേട്ടു.
``ടിക്കറ്റ്‌ ഞാനെടുത്ത്‌ വരാം...''
വേണ്ടായെന്ന്‌ പറയണമെന്നുണ്ടായിരുന്നെങ്കിലും അവളുടെ വണ്ടി അകന്നുപോയിരുന്നു..
പാര്‍ക്കിലിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി മഴ പെയ്‌തു.
കനത്ത മഴയില്‍ അല്‍പമകലെ കണ്ട ഗോപുരത്തിനടുത്തേക്ക്‌ അവള്‍ നടന്നു.
ഒരിക്കലുമില്ലാത്ത വിധം കാറ്റടിക്കുന്നുണ്ടായിരുന്നു..
ഗോപുര കവാടത്തിനരുകിലെ സിമന്റെ തിണ്ണയില്‍ അവള്‍ ബാഗെടുത്ത്‌ മടിയില്‍ വെച്ച ശേഷം അതില്‍ കൈചുറ്റിയിരുന്നു.
മഴ വന്യമായി അലറിപെയ്‌തുകൊണ്ടിരുന്നു..
ഗ്രീഷ്‌മയൊന്ന്‌ വേഗം വന്നിരുന്നെങ്കിലെന്ന്‌ അവള്‍ അറിയാതെ ആഗ്രഹിച്ചു.
ഇരുട്ട്‌ വ്യാപിക്കുന്നത്‌ കണ്ട്‌ സുരഭിക്ക്‌ വല്ലാത്ത ഭയം തോന്നി.
ചുറ്റിനും കുറെ നിഴലുകള്‍ വലയം ചെയ്‌തത്‌ സുരഭി അപ്പോഴുമറിഞ്ഞില്ല.

സുരഭി കണ്ണുതുറന്ന്‌ നോക്കുമ്പോള്‍ നേരം വെളുത്ത്‌ തുടങ്ങിയിരുന്നു..
ശരീരത്തില്‍ ഒരു തുണ്ടുവസ്‌ത്രമില്ലെന്നവള്‍ അറിഞ്ഞു. ചാടിയെഴുന്നേറ്റ്‌ ബാഗ്‌ തുറന്ന്‌ മറ്റൊരു വസ്‌ത്രമെടുത്തണിയുമ്പോള്‍ ദേഹം മുഴുവന്‍ അസഹ്യമായ വേദന പടരുന്നുണ്ടായിരുന്നു.
വളരെ പ്രയാസപ്പെട്ട്‌ റോഡിലെത്തി ഓട്ടോയ്‌ക്ക്‌ കൈ കാണിച്ച്‌ കയറിയിരിക്കുമ്പോള്‍ അവള്‍ വല്ലാതെ തളര്‍ന്നിരുന്നു.
ഹോസ്റ്റലിന്റെ പേര്‌ പറഞ്ഞ്‌ സീറ്റിലേക്ക്‌ ചാഞ്ഞിരിക്കുമ്പോള്‍ കുടയെടുക്കാന്‍ മറന്ന സായന്തനത്തെയും മഴയെയും ഗ്രീഷ്‌മയെയും അവള്‍ ശപിക്കുന്നുണ്ടായിരുന്നു.
ഓട്ടോ ബീച്ച്‌ റോഡിലേക്ക്‌ തിരിഞ്ഞപ്പോള്‍ ഒരാള്‍ക്കൂട്ടം കണ്ടു..
ഡ്രൈവര്‍ വണ്ടി അരുകിലൊതുക്കി അങ്ങോട്ടേക്ക്‌ പോകുന്നത്‌ അവള്‍ അവ്യക്തമായി കണ്ടു.
കൊലപാതകമാ..ആരോ പറയുന്നത്‌ കേട്ടു,
സുരഭി ആയാസപ്പെട്ട്‌ പുറത്തിറങ്ങി ആള്‍ക്കൂട്ടത്തിനിടയിലൂടെ നൂണ്ടുകയറി..
മണല്‍തിട്ടയില്‍ അര്‍ദ്ധനഗ്നയായ ഒരു പെണ്‍കുട്ടി കമഴ്‌ന്നുകിടക്കുന്നുണ്ടായിരുന്നു..
അരുകിലേക്കടുക്കും തോറും സുരഭിയുടെ മനസ്‌ പ്രഷുബ്‌ധമായി കൊണ്ടിരുന്നു.
`ഗ്രീഷ്‌മാ...'
വിറയാര്‍ന്ന ചുണ്ടുകള്‍ കൊണ്ട്‌ അത്രയും പറഞ്ഞവള്‍ ബോധമറ്റുവീണു.

**************************************
സുരഭിയേയും കൂട്ടി മാനസികാശുപത്രിയില്‍ നിന്നും പുറം വെളിച്ചത്തിലേക്ക്‌ നടക്കുമ്പോള്‍ കുഞ്ഞുലക്ഷ്‌മിയുടെ മനസില്‍ സ്വപ്‌നങ്ങള്‍ പല്ലിളിച്ച്‌ കാട്ടുന്നുണ്ടായിരുന്നു.
മരുന്നുകളുടെ ലോകത്തേക്ക്‌ ഓര്‍മ്മകള്‍ തിരിച്ചുപിടിക്കാന്‍ സുരഭി കയറിപോയിട്ട്‌ നാളുകളേറെയായി.
മകള്‍ പഠിച്ച്‌ വലുതാവുന്നതും നോക്കിയിരുന്ന അമ്മയുടെ നീറ്റല്‍ ഇനി ആരറിയാന്‍..
വാതിലിലെ പതിവ്‌ താളം അന്ന്‌ രാത്രിയും കുഞ്ഞുലക്ഷ്‌മി കേട്ടു..
സുരഭിയുടെ മുറിയുടെ വാതില്‍ ചാരിയ ശേഷം ആദ്യമായി അവര്‍ ആരെയോ സ്വീകരിക്കാനൊരുങ്ങി..

17 comments:

ഗിരീഷ്‌ എ എസ്‌ said...

സ്‌ത്രീകള്‍ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന
കഥാപരമ്പര...

ഓര്‍മ്മകളിലും വര്‍ത്തമാനത്തിലും
ജീവിതത്തെ സ്വാധീനിച്ചതും
മനസിനെ കീഴ്‌പ്പെടുത്തിയതും
നൊമ്പരപ്പെടുത്തി
മറഞ്ഞുപോയവരുമായ
നിരവധി സ്‌ത്രീ കഥാപാത്രങ്ങളില്‍ നിന്ന്‌
ആദ്യമായി
നാട്ടുമ്പുറത്തെ സാധാരണജീവിതത്തില്‍ നിന്ന്‌
ഹൈടെക്‌ സിറ്റിയിലെത്തിപ്പെട്ട
സുരഭി എന്ന പെണ്‍കുട്ടിയുടെ കഥ


കഥാപരമ്പരയിലെ ആദ്യകഥ-മഴ പെയ്‌ത രാത്രിയില്‍

മലബാറി said...

vaayichuto..

ജിജ സുബ്രഹ്മണ്യൻ said...

നല്ല കഥ..നല്ല രചന..വായിച്ചിരിക്കാന്‍ തോന്നി..ആശംസകള്‍

Unknown said...

സുരഭി ഇന്നത്തെ ചീഞ്ഞൂ നാറിയ മനുഷ്യാവസ്ഥയുടെ ബലിയാടാണ്.നിറുത്താത്തെ മഴയില്‍ കൂട്ടുകാരിയെ കാത്തിരുന്ന പെണ്‍കുട്ടി
ആ ഇരുട്ടില്‍ ആ പെണ്‍കുട്ടിയെ സഹായിക്കേണ്ടുന്നതിനു പകരം അവളിലെ സ്ത്രിത്വത്തെ കാര്‍ന്നെടുത്ത ഒരു സമൂഹം.
ആദ്യ വരിയില്‍ സുരഭിയുടെ ശരിരവര്‍ണനകളില്‍ കഥാകാരി പറയുന്നു.പത്താളുകള്‍ നടന്നു പോയ വഴി പോലെ എന്ന്.
ശരിക്കും തീക്ഷണമായ ഒരു പ്രമേയം തന്നെ ദ്രൌപതി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശക്തമായ ചിന്തകള്‍ എന്നതിനുമപ്പുറം ഒന്നും പറയാന്‍ കിട്ടുന്നില്ല.

ഏറെ ഇഷ്ടപ്പെട്ടു സുരഭി

ആഗ്നേയ said...

വല്ലാതെ സങ്കടപ്പെടുത്തിക്കളഞ്ഞു.
ഏത് ഹൈടെക് യുഗത്തിലും,ഹൈടെക് നഗരങ്ങളിലും,ഏറ്റവും വിലയുള്ളതും,വിലയിടിയുന്നതും സ്ത്രീശരീരത്തിനാണെന്ന വസ്തുത അതീവഖേദകരം.
പക്ഷേ ഭര്‍ത്താവ് മരിച്ചിട്ടും അങ്ങേയറ്റം ബുദ്ധിമുട്ടി,തെറ്റിന്റെ വഴിയില്‍പ്പെടാതെ മകളെ വളര്‍ത്തിയ ആ അമ്മക്ക് അവസാന നിമിഷം മകളെ ചികിത്സിക്കാന്‍ ആര്‍ക്കോവേണ്ടിവാതില്‍ തുറക്കേണ്ടിവന്നു എന്നത്?

Sharu (Ansha Muneer) said...

വളരെ നന്നായി.....

CHANTHU said...

തീവ്രം.....

ഹരിയണ്ണന്‍@Hariyannan said...

നന്നായിട്ടുണ്ട്!

ജീവിതത്തില്‍ കണ്ടുമുട്ടിയ സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി കൈതമുള്ളില്‍ ഒരു സീരീസുണ്ട്;ജ്വാല!!

ഇതിന് ചിന്തോദ്വീപകമായ ഒരു സുഖം തോന്നി!
നന്ദി!!

Sarija NS said...

ഭീതിജനകമായ വസ്തുതകള്‍ കൊണ്ടൊരു കഥ

ശ്രീ said...

നല്ല കഥ

രസികന്‍ said...

നന്നായിരുന്നു
ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ

Sunith Somasekharan said...

kollaam...

Bindhu Unny said...

തീക്ഷ്ണമായ രചന. സ്ത്രീയുടെ മാ‍നസികവും, ശാരീരികവും, സാമ്പത്തികവുമായ നിസ്സഹായതകളെ ചൂഷണം ചെയ്യുന്ന സമൂഹത്തെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നു. കൂടുതല്‍ എഴുതാന്‍ ആശംസകള്‍. :-)

അനില്‍@ബ്ലോഗ് // anil said...

മനസ്സിനെ സ്പര്‍ശിക്കുന്ന എഴുത്ത്.ചില വാചകങ്ങള്‍ ശരിക്കും തറക്കൌന്നുണ്ടു.
[അല്ലെങ്കിലും ആരും തൊടാത്ത ഒരു പെണ്ണിനെ ഇക്കാലത്ത്‌ ആരെങ്കിലും മോഹിക്കുമോ സുരഭീ..ഹൈടെക്‌ നഗരത്തില്‍ കന്യാകാത്വം തേടിയലയുന്നവനാണ്‌ വിഡ്ഡി.'' വിഷയത്തിനധീതമായി ഗ്രീഷ്‌മ പറഞ്ഞതെന്തിനാണെന്ന്‌ അവള്‍ക്ക്‌ മനസിലായില്ല.]
സത്യമെന്നു തെളിയിക്കുന്ന സാക്ഷ്യങ്ങള്‍ നിരവധി.
കഥയുടെ മുഖ്യ ധാരയില്‍ നിന്നും മാറിയതിനു ക്ഷമിക്കുക.

smitha adharsh said...

വിഷയം പഴയത് തന്നെ ....പക്ഷെ,ഭാഷയുടെ സത്യസന്ധതയും വാക്കുകളുടെ പുതുമയും,ജീവിത ഗന്ധമുള്ള വികാരങ്ങളും ഇതിനെ കൂടുതല്‍ മനോഹരമാക്കി....ഒരുപാടിഷ്ടപ്പെട്ടു

ഗിരീഷ്‌ എ എസ്‌ said...

മലബാറി
കാന്താരിക്കുട്ടീ
അനൂപ്‌
പ്രിയാ
ആഗ്നേ
ശാരു
ചന്തു
ഹരിയണ്ണന്‍
സരിജ
ശ്രീ
രസികന്‍
ക്രാക്ക്‌ വേര്‍ഡ്സ്‌
ബിന്ദു..
അനില്‍
സ്മിതാ
പ്രോത്സാഹനത്തിന്‌ നന്ദി...