Saturday, January 5, 2008

നര്‍മ്മത്തിന്റെ മറവില്‍ ഒളിഞ്ഞിരിക്കുന്ന ദൈന്യതയുമായി അധ്യാപകകഥകള്‍



നര്‍മ്മത്തിന്റെ ലാളിത്യത്തിന്റെ മറവില്‍ ദൈന്യതയാല്‍ വേദനിക്കുന്ന ഹൃദയങ്ങളെ പുറത്തെടുത്തിട്ട്‌ കാണിക്കുകയാണ്‌ അക്ബര്‍ കക്കട്ടിലിന്റെ അധ്യാപക കഥകള്‍. വാക്കുകളെ ആകെ പൊതിഞ്ഞിരിക്കുന്ന ഹാസ്യത്തിന്റെ മൊമ്പൊടി വായനക്കാരന്‍ വീണ്ടുമൊരിക്കല്‍ കൂടി സൂക്ഷ്മായി നിരീക്ഷിച്ചാല്‍ അതിലൊഴിളിഞ്ഞിരിക്കുന്ന ദയനീയതയുടെ ചിത്രം കാണാം. 'ധൃതിയില്‍ ഒരു ദിവസം' എന്ന കഥയുടെ പര്യവസാനം വായനക്കാരനെ ചിരിപ്പിക്കുകയാണോ ചിന്തിപ്പിക്കുകയാണോ എന്ന്‌ സ്വയം ചോദിച്ചുനോക്കിയാല്‍ ഇതിന്‌ ഉത്തരം ലഭിക്കും. അപ്രതീക്ഷിതമായി ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളിലൂടെ എഴുത്തുകാരന്‍ ഇവിടെ പറയാനുദ്ദേശിക്കുന്നതെന്താവും. ഒരു പക്ഷേ പൊരുത്തപ്പെടലുകളാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ വൈകാരികതലം എന്നു തന്നെയാവും. ഗ്രീഷ്മ എന്ന കഥാപാത്രം തന്റെ സ്വപ്നങ്ങളെ ലളിതവല്‍ക്കരിക്കുകയാണെന്ന്‌ സംശയമുണര്‍ത്തും വിധം കഥ മുന്നേറുമ്പോള്‍ അധ്യാപകനായ സുരേഷിന്റെ വ്യാകുലതകള്‍ ഹാസ്യാത്മകമായി അവസാനിക്കുന്നത്‌ വായനക്കാരനെ ആനന്ദിപ്പിക്കുകയല്ല മറിച്ച്‌ വേദനിപ്പിക്കുകയാണ്‌.
സമാഹാരത്തിലെ 30 കഥകളില്‍ 'ഇന്ന്‌ നമുക്ക്‌ റഷീദയെ കുറിച്ച്‌ ചിന്തിക്കാം' എന്ന കഥ വിസ്മയിപ്പിക്കുന്ന രചനാരീതിയാണ്‌ അവലംബിക്കുന്നത്‌. അപ്രതീക്ഷിതമായി ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ മനോഹാരിതയാണ്‌ ഇവിടെ കുറിച്ചിട്ടിരിക്കുന്നത്‌. കുസൃതിയായ വിദ്യാര്‍ത്ഥിനിയായിരുന്ന റഷീദയെ മോഹനെന്ന അധ്യാപകന്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം കണ്ടുമുട്ടുന്നതും അവര്‍ തമ്മിലുള്ള സംഭാഷണങ്ങളുമെല്ലാം കഥയുടെ ആഖ്യാനശൈലിയെ തന്നെ വ്യത്യസ്തമാക്കുന്നു. ഒരു പക്ഷേ അവസാനഭാഗത്തേക്ക്‌ കണ്ണുപായിക്കാന്‍ തോന്നുംവിധം പിരിമുറക്കമുണ്ടാക്കുന്നതാണ്‌ കഥയുടെ മുന്നോട്ടുള്ള യാത്ര.
"സ്ത്രീകള്‍ക്ക്‌ ആനൂകൂല്യങ്ങളും സ്വാതന്ത്ര്യങ്ങളും നേടാനേ കഴിയൂ അതൊന്നും അനുഭവിക്കാന്‍ ഭാഗ്യമില്ല" എന്ന്‌ വളരെ അനായാസമായി റഷീദ കഥയുടെ അവസാനഭാഗത്ത്‌ പറയുമ്പോഴാണ്‌ ഒരു ലളിതകഥയുടെ മുറുക്കമുള്ള ആഖ്യാനശൈലി വെളിപ്പെടുന്നത്‌. ആ വാക്കുകള്‍ക്ക്‌ തിരിച്ചറിയാനാവാത്ത വിധമൊരു അര്‍ത്ഥതലമുണ്ട്‌. അത്‌ കഥാകൃത്ത്‌ പറയാതെ പറയുകയെന്ന സങ്കേതം സ്വീകരിച്ചതായി തോന്നുമെങ്കിലും ഇവിടെ വെളിപ്പെടുന്നത്‌ കലാലയജീവിതമെന്നത്‌ വിസ്മരിക്കാനാവാത്ത ചില മുഹൂര്‍ത്തങ്ങളെ സമ്മാനിക്കുമെന്നും ഓര്‍മ്മകളില്‍ നിന്നും ഇടക്കെപ്പോഴൊക്കെയോ അത്‌ പുനര്‍ജനിക്കുമെന്നുമാണ്‌.
ഗ്രാമീണതയുടെ പശ്ചാത്തലഭംഗിയാണ്‌ അക്ബര്‍ കക്കട്ടിലിന്റെ അധ്യാപക കഥകളുടെ മറ്റൊരു പ്രത്യേകത. കലാലയജീവിതവുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന കഥാപാത്രങ്ങളുടെ മനസിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങിചെന്ന്‌ തന്നെയാണ്‌ ഓരോ കഥയും നമ്മോട്‌ സംവദിക്കുന്നത്‌. ഒന്നും സാങ്കല്‍പികമെന്ന്‌ തോന്നാത്തവിധം മനോഹരമാണ്‌ കഥയിലെ മിക്ക കഥാപാത്രങ്ങളുടെയും സ്വഭാവും വ്യക്തിത്വവും.
സമാഹാരത്തിലെ വളരെ രസകരമായ മറ്റൊരു കഥയാണ്‌ 'അക്ബര്‍മാഷ'്‌. ഒരു തെറ്റും ചെയ്യാതെ കുറ്റക്കാരനാവേണ്ടി വരുന്ന നിസഹായത അനുഭവിക്കുന്ന ഒരധ്യാപകന്റെ ആത്മസംഘര്‍ഷത്തിലൂടെയാണ്‌ ഈ കഥ പുരോഗമിക്കുന്നത്‌. നാട്ടുമ്പുറത്തെ അനാവശ്യ പരദൂഷണങ്ങള്‍ എങ്ങനെ ജീവിതത്തെ ബാധിക്കുന്ന വിധത്തില്‍ പരക്കുന്നുവെന്നതാണ്‌ ഇവിടെ മുഖ്യവിഷയമാകുന്നത്‌. ഒടുവില്‍ ചെയ്യാത്ത തെറ്റ്‌ സ്വയമേറ്റെടുക്കുന്നതിലൂടെ അക്ബര്‍മാഷ്‌ കുറ്റക്കാരനെന്ന്‌ മുദ്രകുത്തിയവരോട്‌ പ്രതികാരം തീര്‍ക്കുകയാണ്‌ ചെയ്യുന്നത്‌.
ഈ പുസ്തകത്തിലെ കഥകളില്‍ പ്രത്യക്ഷപ്പെടുന്ന പല മാഷമ്മാരും ഒറ്റ മാഷുടെ വകഭേദങ്ങളാണെന്ന്‌ അക്ബര്‍ കക്കട്ടില്‍ മുന്‍കുറിപ്പില്‍ വെളിപ്പെടുത്തിയിരിക്കുന്നു. എന്റെ തന്നെ പല വേഷങ്ങള്‍ എന്ന്‌ വ്യക്തമാക്കിയിരിക്കുന്ന അദ്ദേഹം ആത്മകഥ തിരിച്ചറിയാനുള്ള സൗകര്യത്തിനാണ്‌ അധ്യാപക കഥകള്‍ എന്ന്‌ നാമകരണം ചെയ്തിരിക്കുന്നതെന്നും പറയുന്നു. അതുകൊണ്ടെല്ലാം തന്നെ അനുഭവങ്ങളുടെ തീരാത്ത പെയ്ത്തുതന്നെയാണ്‌ ഈ കഥകളെല്ലാം.
സമാഹാരത്തിലെ എല്ലാ കഥകളും വ്യത്യസ്തങ്ങളായ അര്‍ത്ഥതലങ്ങള്‍ കൊണ്ട്‌ സമ്പന്നമാണ്‌. പ്യൂണ്‍ ബാലേട്ടന്‍, പരിമിതികള്‍, ഒരു പ്രതിസന്ധി, മരണാനന്തരസാധ്യതകള്‍, അണിയറ എന്നിങ്ങനെ എല്ലാ കഥാകളും ഒന്നിനൊന്ന്‌ അസ്വാദ്യകരമായി തീരുന്നു. മാതൃഭൂമി ബുക്സ്‌ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ പുതിയ പതിപ്പില്‍ കൂടുതല്‍ കഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
വില: 90 രൂപ

16 comments:

ഗിരീഷ്‌ എ എസ്‌ said...

സമാഹാരത്തിലെ 30 കഥകളില്‍ 'ഇന്ന്‌ നമുക്ക്‌ റഷീദയെ കുറിച്ച്‌ ചിന്തിക്കാം' എന്ന കഥ വിസ്മയിപ്പിക്കുന്ന രചനാരീതിയാണ്‌ അവലംബിക്കുന്നത്‌. അപ്രതീക്ഷിതമായി ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ മനോഹാരിതയാണ്‌ ഇവിടെ കുറിച്ചിട്ടിരിക്കുന്നത്‌. കുസൃതിയായ വിദ്യാര്‍ത്ഥിനിയായിരുന്ന റഷീദയെ മോഹനെന്ന അധ്യാപകന്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം കണ്ടുമുട്ടുന്നതും അവര്‍ തമ്മിലുള്ള സംഭാഷണങ്ങളുമെല്ലാം കഥയുടെ ആഖ്യാനശൈലിയെ തന്നെ വ്യത്യസ്തമാക്കുന്നു.


അക്ബര്‍ കക്കട്ടിലിന്റെ അധ്യാപക കഥകളെ കുറിച്ച്‌

ഫസല്‍ ബിനാലി.. said...

parichayappeduthalinu nandi..

ഉപാസന || Upasana said...

വര്‍മ,

പരിഅചയപ്പെടുത്തിയതിന് ന്നന്ദി.
വായിക്കാ‍ാന്‍ ശ്രമിക്കാം
കക്കട്ടില്‍ മാഷെ മുമ്പേ അറിയാം
:)
ഉപാസന

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പരിചയപ്പെടുത്തല്‍ നന്നായി അവതരുപ്പിച്ചൂ.നയിസ്

വേണു venu said...

ദ്രൌപദീ,
മാഷിനെ അറിയാം.
ഈ പുസ്തകങ്ങള്‍‍ തീര്‍ച്ചയായും വായിക്കാന്‍‍ പ്രേരിപ്പിക്കുന്നു ദ്രൌപതിയുടെ എഴുത്ത്, ഈ കഥാ കഥനം.:)

പ്രയാസി said...

മാഷെ ഇപ്പോ പറഞ്ഞാ നടക്കാത്ത കാര്യമാ..

നാട്ടില്‍ വരട്ടെ..!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പുസ്തകപരിചയം നന്നായി.ഉപകാരപ്രദം.

ശ്രീ said...

ഈ പുസ്തക്ക പരിചയം വളരെ നന്നായി...

:)

വല്യമ്മായി said...

നാട്ടില്‍ പോയപ്പോള്‍ ഏറെതിരഞ്ഞിട്ടും മാഷിന്റെ സ്കൂള്‍ ഡയറി മാത്രമേ കിട്ടിയുള്ളൂ,ദ്രൗപദി,ഈ പരിചയപ്പെടുത്തലിനു നന്ദി,വായിക്കാന്‍ ശ്രമിക്കാം.

കുറുമാന്‍ said...

ഈ പുസ്തകപരിചയപെടൂത്തലിന് വളരെ നന്ദി. അടുത്ത ആഴ്ച നാട്ടില്‍ പോകുമ്പോള്‍ ഉറപ്പായും വാങ്ങിയിരിക്കും.

അക്ബര്‍ മാഷ് 10-11-12 തൃശൂരുണ്ടാവും എന്ന് പറഞ്ഞിരുന്നു........ആ തിയതിക്ക് എത്താനായാല്‍ കയ്യൊപ്പോടെ പുസ്തകം കരസ്ഥമാക്കാം..

Sethunath UN said...

ന‌ന്നായി. നന്ദി!

സജീവ് കടവനാട് said...

ദ്രൌപതീ നല്ല ശ്രമം. അഭിനന്ദനങ്ങള്.

Vanaja said...

ഇങനെയൊരു കുറിപ്പ് കണ്ടില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ അറിയാതെ പോകുമായിരുന്നു ഈ പുസ്തകത്തെ കുറിച്ച്. നന്ദി.

ഏ.ആര്‍. നജീം said...

നല്ലൊരു പുസ്തകത്തെ കുറിച്ച് പരിചയപ്പെടുത്തിയതിന് നന്ദി... :)

Mahesh Cheruthana/മഹി said...

ദ്രൗപദി,
നല്ലൊരു ശ്രമത്തിലൂടെ ലളിതമായ പദങ്ങളിലൂടെ പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി! ഈ ഉദ്യമത്തിനു എല്ലാ ഭാവുകങ്ങളും!

ഗിരീഷ്‌ എ എസ്‌ said...

ഫസല്‍
ഉപാസന
റജീ
വേണുവേട്ടാ
പ്രയാസി
പ്രിയാ
ശ്രീ
വല്ല്യമ്മായി
കുറുമാന്‍
നിഷ്കളങ്കന്‍
കിനാവ്‌
വനജേച്ചീ
നജീം
മഹേഷ്‌
അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി