Saturday, August 18, 2007

എയ്ഡ്സ്‌


ഒന്ന്‌
കണ്ണാ...
ഇന്ദ്രിയങ്ങളെ നിദ്ര കീഴ്പ്പെടുത്തും മുമ്പ്‌
ഞാനെന്റെ ഹൃദയം തിരിച്ചുചോദിക്കുന്നു
വില്‍ക്കുവാനല്ല...
നിറമില്ലാത്ത ചുമരുകളില്‍
ചിത്രങ്ങളെ പോലെ തൂക്കിയിടാന്‍
പൊടിപിടിച്ചു തുടങ്ങുമ്പോള്‍
ഹരിതഭൂമിയുടെ ഊഷ്മളതയിലേക്ക്‌ വൃഥാ വലിച്ചെറിയാന്‍...

പരസ്പരം കാണാറുള്ള കവലകളില്‍ നിന്നും
താളിയോലകളില്‍ നിന്നും മാഞ്ഞുപോകുന്ന
പേരായി നീ മറയുമ്പോള്‍...
മണ്‍സൂണ്‍ രാത്രികളിലെ നഷ്ടപ്പെട്ട യാമങ്ങള്‍
ഇന്നും എന്നെ ഇക്കിളിപ്പെടുത്തുകയാണ്‌...

ഊഷരഭൂമിയില്‍ നിന്നും അയനം
ഊര്‍വതയിലെത്തും മുമ്പെ സാര്‍ത്ഥകമായ മിഥ്യകള്‍
ചോദ്യങ്ങള്‍ ചോര്‍ന്നുപോയവന്റെ ജഡത്തില്‍
ഈച്ചയാര്‍ക്കുന്ന നേരം...
സംസ്ക്കരിക്കാന്‍ മറന്ന അവശിഷ്ടങ്ങളില്‍
മുഖം പൂഴ്ത്തി ചിരിച്ചതും നീ...

ഹേമന്തത്തില്‍ ശബ്ദമുണ്ടാക്കുന്ന
കാറ്റാടി മരങ്ങളുടെ ശിഖരങ്ങളില്‍ കൂടുകൂട്ടിയ
പക്ഷികളുടെ വെന്തമാംസം
തീന്‍മേശയില്‍ ആവി പറത്തുമ്പോള്‍..
നിന്റെ ചുണ്ടുകളിലേക്കെന്റെ
ലാവ ഉരുകിയൊലിച്ച്‌ പടര്‍ന്നത്‌...
ലാളനങ്ങളുടെ കടലില്‍ നാം തിരമാലയായത്‌...
ഊടുവഴികളില്‍ ഒരൊറ്റബിന്ദുവായി ചേര്‍ന്നലിഞ്ഞത്‌...
നിന്റെ ശിശിരത്തിലായിരുന്നു

രണ്ട്‌
ചവിട്ടിക്കടന്നുപോയവരുടെ കാല്‍പാടുകളായിരുന്നു
ഹൃദയത്തിന്റെ വെളുത്ത ചുവരുകള്‍ നിറയെ...
എന്നിട്ടും ആസുരനൃത്തം കണ്ടാസ്വദിച്ച
പരേതാത്മക്കളോട്‌...
മാര്‍ബിള്‍കൂടാരത്തില്‍ കിടന്നുറങ്ങുന്ന
നിന്റെ സ്വപ്നങ്ങളുടെ വില പറയുക...

എന്റെ മനസിന്റെ തരിശില്‍
നിന്റെ കാല്‍പാദങ്ങള്‍ പതിഞ്ഞിട്ടുണ്ടായിരുന്നു...
കാറ്റിലും... ഇലകള്‍ കൊഴിഞ്ഞപ്പോഴും
ഓര്‍മ്മകള്‍ കൊണ്ട്‌ കാത്തുസൂക്ഷിച്ചിരുന്നു...
പക്ഷേ..ഈ മഴയില്‍...ചോര്‍ച്ചയില്‍
ആര്‍ദ്രമായി തന്നെ അസ്തമിക്കുകയാണ്‌
കിനാവുകളിലെ ആ മുദ്രകള്‍...

കാറ്റ്‌ പൊഴിക്കുന്ന സ്ഫടികതുള്ളികള്‍
ആകസ്മികമായി ചിതറുമ്പോള്‍
ഇടവപാതിയുടെ സങ്കീര്‍ത്തനങ്ങള്‍
ബാഷ്പമായി പറന്നത്‌ മറ്റൊരു മഴക്കായി മാത്രം...
പേമാരിയില്‍ ഒഴുകി നടന്ന്‌
മണ്ണിന്റെ അഗാധതയിലേക്ക്‌ പോയത്‌
തായ്‌വേരുകളുടെ സുക്ഷുപ്തിക്കും...
കോളില്ലാത്ത ആകാശത്ത്‌ നക്ഷമായി നീ ചിരിക്കുമ്പോള്‍
കൊന്നമരത്തിന്റെ ചുവട്ടില്‍
ഞാന്‍ മഴ നനയുകയായിരുന്നു....

മൂന്ന്‌
നന്ദി...
നീ തന്ന പോസിറ്റീവ്‌ രക്തത്തിന്‌
ചുവടുകള്‍ പിഴക്കാത്ത നൃത്തത്തിന്‌
ഒഴുകി വന്ന മന്ത്രണങ്ങള്‍ക്ക്‌
വിയര്‍പ്പിന്റെ സുഗന്ധത്തിന്‌
നിന്നോട്‌...നിന്റെ ഹൃദയത്തോട്‌...ആത്മാവിനോട്‌...

തപസ്‌ തീര്‍ന്നു...
മരണവാര്‍ഡുകളിലേക്ക്‌ മാമ്പൂ നിറച്ച ട്യൂബുകളുമായി
വിരുന്നുപോകുന്ന വെളുത്ത മാലാഖമാരുടെ
വിരാമഗീതങ്ങള്‍ കേള്‍ക്കുന്നു...
താപമളക്കാന്‍ വന്ന തെര്‍മോമീറ്ററിന്റെ നിലവിളിയും
ഉറയുടെ പരസ്യത്തില്‍
ചിതലരിക്കുന്നു...

പ്രളയം വന്ന്‌ സകലതുമൊലിച്ചുപോയാലുമില്ലെങ്കിലും..
സൂര്യാഘാതമേറ്റാലും..
മാര്‍ബിള്‍ കൂടാരത്തില്‍ കുറിച്ചുവെച്ച പേര്‌
നിന്റെത്‌ തന്നെയായിരുന്നുവെന്ന്‌
ശൈത്യം ഓര്‍മ്മപ്പെടുത്തുന്നു...

കണ്ണാ...
പക്ഷിയല്ല ചിറകറ്റുവീഴുവാന്‍..
ശിഖരമല്ല അടരുവാന്‍...
ഋതുഭേദങ്ങളില്‍ മറഞ്ഞിരുന്ന്‌ കൊത്തിയ
വിഷനാഗത്തിന്റെ പല്ലുകള്‍ മാത്രം നീ...


ചിത്രം കടപ്പാട്‌-ഗൂഗിള്‍

22 comments:

ഗിരീഷ്‌ എ എസ്‌ said...

കണ്ണാ...
പക്ഷിയല്ല ചിറകറ്റുവീഴുവാന്‍..
ശിഖരമല്ല അടരുവാന്‍...
ഋതുഭേദങ്ങളില്‍ മറഞ്ഞിരുന്ന്‌ കൊത്തിയ
വിഷനാഗത്തിന്റെ പല്ലുകള്‍ മാത്രം നീ...

സമൂഹത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ഒരു മാരകവിപത്തിനെ
പ്രണയവുമായി കൂട്ടികലര്‍ത്തി പുതിയ ഒരധ്യായത്തിന്‌ ശ്രമിക്കുന്നു..
മറ്റൊരു മുഖത്തോടെ ഒരിക്കലെന്നോ പരിചയപ്പെടുത്തിയതാണെങ്കില്‍ കൂടി ഈ വരികള്‍
പുതിയ പ്രതലത്തിലൂടെ വഴിമാറ്റി വിടുന്നു...


അവള്‍ കരുതിയത്‌ അവന്‍ സ്നേഹിക്കാനായി
എത്തിയതെന്നായിരുന്നു...
പക്ഷേ..
അവന്റെ വരവ്‌..അവളിലൊരു തരി രോഗത്തിന്റെ
ബീജം പാകാന്‍ മാത്രമായിരുന്നു...

എയ്ഡ്സ്‌-പുതിയ പോസ്റ്റ്‌

Sanal Kumar Sasidharan said...

Fantastic

നന്ദി...
നീ തന്ന പോസിറ്റീവ്‌ രക്തത്തിന്‌
ചുവടുകള്‍ പിഴക്കാത്ത നൃത്തത്തിന്‌
ഒഴുകി വന്ന മന്ത്രണങ്ങള്‍ക്ക്‌
വിയര്‍പ്പിന്റെ സുഗന്ധത്തിന്‌
നിന്നോട്‌...നിന്റെ ഹൃദയത്തോട്‌...ആത്മാവിനോട്‌

സാല്‍ജോҐsaljo said...

nice...

ഉപാസന || Upasana said...

വര്‍മാജി,
നന്നായിരുന്നു. പണ്ട് ഏതോ ഒരുവന്‍ മറ്റൊരുവനോട് ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചു. യാത്രക്കിടെ പിന്നിലിരുന്നവന്‍ ഒരു സിറിഞ്ച് എടുത്ത് മറ്റവന്റെ കാലില്‍ കുത്തിയിറക്കി പറഞ്ഞുവത്രെ..."Welcome to the AIDS Club" എന്ന്. ശരിയാണോ എന്നറിയില്ല.

എന്റെ മനസിന്റെ തരിശില്‍
നിന്റെ കാല്‍പാദങ്ങള്‍ പതിഞ്ഞിട്ടുണ്ടായിരുന്നു...

ശോകമില്ലാത്ത ഒരു കവിതക്കായി ഞാന്‍ കാത്തിരിക്കുന്നു.
:)
പൊട്ടന്‍

Haree said...

കണ്ണാ, എന്ന വിളി എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു!
ഒന്നില്‍ നിന്നും മൂന്നിലേക്ക് പോയാലും കുഴപ്പമില്ലെന്നു തോന്നുന്നു. രണ്ടിന്റെ ഉദ്ദേശം പിടികിട്ടിയില്ല.

കോളില്ലാത്ത ആകാശത്ത്‌ നക്ഷമായി നീ ചിരിക്കുമ്പോള്‍ - നക്ഷത്രമായി എന്നല്ലേ?
--

Haree said...

പറയുവാന്‍ വിട്ടു. കവിത നന്നായിരിക്കുന്നു, എനിക്കിഷ്ടമായി. :)
--

Harold said...

നന്നായി എഴുതിയിരിക്കുന്നു..

“ഋതുഭേദങ്ങളില്‍ മറഞ്ഞിരുന്ന്‌ കൊത്തിയ
വിഷനാഗത്തിന്റെ പല്ലുകള്‍ മാത്രം നീ...”
എന്നറിഞ്ഞിട്ടും
“മണ്‍സൂണ്‍ രാത്രികളിലെ നഷ്ടപ്പെട്ട യാമങ്ങള്‍
ഇന്നും എന്നെ ഇക്കിളിപ്പെടുത്തുകയാണ്‌...”
എന്നു പറയുന്ന പെണ്മനസ്സ് അനിര്‍വചനീയം തന്നെ

Anonymous said...

ഇഷ്ടമായി. താങ്കളുടേതായി ഈയടുത്ത് വായിച്ചതില്‍ ഏറ്റവും മനോഹരം.

ഗിരീഷ്‌ എ എസ്‌ said...

സനാതനന്‍...
സാല്‍ജോ...
നന്ദി...

സുനില്‍...
കാത്തിരിപ്പിനൊറുതി വരാന്‍ പോകുന്നു..ശക്തമായ ഒരു രചനയുടെ പണിപ്പുരയിലാണ്‌....
അഭിപ്രായത്തിന്‌ നന്ദി...

ഹരീ..
രണ്ട്‌..കുറെ ഇടറിയ ഗദ്ഗദങ്ങളാണ്‌..
അവള്‍ക്ക്‌ വേദനിയില്ലെന്ന്‌ മാത്രം
തിരിച്ചറിയാന്‍..
ശരിയാണ്‌..അക്ഷരതെറ്റ്‌...
അഭിപ്രായത്തിന്‌ നന്ദി..

ഹാരോള്‍ഡ്‌
നന്ദി...
ശ്രീയേച്ചീ..
ഇവിടെ വന്നതില്‍ ഒത്തിരി സന്തോഷം....

ഏ.ആര്‍. നജീം said...

നന്നായിരിക്കുന്നു..
അഭിനന്ദനങ്ങള്‍..!!

Nikhilvishnupv said...

വളരെ നന്നായിട്ടുണ്ട്. അവളുടെ പ്രണയത്തിന്റെ നൊമ്പരം എപ്പോഴും മനസില്‍ ഒരു വേദനയായി തങ്ങിനില്‍ക്കുന്നു.
“ഈ നൊമ്പരപ്പൂക്കള്‍ തന്‍ സൗന്ദര്യം കൊഴിയുമോ ഏത് പേമാരിപെയ്താലും.“
ഇന്‍സ്പിരേഷന്‍! കിട്ടുന്നല്ലോ ക്രെഡിറ്റ് താങ്കള്‍ക്ക്.

ശ്രീ said...

ദ്രൌപതീ...
“ഋതുഭേദങ്ങളില്‍ മറഞ്ഞിരുന്ന്‌ കൊത്തിയ
വിഷനാഗത്തിന്റെ പല്ലുകള്‍ മാത്രം നീ...”

അവള്‍‌ക്ക് എല്ലാമറിഞ്ഞിട്ടും അവനോട് വെറുപ്പു തോന്നുന്നില്ല, അല്ലേ? ഒരു പക്ഷേ, ഈ ലോകത്ത് സംഭവിക്കുന്നതും അതായിരിക്കാം.

വളരെ മികച്ച ഒരു രചന.
:)

സജീവ് കടവനാട് said...

'...തപസ്‌ തീര്‍ന്നു...
മരണവാര്‍ഡുകളിലേക്ക്‌ മാമ്പൂ നിറച്ച ട്യൂബുകളുമായി
വിരുന്നുപോകുന്ന വെളുത്ത മാലാഖമാരുടെ
വിരാമഗീതങ്ങള്‍ കേള്‍ക്കുന്നു...
താപമളക്കാന്‍ വന്ന തെര്‍മോമീറ്ററിന്റെ നിലവിളിയും...' ഇനി ഈ വരികള്‍ എവിടെയൊക്കെ ഉപയോഗിക്കുമെന്റെ ദ്രൌപതീ.പഴയ ഒരു കവിതയിലും ഇതേ വരികളുണ്ട്. ആവര്‍ത്തനവിരസതയുണ്ടെന്ന് പറഞ്ഞ് മടുത്തു.ഇനി ഈ വരികള്‍ ആ കവിതയിലേതല്ലേ, ഇത് മറ്റേകവിതയിലേതല്ലേ എന്ന് ചോദിച്ചുകൊണ്ടിരിക്കേണ്ടി വരുമല്ലോ. പിന്നെ പറയാനുള്ള ആശയം പര്‍ത്തി പറയേണ്ടതാണെങ്കില്‍ മാത്രം പരത്തി പറയുക. തെറ്റിധരിക്കരുതേ. കഴിവുണ്ടായിട്ടും എളുപ്പ വഴികള്‍ പരീക്ഷിക്കുന്നതു കൊണ്ട് പറഞ്ഞതാണ്.

d said...

good one..

ഉപാസന || Upasana said...

Varmaji,
You Will.

:)
പൊട്ടന്‍

ഗിരീഷ്‌ എ എസ്‌ said...

നജീം..
നന്ദി...
നിഖില്‍
ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി...
അവന്റേതെല്ലാം സ്വന്തമെന്ന്‌ കരുതുന്ന ഒരു പെണ്‍കുട്ടിക്ക്‌ ആ രോഗബീജവും ആഹ്ലാദം തന്നെയാണ്‌ നല്‍കുന്നത്‌...

കിനാവ്‌..
എന്റെ ആദ്യകമന്റ്‌ കണ്ടിട്ടില്ലെന്ന്‌ തോന്നുന്നു...
ഇത്‌ എന്റെ ഒരു പഴയ കവിതയുടെ പുനര്‍നിര്‍മാണമാണ്‌...
അത്‌ ഞാന്‍ അദ്യമെ രേഖപ്പെടുത്തിയിരുന്നു...
അഭിപ്രായത്തിന്‌ ഒത്തിരി നന്ദി...

വീണ...
സുനില്‍....
നന്ദി...

ഗിരീഷ്‌ എ എസ്‌ said...

ശ്രീ പറയാന്‍ മറന്നു
നന്ദി...

അഷ്‌റഫ്‌ said...

ദ്രൗപതീ
വ്യത്യസ്തമായ എഴുത്ത്‌
ഇനിയും തുടരുക..

Murali K Menon said...

ദ്രൌപതിയുടെ കവിതക്ക് കഥയേക്കാള്‍ കെട്ടുറപ്പുണ്ടെന്നാണ് എനിക്കു തോന്നുന്നത്.. ബ്ലോഗുകളിലൂടെയുള്ള ഓട്ടപ്രദക്ഷിണത്തിനിടയില്‍ നന്നായി എന്ന് ഒറ്റവാക്കില്‍ പറയാനേ നിര്‍വ്വാഹമുള്ളു.

ഗിരീഷ്‌ എ എസ്‌ said...

അഷ്‌റഫ്‌...
നന്ദി..
മുരളീ..
ഇവിടെ വന്നതിനും അഭിനന്ദിച്ചതിനും അകമഴിഞ്ഞ നന്ദി...

aneeshans said...

എപ്പോഴും നന്നായി എന്ന് പറയുന്ന പോലെ അല്ല. ഇന്ന് കുറെക്കൂടെ പറയണം എന്ന് തോന്നുന്നു.

കണ്ണാ...
ഇന്ദ്രിയങ്ങളെ നിദ്ര കീഴ്പ്പെടുത്തും മുമ്പ്‌
ഞാനെന്റെ ഹൃദയം തിരിച്ചുചോദിക്കുന്നു

ഈ വരികള്‍ എനിക്ക് ഒരുപാട് ഇഷ്ടമായി. “ കണ്ണാ” എന്ന വിളിക്ക് ഒരുപാട് അര്‍ഥങ്ങള്‍ ഉള്ളത് പോലെ. ഹൃദയം തേങ്ങുമ്പോഴും, നിറയുമ്പോഴും വിളിക്കുന്നത് ഒന്നായത് കൊണ്ടാവാം.

ഹേമന്തത്തില്‍ ശബ്ദമുണ്ടാക്കുന്ന
കാറ്റാടി മരങ്ങളുടെ ശിഖരങ്ങളില്‍ കൂടുകൂട്ടിയ
പക്ഷികളുടെ വെന്തമാംസം
തീന്‍മേശയില്‍ ആവി പറത്തുമ്പോള്‍..

നല്ല വരികള്‍.

മഴ വിടാതെ പിന്തുടരുന്നു കവിതകളെ. നല്ലതോ, ചീത്തയോ എന്ന് തീരുമാനിക്കുക. പിന്നെ ഒന്നുകൂടെ ആറ്റിക്കുറുക്കിയെങ്കില്‍ താങ്കളുടെ ഏറ്റവം മികച്ച കവിതകളില്‍ ഒന്നായേനെ ഇത്

സ്നേഹത്തോടെ

:ആരോ ഒരാള്‍

ധ്വനി | Dhwani said...

ഇന്ദ്രിയങ്ങളെ നിദ്ര കീഴ്പ്പെടുത്തും മുമ്പ്‌
ഞാനെന്റെ ഹൃദയം തിരിച്ചുചോദിക്കുന്നു
വില്‍ക്കുവാനല്ല...
നിറമില്ലാത്ത ചുമരുകളില്‍
ചിത്രങ്ങളെ പോലെ തൂക്കിയിടാന്‍
വേരുള്ള വികാരം!!!
കൊള്ളാം!!