Thursday, May 31, 2007

മഴ-സാഹിത്യത്തില്‍ഗ്രാമവിശുദ്ധിയില്‍ ‍മഴ പൊഴിയുമ്പോള്‍ പലര്‍ക്കും അതൊരു ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ്‌. പിന്നീട്‌ നിറഞ്ഞൊഴുകുന്ന പുഴ ആസൂരതയുടെ പ്രതീകമാകുമ്പോള്‍ മഴ ശാപവചനങ്ങള്‍ ഏറ്റുവാങ്ങുന്നു. ഒടുവില്‍ അറുതിയുടെ അവസാനവാക്കായി മഴ അകന്നകന്നുപോകും..ഏകാന്തതകളില്‍ ചിന്തകളിലേക്ക്‌ മഴ പൊഴിയുമ്പോള്‍ അസ്തമയം കാണാനാവാതെ ആത്മാവ്‌ വിലപിക്കുമ്പോള്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഓര്‍മ്മകള്‍ മഴ പോലെ പെയ്തുകൊണ്ടേയിരിക്കുന്നു...അതിന്‌ സംഗീതമുണ്ട്‌...കണ്ണുനീരിന്റെ ആര്‍ദ്രതയുണ്ട്‌..ഒടുവില്‍ സ്വപ്നങ്ങള്‍ക്കും അപ്പുറത്ത്‌ നിന്ന്‌ മഴ വിസ്മരിക്കാന്‍ എളുപ്പമുള്ള ഒരു നോവായി പരിണമിക്കുന്നു...നീയും ഞാനും നമ്മുടെ സ്വപ്നങ്ങളിലെ മഴയും...എന്നു പറഞ്ഞ്‌ മഴനൂലുകളെ നാം മാറോടടുക്കുന്നു...
മഴ ഊഷരഭൂമിയെ ആര്‍ദ്രമാക്കാന്‍ വരുന്ന പ്രകൃതിയുടെ കണ്ണുനീര്‍ തന്നെയാവാം..അല്ലെങ്കില്‍ കരിന്തിരി കത്തിതുടങ്ങിയ നിലവിളക്കില്‍ എണ്ണയായി പരിണമിച്ചെത്തിയ അതിഥിയാവാം...എന്തായാലും ഓര്‍മ്മകളില്‍ മഴക്കാലത്തെ ഹൃദ്യമായ അനുഭവസമ്പത്തായി സൂക്ഷിക്കാനാണ്‌ സാഹിത്യലോകത്തെ പ്രതിഭകള്‍ക്കിഷ്ടം..
"വര്‍ഷകാലമായാല്‍ ആകെയുള്ള മൂന്നു ജോഡി ഉടുപ്പുകളും കരിമ്പന്‍ പിടിച്ചു തുടങ്ങും. പിന്നെ പതിയെ പതിയെ ദാരിദ്ര്യത്തിലേക്ക്‌ ജീവിതം വഴുതിമാറും. അടച്ചു പിടിച്ചു പെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ ഉണങ്ങാത്ത ഉടുപ്പുകള്‍ പ്രശ്നമാണെങ്കിലും കാലവര്‍ഷത്തെ ഒരു ഉത്സവകാലം പോലെ കാത്തിരുന്നു....." മഴ പെയ്യണ പെയ്യലില്‌...എന്ന കഥയില്‍ എം ടി തന്റെ ബാല്യത്തിലെ മഴക്കാലത്തെ അനുസ്മരിക്കുന്നു...
മഴയെ പ്രണയിച്ച്‌ മഴ തിമര്‍ത്തുപെയ്യുന്ന രാത്രിയില്‍ മുറിയടച്ച്‌ ആത്മഹത്യ ചെയ്ത നന്ദനാരുടെ ഒരു വര്‍ഷകാലരാത്രി എന്ന കഥ വര്‍ത്തമാനകാലത്തിന്റെ നേര്‍ക്കാഴ്ചയാണ്‌..വര്‍ഷകാലരാത്രിയിലെ തണുപ്പിനകത്തേക്ക്‌ ചൂടുമായി കയറിപ്പോകുന്ന ദാമ്പത്യത്തിന്റെ വര്‍ണനയാണിത്‌...
പത്മരാജന്റെ മഴ എന്ന കഥയില്‍ ഒഴുകിയൊഴുകി തളര്‍ന്ന്‌ ഒടുവില്‍ മരണം കൈപിടിച്ച്‌ കൊണ്ടുപോകുന്ന സുഹൃത്തിന്റെ ചിത്രം വരച്ചുകാണിക്കുന്നു...മഴ വര്‍ണമുള്ള പൂച്ചെടികള്‍ നശിപ്പിക്കുമ്പോഴും മഴയെ സ്നേഹിക്കുന്നവരുടെ കഥയാണ്‌ ടി പത്മനാഭന്റെ 'മഴ ഒടുവിലത്തെ മഴ...'
എസ്‌ കെ പൊറ്റക്കാടിന്റെ അന്തകന്റെ തോട്ടി, ഉറൂബിന്റെ നനഞ്ഞ ഒരു രാത്രി എന്നീ കഥകളും മഴയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടതാണ്‌..
എഴുത്തഛന്റെ ഋതുവര്‍ണനത്തില്‍ നിന്നു വേണം മഴക്കവിതകളെ മനസിലേക്ക്‌ ആവാഹിച്ചു തുടങ്ങാന്‍.കാലത്തിന്റെ അഭേദ്യമായ പരിണാമങ്ങളെ ഒരു കുളിര്‍മഴ പോലെ ഇതില്‍ നിന്നും വായിച്ചെടുക്കാനാകും. മഴ അതിലൊരു അപൂര്‍വ്വ അനുഭവമാണ്‌...ചെറുശേരിയുടെ കുചേലസദ്ഗതി, കുമാരനാശന്റെ പ്രരോദനം, ഉള്ളൂരിന്റെ ഒരു മഴത്തുള്ളി, വൈലോപ്പിള്ളിയുടെ വര്‍ഷാഗമം എന്നീ കവിതകളിലും മഴ അതിന്റെ സങ്കീര്‍ത്തനങ്ങളോടെ പെയ്യുന്നു...
മലയാളിയുടെ മനസില്‍ ഇനിയും പെയ്തുതോരാത്തൊരു മഴയുണ്ട്‌...സുഗതകുമാരിയുടെ രാത്രി മഴ..ഭ്രാന്തിയായ യുവതിയുടെ ഭാവമാണ്‌ ഇതില്‍ മഴക്ക്‌...ആതുരാലയത്തിന്റെ ഗദ്ഗദങ്ങളില്‍ ശോകാര്‍ദ്രമായി സംഗീതം പൊഴിച്ച്‌ തേങ്ങികരഞ്ഞ്‌..കിഴക്ക്‌ വെള്ള കീറുമ്പോള്‍ ആരുമറിയാതെ കടന്നുകളയുന്ന മഴ...മനുഷ്യജീവിതത്തെ സുഗതകുമാരി മഴയുടെ ഭിന്നഭാവങ്ങളോട്‌ ചേര്‍ത്തുവെക്കുന്നു...
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സ്നേഹം എന്ന കവിതയില്‍ മഴ വേദനയാണ്‌..വെള്ളപാച്ചിലില്‍ കൂട്ടുകാരന്റെ ചേതനയറ്റ ശരീരത്തില്‍ പിടിച്ച്‌ കരയ്ക്ക്‌ കയറുന്നവന്റെ നിസഹായതയിലൂടെ അത്‌ പുരോഗമിക്കുന്നു...
മഴ പ്രണയമാണ്‌...പിന്നെ ജാലകവാതില്‍ വന്ന്‌ എത്തിനോക്കുന്ന കൂട്ടുകാരനായി വീണ്ടുമൊരു കര്‍ക്കിടകം...വിജയലക്ഷ്മിയുടെ മഴ എന്ന കവിത ഒരപൂര്‍വഅനുഭവമാണ്‌...
മലയാളത്തിന്റെ പുതുകവിതകളിലും മഴയുടെ സുന്ദരശീലുകള്‍ ആവോളമുണ്ട്‌...മഴ വ്യാകുലതയായും വേപഥുവായും മിന്നിമറയുമ്പോള്‍ മലയാളത്തില്‍ ജനിക്കുന്നത്‌ പുത്തന്‍ സങ്കല്‍പങ്ങളാണ്‌...
'മഴ'
ഉള്ളരുകുകളോളം ചെന്ന്‌
നനച്ചുനീറ്റല്‍ തന്നുണര്‍ത്തുന്ന
വെറും ജലധാരയുടെ ഇടമുറിയാത്ത വിളി...
'മഴ'
പെട്ടന്ന്‌ പൊട്ടിയുണരുന്ന
പുതുപൂവുകളുടെ ഉടയാട പിളരുന്ന ശബ്ദമാണ്‌...
ഒരീണത്തിന്റെ അലുക്കുവെച്ച്‌
ഒരറിവില്ലായ്മയുടെ ഗോപിക്കുറി തൊട്ട്‌
ഒരുപാട്‌ അറിഞ്ഞുപോയതിന്റെ
പ്രായച്ഛിത്തങ്ങള്‍ കെട്ടുപൊട്ടിക്കും മുമ്പ്‌
ഉതിര്‍ന്നുവീഴുന്ന അവസാനശ്വാസമാണ്‌ -മഴ
പുതിയ തലമുറയിലെ എഴുത്തുകാരി എം പി പവിത്രയുടെ ഈ കവിതയിലും മഴ സമൃദമായി പെയ്തിറങ്ങുന്നു..മഴ സ്നേഹത്തിലേക്കുള്ള രണ്ടക്ഷരപാലമായി ചിത്രീകരിക്കുന്ന കവയത്രിയുടെ ഓര്‍മ്മകളില്‍ വര്‍ഷകാലം മനോഹരമായ അനുഭവമാണ്‌..
എഴുത്തിന്റെ അപാരതയില്‍ നിന്നും ജീവിതത്തെ വെറുത്ത്‌ പോയ്മറഞ്ഞ നന്ദിതയുടെയും ഷെല്‍വിയുടേയും രചനകളിലും മഴ തോരാതെ പെയ്യുന്നുണ്ട്‌...
മഴ നോവായും അനുഭൂതിയായും ബിംബമായും ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ്‌ എഴുത്തുകാര്‍...മലയാളിക്ക്‌ മഴ ജീവിതത്തിന്റെ ഭാഗമാണ്‌..തളിര്‍ക്കാനും പുഷ്പിക്കാനും മഴയെ കൂട്ടുപിടിക്കാതെ അവര്‍ക്കാവില്ല..അതാവാം കെടുതികളും വേദനകളും അവരെ വീര്‍പ്പുമുട്ടിച്ചിട്ടും മഴയെ മനസിലൊളിപ്പിക്കുന്നത്‌...

14 comments:

draupathivarma said...

മഴയെ കുറിച്ചെഴുതാത്ത എഴുത്തുകാര്‍ വളരെ വിരളമാണ്‌...
എഴുത്തഛന്‍ മുതല്‍ പുതിയതലമുറയിലെ എഴുത്തുകാര്‍ വരെ
മഴയെ മനോഹരമായി വര്‍ണിച്ചിട്ടുണ്ട്‌...
ദുരിതങ്ങള്‍ സമ്മാനിച്ചാലും മഴയെ ഹൃദ്യമായ അനുഭവമായി സൂക്ഷിക്കുന്ന
സാഹിത്യപ്രതിഭകളുടെ രചനകളിലെ മഴയെ കുറിച്ച്‌ അരന്വേഷണം...

ഏറനാടന്‍ said...

ഇതുവായിച്ചപ്പോഴാ നാട്ടിലിപ്പോ മഴക്കാലമായല്ലോ എന്നോര്‍ത്തുപോയത്‌! ഇവിടേ ഒടുക്കത്തെ ചൂടും തുടങ്ങി... ഉഷ്‌ണം ഉഷ്‌ണേന ശാന്തി: എന്നല്ലേ ദ്രൗപതീ..?

(ശ്ലോകം ഇപ്പോ വരാനെന്തേ കാരണം എന്നൊരു പിടിം ഇല്ലാ. ചൂടുകാരണം ഓര്‍മയിലെത്തിയതാവും)

Anonymous said...

mazhayekurichu ezhuthiyathu eshtamayi

m.p.pavithrakku blog undo
avarude kavithakal evide vayikkam kittum

gafoor dubai

രാജു ഇരിങ്ങല്‍ said...

മഴ - സാഹിത്യത്തില്‍ എന്ന പോസ്റ്റ് കുറച്ചു കൂടി എഴുതാമായിരുന്നെന്ന് തോന്നി. കാരണം മഴ എത്ര കണ്ടാലും എത്ര നനഞ്ഞാലും മതിയാവാറില്ല. ‘മഴ നനയാതെ കേറി പോടാ..” എന്ന് കലമ്പലുകളില്‍ വീണ്ടും വീണ്ടും മഴ പെയ്ത് പെയ്ത് വരാറാണ് പതിവ്.

draupathivarma said...

ഏറനാടാ...
അവിടെ പെരുംചൂടാണ്‌ ല്ലേ...
ഇവിടെ മഴ തുടങ്ങി കഴിഞ്ഞു....
നല്ല രസകരമായ മഴക്കാലം....വേനല്‍ക്കാലം പൂര്‍ണമായും വിടപറഞ്ഞകന്നുപോയി..കഴിഞ്ഞു..നന്ദി....ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും....

ഗഫൂര്‍,
മനോരമ നടത്തിയ ഒരു കഥാമത്സരത്തിലെ ജേതാവാണ്‌ എം പി പവിത്ര...അവരെ കുറിച്ച്‌ കൂടുതലൊന്നും അറിയില്ല...അവരുടെ ചില കവിതകളും വായിക്കാനിടയായി...അതെല്ലാം ഒന്നിനൊന്ന്‌ മികച്ചതാണ്‌....

രാജു...
മഴയെ കുറിച്ച്‌ ഇനിയും നിരവധി സാഹിത്യകാരന്മാര്‍ അനേകം രചനകള്‍ നടത്തിയിട്ടുണ്ട്‌...എങ്കിലും വളരെ പ്രധാനപ്പെട്ട ചിലരുടെ പരാമര്‍ശങ്ങള്‍ മാത്രമെ ഇവിടെ നടത്തിയിട്ടുള്ളു...
തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക...
അഭിപ്രായത്തിന്‌ ഒരുപാട്‌ നന്ദി....

മുരളി വാളൂര്‍ said...

ഇവിടുത്തെ ഈ കത്തുന്ന ചൂടില്‍ മനസ്സിലേക്കു പെയ്തിറങ്ങുന്നു മഴയെക്കുറിച്ചുള്ള ഓര്‍മ്മത്തുള്ളികള്‍....

Manu said...

ദ്രൌപതി നന്നായി ഈ പോസ്റ്റ്... ഇരിങ്ങല്‍ പറഞ്ഞതുപോലെ കുറേയേറെ എഴുതാനുണ്ടെന്ന് മാത്രം...

കുറുമാന്‍ said...

ദ്രൌപതി, പോസ്റ്റ് ഇഷ്ടമായി....മഴയത്തു നനഞ്ഞ ഒരു സുഖം.

ഞാന്‍ ഇരിങ്ങല്‍ said...

‘മഴ നനയാതെ കേറി പോടാ..” എന്ന് കലമ്പലുകളില്‍ വീണ്ടും വീണ്ടും മഴ പെയ്ത് പെയ്ത് വരാറാണ് പതിവ്"

എന്ന് ഞാന്‍ പറഞ്ഞത് ഒരു ഓര്‍മ്മക്കുറിപ്പായിട്ടായിരുന്നു. അത് താങ്കള്‍ക്കുള്ള അഭിനന്ദനം കൂടിയാണ്. (താങ്കള്‍ തെറ്റുണ്ടെങ്കില്‍....) എന്നു പറഞ്ഞതിലാണ് വിശദീകരണം. ഇപ്പോഴാ ഈ കമന്‍ റ് കണ്ടത്.

Manu said...

“ക്ഷമയാ... ചുമ്മാ കേക്കുമ്പം കേക്കുമ്പം എടുത്ത് തെരാന്‍ ഇവിടിരിക്കണാ ക്ഷമ... ഈ ദ്രൌപദീനെക്കൊണ്ട് ജയിച്ച്...“

ഇതു ഞാന്‍ ഒരു സെക്കന്റ് മുന്‍പിട്ട കമന്റ്... ഇനി ക്ഷമ ചോദിച്ചതിനു കേറി ക്ഷമചോദിച്ചുകളയുമോ എന്ന് പേടിച്ചിട്ടാ ഡിലീറ്റ് ചെയ്തത്....

ഈ കമന്റിനെങ്ങും ആവശ്യമില്ലാത്ത പ്രാധാന്യം കൊടുക്കല്ലേ മാഷേ.... ഇയാളിതിന്റെ ബാക്കി കൂടെ എഴുതാന്‍ നോക്കിയാല്‍ വളരെ നന്നാവും.

qw_er_ty

draupathivarma said...

രാജു...
അങ്ങനെ എഴുതിയത്‌ കൊണ്ട്‌ മറ്റൊന്നും വിചാരിക്കരുത്‌...
മഴയെ കുറിച്ച്‌ കുറെ കൂടി എഴുതണമെന്നുണ്ടായിരുന്നു...അത്‌ പോസ്റ്റിയതിന്‌ ശേഷം എനിക്ക്‌ തന്നെ അങ്ങനെ തോന്നി..അതുകൊണ്ട്‌ പറഞ്ഞതാണ്‌....
മനൂ...
ഇല്ലാട്ടോ...ഞാന്‍ അങ്ങനെയൊന്നും വിചാരിച്ചിട്ടില്ല...ശരിക്കും വായിച്ച്‌ കമന്റിയതുകൊണ്ടും..വ്യക്തമായ അഭിപ്രായം രേഖപപെടുത്തിയതും കൊണ്ടും പറഞ്ഞുപോയതാണ്‌....
ഇനി ക്ഷമ ചോദിക്കില്ലാട്ടോ...
മുരളീ...
കുറുമാന്‍ ജി....
നന്ദി.....

സാല്‍ജോ+saljo said...

... അതിനിയും നിര്‍ത്താതെ പെയ്യട്ടെ, വിലോലമായി, ഹൃദയത്തെ കുളിര്‍പ്പിച്ച്.

ഇനിയും

draupathivarma said...

സാല്‍ജോ..
അഭിപ്രായത്തിന്‌ നന്ദി....

Anonymous said...

മലയാളത്തില്‍ മഴയെക്കുറിച്ച് ഇതുവരെ എഴുതപ്പെട്ടിട്ടുള്ള മികച്ച കഥകളും കവിതകളും അടങ്ങുന്ന സമാഹാരം ‘മഴക്കാലം’ എന്ന പേരില്‍ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.വിക്ട്ര് ജോര്‍ജ്ജിന്റെ ചിത്രങ്ങളോടെ.