
"തോരാതെ പെയ്യുന്ന മഴ...എന്തോ ഇളകിമറിയുന്ന ശബ്ദം കേട്ടു. അമ്മേയെന്നുള്ള മകളുടെ നിലവിളി. ഭര്‍ത്താവിന്റെ കാലില്‍ പിടുത്തം കിട്ടിയതോര്‍മയുണ്ട്. പിന്നീട് ഏതോ വണ്ടിയില്‍ കയറ്റുമ്പോള്‍ എന്റെ കൂടെ ആളുകളുണ്ടെന്നു പറഞ്ഞെങ്കിലും ആര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറയുന്നതു കേട്ടു. മനസില്‍ നിന്നും തീപ്പൊരി പാറുന്ന പോലെ തോന്നിയ നിമിഷങ്ങള്‍"-കടലുണ്ടി ട്രെയിന്‍ ദുരന്തത്തിന്റെ ആറാംവാര്‍ഷിക വേളയില്‍ ആ കറുത്ത ദിനത്തിന്റെ സാക്ഷിയും ഇരയുമായ വിജയാ ധനഞ്ജയന്റെ ഓര്‍മകള്‍ക്കു പോലും വിറയല്‍.
ഭര്‍ത്താവിനെയും മകളെയും കൊച്ചുമകനെയും നഷ്ടപ്പെടുത്തി തന്നെ നിത്യദുഃഖത്തിന്റെ കയത്തില്‍ തള്ളിയ മഹാദുരന്തത്തിന് ആറു വയസായെന്ന തിരിച്ചറിവ് പോലും ഇനിയും ഞെട്ടല്‍മാറാത്ത ഒരു ദു:സ്വപ്നം പോലെയാണ് കോഴിക്കോട് ജില്ലയിലെ പാറോപ്പടി ധനുഷില്‍ വിജയയ്ക്ക്. ഇടറുന്ന വാക്കുകളോടെ ഉറ്റവരെ തട്ടിയെടുത്ത ആ നാളുകളെ പേടിമാറാതെയാണവര്‍ അയവിറക്കുന്നത്.
വിജയയുടെ അനിയത്തി മരിച്ചിട്ട് നാല്പതാംദിന ചടങ്ങിന് പോണ്ടിച്ചേരിക്ക് പോകുമ്പോഴാണ് ട്രെയിന്‍ അപകടം സംഭവിച്ചത്. ഭര്‍ത്താവ് ധനഞ്ജയന്, മകള്‍ ദിവ്യ, കൊച്ചുമകന് നാലുവയസുകാരനായ ശ്രാദ്ധിജ് എന്നിവര്‍ക്കൊപ്പം മംഗലാപുരത്തു നിന്നും ചെന്നൈയിലേക്കു പോകുന്ന ചെന്നൈ മെയിലില്‍ കോഴിക്കോടു നിന്നുമായിരുന്നു യാത്ര. ചെന്നൈയിലുള്ള ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നും പോണ്ടിച്ചേരിക്ക് പോകാനായിരുന്നു പരിപാടി.
ഭര്‍ത്താവിന്റെ മരുമകള്‍ ഹസീനയുടെ കാറിലാണ് റയില്‍വെ സ്റ്റേഷനിലേക്ക് പോയത്. ട്രെയിനില്‍ വെച്ച് അവള് കൊടുത്തയച്ച കട്ലറ്റ് എല്ലാവര്ക്കും കൊടുത്തു. ചായ അടുത്ത സ്റ്റോപ്പില്‍ നിന്നും വാങ്ങാമെന്ന് പറഞ്ഞ് ചിരിച്ചുകളിച്ചുള്ള യാത്രയായിരുന്നു. പക്ഷേ ഒക്കെ ഒരു നിമിഷം കൊണ്ടു കഴിഞ്ഞു- ബാക്കി പറയാന്‍ വിജയക്ക് വാക്കുകള്‍ കിട്ടുന്നില്ല. റയില്‍വെ സ്റ്റേഷനില്‍ നിന്നും യാത്രയയച്ച ബന്ധുക്കള്‍ വീട്ടിലെത്തുമ്പോള്‍ ടെലിവിഷനില്‍ ചെന്നൈ മെയിലിന് സംഭവിച്ച ദുരന്തവാര്‍ത്ത വന്നിരുന്നു.
"ചൈന്നൈ മെയിലിന്റെ എസ്-6 കംപാര്‍ട്ട്മെന്റിലായിരുന്നു സീറ്റു ലഭിച്ചത്. പൊട്ടിപൊളിഞ്ഞ് ചോര്‍ന്നൊലിക്കുന്ന കംപാര്‍ട്ട്മെന്റ്. സൈഡ് സീറ്റില്‍ എതിര്‍ദിശകളിലായാണ് ഞാനും ഭര്‍ത്താവും ഇരുന്നത്. മകളും കുട്ടിയും വേറൊരു സീറ്റിലായിരുന്നു. കുട്ടിയെ എടുത്ത് ലാളിച്ച ശേഷം മകളുടെ കൈകളിലേക്ക് കൊടുത്തിട്ടേയുണ്ടായിരുന്നുള്ളു. അല്പനിമിഷങ്ങള്ക്ക് ശേഷം ദുരന്തം സംഭവിച്ചു." അവര്‍ പറഞ്ഞു.
ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്നും വിരമിച്ച ധനഞ്ജയന് 21 വര്‍ഷം എയര്‍ ഫോഴ്സിലായിരുന്നു. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയിരുന്ന കുടുംബം അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം 2000ലാണ് നാട്ടിലേക്ക് വന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ അപകടവും സംഭവിച്ചു. ദിവ്യ ഭര്‍ത്താവ് ശ്രീനാഥിനോടൊപ്പം ഗള്‍ഫില്‍ നിന്നും അവധിക്കു നാട്ടിലെത്തിയതായിരുന്നു. കുറച്ചു ദിവസം നാട്ടില്‍ നില്ക്കട്ടെയെന്ന് പറഞ്ഞു ശ്രീനാഥ് വീണ്ടും ഗള്‍ഫിലേക്ക് തിരിച്ചുപോയി. ചെന്നൈയില്‍ പോയി സുഹൃത്തുക്കളെയും മറ്റും കാണാമെന്നു പറഞ്ഞു വൈകിയാണ് പോണ്ടിച്ചേരിക്ക് വരാന്‍ ദിവ്യ തീരുമാനിച്ചത്.
ദുരന്തം നടക്കുമ്പോള്‍ മകന് അഭേദ്കുമാര്‍ ഗള്‍ഫിലായിരുന്നു. ദുരന്തം സംഭവിച്ച ദിവസം എല്ലാവരുമായും ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നുവെന്ന് അഭേദ് പറഞ്ഞു. അമ്മയ്ക്ക് ആശ്രയമായി നാട്ടില്‍ നില്‍ക്കുന്നതിന് വേണ്ടി ജോലിക്കായി റയില്‍വെയില്‍ അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് ബാംഗ്ലൂരില്‍ ഫ്ലൈറ്റ് സേഫ്റ്റി ഓഫിസറായി ജോലി ലഭിച്ചു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിജയക്ക് വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് നടക്കാനും മറ്റും സാധിച്ചത്. വിജയയുടെ തലയില്‍ 29ഓളം തുന്നലുണ്ടായിരുന്നു. തുടയെല്ല് നീക്കം ചെയ്ത് സ്റ്റീല്‍പ്ലേറ്റ് ഉറപ്പിച്ചതിനാല്‍ നടക്കാനും മറ്റും ഇപ്പോള്‍ പ്രയാസമില്ല. നാഷണല്‍ ഹോസ്പിറ്റലില്‍ ആറുമാസത്തെ തീവ്രപരിചരണത്തിന് ശേഷമാണ് വിജയക്ക് നടക്കാനും മറ്റും സാധിച്ചത്. അയല്‍ക്കാരുടേയും മറ്റും സ്നേഹപൂര്‍വമായ പെരുമാറ്റമാണ് ഭീതിപ്പെടുത്തുന്ന ഓര്‍മകളില്‍ നിന്നുള്ള ഏക ആശ്രയമെന്ന് അവര്‍ പറയുന്നു. ചിത്രകാരായ ഭര്‍ത്താവിന്റെയും മകളുടെയും ചിത്രങ്ങള്‍ കാണുമ്പോള്‍ ദുരന്തവാര്‍ഷികത്തില്‍ അവരുടെ കണ്ണുനിറയുന്നു. പ്രകൃതി സ്നേഹിയായ ഭര്‍ത്താവിന്റെ ക്യാന്‍വാസില്‍ ചിത്രങ്ങള്‍ക്കു ജീവന് വയ്ക്കുമ്പോള്‍ എല്ലാം വീക്ഷിച്ച് അരികിലിരിക്കും. ധനഞ്ജയന് വരച്ച അവസാന ചിത്രം മാറോടു ചേര്‍ത്തു വിജയ വിതുമ്പുന്നു. പിന്നെ വിധിയെ പഴിക്കുന്നു.
15 comments:
മഴ തോരാതെ പെയ്ത ഒരു ദിവസമാണ്
നിരവധി പേരുടെ മരണത്തിനിടയാക്കിയ
കടലുണ്ടി ട്രെയിന്‍ അപകടം നടന്നത്...
ആ ദുരന്തത്തിന്റെ തീരാശാപവും പേറി
ഇന്നും ജീവിതം തള്ളി നീക്കുന്നവരുണ്ട്.....
വീണ്ടുമൊരു മഴക്കാലം കൂടി കടന്നുപോകുമ്പോള്‍
ആ ദുരന്തത്തിന് ആറ് വയസ് പൂര്‍ത്തിയാകുകയാണ്...
പടിയിറങ്ങാത്ത ഓര്‍മ്മകളുമായി ജീവിക്കുന്ന
ദുരന്തത്തിനിരയായ
ഒരമ്മയെ കുറിച്ച്....
മഴ. ദുരന്തങ്ങള്‍ മാത്രം സമ്മാനിക്കാനാണോ വരുന്നതെന്ന് തോന്നുന്നു പലപ്പോഴും. ഒരിക്കലും തോരാനിടയില്ലാത്ത ആ അമ്മയുടെ കണ്ണീരിനുമുന്നില്‍ ഒന്നും പറയാനില്ല. പ്രാര്‍ത്ഥന മാത്രം.
qw_er_ty
കളിച്ചും രസിച്ചുമുള്ള ഒരു യാത്രയായിരുന്നു അത്...പക്ഷേ മരണം പാതിവഴിയില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നുവെന്ന് ആരുമറിഞ്ഞില്ല...
ആ അമ്മ അടുത്തിരുന്ന് ആ മറക്കാനാവാത്ത ഓര്‍മ്മ എനിക്ക് പറഞ്ഞുതരുമ്പോള്‍ അറിയാതെ എന്റെ മിഴികളും ഈറനണിഞ്ഞു...
ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞ ദിവ്യേച്ചി അവസാനനിമിഷമായിരുന്ന ആയാത്രക്ക് തയ്യാറായത്...ചേച്ചി വരച്ച രേഖാചിത്രങ്ങള്‍ ഇപ്പോഴും ആ വീടിന്റെ ചുമരുകളില്‍ തൂങ്ങിയാടുന്നുണ്ട്...
ചിത്രം വരക്കാനുള്ള അച്ഛന്റെ കഴിവ് പൂര്‍ണമായും കിട്ടിയത് ദിവ്യേച്ചിക്കായിരുന്നു...ഒരു നീളമുള്ള ക്യാന്‍വാസില്‍ ഇന്ത്യയുടെ സ്വാതന്ത്യചരിത്രങ്ങള് വിവരിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു ധനജ്ഞയന്‍...ആ ചിത്രം കൂടി പൂര്‍ത്തിയായാല്‍ ആര്ട്ട്ഗാലറിയില് പ്രദര്‍ശിപ്പിക്കാനിരിക്കുകയായിരുന്നു...
സ്വപ്നങ്ങളുടെ ശവപറമ്പില്‍ ഭീതിപ്പെടുത്തുന്ന ഓര്‍മ്മയുമായി കഴിയുന്ന ഒരമ്മയുടെ നെടുവീര്‍പ്പുകളില്‍ ഭാഗവാക്കായതിന് സൂവേച്ചി..നന്ദി....
വേദനിപ്പിയ്ക്കുന്ന ഓര്‍മ്മകള്‍ തന്നെ. ഓര്‍ക്കാപ്പുറത്തെ ദുരന്തങ്ങള്‍ നല്കുന്ന ഞെട്ടലില്‍ നിന്ന് മുകതമാവാന് കഴിയാതെ പോകുന്ന ജന്മങ്ങള് വേറെയും.
ദുരന്തത്തിന്റെ മറ്റൊരു ബാക്കിപത്രം.
ഈ വര്‍ഷകാലവും ദുഖങ്ങളും ദുരിതങ്ങളും കൊണ്ടാണല്ലോ കേരളത്തിലേക്ക് വന്നത്...
ഓരോ ദുരന്തങ്ങളും വന്നുപോകുമ്പോള്‍ പത്രവാത്രകളില് അക്കങ്ങളായി പൊലിയുകയാണ് മനുഷ്യജീവന്. കണ്ണൂനീര്‍ പെയ്തൊഴിയാത്ത മനസ്സുമായി ബാക്കിയാകുന്നവരെ ആരോര്‍ക്കുന്നു...
ദ്രൌപതി ഉചിതമായി ഈ കുറിപ്പ്... ദുരന്തത്തിന്റെ വേദനയും വിഹ്വലതയും ഒപ്പിയെടുത്ത വരികള്‍
ഇവിടെ (കാനഡ) കനിഷ്ക വിമാന ദുരന്തത്തെപ്പറ്റി ഓര്‍ത്തിരിക്കുമ്പോഴാണ് ഇതു വായിച്ചത്. വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍.
:( പ്രാര്‍ത്ഥിക്കുവാനല്ലേ നമുക്കാവൂ...
ഒരു ചിത്രം കൂടിത്തീര്ന്നാല് എക്സിബിഷന് നടത്തുവാനിരിക്കുകയായിരുന്നെന്നോ? എങ്കില്‍ ഇപ്പോള്‍ നടത്തിക്കൂടേ, അദ്ദേഹത്തിന്റെ ആഗ്രഹം അങ്ങിനെയായിരുന്നെങ്കില്‍?
--
ദില്‍ബാ..
നിനച്ചിരിക്കാതെ വിധി ക്രൂരനാകുമ്പോള്‍ ഉള്ളില്‍ നൊമ്പരം അവശേഷിപ്പിച്ച് ശിഷ്ടജീവിതം തള്ളിനീക്കുന്ന നിരവധി അമ്മമാരുടെ പ്രതീകമാണ്..ഇവര്‍...
ഇതേ ദുരന്തത്തിന്റെ സാക്ഷിയായ ഇനിയും അമ്മമാരുണ്ടെന്ന് ഓര്‍മ്മപ്പെടുത്തട്ടെ...
കുട്ടമ്മേമേനോന് നന്ദി...
ചാത്താ...
ഈ വര്‍ഷകാലവും നിരവധി ദുരിതങ്ങള്‍ സമ്മാനിച്ച് കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്...വരുംനാളുകളിലെങ്കിലും ദുരന്തത്തിന്റെ കാഠിന്യം കുറയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ല്ലേ...
മനൂ...
നന്ദി...വിസ്മരിക്കാനാവാത്ത ഈ ദുരന്തകഥയില്‍ ഭാഗവാക്കായതിന്...
ഹരീ...
ഇനിയൊരു പ്രദര്‍ശനത്തിന് ആ അമ്മ തയ്യാറല്ല..പൂര്‍ത്തിയാകാത്ത ഒരു ചിത്രം പോലെയാണ് അവരുടെ മനസിപ്പോള്‍..വല്ലപ്പോഴുമൊരിക്കല്‍ നമ്മളൊക്കെ അടുത്ത് ചെന്ന് സംസാരിക്കുന്നത് മാത്രമാണ് അവര്‍ക്കുള്ള സാന്ത്വനം...
സോണാ...
ഈ ചിരിയുടെ അര്‍ത്ഥതലങ്ങള്‍ മനസിലായില്ലാ..ട്ടോ..
ഇവിടെ വന്നതിന് നന്ദി...
Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Até mais.
വേദനയില്‍ കുതിര്‍ന്ന ഒരു ഏട്.
ഓര്‍ക്കുന്നു...
ആ പെരുമഴയെക്കാള്‍
കണ്ണീര് പെയ്യിച്ച്..മഹാദുരന്തത്തെ...
നിര്‍മ്മലാ...
അഭിപ്രായത്തിന് നന്ദി...
ചിത്രകാരാ...
വേദനയുടെ ഈ ഏടില്‍
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി...
ഷംസ്...
ഒരു മഹാദുരന്തത്തിന്റെ ദുഖസ്മൃതികളില്‍ ജീവിതം തള്ളി നീക്കുന്ന ഈ അമ്മയോടൊപ്പം ഭാഗവാക്കായതിന് നന്ദി...
മഴ ദുരന്ദങ്ങളുടെ കൂട്ടുകാരനാണോ
എന്നു തൊന്നിപ്പോകുന്നു
ഒര്‍ക്കുന്നു പത്രങ്ങളില്‍ കണ്ട ആ ദുരന്ദ
ചിത്രങ്ങള്‍...
തോരത്ത് കണ്ണുനീരുമായി നില്ക്കുന്ന ആ
അമ്മയോട് എന്തു പറയാന്‍....
പ്രര്‍ഥന മാത്രം
.....മഴ
Post a Comment