Wednesday, September 24, 2008

ഓര്‍മ്മകളിലൊഴുകുന്ന യമുന



വറ്റി വരണ്ട മണ്ണും ഇലകള്‍ കൊഴിഞ്ഞ മരവും ജലരഹിതമായിക്കൊണ്ടിരിക്കുന്ന പുഴയുമെല്ലാമുള്ള എന്റെ ഭൂമിയിലേക്ക്‌ വര്‍ഷകാലമായി വന്നു മടങ്ങിപ്പോയ അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്‌ പോലും അനുഭൂതിയുടെ ഒരു തലമുണ്ട്‌. വറുതി കഴിഞ്ഞ മടിയില്‍ അഗ്നിയിട്ട്‌ മടങ്ങിപ്പോയ കാല്‍പാടുകള്‍ കണ്ണുനീര്‍ കൊണ്ടവള്‍ മായ്‌ച്ചുകളഞ്ഞു. മനസിലെന്നോ കുറിച്ചിട്ട മരണകുറിപ്പ്‌ കുനുകുനെ കീറി ജാലകത്തിലൂടെ പുറത്തേക്കെറിഞ്ഞു. കണ്ടുമുട്ടുക എന്നത്‌ പോലും ചില നിയോഗങ്ങളാണെന്ന്‌ തിരിച്ചറിഞ്ഞത്‌ ആ സാമീപ്യത്തിന്റെ മനോഹാരിതയില്‍ നിന്നായിരുന്നു. ജീവിതമൊരു ശൂന്യമായ തുരുത്തായിരുന്നുവെന്ന്‌ തിരിച്ചറിയുമ്പോഴും ആത്മാവിലെവിടെയോ യമുന ഒഴുകിക്കൊണ്ടിരിക്കുന്നു.
ഗ്രാമത്തില്‍ നിന്നും നഗരത്തിന്റെ തിരക്കിലേക്കുള്ള പറിച്ചുനടല്‍ എന്നെ ഏറെ അസ്വസ്ഥനാക്കിയിരുന്നു. അപരിചിതര്‍ക്കിടയില്‍പ്പെട്ടുള്ള വീര്‍പ്പുമുട്ടല്‍, നിരത്തിലൂടെ മത്സരിച്ചോടുന്ന വാഹനവ്യൂഹങ്ങളുടെ അലോസരപ്പെടുത്തുന്ന ശബ്‌ദങ്ങള്‍. ഇതിനിടയില്‍ വിളറിവെളുത്ത ചുമരുകളുള്ള കലാലയം. പക്ഷേ മാനാഞ്ചിറ മൈതാനിയോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന വിശാലമായ ഞങ്ങളുടെ ക്ലാസ്‌ മുറിക്ക്‌ ആര്‍ക്കും ഗണിച്ചെടുക്കാനാവാത്ത ആകര്‍ഷകതയുണ്ടായിരുന്നു. ഒരു വശം എല്‍ ഐ സി കോമ്പൗണ്ടിലെ മരങ്ങളും നിശബ്‌ദതയും ആകാശത്ത്‌ വട്ടമിട്ട്‌ പറക്കുന്ന പരുന്തുകളും. ഉയരമേറിയ ജാലകത്തിനരുകില്‍ നിന്നാല്‍ ഇലകള്‍ക്കിടയിലൂടെ അവ്യക്തമായി ആളുകള്‍ ചലിക്കുന്നത്‌ കാണാം. മറുവശം മത്സരിച്ചോടുന്ന വാഹനങ്ങളുടെ ബഹളവും ദേവീക്ഷേത്രത്തിലേക്കുള്ള വഴിയും അലക്കുകാരുടെ കേന്ദ്രമായ മൈതാനവും.
ഈ രണ്ടുമുഖങ്ങളില്‍ ഉള്ളിലെ വികാരങ്ങളുടെ വേലിയേറ്റങ്ങളെ മാറ്റിയും മറിച്ചുമിടാം.
ക്ലാസില്ലാതിരുന്ന മധ്യാഹ്നത്തില്‍ വരാന്തയിലെ ശൂന്യതയില്‍ നിന്ന്‌ റോഡിലെ മത്സരിച്ചോടുന്ന വാഹനങ്ങളെ നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍. ഇടക്കെപ്പോഴോ തോന്നാറുള്ള സംശയം വഴി തെറ്റിവന്നു. ഇത്ര തിരക്കിട്ട്‌ ഈ യാത്രികര്‍ എങ്ങോട്ടാണ്‌ പോകുന്നത്‌? എന്തായിരിക്കും ഇവരുടെ ഉദ്ദേശം, ഇവരെല്ലാം എവിടെ നിന്നാണ്‌ വരുന്നത്‌...
ലളിതമായ ചോദ്യമെങ്കിലും അപ്രാപ്യമായൊരു ഉത്തരത്തിന്‌ കാത്ത്‌ നില്‍ക്കാതെ മനസ്‌ മറ്റെവിടേക്കോ പാഞ്ഞു. വെയിലിന്റെ തീഷ്‌ണത ചില്ലുകളെ ചൂടാക്കി തുടങ്ങിയിരുന്നു. എങ്കിലും അഴികളില്ലാത്ത ജാലകത്തിനുമുണ്ടായിരുന്നു ആരും തിരിച്ചറിയാത്തൊരു ഭംഗി. മുന്നിലെ കാഴ്‌ചയെ ഒരു തരി പോലും മറക്കാതെയുള്ള അതിന്റെ നില്‍പ്‌.
ക്ലാസ്‌ തുടങ്ങിയിട്ട്‌ രണ്ടാഴ്‌ചയോളം കഴിഞ്ഞു. പുതിയമുഖങ്ങള്‍ ചുറ്റിനുമുണ്ടെങ്കിലും ആരിലേക്കുമിറങ്ങി ചെല്ലാനേ തോന്നിയില്ല. ചിലരെല്ലാം അന്തര്‍മുഖനെന്ന അംഗീകാരവും എനിക്ക്‌ സമ്മാനിച്ചതായി തിരിച്ചറിഞ്ഞു.ജാലകങ്ങള്‍ എനിക്ക്‌ തുണയായത്‌ അങ്ങനെയാണ്‌. ഇരുഭാഗത്തുമുള്ള കാഴ്‌ചകള്‍ എന്നിലെ വികാരതലങ്ങളെ മാറ്റിമറിച്ചുകൊണ്ടിരുന്നു. അലറിപായുന്ന വണ്ടികളില്‍ ആരുമറിയാതെ പോവുന്ന മൗനങ്ങളുടെ ആവരണം എനിക്ക്‌ മുന്നിലൂടെ മിന്നിമാഞ്ഞു. ജാലകത്തിന്‌ പുറത്തെ കാഴ്‌ചകള്‍ നോക്കി നിശബ്‌ദയായി യാത്ര ചെയ്യുന്നവര്‍..
ഒരു ദിവസം നിരത്തിലേക്ക്‌ നോക്കി നില്‍ക്കുന്നതിനിടയില്‍ അറിയാതെ ഏതോ കവിതയിലെ വരികള്‍ നാവിന്‍തുമ്പത്ത്‌ വന്നു. ശബ്‌ദം അല്‍പം ഉഛസ്ഥായിലായത്‌ പെട്ടന്ന്‌ തന്നെ തിരിച്ചറിഞ്ഞു. മുന്നിലെ ബഹളത്തോടൊപ്പം അറിയാതെ ഞാനും മത്സരിച്ചുപോയെന്ന്‌ പരിതപിച്ചു. ജാലകത്തിലൂടെ അതിവേഗം കടന്നുവരുന്ന കാറ്റ്‌ എനിക്ക്‌ സംഗീതമൊരുക്കിയത്‌ പോലും വൈകിയാണറിഞ്ഞത്‌.
പിന്നില്‍ ഒരനക്കം കേട്ട്‌ തിരിഞ്ഞുനോക്കുമ്പോള്‍ ചുവപ്പ്‌ നിറമുള്ള വസ്‌ത്രമണിഞ്ഞ്‌ യമുന.
യമുനയെ ഞാന്‍ ഇന്റര്‍വ്യുവിന്‌ വന്നപ്പോള്‍ ശ്രദ്ധിച്ചിരുന്നു. എപ്പോഴും മുഖത്തൊരു അത്ഭുതം കുടിയിരിക്കുന്നത്‌ പോലെ തോന്നും. ഇടക്കൊക്കെ വിളര്‍ത്ത ഭയം ആ വെളുത്ത മുഖത്ത്‌ രക്തയോട്ടമായി പ്രതിഫലിക്കുന്നതായും കാണാം. മുന്‍നിരയില്‍ ഒരു കൊച്ചുകുട്ടിയെ പോലെ അമ്മയുടെ അരികത്തിരുന്ന്‌ ആകാംഷയോടെ ചുറ്റിനും നോക്കിയിരുന്ന പെണ്‍കുട്ടിയെ മുഖാമുഖത്തിന്റെ ചെറിയ ഇടവേളയില്‍ കണ്ണില്‍പെട്ടിരുന്നു.
തിരിഞ്ഞുപോവുമ്പോള്‍ നോട്ടീസ്‌ ബോര്‍ഡില്‍ തൂങ്ങിയാടിയ കടലാസില്‍ പത്താം റാങ്കിന്‌ നേരെയുള്ള യമുനയെന്ന പേരില്‍ മിഴികളുടക്കിയതും യാദൃശ്ചികം. അവളെ പരിചയപ്പെടണമെന്നുണ്ടായിരുന്നെങ്കിലും തുനിഞ്ഞില്ല. ഒടുവിലിതാ മുന്നില്‍ നിഷ്‌കളങ്കതയുള്ള മുഖവുമായി എന്നിലേക്കൊഴുകാന്‍ കൊതിച്ചുനില്‍ക്കും പോലെ യമുന.
ജാള്യതയില്‍ പാതിവഴിയിലുപേക്ഷിച്ച കവിതയെ അവള്‍ തിരിച്ചുചോദിച്ചു.
വിറയാര്‍ന്ന ശബ്‌ദത്തില്‍ അല്‍പം കൂടി ചൊല്ലിനിര്‍ത്തി പിന്‍വാങ്ങുമ്പോള്‍ യമുന പുറകില്‍ തന്നെയുണ്ടായിരുന്നു.
`` വേറെയേതൊക്കെ കവിതകളറിയാം'' തടഞ്ഞുനിര്‍ത്തിയ പോലെ മുന്നില്‍ കയറി നിന്ന്‌ അവള്‍ ചോദിച്ചു..
``സുഗതകുമാരിയുടെ `രാത്രിമഴ', ചുള്ളിക്കാടിന്റെ `ആനന്ദധാര', കക്കാടിന്റെ 'സഫലമീയാത്ര'....ഏതു വേണം യമുനക്ക്‌ '' അല്‍പം തമാശയോടെ ചോദിച്ചു.
സഫലമീയാത്ര മതി. വല്ലാത്തൊരാഹ്ലാദത്തോടെ അവള്‍ പറഞ്ഞു.
``വരികളോര്‍മ്മയില്ല യമുനേ..പിന്നീടൊരിക്കലാവാം.''
``വരികളില്ലാത്തത്‌ കൊണ്ട്‌ പിന്നത്തേക്കാക്കണ്ട ജയാ..എന്റെ കൂടെ വന്നോളൂ''
എന്റെ കൈ പിടിച്ചവള്‍ നടക്കുമ്പോള്‍ അങ്ങനെ ചില കവിതകള്‍ അറിയാമെന്ന്‌ പറഞ്ഞ നിമിഷത്തെ വല്ലാതെ ശപിച്ചു.
ബാഗ്‌ തുറന്ന്‌ ഒരു പഴയ നോട്ട്‌ബുക്കെടുത്ത്‌ അവള്‍ എനിക്ക്‌ നീട്ടി..
കുനുകുനെയുള്ള അക്ഷരങ്ങള്‍ സഫലമീയാത്ര നീണ്ടുനിവര്‍ന്നുകിടക്കുന്നുണ്ടായിരുന്നു. ആളൊഴിഞ്ഞ കോണില്‍ നിന്ന്‌ ആ കവിത ചൊല്ലുമ്പോള്‍ ഏതോ ലോകത്തെന്ന പോലെ മിഴികൂമ്പി നില്‍ക്കുകയായിരുന്നു അവള്‍.
``ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
ആതിര വരും പോകുമല്ലേ സഖീ..''
വറ്റിവരണ്ട എന്റെ മനസിലേക്ക്‌ കുളിര്‍മ്മയായി യമുന ഒഴുകി തുടങ്ങിയത്‌ അന്നാണ്‌. ഒടുവിലതെ വരികളിലെ അര്‍ത്ഥവ്യാപ്‌തി പോലെ അവള്‍ മടങ്ങിപോയപ്പോഴും എനിക്ക്‌ ദുഖമുണ്ടായിരുന്നില്ല. കാരണം ഓരോ നഷ്‌ടങ്ങളും ഞാന്‍ പോലുമറിയാതെ എന്നെ ശക്തനാക്കുകയായിരുന്നു.

വിളര്‍ത്ത പകലുകളും മഞ്ഞ സായന്തനങ്ങളും പിന്നീട്‌ ഞങ്ങള്‍ക്കിടയിലെ ചിന്തകളെ, മോഹങ്ങളെ മാല പോലെ കോര്‍ത്തിടുന്നുണ്ടായിരുന്നു. അറിയാതെ മനസിനെ ചുറ്റിവരിഞ്ഞ ആത്മബന്ധം ഹൃദയത്തിന്റെ അഗാധതലങ്ങളില്‍ പോലും വേരൂന്നിക്കൊണ്ടിരുന്നു.
അന്നൊരിക്കല്‍ വീട്ടില്‍ പോകാന്‍ തയ്യാറെടുക്കുമ്പോഴാണ്‌ ഞങ്ങള്‍ക്കിടയില്‍ ശക്തമായികൊണ്ടിരിക്കുന്ന സൗഹൃദത്തെ കുറിച്ച്‌ നാലു വരിയെഴുതി അവള്‍ക്ക്‌ നല്‍കിയത്‌.
`സൗഹൃദം വേനല്‍ മഴയാണ്‌. വേദനയുടെ വെയില്‍നാളങ്ങളേറ്റ്‌ വരണ്ടു കീറുന്ന മനസിന്‌ ആശ്വാസത്തിന്റെ സുഖം നല്‍കുന്ന മഴത്തുളളികളാണത്‌..'
യമുനയുടെ മിഴികളില്‍ ആകസ്‌മികമായി വന്ന തിളക്കം എന്റെ കണ്ണുകളേറ്റുവാങ്ങി.
അവളെ തിരിഞ്ഞുനോക്കി അകന്നുപോകുമ്പോള്‍ നിശ്ചലയായി കണ്‍പോളകള്‍ പോലും ചിമ്മിതുറക്കാതെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.
തിരിച്ചെത്തുന്നവരെ വല്ലാത്ത അസ്വസ്ഥതയായിരുന്നു. കാഴ്‌ചകള്‍ക്ക്‌ മുന്നില്‍ നേര്‍ത്ത അകലത്തില്‍ അവളുണ്ടായിരിക്കണമെന്ന വ്യാമോഹം എന്നെ ഉലച്ചുകൊണ്ടിരുന്നു.

ജാലകത്തിനരുകില്‍ മത്സരിച്ചോടുന്ന വാഹനങ്ങളിലേക്ക്‌ നോക്കിനിന്ന മറ്റൊരു മധ്യാഹ്നത്തിലാണ്‌ യമുനയിലെ മനോഹാരിത ശ്രദ്ധിച്ചത്‌.
ഒരു കുഞ്ഞിനെ പോലെ മനോഹരമായ മുഖം, വിടര്‍ന്ന പീലികളുള്ള കണ്ണുകള്‍, കാപട്യമറിയാത്ത പുഞ്ചിരി, വലതുമിഴിയിലെ കൃഷ്‌ണമണിയോട്‌ ചേര്‍ന്ന്‌ കറുത്ത പാട്‌, ഒതുങ്ങിയ മാറിടങ്ങള്‍...
ശിരസ്‌ മുതല്‍ ഒഴുകിയിറങ്ങിയ എന്റെ മിഴികള്‍ അവളുടെ കൈത്തണ്ടയിലെ മുറിവില്‍ ചെന്നുടക്കിയത്‌ അതിവേഗമായിരുന്നു.
ഇടതുകൈത്തണ്ടയിലെ ലോഹകഷ്‌ണം കൊണ്ട്‌ ഞരമ്പിനെ കീറിമുറിക്കാന്‍ ഇന്നലെ രാത്രി അവള്‍ ശ്രമിച്ചിരിക്കുന്നു എന്തിന്‌?
കണ്ണുകളിലിരുട്ട്‌ കയറുന്നത്‌ പോലെ തോന്നി. അവളുടെ വെളുത്ത വസ്‌ത്രത്തിന്റെ മനോഹാരിത ആ മുറിവിനെ മറയ്‌ക്കാന്‍ ശ്രമിക്കുന്നത്‌ തിരിച്ചറിയുമ്പോഴും ഭയം എന്നെ കീഴ്‌പ്പെടുത്തിക്കൊണ്ടിരുന്നു.
ഈ ചൈതന്യമുള്ള ശരീരത്തിനുള്ളില്‍ ആരുമറിയാത്തൊരു മനസുണ്ടെന്ന്‌ ആദ്യമായി ഞാന്‍ തിരിച്ചറിഞ്ഞു.
കടിഞ്ഞാണില്ലാതെ പാഞ്ഞ ചിന്തകള്‍ക്കൊടുവില്‍ അവളുടെ തോളില്‍ പിടിച്ച്‌ ശക്തമായി കുലുക്കി കൊണ്ടു ചോദിച്ചു.
``യമുനാ..നിനക്ക്‌ എന്തിനെങ്കിലും വേദനിക്കുന്നുണ്ടോ''
`എനിക്കൊന്നുമില്ല'
നിര്‍വികാരികതയോടെ അവള്‍ പറഞ്ഞു.
എന്റെ കൈകള്‍ തട്ടിമാറ്റി പടികള്‍ കയറി അവള്‍ മുകളിലേക്ക്‌ പോയി.
വിങ്ങിപൊട്ടി കരയുന്ന യമുനയുടെ ശബ്‌ദം പാതി കയറിയ പടികളില്‍ നിന്ന്‌ ഞാന്‍ കേട്ടു.
ആ മുറിവ്‌ അല്‍പം കൂടി ആഴത്തിലായിരുന്നെങ്കില്‍ യമുന മരിക്കില്ലായിരുന്നോ?
ഭീതിപ്പെടുത്തുന്ന ചിന്ത എന്നെ വലയം ചെയ്‌തു.

കരഞ്ഞ മിഴികളുമായി യമുനയിറങ്ങിപ്പോയ പകലിന്‌ മുമ്പില്‍ ഇരുട്ടിന്റെ മറ വന്നുവീണു.
ചിന്തകള്‍ക്ക്‌ തീ പിടിച്ച രാത്രിയില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന്‌ നേരം വെളുപ്പിച്ചു. രാവിലെ ക്ലാസിലെത്തുമ്പോള്‍ മുന്നില്‍ യമുന.
പതിവ്‌ചിരി, സുന്ദരമിഴികളില്‍ തിളക്കം.
``ഇതെന്തു പറ്റി ഇന്നോടി കിതച്ച്‌..''
ചിരിച്ചുകൊണ്ടവള്‍ തിരക്കി.
`യമുനയെ കാണാന്‍'
കിതച്ചുകൊണ്ട്‌ പറഞ്ഞപ്പോള്‍ അവള്‍ എന്നോട്‌ മുകളിലേക്ക്‌ വരാന്‍ പറഞ്ഞു.
പടികള്‍ കയറുമ്പോള്‍ അവളുടെ മുഖത്ത്‌ വല്ലൊത്താരു ശാന്തതയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം യമുനയുടെ ജീവിതത്തില്‍ നിന്ന്‌ തന്നെ നഷ്‌ടപ്പെട്ടുപോയെന്ന്‌ ഞാനറിഞ്ഞു.
``യമുനേ..എന്നോടെങ്കിലും പറയ്‌..എന്താ നിനക്ക്‌ പറ്റിയത്‌''
അവളുടെ കൈ പിടിച്ചുയര്‍ത്തികൊണ്ട്‌ ചോദിച്ചു.
``ഓ..ഇതോ, ചാകാന്‍ വേണ്ടിയൊന്നുമല്ല ജയാ..നോവാന്‍ വേണ്ടി മാത്രം. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ മെസോക്കിസം''
വളരെ ലാഘവത്തോടെ യമുന പറഞ്ഞു.
``എന്തുപറ്റി സ്വയം നോവിക്കണമെന്ന്‌ തോന്നാന്‍''
``ജയന്‍ കരുതുന്നു ഈ ലോകത്ത്‌ ഏറ്റവും ദുഖിക്കുന്നത്‌ ഞാനാണെന്ന്‌. യമുന കരുതുന്നു അവളാണെന്ന്‌. അത്രയേയുള്ളു''
അവളുടെ വാക്കുകളുടെ വ്യാപ്‌തി എന്നെ അമ്പരിപ്പിച്ചുകളഞ്ഞു. എങ്കിലും എന്തായിരിക്കും യമുനയുടെ ദുഖമെന്നറിയാന്‍ വല്ലാതെ ആഗ്രഹിച്ചുപോയി.
ഇവളെ മനസിലാകുന്നില്ലല്ലോ കൃഷ്‌ണായെന്ന്‌ മനസില്‍ പറഞ്ഞ്‌ ഞാന്‍ തിരിഞ്ഞുനടക്കാനൊരുങ്ങുമ്പോള്‍ അവള്‍ ചോദിച്ചു.
``പ്രണയത്തിന്റെ മാനദണ്ഡമെന്താണെന്ന്‌ ജയനറിയുമോ?''
''സൗന്ദര്യം, വിദ്യാഭ്യാസം, സ്വഭാവം, സാമ്പത്തികം, പെരുമാറ്റം, കഴിവുകള്‍'' ഇങ്ങനെയെന്തെങ്കിലുമൊന്ന്‌. എന്റെ മറുപടി അവളെ തൃപ്‌തയാക്കിയില്ലെന്ന്‌ ആ മുഖത്ത്‌ നിന്ന്‌ മനസിലായി.
``ഇതൊന്നുമില്ലെങ്കില്‍ ഒരാളെ സ്‌നേഹിക്കാന്‍ കഴിയില്ലേ?''
ഒന്നും പറയാതെ നടന്നുപോവുമ്പോ ഉന്നതവിദ്യാഭ്യാസത്തിനെത്തിയതാണെങ്കിലും ഓരോരുത്തരിലും പ്രണയം പനി പോലെ പിന്തുടരുന്നുണ്ടെന്നറിയുകയായിരുന്നു.
ക്ലാസ്‌ തുടങ്ങിയപ്പോള്‍ അറിയാതെ യമുനയിലേക്ക്‌ കണ്ണുപാഞ്ഞു.
പാതി തുറന്നിട്ട ജാലകത്തിനരുകില്‍ ഇടക്കിടെ പുറത്തേക്ക്‌ നോക്കി നോട്ടുബുക്കില്‍ എന്തെല്ലാമോ അവള്‍ കുത്തികുറിക്കുന്നുണ്ടായിരുന്നു.
എന്താവും അവളെഴുതിക്കൂട്ടുന്നതെന്നറിയാന്‍ വല്ലാത്ത ആകാംഷയായിരുന്നു.
ഇടവേളയില്‍ അവള്‍ പുറത്തുപോയപ്പോള്‍ ഓടിപ്പോയി ആ പുസ്‌തകമെടുത്ത്‌ തുറന്നു.
കറുത്ത മഷി കൊണ്ട്‌ കുറിച്ചിട്ട ആ വാചകങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാനാവാതെ ഞാന്‍ നിന്നു.
യമുനയില്‍ എന്തൊക്കെയോ ചില പ്രശ്‌നങ്ങള്‍ ഉള്ളത്‌ പോലെ എനിക്ക്‌ തോന്നി. നിഗൂഡമായ മനസുള്ളവള്‍. അവളുമായി ഏറെയടുത്തുവെന്ന്‌ പറയുന്നവര്‍ക്ക്‌ പോലും തിരിച്ചറിയാനാവാത്ത വിധമെന്തൊക്കെയോ സ്വന്തമായുള്ളവള്‍...
ഇത്ര സൂക്ഷ്‌മമായി തിരയുന്നത്‌ കൊണ്ടാണ്‌ യമുനയെ കുറിച്ച്‌ ചെറിയൊരു ധാരണയിലെങ്കിലും എത്താനായത്‌. അല്ലായിരുന്നുവെങ്കില്‍ തള്ളിക്കളയാറുള്ള വിഷയത്തിലൊന്ന്‌ മാത്രമാകുമായിരുന്നു അത്‌.
അവളുടെ വരികള്‍ക്ക്‌ താഴെയായി ചുവന്ന മഷി കൊണ്ട്‌ കുറിച്ചിട്ടു.
`` നീയിപ്പോള്‍ സന്ധ്യാദീപം കൊളുത്താന്‍
ഉമ്മറത്തെ നിലവിളക്കില്‍
കണ്ണുനീരുരുക്കിയൊഴിക്കുകയാവും
വൃന്ദാവനത്തിന്റെ ഒഴിഞ്ഞ കോണില്‍
കണ്ണനിപ്പോഴും
നിന്റെ പദനിസ്വനത്തിന്‌
കാതോര്‍ക്കുന്നുണ്ടെന്നറിയാതെ...''
ഒന്നുമറിയാത്ത പോലെ തിരിഞ്ഞുനടക്കുമ്പോള്‍ അത്‌ കാണുമ്പോഴുള്ള അവളുടെ മുഖമായിരുന്നു മനസില്‍.
ഒരു പക്ഷേ വല്ലാത്തൊരാശ്ചര്യം, പുഞ്ചിരി ഇതൊന്നുമല്ലെങ്കില്‍ നിസംഗത.
വികാരങ്ങളുടെ വിവിധ ഭാവങ്ങള്‍ അവളില്‍ സങ്കല്‍പ്പിച്ച്‌ സ്വന്തം സീറ്റിലെത്തുമ്പോള്‍ അവള്‍ വാതില്‍ക്കല്‍ നില്‍ക്കുന്നുണ്ടായിരുന്നു.
എന്തോ..യമുനയിലിന്ന്‌ വല്ലാത്തൊരോളം തല്ലലുണ്ട്‌ രാവിലെ മുതല്‍. നിശബ്‌ദയായി ഒഴുകാന്‍ കൊതിച്ചിട്ടും അതിനാവാത്ത പോലെ...
ക്ലാസ്‌ വിരസതയിലേക്ക്‌ നയിച്ചപ്പോള്‍ അവള്‍ വീണ്ടും പുസ്‌തകം തുറന്നു.
ആശ്ചര്യം നിറഞ്ഞ മുഖത്തോടെ അവളാ വരികളിലൂടെ കണ്ണോടിക്കുന്നത്‌ കണ്ടു.
മിഴികള്‍ അതിവേഗം ചുവന്ന്‌ ഉപ്പുതുള്ളില്‍ ഊര്‍ന്നിറങ്ങുന്നത്‌ കണ്ടപ്പോള്‍ ഒന്നും വേണ്ടായിരുന്നുവെന്ന്‌ തോന്നി.
നെടുവീര്‍പ്പുകള്‍ ബാക്കിയാക്കി അവള്‍ ഡസ്‌ക്കില്‍ കമഴ്‌ന്നുകിടന്ന്‌ ഏങ്ങലടിച്ചു. പിന്നെ തുവാല കൊണ്ട്‌ മുഖം തുടച്ച്‌ അധ്യാപകനെ പോലും വകവെക്കാതെ പുറത്തേക്ക്‌ നടന്നു.
മുകളിലെ ശൂന്യമായ ക്ലാസിലിരുന്നു യമുനയിപ്പോള്‍ അവളുടെ തന്നെ മുറിവുകളിലൂടെ ഒഴുകുന്നുണ്ടാകുമെന്നെനിക്കറിയാം. പക്ഷേ വിവര്‍ത്തനം ചെയ്യാനാവാതെ കിടന്ന അവളുടെ മനസ്‌ ഭീതിപ്പെടുന്ന സ്വപ്‌നമായി എന്റെ മുമ്പില്‍ തന്നെ കിടക്കുന്നുണ്ടായിരുന്നു.
നോട്ട്‌ ബുക്കില്‍ നിന്ന്‌ താള്‍ കീറി അതില്‍ `യമുനക്ക്‌' എന്ന തലക്കെട്ടില്‍ എഴുതി.
``വേനല്‍ വെറുക്കുന്ന ജലതുള്ളിയെ
ശിശിരത്തിന്റെ മടിയിലുപേക്ഷിച്ച
കാലത്തോടൊരു വാക്ക്‌...
വര്‍ഷവുമായി വരുംമുമ്പ്‌
കുരുതിക്കളത്തിലേക്കെറിയുക...
ഒരാര്‍ത്തിരമ്പലിനെക്കാള്‍ മനോഹരം
ഒരിറ്റായി ഊര്‍ന്നുവീണ്‌
മരിക്കുകയാണ്‌...''

ഉച്ചഭക്ഷണത്തിന്‌ പരിപ്പ്‌കറിയും കാബേജ്‌ തോരനും. വിശന്നിട്ട്‌ വയ്യെന്ന്‌ പറഞ്ഞ്‌ ആര്‍ത്തിയോടെ ചോറുവാരി തിന്നുമ്പോള്‍ കഴിഞ്ഞ ക്ലാസിലെ വിരസതയും വ്യഥയും യമുനയില്‍ അല്‍പം പോലുമുണ്ടായിരുന്നില്ല.
എന്തോ മറന്ന പോലെ ഇടക്കൊന്ന്‌ ആലോചിച്ച്‌ ബാഗ്‌ തുറന്ന്‌ കെട്ടിവെച്ച കവറെടുത്ത്‌ നിവര്‍ത്തി. തണുക്കാതെ കിടക്കുന്ന പപ്പടവും മുളക്‌ കൊണ്ടാട്ടവും...
തീരാറായ ചോറിലേക്ക്‌ അല്‍പം കുടഞ്ഞിട്ട്‌ കവറോടെ തന്നെ എനിക്കും ശ്രീലുവിനും നീട്ടുമ്പോള്‍ യമുനയുടെ മുഖം വളരെ പ്രസന്നമായിരുന്നു.
ഏതു നിമിഷവും തീര്‍ന്നുപോയേക്കാവുന്ന വികാരത്തിന്റെ ജ്വലനമായിരുന്നു അതെന്ന്‌ ആ കൂട്ടത്തില്‍ ഞാന്‍ മാത്രമറിഞ്ഞു.
അന്ന്‌ വൈകുന്നേരം അപ്രതീക്ഷിതമായി മഴ പെയ്‌തു. വരണ്ട മണ്ണിലേക്ക്‌ ആണ്ടിറങ്ങുന്ന മഴയുടെ രൗദ്രതാളം നോക്കി യമുന ജാലകത്തിനരുകില്‍ ഇരിക്കുന്നുണ്ടായിരുന്നു. കാറ്റ്‌ വരുമ്പോള്‍ പാതി തുറന്നിട്ട ജാലകത്തിലൂടെ അവളിലേക്ക്‌ ജലതുള്ളികള്‍ തെറിച്ചുവീഴുമ്പോള്‍ ചെറുപുഞ്ചിരി മുഖത്ത്‌ വിരിയുന്നത്‌ കണ്ടു.
ഞാന്‍ അരുകില്‍ വന്നിരുന്നതൊന്നും അവളറിഞ്ഞില്ല. മഴയുടെ പ്രതിസ്‌ഫുരണങ്ങളില്‍ അവളെന്തോ തിരയുകയാണെന്ന്‌ തോന്നി.
പുതുമണ്ണിന്റെ ഗന്ധം നുകരുന്ന അവളുടെ മുഖത്തേക്കുറ്റുനോക്കിയപ്പോള്‍ ആ വിടര്‍ന്ന കണ്‍പീലികള്‍ എണ്ണാനും ഇമയനക്കാതെ ഏതോ വന്യമായ സുഖലോലുപതയിലേക്കുള്ള യാത്രയിലായിരുന്ന അവളെ വാരിപുണരാനും തോന്നി.
ഞാന്‍ തിരിഞ്ഞുനടക്കുമ്പോഴും മഴ സമ്മാനിച്ച കാഴ്‌ചകളില്‍ നിന്ന്‌ യമുന മുക്തയായിരുന്നില്ല.
പ്രകൃതിയുടെ മാറ്റങ്ങള്‍ക്കനുസൃതമായി അവളുടെ മുഖവും മാറുന്നു. അതീന്ദ്രിയമായ ഏതോ ശക്തി അവളെ ആവരണം ചെയ്യുന്ന പോലെ...
പിറ്റേന്ന്‌ അപ്രതീക്ഷിതമായി അവളൊരു ചോദ്യം ചോദിച്ചു..
``ജയാ..എന്റെ മുന്നില്‍ ചില മുഖമുണ്ട്‌. അതിലൊന്ന്‌ തിരഞ്ഞെടുക്കണമെന്നുണ്ട്‌. എന്താ നിന്റെ അഭിപ്രായം''
``ആലോചിച്ചു തീരൂമാനിക്കൂ യമുനാ...നിന്റെ സങ്കല്‍പ്പത്തിന്റെ രൂപവും ഭാവവും എനിക്കറിയില്ലല്ലോ''
എന്റെ മറുപടി കേട്ട്‌ അല്‍പസമയം അവള്‍ നിശബ്‌ദയായി.
എന്നെ കുറിച്ചെന്താ ജയന്റെ അഭിപ്രായം?
അപ്രതീക്ഷിതമായ അവളുടെ ചോദ്യം എന്നെ വരിഞ്ഞുമുറുക്കി കളഞ്ഞു.
``ഇതു പോലൊരാളെ ഈ ഭൂമിയില്‍ കണ്ടെടുക്കാനാവില്ല'' തമാശകലര്‍ത്തി ഞാന്‍ പറഞ്ഞു.
``ജയന്‌ എന്നെ സ്‌നേഹിച്ചൂടെ...ഒരിക്കലും നോവിക്കാതെ അനുസരണയുള്ളവളായി ജീവിച്ചോളാം ഞാന്‍''
യമുനയുടെ വാക്കുകള്‍ എന്നെ വല്ലാതെ തളര്‍ത്തികളഞ്ഞു. ക്ലാസ്‌ മുറിയിലെ വസ്‌തുക്കളെല്ലാം ആകാംഷയോടെ ഉറ്റുനോക്കുന്നത്‌ പോലെ തോന്നി. ശാന്തതയിലേക്ക്‌ തുറക്കുന്ന ജാലകത്തിനരുകിലേക്ക്‌ നീങ്ങിനിന്നുകൊണ്ട്‌ ഞാന്‍ പറഞ്ഞു.
``യമുനാ..എനിക്കിത്‌ വിശ്വസിക്കാനാവുന്നില്ല. ഞാനൊരു സ്വപ്‌നലോകത്തെത്തിയത്‌ പോലെ...എന്റെ ചിന്തകള്‍ക്കും സ്വപ്‌നങ്ങള്‍ക്കുമതീതയാണ്‌ നീ. ഇത്ര വിശാലമായൊരു ലോകം നിന്റെ മുന്നിലുണ്ടായിട്ടും നീയെന്തെ ഇങ്ങനെ ആഗ്രഹങ്ങള്‍ അവധി നല്‍കി ചുരുങ്ങുന്നു''
തിരിഞ്ഞുനോക്കുമ്പോള്‍ യമുന നിന്നിടം ശൂന്യമായിരുന്നു.
ക്ലാസിലിരിക്കുമ്പോള്‍ യമുനയുടെ മുഖത്ത്‌ തളം കെട്ടി നില്‍ക്കുന്ന ശാന്തത കണ്ടു. സൗഹൃദം മോഹിച്ചുനടന്നവന്‌ ജീവിതം വെച്ചുനീട്ടി അത്ഭുതപ്പെടുത്തിയ ആ പെണ്‍കുട്ടിയോട്‌ എന്ത്‌ പറയണമെന്നറിയാതെ ചിന്തയിലാണ്ടുപോയി ഞാന്‍.
സായന്തനത്തില്‍ അവളോട്‌ യാത്ര പറഞ്ഞുപിരിയുമ്പോള്‍ മധ്യാഹ്നത്തെ സംഭാഷണം സ്വപ്‌നമായിരുന്നുവെന്ന്‌ എനിക്ക്‌ തോന്നി.
അടുത്തദിവസം ഉച്ചയോടെയാണ്‌ ക്ലാസിലെത്തിയത്‌. മുകളിലെ ശൂന്യമായ ക്ലാസ്‌ മുറിയില്‍ ചമ്രം പടിഞ്ഞിരുന്ന്‌ ആരോ പാടുന്നത്‌ അവ്യക്തമായി കണ്ടു. ഏതോ ദേവീകീര്‍ത്തനം ഈണത്തില്‍ കാതുകളില്‍ മുഴങ്ങിയപ്പോഴാണ്‌ യമുനയുടെ ശബ്‌ദമാണെന്ന്‌ തിരിച്ചറിഞ്ഞത്‌.
മെറൂണ്‍ കളറുള്ള സാരിയുടുത്ത്‌ കനകാംബരപൂവ്‌ ചൂടി യമുന.
അവളറിയാതെ പിന്നില്‍ പോയിരുന്നു.
മുന്നില്‍ മിഴിയടച്ച്‌ ആസ്വദിക്കുന്ന ദീപയും ശ്രീലുവും...
അപ്രതീക്ഷിതമായി മുഖം തിരിച്ചപ്പോള്‍ എന്നെ കണ്ട യമുനയില്‍ വല്ലാത്തൊരു ലജ്ജ വന്നു മൂടി. പാതിവഴിയില്‍ ഈരടികള്‍ മുറിച്ചിട്ട്‌ അവള്‍ എഴുന്നേറ്റുപോയി.
യമുന വിശാലമായൊരു നദിയാണെന്ന്‌ ഞാന്‍ തിരിച്ചറിയുകയായിരുന്നു. കനലൊളിപ്പിച്ച വരികള്‍, മധുരമായ ശബ്‌ദം, കോറിയിടുന്ന സുന്ദരചിത്രങ്ങള്‍ ഇനിയുമെത്രയോ കാണാനിരിക്കുന്ന കഴിവുകളുടെ അനസ്യൂതമായ ഒഴുക്കാണവളെന്ന്‌ തോന്നി.
പിറ്റേന്ന്‌ ഭക്ഷണപൊതിയെടുക്കാന്‍ ബാഗ്‌ തുറന്നപ്പോഴാണ്‌ കണ്ടത്‌. നീല കടലാസില്‍ പൊതിഞ്ഞ ചുവന്ന റിബണ്‍ കൊണ്ട്‌ കെട്ടിയ സമ്മാനപൊതി.
ആളൊഴിഞ്ഞ ക്ലാസ്‌മുറിയിലെ വരണ്ട നിശബ്‌ദതയിലിരുന്ന്‌ ആ പൊതിയഴിച്ചു.
മനോഹരമായ പെട്ടിക്കുള്ളില്‍ വെള്ളയും ചുവപ്പും നിറമുള്ള ഒരു പേന.
അതിന്‌ ഒരുപാട്‌ മൂല്യമുണ്ടെന്ന്‌ ഒറ്റനോട്ടത്തില്‍ തന്നെ മനസിലായി. പെട്ടിക്കുള്ളില്‍ മടക്കിവെച്ച കടലാസെടുത്ത്‌ നിവര്‍ത്തി.
``നിന്റെ പദനിസ്വനം യുഗങ്ങള്‍ക്ക്‌ മുമ്പെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. ഉരുകിതീര്‍ന്ന മനസും വറ്റിയ മിഴികളും ഓര്‍മ്മയാക്കി വൃന്ദാവനത്തിന്റെ ഒഴിഞ്ഞ കോണിലേക്ക്‌ യമുന വരികയാണ്‌. നിന്റെ ശൂന്യതക്ക്‌ ഭംഗം വരുത്താന്‍''
എഴുന്നേറ്റ്‌ പായാന്‍ കൊതിക്കുന്ന അക്ഷരങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നത്‌ പോലെ തോന്നി.
ആളുകളെ കുത്തിനിറച്ച ബസ്സുകള്‍ ഇടതടവില്ലാതെ പായുന്നത്‌ ജാലകത്തിലൂടെ കണ്ടു. അതിലൊന്ന്‌ പാഞ്ഞുവരുന്നത്‌ എന്റെ മനസിലേക്കാണെന്ന്‌ ഭയപ്പെട്ടു. വെയിലിന്റെ വിളറിയ ചിരി, കാറ്റിന്റെ നൊമ്പരസ്‌പര്‍ശം... ഉയരമേറിയ ജാലകത്തിനപ്പുറത്തേക്ക്‌ പറന്നാലോയെന്ന്‌ ആശിച്ചു. കടുംചുവപ്പ്‌ നിറത്തില്‍ കുളിച്ചൊരുങ്ങി ചിരിമാഞ്ഞ ചുണ്ടുമായി വിജനമായ ഭൂമിയുടെ അഗാധഗര്‍ത്തിലേക്കാണ്ടു പോകാന്‍ തോന്നി.
``ജയാ...ഇതെന്ത്‌ പറ്റി ഇന്നൊരു മൂഡില്ലാത്തത്‌ പോലെ''
``ഇടക്ക്‌ ബഹളങ്ങളാ യമുനാ രസം''
ഒന്നും മനസിലാകാത്ത പോലെ അവളെന്റെ മുഖത്തേക്ക്‌ നോക്കി.
``ശബ്‌ദം വല്ലാതെ മാറിയിട്ടുണ്ടല്ലോ...അസുഖമുണ്ടോ നിനക്ക്‌''
യമുനയുടെ തണുത്ത കൈത്തലം നെറ്റിയില്‍ സ്‌പര്‍ശിച്ചു.
'നല്ല ചൂടുണ്ടല്ലോ'
വെപ്രാളത്തോടെ പോയി തിരിച്ചെത്തുമ്പോള്‍ അവളുടെ കെയ്യില്‍ ബാമും തുവാലയുമുണ്ടായിരുന്നു.
നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ തുവാലകൊണ്ട്‌ തുടച്ച്‌ നീക്കി അവള്‍ ബാം പുരട്ടി.
ശൂന്യമായ ലൈബ്രറിയിലെ ഒഴിഞ്ഞ കോണിലേക്ക്‌ അവളോടൊപ്പം നടക്കുമ്പോള്‍ ഓര്‍ക്കുകയായിരുന്നു.
``യമുന ആരാണ്‌? എന്നെയിങ്ങനെ സ്‌നേഹിക്കാന്‍. ഒരുപക്ഷേ ഒറ്റപ്പെടലിന്റെ തുരുത്തിലാണോ എന്നെ പോലെയിവളും''
``ജയന്റെ നാട്ടിലേക്ക്‌ എന്നെ വിളിക്കുന്നില്ലേ?''
അവളുടെ ചോദ്യങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമായ ആഘാതങ്ങളാണെന്ന്‌ തിരിച്ചറിഞ്ഞു.
``യമുനക്ക്‌ എപ്പോ വേണമെങ്കിലും വരാലോ. ഇവിടെ നിന്നും വെറും മൂന്നുമണിക്കൂര്‍ യാത്രയല്ലേയുള്ളു``
``പക്ഷേ എന്നെ പിരിഞ്ഞ്‌ ഒറ്റദിവസം മായൂന്‌ ഇരിക്കാനാവില്ല..അല്ലെങ്കില്‍ ഈയാഴ്‌ച നാട്ടില്‍ പോകുമ്പോള്‍ ഞാനും വന്നേനേ''
ആരാ മായൂ...
`എന്റെ അനിയത്തികുട്ടി'
``ഒരിക്കല്‍ ഇങ്ങോട്ട്‌ കൂട്ടിവന്നൂടെ മായൂനേ..എന്നെ പോലെയല്ല അവള്‌..അച്ഛനെ പോലെയാ''
അമ്മയുടെ സൗന്ദര്യം അതേപടി കിട്ടിയത്‌ യമുനക്കാണന്നുറപ്പായിരുന്നു. നെറ്റിയില്‍ ചുവപ്പ്‌ കലര്‍ന്ന ചന്ദനമിട്ട പ്രൗഡിയുള്ള സ്‌ത്രീയ ഇന്റര്‍വ്യുവിന്‌ വന്നപ്പോള്‍ കണ്ടതോര്‍മ്മ വന്നു.
``ജയന്റെ പ്രശ്‌നം ദാരിദ്ര്യം. എനിക്ക്‌ പണമധികമായതും. നമ്മളൊന്നിക്കുമ്പോള്‍ ഇത്തിരി ദാരിദ്ര്യം എനിക്ക്‌ തന്നോളൂ..പകരമായി ഒത്തിരി പണം ഞാന്‍ തിരികെ നല്‍കാം. നമുക്കിടയില്‍ സംതുലിതമായ ജീവിതമാണ്‌ എനിക്കിഷ്‌ടം''
ഞാനറിയാതെ എന്റെ ദിവസങ്ങളുടെ വറുതിയെ ഇവളെങ്ങനെയോ തിരിച്ചറിയുന്നുണ്ടെന്ന്‌ മനസിലായി. അമ്മയുടെ എഴുത്ത്‌ പുസ്‌തകത്തിനുള്ളില്‍ നിന്ന്‌ ഇവള്‍ കണ്ടിട്ടുണ്ടാവുമോ..ഒരു പക്ഷേ സഹതാപത്തില്‍ നിന്നാവുമോ ഈ പ്രേമം..
``സഹതാപത്തില്‍ നിന്നുടലെടുക്കുന്ന സ്‌നേഹത്തില്‍ എനിക്ക്‌ വിശ്വാസമില്ല ജയാ..ഒന്നും ആരുടേയും തെറ്റല്ല. നിയോഗങ്ങള്‍ മാത്രം''
പാതി മുറിഞ്ഞ ചിന്തകള്‍ക്ക്‌ മേല്‍ അവളുടെ വാചകങ്ങള്‍ ആഴത്തില്‍ വന്നുവീണു.
പിന്നീടുളള ദിവസങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടിരുന്നു. സ്‌നേഹത്തിന്റെ ഊഷ്‌മളതയെന്തെന്ന്‌ ഞാന്‍ തിരിച്ചറിയുകയായിരുന്നു. വിഭാതങ്ങളും സായന്തനങ്ങളും ഓര്‍മ്മകളുടെ ദ്വീപായി മാറിക്കൊണ്ടിരുന്നു. വ്യര്‍ത്ഥമോഹങ്ങളുടെ സ്ഥാനത്ത്‌ ആഗ്രഹങ്ങളുടെ പച്ചപ്പ്‌ തെളിഞ്ഞുവരുന്നുതറിഞ്ഞു.

കറുത്തിരുണ്ട സായന്തനം...
നഗരത്തിന്‌ മുകളില്‍ ഇരുണ്ട മേഘങ്ങള്‍ മൂടിയത്‌ അതിവേഗമായിരുന്നു. ആര്‍ത്തിരമ്പി വരുന്ന മഴയുടെ ശബ്‌ദം. മുകള്‍ നിലയിലെ ശൂന്യമായ ക്ലാസ്‌ മുറിയില്‍ ജാലകങ്ങള്‍ പൂര്‍ണമായി തുറന്നിട്ട്‌ യമുന പുറത്തേക്ക്‌ കൈ നീട്ടിനില്‍ക്കുന്നത്‌ കണ്ടു.
മഴത്തുള്ളികളെ കുമ്പിളില്‍ കോരി അവള്‍ മുഖത്തേക്ക്‌ തേവുന്നുണ്ടായിരുന്നു.
കാറ്റിനൊത്ത്‌ ചെരിഞ്ഞിറങ്ങുന്ന മഴയുടെ ഓരോ തുള്ളിയും അവളെ വല്ലാതെയിഷ്‌ടപ്പെടുന്നത്‌ പോലെ..
എന്നെ കണ്ടപ്പോള്‍ അവള്‍ അടുത്തേക്ക്‌ വിളിച്ചു.
``ജയാ..എന്ത്‌ രസാ മഴ നനയാന്‍...നീയെന്നോട്‌ ചേര്‍ന്ന്‌ നില്‍ക്ക്‌''
അവളോട്‌ ചേര്‍ന്ന്‌ നില്‍ക്കുമ്പോള്‍ ആ ശരീരത്തിലൂടെ ഊര്‍ന്നിറങ്ങിക്കൊണ്ടിരുന്ന ജലധാര എന്നിലേക്കും പടര്‍ന്നു.
കുറച്ച്‌ നേരം കഴിഞ്ഞ്‌ അവള്‍ ജാലകങ്ങള്‍ തള്ളിയടച്ചു.
``മഴയായാല്‍ പോലും അമിതമായാല്‍ വെറുക്കേണ്ടി വരും ല്ലേ...''
തണുക്കാന്‍ തുടങ്ങിയപ്പോഴാവാം അവള്‍ അങ്ങനെ പറഞ്ഞതെന്ന്‌ തിരിച്ചറിഞ്ഞു.
``ജയനെന്നെ വാരി പുണരാന്‍ തോന്നുന്നില്ലേ? പുറത്ത്‌ തിമര്‍ത്തുപെയ്യുന്ന മഴ, ദേഹത്ത്‌ പടര്‍ന്ന്‌ കയറുന്ന തണുപ്പ്‌, ഇരുണ്ട പകല്‍, സ്വകാര്യത സമ്മാനിക്കുന്ന നരച്ച ചുവരുകള്‍. പ്രകൃതി പശ്ചാത്തലമൊരുക്കി കാത്ത്‌ നില്‍ക്കുന്നത്‌ കണ്ടില്ലേ..''
യമുനയുടെ ചോദ്യം വൈദ്യുതാലിംഗനമായി മാംസത്തിനുള്ളിലേക്ക്‌ കയറിപ്പോയി. അവളുടെ മുഖം കൈക്കുമ്പിളില്‍ കോരി അധരത്തിലേക്കമര്‍ത്തി. മിഴികുമ്പി നിന്ന താമരയിതളില്‍ മുള്ളുകള്‍ കൊണ്ട്‌ വരഞ്ഞ പോലെ മങ്ങിയ മുറിവുകളവശേഷിപ്പിച്ച്‌ അകന്നുമാറുമ്പോള്‍ ഒരിക്കലുമറിഞ്ഞിട്ടില്ലാത്തൊരു സുഗന്ധവും സാമീപ്യവും കൂടെ പോരുകയായിരുന്നുവെന്ന്‌ ഞാനറിഞ്ഞു.

പിറ്റേന്ന്‌ രാവിലെ ലോഡ്‌ജിലേക്ക്‌ ഫോണ്‍ വരുമ്പോള്‍ വല്ലാത്ത ഭീതിയായിരുന്നു മനസില്‍..
അമ്മക്കെന്തെങ്കിലും..തികട്ടി വന്ന ഗദ്‌ഗധമൊതുക്കി കരയാനാവാതെ നില്‍ക്കുമ്പോള്‍ മറുവശത്ത്‌ നിന്നും ശബ്‌ദം കേട്ടു.
``ഞാന്‍ ശ്രീലുവാ. യമുന ആത്മഹത്യ ചെയ്‌തു''
റീസീവര്‍ വന്നുവീണത്‌ മനസിലെ കനത്ത ഇരുട്ടിലേക്കായിരുന്നു.

പൂക്കള്‍ക്ക്‌ നടുവില്‍ പുതച്ചുകിടക്കുന്നത്‌ കണ്ടാല്‍ ഉറങ്ങുകയാണെന്നേ തോന്നൂമായിരുന്നുള്ളു. ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ നിന്ന്‌ പലപ്പോഴും ഒഴിഞ്ഞുമാറുന്ന യമുനയിലെ നിഗൂഡത അതേ പോലെ ആ മുഖത്തുണ്ടായിരുന്നു. ആരോക്കെയോ വരുന്നു... നിലവിളിക്കുന്നു...ദുഖത്തിന്റെ പ്രതീകമായി പൂക്കളും പട്ടുകളും അവളുടെ ശരീരത്തില്‍ വെക്കുന്നു...
എങ്ങിനെ പിടിച്ചുനിര്‍ത്തിയിട്ടും കണ്ണുകള്‍ അടങ്ങിനിന്നില്ല. അത്‌ പെയ്യാന്‍ തുടങ്ങിയിരുന്നു.
`മായൂനെ കാണിക്കണ്ടേ' ആരോ പറയുന്നത്‌ കേട്ടു.
കൊച്ചുകുഞ്ഞിനേയുമെടുത്ത്‌ കരഞ്ഞുവീര്‍ത്ത മുഖവുമായി ആരോ വരുന്നത്‌ കണ്ടു.
`അമ്മേ എഴുന്നേല്‍ക്കമ്മേ...'
കരഞ്ഞുകൊണ്ട്‌ ആ കുട്ടി യമുനയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്നത്‌ നോക്കി നില്‍ക്കുമ്പോള്‍ ഞാന്‍ നിന്ന പ്രതലം പിളരുന്നതായി തോന്നി.
``പക്ഷേ എന്നെ പിരിഞ്ഞ്‌ ഒറ്റദിവസം മായൂന്‌ ഇരിക്കാനാവില്ല..അല്ലെങ്കില്‍ ഈയാഴ്‌ച നാട്ടില്‍ പോകുമ്പോള്‍ ഞാനും വന്നേനേ''
യമുനയുടെ വാക്കുകള്‍ കൂരമ്പുകളായി മനസില്‍ കിടന്ന്‌ പിടച്ചുകൊണ്ടിരുന്നു.
``ആദിത്യനെ പതിനൊന്നരയോടെ കൊണ്ടുവരും. സ്വന്തം ഭാര്യയാണ്‌ മരിച്ചതെന്ന്‌ തിരിച്ചറിയില്ലെങ്കിലും കാണിക്കാതിരിക്കാനാവില്ലല്ലോ...''
മധ്യവയസ്‌ക്കന്റെ വാക്കുകള്‍ കാതില്‍വന്നലച്ചു.
ഒരു ദിവസം വെപ്രാളപ്പെട്ട്‌ ക്ലാസില്‍ നിന്നും യമുനയിറങ്ങിപ്പോയപ്പോള്‍ എങ്ങോട്ടാണെന്ന്‌ ചോദിച്ചതോര്‍മ്മയുണ്ട്‌..
`ഭ്രാന്താശുപത്രിയിലേക്ക്‌...ജയന്‍ വരുന്നോ'
ഗൗരവം വിടാതെയുള്ള മറുപടിയായിരുന്നെങ്കിലും അതിനെ അവഗണിച്ചു.
അവളില്‍ നിന്നുതിര്‍ന്നുവീഴുന്നത്‌ തമാശയാണോ കാര്യമാണോയെന്നറിയാന്‍ എന്നും പ്രയാസമായിരുന്നു.

പുതിയ ചില അറിവുകളുടെ വിഴുപ്പുഭാണ്ഡവും പേറി തിരിച്ചുപോരുമ്പോള്‍ ഇനിയീ നഗരത്തില്‍ തുടരില്ലെന്ന്‌ തീരുമാനിച്ചിരുന്നു.
മുറിയില്‍ ചെന്ന്‌ സാധനങ്ങളെല്ലാം ബാഗില്‍ വെച്ച്‌ യാത്ര പറയുമ്പോള്‍ ഈ തിരക്കിലേക്ക്‌ വരാന്‍ തോന്നിയ നിമിഷത്തെ ആവര്‍ത്തിച്ച്‌ ശപിച്ചു. ആരുമായും അടുക്കില്ലെന്ന ഉറച്ച തീരുമാനത്തില്‍ നിന്ന്‌ വഴുതിപ്പോയ മനസിനെ വെറുത്തു.
വളവുകള്‍ ആയാസപ്പെട്ട്‌ കയറിപോകുന്ന ബസിന്റെ ചെരിഞ്ഞ സീറ്റില്‍ ചാരി കിടന്ന്‌ വിതുമ്പുമ്പോള്‍ യമുന അരികില്‍ വന്നു പറയുന്നത്‌ പോലെ തോന്നി.
``എനിക്ക്‌ നീയെന്നാല്‍ പുറകോട്ട്‌ സഞ്ചരിക്കുന്ന മരങ്ങളിലൊന്ന്‌ മാത്രമായിരുന്നു...
തിരിഞ്ഞുനോക്കാനാവാത്ത യാത്രകളില്‍
കൃഷ്‌ണമണികളില്‍ പറ്റിപിടിച്ചൊരോര്‍മ്മ കഷ്‌ണം........''



image courtesy- corbis

Sunday, July 20, 2008

പ്രിയരഞ്‌ജിനിയുടെ പകലുകള്‍


ജാലകവിരുപ്പുകള്‍ നേരെയാക്കി പ്രിയരഞ്‌ജിനി അകത്തേക്ക്‌ നടന്നു. പുറത്ത്‌ തിമര്‍ത്ത്‌ പെയ്യുന്ന മഴയെ നോക്കി നില്‍ക്കാന്‍ തുടങ്ങിയിട്ട്‌ കുറെ സമയമായി. ഓര്‍മ്മകളിലെന്നും കാത്തുവെച്ച കുറെ മഴത്തുള്ളികളുണ്ടായിരുന്നു അവളുടെ ബാല്യകൗമാരങ്ങളില്‍. ഇപ്പോ തിരക്കിട്ട കുടുംബജീവിതത്തിനിടയില്‍ ഓര്‍മ്മകളെ ചികഞ്ഞെടുക്കാന്‍ സമയമില്ലാതായിരുന്നു. എങ്കിലും മനസില്‍ വര്‍ണങ്ങള്‍ കുത്തിനിറക്കാന്‍ വരണ്ട വേനലിനെയും തിമര്‍ത്ത്‌ പെയ്യുന്ന മഴയെയും അവള്‍ ഇടക്കിടെ കൂട്ടുപിടിച്ചു.
നാട്ടുമ്പുറത്ത്‌ പാതി തകര്‍ന്ന ഗ്രാമഫോണില്‍ നിന്ന്‌ ഉയര്‍ന്ന്‌ കേള്‍ക്കുന്ന പഴയ സിനിമാഗാനങ്ങള്‍ കേട്ട്‌ നടന്ന കൗമാരകാലം. വീടിന്റെ ഉള്ളറകളില്‍ പകല്‍ പോലും കടന്നുവരുന്ന അന്ധകാരത്തെ ഭയമായിരുന്നു. പുറത്തെ വായുവും വെളിച്ചവും ശ്വസിക്കാനും പ്രകൃതിയുടെ വിരമാറിലൂടെ തുള്ളിച്ചാടി നടക്കാനുമെല്ലാം കൊതിച്ചിരുന്ന ആ കാലത്തെ ഓര്‍ക്കുമ്പോള്‍ ഇന്നും ഭീതിയാണ്‌. നൊമ്പരം ഒരു കടലായി ഒഴുകി അവളെ ചുഴിയിലൊളിപ്പിക്കും അപ്പോള്‍. ശ്വാസം മുട്ടി പിടഞ്ഞ്‌ കണ്ണുകള്‍ പുറത്തേക്ക്‌ തള്ളി ഒരു ഭീതിതരൂപമായി സ്വയം മാറുമ്പോഴാവും കോളിംഗ്‌ ബെല്ലിന്റെയോ ഫോണിന്റെയോ ശബ്‌ദം കാതുകളില്‍ കുത്തിക്കയറുക.
കണ്ണാടിക്ക്‌ മുമ്പില്‍ നില്‍ക്കുമ്പോള്‍ അവള്‍ തിരിച്ചറിയുകയായിരുന്നു. ആകെ മാറിയിരിക്കുന്നു താന്‍. പ്രിയരഞ്‌ജിനി എന്ന പാവാടക്കാരിയില്‍ നിന്ന്‌ ഒരു ഭാര്യയിലേക്കും പിന്നീട്‌ അമ്മയിലേക്കുമുള്ള ദൂരം അളന്ന്‌ തിട്ടപ്പെടുത്താനാവാതെ അവള്‍ വീര്‍പ്പുമുട്ടി.

``പ്രിയരഞ്‌ജിനീ..നിനക്കോര്‍മ്മയുണ്ടോ മഴയെ സ്വപ്‌നം കണ്ടുനടന്ന ആ കാലം?''
ഉണ്ട്‌. മാനത്ത്‌ മേഘങ്ങള്‍ കറുപ്പടയാളങ്ങള്‍ തീര്‍ക്കുന്നത്‌ കാണുമ്പോഴും മഴപുള്ളുകള്‍ ആകാശം വലം വെക്കുമ്പോഴും അമ്മയോട്‌ യാത്ര പറഞ്ഞ്‌ കിഴക്കെമുറിയിലെ ജാലകവിരുപ്പ്‌ മാറ്റി പുറത്തേക്ക്‌ നോക്കി നില്‍ക്കാറുള്ളത്‌ എനിക്കെങ്ങനെ മറക്കാനാവും.
നിന്റെ വെളുത്ത കൈകളിലൂടെ കാറ്റിന്റെ താളത്തിനൊത്ത്‌ വശം ചെരിഞ്ഞുവരുന്ന മഴത്തുള്ളികളെ നീ കൈകുമ്പിളില്‍ കോരിയെടുക്കുന്നത്‌ ഞാനിന്നും ഓര്‍ക്കുന്നു.
ശരിയാണ്‌ അതൊരു കാലം. മഴ കണ്ണുനീരാണെന്ന്‌ വിശ്വസിക്കാനായിരുന്നു എന്നുമിഷ്‌ടം. വീട്ടിലെ പതിവ്‌ ബഹളങ്ങള്‍ക്കിടയില്‍ നിന്ന്‌ വഴുതിമാറി ഏകാന്തതയുടെ കൂട്ടുപിടിക്കുക എന്നത്‌ ഒരനിവാര്യതയായിരുന്നു. കുന്നിന്‍പുറത്തെ ഒറ്റക്ക്‌ നില്‍ക്കുന്ന മരച്ചോടും വെട്ടുകല്ലുകള്‍ നിറഞ്ഞുകിടക്കുന്ന വഴികളുമെല്ലാം എന്റെ ഏകാന്തതകളിലെ മിണ്ടാപ്രാണികളായിരുന്നു. പിന്നെ എല്ലാത്തിനും ഭംഗം വരുത്താന്‍ തെക്കന്‍കാറ്റ്‌ ചൂളം വിളിച്ചെത്തും. അവന്റെ തൊട്ടുപിന്നിലായി എന്നെ കാണാനോടിയെത്തുന്ന ചാറ്റല്‍മഴയുമുണ്ടാകും. പിന്നെ ഒതുക്കുകല്ലുകളിറങ്ങി വീടിന്റെ അന്ധകാരത്തിലേക്ക്‌. മഴത്തുള്ളികള്‍ മേല്‍ക്കൂരയില്‍ പതിക്കുന്ന ശബ്‌ദമായിരുന്നു എന്നുമിഷ്‌ടമുള്ള സംഗിതം.
``പ്രിയരഞ്‌ജിനീ ആരാണ്‌ നിനക്കീ മനോഹരമായ പേരിട്ടത്‌?''
അച്ഛന്‍. പണ്ടൊരിക്കലെന്നോ ഒരു സ്‌നേഹിത പറഞ്ഞ പേരാണിതത്രെ. എനിക്കതില്‍ ഒരുപാട്‌ കടപ്പാട്‌ തോന്നിയിട്ടുണ്ട്‌ പിന്നീട്‌. ഒരു പേരിലെന്തിരിക്കുന്നുവെന്ന്‌ ചോദിച്ച്‌ നീ കളിയാക്കണ്ട. പേരിലുമുണ്ട്‌ ചില സൗന്ദര്യങ്ങള്‍.
``നിന്റെയീ ഒറ്റപ്പെട്ട പകലുകള്‍ നിന്നെ അലസോരപ്പെടുത്തുന്നില്ലേ?''
ഇടക്കെല്ലാം. ഒരു ശൂന്യത മനസിന്റെ താളം കെടുത്താറുണ്ട്‌. അപ്പോ ഡയറിതാളുകളില്‍ എന്തെങ്കിലുമൊക്കെ കുറിച്ചിടും. ഓര്‍മ്മകളും സ്വപ്‌നങ്ങളും നഷ്‌ടങ്ങളുമൊക്കെയുണ്ടാവും അതില്‍. തിങ്ങിനിറഞ്ഞ കിനാവുകള്‍ മനസിലെ മഞ്ചാടിചെപ്പ്‌ മലര്‍ക്കെ തുറക്കുമപ്പോള്‍. ആരെയും കാട്ടാതെ എനിക്ക്‌ മാത്രം സ്വന്തമായ നക്ഷത്രങ്ങളെ പോലെ വാക്കുകളപ്പോള്‍ പെറ്റുപെരുകും. തൂലികയില്‍ നിന്നും ഞാനറിയാതെ ഒരഗ്നി വമിക്കും. താളുകളെ കത്തിജ്വലിപ്പിച്ച്‌ അതങ്ങനെ പാഞ്ഞുനടക്കും...
``ശരിയാണ്‌ പ്രിയരഞ്‌ജിനി..നീ ജീവിതം ആസ്വദിക്കുകയാണ്‌. ഒരിക്കല്‍ വ്യാകുലതകള്‍ നിന്റെ കണ്ണില്‍ പ്രതിഷ്‌ഠിച്ച ദൈവം തന്നെ അതിന്റെ പ്രായശ്ചിത്തം ചെയ്യുകയാവും ല്ലേ?''
നല്ലൊരു സ്‌നേഹിതനായി പ്രിയതമന്‍, ഞങ്ങളുടെ മോഹങ്ങളായി പറന്നുനടക്കുന്ന കുഞ്ഞുങ്ങള്‍. കുടുംബമെന്ന മായികലോകത്തേക്ക്‌ സ്വയം ചുരുങ്ങുമ്പോ നീ പറഞ്ഞത്‌ ശരിയാണ്‌. ഞാന്‍ ഭാഗ്യവതിയാണ്‌. വഴക്കോ ബഹളമോ ഇല്ലാത്ത ഒരു ജീവിതം ഏതൊരു സ്‌ത്രീയുടേയും സ്വപ്‌നമല്ലേ. രാത്രികളിലെ സീല്‍ക്കാരങ്ങള്‍ക്കപ്പുറം അവള്‍ക്കുമൊരു മനസുണ്ടെന്ന്‌ വിസ്‌മരിക്കപ്പെടുന്ന ഇക്കാലത്ത്‌..
ക്ലോക്കിന്റെ ശബ്‌ദം ചെവികളെ അലോസപ്പെടുത്തിയപ്പോള്‍ പ്രിയരഞ്‌ജിനി അവളോട്‌ യാത്ര പറഞ്ഞു. കിടപ്പുമുറിയില്‍ നിന്നും ദര്‍പ്പണത്തോട്‌ വിട പറഞ്ഞ്‌ ഇനി അടുക്കളയിലേക്ക്‌. നേര്‍ത്ത കാഴ്‌ചയായി പ്രഭാതം എത്തിതുടങ്ങും മുമ്പെ വീടുവിട്ടിറങ്ങുന്ന കുട്ടികളും ഭര്‍ത്താവും അഞ്ചുമണിയാവുമ്പോ തിരിച്ചെത്തും. അപ്പോഴേക്കും തീന്‍മുറിയില്‍ ആവി പറക്കുന്ന വിഭവങ്ങള്‍ ഒരുങ്ങണം...
അടുക്കളയില്‍ അവളെ സ്വീകരിക്കുന്നത്‌ തക്കാളിയോ സബോളയോ ഒക്കെയാവും. കൊല്ലും മുമ്പ്‌ അവയോടെല്ലാം സ്‌നേഹത്തോടെ എന്തെങ്കിലുമൊക്കെ പറഞ്ഞ്‌ ജീവിതത്തിന്റെ നിരര്‍ത്ഥകതയെ കുറിച്ചുള്ള തിരിച്ചറിവ്‌ നല്‍കിയിട്ടേ കത്തിക്ക്‌ മുമ്പിലേക്ക്‌ ആനയിക്കൂ. ഇടക്കെല്ലാം അവളുടെ കൈപിടിയില്‍ നിന്ന്‌ വഴുതിമാറുന്ന ഉള്ളികഷണങ്ങളെ ചിരിച്ചുകൊണ്ട്‌ പിടിച്ചിരുത്തി കഴുത്തറക്കുമ്പോള്‍ ആ ചുണ്ടുകളില്‍ സാന്ത്വനത്തിന്റെ മര്‍മ്മരങ്ങള്‍ ഉയരുന്നുണ്ടാവും.
അരികഴുകി അടുപ്പത്തിട്ട്‌ അവള്‍ ബീന്‍സിനോടുള്ള യുദ്ധം തുടങ്ങി.
അതിനെ കുഞ്ഞുകുഞ്ഞായി അരിഞ്ഞെടുക്കുമ്പോ ചിലപ്പോഴെല്ലാം കത്തി ചതിക്കും. അത്‌ ചൂണ്ടുവിരലിലെവിടെയെങ്കിലും ചെറിയ പോറല്‍ വരുത്തും. ഇത്ര സ്‌നേഹിച്ചിട്ടും എന്നോടിട്‌ തന്നെ ചെയ്യണം നീ, എന്നവള്‍ ദേഷ്യത്തോടെ അതിനോട്‌ പറയും. നിന്നെ സ്‌പര്‍ശിക്കാത്ത തൊട്ടുതലോടാത്ത ഒരു ദിവസം പോലുമില്ല ജീവിതത്തില്‍ എന്നിട്ടും നീയെന്ന വേദനിപ്പിക്കുന്നല്ലോ എന്ന്‌ പിന്നീടത്‌ പരിഭവമായി മാറും.
പ്രിയരഞ്‌ജിനിയുടെ പകലുകളില്‍ ഏകാന്തതയുണ്ടായിരുന്നോ എന്നാവും ഇപ്പോ സംശയം ഉയരുന്നത്‌. ശരിയാണ്‌ അവള്‍ ഒരിക്കലും ഒറ്റക്കല്ല. അലമാരകള്‍, കംപ്യുട്ടര്‍, ടി വി, പച്ചക്കറികള്‍, ജാലകങ്ങള്‍ ഒക്കെ അവള്‍ക്ക്‌ കൂട്ടുകാരാണ്‌. അവളോട്‌ സംവദിക്കുന്നവര്‍. മനസിലെ പ്രണയവും നിരാശയും സുഖവും ദുഖവുമെല്ലാം പങ്കുവെക്കപ്പെടുന്നത്‌ അവയോടാണ്‌. എന്നും ഒരേ തിരിച്ചറിവുള്ളതിനാല്‍ അവയോന്നും അവളിലേക്ക്‌ കാപട്യം ചൊരിയുകയോ ദേഷ്യപ്പെടുകയോ ചെയ്‌തില്ല..അങ്ങനെയും അവള്‍ ഭാഗ്യവതിയായി.
വീടു കഴുകുമ്പോ സോപ്പുപൊടിയോടും ചൂലിനോടും അവള്‍ സംസാരിക്കുന്നത്‌ കാണാം. അവള്‍ക്ക്‌ തന്നോടുളള സ്‌നേഹം കണ്ട്‌ ലാളിത്യത്തോടെയാണ്‌ അവയെല്ലാം അവളെ സഹായിക്കുക. അലിഞ്ഞില്ലാതാകുമെന്നറിഞ്ഞിട്ടും അവളെ സന്തോഷിപ്പിക്കുക..

അരി തിളച്ചുമറിഞ്ഞപ്പോഴേക്കും കറിക്ക്‌ വേണ്ട കൂട്ടുകളെല്ലാം പ്രിയരഞ്‌ജനി തയ്യാറാക്കിയിരുന്നു. തുണികഷണമെടുത്ത്‌ കലത്തിന്റെ വക്കില്‍ പിടിച്ച്‌ തവിയില്‍ അല്‍പം ചോറെടുത്ത്‌ വെന്തോ എന്ന്‌ പരിശോധിച്ചു. എന്നിട്ട്‌ അത്‌ സൂക്ഷ്‌മതയോടെ വാര്‍ത്തെടുത്തു.
പിന്നീട്‌ പച്ചക്കറികഷ്‌ണങ്ങളും മസാലപ്പൊടികളുമെല്ലാം കൂട്ടിക്കലര്‍ത്തി വെള്ളമൊഴിച്ച ശേഷം തീ കുറച്ചു. ശേഷം വരാന്തയിലേക്ക്‌ നടന്നു.
ഉമ്മറത്തെ ചാരുകസേരയിലിരുന്നു അവള്‍ പത്രമെടുത്ത്‌ വായിക്കാന്‍ തുടങ്ങി. ക്ലാസിഫൈഡ്‌ കോളത്തിലെ തൂലികാസൗഹൃദമെന്ന കറുത്ത കോളത്തില്‍ അവളുടെ കണ്ണുകള്‍ പതിഞ്ഞു. സൗഹൃദം തേടുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ എന്ന്‌ മാത്രമെ അതിലുണ്ടായിരുന്നുള്ളു...
ഡയല്‍ ചെയ്‌ത്‌ ചെവിയോട്‌ ചേര്‍ക്കുമ്പോള്‍ പ്രിയരഞ്‌ജിനിക്ക്‌ നാവ്‌ വരളുന്നത്‌ പോലെ തോന്നി. ``സൗഹൃദം ആഗ്രഹിക്കുന്ന ഒരാളാണ്‌ ഞാന്‍.സാധിക്കുമെങ്കില്‍ സൗജന്യ ഡയറക്‌ടറി ഒന്നയച്ചു തരണം''
പേര്‌, വയസ്‌, അഡ്രസ്‌ എന്നിവയൊക്കെ പറഞ്ഞു കൊടുത്ത്‌ കഴിഞ്ഞപ്പോള്‍ പ്രിയരഞ്‌ജിനിയുടെ മനസില്‍ എന്തെന്നില്ലാത്തൊരു ആഹ്ലാദം പരക്കുന്നതറിഞ്ഞു..
പകല്‍സമയങ്ങളിലെ ഈ വറ്റിവരണ്ട ഏകാന്തതയെ കീറിമുറിച്ച്‌ എഴുത്തുകളും ഫോണ്‍കോളുകളുമെത്തണമെങ്കില്‍ കുറെ സൗഹൃദങ്ങള്‍ വേണം. ഇതു വരെ കണ്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്തവരുമായുള്ള സൗഹൃദം മനസിന്‌ പുതിയ മാനങ്ങള്‍ സമ്മാനിക്കും. അവളുടെ ചിന്ത കടിഞ്ഞാണില്ലാതെ പാഞ്ഞു.
ഒരാഴ്‌ചത്ത്‌ ശേഷം തപാലില്‍ ഡയറക്‌ടറി വന്നു..
തുറക്കാന്‍ തന്നെ ആര്‍ത്തിയായിരുന്നു അവള്‍ക്ക്‌. കുറെ പേരുടെ ചിത്രങ്ങള്‍, അവരുടെ അഡ്രസ്‌, ഫോണ്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍ ഒക്കെയുള്ള മനോഹരമായൊരു ഡയറക്‌ടറി.
ഒരു പകല്‍ മുഴുവന്‍ തിരഞ്ഞിട്ടും ആലോചിച്ചിട്ടുമാണ്‌ ഒടുവില്‍ അതിലൊരു പേരില്‍ അവളുടെ മിഴികളുടക്കിയത്‌...
ആനന്ദ്‌.
ഗായകനായനും എഴുത്തുകാരനുമായ ഡോക്‌ടര്‍. അയാളുടെ ചുവന്ന കവിള്‍ത്തടങ്ങളില്‍ മിഴിയൂന്നിയിരുന്നപ്പോള്‍ അവള്‍ക്ക്‌ ചിരി വന്നു. തനിക്ക്‌ പറ്റിയൊരു സൗഹൃദമാണോ ഇത്‌. ഒരിക്കല്‍ പഠിച്ച്‌ വലിയൊരാളാവണമെന്നത്‌ വല്ലാത്ത ആഗ്രഹമായിരുന്നു. പഠിക്കാന്‍ മിടുക്കിയായിട്ടും ഭാഗ്യമുണ്ടായില്ല. പിന്നെ പിന്നെ പാടവരമ്പും കുളക്കരയും തെങ്ങിന്‍തോപ്പും ഒക്കെയായി തന്റെ അധ്യാപകര്‍. പ്രകൃതിയുടെ ചലനങ്ങളെ കുറിച്ച്‌ വിവിധങ്ങളായ ക്ലാസുകള്‍. ഓര്‍ത്തപ്പോള്‍ പ്രിയരഞ്‌ജിനിക്ക്‌ ചിരി വന്നു.
മങ്ങിയ ചിത്രങ്ങള്‍ പതിഞ്ഞ ലെറ്റര്‍പാടില്‍ അവള്‍ എഴുതാന്‍ തുടങ്ങി.
അയാളുടെ സ്വഭാവും തിരഞ്ഞെടുക്കേണ്ട വിഷയവുമൊന്നും നിശ്ചയമില്ലാതിരുന്നിട്ടും ഉള്ളിലെ മോഹങ്ങളെ കുറിച്ചും മനസിലെ വേദനകളെ കുറിച്ചുമെല്ലാം കുനുകുനെ അവള്‍ കുറിച്ചിട്ടു.
പോസ്റ്റുബോക്‌സിലിടും വരെ അയക്കണോയെന്ന ആലോചനായിരുന്നു. ഒടുവില്‍ അയക്കാന്‍ തന്നെ തീരുമാനിച്ചു. ഭര്‍ത്താവും കുട്ടികളുമുള്ള ഒരാള്‍ക്ക്‌ എന്തിനാവും മറ്റൊരു സൗഹൃദമെന്ന്‌ നിങ്ങള്‍എന്നോട്‌ വീണ്ടും വീണ്ടും ചോദിക്കുന്നുണ്ടെന്നറിയാം. പക്ഷേ വിരസമായ പകലുകള്‍ എനിക്ക്‌ സമ്മാനിച്ച അവര്‍ തന്നെ പറയട്ടെ അതിന്റെ ഉത്തരങ്ങള്‍. ബെഡ്‌റൂമിലെ വിരിപ്പുകളും ബള്‍ബുകളും അവളുടെ അത്തരം ചോദ്യങ്ങള്‍ക്ക്‌ മുമ്പില്‍ തല കുമ്പിട്ട്‌ നില്‍ക്കാറാണ്‌ പതിവ്‌.
ഒരാഴ്‌ചക്ക്‌ ശേഷം അയാളുടെ മറുപടി വന്നു..
ക്രീം കളര്‍ കടലാസിന്റെ മധ്യത്തില്‍ മാത്രമായി കുറച്ച്‌ വാചകങ്ങള്‍.
``പ്രിയരഞ്‌ജിനീ..
നിന്റെ പേരിലുണ്ടൊരു കവിത..
ഉയര്‍ന്ന ജാലകങ്ങള്‍ക്കപ്പുറത്ത്‌ നിന്നും
ഇനിയും തേടിയെത്തിയിട്ടില്ലെന്ന്‌
ആത്മാവ്‌ പറഞ്ഞ ഒരു സൗഹൃദം
അത്‌ നീയായിരുന്നുവോ?''

പ്രിയരഞ്‌ജിനി ആ അക്ഷരങ്ങളിലൂടെ എത്രയോ വട്ടം മിഴികള്‍ വായിച്ചു. മനപാഠമാക്കിയ ശേഷം ആ കത്തവള്‍ ഡയറിക്കുള്ളില്‍ വെച്ചു.
പ്രിയരഞ്‌ജിനിയുടെ പകലുകള്‍ക്ക്‌ ജീവന്‍ വെച്ചുതുടങ്ങി. എഴുത്ത്‌ ക്രമേണ ഫോണിലേക്ക്‌ വഴിമാറിയതോടെ അവള്‍ മറ്റൊരു ലോകത്തായി. ഭര്‍ത്താവും കുട്ടികളും പുറത്തുപോവാനായി കാത്തുനിന്നു അവള്‍. ആനന്ദിന്റെ ശബ്‌ദം കേള്‍ക്കാതെ ഒരു ദിവസം പോലും വയ്യെന്നായി.
മനസ്‌ പിടിവിട്ടു തുടങ്ങുമെന്നറിഞ്ഞപ്പോള്‍ വിനോദിനെ കുറിച്ചും അമ്മുവിനെയും ആദര്‍ശിനെയും കുറിച്ചുമെല്ലാം അവള്‍ സ്വയം സംസാരിക്കാന്‍ തുടങ്ങി. എന്നിട്ടും അവര്‍ക്കൊന്നും അവളുടെ മനസിനെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞില്ല.

മാസങ്ങള്‍ കടന്നുപോയത്‌ അതിവേഗമായിരുന്നു. കാലത്തിന്റെ കറുത്ത നിഴല്‍പാടുകള്‍ അവളില്‍ ചിത്രങ്ങളായി പരിണമിച്ചിരുന്നു. ഓര്‍മ്മയുടെ ശിരോമണ്ഡലങ്ങളില്‍ നിന്നും കടന്നുവന്ന വഴികളെല്ലാം പതിയെ മങ്ങി തുടങ്ങി.
``നിങ്ങളെല്ലാം എന്നോട്‌ പൊറുക്കണം.'' ജാലകവിരുപ്പുകള്‍ നന്നാക്കിയിടുന്നതിനിടെ അവള്‍ അവിടെയുണ്ടായിരുന്ന എല്ലാ വസ്‌തുക്കളോടുമായി പറഞ്ഞു. വീടും പരിസരവും വൃത്തിയാക്കിയ ശേഷം പ്രിയരഞ്‌ജിനി ബെഡ്‌ റൂമിലേക്ക്‌ നടന്നു. അലമാരിയില്‍ നിന്നും ഏറ്റവും ഇഷ്‌ടപ്പെട്ട സാരിയെടുത്ത്‌ അണിഞ്ഞു. ഒരുങ്ങിയ ശേഷം മനോഹരമായി അലങ്കരിച്ച ബെഡ്ഡില്‍ നീണ്ടുനിവര്‍ന്നു കിടന്നു.
നന്നായി തിരിയുന്ന ഫാനിനെ നോക്കി അവള്‍ ചിരിച്ചു. ``നീയെന്റെ മുന്നില്‍ തോല്‍ക്കുന്നല്ലോ..ഇത്രയാഴത്തില്‍ വീശിയിട്ടും ഞാന്‍ വിയര്‍ക്കുന്നത്‌ കണ്ടില്ലേ നീ. നിന്നോടും ഞാന്‍ യാത്ര പറയുകയാണ്‌. വേനലിന്റെ ശല്യപ്പെടുത്തലുകളില്‍ എനിക്ക്‌ കുളിര്‍ക്കാറ്റ്‌ തന്ന, എന്റെ സുഖലോലുപതകളില്‍ കാഴ്‌ചക്കാരനായിരുന്ന നീയും എനിക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കണം.''
വലിയ കണ്ണാടിക്ക്‌ മുന്നില്‍ പ്രിയരഞ്‌ജിനി നിന്നു. ``എന്നെ മുഴുവനായി കണ്ടത്‌ നീ മാത്രമാണ്‌..ഒരു ദിവസം പോലും നിന്നോട്‌ മിണ്ടാതിരുന്നുണ്ടോ..എന്നെങ്കിലുമൊരിക്കല്‍ നമ്മള്‍ പിണങ്ങിയിട്ടുണ്ടോ..എന്റെ സൗന്ദര്യം ഒരു മറയുമില്ലാതെ കാട്ടിതരാന്‍ നീ കാണിച്ച ആത്മാര്‍ത്ഥതക്ക്‌ എന്തു പകരം നല്‍കും ഞാന്‍..നിന്നെ പിരിയാനാവാതെ വിഷമിച്ചുപോവുകയാണ്‌ ഞാന്‍.''
രാവിലെ കുട്ടികളെ സാധാരണയില്‍ നിന്നും വിഭിന്നമായി അണിയിച്ചൊരുക്കുമ്പോ വിനോദിന്റെ ചോദ്യം ഓര്‍മ്മയുണ്ട്‌. ``ഇന്നെന്ത്‌ പറ്റി പ്രിയേ നിനക്ക്‌. നീയെന്താ ചാകാന്‍ പോവാണോ..''
വിനോദിന്റെ നെഞ്ചില്‍ പറ്റി കിടക്കുമ്പോ കണ്ണുനിറഞ്ഞൊഴുകിയത്‌ അയാള്‍ കണ്ടില്ല. വറ്റി വരണ്ട പാടം പോലെ കിടന്ന അയാളുടെ ശരീരം ആ ചെറിയ തണുപ്പറിഞ്ഞില്ല.

വീടു പൂട്ടി താക്കോല്‍ ഉമ്മറത്തെ ചെടിച്ചട്ടിയിലൊളിപ്പിച്ച്‌ അവള്‍ ഇറങ്ങി നടന്നു.സ്വപ്‌നങ്ങള്‍ വീണു ചതഞ്ഞ കിടപ്പുമുറിയിലെ കട്ടിലില്‍ വിനോദിനുള്ള എഴുത്തുണ്ട്‌. മറക്കണമെന്ന്‌ പറയാന്‍ വേണ്ടി മാത്രം.കുട്ടികളെ നമ്മള്‍ പകുത്തെടുക്കും. അതുവരെ നീ തന്നെ അവരെ നോക്കണം. ഇങ്ങനെ കുറച്ചു വാക്കുകള്‍ മാത്രം.
ബസ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ പ്രിയരഞ്‌ജിനിക്ക്‌ വല്ലാത്ത ദാഹം തോന്നി. ആനന്ദിന്റെ മുഖം ഓര്‍മ്മ വന്നു. കാത്തിരിപ്പിന്റെ ലോകത്താവും അയാളും. അസഹനീയമായ ചില ബന്ധങ്ങളെ അയാളും പറിച്ചെറിഞ്ഞിട്ടുണ്ടാവും. തെറ്റുകാരിയെന്ന്‌ പഴിക്കുന്ന ലോകത്തിന്‌ മുമ്പിലേക്ക്‌ എടുത്തെറിയാന്‍ ഒരായിരം കാരണങ്ങളുമായി അവള്‍ ബസില്‍ കയറി.
ടിക്കറ്റെടുത്ത്‌ പുറത്തേ കാഴ്‌ചകളിലേക്ക്‌ മിഴികളൂന്നി അവളിരുന്നു. ആ നഗരം പിന്നോട്ട്‌ പായുകയാണ്‌. വിനോദിന്റെ കൂടെ ഇവിടെ വരുമ്പോ വല്ലാത്ത ഭയമായിരുന്നു. ചീറിപായുന്ന വാഹനങ്ങളും സൂചി കുത്താനിടയില്ലാത്ത നിരത്തുകളും. പക്ഷേ ഇന്ന്‌ ഒരു ഇരുമ്പ്‌ പോലെ ദൃഡമായിരിക്കുന്നു മനസ്‌. അവളോര്‍ത്തു. പിന്നെ മിഴികള്‍ പൂട്ടി മയക്കത്തിലാണ്ടു.

കറുത്തിരുണ്ട ആകാശം അടുത്തടുത്ത്‌ വരുന്നു. വെളുത്ത മേഘങ്ങളില്‍ നീലിമ പടരുന്നു. വിഷധൂമികയായി സ്വപ്‌നങ്ങളിലേക്ക്‌ ലയിച്ചുചേരുന്ന ഓര്‍മ്മയുടെ കൊഴുത്തചവര്‍പ്പ്‌. ആരൊക്കെയോ അടുത്തുവരുന്നു. ആദ്യമായി തന്റെ അമ്മിഞ്ഞ നുകര്‍ന്ന ആദര്‍ശിന്റെ മുഖം. ലോകത്തിന്റെ സുഖം മുഴുവന്‍ ശരിരത്തോടൊട്ടി കിടന്ന്‌ അവനേറ്റുവാങ്ങുകയാണ്‌. ഇടക്ക്‌ അവന്റെ കുഞ്ഞിപ്പല്ലുകള്‍ മുലഞെട്ടുകളില്‍ മുറിവേല്‍പ്പിക്കുന്നുണ്ട്‌. വിടര്‍ത്തി മാറ്റി തൊട്ടില്‍ കിടത്തുമ്പോള്‍ അവന്‍ ചിണുങ്ങാന്‍ തുടങ്ങിയിരിക്കുന്നു. സ്‌നേഹത്തിന്റെ ഊഷ്‌മളത ചൊരിഞ്ഞ്‌ വിനോദ്‌. എല്ലാമാസവും ശമ്പളദിവസം എന്തെങ്കിലും സമ്മാനങ്ങളുമായി ഓടിയെത്താറുള്ള അവന്റെ മുഖത്തെ മായാത്ത നിഷ്‌കളങ്കത. കുഞ്ഞിക്കാലുകള്‍ വെച്ച്‌ അമ്മു അവന്റെ രോമങ്ങള്‍ നിറഞ്ഞ നെഞ്ചില്‍ ചിരിച്ചുകൊണ്ട്‌ നൃത്തം ചവിട്ടുന്നു. വെള്ളമൊഴിക്കുമ്പോള്‍ ചിരിക്കാറുള്ള സീനികപൂക്കള്‍ക്കിടയിലിരുന്ന്‌ ചിലവിടാറുള്ള സായന്തനങ്ങള്‍. ഇതിനിടയില്‍ ആരൊക്കെയോ മറയുന്നു. പകരം ആനന്ദിന്റെ മുഖം, ശബ്‌ദം, വാക്കുകള്‍ തെളിയുന്നു. ആരെങ്കിലും നഷ്‌ടപ്പെടുമ്പോഴേ മറ്റൊന്നു നേടാനാകുകയള്ളുവെന്ന യാഥാര്‍ത്ഥ്യം തീജ്വാലകള്‍ പോലെ ഹൃദയത്തെ പൊള്ളിക്കുന്നു.

``സ്റ്റോപ്പ്‌ ദ ബസ്സ്‌''
ബസിന്റെ കതിച്ചുപായലിലെപ്പോഴോ പ്രിയരഞ്‌ജിനി ഞെട്ടിയുണര്‍ന്ന്‌ ഉറക്കെ വിളിച്ചുപറഞ്ഞു.
ബസ്സ്‌ നിന്നു.
വേച്ച്‌ വേച്ച്‌ അവള്‍ പുറത്തിറങ്ങി.
തെളിഞ്ഞ ആകാശത്ത്‌ നിന്നും അപ്പോള്‍ മഴപൊഴിയുന്നുണ്ടായിരുന്നു.



ചിത്രം കടപ്പാട്‌-ഗൂഗിള്‍

Friday, July 18, 2008

വിലാപങ്ങള്‍ക്കിടയില്‍


ആത്മനൊമ്പരങ്ങള്‍ കൊണ്ട്‌ ആര്‍ജ്ജിച്ചെടുത്ത മനധൈര്യവും അന്യമാവുകയാണ്‌. പിന്‍തിരിഞ്ഞുനോക്കുമ്പോള്‍ പൊട്ടിയ തന്ത്രികളാല്‍ അലങ്കൃതമായ വീണയിലെ എന്നോ പൊഴിച്ചിരുന്ന സംഗീതത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ പോലെ വീര്‍പ്പുമുട്ടിക്കുകയാണ്‌ ഓര്‍മ്മകള്‍. ഇടക്കെപ്പോഴോ മൗനത്തിന്റെ ചുവപ്പുനാടയില്‍ കുരുങ്ങി ജീവിതം നോവുന്നു. ഇനിയെന്ത്‌ എന്നൊരു ചോദ്യം മാത്രം ബാക്കിയാവുന്നു.
നിവേദിതയുടെ മനസില്‍ അതിരുവിട്ട ചിന്തകള്‍ വന്നും പോയുമിരുന്നു.
മാനത്ത്‌ കാര്‍മേഘങ്ങള്‍ നിറയുകയാണ്‌. ഒരു മേല്‍ക്കൂര അനിവാര്യമാണെന്ന്‌ തോന്നിയപ്പോള്‍ അവള്‍ അകലെ കണ്ട മരച്ചുവട്ടിലേക്ക്‌ നടന്നു.
നിറയെ ശിഖരങ്ങളുള്ള വൃക്ഷം. മഴയുടെ നേര്‍ത്ത സ്പര്‍ശനം പോലുമേലേല്‍പ്പിക്കാതെ അതവള്‍ക്ക്‌ മേല്‍ക്കൂരയായി. മഴ വല്ലാതെ കനത്തപ്പോള്‍ ഇലച്ചാര്‍ത്തിനിടയിലൂടെ ഒലിച്ചിറങ്ങുന്ന ജലതുള്ളികള്‍ തിളങ്ങുന്നുണ്ടായിരുന്നു. അവള്‍ മരത്തോട്‌ മുട്ടിയുരുമിയിരുന്നു. തണുത്ത കാറ്റിന്റെ തലോടലിനിടയില്‍ മെല്ലെ മിഴികള്‍ പൂട്ടി.
മഴ പേമാരിയായും ഇളംങ്കാറ്റ്‌ കൊടുങ്കാറ്റായതും അവളറിഞ്ഞില്ല. ഭീതിപ്പെടുത്തുന്ന ഇടിമിന്നലിന്റെ ശബ്ദം ആ കാതുകളിലേക്ക്‌ കടന്നുവന്നതേയില്ല. ചെറുമരങ്ങളില്‍ തൊട്ടുമുന്നില്‍ കടപുഴകി വീണതൊന്നും അറിയാതെ മരത്തിന്റെ വിണ്ടുകീറിയ തുടങ്ങിയ ദേഹത്തേക്ക്‌ ചാഞ്ഞിരുന്നു.
"നിവേദിതാ..നിനക്ക്‌ സുഖമാണോ?"
'ഉം'. അവള്‍ മൂളി.
"നീയെന്തിനാണ്‌ നുണ പറയുന്നത്‌. നിന്റെ ദുഖങ്ങളെ നീയിത്രയേറെ സ്നേഹിക്കുന്നുണ്ടോ..."
"അങ്ങാരാണ്‌. എന്നെയെങ്ങനെയറിയാം." അവള്‍ മറുചോദ്യമുന്നയിച്ചു.
"ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ല പെണ്‍കുട്ടീ...പക്ഷേ മേഘങ്ങള്‍ മഴയെ കുറിച്ച്‌ ചിന്തിക്കുകയും ആകാശം മൂടിയപ്പോഴും ഒടുവിലത്‌ പെയ്തുതുടങ്ങിയപ്പോഴും എന്റെ ഹൃദയം നിന്റെ ശബ്ദത്തിനായി കാതോര്‍ക്കുന്നുണ്ടായിരുന്നു."
അങ്ങെന്നെ സ്നേഹിക്കാന്‍ ശ്രമിക്കുകയാണോ?
"അറിയില്ല. പക്ഷേ ഇന്നലെ വരെ നിനക്കായി ഞാന്‍ പൂക്കള്‍ കരുതി. ഒടുവിലത്‌ വാടിക്കരിയും വരെ കാത്തിരുന്നു. പിന്നീടെപ്പോഴോ കരിഞ്ഞ ഇതളുകള്‍ കാറ്റില്‍ പറന്നുപോയി. ഞാനോര്‍ക്കുകയായിരുന്നു നിന്റെ യാത്രയെന്തേ ഇത്രയും വൈകുന്നു. പാദസരത്തിന്റെ നേര്‍ത്ത കിലുക്കവും പേറി നീയിവിടെയെത്തുമ്പോള്‍ എന്നെയും കൊണ്ട്‌ മറ്റാരോ പോയിരിക്കുമോയെന്ന ഭീതി തെല്ലൊന്നലോസരപ്പെടുത്തുന്നുണ്ടായിരുന്നു. എന്നെ ഇറുകെ പുണരാനുള്ള ആര്‍ത്തിയാണ്‌ ചിലര്‍ക്ക്‌"
"എനിക്ക്‌ നന്ദിയുണ്ട്‌. ഈ ലോകത്തില്‍ അങ്ങ്‌ മാത്രമായിരിക്കും എന്നെ സ്നേഹിക്കുന്നുണ്ടാവുക. ആരൊക്കെയോ ഭയന്ന്‌ ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വഴിതെറ്റിയെത്തിയതാണിവിടെ. അവരെന്നെ കണ്ടെത്തുമെന്നറിയാം. ഈ ലോകം അത്ര ചെറുതല്ലേ.."
അങ്ങനെയൊരു ചോദ്യം ആഴത്തില്‍ തറച്ചുപോയതുകൊണ്ടാവാം. അവളുടെ മനസിലേക്ക്‌ ഒരു തേങ്ങല്‍ മാത്രം എവിടെ നിന്നോ വന്ന്‌ വീണു.
"നിന്നെ കാത്തുസൂക്ഷിക്കാന്‍ എനിക്കുമാവില്ല. നിസഹായതയെക്കാള്‍ വലിയ വേദന മേറ്റ്ന്തുണ്ടിവിടെ..നിനക്ക്‌ ആരും അവശേഷിക്കുന്നില്ലേ ഈ ലോകത്ത്‌?" നീണ്ട നിശബ്ദതതക്ക്‌ ശേഷം മറ്റൊരു ചോദ്യം അവളെ തേടിയെത്തി.
"അങ്ങാരായാലും ഞാനെന്റെ കഥ പറയാം"
ഈ കുന്നിന്‍ചെരുവിനപ്പുറത്തെ ശവപ്പുരയുടെ കാവല്‍ക്കാരനായിരുന്നു എന്റെ അച്ഛന്‍. തെരുവിന്റെ പതിഞ്ഞ ഈണത്തിനൊത്ത്‌ പാറിനടന്നിരുന്ന നിശാശലഭമായിരുന്നു അമ്മ. ജീവനെ പോലെ സ്നേഹിച്ച ഒരനുജത്തിയുമായുണ്ടായിരുന്നു എനിക്ക്‌. ആഴ്ചയിലൊന്നോ രണ്ടോ തവണ അച്ഛനെയും അമ്മയെയും ഒരുമിച്ച്‌ കണ്ടുമുട്ടിയാലായി.
അച്ഛന്‌ ഞങ്ങളോട്‌ വല്ലാത്ത സ്നേഹമായിരുന്നു. മദ്യം മാറ്റിയെഴുതിയ വരണ്ട മുഖവുമായി എണ്ണപുരണ്ട പലഹാരപൊതിയുമായി അപ്രതീക്ഷിതമായി കടന്നുവരും. കത്തിയാളുന്ന ശവശരീരങ്ങള്‍ക്ക്‌ നടുവില്‍ നിന്നിട്ടാവാം. ദേഹം മുഴുവന്‍ കരിയും പുകയുമായിരുന്നു. മരണത്തിന്റെ മണവും...
അമ്മയെ വല്ലാതെ വെറുത്തുപോയിരുന്നു. കൈ നിറയെ പണവുമായി അര്‍ദ്ധരാത്രിയിലെപ്പോഴെങ്കിലും കടന്നുവരും...ആ പണം ഉപയോഗശൂന്യമായ കടലാസ്‌ കഷ്ണങ്ങള്‍ മാത്രമായിരുന്നു ഞങ്ങള്‍ക്ക്‌. രാത്രിയുടെ മൂന്നാംയാമങ്ങളിലെപ്പോഴോ ആരൊക്കെയോ വന്ന്‌ വീണ്ടും അമ്മയെ കൊണ്ടുപോകും. ഒന്നും പറയാതെ ഞങ്ങളെ ഇറുകെ പുണര്‍ന്ന്‌ അച്ഛന്‍ ഏങ്ങലടിക്കും...
ഞാന്‍ അച്ഛന്റെയടുത്ത്‌ പോയിരുന്ന ഒരു പകലിലാണ്‌ നിത്യയെ കാണാണ്ടാവുന്നത്‌. പിറ്റേന്ന്‌ പകലില്‍ തെരുവിലെ ഓവുചാലില്‍ കീറിപറിഞ്ഞ നിലയില്‍ അവളുടെ ശരീരം കിട്ടി. അവളന്ന്‌ വസയറിയിച്ചിട്ട്‌ പോലുമുണ്ടായിരുന്നില്ല. അമ്മയെയായിരുന്നു സംശയം. പിന്നീട്‌ അവര്‍ വീട്ടില്‍ വരാതെയായി. ഞാനും അച്ഛനും മനസ്‌ നിറയെ ശൂന്യതയും ബാക്കിയായി.
പകല്‍ അച്ഛന്റെയടുത്ത്‌ പോയിരുന്ന്‌ എരിയുന്ന ശവങ്ങള്‍ നോക്കിയിരുന്നു. വിലാപങ്ങളുടെ ശബ്ദഘോഷങ്ങള്‍ക്കിടയിലേക്ക്‌ ഞാനും പതിയെ കയറിപ്പോയി.
അച്ഛനെ കുറിച്ചോര്‍ത്ത്‌ വല്ലാത്ത ആധിയായിരുന്നു.
ഒരിക്കല്‍ എന്റെ തുടയിലൂടെ ഒലിച്ചിറങ്ങിയ ചുവപ്പ്ചാലുകള്‍ കണ്ട്‌ എന്നെയുമെടുത്ത്‌ ആശുപത്രിയിലേക്കോടിയത്‌ ഓര്‍മ്മയുണ്ട്‌. നഴ്സുമാര്‍ ചിരിച്ചുകൊണ്ട്‌ ചോദിച്ചു.
"കുട്ടിക്ക്‌ അമ്മയില്ല ല്ലേ..."
അച്ഛനോടൊത്ത്‌ ചിരിയുടെ നേര്‍ത്ത തലോടലില്ലാത്ത ആ ഭൂമിയില്‍ ഇരുട്ടിന്റെ മറ വീഴുംവരെ കുത്തിയിരിക്കുമ്പോഴാണ്‌ ജീവിതത്തിന്റെ നിരര്‍ത്ഥകത ബോധ്യപ്പെടുക.
ആയിടക്ക്‌ ഞാനൊരാളെ കണ്ടു.
'യശോധരന്‍'.
അനാഥശവവുമേറ്റി കുന്നിന്‍ചെരുവിനപ്പുറത്തേക്ക്‌ നടന്നുപോവും. വിറകുകള്‍ കൂട്ടി ചിതയൊരുക്കി കത്തിക്കും. പിന്നെ മുകളിലേക്ക്‌ നോക്കി പൊട്ടിച്ചിരിക്കും.
അയാള്‍ ദൈവത്തെ പുച്ഛിക്കുകയാണ്‌ അച്ഛന്‍ പറഞ്ഞു.
ചോര്‍ന്നൊലിക്കുന്ന മനോവികാരങ്ങളില്‍ നിന്നും അറപ്പില്‍ നിന്നും മുക്തി നേടിയ ഒരാള്‍...
മരണത്തെ എനിക്ക്‌ പേടിയാണ്‌. കറുത്ത കിനാക്കളെ പോലെ അത്‌ ഭീതിയുടെ തടവറയാണെന്നെനിക്ക്‌ നന്നായറിയാം.
അപ്രതീക്ഷിതമായി എന്നില്‍ നിന്നും അച്ഛനെയും മരണം തട്ടിയെടുത്തു.
ആദ്യമായി ഞാന്‍ ശവപ്പുരയുടെ ഉള്ളില്‍ കയറി. ഒരു വെള്ളതുണി പോലുമില്ലാതെ കിടത്തിയിരിക്കുകയായിരുന്നു ജഢം. ചോര ഛര്‍ദ്ദിച്ചായിരുന്നു മരിച്ചതെന്ന്‌ ആരോ പറയുന്നത്‌ കേട്ടു.
ഞാനൊറ്റക്ക്‌ എങ്ങിനെ അച്ഛന്റെ മൃതദേഹം അടക്കം ചെയ്യുമെന്നോര്‍ത്ത്‌ വ്യാകുലപ്പെട്ടിരിക്കുമ്പോള്‍ അയാള്‍ വന്നു യോശോധരന്‍.
കറുത്തിരുണ്ട പല്ലുകള്‍ കാട്ടി അയാള്‍ ചിരിച്ചു.
എനിക്ക്‌ വല്ലാത്ത ഭീതി തോന്നി.
അച്ഛന്റെ ശവം തോളിലേറ്റി അയാള്‍ നടന്നു. പിന്നെ ഞാനും.
വിറകുകള്‍ കൂട്ടിയിട്ട്‌ അയാള്‍ കത്തിച്ചു. പിന്നീട്‌ എന്ത്‌ ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന എന്റെ മുഖത്തേക്ക്‌ നോക്കി.
പക്ഷേ പതിവായുള്ള ചിരി കണ്ടില്ല. പകരം അല്‍പ്പം കണ്ണുനീര്‍തുള്ളികള്‍ അയാളുടെ മിഴിയില്‍ ഞാന്‍ കണ്ടു. പിന്നീട്‌ രാത്രിയെയും പകലിനെയും ഒരുപോലെ ഭയന്ന്‌ മാനം രക്ഷിക്കാനുള്ള ഓട്ടം. ഒടുവില്‍ അങ്ങെയുടെ മുമ്പില്‍...
പറഞ്ഞുനിര്‍ത്തുമ്പോള്‍ നേര്‍ത്ത താരാട്ടിന്റെ ശബ്ദം അവള്‍ കേട്ടു.

നിവേദിത മിഴികള്‍ തുറന്നു.
മഴ ശമിച്ചിരുന്നു. ശക്തമായ കാറ്റ്‌ എവിടെയോ പോയ്മറഞ്ഞിരുന്നു. സൂര്യന്റെ ചുവപ്പ്‌രശ്മികള്‍ ഭൂമിയെ പുണരുന്നുണ്ടായിരുന്നു.
അവള്‍ എഴുന്നേറ്റ്‌ നടന്നു.
തിരിഞ്ഞുനോക്കുമ്പോള്‍ ഒരിളംകാറ്റ്‌ പോലുമില്ലാതെ മരത്തിന്റെ ശിഖരങ്ങള്‍ ആടിയുലയുന്നത്‌ കണ്ടു.

കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ ശേഷം അവള്‍ വീണ്ടും അവിടെയെത്തി...
കണ്ണുകള്‍ മരത്തെ തിരയുകയായിരുന്നു. പക്ഷേ കണ്ടില്ല. അത്‌ നിന്നിരുന്ന സ്ഥലം കണ്ണില്‍പെട്ടു. ആതാരോ മുറിച്ച്‌ മാറ്റിയിരുന്നു. ഒന്നു തളിര്‍ക്കുവാന്‍ പോലുമാവാതെ വേരുകള്‍ സഹിതം ആരോ പിഴുതെടുത്തിരുന്നു.
അവളുടെ കണ്ണുകള്‍ ആര്‍ദ്രമായി.
ആ മണ്ണില്‍ കുനിഞ്ഞിരുന്നവള്‍ പൊട്ടിക്കരഞ്ഞു...


ചിത്രം കടപ്പാട്‌-ഗൂഗിള്‍

Wednesday, July 9, 2008

മഴ പെയ്‌ത രാത്രിയില്‍


പകലിന്‌ മുന്നില്‍ കറുത്ത മറ വന്നുവീണ ആ നിമിഷത്തെ കുറിച്ചോര്‍ക്കാന്‍ തന്നെ സുരഭിക്ക്‌ ഭീതിയാണ്‌. ഏകാന്തയാത്രകളും സാഹസികതയും ഇഷ്‌ടപ്പെട്ടു നടന്ന യൗവനാരംഭത്തില്‍ തന്നെ ജീവിതത്തിന്‌ മുകളില്‍ വന്നുവീണ കൊഴുത്ത ഇരുട്ട്‌ മായ്‌ച്ച്‌ കളയാനാവാത്തവിധം ദേഹമാസകലം പടരുന്നതായി അവള്‍ക്ക്‌ തോന്നും. വെളുത്ത മാംസത്തില്‍ തുടച്ചുനീക്കാനാവാത്ത വിധം കലര്‍ന്നുപോയ കറുപ്പടയാളങ്ങള്‍, മിഴികളില്‍ ആണ്ടിറങ്ങിപ്പോയ മൗനം, നാസികതുമ്പിലെ നഖപ്പാടുകള്‍, കവിളിണയിലെ ദന്തക്ഷതങ്ങള്‍, ചുണ്ടുകളില്‍ രക്തം കല്ലിച്ച പാടുകള്‍..പത്തോളം പേര്‍ നടന്നിറങ്ങിപ്പോയ ഊടുവഴി പോലെ ഒരു ശരീരം...

രക്തയോട്ടം മടുത്ത ഞരമ്പുകളെ പോലെ ലക്ഷ്യം വെറുത്തുപോവുന്ന സ്‌ത്രൈണതയായി സുരഭി എന്തുവേഗമാണ്‌ കൂപ്പുകുത്തിയത്‌. അവളുടെ ജ്വലിപ്പിക്കുന്ന മിഴികളില്‍ കാലം ദയനീയതയുടെ വയലറ്റ്‌പൂക്കള്‍ വിതറിയതെന്തിനായിരുന്നു..
ഭര്‍ത്താവിന്റെ വിയോഗം തളര്‍ത്താതെ കൂലിവേല ചെയ്‌ത്‌ അവളെ വളര്‍ത്തിയ കുഞ്ഞുലക്ഷ്‌മി ചെയ്‌തപാപമായിരിക്കുമോ അവള്‍ക്കേറ്റു വാങ്ങേണ്ടി വന്നത്‌. പെണ്‍കുട്ടികളുടെ ശരീരം കണ്ണാടി പോലെയാണ്‌. സുതാര്യമായ കാഴ്‌ചക്കപ്പുറവും അതിന്‌ സൗന്ദര്യമുണ്ട്‌. ഒഴുകിയിറങ്ങിപോവുന്ന ഏതെങ്കിലുമൊരു സ്‌പര്‍ശനത്തിന്‌ സ്ഥാനം തെറ്റിയാല്‍ മതി വീണടര്‍ന്ന്‌ ചിതറിപോവുമത്‌. പക്ഷേ സുരഭിക്ക്‌ സംഭവിച്ചത്‌ അങ്ങനെയായിരുന്നില്ല.
നഗരത്തിന്റെ തിരക്കിനൊത്ത്‌ പറിച്ചെറിഞ്ഞതാണ്‌ അവളുടെ ജീവിതം. പത്താംതരം പാസായതിന്‌ ശേഷം തയ്യല്‍പഠിക്കുവാന്‍ പോകുമായിരുന്നു. തുടര്‍പഠനത്തിനിടയിലൂടെ അതില്‍ അഗാധമായ പ്രാവീണ്യം നേടുകയും ചെയ്‌തു.
നാട്ടിമ്പുറത്തെ തയ്യല്‍ക്കാരെല്ലാം കാലാഹരണപ്പെട്ട അറിവുകള്‍ പേറുന്നവരാണല്ലോ..അതിനുമപ്പുറം പുകഴ്‌ത്തലുകളും സര്‍ട്ടിഫിക്കറ്റുകളും അവര്‍ക്കന്യമാണ്‌. ഇതെല്ലാം കൊണ്ടാവാം നാട്ടുകാരില്‍ ചിലര്‍ അവളെ ഫാഷന്‍ ഡിസൈനിംഗിന്‌ പഠിക്കാന്‍ പ്രേരിപ്പിച്ചത്‌.

പഠനത്തില്‍ മിടുക്കിയായിരുന്ന അവളെ എങ്ങനെയെങ്കിലും പഠിപ്പിക്കാന്‍ കുഞ്ഞുലക്ഷ്‌മിയും തയ്യാറായി. കാലത്തിന്റെ ഗതിവിഗതികള്‍ക്കൊപ്പം തങ്ങളുടെ ജീവിതവും മാറിമറിയുകയാണെങ്കില്‍ ആവട്ടെയെന്ന്‌ അവര്‍ ചിന്തിച്ചതില്‍ എങ്ങിനെ തെറ്റുപറയാനാകും.
ഹൈടെക്‌ സിറ്റിയിലെ പ്രശസ്‌തകോളജില്‍ കോഴ്‌സിന്‌ ചേര്‍ന്നപ്പോഴാണ്‌ ജീവിതത്തിന്റെ രണ്ടുഘട്ടങ്ങള്‍ സുരഭി തിരിച്ചറിഞ്ഞത്‌. അടുത്തവീട്ടിലെ സ്വര്‍ണ്ണമാല വാങ്ങി ബന്ധുക്കളുടെയും മറ്റും കല്ല്യണത്തിന്‌ പോകേണ്ടി വരുന്ന ദയനീയതയില്‍ ആദ്യമായി അവള്‍ പരിതപിച്ചു. ഫ്രണ്ട്‌ഷിപ്പ്‌ഡേക്ക്‌ റൂംമേറ്റ്‌ സുരഭിക്ക്‌ കഴുത്തിലിട്ട്‌ കൊടുത്ത സ്വര്‍ണമാലയുടെ തിളക്കം ഈ ലോകത്തില്‍ മറ്റെന്തിനുണ്ടാവുമെന്ന്‌ അവള്‍ ചിന്തിച്ചതിലും കൗതുകമില്ല. ഗ്രീഷ്‌മ പതിയെ റൂംമേറ്റ്‌ എന്നതിലുപരി കൂടപിറപ്പായി തന്നെ കാണാന്‍ സുരഭിക്കായതും ഇത്തരം സമ്മാനങ്ങളിലൂടെയാണ്‌.
മുട്ടോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന മിഡിയും മാറിടങ്ങളുടെ ചാല്‍ കാണുംവിധമുള്ള ടോപ്പും പ്രാക്‌ടിക്കല്‍ ക്ലാസിലിരുന്ന്‌ ചിലര്‍ ആയാസപ്പെട്ട്‌ തയ്‌ച്ചെടുക്കുന്നത്‌ കാണുമ്പോള്‍ സുരഭിക്ക്‌ ചിരി വരും. രമണിയേച്ചിയുടെ തയ്യല്‍ക്കടയില്‍ അര മണിക്കൂര്‍ മതി ഇങ്ങനെയൊന്ന്‌ തയ്‌ക്കാന്‍..ഇതിപ്പോ മൂന്നോ നാലോ ദിവസമായി വെട്ടും മുറിയുമായി ചിലര്‍ തത്രപ്പെട്ടുകൊണ്ടേയിരിക്കുന്നു. മോഡേണ്‍ വേഷത്തിലെത്തുന്ന സോണിയ മിസിന്റെ തിയറിക്ലാസുകള്‍ വല്ലാതെ വിരസമാണ്‌. ചുരിദാര്‍ സൈഡ്‌ ഓപ്പണ്‍ എന്ന്‌ ബോര്‍ഡില്‍ കുറിച്ചിട്ടിട്ട്‌ മൂന്നോ നാലോ ദിവസമായെങ്കിലും പാന്റിന്റെ സ്‌കെച്ചില്‍ തന്നെ തൂങ്ങിനില്‍ക്കുകയണവര്‍.
ക്ലാസ്‌ കഴിഞ്ഞാല്‍ ഏഴരയോടെ തിരിച്ചെത്തുമെന്ന നിബന്ധനയോടെ ഹോസ്റ്റലില്‍ നിന്നും ഗ്രീഷ്‌മയോടൊപ്പം പോകും. പിന്നെ പാര്‍ക്കില്‍ പോയിരിക്കും. ഇപ്പോ വരാമെന്ന്‌ പറഞ്ഞ്‌ ഒറ്റക്കാക്കി ഗ്രീഷ്‌മ സ്‌കൂട്ടറില്‍ കയറി പാഞ്ഞുപോകും. ആളൊഴിഞ്ഞ മരണത്തണലില്‍ പോയിരിക്കും. ഏകാന്തതയോട്‌ അഭിനിവേശമൊന്നുമില്ലെങ്കിലും അതിനൊട്‌ വെറുപ്പൊന്നുമുണ്ടായിരുന്നില്ല അവള്‍ക്ക്‌.
പകലിന്‌ മുകളില്‍ ഇരുട്ടിന്റെ മറ വന്നു വീഴുമ്പോള്‍ പ്രധാന കവാടത്തിനരുകില്‍ നിന്നും ഗ്രീഷ്‌മയുടെ ഹോണടി കേള്‍ക്കും.
`ഇതെന്ത്‌ പറ്റീ'..അഴിഞ്ഞുലഞ്ഞ മുടിയും ചുണ്ടിലെ മുറിപ്പാടും കണ്ട്‌ ഒരിക്കല്‍ തിരക്കി.
`ബഞ്ചമിന്റെ കുസൃതികളാ'...നേര്‍ത്ത ചിരിയോടെ അവള്‍ പറഞ്ഞു.
`ഗ്രീഷ്‌മാ..സൂക്ഷിക്കണം ട്ടോ'..ദയനീയമായ എന്റെ ഉപദേശം കേട്ടപ്പോള്‍ അവള്‍ ചിരിച്ചു.
പിന്നെ ഉറച്ച ആത്മവിശ്വാസത്തോടെ പറഞ്ഞു.
``ഇല്ലെടാ നീ വിഷമിക്കണ്ട..ബെഞ്ചമിന്‍ എന്നെ ചതിക്കില്ല ഒരിക്കലും...
അല്ലെങ്കിലും ആരും തൊടാത്ത ഒരു പെണ്ണിനെ ഇക്കാലത്ത്‌ ആരെങ്കിലും മോഹിക്കുമോ സുരഭീ..ഹൈടെക്‌ നഗരത്തില്‍ കന്യാകാത്വം തേടിയലയുന്നവനാണ്‌ വിഡ്ഡി.'' വിഷയത്തിനധീതമായി ഗ്രീഷ്‌മ പറഞ്ഞതെന്തിനാണെന്ന്‌ അവള്‍ക്ക്‌ മനസിലായില്ല.
റൂമിലെത്തിയ പാടെ ഗ്രീഷ്‌മ കളിക്കാന്‍ കയറി.
ഒരു പഴയ മാസികയിലെ കഥയില്‍ മിഴിയൂന്നിയിരിക്കുമ്പോഴാണ്‌ മൊബൈല്‍ ശബ്‌ദിച്ചത്‌.
അമ്മ വിളിക്കുകയാവുമെന്നോര്‍ത്ത്‌ മൊബൈലെടുക്കാനായി ബാഗ്‌ തുറന്നപ്പോള്‍ തീയില്‍ തൊട്ടപോലെ അവള്‍ കൈകള്‍ പിന്‍വലിച്ചു.
ഗര്‍ഭനിരോധന ഉറകള്‍. അടുക്കിവെച്ച കുറെ നോട്ടുകെട്ടുകള്‍...
സുരഭിയുടെ മിഴികള്‍ ഈറനായി. അവളുടെ കൈകള്‍ കഴുത്തില്‍ കിടന്ന മാലയിലേക്കിഴഞ്ഞു നീങ്ങി. അത്‌ പൊട്ടിച്ചെടുത്ത്‌ മുറിയുടെ മൂലയിലേക്ക വലിച്ചെറിഞ്ഞു.
ഒരു കനത്ത ഇരുട്ടി മേല്‍ മുഴുവന്‍ വന്ന്‌ മൂടുന്നതായി അവള്‍ക്ക്‌ തോന്നി.

ഗ്രീഷ്‌മയുമായി വല്ലാത്തൊരകലം വന്നത്‌ അവള്‍ പോലുമറിയാതെയാണ്‌. പതിവ്‌ സായന്തനസവാരികളില്‍ എന്തെന്നില്ലാത്ത നിശബ്‌ദത തളം കെട്ടി നിന്നു.
പാര്‍ക്കിലൊറ്റക്കിരിക്കുമ്പോള്‍ അനാവശ്യമായ ഓര്‍മ്മകളുടെ പ്രളയത്തില്‍ ഒലിച്ചുപോവുന്നതായി സുരഭിക്ക്‌ തോന്നി. മുന്നിലെ ഇരുട്ടില്‍ ഗ്രീഷ്‌മയുടെ മനോഹരമായ മുഖം വികൃതരൂപം പ്രാപിച്ചുനില്‍ക്കുന്നത്‌ പോലെ അവള്‍ക്ക്‌ തോന്നി.
എല്ലാമറിഞ്ഞിട്ടും അവളോട്‌ അല്‍പം പോലും വെറുപ്പ്‌ തോന്നിയിരുന്നില്ല. ഒരിക്കല്‍ പോലും ചീത്തരീതിയില്‍ അവളൊന്നും പറഞ്ഞിട്ടില്ല. സത്യത്തില്‍ ഒരു കൂടപിറപ്പിന്റെ സ്‌നേഹത്തിന്റെ ഊഷ്‌മളത തിരിച്ചറിഞ്ഞത്‌ അവളിലൂടെയാണ്‌. ഒരുമിച്ച്‌ താമസം തുടങ്ങിയതില്‍ പിന്നെ അവളെന്ത്‌ വാങ്ങിയാലും ഒന്ന്‌ തനിക്കും വാങ്ങുമായിരുന്നു. ഏതോ വലിയവീട്ടിലെ കുട്ടിയാണെന്നായിരുന്നു ധാരണ. വീട്ടുകാരെ കുറിച്ച്‌ കാര്യമായൊന്നും അവള്‍ പറഞ്ഞിരുന്നില്ല..
ദിവസങ്ങളുടെ കുതിച്ചുപായലില്‍ സായന്തനയാത്ര മാത്രം ഒഴിവാക്കാനായില്ല..
പകല്‍ ചാഞ്ഞുതുടങ്ങുമ്പോള്‍ പാര്‍ക്ക്‌ ഗേറ്റില്‍ നിന്നും സ്‌കൂട്ടറിന്റെ ഹോണടി കേള്‍ക്കും. പിന്നെ ഹോസ്റ്റലിലെ കൊഴുത്ത നിശബ്‌ദതയിലേക്ക്‌...
ഒരു രാത്രിയില്‍ അപ്രതീക്ഷിതമായി ഗ്രീഷ്‌മയുടെ ചോദ്യം കാതില്‍വന്നലച്ചു.
``സുരഭീ..എന്തു പറ്റി നിനക്ക്‌..''ഈയിടെയായി വല്ലാത്ത മൂകത.
`ഒന്നുമില്ല'..ആ ഉത്തരം അവളെ തൃപ്‌തയാക്കിയില്ലെന്ന്‌ തോന്നി.
``എന്തു പറ്റി നിനക്ക്‌..ഒരു മുറിയിലിങ്ങനെ കനത്ത നിശബ്‌ദതക്ക്‌ കീഴെ..എനിക്ക്‌ വയ്യടാ..
എന്നെക്കാള്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നതാണ്‌ സത്യം. രണ്ടാഴ്‌ചയായി നമുക്ക്‌ മുന്നില്‍ ഈ അകല്‍ച്ച വന്നിട്ട്‌...''
``ഗ്രീഷ്‌മാ..എനിക്കിപ്പോ നിന്നെ പേടിയാണ്‌. ഓരോ ദിവസം കഴിയുംതോറും നിന്നോടുള്ള ഇഷ്‌ടം കുറഞ്ഞുവരുന്ന പോലെ.'' സുരഭിയുടെ വിറയാര്‍ന്ന വാക്കുകള്‍ കേട്ട്‌ ഗ്രീഷ്‌മയുടെ മിഴികള്‍ ഈറനായി.
പിന്നെ തീഷ്‌ണമായ മുഖത്തോടെ അവള്‍ ചോദിച്ചു.
``ഞാനൊരു കോള്‍ഗേളാണെന്ന്‌ തിരിച്ചറിഞ്ഞത്‌ കൊണ്ടാവും ല്ലേ?''
അപ്രതീക്ഷിതമായ അവളുടെ ചോദ്യം കേട്ട്‌ സുരഭി നടുങ്ങിപ്പോയി. എല്ലാം അവളെങ്ങനെ തിരിച്ചറിഞ്ഞുവെന്നോര്‍ത്തപ്പോള്‍ അത്ഭുതം തോന്നി.
`അറിയില്ല'..ഒരു നീണ്ട നിശബ്‌ദതക്ക്‌ ശേഷം സുരഭി പറഞ്ഞു.
``സുരഭിക്കെന്നെ കുറിച്ചൊന്നുമറിയില്ല. കൂടപിറപ്പിനാല്‍ തന്നെ ചതിക്കപ്പെട്ടവളാണ്‌ ഞാന്‍..ഒരിക്കല്‍ എല്ലാം നഷ്‌ടപ്പെട്ടൊരാള്‍ പിന്നെന്തിനീ പരിശുദ്ധി കാത്തുവെക്കണം. ദാരിദ്ര്യത്തിന്റെ ഇടനാഴിയില്‍ നിന്ന്‌ പണത്തിന്റെ സുഖലോലുപതയിലേക്കുള്ള എന്റെ യാത്ര അതിവേഗത്തിലുള്ളതായിരുന്നു. നിനക്കറിയുമോ..ഈ നഗരത്തിന്റെ എന്റെ കിടക്ക പങ്കിടുന്നവരിലേറെയും എന്റെ അച്ഛനെക്കാള്‍ പ്രായമുള്ളവരാണ്‌...''
ഗ്രീഷ്‌മയുടെ കഥ..യാതൊരു നശിച്ച പെണ്ണിനും പറയുവാനുള്ളതാണെന്ന്‌ സുരഭിക്ക്‌ തോന്നി.
ഒന്നും പറയാതെ തിരിഞ്ഞുകിടക്കുമ്പോള്‍ ഗ്രീഷ്‌മയുടെ നേര്‍ത്ത കരച്ചില്‍ അവള്‍ക്ക്‌ കേള്‍ക്കാമായിരുന്നു.

ഈ സംഭവത്തിന്‌ ശേഷം മനസ്‌ വല്ലാതെ മൂകമാകുന്നത്‌ സുരഭിയറിഞ്ഞു.
ഒരാഴ്‌ച വീട്ടില്‍ പോയി നിന്നാല്‍ എല്ലാം ശരിയാകുമെന്ന വിശ്വാസത്തോടെ അവള്‍ പോകാനൊരുങ്ങി..
രാത്രി വണ്ടിയില്‍ കയറിയാല്‍ പുലരുമ്പോഴേക്കും നാട്‌ പിടിക്കാം..
ക്ലാസ്‌ കഴിഞ്ഞ്‌ ബാഗുമെടുത്തിറങ്ങുമ്പോഴേക്കും ഗ്രീഷ്‌മ സ്‌കൂട്ടറുമായെത്തിയിരുന്നു.
`ഞാന്‍ കൊണ്ടുവിടാം'..നിസഹായയായ അവളുടെ മുഖം കണ്ടപ്പോള്‍ സങ്കടം തോന്നി.
എട്ട്‌ മണിക്കാണ്‌ ട്രെയിന്‍..
സുരഭിയുടെ ശബ്‌ദം കേട്ട്‌ അവള്‍ വാച്ചില്‍ നോക്കി പറഞ്ഞു.
``ആറു മണിയെ ആയുള്ളു..വാ..എന്തായാലും പോകാം..''
പാര്‍ക്കിന്‌ സമീപമെത്തിയപ്പോള്‍ അവളുടെ മൊബൈല്‍ ശബ്‌ദിച്ചു.
സ്‌കൂട്ടര്‍ റോഡരുകില്‍ നിര്‍ത്തി ഗ്രീഷ്‌മ ഫോണ്‍ ചെവിയോട്‌ ചേര്‍ത്തു.
``സുരഭീ..നിയിവിടെയിരിക്ക്‌ അര മണിക്കൂര്‍..ഞാനിപ്പോ വരാം.''
പാര്‍ക്കിലേക്ക്‌ നടക്കുന്നതിനിടെ അവള്‍ വിളിച്ചുപറയുന്നത്‌ കേട്ടു.
``ടിക്കറ്റ്‌ ഞാനെടുത്ത്‌ വരാം...''
വേണ്ടായെന്ന്‌ പറയണമെന്നുണ്ടായിരുന്നെങ്കിലും അവളുടെ വണ്ടി അകന്നുപോയിരുന്നു..
പാര്‍ക്കിലിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി മഴ പെയ്‌തു.
കനത്ത മഴയില്‍ അല്‍പമകലെ കണ്ട ഗോപുരത്തിനടുത്തേക്ക്‌ അവള്‍ നടന്നു.
ഒരിക്കലുമില്ലാത്ത വിധം കാറ്റടിക്കുന്നുണ്ടായിരുന്നു..
ഗോപുര കവാടത്തിനരുകിലെ സിമന്റെ തിണ്ണയില്‍ അവള്‍ ബാഗെടുത്ത്‌ മടിയില്‍ വെച്ച ശേഷം അതില്‍ കൈചുറ്റിയിരുന്നു.
മഴ വന്യമായി അലറിപെയ്‌തുകൊണ്ടിരുന്നു..
ഗ്രീഷ്‌മയൊന്ന്‌ വേഗം വന്നിരുന്നെങ്കിലെന്ന്‌ അവള്‍ അറിയാതെ ആഗ്രഹിച്ചു.
ഇരുട്ട്‌ വ്യാപിക്കുന്നത്‌ കണ്ട്‌ സുരഭിക്ക്‌ വല്ലാത്ത ഭയം തോന്നി.
ചുറ്റിനും കുറെ നിഴലുകള്‍ വലയം ചെയ്‌തത്‌ സുരഭി അപ്പോഴുമറിഞ്ഞില്ല.

സുരഭി കണ്ണുതുറന്ന്‌ നോക്കുമ്പോള്‍ നേരം വെളുത്ത്‌ തുടങ്ങിയിരുന്നു..
ശരീരത്തില്‍ ഒരു തുണ്ടുവസ്‌ത്രമില്ലെന്നവള്‍ അറിഞ്ഞു. ചാടിയെഴുന്നേറ്റ്‌ ബാഗ്‌ തുറന്ന്‌ മറ്റൊരു വസ്‌ത്രമെടുത്തണിയുമ്പോള്‍ ദേഹം മുഴുവന്‍ അസഹ്യമായ വേദന പടരുന്നുണ്ടായിരുന്നു.
വളരെ പ്രയാസപ്പെട്ട്‌ റോഡിലെത്തി ഓട്ടോയ്‌ക്ക്‌ കൈ കാണിച്ച്‌ കയറിയിരിക്കുമ്പോള്‍ അവള്‍ വല്ലാതെ തളര്‍ന്നിരുന്നു.
ഹോസ്റ്റലിന്റെ പേര്‌ പറഞ്ഞ്‌ സീറ്റിലേക്ക്‌ ചാഞ്ഞിരിക്കുമ്പോള്‍ കുടയെടുക്കാന്‍ മറന്ന സായന്തനത്തെയും മഴയെയും ഗ്രീഷ്‌മയെയും അവള്‍ ശപിക്കുന്നുണ്ടായിരുന്നു.
ഓട്ടോ ബീച്ച്‌ റോഡിലേക്ക്‌ തിരിഞ്ഞപ്പോള്‍ ഒരാള്‍ക്കൂട്ടം കണ്ടു..
ഡ്രൈവര്‍ വണ്ടി അരുകിലൊതുക്കി അങ്ങോട്ടേക്ക്‌ പോകുന്നത്‌ അവള്‍ അവ്യക്തമായി കണ്ടു.
കൊലപാതകമാ..ആരോ പറയുന്നത്‌ കേട്ടു,
സുരഭി ആയാസപ്പെട്ട്‌ പുറത്തിറങ്ങി ആള്‍ക്കൂട്ടത്തിനിടയിലൂടെ നൂണ്ടുകയറി..
മണല്‍തിട്ടയില്‍ അര്‍ദ്ധനഗ്നയായ ഒരു പെണ്‍കുട്ടി കമഴ്‌ന്നുകിടക്കുന്നുണ്ടായിരുന്നു..
അരുകിലേക്കടുക്കും തോറും സുരഭിയുടെ മനസ്‌ പ്രഷുബ്‌ധമായി കൊണ്ടിരുന്നു.
`ഗ്രീഷ്‌മാ...'
വിറയാര്‍ന്ന ചുണ്ടുകള്‍ കൊണ്ട്‌ അത്രയും പറഞ്ഞവള്‍ ബോധമറ്റുവീണു.

**************************************
സുരഭിയേയും കൂട്ടി മാനസികാശുപത്രിയില്‍ നിന്നും പുറം വെളിച്ചത്തിലേക്ക്‌ നടക്കുമ്പോള്‍ കുഞ്ഞുലക്ഷ്‌മിയുടെ മനസില്‍ സ്വപ്‌നങ്ങള്‍ പല്ലിളിച്ച്‌ കാട്ടുന്നുണ്ടായിരുന്നു.
മരുന്നുകളുടെ ലോകത്തേക്ക്‌ ഓര്‍മ്മകള്‍ തിരിച്ചുപിടിക്കാന്‍ സുരഭി കയറിപോയിട്ട്‌ നാളുകളേറെയായി.
മകള്‍ പഠിച്ച്‌ വലുതാവുന്നതും നോക്കിയിരുന്ന അമ്മയുടെ നീറ്റല്‍ ഇനി ആരറിയാന്‍..
വാതിലിലെ പതിവ്‌ താളം അന്ന്‌ രാത്രിയും കുഞ്ഞുലക്ഷ്‌മി കേട്ടു..
സുരഭിയുടെ മുറിയുടെ വാതില്‍ ചാരിയ ശേഷം ആദ്യമായി അവര്‍ ആരെയോ സ്വീകരിക്കാനൊരുങ്ങി..

Monday, April 7, 2008

കാലഘട്ടത്തിന്റെ അടയാളവാക്യമായി കഥാമനസ്സ്‌



മലയാളകഥക്ക്‌ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പതിനേഴ്‌ കഥാകൃത്തുക്കളുടെ വാക്കും സംഭാഷണവുമാണ്‌ കുഞ്ഞികണ്ണന്‍ വാണിമേലിന്റെ കഥാമനസ്സ്‌. കഥയുടെ ആഖ്യാനശൈലിയിലും വിഷയതീവ്രതയിലുമെല്ലാം പൊളിച്ചെഴുത്തുകള്‍ സാധ്യമാക്കി മലയാളകഥയുടെ സഞ്ചാരപഥം പ്രകാശപൂരിതമാക്കിയ എഴുത്തുകാരുടെ അക്ഷരങ്ങളുടെ വ്യാഖ്യാനം മാത്രമല്ല അതിലുപരി വാര്‍ത്തമാനകാലത്തോടുളള അവരുടെ ഉത്തരങ്ങള്‍ കൂടി ഈ പുസ്തകത്തെ അലങ്കരിച്ചിരിക്കുന്നു. ഒരു കാലഘട്ടത്തിന്റെ അടയാളവാക്യമാണ്‌ ഇതിലെ കഥാമനസുകള്‍. അതുകൊണ്ട്‌ തന്നെ അവരുടെ വാക്കും വഴിയും കാഴ്ചയും വരും കാലത്തെ സംവാദങ്ങളിലും ആലോചനകളിലും വിഷയമാകുമെന്നതില്‍ സംശയമില്ല. ആകാശത്തിന്‌ കീഴെയുള്ള എന്തിനെ കുറിച്ചും മനസ്‌ ഉള്ളുതുറക്കാന്‍ മലയാളത്തിന്റെ കഥാകൃത്തുക്കള്‍ മുതിര്‍ന്നിരിക്കുന്നുവെന്നത്‌ പ്രതീക്ഷയുടെ മറ്റൊരു വെളിച്ചമേകുന്നു.
യു എ ഖാദര്‍, ശത്രുഘ്നന്‍, അക്ബര്‍ കക്കട്ടില്‍, ഗ്രേസി, സി വി ബാലകൃഷ്ണന്‍, യു കെ കുമാരന്‍ എന്നിവരില്‍ തുടങ്ങി അഷിതയിലും അഷ്ടമൂര്‍ത്തിയിലും വരെയെത്തുമ്പോള്‍ വായനക്കാരന്‌ ആധുനീകകഥയുടെ ഭൂപടം ദൃശ്യമാകും. ഒരു ചിത്രകാരനില്‍ നിന്ന്‌ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്തായി മാറുന്ന യു എ ഖാദറിന്റെ അനുഭവസാക്ഷ്യങ്ങളോടെ തുടങ്ങുന്ന പുസ്തകം ടി വി കൊച്ചുബാവയെ കുറിച്ചുള്ള ഓര്‍മ്മകളോടെയാണ്‌ അവസാനിക്കുന്നത്‌.
കഥയെഴുത്തിലെ സാമൂഹികവും രാഷ്ട്രീയവുമായ ഭൂമിശാസ്ത്രം മനസിലാക്കാനും ജീവിതത്തിന്റെ അതിരുകളില്‍ അവയൊക്കെ തങ്ങിനില്‍ക്കുന്നുവെന്ന്‌ ചൂണ്ടിക്കാണിക്കാനും കഴിയുന്ന പുതിയ തലമുറയെ കുറിച്ചും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്‌. ഭാവിയിലേക്ക്‌ തുറക്കുന്ന ജാലകം എന്ന തലക്കെട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ ആഖ്യനത്തില്‍ എഴുത്തിന്റെ തയ്യാറെടുപ്പും ആത്മനൊമ്പരവും തിരിച്ചറിയുകയും കഥാപഥത്തില്‍ പുതിയൊരു മേല്‍വിലാസം എഴുതിച്ചേര്‍ക്കാനും സാധിച്ചിട്ടുള്ള കെ ആര്‍ മീരമുതല്‍ കെ എ സെബാസ്റ്റ്യന്‍ വരെയുള്ളവരുടെ എഴുത്തുകാരെ കുറിച്ചുള്ള വിശകലനങ്ങള്‍ നല്‍കിയിട്ടുണ്ട്‌. ഭാവനയുടേയും ബുദ്ധിയുടെയും ഹൃദയത്തിന്റെയും കഥ പറച്ചിലിന്റെ പഴയ അതിര്‍ത്തികളെ മറിക്കടക്കുന്ന പുതിയ എഴുത്തുകാരുടെ അത്ഭുതപ്പെടുത്തുന്ന ഭാഷാശൈലികളെ കുറിച്ചും ഭാഷയുടെ അര്‍ത്ഥം ചുരത്തുന്ന തന്ത്രങ്ങളുടെ വിവിധ മാനങ്ങളുമെല്ലാം ലളിതമായ ഭാഷയിലാണ്‌ കുഞ്ഞികണ്ണന്‍ വാണിമേല്‍ കുറിച്ചിട്ടിരിക്കുന്നത്‌. സ്വന്തം ജീവിതപരിസരങ്ങളിലെ രാഷ്ട്രീയസ്വരങ്ങളുടെ വെളിച്ചവും, അണുകുടുംബത്തിന്റെ ആകുലതകളും, സാങ്കേതികതയുടെ കുതിച്ചുചാട്ടവും, ലൈംഗികതയുടെ പകര്‍പ്പെഴുത്തിലുമെല്ലാം തുറന്നെഴുതാന്‍ പുതിയ തലമുറ കാണിക്കുന്ന ധൈര്യത്തെ കുറിച്ചും സാമൂഹികതയുടെ സ്ഥാനത്തേക്ക്‌ കയറിവരുന്ന പ്രായോഗിക മനോഭാവങ്ങള്‍ക്ക്‌ നേരെ രൂക്ഷമായ പരിഹാസം ചേര്‍ക്കുവെക്കാന്‍ യുവസാഹിത്യകാന്‍ കാണിക്കുന്ന തന്റേടത്തെ കുറിച്ചുമെല്ലാം അതിശക്തമായ ഭാഷയില്‍ ഈ ലേഖനത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്‌.
മലയാള കഥയുടെ ഒരു കാലഘട്ടത്തിലേക്കുള്ള വീണ്ടുവിചാരത്തിന്റെ ഉള്ളുണര്‍ത്തലാണ്‌ ഈ കൃതിയെന്ന്‌ നിസംശയം പറയാം. ശൈലിയിലും ദര്‍ശനത്തിലും ഭിന്നദിശയിലായ കഥാകൃത്തുക്കളെ ഒരു വഴിയില്‍ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ഓരോരുത്തരേയും തിരിച്ചറിയാനും അവരിലേക്ക്‌ ഒരു ഭൂമികയില്‍ നിന്നുകൊണ്ട്‌ സഞ്ചരിക്കാനും വായനക്കാരന്‌ എളുപ്പമാകുന്നു എന്നുള്ളതാണ്‌ ഏറെ ശ്രദ്ധേയം.
കഥയെഴുത്തിന്റെ ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും ആശയധാരയുടെയും പുതിയ വിതാനം നല്‍കിയ കഥാകൃത്തുക്കളുമായി കുഞ്ഞികണ്ണന്‍ വാണിമേല്‍ നടത്തിയ സംഭാഷണം കഥാലോകത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. അത്‌ അതിര്‍വരമ്പുകളില്ലാതെ വ്യത്യസ്ത വിഷയങ്ങളിലേക്ക്‌ വഴിപിരിഞ്ഞുപോകുന്നുണ്ട്‌. മലയാളസാഹിത്യത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെ പറ്റിയും സമകാലിനരചനകളെ പറ്റിയെല്ലാം വിശദമായ അഭിപ്രായങ്ങള്‍ ഓരോ എഴുത്തുകാരനും തുറന്നു പറയുന്നുവെന്നതാണ്‌ കൗതുകം. രചനയിലേക്ക്‌ എത്തിപ്പെടാനുള്ള നാള്‍വഴികളില്‍ തുടങ്ങി അവരുടെ ഇന്നത്തെ കഥകളില്‍ വരെയെത്തി നില്‍ക്കുന്ന ചോദ്യോത്തരങ്ങള്‍ സാഹിത്യവിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ആസ്വാദകര്‍ക്കും ഏറെ പ്രയോജനപ്രദമാകുമെന്നതില്‍ സംശയമില്ല.

Saturday, March 15, 2008

തെരുവിന്റെ വിലാപം


തെരുവില്‍ നിന്നൊരു
ഭ്രാന്തവിലാപം കേള്‍ക്കുന്നു..
നഗരം ഉണരും മുമ്പാ ഭ്രാന്തന്‍
കുപ്പതൊട്ടിയിലിര തേടുന്നു...
ഭക്ഷണശാലയെറിഞ്ഞു കളഞ്ഞൊരു
ഭക്ഷണശകലം തിരയുന്നു...
നല്ലതെടുത്തിട്ടാഹ്ലാദത്തില്‍
നന്ദി പറഞ്ഞത്‌ തിന്നുന്നു..
ആര്‍ത്തിയിമല്ലാസക്തിയുമല്ലാ
ഹൃദയം നിറയെ വിശപ്പാണ്‌...

ഭ്രാന്തില്ലൊത്തൊരുവനെ നമ്മള്‍
ഭ്രാന്തനെന്ന്‌ വിളിക്കുന്നു...
വിശപ്പടക്കാന്‍ കക്കും നേരം
കള്ളനെന്നു പുലമ്പുന്നു...
മര്‍ദ്ദിക്കുമ്പോഴോടും അവനെ
കല്ലുകളെറിഞ്ഞു വീഴ്ത്തുന്നു...
വീണു കിടക്കും നേരം മിഴിയില്‍
മണ്ണു വാരി നിറക്കുന്നു...
കരയുമ്പോഴാ കണ്ണില്‍ നിറയെ
കപടതയെന്നവരാര്‍ക്കുന്നു...

തല്ലുകൊണ്ട്‌ കണ്ണുനീരിറ്റുമ്പൊഴും
മുകളിലേക്കുറ്റവന്‍...
ആര്‍ത്താര്‍ത്ത്‌ ചിരിക്കുന്നു...
ദൈവത്തോടവന്‌ പുച്ഛം
മനുഷ്യനോടവനാരാധന...

പിതൃത്വമില്ലാ പിഞ്ചുമനസില്‍
മാതൃത്വവുമിന്നില്ല...
കൊതുകുകളാണവനെന്നും കൂട്ട്‌
നായ്ക്കളവന്‌ സഹപാഠി...
കീറകുപ്പായത്തിനുള്ളില്‍
വാരിയെല്ലുകള്‍ തെളിയുമ്പോള്‍
വിരട്ടിയോട്ടും കുട്ടികളോടവനെന്നും
മനസില്‍ ഇഷ്ടം...

ചുമടുകളേറ്റി നടന്നു പിന്നെ
പാത്രം കഴുകിയിരുന്നു...
ചൂടുവെള്ളം മുഖത്തൊഴിച്ചൊരു
ഉടമയെ നോക്കി പടികളിറങ്ങി നടന്നു...
വിശപ്പുനീറും വേദനായായ
ദേഹം മുഴുവന്‍ പടരുമ്പോള്‍...
തെരുവിനെ മോഷ്ടാവെന്നൊരു പദവി
അറിയാതവനില്‍ വീഴുന്നു...

മുഷിഞ്ഞുനാറിയ വസ്ത്രം കണ്ട്‌
ഭ്രാന്തനെന്ന്‌ വിളിക്കുമ്പോള്‍
കറുത്തിരുണ്ടൊരു പല്ലുകള്‍ കൊണ്ടവന്‍
ചിരിച്ചുകാട്ടി നടക്കുന്നു...
ഒട്ടിയ വയറിന്‍ ചുളിവുകളില്‍
ഭൂപടങ്ങള്‍ തീര്‍ക്കും കാലം..
തൊലിക്കറുപ്പിന്‍ മീതെ ചെളികള്‍
ഉരുണ്ടു കൂടും നേരം...

സഹാനുഭൂതിയില്‍ നോക്കുന്നവര്‍
വിരളമെങ്കിലും
വിധിയുടെ കരങ്ങളില്‍ നിന്ന്‌
വഴുതിമാറാതെയിന്നും
ഭ്രാന്തനായി തന്നെ...
വൃദ്ധനായവന്‍ ഊര്‍ന്നിറങ്ങുന്നു...

ആര്‍ദ്രമാക്കും കണ്ണുനീരില്‍
സാന്ദ്രത പേറുമാ വദനത്തില്‍
കുഴിഞ്ഞ മിഴിയില്‍
ഒട്ടിയ കവിള്‍ത്തടങ്ങളില്‍
നീറും നിശ്വാസത്തിന്‍
ചുടുനെടുവീര്‍പ്പുകളെന്നും ബാക്കി..

Friday, February 8, 2008

ഓര്‍മ്മകളുടെ സമന്വയം...


മറവിക്ക്‌ മുന്നില്‍ തോറ്റടിയുന്ന ഓര്‍മ്മകളോട്‌ എന്നും സഹതാപമായിരുന്നു...എത്രയാഴത്തില്‍ ഒരാളെ സ്പര്‍ശിച്ച്‌ കടന്നുപോയാലും ദിവസങ്ങളുടെ ആഴത്തിലേക്ക്‌ വീണില്ലാതാവുകയാണ്‌ അതിന്റെ നൈര്‍മല്യങ്ങള്‍। കഴിഞ്ഞുപോയ കാലത്തിലെ മനോഹരനിമിഷങ്ങളെല്ലാം ഓര്‍ത്തെടുക്കാനാവാത്ത വിധം തിരക്കിന്റെ ലോകത്തേക്ക്‌ കയറിപ്പോകുമ്പോള്‍ ശൂന്യമാവുന്നത്‌ ഓര്‍മ്മകളുടെ സുഗന്ധമാണ്‌...പരസ്പരം പഴി പറഞ്ഞും പിണങ്ങിയും വാശി തീര്‍ത്തും ആടിതിമര്‍ത്ത കലാലയജീവിതം തന്നെയാവും മിക്കവരുടെയും സ്മരണകളില്‍ നിറഞ്ഞുനില്‍ക്കുന്നത്‌। ആര്‍ദ്രമായ മിഴികളുമായി ഓട്ടോഗ്രാഫിന്റെ താളില്‍ നിന്നെ കുറിച്ചുള്ളതെല്ലാമെഴുതിയിട്ട്‌ നടക്കുമ്പോള്‍ വാകമരങ്ങള്‍ പോലും തലകുലുക്കി പൂക്കള്‍ വര്‍ഷിച്ച്‌ യാത്രയാക്കുന്നുണ്ടായിരുന്നു...വിട പറയല്‍ ചടങ്ങിന്‌ വരാമെന്നുറപ്പ്‌ പറഞ്ഞ്‌ പോയിട്ട്‌ ആറുവര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും കണ്ടെടുക്കാനായില്ലെനിക്ക്‌...ഇടക്ക്‌ ആശംസകാര്‍ഡിലെ അക്ഷരങ്ങള്‍ക്ക്‌ ജീവന്‍ വെക്കുന്നതും അത്‌ എന്നെ നോക്കി ചിരിക്കുന്നതുമെല്ലാം തിരിച്ചറിയുമ്പോള്‍ നീയെവിടെയാവും എന്നൊരു ഓര്‍മ്മ തിരക്കിട്ട്‌ വന്ന്‌ തിരിച്ചുപോവാറുണ്ട്‌. അപ്പോള്‍ സായ്ഭജന്‌ പോകാറുള്ള സായന്തനങ്ങള്‍ ഒരിക്കല്‍ കൂടി തിരിച്ചുവന്നിരുന്നെങ്കിലെന്ന്‌ വെറുതെ പ്രതീക്ഷിക്കാറുണ്ട്‌.
ഒരു മയില്‍പീലിതുണ്ടായി വന്ന്‌ മനസിനെ കട്ടെടുത്ത്‌ മറ്റൊരു മുഖമായി നീ വീണ്ടുംവന്നിരുന്നു॥തിരക്കിന്റെ ലോകത്തേക്ക്‌ പറയാതെ കടന്നുപോയി മറഞ്ഞിട്ടും കാത്തിരിക്കുകയാണ്‌..ഇനിയും വരുമെന്നും ജീവിതത്തിന്റെ വസന്തകാലം എനിക്ക്‌ തിരിച്ചുനല്‍കുമെന്നും...
അടച്ചുറപ്പുള്ള മുറിയിലകപ്പെട്ട സ്ത്രൈണതക്ക്‌ ലഭിക്കുന്ന സുരക്ഷിതത്വമാണ്‌ യഥാര്‍ത്ഥ സൗഹൃദങ്ങള്‍ക്ക്‌. അതിന്‌ അനിര്‍വചനീയമായ അനുഭൂതിയുണ്ട്‌..ഉള്ളിലൊരാളെ സൗഹൃദമായി പ്രതിഷ്ഠിച്ചാല്‍ അതൊന്നിളകിയാലോ അടര്‍ന്നാലോ മിഴികളില്‍ നിന്നും കടലിരമ്പും. അത്‌ ബാഷ്പമായി പറന്നുയര്‍ന്ന്‌ നിര്‍ത്താതെ പെയ്തുതീരും.ഇതെല്ലാമാവാം ആഗ്നേയയുടെ വാക്കുകളില്‍ സൗഹൃദം കത്തിജ്വലിക്കുന്നത്‌. പിരിഞ്ഞകന്നാലും ഒരു മഴച്ചാറലിന്റെ സ്നിഗ്ധത ബാക്കിയാക്കുന്നുണ്ട്‌ ഈ ആത്മബന്ധങ്ങള്‍...

സൗഹൃദമെന്ന ഓര്‍മ്മ (ആഗ്നേയ)
ആളൊഴിഞ്ഞ പഴയൊരു നാലുകെട്ടിലെ മുകളിലൊരു മുറിയില്‍ സാരംഗീ നാദത്തിന്‌ കാതോര്‍ത്ത്‌ തുറന്നിട്ട കിളിവാതിലിലിലൂടെ താഴെ നീണ്ടു പരന്നുകിടക്കുന്ന പച്ചപാടങ്ങളിലേക്കും അതിന്റെ ചുറ്റും നില്‍ക്കുന്ന സൂര്യപ്രകാശം കടന്നുവരാന്‍ മടിക്കുന്ന നീലിച്ച തലപാവണിഞ്ഞ മരങ്ങളിലേക്കും പെയ്തുവീഴുന്ന കനത്തമഴയിലേക്ക്‌ കണ്ണെറിഞ്ഞ്‌ ഒരു പകല്‍ മുഴുവന്‍ അനങ്ങാതിരിക്കുമ്പോള്‍ കിട്ടുന്ന സുഖം...
ചില സൗഹൃദങ്ങളും അത്തരം അനുഭൂതികളാണ്‌...മേഘമായി നീ മാറിയാല്‍ കാറ്റ്‌ നിന്നെ ചിതറിച്ച്‌ കളഞ്ഞെങ്കിലോ എന്ന്‌ വിഹ്വലപ്പെടുന്നവരുമായുള്ള സൗഹൃദം...ഹൃദയസ്പന്ദനങ്ങളെക്കാള്‍ സൗഹൃദത്തെ വിലമതിക്കുന്നവരുമായുള്ള സൗഹൃദം...
മഴ പെയ്തൊഴിഞ്ഞാലും ഇലത്തുമ്പില്‍ തങ്ങിയ മുത്തുമണികളില്‍ സൂര്യകിരണങ്ങള്‍ ഇന്ദ്രജാലം തീര്‍ക്കുന്നതും ഓലേഞ്ഞാലിയും അടക്കാകിളിയും നനഞ്ഞ തൂവലുകള്‍ കുടഞ്ഞ്‌ കൊക്കിന്‍ തുമ്പാല്‍ ചിറകു ചീകിയൊതുക്കുന്നതുമെല്ലാം കാഴ്ചകളായി ബാക്കി വെക്കുന്നത്‌ പോലെ...അടുത്ത മഴക്കായി കാത്തിരിക്കാനുള്ള വെമ്പല്‍ സമ്മാനിച്ച്‌ മടങ്ങും പോലെ...
സംസാരിച്ച്‌ പിരിഞ്ഞാലും വീണ്ടും കാണും വരെ മനസില്‍ മഴച്ചാറല്‍ ബാക്കി വെക്കുന്ന സൗഹൃദങ്ങള്‍

ദുഖപുത്രിയെന്ന്‌ കളിയാക്കിയെങ്കിലും വിളിക്കാറുണ്ടായിരുന്നു അവളെ...ചെറിയ പ്രായത്തില്‍ തന്നെ അനുഭവങ്ങളുടെ നെരിപ്പോടില്‍ വീണുരുകിപോയിരുന്നോ എന്റെ കൂട്ടുകാരിയെന്ന്‌ സംശയിച്ചിരുന്നു അവളുടെ വാക്കുകളിലൂടെ മിഴികളൂന്നിയപ്പോള്‍...കവിതകള്‍ ഏറ്റെടുക്കേണ്ടി വരുമ്പോള്‍ അതെന്നും ഉള്ളുരുക്കങ്ങള്‍ ബാക്കിയാക്കി മനസിലൊരു കല്ലായി കിടക്കാറാണ്‌ പതിവ്‌. ഈ കൂട്ടുകാരിയുടെ ഓരോ കവിതകളും അത്തരത്തിലൊരു അടങ്ങാത്ത വിഹ്വലതകളായി ബാക്കിയാവുന്നു. ഇവിടെ ഓര്‍മ്മകളുടെ തെരുവിലൂടെ അവളലയുകയാണ്‌. കഴിഞ്ഞുപോയ കാലത്തെ സുഗന്ധവും തേടി...

ഓര്‍മ്മകളുടെ തെരുവ്‌ (ശാരു)
തിരിഞ്ഞൊന്നു നോക്കിയാല്‍
ഓര്‍മ്മകളുടെ തെരുവ്‌
അതില്‍ ആരെല്ലാമൊക്കെയോ
എന്നെ വിളിച്ചുകരയുന്നു
കളിയാക്കി ചിരിക്കുന്നു
പെയ്തൊഴിഞ്ഞ മഴയും
പൊഴിഞ്ഞുതീര്‍ന്ന വസന്തവും
തളിരിട്ട നാമ്പുകളും
മറയുന്ന സ്വപ്നങ്ങളും
എല്ലാമെല്ലാം ആ തെരുവില്‍
ഞാന്‍ അകലുംതോറും
എന്നെ പിന്തുടരുന്നു
ചീഞ്ഞുനാറുന്ന അഴുക്കുചാലും
അസ്ഥി മണക്കുന്ന ശ്മശാനങ്ങളും
എനിക്കു പിന്നാലെയാ തെരുവില്‍
എനിക്കൊപ്പം നീങ്ങുന്നു.
ഞാന്‍ സഞ്ചരിക്കട്ടെ...
യാത്രയ്ക്കൊടുവിലെന്നോ
ഓര്‍മ്മകള്‍ പൂക്കുന്ന സുഗന്ധം പൊഴിക്കുന്ന
നാളും തേടി ഞാനലയട്ടെ...
ഹൃദയത്തെ കുത്തിപറിക്കുന്ന ഓര്‍മ്മകളാവും കൂടുതലും മനസില്‍ നിറഞ്ഞുനില്‍ക്കുക. നിഴലായി ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട സഹോദരിയുടെ നഷ്ടം ഏറ്റുവാങ്ങുമ്പോഴും അവനെ സാന്ത്വനിപ്പിക്കാന്‍ ഒരു മഴ പോലുമുണ്ടായിരുന്നില്ല. സൗഹൃദങ്ങളെ സ്വന്തം ജീവനായി തന്നെ കരുതുന്ന ആ മനസ്‌ എന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളു. വീണ്ടുമൊരു തിരിച്ചുപോക്കിലേക്ക്‌ കാലം കൈപിടിച്ചുനടത്തുമ്പോള്‍ മാറാല പിടിച്ചുകിടക്കുന്ന ഇടനാഴികള്‍ എങ്ങനെ അവനെ ഭയപ്പെടുത്താതിരിക്കും. നിറഞ്ഞുതുളുമ്പുന്ന മിഴികളുമായി ഇന്നും ഉറക്കം നഷ്ടപ്പെട്ട്‌ കഴിയുന്ന അവനെ സാന്ത്വനിപ്പിക്കാനാവാതെ ആദ്യമായി ഞാന്‍ കുഴങ്ങുന്നു...

ഓര്‍മ്മകളുടെ തുരുത്തിലേക്ക്‌ (മന്‍സൂര്‍)
ഒരു മടക്കയാത്ര
ഒരു നോക്ക്‌ കാണാന്‍ കഴിയാതെ..
അവധിയും കഴിഞ്ഞ്‌ ഞാന്‍ മടങ്ങുകയാണ്‌...വീട്‌ മൊത്തം ഉറങ്ങുന്നത്‌ പോലെ..നിറഞ്ഞ മിഴികള്‍ ചുറ്റിലും..ആരുടേയും മുഖത്ത്‌ നോക്കാന്‍ കഴിയില്ലെനിക്ക്‌..ഒന്ന്‌ നോക്കിയാല്‍ ഒരുപക്ഷേ എനിക്ക്‌ എന്നെ തന്നെ പിടിച്ചുനിര്‍ത്താന്‍ കഴിയാതെ പോവും..
ഉമ്മ നഷ്ടപ്പെട്ട എനിക്ക്‌ ആ സ്നേഹം പകര്‍ന്നുനല്‍കിയ പെങ്ങള്‍ രോഗത്തോട്‌ മല്ലടിച്ച്‌ കിടക്കുകയാണ്‌...എല്ലാവര്‍ക്കുമറിയാം..ഇനിയെല്ലാം ദൈവത്തിന്റെ കൈകളില്‍..യാത്ര പറയാന്‍ കട്ടിലിനിരുകിലേക്ക്‌ ചെന്നു. പെങ്ങള്‍ എന്നെ കണ്ടതും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. എഴുന്നേല്‍ക്കണ്ട എന്ന്‌ പറഞ്ഞ്‌ കട്ടിലിനരുകില്‍ ഞാനിരുന്നു.. മിഴികളില്‍ നിന്ന്‌ കണ്ണീര്‍ നിറഞ്ഞൊഴുകുന്നു..
ഒന്നേ നോക്കിയുള്ളു..
സംസാരിക്കാന്‍ കഴിയുന്നില്ല..തല കറങ്ങുന്നത്‌ പോലെ..തോളിലൂടെ കൈകളിട്ട്‌ എന്നെ വരിഞ്ഞു മുറുക്കി തെരുതെരെ ഉമ്മ വെച്ചു..കാതില്‍ മെല്ലെ മന്ത്രിച്ചു...എന്റെ പൊന്നാങ്ങളെ...
ഇനിവരുമ്പോ ഞാനുണ്ടാവില്ലട്ടോ...

വീണ്ടുമൊരു മടക്കയാത്രക്ക്‌ ഞാനൊരുങ്ങുകയാണ്‌..
അവസാനനിമിഷത്തില്‍ എന്നെ ഒരു നോക്ക്‌ കാണാന്‍ കൊതിച്ചിരുന്നുവത്രെ...
ആ ഖബറിടത്തിനരുകില്‍ അല്‍പ്പനേരം..
മനസിനെ ഒന്ന്‌ ബോധ്യപ്പെടുത്താന്‍..
ഇന്നും തീരാത്ത നോവായി..ഓര്‍മ്മകളുടെ ആ തുരുത്ത്‌....

മനസിലിട്ട്‌ താലോലിക്കാന്‍ ഓര്‍മ്മകളുടെ ഒരു വീടുണ്ടാക്കിയിട്ടുണ്ട്‌ മനസില്‍. വിരസമായ പകലുകളിലും പകലറുതികളിലുമെല്ലാം അവയോടൊത്ത്‌ അല്‍പസമയം..ഉള്ളിലുറഞ്ഞു കൂടിയ നൊമ്പരങ്ങള്‍ വീണ്ടുമൊരിക്കല്‍ കൂടി വഴിയാത്രികരായി കടന്നുപോവും. ഇങ്ങനെയെല്ലാമാണ്‌ ചിന്തകള്‍ ഓരോരുത്തരില്‍ നിന്നും വാക്കുകളായി പരിണമിക്കുന്നത്‌. പിന്നീടതിന്‌ നക്ഷത്രത്തിന്റെ തിളക്കം വരുന്നതും സൂര്യന്റെ താപമായി മാറി കത്തികയറുന്നതും...

സ്മൃതികള്‍... (പ്രിയ ഉണ്ണികൃഷ്ണന്‍)
അക്ഷരമുത്തുകള്‍ വരികളില്‍ വിതറിയ
നീഹാരം മിഴികള്‍ക്ക്‌ കുളിരാകവേ
വിടരുവാനൊരുങ്ങുന്ന കലികകളൊക്കെയും
നിറവാര്‍ന്ന സ്മൃതികളെ തഴുകിടട്ടെ...

അവളുടെ മനസിലിട്ട്‌ വളര്‍ത്തിയെടുത്ത ആ എഴുത്തുകാരി മരിച്ചതെന്തുവേഗമായിരുന്നു. ദുഖത്തിന്റെ നീലിമയിലേക്ക്‌ മടങ്ങിപോവണമെന്ന്‌ തിരിച്ചറിയുമ്പോഴും ആ നിഴലിനോട്‌ അവള്‍ക്ക്‌ വെറുപ്പൊന്നുമില്ലായിരുന്നു. ഇന്നും ചില വരികളെല്ലാം അവളുടെ നിദ്രയില്‍ വരുന്നു. ഓര്‍മ്മകളില്‍ വരച്ചെടുത്ത ആ രൂപം അവളെ സാന്ത്വനിപ്പിക്കുന്നു. മുഖത്തെ ദൈന്യത മറച്ച്‌ പിടിച്ച്‌ ഏറെ നേരം അവള്‍ക്കരുകിലിരിക്കുന്നു...പരസ്പരം അകലേണ്ടി വരുമ്പോഴാവാം സ്വപ്നങ്ങളുടെ സൗന്ദര്യത്തെ തിരിച്ചറിയേണ്ടി വരുന്നത്‌. കടലോളം അവളെ സ്നേഹിച്ച ആ കവിയത്രിയെ കുറിച്ച്‌ അവളറിയാതെ പോയെങ്കിലും മരണമെന്ന മൂന്നക്ഷരത്തില്‍ ആ രൂപത്തെ ഭാവത്തെ വാക്യങ്ങളെ അവസാനിപ്പിക്കേണ്ടി വരുമ്പോള്‍ അവളുടെ നിസഹായത ആ എഴുത്തുകാരിയുടെ ആത്മാവിന്‌ കാണാതിരിക്കാനാവുമോ..?

ഓര്‍മ്മകളിലെ അവള്‍... (നിഷ കെ എസ്‌)
രണ്ടു ദിവസം നിര്‍ത്താതെ പെയ്ത മഴയായി..പിന്നീടതൊരു പോമാരിയായി എന്നില്‍ പ്രളയം സൃഷ്ടിച്ച്‌ യാതൊന്നും ബാക്കി വെക്കാതെ കടന്നുപോയവള്‍...
അവളെ
ഓര്‍മ്മകളുടെ ശവകൂടീരത്തില്‍ അടക്കം ചെയ്തു കഴിഞ്ഞെങ്കിലും...ആ ഓര്‍മ്മ...അതിന്‌ വാടിയ ജമന്തിപൂക്കളുടെ ഗന്ധമായിരുന്നുവെന്ന്‌ ഞാന്‍ തിരിച്ചറിയുന്നു...ആ സുഗന്ധം എന്റെ കാല്‍പനികതയുടെ അങ്ങേയറ്റമായിരുന്നെങ്കിലും...ഏതാനം ദിവസത്തെ ആയുസ്സെ എന്റെ ചിത്രത്തിനുണ്ടായിരുന്നുള്ളു.
നീണ്ട മുടിയിഴകള്‍.. എപ്പോഴും മറക്കാന്‍ കൊതിക്കുന്ന സ്വര്‍ണ്ണപൊട്ട്‌ തിളങ്ങുന്ന കാതുകളും...വിഷാദം പൂക്കുന്ന മരങ്ങളൊളിപ്പിച്ച നയനങ്ങളും...നനുത്ത പുഞ്ചിരി വിരിയുന്ന ചുണ്ടില്‍..നിസ്സഹായതയോടെ കണ്ണാ..എന്ന്‌ വിളിക്കുന്ന ഒരു കൃഷ്ണകാമുകി...
കണ്ണില്‍ നിറയുന്ന കണ്ണീരിനെ..മനസില്‍ സൂക്ഷിച്ച തീയില്‍ വറ്റിച്ച്‌ ഉപ്പു നഷ്ടപ്പെടാത്ത അക്ഷരങ്ങളാക്കുന്നവള്‍...അതായിരുന്നു ദ്രൗപദി.
ഓര്‍മ്മകളിലിന്നും മായാതെ...

ഓര്‍മ്മകള്‍ അത്‌ ഏതു വികാരമാണ്‌ ഏറ്റുവാങ്ങുന്നതെങ്കിലും അമൂല്യസമ്പാദ്യങ്ങളാണ്‌. ഭൂതകാലത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്നും ചികഞ്ഞെടുക്കുന്നതില്‍ കൂടുതലും നൊമ്പരത്തിന്റെയും വിഷാദത്തിന്റെയും സമന്വയമാവാം. ഒറ്റപ്പെടലിന്റെ ഭീതിതമായ അവസ്ഥയില്‍ അതിനെ കൂട്ടുപിടിക്കാതിരിക്കാന്‍ ആര്‍ക്കാവും. ഇതെല്ലാമാവാം ചിന്തകളുടെ സൗകുമാര്യത്തെ കുറിച്ച്‌ അവന്‍ വാ തോരാതെ സംസാരിക്കുന്നത്‌
ഓര്‍മ്മയെന്ന സുഖനൊമ്പരം (സുനില്‍ ഉപാസന)
പലരെയും സംബന്ധിച്ച്‌ ജിവിതത്തിലെ ഏറ്റവും സുന്ദരമായ സന്ദര്‍ഭങ്ങള്‍ പലതായിരിക്കും। അതിന്‌ കാരണം ഓരോ വ്യക്തിയും ചിന്തിക്കുന്നത്‌ വ്യത്യസ്തമായ തരത്തില്‍ ആണെന്നുളളത്‌ തന്നെ॥ഓരോരുത്തരുടേയും അഭിരുചികളും ഇതില്‍ നിര്‍ണായക പങ്ക്‌ വഹിക്കുന്നുണ്ട്‌...എങ്കില്‍ തന്നെയും ഇത്തരം വ്യത്യസ്ത ചിന്താഗതിയുള്ളവരും യോജിപ്പിലെത്തുന്ന ഒരു അവസരമെങ്കിലും ഉണ്ടായിരിക്കും..
അവയിലൊന്നായിരിക്കും ഓരോരുത്തരും തങ്ങളുടെ ഭൂതകാല സ്മരണകളില്‍ മുഴുകി നിമഗ്നരായിരിക്കുക എന്നത്‌..കുട്ടിക്കാലത്തെ കുസൃതികള്‍, കൗമാരകാലത്തെ ചാപല്യങ്ങള്‍. യൗവനത്തില്‍ സംഭവിച്ച അബദ്ധങ്ങള്‍...ഇവയൊക്കെ ഒരിക്കലെങ്കിലും അയവിറക്കാത്തവര്‍ ആരെങ്കിലുമുണ്ടാകുമോ ഈ ലോകത്ത്‌...
സ്മരണകള്‍ അവ കയ്പ്‌ നിറഞ്ഞതായാലും മധുരിക്കുന്നതായാവും നൊമ്പരപ്പെടുത്തുന്നതായാലും വിലയേറിയവയാണ്‌..വിലയ്ക്ക്‌ വാങ്ങാന്‍ കഴിയാത്ത അമൂല്യസമ്പാദ്യങ്ങള്‍..ഓര്‍മ്മകള്‍ (സ്മരണകള്‍) പലരിലും പലപ്പോഴും ഉണര്‍ത്തുക നൊമ്പരങ്ങളാണ്‌. ഒരുതരം സുഖകരമായ നൊമ്പരം..ഓര്‍മ്മകളില്‍ മുങ്ങിത്തപ്പുകയെന്നത്‌ സുന്ദരമാണ്‌..അതേ സമയം വേദനാജനകവും..ഓര്‍മ്മകള്‍ അവ ജനിക്കുന്നവരില്‍ എന്ത്‌ വികാരമാണ്‌ അപ്പോള്‍ ഉളവാക്കുക..സന്തോഷം? സങ്കടം? നിസംഗത? പലതാകാം..
പക്ഷേ പഴകിയ വേദനക്കോ സന്തോഷത്തിനോ മാധുര്യം കൂടുതല്‍..? ആപേക്ഷികമായിരിക്കാം ഇതിന്റെ മറുപടി..
എന്റെ ഭൂതകാലത്തില്‍ സംഭവിച്ച വേദനകള്‍ പകര്‍ന്ന്‌ തരുന്ന സുഖകരമായ അനുഭൂതികളില്‍ ലയിച്ചിരിക്കുക എനിക്ക്‌ ഇഷ്ടമായിരുന്നു..കാരണം അത്തരം സ്മരണകള്‍ എന്നെ ഓര്‍മ്മപ്പെടുത്തും ഞാനാരായിരുന്നുവെന്ന്‌..ഞാനെങ്ങനെ ഇവിടെ വരെയെത്തിയെന്നും...സമകാലിക അവസ്ഥയില്‍ നിലവിട്ട്‌ പെരുമാറാതെ സംയമനം പാലിച്ച്‌ നിര്‍ത്തുന്നു എന്നെ ഇത്തരം ഭൂതകാലവിളികള്‍...അവക്ക്‌ അര്‍ഹിക്കുന്ന സ്ഥാനം നല്‍കി ആദരിക്കുക ബഹുമാനിക്കുക..കാരണം അത്തരം സ്മരണകളൊക്കെയാണ്‌ എന്നെ പരിപോഷിപ്പിച്ചത്‌..ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്‌...
ഓര്‍മ്മകളെല്ലാം തോറ്റടിയുന്നതെവിടെയാണ്‌...
ചോദിക്കാതെ കടന്നുവരുന്നതെന്താണ്‌
അനുഭവത്തിന്റെ പൂരകാഴ്ചകള്‍ മിഴികളില്‍ വീണ്ടുമൊരു വസന്തമായി ചേക്കേറുന്നതെന്തുകൊണ്ടാണ്‌..?
അറിയില്ല..പക്ഷേ ഇവിടെ ചില ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം നല്‍കിയിട്ടുണ്ട്‌. മനസ്‌ മറവിക്ക്‌ മുന്നില്‍ തോല്‍ക്കാതിരിക്കുകയായിരുന്നെങ്കിലെന്ന പ്രത്യാശ ഇന്നും ബാക്കിയാവുന്നു

ഓര്‍മ്മയെന്ന ശവകൂടീരം (അമൃതാ വാര്യര്‍)
മറവിയുടെ ശ്മശാനത്തില്‍
അടക്കം ചെയ്യപ്പെട്ട
ഓര്‍മ്മകളുടെ നനുത്ത
നൊമ്പരങ്ങള്‍ക്ക്‌ മേല്‍
ആരോ വച്ചുപോയ
റോസാദളങ്ങള്‍ക്ക്‌
സുഗന്ധമുണ്ടായിരുന്നില്ല

സ്മൃതിയുടെ
അഗാധതകളില്‍
സ്വയമറിയാതെ
പാറിനടക്കുമ്പോഴും
മറവിയുടെ ശിഖിരങ്ങള്‍
എത്തിപ്പിടിക്കാന്‍
ഒരിക്കല്‍ പോലും
ശ്രമിക്കരുതേയെന്ന്‌
മനസ്സിനോട്‌
അടക്കം പറഞ്ഞു.

ഒരിക്കലും
മനസ്സിന്റെ പടിവാതിലേക്ക്‌
എത്തിനോക്കാന്‍ പോലും
ആഗ്രഹിക്കാതിരുന്ന
ചില ഓര്‍മ്മകള്‍

ചെമ്മെ മത്സരിക്കുകയായിരുന്നു
ഹൃദയത്തിന്റെ ഒഴിഞ്ഞ
കോണില്‍ നൊമ്പരങ്ങളാല്‍
തീര്‍ത്ത നിശിതാഗ്രങ്ങള്‍ കൊണ്ട്‌
മുറിവുകള്‍ നല്‍കി
ഉറക്കം നഷ്ടപ്പെട്ട
രാത്രികള്‍ സമ്മാനിക്കാന്‍

ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല...അത്‌ മനസിലിടം തേടി വന്നുകൊണ്ടിരിക്കുന്നു. ജീവിതമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക്‌ ചുവട്‌ വെച്ചകന്ന സൗഹൃദങ്ങള്‍ക്ക്‌...മനസിനെ കുത്തിക്കീറിയിട്ടും ഇന്നും മനസിലിട്ട്‌ താലോലിക്കുന്ന പ്രണയിക്ക്‌...ആത്മസായൂജ്യം പകര്‍ന്നുതന്ന ബന്ധങ്ങള്‍ക്ക്‌...തകര്‍ക്കാനാവാത്ത ബന്ധനങ്ങള്‍ക്ക്‌ ഈ നൂറാമത്‌ ഉപഹാരം സ്നേഹപൂര്‍വം സമര്‍പ്പിക്കുന്നു...

Wednesday, January 9, 2008

ജലരേഖകളുടെ വേഴ്ച


മിഴികളില്‍
ഒരു കടലൊളിച്ചിരിപ്പുണ്ട്‌...
ആയുസ്‌ മുഴുവന്‍ ഒഴുകിയാലും
തീരാത്തത്ര
മൃദുവായി...

മഴ
വിലാപം തന്നെയാണ്‌...
ഇടവേളകളിട്ട്‌
പെയ്ത്തോരുന്നത്‌
അവളുടെ വ്യഥയുടെ
കാഠിന്യത്തെ
മറയ്ക്കാനാവാം...

പുഴയുടെ
നദിയുടെ
കായലിന്റെ
കിണറിന്റെ
അവികസിത ഗര്‍ത്തങ്ങളിലേക്ക്‌
സ്വയം ചുരുങ്ങുകയാണ്‌
ഓരോ വര്‍ഷകാലവും...

തോരാതെ നില്‍ക്കാമെന്നും
കണ്‍മുന്നിലെ
കുളക്കരയില്‍
ഒപ്പം കുളിക്കാമെന്നും
പറഞ്ഞാണ്‌
ബാല്യകാലസഖിയായി
ഒപ്പം കൂടിയത്‌...
വിയര്‍പ്പായി,
നീരായി
കണ്ണുകളിലോ ദേഹത്തോ
പറ്റിപിടിച്ചിരുന്ന്‌
ഒറ്റയാക്കി പോകുമെന്ന്‌
കൗമാരത്തിലൊരു
മുന്നറിയിപ്പ്‌ തന്നിരുന്നു...
പതിവ്‌ തമാശകളുടെ കെട്ടഴിക്കും മുമ്പ്‌
യൗവനത്തിന്റെ പടി കയറി
മേഘങ്ങളെ കൂട്ടുപിടിച്ചവള്‍
ബാഷ്പമായി പോയിരുന്നു...

ഒരുപക്ഷേ..
ഇന്ന്‌
എന്റെ മണ്‍കൂനയില്‍
ആര്‍ത്തലച്ചു കരയുന്നുണ്ടാവും
അവള്‍..

Saturday, January 5, 2008

നര്‍മ്മത്തിന്റെ മറവില്‍ ഒളിഞ്ഞിരിക്കുന്ന ദൈന്യതയുമായി അധ്യാപകകഥകള്‍



നര്‍മ്മത്തിന്റെ ലാളിത്യത്തിന്റെ മറവില്‍ ദൈന്യതയാല്‍ വേദനിക്കുന്ന ഹൃദയങ്ങളെ പുറത്തെടുത്തിട്ട്‌ കാണിക്കുകയാണ്‌ അക്ബര്‍ കക്കട്ടിലിന്റെ അധ്യാപക കഥകള്‍. വാക്കുകളെ ആകെ പൊതിഞ്ഞിരിക്കുന്ന ഹാസ്യത്തിന്റെ മൊമ്പൊടി വായനക്കാരന്‍ വീണ്ടുമൊരിക്കല്‍ കൂടി സൂക്ഷ്മായി നിരീക്ഷിച്ചാല്‍ അതിലൊഴിളിഞ്ഞിരിക്കുന്ന ദയനീയതയുടെ ചിത്രം കാണാം. 'ധൃതിയില്‍ ഒരു ദിവസം' എന്ന കഥയുടെ പര്യവസാനം വായനക്കാരനെ ചിരിപ്പിക്കുകയാണോ ചിന്തിപ്പിക്കുകയാണോ എന്ന്‌ സ്വയം ചോദിച്ചുനോക്കിയാല്‍ ഇതിന്‌ ഉത്തരം ലഭിക്കും. അപ്രതീക്ഷിതമായി ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളിലൂടെ എഴുത്തുകാരന്‍ ഇവിടെ പറയാനുദ്ദേശിക്കുന്നതെന്താവും. ഒരു പക്ഷേ പൊരുത്തപ്പെടലുകളാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ വൈകാരികതലം എന്നു തന്നെയാവും. ഗ്രീഷ്മ എന്ന കഥാപാത്രം തന്റെ സ്വപ്നങ്ങളെ ലളിതവല്‍ക്കരിക്കുകയാണെന്ന്‌ സംശയമുണര്‍ത്തും വിധം കഥ മുന്നേറുമ്പോള്‍ അധ്യാപകനായ സുരേഷിന്റെ വ്യാകുലതകള്‍ ഹാസ്യാത്മകമായി അവസാനിക്കുന്നത്‌ വായനക്കാരനെ ആനന്ദിപ്പിക്കുകയല്ല മറിച്ച്‌ വേദനിപ്പിക്കുകയാണ്‌.
സമാഹാരത്തിലെ 30 കഥകളില്‍ 'ഇന്ന്‌ നമുക്ക്‌ റഷീദയെ കുറിച്ച്‌ ചിന്തിക്കാം' എന്ന കഥ വിസ്മയിപ്പിക്കുന്ന രചനാരീതിയാണ്‌ അവലംബിക്കുന്നത്‌. അപ്രതീക്ഷിതമായി ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ മനോഹാരിതയാണ്‌ ഇവിടെ കുറിച്ചിട്ടിരിക്കുന്നത്‌. കുസൃതിയായ വിദ്യാര്‍ത്ഥിനിയായിരുന്ന റഷീദയെ മോഹനെന്ന അധ്യാപകന്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം കണ്ടുമുട്ടുന്നതും അവര്‍ തമ്മിലുള്ള സംഭാഷണങ്ങളുമെല്ലാം കഥയുടെ ആഖ്യാനശൈലിയെ തന്നെ വ്യത്യസ്തമാക്കുന്നു. ഒരു പക്ഷേ അവസാനഭാഗത്തേക്ക്‌ കണ്ണുപായിക്കാന്‍ തോന്നുംവിധം പിരിമുറക്കമുണ്ടാക്കുന്നതാണ്‌ കഥയുടെ മുന്നോട്ടുള്ള യാത്ര.
"സ്ത്രീകള്‍ക്ക്‌ ആനൂകൂല്യങ്ങളും സ്വാതന്ത്ര്യങ്ങളും നേടാനേ കഴിയൂ അതൊന്നും അനുഭവിക്കാന്‍ ഭാഗ്യമില്ല" എന്ന്‌ വളരെ അനായാസമായി റഷീദ കഥയുടെ അവസാനഭാഗത്ത്‌ പറയുമ്പോഴാണ്‌ ഒരു ലളിതകഥയുടെ മുറുക്കമുള്ള ആഖ്യാനശൈലി വെളിപ്പെടുന്നത്‌. ആ വാക്കുകള്‍ക്ക്‌ തിരിച്ചറിയാനാവാത്ത വിധമൊരു അര്‍ത്ഥതലമുണ്ട്‌. അത്‌ കഥാകൃത്ത്‌ പറയാതെ പറയുകയെന്ന സങ്കേതം സ്വീകരിച്ചതായി തോന്നുമെങ്കിലും ഇവിടെ വെളിപ്പെടുന്നത്‌ കലാലയജീവിതമെന്നത്‌ വിസ്മരിക്കാനാവാത്ത ചില മുഹൂര്‍ത്തങ്ങളെ സമ്മാനിക്കുമെന്നും ഓര്‍മ്മകളില്‍ നിന്നും ഇടക്കെപ്പോഴൊക്കെയോ അത്‌ പുനര്‍ജനിക്കുമെന്നുമാണ്‌.
ഗ്രാമീണതയുടെ പശ്ചാത്തലഭംഗിയാണ്‌ അക്ബര്‍ കക്കട്ടിലിന്റെ അധ്യാപക കഥകളുടെ മറ്റൊരു പ്രത്യേകത. കലാലയജീവിതവുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന കഥാപാത്രങ്ങളുടെ മനസിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങിചെന്ന്‌ തന്നെയാണ്‌ ഓരോ കഥയും നമ്മോട്‌ സംവദിക്കുന്നത്‌. ഒന്നും സാങ്കല്‍പികമെന്ന്‌ തോന്നാത്തവിധം മനോഹരമാണ്‌ കഥയിലെ മിക്ക കഥാപാത്രങ്ങളുടെയും സ്വഭാവും വ്യക്തിത്വവും.
സമാഹാരത്തിലെ വളരെ രസകരമായ മറ്റൊരു കഥയാണ്‌ 'അക്ബര്‍മാഷ'്‌. ഒരു തെറ്റും ചെയ്യാതെ കുറ്റക്കാരനാവേണ്ടി വരുന്ന നിസഹായത അനുഭവിക്കുന്ന ഒരധ്യാപകന്റെ ആത്മസംഘര്‍ഷത്തിലൂടെയാണ്‌ ഈ കഥ പുരോഗമിക്കുന്നത്‌. നാട്ടുമ്പുറത്തെ അനാവശ്യ പരദൂഷണങ്ങള്‍ എങ്ങനെ ജീവിതത്തെ ബാധിക്കുന്ന വിധത്തില്‍ പരക്കുന്നുവെന്നതാണ്‌ ഇവിടെ മുഖ്യവിഷയമാകുന്നത്‌. ഒടുവില്‍ ചെയ്യാത്ത തെറ്റ്‌ സ്വയമേറ്റെടുക്കുന്നതിലൂടെ അക്ബര്‍മാഷ്‌ കുറ്റക്കാരനെന്ന്‌ മുദ്രകുത്തിയവരോട്‌ പ്രതികാരം തീര്‍ക്കുകയാണ്‌ ചെയ്യുന്നത്‌.
ഈ പുസ്തകത്തിലെ കഥകളില്‍ പ്രത്യക്ഷപ്പെടുന്ന പല മാഷമ്മാരും ഒറ്റ മാഷുടെ വകഭേദങ്ങളാണെന്ന്‌ അക്ബര്‍ കക്കട്ടില്‍ മുന്‍കുറിപ്പില്‍ വെളിപ്പെടുത്തിയിരിക്കുന്നു. എന്റെ തന്നെ പല വേഷങ്ങള്‍ എന്ന്‌ വ്യക്തമാക്കിയിരിക്കുന്ന അദ്ദേഹം ആത്മകഥ തിരിച്ചറിയാനുള്ള സൗകര്യത്തിനാണ്‌ അധ്യാപക കഥകള്‍ എന്ന്‌ നാമകരണം ചെയ്തിരിക്കുന്നതെന്നും പറയുന്നു. അതുകൊണ്ടെല്ലാം തന്നെ അനുഭവങ്ങളുടെ തീരാത്ത പെയ്ത്തുതന്നെയാണ്‌ ഈ കഥകളെല്ലാം.
സമാഹാരത്തിലെ എല്ലാ കഥകളും വ്യത്യസ്തങ്ങളായ അര്‍ത്ഥതലങ്ങള്‍ കൊണ്ട്‌ സമ്പന്നമാണ്‌. പ്യൂണ്‍ ബാലേട്ടന്‍, പരിമിതികള്‍, ഒരു പ്രതിസന്ധി, മരണാനന്തരസാധ്യതകള്‍, അണിയറ എന്നിങ്ങനെ എല്ലാ കഥാകളും ഒന്നിനൊന്ന്‌ അസ്വാദ്യകരമായി തീരുന്നു. മാതൃഭൂമി ബുക്സ്‌ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ പുതിയ പതിപ്പില്‍ കൂടുതല്‍ കഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
വില: 90 രൂപ