
ഒന്ന്
വെള്ളം കെട്ടികിടക്കുന്ന പാടത്ത് കൂടി ചാറ്റല്‍മഴ നനഞ്ഞ് അവള് നടന്നു...പഴയ സ്ലേറ്റും ദ്രവിച്ചു തുടങ്ങിയ പുസ്തകവും മാറോട് ചേര്‍ത്ത് നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി മഴ ശക്തിപ്രാപിച്ചത്..
ഓലക്കുട ചൂടി പാടം ഉഴുതുമറിക്കുന്നവരെ അവള് കണ്ടു..ഒരു വശത്ത് മഴയുടെ താളത്തിനൊത്ത് പാട്ടുമൂളി ചെറുമികള്‍ ഞാറു പറിക്കുന്നത് നോക്കി അവള് നടത്തിന് വേഗത കൂട്ടി...
നിഹാ...
ഇതെന്താ കുട്ടീ കുടയെടുക്കാതെ...
ബീഡിപുക കറുപ്പിച്ച രാമേട്ടന്റെ ചുണ്ടുകള്‍ ചലിക്കുന്നത് കണ്ടു...
അച്ഛന് വന്നിട്ടില്ല..കുടേം ബാഗുമൊന്നും വാങ്ങീല മാമാ..അയാളുടെ മുഖത്ത് നോക്കി അവള് ചെറിയപല്ലുകള്‍ കാട്ടി ചിരിച്ചു..
അയാള്‍ തന്റെ ഓലക്കുട അവളുടെ തലയില്‍ വെച്ച് കൊടുത്തിട്ട് പറഞ്ഞു...
മോളെ മാമന് കൊണ്ടുവിടാം ട്ടോ...
തലയില്‍ നിന്നും ഇടക്കിടെ പുറത്തേക്ക് തെന്നിമാറുന്ന ഓലക്കുട വീണ്ടും അവളുടെ തലയില്‍ തന്നെ അമര്‍ത്തിവെച്ച ശേഷം അയാള്‍ അവളൊടൊപ്പം നടന്നു...
ഇതെന്ത് പെയ്ത്താ കൃഷ്ണാ...തോരണില്ലല്ലോ മഴ
ഞാനിതിപ്പോ എങ്ങനെ വീട്ടില്‍ പോകും..വൈകുന്നേമായപ്പോ അവള്‍ക്ക് ഭീതിയായി.
ഒടുവില്‍ വരുന്നത് വരട്ടെയെന്ന ഭാവത്തോടെ ആ പെരുമഴയില്‍ ഇറങ്ങി നടന്നു...
വീട്ടിലെത്തിയപ്പോ ഉള്ളില്‍ വിശപ്പ് പെരുമ്പറ കൊട്ടുന്നതറിഞ്ഞു...അമ്മ ഇനിയും ഇല്ലത്ത് നിന്ന് വേല കഴിഞ്ഞ് വന്നിട്ടില്ല...
അടുപ്പില്‍ തീ കൂട്ടി അവള് പുസ്തകമുണക്കി...പലപേജുകളും പിന്നിപോയത് കണ്ടപ്പോള്‍ അവള്‍ക്ക് വല്ലാത്ത സങ്കടം തോന്നി..
പിന്നെ ആരോടോ വാശി തീര്‍ക്കും പോലെ മഴയത്തിറങ്ങി നിന്നു...ശരീരത്തിന്റെ ഓരോ ഭാഗത്തും മഴ ചിത്രം വരുക്കുന്നതറിഞ്ഞു..ഉള്ളിലെ സങ്കടം മഴവെള്ളം പോലെ ഒലിച്ചുപോകുന്നതവള്‍ അറിഞ്ഞു...
രണ്ട്
പതിനെട്ട് വര്‍ഷമായിട്ടും അച്ഛനെന്തേ മടങ്ങി വന്നില്ല..അവള് സ്വയം ചോദിക്കുന്ന ചോദ്യം..എത്ര റഫര്‍ ചെയ്തിട്ടും ഉത്തരം കിട്ടാത്തതായിരുന്നു അച്ഛന്റെ തിരോധാനം..
വീണ്ടുമൊരു മഴക്കാലം കൂടി..
വീടു മേയാത്തതിലായിരുന്നു അമ്മക്ക് ദു:ഖം..മോഹങ്ങള്‍ വീര്‍പ്പുമുട്ടിയിട്ടും നൊമ്പരപ്പെടാത്ത അമ്മയുടെ ഈ ദു:ഖം കണ്ട് ഉള്ളില്‍ വിഷാദമുറഞ്ഞു കൂടുമ്പോഴും ചിരിക്കാന്‍ ശ്രമിച്ചു...
പഠിക്കേണ്ട പല പുസ്തകങ്ങളും കണ്ടിട്ട് പോലുമില്ല...അവള്‍ക്ക് ലൈബ്രറിയെ തന്നെ അഭയം പ്രാപിക്കാതെ വയ്യെന്നായി...
ജൂണ്‍മാസം പകുതിയായി..
പാതി തുളവീണ കുടയിലൂടെ മഴ അരിച്ചിറങ്ങി തുടങ്ങിയിരിക്കുന്നു...വസ്ത്രം നനച്ച്
ഉള്ളിലേക്കൊഴുതിയെത്തി മഴ അലസോരപ്പെടുത്തുമ്പോഴും വര്‍ഷകാലത്തെ അവള് വെറുത്തിരുന്നില്ല...
മഴ നനയുന്ന അനുഭൂതി മറ്റൊന്നില്‍ നിന്നും കിട്ടിയിട്ടില്ല...
ഇപ്പോഴും അമ്മയില്ലാത്തപ്പോള്‍ മഴ നനയും...
അവള് തിരിച്ചറിയുന്നുണ്ട്..മഴ തന്റെ കാമുകനാണ്..എന്റെ ഹൃദയത്തെ ഇറുകെ പുണര്‍ന്ന ഒരു കൂട്ടുകാരന്...ചോദിക്കാതെ തന്നെയാണ് പലപ്പോഴും അവന് അവളെ ചുംബിച്ചതും മാറോട് അടക്കിയതും..
എത്ര വര്‍ഷകാലരാത്രികളില്‍ കമ്പിളിപുതപ്പിലൂടെ അവന് തന്റെ അരുകിലെത്തിയിരിക്കുന്നു......
മൂന്ന്
അര്‍ബുധത്തോട് പടവെട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ ചെളിപുരണ്ട കിടക്കയില്‍ ദിവസങ്ങളോളം കിടന്നെങ്കിലും ഒടുവില്‍ വീട്ടില്‍ പോകാന്‍ അവള്‍ക്ക് അവസരം കിട്ടി...
തന്നെ കാണുമ്പോഴെല്ലാം അമ്മയുടെ കണ്ണുനിറയുന്നതെന്തിനാണ്...ഒരു പക്ഷേ തനിക്കിനി ജീവിതത്തിലേക്കൊരു തിരിച്ചുവരവുണ്ടാകില്ലേ...?
അച്ഛന് പോയിട്ട് ഇരുപത്താറ് വര്‍ഷങ്ങള്‍ കഴിഞ്ഞു...എന്തേ ഇതുവരെ വന്നില്ല..തന്റെ കൗമാരം കാണാന്‍...യൗവനം കാണാന്‍...ഈ രോഗാതുരത കണ്ട് കരയാന്‍...
മാംസം കുത്തിപറിക്കുന്ന വേദനയിലും കണ്ണുനിറക്കാതെ ചിരിക്കാന്‍ ശ്രമിക്കുകയാണ് അവള്...
ഒരു ദിവസം അമ്മയോട് തിരക്കി...
ഇതേതാ...മാസം...
കര്‍ക്കിടകം...
അമ്മയുടെ മറുപടി കേട്ടപ്പോള്‍ കോരിതരിച്ചുപോയി...മഴ തുടങ്ങിയിട്ട് ഇത്ര ദിവസമായിട്ടും അമ്മയെന്തേ പറയാതിരുന്നു...അവള്‍ക്ക് പുറത്തിറങ്ങാന്‍ വല്ലാത്ത കൊതി തോന്നി...
ഈ കുത്തിപറിക്കുന്ന വേദനയില്‍ ഒരല്‍പ്പം ആശ്വാസം നല്കാന് മഴക്കേ ആകൂ...
ആരുമില്ലാതിരുന്ന ഒരു പകലില്‍ അവള് ആയാസപ്പെട്ട് പുറത്തിറങ്ങി..
ഇതുവരെ കാണാത്തത്ര ശക്തിയുള്ള മഴ...
അവളെ അത് കുളിരണിയിച്ചുകൊണ്ട് പെയ്തുകൊണ്ടിരുന്നു...
ഇന്നു കറുത്തവാവാകും...ആരോടോ വാശി തീര്‍ക്കും പോലെ പെയ്തിറങ്ങുന്ന മഴയെ നോക്കി അവള് പിറുപിറുത്തു...
ആത്മാക്കള്‍ ഭൂമിയിലൂടെ സഞ്ചരിക്കാറുള്ള ഒരു കറുത്തവാവ് ദിനത്തിലായിരുന്നു നിഹാരിക മരിച്ചത്...
17 comments:
ആത്മാക്കള്‍ ഭൂമിയിലൂടെ സഞ്ചരിക്കാറുള്ള ഒരു കറുത്തവാവ് ദിനത്തിലായിരുന്നു നിഹാരിക മരിച്ചത്...
മഴയുടെ മര്മ്മരം കേട്ട്...
മഴയോട് സല്ലപിച്ച്...
ആത്മപുസ്തകതാളില്
മഴയെ കുറിച്ച് മാത്രമെഴുതി...
തിമിര്‍ത്തുപെയ്യുന്ന മഴയില്‍
ജീവിതം തന്നെ മഴക്ക് സമ്മാനിച്ച
ഒരു പെണ്‍കുട്ടിയുടെ കഥ
നിഹാരിക മരിച്ചിട്ടില്ലെന്നു തൊന്നുന്നു..
ഭൂമിയില്‍ മഴയുള്ളിടത്തൊളം കാലം...
പെയ്തൊഴിയാത്ത ഒരു മഴയായി അവളെന്നും ജീവിക്കും...
മഴയുടെ തേങ്ങല്‍ കാതിലിപ്പോഴും മുഴങ്ങുന്നു...
നന്ദി ദ്രൌപതി...
nice
ഷംസ്
ആദ്യമായാണ് കാണുന്നത്...
നിഹാരിക ഇന്നും ജീവിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തട്ടെ...
പക്ഷേ പുതിയ പേരിലും ഭാവത്തിലും ആണെന്നു മാത്രം...
അഭിപ്രായത്തിന് നന്ദി...
ചക്കരെ..
ഈ പേര് എന്നെ ഒരുപാട് ആകര്‍ഷിച്ചതാണ്
എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയെ ഞാന്‍ വിളിക്കുന്നത്
ഈ പേരിലാണ്...
അഭിപ്രായത്തിന് ഒരുപാട് നന്ദി....
മഴ തോരാതെ പെയ്യുകയാണല്ലോ ദ്രൗപതിയുടെ ബ്ലോഗില്‍ ഇയ്യിടേയായിട്ട്?
ഒത്തിരിക്കാലമായി ഞാന്‍ ഒരവധിയെടുത്ത് ദേശാടനത്തിനുപോയിരുന്നു. ഓരോരുത്തരുടെ ബൂലോഗപറമ്പുകളില് ഒന്നൊന്നായി കയറിവരുന്നതേയുള്ളൂ.
ഏറനാടാ..
ഈ തിമര്‍ത്തുപെയ്യുന്ന മഴയില്‍ മറ്റൊന്നിനെ കുറിച്ചും കുത്തികുറിക്കാന്‍ തോന്നുന്നില്ല...
ഇവിടെ പകലും രാത്രിയുമെന്നില്ലാതെ മഴ പെയ്തുകൊണ്ടിരിക്കുകയാണ്...
മഴ പെയ്യുമ്പോള്‍ മനസിന്റെ മര്‍മ്മരങ്ങള്‍ കേള്‍ക്കാതിരിക്കാനാവില്ല
ദ്രൌപതി...., നല്ല എഴുത്ത്.
മഴയെ ഗാഡമായി പുണര്‍ന്ന് വേദനയിലും സന്തോഷം കണ്ടെത്തിയാകും നിഹാരിക മരിച്ചത് ... അല്ലെ!!
ദ്രൌപതി ഇതെല്ലാം സംഭവ കതകളാണോ അതോ അനുഭവങ്ങളില്‍ നിന്നും നെയ്തെടുക്കുന്നതോ ?
നല്ലത്... ആശംസകള്‍ !!
നല്ല കഥ ദ്രൌപതി,മഴയെ സ്നേഹിക്കാതിരിക്കാന്‍ ആര്‍ക്കാണു ആവുക ?
ചിത്രകാരാ....
ശരിയാണ്...
തീവ്രവേദനയിലും ചിരിച്ചുകൊണ്ടാണ് അവള് മഴയോടൊപ്പം ഇല്ലാതായത്...
രണ്ട് വര്‍ഷം മുമ്പ് ഒരു കര്‍ക്കിടകമാസത്തില്‍ പുഴയുടെ താളത്തിനൊത്ത് ഒഴുകിപ്പോയ സൂര്യ എന്ന കുട്ടിയാണ് ഈ കഥക്ക് പ്രേരകമായത്...
ദാരിദ്ര്യത്തിന്റെ തീരാവേദനകള്‍ക്കിടയിലും മഴയെ ഗാഢമായി പ്രണയിച്ച്....
അകാലത്തില്‍ മഴയോടൊപ്പം മരണത്തിലേക്ക് പോയ് മറഞ്ഞ അവളുടെ മങ്ങാത്ത ഓര്‍മ്മകള്‍ തന്നെയായിരുന്നു ഇതിന്റെ ഇതിവൃത്തം...
അഭിപ്രായത്തിന് നന്ദി...
മുസാഫിര്‍...
തോരാതെ പെയ്തിറങ്ങുന്ന ഈ മഴയത്ത് വന്നതിനും അത് ആവോളം ആസ്വദിക്കുകയും ചെയ്തതിന് നന്ദി...
Good.
ദ്രൗപദീവര്മ്മാ എഴുത്ത് ഇഷ്ടപ്പെട്ടു, ഒപ്പം ചെറിയൊരു വിങ്ങലും, തുടരട്ടേ ഈ മഴയും കഥയും...
പുറത്തെ ചൂടില്‍ നിന്നും ഈ മഴയില്‍ അല്‍പ്പം നനയാമെന്ന് കരുതി കയറിയതാണ്,പക്ഷെ,നീഹാരിക ഒരു വേദനയായി പെയ്തിറങ്ങുകയാണ് ചെയ്തത്..ഇവിടെ ആദ്യമായാണ് ഞാന്‍ വരുന്നത്..വീണ്ടും വരാം
അശോക്...
നന്ദി...
ചുള്ളാ..വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി...
പാപ്പരാസി
മഴയുടെ ആര്‍ദ്രതയില്‍ വേദനയിലും ചിരിച്ചുകൊണ്ട് കാലത്തെ വെല്ലുവിളിച്ചു നടന്നുപോയ അവളെ ഓര്‍ത്തു നമുക്ക് എന്നും അഭിമാനിക്കാം..കണ്ണില്‍ നനവ് പടരുമ്പോഴും..
നന്ദി
ദ്രൗപതി.... എഴുത്ത് നന്നായി അഭിനന്ദനങ്ങള്‍.....
രോഗവും അച്ഛന്റെ തിരോധാനവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു ജീവിത കഥയുണ്ട്. ഗീതാജ്ഞലി ആല്‍ബം എന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തിന്റെ കര്‍ത്താവായ ഗീ താഞ്ജലി യുടെ കഥ (ആ സമാഹാരം സിപ്പി പള്ളിപ്പുറം പരിഭാഷ്പ്പെടുത്തിയിട്ടുണ്ട് മലയാളത്തില്‍.) ദാരിദ്ര്യവുമായി ബന്ധമൊന്നുമില്ലെങ്കിലും കവിതയുടെ മഴനനഞ്ഞ് വേദനകളെ ജയിക്കാന്‍ ശ്രമിച്ച ആ പതിനേഴുകാരിയെ ഓര്‍ത്തുപോയി ഇതുവായിച്ചപ്പോള്‍...
ദ്രൗപതിയുടെ എഴുത്തില്‍ പലപ്പോഴും ചില bugs ഉണ്ടാകാറുണ്ട്. ചൂണ്ടിക്കാണിക്കുന്നതു ഭാവിയില്‍ ശ്രദ്ധിക്കാന്‍ വേണ്ടിമാത്രമാണ് . ക്ഷമിക്കുമല്ലോ.
ആ രണ്ടാം ഭാഗത്തിലെ 'പതിനെട്ട് വര്‍ഷം' എന്ന തുടക്കവും "പഠിക്കേണ്ട പല പുസ്തകങ്ങളും കണ്ടിട്ട് പോലുമില്ല...അവള്‍ക്ക് ലൈബ്രറിയെ തന്നെ അഭയം പ്രാപിക്കാതെ വയ്യെന്നായി...
ജൂണ്‍മാസം പകുതിയായി..
പാതി തുളവീണ കുടയിലൂടെ മഴ അരിച്ചിറങ്ങി തുടങ്ങിയിരിക്കുന്നു...നിറയെ ദ്വാരങ്ങളുള്ള പെറ്റിക്കോട്ടിനടിയിലൂടെ ഉള്ളിലേക്കൊഴുതിയെത്തി മഴ അലസോരപ്പെടുത്തുമ്പോഴും വര്‍ഷകാലത്തെ അവള് വെറുത്തിരുന്നില്ല..." ഈ ഭാഗവുമായി പൊരുത്തക്കുറവില്ലേ?? പ്രത്യേകിച്ചും പെറ്റിക്കോട്ട്.... എന്തോ അങ്ങനെ തോന്നി.
മനൂ...
അഭിപ്രായത്തിനും വൈരുധ്യം ചൂണ്ടിക്കാട്ടിയതിനും നന്ദി...
എന്തായാലും ആ വരികള്‍ ഈ അഭിപ്രായത്തോട് പൂര്‍ണമായും യോജിച്ച് തിരുത്തുന്നു...
തീ കൂട്ടി പുസ്തകം ഉണക്കിയെടുക്കുന്ന ഒരു ചിത്രം എവിടെയോ പതിഞ്ഞു കിടക്കുന്നു.
ആദ്യമായാണ് ഈ ബ്ലോഗില്‍. നല്ല എഴുത്ത്.
ഭാവുകങ്ങള്‍.
:ആരോ ഒരാള്‍.
draupathivarma എന്ന പേര് ഒന്നു മലയാളത്തിലാക്കാം എന്നൊരു അഭിപ്രായം ഉണ്ട്.
:ആരോ ഒരാള്‍
Post a Comment