Sunday, July 20, 2008

പ്രിയരഞ്‌ജിനിയുടെ പകലുകള്‍


ജാലകവിരുപ്പുകള്‍ നേരെയാക്കി പ്രിയരഞ്‌ജിനി അകത്തേക്ക്‌ നടന്നു. പുറത്ത്‌ തിമര്‍ത്ത്‌ പെയ്യുന്ന മഴയെ നോക്കി നില്‍ക്കാന്‍ തുടങ്ങിയിട്ട്‌ കുറെ സമയമായി. ഓര്‍മ്മകളിലെന്നും കാത്തുവെച്ച കുറെ മഴത്തുള്ളികളുണ്ടായിരുന്നു അവളുടെ ബാല്യകൗമാരങ്ങളില്‍. ഇപ്പോ തിരക്കിട്ട കുടുംബജീവിതത്തിനിടയില്‍ ഓര്‍മ്മകളെ ചികഞ്ഞെടുക്കാന്‍ സമയമില്ലാതായിരുന്നു. എങ്കിലും മനസില്‍ വര്‍ണങ്ങള്‍ കുത്തിനിറക്കാന്‍ വരണ്ട വേനലിനെയും തിമര്‍ത്ത്‌ പെയ്യുന്ന മഴയെയും അവള്‍ ഇടക്കിടെ കൂട്ടുപിടിച്ചു.
നാട്ടുമ്പുറത്ത്‌ പാതി തകര്‍ന്ന ഗ്രാമഫോണില്‍ നിന്ന്‌ ഉയര്‍ന്ന്‌ കേള്‍ക്കുന്ന പഴയ സിനിമാഗാനങ്ങള്‍ കേട്ട്‌ നടന്ന കൗമാരകാലം. വീടിന്റെ ഉള്ളറകളില്‍ പകല്‍ പോലും കടന്നുവരുന്ന അന്ധകാരത്തെ ഭയമായിരുന്നു. പുറത്തെ വായുവും വെളിച്ചവും ശ്വസിക്കാനും പ്രകൃതിയുടെ വിരമാറിലൂടെ തുള്ളിച്ചാടി നടക്കാനുമെല്ലാം കൊതിച്ചിരുന്ന ആ കാലത്തെ ഓര്‍ക്കുമ്പോള്‍ ഇന്നും ഭീതിയാണ്‌. നൊമ്പരം ഒരു കടലായി ഒഴുകി അവളെ ചുഴിയിലൊളിപ്പിക്കും അപ്പോള്‍. ശ്വാസം മുട്ടി പിടഞ്ഞ്‌ കണ്ണുകള്‍ പുറത്തേക്ക്‌ തള്ളി ഒരു ഭീതിതരൂപമായി സ്വയം മാറുമ്പോഴാവും കോളിംഗ്‌ ബെല്ലിന്റെയോ ഫോണിന്റെയോ ശബ്‌ദം കാതുകളില്‍ കുത്തിക്കയറുക.
കണ്ണാടിക്ക്‌ മുമ്പില്‍ നില്‍ക്കുമ്പോള്‍ അവള്‍ തിരിച്ചറിയുകയായിരുന്നു. ആകെ മാറിയിരിക്കുന്നു താന്‍. പ്രിയരഞ്‌ജിനി എന്ന പാവാടക്കാരിയില്‍ നിന്ന്‌ ഒരു ഭാര്യയിലേക്കും പിന്നീട്‌ അമ്മയിലേക്കുമുള്ള ദൂരം അളന്ന്‌ തിട്ടപ്പെടുത്താനാവാതെ അവള്‍ വീര്‍പ്പുമുട്ടി.

``പ്രിയരഞ്‌ജിനീ..നിനക്കോര്‍മ്മയുണ്ടോ മഴയെ സ്വപ്‌നം കണ്ടുനടന്ന ആ കാലം?''
ഉണ്ട്‌. മാനത്ത്‌ മേഘങ്ങള്‍ കറുപ്പടയാളങ്ങള്‍ തീര്‍ക്കുന്നത്‌ കാണുമ്പോഴും മഴപുള്ളുകള്‍ ആകാശം വലം വെക്കുമ്പോഴും അമ്മയോട്‌ യാത്ര പറഞ്ഞ്‌ കിഴക്കെമുറിയിലെ ജാലകവിരുപ്പ്‌ മാറ്റി പുറത്തേക്ക്‌ നോക്കി നില്‍ക്കാറുള്ളത്‌ എനിക്കെങ്ങനെ മറക്കാനാവും.
നിന്റെ വെളുത്ത കൈകളിലൂടെ കാറ്റിന്റെ താളത്തിനൊത്ത്‌ വശം ചെരിഞ്ഞുവരുന്ന മഴത്തുള്ളികളെ നീ കൈകുമ്പിളില്‍ കോരിയെടുക്കുന്നത്‌ ഞാനിന്നും ഓര്‍ക്കുന്നു.
ശരിയാണ്‌ അതൊരു കാലം. മഴ കണ്ണുനീരാണെന്ന്‌ വിശ്വസിക്കാനായിരുന്നു എന്നുമിഷ്‌ടം. വീട്ടിലെ പതിവ്‌ ബഹളങ്ങള്‍ക്കിടയില്‍ നിന്ന്‌ വഴുതിമാറി ഏകാന്തതയുടെ കൂട്ടുപിടിക്കുക എന്നത്‌ ഒരനിവാര്യതയായിരുന്നു. കുന്നിന്‍പുറത്തെ ഒറ്റക്ക്‌ നില്‍ക്കുന്ന മരച്ചോടും വെട്ടുകല്ലുകള്‍ നിറഞ്ഞുകിടക്കുന്ന വഴികളുമെല്ലാം എന്റെ ഏകാന്തതകളിലെ മിണ്ടാപ്രാണികളായിരുന്നു. പിന്നെ എല്ലാത്തിനും ഭംഗം വരുത്താന്‍ തെക്കന്‍കാറ്റ്‌ ചൂളം വിളിച്ചെത്തും. അവന്റെ തൊട്ടുപിന്നിലായി എന്നെ കാണാനോടിയെത്തുന്ന ചാറ്റല്‍മഴയുമുണ്ടാകും. പിന്നെ ഒതുക്കുകല്ലുകളിറങ്ങി വീടിന്റെ അന്ധകാരത്തിലേക്ക്‌. മഴത്തുള്ളികള്‍ മേല്‍ക്കൂരയില്‍ പതിക്കുന്ന ശബ്‌ദമായിരുന്നു എന്നുമിഷ്‌ടമുള്ള സംഗിതം.
``പ്രിയരഞ്‌ജിനീ ആരാണ്‌ നിനക്കീ മനോഹരമായ പേരിട്ടത്‌?''
അച്ഛന്‍. പണ്ടൊരിക്കലെന്നോ ഒരു സ്‌നേഹിത പറഞ്ഞ പേരാണിതത്രെ. എനിക്കതില്‍ ഒരുപാട്‌ കടപ്പാട്‌ തോന്നിയിട്ടുണ്ട്‌ പിന്നീട്‌. ഒരു പേരിലെന്തിരിക്കുന്നുവെന്ന്‌ ചോദിച്ച്‌ നീ കളിയാക്കണ്ട. പേരിലുമുണ്ട്‌ ചില സൗന്ദര്യങ്ങള്‍.
``നിന്റെയീ ഒറ്റപ്പെട്ട പകലുകള്‍ നിന്നെ അലസോരപ്പെടുത്തുന്നില്ലേ?''
ഇടക്കെല്ലാം. ഒരു ശൂന്യത മനസിന്റെ താളം കെടുത്താറുണ്ട്‌. അപ്പോ ഡയറിതാളുകളില്‍ എന്തെങ്കിലുമൊക്കെ കുറിച്ചിടും. ഓര്‍മ്മകളും സ്വപ്‌നങ്ങളും നഷ്‌ടങ്ങളുമൊക്കെയുണ്ടാവും അതില്‍. തിങ്ങിനിറഞ്ഞ കിനാവുകള്‍ മനസിലെ മഞ്ചാടിചെപ്പ്‌ മലര്‍ക്കെ തുറക്കുമപ്പോള്‍. ആരെയും കാട്ടാതെ എനിക്ക്‌ മാത്രം സ്വന്തമായ നക്ഷത്രങ്ങളെ പോലെ വാക്കുകളപ്പോള്‍ പെറ്റുപെരുകും. തൂലികയില്‍ നിന്നും ഞാനറിയാതെ ഒരഗ്നി വമിക്കും. താളുകളെ കത്തിജ്വലിപ്പിച്ച്‌ അതങ്ങനെ പാഞ്ഞുനടക്കും...
``ശരിയാണ്‌ പ്രിയരഞ്‌ജിനി..നീ ജീവിതം ആസ്വദിക്കുകയാണ്‌. ഒരിക്കല്‍ വ്യാകുലതകള്‍ നിന്റെ കണ്ണില്‍ പ്രതിഷ്‌ഠിച്ച ദൈവം തന്നെ അതിന്റെ പ്രായശ്ചിത്തം ചെയ്യുകയാവും ല്ലേ?''
നല്ലൊരു സ്‌നേഹിതനായി പ്രിയതമന്‍, ഞങ്ങളുടെ മോഹങ്ങളായി പറന്നുനടക്കുന്ന കുഞ്ഞുങ്ങള്‍. കുടുംബമെന്ന മായികലോകത്തേക്ക്‌ സ്വയം ചുരുങ്ങുമ്പോ നീ പറഞ്ഞത്‌ ശരിയാണ്‌. ഞാന്‍ ഭാഗ്യവതിയാണ്‌. വഴക്കോ ബഹളമോ ഇല്ലാത്ത ഒരു ജീവിതം ഏതൊരു സ്‌ത്രീയുടേയും സ്വപ്‌നമല്ലേ. രാത്രികളിലെ സീല്‍ക്കാരങ്ങള്‍ക്കപ്പുറം അവള്‍ക്കുമൊരു മനസുണ്ടെന്ന്‌ വിസ്‌മരിക്കപ്പെടുന്ന ഇക്കാലത്ത്‌..
ക്ലോക്കിന്റെ ശബ്‌ദം ചെവികളെ അലോസപ്പെടുത്തിയപ്പോള്‍ പ്രിയരഞ്‌ജിനി അവളോട്‌ യാത്ര പറഞ്ഞു. കിടപ്പുമുറിയില്‍ നിന്നും ദര്‍പ്പണത്തോട്‌ വിട പറഞ്ഞ്‌ ഇനി അടുക്കളയിലേക്ക്‌. നേര്‍ത്ത കാഴ്‌ചയായി പ്രഭാതം എത്തിതുടങ്ങും മുമ്പെ വീടുവിട്ടിറങ്ങുന്ന കുട്ടികളും ഭര്‍ത്താവും അഞ്ചുമണിയാവുമ്പോ തിരിച്ചെത്തും. അപ്പോഴേക്കും തീന്‍മുറിയില്‍ ആവി പറക്കുന്ന വിഭവങ്ങള്‍ ഒരുങ്ങണം...
അടുക്കളയില്‍ അവളെ സ്വീകരിക്കുന്നത്‌ തക്കാളിയോ സബോളയോ ഒക്കെയാവും. കൊല്ലും മുമ്പ്‌ അവയോടെല്ലാം സ്‌നേഹത്തോടെ എന്തെങ്കിലുമൊക്കെ പറഞ്ഞ്‌ ജീവിതത്തിന്റെ നിരര്‍ത്ഥകതയെ കുറിച്ചുള്ള തിരിച്ചറിവ്‌ നല്‍കിയിട്ടേ കത്തിക്ക്‌ മുമ്പിലേക്ക്‌ ആനയിക്കൂ. ഇടക്കെല്ലാം അവളുടെ കൈപിടിയില്‍ നിന്ന്‌ വഴുതിമാറുന്ന ഉള്ളികഷണങ്ങളെ ചിരിച്ചുകൊണ്ട്‌ പിടിച്ചിരുത്തി കഴുത്തറക്കുമ്പോള്‍ ആ ചുണ്ടുകളില്‍ സാന്ത്വനത്തിന്റെ മര്‍മ്മരങ്ങള്‍ ഉയരുന്നുണ്ടാവും.
അരികഴുകി അടുപ്പത്തിട്ട്‌ അവള്‍ ബീന്‍സിനോടുള്ള യുദ്ധം തുടങ്ങി.
അതിനെ കുഞ്ഞുകുഞ്ഞായി അരിഞ്ഞെടുക്കുമ്പോ ചിലപ്പോഴെല്ലാം കത്തി ചതിക്കും. അത്‌ ചൂണ്ടുവിരലിലെവിടെയെങ്കിലും ചെറിയ പോറല്‍ വരുത്തും. ഇത്ര സ്‌നേഹിച്ചിട്ടും എന്നോടിട്‌ തന്നെ ചെയ്യണം നീ, എന്നവള്‍ ദേഷ്യത്തോടെ അതിനോട്‌ പറയും. നിന്നെ സ്‌പര്‍ശിക്കാത്ത തൊട്ടുതലോടാത്ത ഒരു ദിവസം പോലുമില്ല ജീവിതത്തില്‍ എന്നിട്ടും നീയെന്ന വേദനിപ്പിക്കുന്നല്ലോ എന്ന്‌ പിന്നീടത്‌ പരിഭവമായി മാറും.
പ്രിയരഞ്‌ജിനിയുടെ പകലുകളില്‍ ഏകാന്തതയുണ്ടായിരുന്നോ എന്നാവും ഇപ്പോ സംശയം ഉയരുന്നത്‌. ശരിയാണ്‌ അവള്‍ ഒരിക്കലും ഒറ്റക്കല്ല. അലമാരകള്‍, കംപ്യുട്ടര്‍, ടി വി, പച്ചക്കറികള്‍, ജാലകങ്ങള്‍ ഒക്കെ അവള്‍ക്ക്‌ കൂട്ടുകാരാണ്‌. അവളോട്‌ സംവദിക്കുന്നവര്‍. മനസിലെ പ്രണയവും നിരാശയും സുഖവും ദുഖവുമെല്ലാം പങ്കുവെക്കപ്പെടുന്നത്‌ അവയോടാണ്‌. എന്നും ഒരേ തിരിച്ചറിവുള്ളതിനാല്‍ അവയോന്നും അവളിലേക്ക്‌ കാപട്യം ചൊരിയുകയോ ദേഷ്യപ്പെടുകയോ ചെയ്‌തില്ല..അങ്ങനെയും അവള്‍ ഭാഗ്യവതിയായി.
വീടു കഴുകുമ്പോ സോപ്പുപൊടിയോടും ചൂലിനോടും അവള്‍ സംസാരിക്കുന്നത്‌ കാണാം. അവള്‍ക്ക്‌ തന്നോടുളള സ്‌നേഹം കണ്ട്‌ ലാളിത്യത്തോടെയാണ്‌ അവയെല്ലാം അവളെ സഹായിക്കുക. അലിഞ്ഞില്ലാതാകുമെന്നറിഞ്ഞിട്ടും അവളെ സന്തോഷിപ്പിക്കുക..

അരി തിളച്ചുമറിഞ്ഞപ്പോഴേക്കും കറിക്ക്‌ വേണ്ട കൂട്ടുകളെല്ലാം പ്രിയരഞ്‌ജനി തയ്യാറാക്കിയിരുന്നു. തുണികഷണമെടുത്ത്‌ കലത്തിന്റെ വക്കില്‍ പിടിച്ച്‌ തവിയില്‍ അല്‍പം ചോറെടുത്ത്‌ വെന്തോ എന്ന്‌ പരിശോധിച്ചു. എന്നിട്ട്‌ അത്‌ സൂക്ഷ്‌മതയോടെ വാര്‍ത്തെടുത്തു.
പിന്നീട്‌ പച്ചക്കറികഷ്‌ണങ്ങളും മസാലപ്പൊടികളുമെല്ലാം കൂട്ടിക്കലര്‍ത്തി വെള്ളമൊഴിച്ച ശേഷം തീ കുറച്ചു. ശേഷം വരാന്തയിലേക്ക്‌ നടന്നു.
ഉമ്മറത്തെ ചാരുകസേരയിലിരുന്നു അവള്‍ പത്രമെടുത്ത്‌ വായിക്കാന്‍ തുടങ്ങി. ക്ലാസിഫൈഡ്‌ കോളത്തിലെ തൂലികാസൗഹൃദമെന്ന കറുത്ത കോളത്തില്‍ അവളുടെ കണ്ണുകള്‍ പതിഞ്ഞു. സൗഹൃദം തേടുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ എന്ന്‌ മാത്രമെ അതിലുണ്ടായിരുന്നുള്ളു...
ഡയല്‍ ചെയ്‌ത്‌ ചെവിയോട്‌ ചേര്‍ക്കുമ്പോള്‍ പ്രിയരഞ്‌ജിനിക്ക്‌ നാവ്‌ വരളുന്നത്‌ പോലെ തോന്നി. ``സൗഹൃദം ആഗ്രഹിക്കുന്ന ഒരാളാണ്‌ ഞാന്‍.സാധിക്കുമെങ്കില്‍ സൗജന്യ ഡയറക്‌ടറി ഒന്നയച്ചു തരണം''
പേര്‌, വയസ്‌, അഡ്രസ്‌ എന്നിവയൊക്കെ പറഞ്ഞു കൊടുത്ത്‌ കഴിഞ്ഞപ്പോള്‍ പ്രിയരഞ്‌ജിനിയുടെ മനസില്‍ എന്തെന്നില്ലാത്തൊരു ആഹ്ലാദം പരക്കുന്നതറിഞ്ഞു..
പകല്‍സമയങ്ങളിലെ ഈ വറ്റിവരണ്ട ഏകാന്തതയെ കീറിമുറിച്ച്‌ എഴുത്തുകളും ഫോണ്‍കോളുകളുമെത്തണമെങ്കില്‍ കുറെ സൗഹൃദങ്ങള്‍ വേണം. ഇതു വരെ കണ്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്തവരുമായുള്ള സൗഹൃദം മനസിന്‌ പുതിയ മാനങ്ങള്‍ സമ്മാനിക്കും. അവളുടെ ചിന്ത കടിഞ്ഞാണില്ലാതെ പാഞ്ഞു.
ഒരാഴ്‌ചത്ത്‌ ശേഷം തപാലില്‍ ഡയറക്‌ടറി വന്നു..
തുറക്കാന്‍ തന്നെ ആര്‍ത്തിയായിരുന്നു അവള്‍ക്ക്‌. കുറെ പേരുടെ ചിത്രങ്ങള്‍, അവരുടെ അഡ്രസ്‌, ഫോണ്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍ ഒക്കെയുള്ള മനോഹരമായൊരു ഡയറക്‌ടറി.
ഒരു പകല്‍ മുഴുവന്‍ തിരഞ്ഞിട്ടും ആലോചിച്ചിട്ടുമാണ്‌ ഒടുവില്‍ അതിലൊരു പേരില്‍ അവളുടെ മിഴികളുടക്കിയത്‌...
ആനന്ദ്‌.
ഗായകനായനും എഴുത്തുകാരനുമായ ഡോക്‌ടര്‍. അയാളുടെ ചുവന്ന കവിള്‍ത്തടങ്ങളില്‍ മിഴിയൂന്നിയിരുന്നപ്പോള്‍ അവള്‍ക്ക്‌ ചിരി വന്നു. തനിക്ക്‌ പറ്റിയൊരു സൗഹൃദമാണോ ഇത്‌. ഒരിക്കല്‍ പഠിച്ച്‌ വലിയൊരാളാവണമെന്നത്‌ വല്ലാത്ത ആഗ്രഹമായിരുന്നു. പഠിക്കാന്‍ മിടുക്കിയായിട്ടും ഭാഗ്യമുണ്ടായില്ല. പിന്നെ പിന്നെ പാടവരമ്പും കുളക്കരയും തെങ്ങിന്‍തോപ്പും ഒക്കെയായി തന്റെ അധ്യാപകര്‍. പ്രകൃതിയുടെ ചലനങ്ങളെ കുറിച്ച്‌ വിവിധങ്ങളായ ക്ലാസുകള്‍. ഓര്‍ത്തപ്പോള്‍ പ്രിയരഞ്‌ജിനിക്ക്‌ ചിരി വന്നു.
മങ്ങിയ ചിത്രങ്ങള്‍ പതിഞ്ഞ ലെറ്റര്‍പാടില്‍ അവള്‍ എഴുതാന്‍ തുടങ്ങി.
അയാളുടെ സ്വഭാവും തിരഞ്ഞെടുക്കേണ്ട വിഷയവുമൊന്നും നിശ്ചയമില്ലാതിരുന്നിട്ടും ഉള്ളിലെ മോഹങ്ങളെ കുറിച്ചും മനസിലെ വേദനകളെ കുറിച്ചുമെല്ലാം കുനുകുനെ അവള്‍ കുറിച്ചിട്ടു.
പോസ്റ്റുബോക്‌സിലിടും വരെ അയക്കണോയെന്ന ആലോചനായിരുന്നു. ഒടുവില്‍ അയക്കാന്‍ തന്നെ തീരുമാനിച്ചു. ഭര്‍ത്താവും കുട്ടികളുമുള്ള ഒരാള്‍ക്ക്‌ എന്തിനാവും മറ്റൊരു സൗഹൃദമെന്ന്‌ നിങ്ങള്‍എന്നോട്‌ വീണ്ടും വീണ്ടും ചോദിക്കുന്നുണ്ടെന്നറിയാം. പക്ഷേ വിരസമായ പകലുകള്‍ എനിക്ക്‌ സമ്മാനിച്ച അവര്‍ തന്നെ പറയട്ടെ അതിന്റെ ഉത്തരങ്ങള്‍. ബെഡ്‌റൂമിലെ വിരിപ്പുകളും ബള്‍ബുകളും അവളുടെ അത്തരം ചോദ്യങ്ങള്‍ക്ക്‌ മുമ്പില്‍ തല കുമ്പിട്ട്‌ നില്‍ക്കാറാണ്‌ പതിവ്‌.
ഒരാഴ്‌ചക്ക്‌ ശേഷം അയാളുടെ മറുപടി വന്നു..
ക്രീം കളര്‍ കടലാസിന്റെ മധ്യത്തില്‍ മാത്രമായി കുറച്ച്‌ വാചകങ്ങള്‍.
``പ്രിയരഞ്‌ജിനീ..
നിന്റെ പേരിലുണ്ടൊരു കവിത..
ഉയര്‍ന്ന ജാലകങ്ങള്‍ക്കപ്പുറത്ത്‌ നിന്നും
ഇനിയും തേടിയെത്തിയിട്ടില്ലെന്ന്‌
ആത്മാവ്‌ പറഞ്ഞ ഒരു സൗഹൃദം
അത്‌ നീയായിരുന്നുവോ?''

പ്രിയരഞ്‌ജിനി ആ അക്ഷരങ്ങളിലൂടെ എത്രയോ വട്ടം മിഴികള്‍ വായിച്ചു. മനപാഠമാക്കിയ ശേഷം ആ കത്തവള്‍ ഡയറിക്കുള്ളില്‍ വെച്ചു.
പ്രിയരഞ്‌ജിനിയുടെ പകലുകള്‍ക്ക്‌ ജീവന്‍ വെച്ചുതുടങ്ങി. എഴുത്ത്‌ ക്രമേണ ഫോണിലേക്ക്‌ വഴിമാറിയതോടെ അവള്‍ മറ്റൊരു ലോകത്തായി. ഭര്‍ത്താവും കുട്ടികളും പുറത്തുപോവാനായി കാത്തുനിന്നു അവള്‍. ആനന്ദിന്റെ ശബ്‌ദം കേള്‍ക്കാതെ ഒരു ദിവസം പോലും വയ്യെന്നായി.
മനസ്‌ പിടിവിട്ടു തുടങ്ങുമെന്നറിഞ്ഞപ്പോള്‍ വിനോദിനെ കുറിച്ചും അമ്മുവിനെയും ആദര്‍ശിനെയും കുറിച്ചുമെല്ലാം അവള്‍ സ്വയം സംസാരിക്കാന്‍ തുടങ്ങി. എന്നിട്ടും അവര്‍ക്കൊന്നും അവളുടെ മനസിനെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞില്ല.

മാസങ്ങള്‍ കടന്നുപോയത്‌ അതിവേഗമായിരുന്നു. കാലത്തിന്റെ കറുത്ത നിഴല്‍പാടുകള്‍ അവളില്‍ ചിത്രങ്ങളായി പരിണമിച്ചിരുന്നു. ഓര്‍മ്മയുടെ ശിരോമണ്ഡലങ്ങളില്‍ നിന്നും കടന്നുവന്ന വഴികളെല്ലാം പതിയെ മങ്ങി തുടങ്ങി.
``നിങ്ങളെല്ലാം എന്നോട്‌ പൊറുക്കണം.'' ജാലകവിരുപ്പുകള്‍ നന്നാക്കിയിടുന്നതിനിടെ അവള്‍ അവിടെയുണ്ടായിരുന്ന എല്ലാ വസ്‌തുക്കളോടുമായി പറഞ്ഞു. വീടും പരിസരവും വൃത്തിയാക്കിയ ശേഷം പ്രിയരഞ്‌ജിനി ബെഡ്‌ റൂമിലേക്ക്‌ നടന്നു. അലമാരിയില്‍ നിന്നും ഏറ്റവും ഇഷ്‌ടപ്പെട്ട സാരിയെടുത്ത്‌ അണിഞ്ഞു. ഒരുങ്ങിയ ശേഷം മനോഹരമായി അലങ്കരിച്ച ബെഡ്ഡില്‍ നീണ്ടുനിവര്‍ന്നു കിടന്നു.
നന്നായി തിരിയുന്ന ഫാനിനെ നോക്കി അവള്‍ ചിരിച്ചു. ``നീയെന്റെ മുന്നില്‍ തോല്‍ക്കുന്നല്ലോ..ഇത്രയാഴത്തില്‍ വീശിയിട്ടും ഞാന്‍ വിയര്‍ക്കുന്നത്‌ കണ്ടില്ലേ നീ. നിന്നോടും ഞാന്‍ യാത്ര പറയുകയാണ്‌. വേനലിന്റെ ശല്യപ്പെടുത്തലുകളില്‍ എനിക്ക്‌ കുളിര്‍ക്കാറ്റ്‌ തന്ന, എന്റെ സുഖലോലുപതകളില്‍ കാഴ്‌ചക്കാരനായിരുന്ന നീയും എനിക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കണം.''
വലിയ കണ്ണാടിക്ക്‌ മുന്നില്‍ പ്രിയരഞ്‌ജിനി നിന്നു. ``എന്നെ മുഴുവനായി കണ്ടത്‌ നീ മാത്രമാണ്‌..ഒരു ദിവസം പോലും നിന്നോട്‌ മിണ്ടാതിരുന്നുണ്ടോ..എന്നെങ്കിലുമൊരിക്കല്‍ നമ്മള്‍ പിണങ്ങിയിട്ടുണ്ടോ..എന്റെ സൗന്ദര്യം ഒരു മറയുമില്ലാതെ കാട്ടിതരാന്‍ നീ കാണിച്ച ആത്മാര്‍ത്ഥതക്ക്‌ എന്തു പകരം നല്‍കും ഞാന്‍..നിന്നെ പിരിയാനാവാതെ വിഷമിച്ചുപോവുകയാണ്‌ ഞാന്‍.''
രാവിലെ കുട്ടികളെ സാധാരണയില്‍ നിന്നും വിഭിന്നമായി അണിയിച്ചൊരുക്കുമ്പോ വിനോദിന്റെ ചോദ്യം ഓര്‍മ്മയുണ്ട്‌. ``ഇന്നെന്ത്‌ പറ്റി പ്രിയേ നിനക്ക്‌. നീയെന്താ ചാകാന്‍ പോവാണോ..''
വിനോദിന്റെ നെഞ്ചില്‍ പറ്റി കിടക്കുമ്പോ കണ്ണുനിറഞ്ഞൊഴുകിയത്‌ അയാള്‍ കണ്ടില്ല. വറ്റി വരണ്ട പാടം പോലെ കിടന്ന അയാളുടെ ശരീരം ആ ചെറിയ തണുപ്പറിഞ്ഞില്ല.

വീടു പൂട്ടി താക്കോല്‍ ഉമ്മറത്തെ ചെടിച്ചട്ടിയിലൊളിപ്പിച്ച്‌ അവള്‍ ഇറങ്ങി നടന്നു.സ്വപ്‌നങ്ങള്‍ വീണു ചതഞ്ഞ കിടപ്പുമുറിയിലെ കട്ടിലില്‍ വിനോദിനുള്ള എഴുത്തുണ്ട്‌. മറക്കണമെന്ന്‌ പറയാന്‍ വേണ്ടി മാത്രം.കുട്ടികളെ നമ്മള്‍ പകുത്തെടുക്കും. അതുവരെ നീ തന്നെ അവരെ നോക്കണം. ഇങ്ങനെ കുറച്ചു വാക്കുകള്‍ മാത്രം.
ബസ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ പ്രിയരഞ്‌ജിനിക്ക്‌ വല്ലാത്ത ദാഹം തോന്നി. ആനന്ദിന്റെ മുഖം ഓര്‍മ്മ വന്നു. കാത്തിരിപ്പിന്റെ ലോകത്താവും അയാളും. അസഹനീയമായ ചില ബന്ധങ്ങളെ അയാളും പറിച്ചെറിഞ്ഞിട്ടുണ്ടാവും. തെറ്റുകാരിയെന്ന്‌ പഴിക്കുന്ന ലോകത്തിന്‌ മുമ്പിലേക്ക്‌ എടുത്തെറിയാന്‍ ഒരായിരം കാരണങ്ങളുമായി അവള്‍ ബസില്‍ കയറി.
ടിക്കറ്റെടുത്ത്‌ പുറത്തേ കാഴ്‌ചകളിലേക്ക്‌ മിഴികളൂന്നി അവളിരുന്നു. ആ നഗരം പിന്നോട്ട്‌ പായുകയാണ്‌. വിനോദിന്റെ കൂടെ ഇവിടെ വരുമ്പോ വല്ലാത്ത ഭയമായിരുന്നു. ചീറിപായുന്ന വാഹനങ്ങളും സൂചി കുത്താനിടയില്ലാത്ത നിരത്തുകളും. പക്ഷേ ഇന്ന്‌ ഒരു ഇരുമ്പ്‌ പോലെ ദൃഡമായിരിക്കുന്നു മനസ്‌. അവളോര്‍ത്തു. പിന്നെ മിഴികള്‍ പൂട്ടി മയക്കത്തിലാണ്ടു.

കറുത്തിരുണ്ട ആകാശം അടുത്തടുത്ത്‌ വരുന്നു. വെളുത്ത മേഘങ്ങളില്‍ നീലിമ പടരുന്നു. വിഷധൂമികയായി സ്വപ്‌നങ്ങളിലേക്ക്‌ ലയിച്ചുചേരുന്ന ഓര്‍മ്മയുടെ കൊഴുത്തചവര്‍പ്പ്‌. ആരൊക്കെയോ അടുത്തുവരുന്നു. ആദ്യമായി തന്റെ അമ്മിഞ്ഞ നുകര്‍ന്ന ആദര്‍ശിന്റെ മുഖം. ലോകത്തിന്റെ സുഖം മുഴുവന്‍ ശരിരത്തോടൊട്ടി കിടന്ന്‌ അവനേറ്റുവാങ്ങുകയാണ്‌. ഇടക്ക്‌ അവന്റെ കുഞ്ഞിപ്പല്ലുകള്‍ മുലഞെട്ടുകളില്‍ മുറിവേല്‍പ്പിക്കുന്നുണ്ട്‌. വിടര്‍ത്തി മാറ്റി തൊട്ടില്‍ കിടത്തുമ്പോള്‍ അവന്‍ ചിണുങ്ങാന്‍ തുടങ്ങിയിരിക്കുന്നു. സ്‌നേഹത്തിന്റെ ഊഷ്‌മളത ചൊരിഞ്ഞ്‌ വിനോദ്‌. എല്ലാമാസവും ശമ്പളദിവസം എന്തെങ്കിലും സമ്മാനങ്ങളുമായി ഓടിയെത്താറുള്ള അവന്റെ മുഖത്തെ മായാത്ത നിഷ്‌കളങ്കത. കുഞ്ഞിക്കാലുകള്‍ വെച്ച്‌ അമ്മു അവന്റെ രോമങ്ങള്‍ നിറഞ്ഞ നെഞ്ചില്‍ ചിരിച്ചുകൊണ്ട്‌ നൃത്തം ചവിട്ടുന്നു. വെള്ളമൊഴിക്കുമ്പോള്‍ ചിരിക്കാറുള്ള സീനികപൂക്കള്‍ക്കിടയിലിരുന്ന്‌ ചിലവിടാറുള്ള സായന്തനങ്ങള്‍. ഇതിനിടയില്‍ ആരൊക്കെയോ മറയുന്നു. പകരം ആനന്ദിന്റെ മുഖം, ശബ്‌ദം, വാക്കുകള്‍ തെളിയുന്നു. ആരെങ്കിലും നഷ്‌ടപ്പെടുമ്പോഴേ മറ്റൊന്നു നേടാനാകുകയള്ളുവെന്ന യാഥാര്‍ത്ഥ്യം തീജ്വാലകള്‍ പോലെ ഹൃദയത്തെ പൊള്ളിക്കുന്നു.

``സ്റ്റോപ്പ്‌ ദ ബസ്സ്‌''
ബസിന്റെ കതിച്ചുപായലിലെപ്പോഴോ പ്രിയരഞ്‌ജിനി ഞെട്ടിയുണര്‍ന്ന്‌ ഉറക്കെ വിളിച്ചുപറഞ്ഞു.
ബസ്സ്‌ നിന്നു.
വേച്ച്‌ വേച്ച്‌ അവള്‍ പുറത്തിറങ്ങി.
തെളിഞ്ഞ ആകാശത്ത്‌ നിന്നും അപ്പോള്‍ മഴപൊഴിയുന്നുണ്ടായിരുന്നു.



ചിത്രം കടപ്പാട്‌-ഗൂഗിള്‍

20 comments:

ഗിരീഷ്‌ എ എസ്‌ said...

കറുത്തിരുണ്ട ആകാശം അടുത്തടുത്ത്‌ വരുന്നു. വെളുത്ത മേഘങ്ങളില്‍ നീലിമ പടരുന്നു. വിഷധൂമികയായി സ്വപ്‌നങ്ങളിലേക്ക്‌ ലയിച്ചുചേരുന്ന ഓര്‍മ്മയുടെ കൊഴുത്തചവര്‍പ്പ്‌. ആരൊക്കെയോ അടുത്തുവരുന്നു. ആദ്യമായി തന്റെ അമ്മിഞ്ഞ നുകര്‍ന്ന ആദര്‍ശിന്റെ മുഖം. ലോകത്തിന്റെ സുഖം മുഴുവന്‍ ശരിരത്തോടൊട്ടി കിടന്ന്‌ അവനേറ്റുവാങ്ങുകയാണ്‌. ഇടക്ക്‌ അവന്റെ കുഞ്ഞിപ്പല്ലുകള്‍ മുലഞെട്ടുകളില്‍ മുറിവേല്‍പ്പിക്കുന്നുണ്ട്‌. വിടര്‍ത്തി മാറ്റി തൊട്ടില്‍ കിടത്തുമ്പോള്‍ അവന്‍ ചിണുങ്ങാന്‍ തുടങ്ങിയിരിക്കുന്നു. സ്‌നേഹത്തിന്റെ ഊഷ്‌മളത ചൊരിഞ്ഞ്‌ വിനോദ്‌. എല്ലാമാസവും ശമ്പളദിവസം എന്തെങ്കിലും സമ്മാനങ്ങളുമായി ഓടിയെത്താറുള്ള അവന്റെ മുഖത്തെ മായാത്ത നിഷ്‌കളങ്കത. കുഞ്ഞിക്കാലുകള്‍ വെച്ച്‌ അമ്മു അവന്റെ രോമങ്ങള്‍ നിറഞ്ഞ നെഞ്ചില്‍ ചിരിച്ചുകൊണ്ട്‌ നൃത്തം ചവിട്ടുന്നു. വെള്ളമൊഴിക്കുമ്പോള്‍ ചിരിക്കാറുള്ള സീനികപൂക്കള്‍ക്കിടയിലിരുന്ന്‌ ചിലവിടാറുള്ള സായന്തനങ്ങള്‍. ഇതിനിടയില്‍ ആരൊക്കെയോ മറയുന്നു. പകരം ആനന്ദിന്റെ മുഖം, ശബ്‌ദം, വാക്കുകള്‍ തെളിയുന്നു. ആരെങ്കിലും നഷ്‌ടപ്പെടുമ്പോഴേ മറ്റൊന്നു നേടാനാകുകയള്ളുവെന്ന യാഥാര്‍ത്ഥ്യം തീജ്വാലകള്‍ പോലെ ഹൃദയത്തെ പൊള്ളിക്കുന്നു.


കഥാപരമ്പരയിലെ മൂന്നാമത്തെ കഥ-"പ്രിയരഞ്‌ജിനിയുടെ പകലുകള്‍"

അനില്‍@ബ്ലോഗ് // anil said...

മനോഹരമായ എഴുത്തു, മനസ്സില്‍ തട്ടുന്നു.യാഥാര്‍ത്ഥ്യങ്ങളും കല്‍പ്പനകളും എത്ര മനോഹരമായി ഇട കലര്‍ത്തിയിരിക്കുന്നു. ഒരു ഭീരുവാണൊ? അതൊ അമ്മയാണൊ? ഞാന്‍ ആലൊചിക്കട്ടെ.

Rare Rose said...

ദ്രൌപദീ..,..പ്രിയരഞ്ജിനിയുടെ അലോസരമായ പകലുകളെ എത്ര മനോഹരമായാണു ഞങ്ങള്‍ക്ക് മുന്നില്‍ ‍തുറന്നിട്ടു തന്നതു.....ആ പകല്‍ കാട്ടി തന്ന കാഴ്ചകളില്‍ നിന്നും മിഴികള്‍ മാറ്റുവാന്‍ തോന്നുന്നേയില്ല...എന്തില്‍ നിന്നൊക്കെയൊ ഒളിച്ചോടി മുഖം പൂഴ്ത്തി രക്ഷപ്പെടുമ്പോഴും പിന്‍ വിളികളില്‍ പതറിപ്പോവുന്ന നിമിഷങ്ങള്‍.....എല്ലാം സുന്ദരമായി കോര്‍ത്തിണക്കിയിരിക്കുന്നു.....വര്‍ഷകാലത്തില്‍ മഴ ഇനിയും പെയ്തു കൊണ്ടേയിരിക്കട്ടെ.....

ചാണക്യന്‍ said...

മാഷെ,
വായിച്ച് തീരും വരെ തെല്ലൊരു ദുശങ്ക ഉണ്ടായിരുന്നു എന്ന് പറയാതെ വയ്യ...പരിണാമഗുപ്തി കൊളമാവുമോ എന്ന പേടി...
താങ്കള്‍ ചതിച്ചില്ല മാഷെ.. നന്നായി, ഹൃദ്യവും...

‘തിങ്ങിനിറഞ്ഞ കിനാവുകള്‍ മനസിലെ മഞ്ചാടിചെപ്പ്‌ മലര്‍ക്കെ തുറക്കുമപ്പോള്‍. ആരെയും കാട്ടാതെ എനിക്ക്‌ മാത്രം സ്വന്തമായ നക്ഷത്രങ്ങളെ പോലെ വാക്കുകളപ്പോള്‍ പെറ്റുപെരുകും. തൂലികയില്‍ നിന്നും ഞാനറിയാതെ ഒരഗ്നി വമിക്കും. താളുകളെ കത്തിജ്വലിപ്പിച്ച്‌ അതങ്ങനെ പാഞ്ഞുനടക്കും...‘

siva // ശിവ said...

ഹായ്,

പ്രിയരഞ്ജിനിയുടെ പകലുകള്‍ എത്ര സുന്ദരമായി വരികളാക്കിയിരിക്കുന്നു...വായിക്കാന്‍ നല്ല രസം...

സസ്നേഹം,

ശിവ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രിയരഞ്‌ഞ്ചിനിയുടെ പകലുകള്‍ക്ക് ഇവിടെ മനോഹാരിത

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രിയരഞ്ജിനിയുടെ പകലുകള്‍ എത്ര സുന്ദരമായി നീ എഴുതിയിരിക്കുന്നു ഗിരീ..
സൂപ്പര്‍. മച്ചാ.. മനസ്സിന്റെ ആഴത്തില്‍ തന്നെ സ്പര്‍ശിക്കുന്ന വരികള്‍
ഉയര്‍ന്ന ജാലകങ്ങള്‍ക്കപ്പുറത്ത്‌ നിന്നും
ഇനിയും തേടിയെത്തിയിട്ടില്ലെന്ന്‌
ആത്മാവ്‌ പറഞ്ഞ ഒരു സൗഹൃദം
ഞാന്‍ തന്റെ ശിഷ്യനായി :)

Unknown said...

പ്രിയരഞ്‌ജിനീ..
നിന്റെ പേരിലുണ്ടൊരു കവിത..
ഉയര്‍ന്ന ജാലകങ്ങള്‍ക്കപ്പുറത്ത്‌ നിന്നും
ഇനിയും തേടിയെത്തിയിട്ടില്ലെന്ന്‌
ആത്മാവ്‌ പറഞ്ഞ ഒരു സൗഹൃദം
അത്‌ നീയായിരുന്നുവോ?''
എന്താ എഴുത്ത് ദ്രൌപതി പ്രിയരഞജിനിയുടെ
ജീവിതത്തിന്റെ ഒഴുക്ക് വായനകാരനും ആ വികാരത്തോടെ ഉള്‍കൊള്ളാന്‍ കഴിയുന്ന ശൈലി നന്നായ്യിരിക്കുന്നു.

ശ്രീ said...

നല്ല, മനസ്സില്‍ തൊടുന്ന എഴുത്ത്.

Bindhu Unny said...

മന്‍സ്സിനെ സ്പര്‍ശിക്കുന്ന കഥകള്‍ - പ്രിയരഞ്ജിനിയുടെയും നിവേദിതയുടെയും. :-)

Sarija NS said...

നന്നായിരിക്കുന്നു

ആഗ്നേയ said...

ഒരു സ്ത്രീയുടെ മനസ്സിനുള്ളില്‍ കയറിയിരുന്ന് കഥയെഴുതിയിരിക്കുന്നു ...ആശംസകള്‍ ദ്രൌപദീ..
ഓ.ടോ..എന്റെ പണ്ടത്തെ ഓര്‍ക്കൂട്ട് ആല്‍ബത്തിലെ ഇമാന്‍ മലായ്ക്കീടെ പെയിന്റിംഗ് അടിച്ചുമാറ്റിട്ട് ,ചിത്രത്തിനു കടപ്പാട് ഗൂഗിള്‍ പോലും..
ഞാനും,ഇമാനും കൂടെ ഗിരിക്കെതിരെ കേസ് കൊടുക്കൂല്ലോ...

poor-me/പാവം-ഞാന്‍ said...

ullathu paryatte aannaayathu konde njaan Bheeman enne vilikkoo .ok.
sangathi kalakki ketto.niyum pratheekshikkalo?

ചന്ദ്രകാന്തം said...

ദ്രൗപതി,
ആഗ്ന പറഞ്ഞ സത്യം ഒന്നുകൂടി പറയുന്നു ഞാന്‍. ഒരു സ്ത്രീയുടെ ചിന്താപഥങ്ങളിലൂടെ ഒഴുകിപ്പോകുന്ന വരികള്‍... അതില്‍ തിങ്ങിനില്‍ക്കുന്ന ഓരോ പദവും മനോഹരമായി അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞു.
അപരിചിതയെപ്പോലെ...പ്രിയരഞ്ജിനിയും....

Unknown said...

hate to differ, being an individual haunted by your poetry, this is nothing.....

this is pseudo poetic to me.....
probably my fault...i hate to say..
but that is the truth to me........

Begging your pardon for saying that..

ജന്മസുകൃതം said...
This comment has been removed by the author.
ജന്മസുകൃതം said...

ദ്രൗപദി,

കാണാന്‍ വൈകി.

സാരമില്ലല്ലെ

ഒരിക്കലും കാണാതിരിക്കുന്നതിനേക്കാള്‍

നല്ലതാണല്ലൊ.

പ്രിയരഞ്ജിനി മനസ്സില്‍ തൊട്ടു.
അഭിനന്ദനങ്ങള്‍...
ഇനിയും തുടരുക.

simy nazareth said...

നല്ല കഥ. നന്നായി എഴുതിയിരിക്കുന്നു. ഇഷ്ടപ്പെട്ടു.

Nachiketh said...

:)

ഗിരീഷ്‌ എ എസ്‌ said...

അഭിപ്രായങ്ങള്‍ക്കെല്ലാം അകമഴിഞ്ഞ നന്ദി....