Friday, July 18, 2008

വിലാപങ്ങള്‍ക്കിടയില്‍


ആത്മനൊമ്പരങ്ങള്‍ കൊണ്ട്‌ ആര്‍ജ്ജിച്ചെടുത്ത മനധൈര്യവും അന്യമാവുകയാണ്‌. പിന്‍തിരിഞ്ഞുനോക്കുമ്പോള്‍ പൊട്ടിയ തന്ത്രികളാല്‍ അലങ്കൃതമായ വീണയിലെ എന്നോ പൊഴിച്ചിരുന്ന സംഗീതത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ പോലെ വീര്‍പ്പുമുട്ടിക്കുകയാണ്‌ ഓര്‍മ്മകള്‍. ഇടക്കെപ്പോഴോ മൗനത്തിന്റെ ചുവപ്പുനാടയില്‍ കുരുങ്ങി ജീവിതം നോവുന്നു. ഇനിയെന്ത്‌ എന്നൊരു ചോദ്യം മാത്രം ബാക്കിയാവുന്നു.
നിവേദിതയുടെ മനസില്‍ അതിരുവിട്ട ചിന്തകള്‍ വന്നും പോയുമിരുന്നു.
മാനത്ത്‌ കാര്‍മേഘങ്ങള്‍ നിറയുകയാണ്‌. ഒരു മേല്‍ക്കൂര അനിവാര്യമാണെന്ന്‌ തോന്നിയപ്പോള്‍ അവള്‍ അകലെ കണ്ട മരച്ചുവട്ടിലേക്ക്‌ നടന്നു.
നിറയെ ശിഖരങ്ങളുള്ള വൃക്ഷം. മഴയുടെ നേര്‍ത്ത സ്പര്‍ശനം പോലുമേലേല്‍പ്പിക്കാതെ അതവള്‍ക്ക്‌ മേല്‍ക്കൂരയായി. മഴ വല്ലാതെ കനത്തപ്പോള്‍ ഇലച്ചാര്‍ത്തിനിടയിലൂടെ ഒലിച്ചിറങ്ങുന്ന ജലതുള്ളികള്‍ തിളങ്ങുന്നുണ്ടായിരുന്നു. അവള്‍ മരത്തോട്‌ മുട്ടിയുരുമിയിരുന്നു. തണുത്ത കാറ്റിന്റെ തലോടലിനിടയില്‍ മെല്ലെ മിഴികള്‍ പൂട്ടി.
മഴ പേമാരിയായും ഇളംങ്കാറ്റ്‌ കൊടുങ്കാറ്റായതും അവളറിഞ്ഞില്ല. ഭീതിപ്പെടുത്തുന്ന ഇടിമിന്നലിന്റെ ശബ്ദം ആ കാതുകളിലേക്ക്‌ കടന്നുവന്നതേയില്ല. ചെറുമരങ്ങളില്‍ തൊട്ടുമുന്നില്‍ കടപുഴകി വീണതൊന്നും അറിയാതെ മരത്തിന്റെ വിണ്ടുകീറിയ തുടങ്ങിയ ദേഹത്തേക്ക്‌ ചാഞ്ഞിരുന്നു.
"നിവേദിതാ..നിനക്ക്‌ സുഖമാണോ?"
'ഉം'. അവള്‍ മൂളി.
"നീയെന്തിനാണ്‌ നുണ പറയുന്നത്‌. നിന്റെ ദുഖങ്ങളെ നീയിത്രയേറെ സ്നേഹിക്കുന്നുണ്ടോ..."
"അങ്ങാരാണ്‌. എന്നെയെങ്ങനെയറിയാം." അവള്‍ മറുചോദ്യമുന്നയിച്ചു.
"ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ല പെണ്‍കുട്ടീ...പക്ഷേ മേഘങ്ങള്‍ മഴയെ കുറിച്ച്‌ ചിന്തിക്കുകയും ആകാശം മൂടിയപ്പോഴും ഒടുവിലത്‌ പെയ്തുതുടങ്ങിയപ്പോഴും എന്റെ ഹൃദയം നിന്റെ ശബ്ദത്തിനായി കാതോര്‍ക്കുന്നുണ്ടായിരുന്നു."
അങ്ങെന്നെ സ്നേഹിക്കാന്‍ ശ്രമിക്കുകയാണോ?
"അറിയില്ല. പക്ഷേ ഇന്നലെ വരെ നിനക്കായി ഞാന്‍ പൂക്കള്‍ കരുതി. ഒടുവിലത്‌ വാടിക്കരിയും വരെ കാത്തിരുന്നു. പിന്നീടെപ്പോഴോ കരിഞ്ഞ ഇതളുകള്‍ കാറ്റില്‍ പറന്നുപോയി. ഞാനോര്‍ക്കുകയായിരുന്നു നിന്റെ യാത്രയെന്തേ ഇത്രയും വൈകുന്നു. പാദസരത്തിന്റെ നേര്‍ത്ത കിലുക്കവും പേറി നീയിവിടെയെത്തുമ്പോള്‍ എന്നെയും കൊണ്ട്‌ മറ്റാരോ പോയിരിക്കുമോയെന്ന ഭീതി തെല്ലൊന്നലോസരപ്പെടുത്തുന്നുണ്ടായിരുന്നു. എന്നെ ഇറുകെ പുണരാനുള്ള ആര്‍ത്തിയാണ്‌ ചിലര്‍ക്ക്‌"
"എനിക്ക്‌ നന്ദിയുണ്ട്‌. ഈ ലോകത്തില്‍ അങ്ങ്‌ മാത്രമായിരിക്കും എന്നെ സ്നേഹിക്കുന്നുണ്ടാവുക. ആരൊക്കെയോ ഭയന്ന്‌ ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വഴിതെറ്റിയെത്തിയതാണിവിടെ. അവരെന്നെ കണ്ടെത്തുമെന്നറിയാം. ഈ ലോകം അത്ര ചെറുതല്ലേ.."
അങ്ങനെയൊരു ചോദ്യം ആഴത്തില്‍ തറച്ചുപോയതുകൊണ്ടാവാം. അവളുടെ മനസിലേക്ക്‌ ഒരു തേങ്ങല്‍ മാത്രം എവിടെ നിന്നോ വന്ന്‌ വീണു.
"നിന്നെ കാത്തുസൂക്ഷിക്കാന്‍ എനിക്കുമാവില്ല. നിസഹായതയെക്കാള്‍ വലിയ വേദന മേറ്റ്ന്തുണ്ടിവിടെ..നിനക്ക്‌ ആരും അവശേഷിക്കുന്നില്ലേ ഈ ലോകത്ത്‌?" നീണ്ട നിശബ്ദതതക്ക്‌ ശേഷം മറ്റൊരു ചോദ്യം അവളെ തേടിയെത്തി.
"അങ്ങാരായാലും ഞാനെന്റെ കഥ പറയാം"
ഈ കുന്നിന്‍ചെരുവിനപ്പുറത്തെ ശവപ്പുരയുടെ കാവല്‍ക്കാരനായിരുന്നു എന്റെ അച്ഛന്‍. തെരുവിന്റെ പതിഞ്ഞ ഈണത്തിനൊത്ത്‌ പാറിനടന്നിരുന്ന നിശാശലഭമായിരുന്നു അമ്മ. ജീവനെ പോലെ സ്നേഹിച്ച ഒരനുജത്തിയുമായുണ്ടായിരുന്നു എനിക്ക്‌. ആഴ്ചയിലൊന്നോ രണ്ടോ തവണ അച്ഛനെയും അമ്മയെയും ഒരുമിച്ച്‌ കണ്ടുമുട്ടിയാലായി.
അച്ഛന്‌ ഞങ്ങളോട്‌ വല്ലാത്ത സ്നേഹമായിരുന്നു. മദ്യം മാറ്റിയെഴുതിയ വരണ്ട മുഖവുമായി എണ്ണപുരണ്ട പലഹാരപൊതിയുമായി അപ്രതീക്ഷിതമായി കടന്നുവരും. കത്തിയാളുന്ന ശവശരീരങ്ങള്‍ക്ക്‌ നടുവില്‍ നിന്നിട്ടാവാം. ദേഹം മുഴുവന്‍ കരിയും പുകയുമായിരുന്നു. മരണത്തിന്റെ മണവും...
അമ്മയെ വല്ലാതെ വെറുത്തുപോയിരുന്നു. കൈ നിറയെ പണവുമായി അര്‍ദ്ധരാത്രിയിലെപ്പോഴെങ്കിലും കടന്നുവരും...ആ പണം ഉപയോഗശൂന്യമായ കടലാസ്‌ കഷ്ണങ്ങള്‍ മാത്രമായിരുന്നു ഞങ്ങള്‍ക്ക്‌. രാത്രിയുടെ മൂന്നാംയാമങ്ങളിലെപ്പോഴോ ആരൊക്കെയോ വന്ന്‌ വീണ്ടും അമ്മയെ കൊണ്ടുപോകും. ഒന്നും പറയാതെ ഞങ്ങളെ ഇറുകെ പുണര്‍ന്ന്‌ അച്ഛന്‍ ഏങ്ങലടിക്കും...
ഞാന്‍ അച്ഛന്റെയടുത്ത്‌ പോയിരുന്ന ഒരു പകലിലാണ്‌ നിത്യയെ കാണാണ്ടാവുന്നത്‌. പിറ്റേന്ന്‌ പകലില്‍ തെരുവിലെ ഓവുചാലില്‍ കീറിപറിഞ്ഞ നിലയില്‍ അവളുടെ ശരീരം കിട്ടി. അവളന്ന്‌ വസയറിയിച്ചിട്ട്‌ പോലുമുണ്ടായിരുന്നില്ല. അമ്മയെയായിരുന്നു സംശയം. പിന്നീട്‌ അവര്‍ വീട്ടില്‍ വരാതെയായി. ഞാനും അച്ഛനും മനസ്‌ നിറയെ ശൂന്യതയും ബാക്കിയായി.
പകല്‍ അച്ഛന്റെയടുത്ത്‌ പോയിരുന്ന്‌ എരിയുന്ന ശവങ്ങള്‍ നോക്കിയിരുന്നു. വിലാപങ്ങളുടെ ശബ്ദഘോഷങ്ങള്‍ക്കിടയിലേക്ക്‌ ഞാനും പതിയെ കയറിപ്പോയി.
അച്ഛനെ കുറിച്ചോര്‍ത്ത്‌ വല്ലാത്ത ആധിയായിരുന്നു.
ഒരിക്കല്‍ എന്റെ തുടയിലൂടെ ഒലിച്ചിറങ്ങിയ ചുവപ്പ്ചാലുകള്‍ കണ്ട്‌ എന്നെയുമെടുത്ത്‌ ആശുപത്രിയിലേക്കോടിയത്‌ ഓര്‍മ്മയുണ്ട്‌. നഴ്സുമാര്‍ ചിരിച്ചുകൊണ്ട്‌ ചോദിച്ചു.
"കുട്ടിക്ക്‌ അമ്മയില്ല ല്ലേ..."
അച്ഛനോടൊത്ത്‌ ചിരിയുടെ നേര്‍ത്ത തലോടലില്ലാത്ത ആ ഭൂമിയില്‍ ഇരുട്ടിന്റെ മറ വീഴുംവരെ കുത്തിയിരിക്കുമ്പോഴാണ്‌ ജീവിതത്തിന്റെ നിരര്‍ത്ഥകത ബോധ്യപ്പെടുക.
ആയിടക്ക്‌ ഞാനൊരാളെ കണ്ടു.
'യശോധരന്‍'.
അനാഥശവവുമേറ്റി കുന്നിന്‍ചെരുവിനപ്പുറത്തേക്ക്‌ നടന്നുപോവും. വിറകുകള്‍ കൂട്ടി ചിതയൊരുക്കി കത്തിക്കും. പിന്നെ മുകളിലേക്ക്‌ നോക്കി പൊട്ടിച്ചിരിക്കും.
അയാള്‍ ദൈവത്തെ പുച്ഛിക്കുകയാണ്‌ അച്ഛന്‍ പറഞ്ഞു.
ചോര്‍ന്നൊലിക്കുന്ന മനോവികാരങ്ങളില്‍ നിന്നും അറപ്പില്‍ നിന്നും മുക്തി നേടിയ ഒരാള്‍...
മരണത്തെ എനിക്ക്‌ പേടിയാണ്‌. കറുത്ത കിനാക്കളെ പോലെ അത്‌ ഭീതിയുടെ തടവറയാണെന്നെനിക്ക്‌ നന്നായറിയാം.
അപ്രതീക്ഷിതമായി എന്നില്‍ നിന്നും അച്ഛനെയും മരണം തട്ടിയെടുത്തു.
ആദ്യമായി ഞാന്‍ ശവപ്പുരയുടെ ഉള്ളില്‍ കയറി. ഒരു വെള്ളതുണി പോലുമില്ലാതെ കിടത്തിയിരിക്കുകയായിരുന്നു ജഢം. ചോര ഛര്‍ദ്ദിച്ചായിരുന്നു മരിച്ചതെന്ന്‌ ആരോ പറയുന്നത്‌ കേട്ടു.
ഞാനൊറ്റക്ക്‌ എങ്ങിനെ അച്ഛന്റെ മൃതദേഹം അടക്കം ചെയ്യുമെന്നോര്‍ത്ത്‌ വ്യാകുലപ്പെട്ടിരിക്കുമ്പോള്‍ അയാള്‍ വന്നു യോശോധരന്‍.
കറുത്തിരുണ്ട പല്ലുകള്‍ കാട്ടി അയാള്‍ ചിരിച്ചു.
എനിക്ക്‌ വല്ലാത്ത ഭീതി തോന്നി.
അച്ഛന്റെ ശവം തോളിലേറ്റി അയാള്‍ നടന്നു. പിന്നെ ഞാനും.
വിറകുകള്‍ കൂട്ടിയിട്ട്‌ അയാള്‍ കത്തിച്ചു. പിന്നീട്‌ എന്ത്‌ ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന എന്റെ മുഖത്തേക്ക്‌ നോക്കി.
പക്ഷേ പതിവായുള്ള ചിരി കണ്ടില്ല. പകരം അല്‍പ്പം കണ്ണുനീര്‍തുള്ളികള്‍ അയാളുടെ മിഴിയില്‍ ഞാന്‍ കണ്ടു. പിന്നീട്‌ രാത്രിയെയും പകലിനെയും ഒരുപോലെ ഭയന്ന്‌ മാനം രക്ഷിക്കാനുള്ള ഓട്ടം. ഒടുവില്‍ അങ്ങെയുടെ മുമ്പില്‍...
പറഞ്ഞുനിര്‍ത്തുമ്പോള്‍ നേര്‍ത്ത താരാട്ടിന്റെ ശബ്ദം അവള്‍ കേട്ടു.

നിവേദിത മിഴികള്‍ തുറന്നു.
മഴ ശമിച്ചിരുന്നു. ശക്തമായ കാറ്റ്‌ എവിടെയോ പോയ്മറഞ്ഞിരുന്നു. സൂര്യന്റെ ചുവപ്പ്‌രശ്മികള്‍ ഭൂമിയെ പുണരുന്നുണ്ടായിരുന്നു.
അവള്‍ എഴുന്നേറ്റ്‌ നടന്നു.
തിരിഞ്ഞുനോക്കുമ്പോള്‍ ഒരിളംകാറ്റ്‌ പോലുമില്ലാതെ മരത്തിന്റെ ശിഖരങ്ങള്‍ ആടിയുലയുന്നത്‌ കണ്ടു.

കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ ശേഷം അവള്‍ വീണ്ടും അവിടെയെത്തി...
കണ്ണുകള്‍ മരത്തെ തിരയുകയായിരുന്നു. പക്ഷേ കണ്ടില്ല. അത്‌ നിന്നിരുന്ന സ്ഥലം കണ്ണില്‍പെട്ടു. ആതാരോ മുറിച്ച്‌ മാറ്റിയിരുന്നു. ഒന്നു തളിര്‍ക്കുവാന്‍ പോലുമാവാതെ വേരുകള്‍ സഹിതം ആരോ പിഴുതെടുത്തിരുന്നു.
അവളുടെ കണ്ണുകള്‍ ആര്‍ദ്രമായി.
ആ മണ്ണില്‍ കുനിഞ്ഞിരുന്നവള്‍ പൊട്ടിക്കരഞ്ഞു...


ചിത്രം കടപ്പാട്‌-ഗൂഗിള്‍

12 comments:

ഗിരീഷ്‌ എ എസ്‌ said...

ഇന്നലെ വരെ നിനക്കായി ഞാന്‍ പൂക്കള്‍ കരുതി. ഒടുവിലത്‌ വാടിക്കരിയും വരെ കാത്തിരുന്നു. പിന്നീടെപ്പോഴോ കരിഞ്ഞ ഇതളുകള്‍ കാറ്റില്‍ പറന്നുപോയി. ഞാനോര്‍ക്കുകയായിരുന്നു നിന്റെ യാത്രയെന്തേ ഇത്രയും വൈകുന്നു. പാദസരത്തിന്റെ നേര്‍ത്ത കിലുക്കവും പേറി നീയിവിടെയെത്തുമ്പോള്‍ എന്നെയും കൊണ്ട്‌ മറ്റാരോ പോയിരിക്കുമോയെന്ന ഭീതി തെല്ലൊന്നലോസരപ്പെടുത്തുന്നുണ്ടായിരുന്നു. എന്നെ ഇറുകെ പുണരാനുള്ള ആര്‍ത്തിയാണ്‌ ചിലര്‍ക്ക്‌"

കഥാപരമ്പരയിലെ രണ്ടാമത്തെ കഥ-വിലാപങ്ങള്‍ക്കിടയില്‍

ആഗ്നേയ said...

ദ്രൌപദീ,
വല്ലതെ ഭയപ്പെടുത്തിയ കഥ.

അനില്‍@ബ്ലോഗ് // anil said...

വേട്ടയാടപ്പെടുന്ന പെണ്‍കുട്ടിയെ മുന്‍പും ദ്രൌപതിയുടെ കഥയില്‍ കണ്ടെന്നു തോന്നി. തെളിയുന്ന നിസ്സഹായത മനസ്സില്‍ തട്ടുന്നുമുണ്ടു.എതായാലും പുരുഷന്‍ മാത്രമല്ല ഇത്തവണ പ്രതിക്കൂട്ടില്‍.എങ്കിലും ചൊദിച്ചോട്ടെ ചെറുത്തുനില്‍പ്പിനു ആവതില്ലെ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നിസ്സഹായത, അതാണേറ്റവ്വും ഭീകരം.
ചെറുത്തുനില്‍പ്പുകള്‍ക്ക് ജയിക്കാനായെന്നു വരില്ല

വിലക്കപ്പെടുകയാണ് വിലാപങ്ങള്‍ പോലും...

നന്നായിരിക്കുന്നു ദ്രൌപദീ

ജിജ സുബ്രഹ്മണ്യൻ said...

വായിച്ചപ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു പേടി പോലെ.. നല്ല കഥ

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്നെ പേടുപ്പിക്കണം എന്ന് വല്ല നേര്‍ച്ചയും ഉണ്ടൊ ഹ്മം..
ദ്രപദീ.... നയിസ് ഡാ.... ജീവിതങ്ങള്‍ എപ്പോഴും പൂവിതള്‍ തുമ്പിലെ തുള്ളിപോലെയാണ്..

യാരിദ്‌|~|Yarid said...

ഗിരിയെ, നന്നായിരിക്കുന്നു എന്നു പറഞ്ഞാല്‍ അതു കുറഞ്ഞു പോകും, വെറും വാക്കു പറയാന്‍ വയ്യ. അതു കൊണ്ട് ഒരു സ്മൈലി..:)

siva // ശിവ said...

ഇവിടെ എങ്ങനെയാ ഞാന്‍ ഒരഭിപ്രായം പറയുക...അത്രയ്ക്ക് ഇഷ്ടമായി ഈ വരികള്‍...അതിലെ കഥ...

ഇത് വായിക്കുമ്പോള്‍ എന്റെ ചിന്തകളും ഒരു നിമിഷം എവിടെയൊക്കെയോ അലഞ്ഞു നടന്നു...

ഈ വായന ഒരുക്കിയതിന് നന്ദി...

സസ്നേഹം,

ശിവ.

Unknown said...

ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ല പെണ്‍കുട്ടീ...പക്ഷേ മേഘങ്ങള്‍ മഴയെ കുറിച്ച്‌ ചിന്തിക്കുകയും ആകാശം മൂടിയപ്പോഴും ഒടുവിലത്‌ പെയ്തുതുടങ്ങിയപ്പോഴും എന്റെ ഹൃദയം നിന്റെ ശബ്ദത്തിനായി കാതോര്‍ക്കുന്നുണ്ടായിരുന്നു."
അങ്ങെന്നെ സ്നേഹിക്കാന്‍ ശ്രമിക്കുകയാണോ?
മനസ്സില്‍ ഒരു മഴ പോലെ പെയ്തിറങ്ങുന്ന വരികള്‍
നിവേദിത മനസ്സില്‍ നിന്നും മായുന്നില്ല
അഖ്യാനത്തിലുള്ള വ്യത്യസ്ത പുതുമകള്‍ സൃഷടിക്കുന്നു.
ആശംസകള്‍

ചാണക്യന്‍ said...

'പക്ഷേ ഇന്നലെ വരെ നിനക്കായി ഞാന്‍ പൂക്കള്‍ കരുതി. ഒടുവിലത്‌ വാടിക്കരിയും വരെ കാത്തിരുന്നു...'
'ഒന്നു തളിര്‍ക്കുവാന്‍ പോലുമാവാതെ വേരുകള്‍ സഹിതം ആരോ പിഴുതെടുത്തിരുന്നു...'

മാഷെ ഞാനല്പം വൈകി ഇവിടെയെത്താന്‍,
മനസിനിയും ആര്‍ദ്രമാക്കൂ, ഇനിയുമേറെ കഥകള്‍ അതില്‍ നിന്നും വരാനുണ്ട്....
ആ കഥകള്‍ക്കായി കാത്തിരിക്കുന്നു...

,അവരെന്നെ കണ്ടെത്തുമെന്നറിയാം. ഈ ലോകം അത്ര ചെറുതല്ലേ..".
നിവേദിതയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു?

ഗിരീഷ്‌ എ എസ്‌ said...

ആഗ്നേ
അനില്‍ (ചെറുത്ത്‌ നില്‍പ്പിന്‌ ശ്രമിക്കാന്‍ തയ്യാറാവാത്തതാണ്‌ പ്രധാന പ്രശ്‌നം)
പ്രിയാ
കാന്താരിക്കുട്ടി
സജീ
യാരിദ്‌
ശിവ
അനൂപ്‌്‌
ചാണക്യന്‍ (നിവേദിത ഇവിടെയെവിടെയൊക്കെയോ അവശേഷിക്കുന്നു..)

അഭിപ്രായങ്ങള്‍ക്കും പ്രോ്‌ത്സാഹനത്തിനും നന്ദി...

ശ്രീ said...

മനോഹരമായ കഥ, ദ്രൌപദീ...