Monday, April 7, 2008
കാലഘട്ടത്തിന്റെ അടയാളവാക്യമായി കഥാമനസ്സ്
മലയാളകഥക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കിയ പതിനേഴ് കഥാകൃത്തുക്കളുടെ വാക്കും സംഭാഷണവുമാണ് കുഞ്ഞികണ്ണന്‍ വാണിമേലിന്റെ കഥാമനസ്സ്. കഥയുടെ ആഖ്യാനശൈലിയിലും വിഷയതീവ്രതയിലുമെല്ലാം പൊളിച്ചെഴുത്തുകള്‍ സാധ്യമാക്കി മലയാളകഥയുടെ സഞ്ചാരപഥം പ്രകാശപൂരിതമാക്കിയ എഴുത്തുകാരുടെ അക്ഷരങ്ങളുടെ വ്യാഖ്യാനം മാത്രമല്ല അതിലുപരി വാര്‍ത്തമാനകാലത്തോടുളള അവരുടെ ഉത്തരങ്ങള്‍ കൂടി ഈ പുസ്തകത്തെ അലങ്കരിച്ചിരിക്കുന്നു. ഒരു കാലഘട്ടത്തിന്റെ അടയാളവാക്യമാണ് ഇതിലെ കഥാമനസുകള്‍. അതുകൊണ്ട് തന്നെ അവരുടെ വാക്കും വഴിയും കാഴ്ചയും വരും കാലത്തെ സംവാദങ്ങളിലും ആലോചനകളിലും വിഷയമാകുമെന്നതില്‍ സംശയമില്ല. ആകാശത്തിന് കീഴെയുള്ള എന്തിനെ കുറിച്ചും മനസ് ഉള്ളുതുറക്കാന്‍ മലയാളത്തിന്റെ കഥാകൃത്തുക്കള്‍ മുതിര്‍ന്നിരിക്കുന്നുവെന്നത് പ്രതീക്ഷയുടെ മറ്റൊരു വെളിച്ചമേകുന്നു.
യു എ ഖാദര്‍, ശത്രുഘ്നന്‍, അക്ബര്‍ കക്കട്ടില്‍, ഗ്രേസി, സി വി ബാലകൃഷ്ണന്, യു കെ കുമാരന് എന്നിവരില്‍ തുടങ്ങി അഷിതയിലും അഷ്ടമൂര്‍ത്തിയിലും വരെയെത്തുമ്പോള്‍ വായനക്കാരന് ആധുനീകകഥയുടെ ഭൂപടം ദൃശ്യമാകും. ഒരു ചിത്രകാരനില്‍ നിന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്തായി മാറുന്ന യു എ ഖാദറിന്റെ അനുഭവസാക്ഷ്യങ്ങളോടെ തുടങ്ങുന്ന പുസ്തകം ടി വി കൊച്ചുബാവയെ കുറിച്ചുള്ള ഓര്‍മ്മകളോടെയാണ് അവസാനിക്കുന്നത്.
കഥയെഴുത്തിലെ സാമൂഹികവും രാഷ്ട്രീയവുമായ ഭൂമിശാസ്ത്രം മനസിലാക്കാനും ജീവിതത്തിന്റെ അതിരുകളില്‍ അവയൊക്കെ തങ്ങിനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കാനും കഴിയുന്ന പുതിയ തലമുറയെ കുറിച്ചും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഭാവിയിലേക്ക് തുറക്കുന്ന ജാലകം എന്ന തലക്കെട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ ആഖ്യനത്തില്‍ എഴുത്തിന്റെ തയ്യാറെടുപ്പും ആത്മനൊമ്പരവും തിരിച്ചറിയുകയും കഥാപഥത്തില്‍ പുതിയൊരു മേല്‍വിലാസം എഴുതിച്ചേര്‍ക്കാനും സാധിച്ചിട്ടുള്ള കെ ആര് മീരമുതല്‍ കെ എ സെബാസ്റ്റ്യന്‍ വരെയുള്ളവരുടെ എഴുത്തുകാരെ കുറിച്ചുള്ള വിശകലനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭാവനയുടേയും ബുദ്ധിയുടെയും ഹൃദയത്തിന്റെയും കഥ പറച്ചിലിന്റെ പഴയ അതിര്‍ത്തികളെ മറിക്കടക്കുന്ന പുതിയ എഴുത്തുകാരുടെ അത്ഭുതപ്പെടുത്തുന്ന ഭാഷാശൈലികളെ കുറിച്ചും ഭാഷയുടെ അര്‍ത്ഥം ചുരത്തുന്ന തന്ത്രങ്ങളുടെ വിവിധ മാനങ്ങളുമെല്ലാം ലളിതമായ ഭാഷയിലാണ് കുഞ്ഞികണ്ണന്‍ വാണിമേല്‍ കുറിച്ചിട്ടിരിക്കുന്നത്. സ്വന്തം ജീവിതപരിസരങ്ങളിലെ രാഷ്ട്രീയസ്വരങ്ങളുടെ വെളിച്ചവും, അണുകുടുംബത്തിന്റെ ആകുലതകളും, സാങ്കേതികതയുടെ കുതിച്ചുചാട്ടവും, ലൈംഗികതയുടെ പകര്‍പ്പെഴുത്തിലുമെല്ലാം തുറന്നെഴുതാന്‍ പുതിയ തലമുറ കാണിക്കുന്ന ധൈര്യത്തെ കുറിച്ചും സാമൂഹികതയുടെ സ്ഥാനത്തേക്ക് കയറിവരുന്ന പ്രായോഗിക മനോഭാവങ്ങള്‍ക്ക് നേരെ രൂക്ഷമായ പരിഹാസം ചേര്‍ക്കുവെക്കാന്‍ യുവസാഹിത്യകാന്‍ കാണിക്കുന്ന തന്റേടത്തെ കുറിച്ചുമെല്ലാം അതിശക്തമായ ഭാഷയില്‍ ഈ ലേഖനത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.
മലയാള കഥയുടെ ഒരു കാലഘട്ടത്തിലേക്കുള്ള വീണ്ടുവിചാരത്തിന്റെ ഉള്ളുണര്‍ത്തലാണ് ഈ കൃതിയെന്ന് നിസംശയം പറയാം. ശൈലിയിലും ദര്‍ശനത്തിലും ഭിന്നദിശയിലായ കഥാകൃത്തുക്കളെ ഒരു വഴിയില്‍ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ഓരോരുത്തരേയും തിരിച്ചറിയാനും അവരിലേക്ക് ഒരു ഭൂമികയില്‍ നിന്നുകൊണ്ട് സഞ്ചരിക്കാനും വായനക്കാരന് എളുപ്പമാകുന്നു എന്നുള്ളതാണ് ഏറെ ശ്രദ്ധേയം.
കഥയെഴുത്തിന്റെ ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും ആശയധാരയുടെയും പുതിയ വിതാനം നല്കിയ കഥാകൃത്തുക്കളുമായി കുഞ്ഞികണ്ണന്‍ വാണിമേല്‍ നടത്തിയ സംഭാഷണം കഥാലോകത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ല. അത് അതിര്‍വരമ്പുകളില്ലാതെ വ്യത്യസ്ത വിഷയങ്ങളിലേക്ക് വഴിപിരിഞ്ഞുപോകുന്നുണ്ട്. മലയാളസാഹിത്യത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെ പറ്റിയും സമകാലിനരചനകളെ പറ്റിയെല്ലാം വിശദമായ അഭിപ്രായങ്ങള്‍ ഓരോ എഴുത്തുകാരനും തുറന്നു പറയുന്നുവെന്നതാണ് കൗതുകം. രചനയിലേക്ക് എത്തിപ്പെടാനുള്ള നാള്‍വഴികളില്‍ തുടങ്ങി അവരുടെ ഇന്നത്തെ കഥകളില്‍ വരെയെത്തി നില്ക്കുന്ന ചോദ്യോത്തരങ്ങള്‍ സാഹിത്യവിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ആസ്വാദകര്‍ക്കും ഏറെ പ്രയോജനപ്രദമാകുമെന്നതില്‍ സംശയമില്ല.
Subscribe to:
Post Comments (Atom)
7 comments:
മലയാളകഥക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കിയ പതിനേഴ് കഥാകൃത്തുക്കളുടെ വാക്കും സംഭാഷണവുമാണ് കുഞ്ഞികണ്ണന്‍ വാണിമേലിന്റെ കഥാമനസ്സ്. കഥയുടെ ആഖ്യാനശൈലിയിലും വിഷയതീവ്രതയിലുമെല്ലാം പൊളിച്ചെഴുത്തുകള്‍ സാധ്യമാക്കി മലയാളകഥയുടെ സഞ്ചാരപഥം പ്രകാശപൂരിതമാക്കിയ എഴുത്തുകാരുടെ അക്ഷരങ്ങളുടെ വ്യാഖ്യാനം മാത്രമല്ല അതിലുപരി വാര്‍ത്തമാനകാലത്തോടുളള അവരുടെ ഉത്തരങ്ങള്‍ കൂടി ഈ പുസ്തകത്തെ അലങ്കരിച്ചിരിക്കുന്നു.
കഥാമനസ്സ്-പുസ്തകനിരൂപണം
നന്ദി.
:)
കെ ആര് മീരമുതല്‍ കെ എ സെബാസ്റ്റ്യന്‍ വരെയുള്ളവരുടെ എഴുത്തുകാരെ കുറിച്ചുള്ള വിശകലനങ്ങള്‍ നല്‍കിയിട്ടുള്ള ‘കഥാമനസ്സ്’ വായിച്ച് വിലയിരുത്തിയതിന് നന്ദി ദ്രൌപദി. തുടര്‍ന്നും എഴുതു.
informative... നന്ദി
കഥാമനസിനെ പരിചയപ്പെടുത്തിയത് നന്നായി. വെറുതെ ഒരു കൊതി...:)
Good... Best Wishes...!
കഥാമനസിനെ പരിചയപ്പെടുത്തിയതിന് നന്ദി..
Post a Comment