Saturday, September 1, 2007

ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി


ശാന്തി ആശുപത്രിയിലെ നൂറ്റി പതിമൂന്നാം നമ്പര്‍ മുറിയില്‍ മരണത്തിന്റെ വരവും കാത്ത്‌ കിടക്കുമ്പോള്‍ ഓര്‍മ്മ വന്നത്‌ അവളെയാണ്‌, ജൂലിയ സൈമണെ
ഇതേ മുറിയില്‍ ഇതേ കിടക്കയില്‍...അന്നവളും..
പക്ഷേ ആ മുഖത്ത്‌ ഭീതിയുടെ ഒരു നിഴലുപോലുമുണ്ടായിരുന്നില്ല. തളര്‍ന്നവശയായിട്ടും ഒബ്സര്‍വേഷന്‍ വാര്‍ഡില്‍ നിന്നും തനിയെ നടന്ന്‌ ഈ മുറിയിലെത്തുമ്പോള്‍ പോലും ജൂലിയയുടെ ചുണ്ടില്‍ നിന്നും പുഞ്ചിരി മാഞ്ഞിരുന്നില്ല.

പ്രദുല്‍...
ഞാനിവിടെയുണ്ട്‌. തിരക്കില്ലെങ്കില്‍ മാത്രം വരിക.
ഒരു മെസേജ്‌ മാത്രം..
ഒരു പക്ഷേ വിളിച്ചാല്‍ ശബ്ദം വിറങ്ങലിച്ചുപോകുമോയെന്നവള്‍ ഭയപ്പെട്ടിരിക്കാം.
ലിഫ്റ്റിന്‌ കാത്തുനില്‍ക്കാതെ പടികള്‍ കയറി കിതച്ചുകൊണ്ട്‌ മുറിയിലെത്തുമ്പോള്‍ ഒരു ചെറുചിരിയോടെ കിടക്കുകയാണവള്‍.
പ്രദുല്‍...
നിന്റെ മുഖം കണ്ടിട്ട്‌ ചോദിക്കുവാ..
പേടിയുണ്ടോ നിനക്ക്‌. അതും എനിക്കില്ലാത്തൊരു പേടി
ഭയപ്പെടണ്ട..അബോര്‍ഷനല്ല..
അതു പറഞ്ഞവള്‍ പൊട്ടിചിരിക്കുന്നത്‌ കണ്ടു.
പഴയ...
അവനത്‌ പൂര്‍ത്തിയാക്കുന്നതിന്‌ മുമ്പെ അവള്‍ തലകുലുക്കി.
പപ്പ വന്നില്ലേ?
ആര്‌..സൈമണ്‍ പീറ്ററോ? അയാള്‍ വിദേശ ടൂറിലാ. പണം..പിന്നെ സ്ത്രീശരീരം ഇതിനപ്പുറം മറ്റൊന്നും വേണ്ട അയാള്‍ക്ക്‌.
അത്‌ പറഞ്ഞവള്‍ മുറിയുടെ മൂലയിലേക്ക്‌ നോക്കി ഒരു ഭ്രാന്തിയെ പോലെ ചിരിച്ചു.

ജൂലിയാ..നിനക്ക്‌ വിശക്കുന്നില്ലേ?
ഉണ്ട്‌
ദാ ആ ബാഗില്‍ പൈസയുണ്ട്‌. നീ പോയി വാ...
ടാ..തെമ്മാടി. നിനക്ക്‌ ശല്യമായോ ഞാന്‍..ആയാലും കുഴപ്പമില്ല നീയെന്റെ ആരുമല്ലല്ലോ

പടികളിറങ്ങി നടക്കുമ്പോള്‍ മനസില്‍ ജൂലിയ മാത്രമായിരുന്നു. ഒരിക്കലും അവളെയൊന്നു മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല.എപ്പോഴും മുഖത്ത്‌ പുഞ്ചിരിയുമായി നടക്കുന്ന അവളെ മനസിലാക്കാന്‍ ശ്രമിച്ചില്ല എന്നതാണ്‌ മറ്റൊരു യാഥാര്‍ത്ഥ്യം.
ഒരിക്കല്‍ യാദൃശ്ചികമായി അവളുടെ ബയോഡാറ്റ കാണാനിടയായത്‌ ഓര്‍മ്മയുണ്ട്‌..ആരോടും പറയാതെ അന്നൊരു സെപ്റ്റംബര്‍ 25ന്‌ അവള്‍ക്കൊരു സമ്മാനപൊതി വാങ്ങി..ഓഫിസിലെത്തി...
വിസിറ്റിംഗ്‌ റൂമില്‍ ഇരിക്കുമ്പോള്‍ മനസില്‍ നിറയെ അവളുടെ മുഖമായിരുന്നു..ഒരു സര്‍പ്രൈസ്‌ അത്രയെ കരുതിയുള്ളു...
ചിരിച്ചുകൊണ്ടോടി വന്നു.
ഹാപ്പി ബര്‍ത്ത്ഡേ ജൂലിയാ
സമ്മാനപൊതി നീട്ടിയപ്പോള്‍ അവളുടെ മുഖത്തെ പുഞ്ചിരി മായുന്നത്‌ കണ്ടു.
പ്രദുല്‍...നമുക്കൊരിടം വരെ പോകാം.
പൊതി വാങ്ങാതെ അവള്‍ പുറത്തേക്ക്‌ നടന്നു.അനുസരണയുള്ള കുട്ടിയെ പോലെ ഞാനും.
കയറ്‌..
കൈനറ്റിക്‌ സ്റ്റാര്‍ട്ടാക്കി അവള്‍ പറഞ്ഞു.

സെന്റ്‌ ജോസഫ്‌ ഓര്‍ത്തഡോക്സ്‌ പള്ളിക്ക്‌ മുമ്പില്‍ വണ്ടി നിര്‍ത്തി അവള്‍ ഇറങ്ങി.
സെമിത്തേരി വരെ അവളെ അനുഗമിച്ചു
കറുത്ത മാര്‍ബിള്‍ കൂടാരത്തിന്‌ മുമ്പില്‍ മുട്ടുകുത്തിയിരുന്നവള്‍ മിഴികള്‍ പൂട്ടി
ആനിസൈമണ്‍...
ആ ശവകൂടിരത്തിന്‌ മുന്നില്‍ നില്‍ക്കുമ്പോള്‍ മാത്രമാണ്‌ ജൂലിയക്ക്‌ അമ്മയില്ല എന്ന യാഥാര്‍ത്ഥ്യം മനസിലായത്‌.
പ്രദുല്‍...
നിന്നെ ഇത്രയും ദൂരം കൊണ്ടുവന്ന്‌ ശല്യപ്പെടുത്തിയതിന്‌ മാപ്പ്‌...
ഇനിയാ സമ്മാനം താ
ഇതു വാങ്ങുമ്പോള്‍ മമ്മിയെങ്കിലും സാക്ഷിയാവണമെന്ന്‌ കരുതി ഞാന്‍.
ആദ്യമായാണ്‌ ഞാന്‍ പിറന്നാള്‍ സമ്മാനം വാങ്ങുന്നത്‌. കാരണം മറ്റൊന്നും കൊണ്ടല്ല മമ്മി മരിച്ചതും ഞാന്‍ ജനിച്ചതും ഒരു ദിവസമായിരുന്നു...
ആ പൊതി വാങ്ങി അവള്‍ പൊട്ടിചിരിച്ചുകൊണ്ട്‌ പറഞ്ഞു
സര്‍പ്രൈസ്‌ ല്ലേ ?
അറിയാതെ ഒരിറ്റ്‌ കണ്ണുനീര്‍ എന്റെ കവിളിനെ നനയിക്കുന്നതറിഞ്ഞു.അവള്‍ അതുകണ്ടില്ലെന്ന മട്ടില്‍ നടന്നുനീങ്ങി.

പഴങ്ങളും ജ്യൂസുമൊക്കെയായി മുറിയിലെത്തുമ്പോള്‍ അവള്‍ മിഴികള്‍ പൂട്ടികിടക്കുകയായിരുന്നു.
ജൂലിയാ..
വിളിച്ചപ്പോള്‍ അവള്‍ എഴുന്നേറ്റിരുന്നു
ഓറഞ്ചിന്റെ തൊലികളഞ്ഞ്‌ ഓരോ അല്ലിയായി അവള്‍ക്ക്‌ കൊടുത്തു
പ്രദുല്‍..
നീയെന്നെ ഒരു രോഗിയാക്കല്ലേടാ
ഒന്നും പറയാതെ അവളുടെ മുഖത്തേക്ക്‌ നോക്കി കുറെ നേരമിരുന്നു.

ഞാന്‍ ശാലൂനെ വിളിക്കെട്ടെ
എന്തിന്‌? അവളുടെ മറുപടി.
രാത്രി...ഒറ്റക്കിവിടെ
പ്രദുല്‍, ഇന്ന്‌ നീയിവിടെ നില്‍ക്ക്‌..നാളെ എന്താ ചെയ്യുകാന്ന്‌ അപ്പോള്‍ തീരുമാനിക്കാം. ഞാന്‍ നേരത്തെ പറഞ്ഞില്ലേ. ഇന്ന്‌ നീയെന്നെ സഹിച്ചേ തീരൂ
ഉം. അവന്‍ മൂളി.

ഉയരമേറിയ ജാലകത്തിലൂടെ താഴെ കളിക്കുന്ന കുട്ടികളെ കണ്ടു. ബാല്യത്തിന്റെ ഓര്‍മ്മ മനസിലേക്കോടിയെത്തി. ജൂവനെയില്‍ ഹോമിലെ ദിവസങ്ങള്‍ക്ക്‌ ഒരു വല്ലാത്ത സുഖമുണ്ടായിരുന്നു. പഠനം, ആഘോഷങ്ങള്‍, സുഹൃത്തുക്കളുമൊത്ത്‌ താമസിക്കാനുള്ള ഭാഗ്യം. സത്യത്തില്‍ അപൂര്‍വം പേര്‍ക്കല്ലേ ഇങ്ങനെയൊരു അവസരം കിട്ടൂ
അവന്റെ മനസിലൂടെ ചിന്തകള്‍ മിന്നിമാഞ്ഞു...

പ്രദുല്‍...
നിനക്ക്‌ ബോറടിക്കുന്നുണ്ടാവും ല്ലേ?
ഇല്ല
ജൂലിയാ..ഞാനൊരു കാര്യം ചോദിച്ചോട്ടെ...?
ചോദിച്ചോളൂ. പക്ഷേ ആവശ്യമില്ലാത്തതിനൊന്നും ഉത്തരം തരില്ലാ ട്ടോ
പപ്പയോടെന്താ ഇത്ര വെറുപ്പ്‌?
മമ്മക്ക്‌ വെറുപ്പായിരുന്നു. മമ്മ പോയപ്പോള്‍ ആ വെറുപ്പ്‌ എനിക്ക്‌ പകര്‍ന്നുകിട്ടി. അതുമാത്രമല്ല, മദ്യത്തിന്റെ ലഹരിയില്‍ മകളെ കാമിക്കാന്‍ വരുന്ന പിതാവിനോട്‌ നീയൊരു പെണ്ണാണെങ്കില്‍ വെറുപ്പ്‌ തോന്നില്ലേ? ല്ലേ?

മമ്മക്കെന്തിനായിരുന്നു പപ്പയോട്‌ വെറുപ്പ്‌?
ജീവിതം തകര്‍ത്ത ഒരാളോട്‌ ഒരു പെണ്‍കുട്ടിക്ക്‌ വെറുപ്പ്‌ തോന്നില്ലേടാ.അത്‌ തന്നെ
മമ്മയെ പപ്പയെ കൊണ്ട്‌ ബലമായി വിവാഹം കഴിപ്പിച്ചതാണ്‌..ഒരു മാലാഖക്കുട്ടിയെ പോലെ സുന്ദരിയായ ആനി ഫിലിപ്പിനോട്‌ സൈമണ്‍ പീറ്ററിന്‌ തോന്നിയ ആര്‍ത്തി. കണ്ടപ്പോഴെ ഇഷ്ടമായി. കല്യാണം കഴിക്കാനൊന്നുമല്ലാ ട്ടോ..ഒരു ദിവസമെങ്കിലും കിടപ്പറ പങ്കിടാന്‍...
ഒടുവില്‍ എസ്റ്റേറ്റ്‌ ബംഗ്ലാവിലെ ഒരു മുറിയിലിട്ട്‌ പപ്പ മമ്മയെ പിച്ചിചീന്തി.എതിര്‍ക്കാന്‍ പറ്റുന്നിടത്തോളം മമ്മ പിടിച്ചുനിന്നു.പക്ഷേ വിജയം അയാള്‍ക്കായിരുന്നു.

മമ്മയാകെ തളര്‍ന്നുപോയ നാളുകള്‍.മമ്മയുടെ കാമുകന്‍ ക്രിസ്റ്റഫറുമായി ഉറപ്പിച്ച വിവാഹം മുടങ്ങി. പിന്നെ പള്ളിയില്‍ വെച്ച്‌ ചര്‍ച്ച.പക്ഷേ പുറത്തറിയാതെ പപ്പയെ കൊണ്ട്‌ തന്നെ മമ്മയെ വിവാഹം കഴിപ്പിക്കാനുള്ള അവസാനശ്രമവും പാളി..കോമ്പന്‍സേഷന്‍ തരാമെന്ന്‌ പറഞ്ഞ്‌ ഒഴിവാകാനുള്ള പപ്പയുടെ ശ്രമവും നടന്നില്ല.പിന്നീട്‌ ആരൊക്കെയോ ചേര്‍ന്ന്‌ ബലമായി തന്നെ ആ വിവാഹം നടത്തി.അന്ന്‌ മമ്മയുടെ വയറ്റില്‍ ജൂലിയയുടെ പ്രായം മൂന്ന്‌ മാസം

നല്ല രസമുള്ള കഥ..ല്ലേ പ്രദുല്‍
ഒരു ബലാത്സംഗത്തിന്റെ ബാക്കി പത്രമാണ്‌ ഈ നീണ്ടുനിവര്‍ന്നു കിടക്കുന്നത്‌
നിനക്ക്‌ സഹതാപം തോന്നുന്നുണ്ടോ എന്നോട്‌..?
ഉം..
എനിക്കറിയാം നീ സെന്‍സിറ്റീവാ
ഒരിക്കല്‍ പപ്പയൊരു കോള്‍ഗേളുമായി വീട്ടില്‍ വന്നിരുന്നു. മൂന്നാല്‌ വീടില്ലേ സൈമണ്‍ പീറ്ററിന്‌..എന്തിനാ ഇങ്ങോട്ട്‌ തന്നെ കെട്ടിയെടുത്തതെന്ന്‌ ചോദിച്ചു
ഇതാണ്‌ ജൂലിയയുടെ പുതിയ മമ്മി,പപ്പയുടെ മറുപടി.
എത്ര രൂപ കൊടുത്തു ഈ പീസിന്‌.മുഖവും മുലയും ചന്തിയും വെച്ച്‌ നോക്കുമ്പോള്‍ ഒരു രാത്രിക്ക്‌ പതിനായിരമെങ്കിലും വേണ്ടി വരും ല്ലേ പപ്പാ
എന്റെ ചോദ്യം കേട്ട്‌ പപ്പ അലറിക്കൊണ്ട്‌ പാഞ്ഞു വന്നു.

കൊല്ലും ഞാന്‍ നിന്നെ...
പപ്പാ പ്ലീസ്‌ പപ്പാ...നിങ്ങളെന്റെ മുന്നില്‍ വരരുത്‌. എനിക്ക്‌ വെറുപ്പാ നിങ്ങളോട്‌...അത്‌ ഒരിക്കലും മാറില്ലാ...
എന്റെ വാക്കുകള്‍ കേട്ട്‌ പപ്പയാ സ്ത്രീയെയും കൂട്ടി ഇറങ്ങിപ്പോയി.
അങ്ങനെയൊക്കെ പറയേണ്ടി വന്നതില്‍ പിന്നീട്‌ ദുഖം തോന്നിയിട്ടുണ്ട്‌.പക്ഷേ..,
പ്രദുല്‍ എന്റെ മമ്മ മതിയായ ചികിത്സ കിട്ടാതെയാ മരിച്ചത്‌. അതിന്‌ കാരണം അയാളാ, പറയ്‌ നീ പറ..ഞാന്‍ ചെയ്തത്‌ തെറ്റാണോ?

ജൂലിയാ...
ഇല്ലടാ നീയാണ്‌ ശരി.
ഞാന്‍ അമലിനെ വിവരമറിയിക്കെട്ടെ..
പ്രദുല്‍..നീയെന്റെ കൂട്ടുകാരനാണ്‌...പക്ഷേ അവന്‍ അവനങ്ങനെയല്ല.മനസില്‍ പ്രണയവുമായി നടക്കുകയാണവന്‍.
ഇവിടെ വന്നാല്‍ എന്നെ ഈയവസ്ഥയില്‍ കണ്ടാല്‍ അവന്‌ സങ്കടാകും...
ജൂലിയയെ ഒരുപാടിഷ്ടമാണവന്‌...പക്ഷേ അറിഞ്ഞിട്ടും എന്തേ...ഒരിറ്റ്‌ സ്നേഹം തിരിച്ചുനല്‍കിയില്ല...
പ്രദുല്‍...മോഹങ്ങള്‍ കുത്തിനിറക്കാന്‍ പറ്റിയൊരു മനസല്ലാ എന്റേത്‌...ഇപ്പോ തന്നെ എന്തിനാണ്‌ ഞാനിവിടെ അഡ്മിറ്റായതെന്ന്‌ നിനക്കറിയോ..മേറ്റ്വിടെയെങ്കിലും തളര്‍ന്നുവീണ്‌ മരിക്കാതിരിക്കാന്‍...

പള്ളിയിലെ കുടിശികയൊക്കെ തീര്‍ത്തു...ശവപ്പെട്ടിക്ക്‌ അളവെടുത്ത്‌ വിലയും പറഞ്ഞുവെച്ചു...പിന്നെ കുറെ പണമെടുത്ത്‌ ബാഗിലിട്ടു...എന്നെ കൊണ്ട്‌ ആര്‍ക്കും ഒരു ശല്യമാകാന്‍ പാടില്ലല്ലോ...?
ഏറിപോയാല്‍ ഒരാഴ്ച...
ജൂലിയാ...നീയെന്തൊക്കെ ഭ്രാന്താ ഈ പറയുന്നത്‌...ഞാനിപ്പോ പോകും ട്ടോ...

പ്രദുല്‍...
ജൂലിയ തമാശ പറഞ്ഞ്‌ കളിക്കാറില്ല...അര്‍ബുദം കാര്‍ന്നുതിന്നുന്നത്‌ എന്റെ ആത്മവിനെയല്ല...മറിച്ച്‌ മോഹങ്ങളെയാണ്‌...പക്ഷേ കരയാന്‍ ജൂലിയക്ക്‌ മനസില്ല...
ജൂലിയാ...
ഓരോന്ന്‌ ആലോചിക്കാതെ നീയൊന്നു മയങ്ങ്‌...
ഉം..അവള്‍ മൂളി...

ഡോക്ടറുടെ ശീതികരിച്ച മുറിയിലിരിക്കുമ്പോള്‍ പ്രദുല്‍ വിയര്‍ത്തു..
ഏതു നിമിഷവും അവള്‍ മരിച്ചേക്കാം..
അറിയിക്കാനുള്ളവരെയൊക്കെ അറിയിക്കാം...ആ കുട്ടിക്ക്‌ അങ്ങനെയാരുമില്ലെന്ന്‌ തോന്നുന്നു ല്ലേ..?
അതേ..
ഡോക്ടറുടെ വാക്കുകളില്‍ ചിലത്‌ അവിശ്വസനീയമായി തോന്നി...
അവളെ കണ്ടാല്‍ അങ്ങനെയൊന്നും തോന്നില്ലല്ലോ..
ഇടക്ക്‌ വല്ലാതെ സംസാരിക്കും..പിന്നെ നിശബ്ദമാകും...ഇതൊക്കെ ഈ രോഗത്തിന്റെ സിമ്പ്റ്റമ്പ്സാണ്‌...ഇവിടെയുണ്ടാവണം...പറ്റിയാല്‍ പ്രദുലിന്റെ വീട്ടില്‍ നിന്നും ആരെയെങ്കിലുമൊക്കെ കൊണ്ടു വന്നു നിര്‍ത്തണം...താനൊറ്റക്കല്ലെന്ന ആശങ്ക അവളില്‍ നിന്നു മാറ്റാനെങ്കിലും...
ഡോക്ടറോട്‌ വല്ലാത്ത ദേഷ്യം തോന്നി..
എന്തു ലാഘവത്തോടെയാണ്‌ അയാള്‍ പറയുന്നത്‌...അവള്‍ മരിക്കുമെത്രെ...ഈ ലോകം കീഴടക്കിയ മനുഷ്യന്‍ അര്‍ബുദത്തോടെന്തെ..തോല്‍ക്കുന്നു...

പകലിലെ ജൂലിയെയായിരുന്നില്ല രാത്രി കണ്ടത്‌...
വല്ലാതെ തളര്‍ന്ന്‌ കിടന്നു അവള്‍. വേദന മാറാനുള്ള ഗുളികള്‍ ഇടക്കിടെ നഴ്സുമാര്‍ നല്‍കി മടങ്ങി...പൊടിയരി കഞ്ഞി സ്പൂണില്‍ കോരി അവളുടെ ചുണ്ടുകളില്‍ വെച്ചുകൊടുത്തപ്പോള്‍ ആ കണ്ണുകളില്‍ നിന്നും ഉപ്പുതുള്ളികള്‍ ഊര്‍ന്നിറങ്ങുന്നത്‌ കണ്ടു...ഒരിക്കലും അവളൊന്നു വിതുമ്പുന്നത്‌ കാണാന്‍ കഴിഞ്ഞിട്ടില്ല...പക്ഷേ ഇപ്പോള്‍...
ബാഗില്‍ നിന്നും ഷാളെടുത്ത്‌ പുതപ്പിച്ചു...അടുത്ത ബെഡ്ഡില്‍ പോയിരുന്നു...അവളിലേക്ക്‌ തന്നെ മിഴികളൂന്നി കുറെ നേരമിരുന്നു...
ഒരു പക്ഷേ അവളിപ്പോള്‍ ഇവിടെ നിന്നും സഞ്ചരിച്ചുകൊണ്ടിരിക്കുകയാവും. ചിന്തകളോട്‌ ആദ്യമായി വെറുപ്പ്‌ തോന്നി..

നേരം വെളുക്കുമ്പോള്‍ ജൂലിയ നിശ്ചലയായിരുന്നു...
ആരൊക്കെയെ വന്നു...മരവിച്ച ശവശരീരം എടുത്ത്‌ കൊണ്ടുപോയി ആംബുലന്‍സില്‍ കയറ്റിതന്നു...
പള്ളിയിലെത്തുമ്പോഴേക്കും ആരൊക്കെയോ വന്നു.ഉച്ചയോടെ ജൂലിയ മണ്ണിനടിയിലായി.അര്‍ബുദത്തോട്‌ തോറ്റ എന്റെ മൂന്നാമത്തെ സൗഹൃദം.
കരയാനേ തോന്നിയില്ല...ഉള്ളില്‍ പകയായിരുന്നു...ആരോടൊക്കെയോ...
അമലും ശാലിനിയും വന്നു..
നിനക്കൊന്ന്‌ കരഞ്ഞൂടേ..നിന്റെ കൂട്ടുകാരിയല്ലേ അവള്‍,
പിടിച്ചുകുലുക്കി കൊണ്ട്‌ ശാലു ചോദിച്ചതോര്‍മ്മയുണ്ട്‌.
അമലിന്റെ മുഖത്ത്‌ ഒരിക്കലും കാണാത്ത നിസംഗതയായിരുന്നു അപ്പോള്‍...

നൂറ്റി പതിമൂന്നാം നമ്പര്‍ മുറിയോട്‌ അന്ന്‌ വിടപറഞ്ഞകന്നത്‌ അന്നാണ്‌. പക്ഷേ ഇവിടെ തന്നെ വീണ്ടും കാലം തന്നെകൊണ്ടെത്തിച്ചിരിക്കുന്നു..ജൂലിയ മരിച്ച ദിവസം സിസ്റ്റര്‍ എലിസബത്ത്‌ പറഞ്ഞതോര്‍മ്മയുണ്ട്‌..
ഈ മുറിയില്‍ ഇത്‌ പതിനേഴാമത്തെ മരണം.

ശാലിനിയുടെ സീമന്തത്തില്‍ ദുഖത്തിന്റെ നിഴലുകള്‍ വീഴ്ത്തി മറ്റൊരു പൂവ്‌ കൂടി അര്‍ബുദം ബാധിച്ച്‌ കൊഴിഞ്ഞുവീഴുമായിരിക്കും. പക്ഷേ ജൂലിയയെ പോലെ ചിരിച്ചുകൊണ്ട്‌ മരണത്തെ സ്വീകരിക്കാന്‍ മാത്രം എനിക്ക്‌ കഴിയില്ല.
അള്‍ത്താരക്ക്‌ മുന്നില്‍ മെഴുകുതിരികളുടെ വെളിച്ചം മനസിലേക്കോടിയെത്തുന്നു..ക്വയറിന്റെ മധ്യനിരയില്‍ നിന്ന്‌ ജൂലിയാസൈമണ്‍ പാടുന്നു...ആത്മാവില്‍ തീവ്രസ്നേഹത്തിന്റെ വിത്തുകള്‍ വിതറി കരിങ്കുളത്തച്ചന്‍ സോളമന്റെ ഗീതങ്ങളെ പറ്റി പറയുന്നു...
ദിവ്യബലി തീരാന്‍ ഇനി മിനിറ്റുകള്‍ മാത്രം...

19 comments:

ഗിരീഷ്‌ എ എസ്‌ said...

ശാലിനിയുടെ സീമന്തത്തില്‍ ദുഖത്തിന്റെ നിഴലുകള്‍ വീഴ്ത്തി മറ്റൊരു പൂവ്‌ കൂടി അര്‍ബുദം ബാധിച്ച്‌ നടന്നുനീങ്ങുമായിരിക്കും. പക്ഷേ ജൂലിയയെ പോലെ ചിരിച്ചുകൊണ്ട്‌ മരണത്തെ സ്വീകരിക്കാന്‍ മാത്രം എനിക്ക്‌ കഴിയില്ല....
അള്‍ത്താരക്ക്‌ മുന്നില്‍ മെഴുകുതിരികളുടെ വെളിച്ചം മനസിലേക്കോടിയെത്തുന്നു..ക്വയറിന്റെ മധ്യനിരയില്‍ നിന്ന്‌ ജൂലിയാസൈമണ്‍ പാടുന്നു...ആത്മാവില്‍ തീവ്രസ്നേഹത്തിന്റെ വിത്തുകള്‍ വിതറി കരിങ്കുളത്തച്ചന്‍ സോളമന്റെ ഗീതങ്ങളെ പറ്റി പറയുന്നു...
ദിവ്യബലി തീരാന്‍ ഇനി മിനിറ്റുകള്‍ മാത്രം...

"ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി"
പുതിയ പോസ്റ്റ്‌

സഹയാത്രികന്‍ said...

"പള്ളിയിലെ കുടിശികയൊക്കെ തീര്‍ത്തു...ശവപ്പെട്ടിക്ക്‌ അളവെടുത്ത്‌ വിലയും പറഞ്ഞുവെച്ചു...പിന്നെ കുറെ പണമെടുത്ത്‌ ബാഗിലിട്ടു...എന്നെ കൊണ്ട്‌ ആര്‍ക്കും ഒരു ശല്യമാകാന്‍ പാടില്ലല്ലോ...?
ഏറിപോയാല്‍ ഒരാഴ്ച..."

മരണവും കാത്തുകൊണ്ടുള്ള ഈ ഇരിപ്പ്... ഒരു പക്ഷെ എത്ര ഭയാനകമായിരിക്കാം... മുഖത്തു പ്രകടമാകുന്നില്ല എങ്കില്‍ക്കൂടി....

Aravishiva said...

മരണത്തെ ജൂലിയ സൈമണ്‍ ഒരുവേള ഭയപ്പെടുത്തിയിരിയ്ക്കാം...

ജനിച്ചാല്‍ ഒരിയ്ക്കല്‍ നാമെല്ലാം മരിയ്ക്കും...ആ സത്യത്തെ മറിച്ച് മരണമടുക്കുമ്പോള്‍ ഭയചകിതയാകുന്നതിലര്‍ഥമില്ലെന്ന് ജൂലിയ തിരിച്ചറിഞ്ഞിരിയ്ക്കാം...ജൂലിയ സഹതാപമല്ല അര്‍ഹിയ്ക്കുന്നത്...പകരം ബഹുമാനമാണ്....

Unknown said...

നന്നായിട്ടുണ്ട്. വരികള്‍ക്ക് നല്ല സംവേദനത്വം.

Anonymous said...

ദ്രൌപത്യേച്ചീ‍... നന്നായീണ്ട്.

SHAN ALPY said...

ദ്രൌപതി എഴുതുന്ന ഓരോന്നും
ഒന്നിനൊന്ന് ഈടുറ്റതാ...
ഇതില് ഏതാണ് മുന്നിലെന്നു പറയുക വയ്യ.
പറയാതിരിക്കാനും
ഭാവുകങ്ങള്

Anonymous said...

ദ്രൌപത്യേച്ചീ‍... നന്നായീണ്ട്.

Unknown said...

ചിരിച്ചുകൊണ്ടു് സ്വന്തമരണത്തെ സ്വീകരിക്കാന്‍ കഴിയുന്നതു് മഹത്വമാണു്.

അക്ഷരങ്ങള്‍ ഉപരിപ്ലവമല്ലെന്ന തോന്നല്‍ വായിക്കാന്‍ പ്രേരണ നല്‍കുന്നു. ഭാവുകങ്ങള്‍!

ഗിരീഷ്‌ എ എസ്‌ said...

സയാത്രികാ...
നന്ദി...
ഇങ്ങനെയൊരു കഥയെഴുതാന്‍ പ്രേരിപ്പിച്ചൊരാളുണ്ട്‌...
മരണത്തിന്റെ തലേദിവസം പോലും ജീവിതത്തെ തമാശയായികണ്ട ഒരാള്‍...
ഉള്ളില്‍ ഒരു തരി പേടിയില്ലാതെ ഇങ്ങനെ നടന്നുമറയാന്‍
എങ്ങനെ കഴിയുന്നു
എന്നു മാത്രം
ഇന്നും അജ്ഞാതം...

അരവിശിവാ..
അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി...
ജൂലിയയോടുള്ള ഈ ബഹുമാനത്തിന്‌ ദ്രൗപതിയുടെ കടപ്പാട്‌...

കിനാവ്‌-നന്ദി...

ഷാന്‍-അഭിപ്രായത്തിന്‌ നന്ദി...ഭാവുകങ്ങള്‍ക്കും...

മുടിയനായ പുത്രാ...
ഇവിടെ വന്നതിനും വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയതിനും എന്റെ കൃതജ്ഞത...

അഷ്‌റഫ്‌ said...

അള്‍ത്താരക്ക്‌ മുന്നില്‍ മെഴുകുതിരികളുടെ വെളിച്ചം മനസിലേക്കോടിയെത്തുന്നു..ക്വയറിന്റെ മധ്യനിരയില്‍ നിന്ന്‌ ജൂലിയാസൈമണ്‍ പാടുന്നു...ആത്മാവില്‍ തീവ്രസ്നേഹത്തിന്റെ വിത്തുകള്‍ വിതറി കരിങ്കുളത്തച്ചന്‍ സോളമന്റെ ഗീതങ്ങളെ പറ്റി പറയുന്നു...
ദിവ്യബലി തീരാന്‍ ഇനി മിനിറ്റുകള്‍ മാത്രം...

ദ്രൗപതീ..
ജൂലിയയെ പോലെ ആരെങ്കിലും ഈ ലോകത്തുണ്ടാകുമോ
കഥ നന്നായിട്ടുണ്ട്‌
പക്ഷേ
ചില വരികളോട്‌ അല്‍പം വിയോജിപ്പും

സഹയാത്രികന്‍ said...

"ഇങ്ങനെയൊരു കഥയെഴുതാന്‍ പ്രേരിപ്പിച്ചൊരാളുണ്ട്‌...
മരണത്തിന്റെ തലേദിവസം പോലും ജീവിതത്തെ തമാശയായികണ്ട ഒരാള്‍...
ഉള്ളില്‍ ഒരു തരി പേടിയില്ലാതെ ഇങ്ങനെ നടന്നുമറയാന്‍
എങ്ങനെ കഴിയുന്നു
എന്നു മാത്രം
ഇന്നും അജ്ഞാതം..."


ഉള്ളില്‍ പേടിയില്ല എന്ന് പറയാനാകുമോ...?

ചിലര്‍ക്ക് എത് പ്രതിസന്ധിയിലും ചിരിക്കാന്‍ കഴിയണ ഒരു മുഖമുണ്ട്... വളരെ കുറച്ച് പേര്‍ക്കെ ആ ദൈവാനുഗ്രഹം ഉള്ളൂതാനും.... അവര്‍ തങ്ങളുടെ ദുഃഖങ്ങള്‍ മറ്റുള്ളവരിലേക്ക് പകര്‍ത്താറില്ല... സ്വയം എരിഞ്ഞടങ്ങുമ്പോഴും ചിരിതൂകി മറ്റുള്ളവരെ ആശ്വസിപ്പിക്കും. അവര്‍ക്കും മറ്റുള്ളവരെപ്പോലെ ഭയവും, സങ്കടങ്ങളും ഉണ്ട്... പക്ഷേ പ്രകടിപ്പിക്കില്ല...
( ഒരു ചിന്തയാണു... എത്രത്തോളം ശരി എന്നു പറയാന്‍ വയ്യ)

ഗിരീഷ്‌ എ എസ്‌ said...

അഷ്‌റഫ്‌..
വിയോജിപ്പു കൂടി വ്യക്തമാക്കിയാല്‍ ഇനിയെഴുതുമ്പോള്‍ തിരുത്താമായിരുന്നു..
ഇവിടെ വന്നതിന്‌ ഒരുപാട്‌ നന്ദി...

സഹയാത്രികാ...
ഈ അഭിപ്രായം പൂര്‍ണമായും
ശരി വെക്കുന്നു...
പക്ഷേ..
ഉള്ളിലെ വികാരങ്ങളിലേക്ക്‌
നാം സഞ്ചരിക്കാതിരിക്കുന്നതല്ലേ..നല്ലത്‌...
ഉള്ളില്‍ നൊമ്പരം അലയടിക്കുമ്പോഴും ചിരിച്ചുകൊണ്ട്‌ പെരുമാറുന്നവരില്ലേ...
ഇത്തരം ആളുകളും ഉണ്ട്‌ എന്ന തിരിച്ചറിവാണ്‌ ഇങ്ങനെ പറയിച്ചത്‌...
അതിലൊരാളാകാന്‍ ഞാന്‍ പലപ്പോഴും കൊതിക്കാറുമുണ്ട്‌..കഴിയാറില്ലെങ്കിലും...

ഇങ്ങനെയൊക്കെയാണെങ്കില്‍ കൂടി അത്തരക്കാരെ കുറ്റക്കാരാക്കാറുമുണ്ട്‌...
ഉള്ളിലൊന്നു വെച്ച്‌ പുറമെ മറ്റൊന്നു ചെയ്യുക എന്ന അര്‍ത്ഥത്തില്‍
അഭിപ്രായത്തിന്‌ നന്ദി...

ഉപാസന || Upasana said...

വളരെ നന്നായീലോ...
എവിടെന്നാ ഈ ടോപിക്സ് ഒക്കെ കിട്ടുന്നെ വര്‍മാജീ.
:)
ഉപാസന

ഗിരീഷ്‌ എ എസ്‌ said...

സുനില്‍
അഭിപ്രായത്തിന്‌ നന്ദി...
പിന്നെ കമന്റിലെ ചോദ്യം....
അത്‌ മാത്രം ചോദിക്കരുത്‌ ട്ടോ...

ഗിരീഷ്‌ എ എസ്‌ said...

സുനില്‍
അഭിപ്രായത്തിന്‌ നന്ദി...
പിന്നെ കമന്റിലെ ചോദ്യം....
അത്‌ മാത്രം ചോദിക്കരുത്‌ ട്ടോ...

ദൈവം said...

അര്‍ബുദം വന്നു മരിച്ചതിന് പോസ്റ്റ്മോര്‍ട്ടം ചെയ്യപ്പെട്ട ആദ്യത്തെ മൃതദേഹമാകാമെന്നു തോന്നുന്നു ജൂലിയയുടെ.

ശ്രീ said...

ദ്രൌപതീ...
ഇതെങ്ങനെയോ വായിക്കാന്‍‌ വിട്ടു പോയിരുന്നു.
ഇപ്പോഴാണ്‍ വായിക്കുന്നത്.

വളരെ നന്നായിരിക്കുന്നു. ദ്രൌപതിയുടെ സാധാരണ കഥകളില്‍‌ നിന്നും വ്യത്യസ്തമായ കഥാപാത്രം. വളരെ ബോള്‍‌ഡ് ആയ സ്ത്രീ കഥാപാത്രം.
ടൈറ്റില്‍‌ അനുയോജ്യം തന്നെ! ജൂലിയ മനസ്സില്‍‌ നിന്നും മായുന്നില്ല.

അഭിനന്ദനങ്ങള്‍‌!
:)

simy nazareth said...

ദ്രൌപതി, കഥ നന്നായിട്ടുണ്ട്,

പക്ഷേ മരണം എന്നു കേള്‍ക്കുമ്പൊഴേ ഒരു തരിപ്പും പേടിയുമാണ്. കുറെ മരണം കണ്ടു മനസ്സു മരച്ചു.

കാന്‍സര്‍ എന്നുകേള്‍ക്കുമ്പൊഴേ അതിലേറെ പേടി. ഓരോ പേടികളുടെയും പിന്നില്‍ ഓരോ ചിത്രങ്ങള്‍ മനസ്സില്‍ മായാതെ കിടക്കുമല്ലോ.

ജൂലിയാ സൈമണിനു മരണമില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് ആശുപത്രികളിലൊക്കെ ജൂലിയാ സൈമണ്‍ മരിച്ചുകൊണ്ടിരിക്കുന്നു. കാണാന്‍ ശക്തിയില്ലാതെ ആശുപത്രിയില്‍ കൂട്ടിരിക്കാതെ ഞാന്‍ വീട്ടിലിരുന്നു വെള്ളമടിക്കുന്നു.

ഇനിയും ഇനിയും എഴുതുക.

ഗിരീഷ്‌ എ എസ്‌ said...

ദൈവം..
തെറ്റുകള്‍ അംഗീകരിക്കാനാണെനിക്കിഷ്ടം...
ശ്രീ..
ഒരുപാട്‌ നന്ദിയുണ്ട്‌..
ഈ തുറന്നെഴുത്തിന്‌....

സിമി...
വിശദമായ അഭിപ്രായത്തിന്‌ നന്ദി...