
തെരുവില്‍ നിന്നൊരു
ഭ്രാന്തവിലാപം കേള്‍ക്കുന്നു..
നഗരം ഉണരും മുമ്പാ ഭ്രാന്തന്
കുപ്പതൊട്ടിയിലിര തേടുന്നു...
ഭക്ഷണശാലയെറിഞ്ഞു കളഞ്ഞൊരു
ഭക്ഷണശകലം തിരയുന്നു...
നല്ലതെടുത്തിട്ടാഹ്ലാദത്തില്‍
നന്ദി പറഞ്ഞത് തിന്നുന്നു..
ആര്‍ത്തിയിമല്ലാസക്തിയുമല്ലാ
ഹൃദയം നിറയെ വിശപ്പാണ്...
ഭ്രാന്തില്ലൊത്തൊരുവനെ നമ്മള്
ഭ്രാന്തനെന്ന് വിളിക്കുന്നു...
വിശപ്പടക്കാന്‍ കക്കും നേരം
കള്ളനെന്നു പുലമ്പുന്നു...
മര്‍ദ്ദിക്കുമ്പോഴോടും അവനെ
കല്ലുകളെറിഞ്ഞു വീഴ്ത്തുന്നു...
വീണു കിടക്കും നേരം മിഴിയില്‍
മണ്ണു വാരി നിറക്കുന്നു...
കരയുമ്പോഴാ കണ്ണില്‍ നിറയെ
കപടതയെന്നവരാര്‍ക്കുന്നു...
തല്ലുകൊണ്ട് കണ്ണുനീരിറ്റുമ്പൊഴും
മുകളിലേക്കുറ്റവന്‍...
ആര്‍ത്താര്‍ത്ത് ചിരിക്കുന്നു...
ദൈവത്തോടവന് പുച്ഛം
മനുഷ്യനോടവനാരാധന...
പിതൃത്വമില്ലാ പിഞ്ചുമനസില്‍
മാതൃത്വവുമിന്നില്ല...
കൊതുകുകളാണവനെന്നും കൂട്ട്
നായ്ക്കളവന് സഹപാഠി...
കീറകുപ്പായത്തിനുള്ളില്‍
വാരിയെല്ലുകള്‍ തെളിയുമ്പോള്‍
വിരട്ടിയോട്ടും കുട്ടികളോടവനെന്നും
മനസില്‍ ഇഷ്ടം...
ചുമടുകളേറ്റി നടന്നു പിന്നെ
പാത്രം കഴുകിയിരുന്നു...
ചൂടുവെള്ളം മുഖത്തൊഴിച്ചൊരു
ഉടമയെ നോക്കി പടികളിറങ്ങി നടന്നു...
വിശപ്പുനീറും വേദനായായ
ദേഹം മുഴുവന്‍ പടരുമ്പോള്‍...
തെരുവിനെ മോഷ്ടാവെന്നൊരു പദവി
അറിയാതവനില്‍ വീഴുന്നു...
മുഷിഞ്ഞുനാറിയ വസ്ത്രം കണ്ട്
ഭ്രാന്തനെന്ന് വിളിക്കുമ്പോള്‍
കറുത്തിരുണ്ടൊരു പല്ലുകള്‍ കൊണ്ടവന്
ചിരിച്ചുകാട്ടി നടക്കുന്നു...
ഒട്ടിയ വയറിന് ചുളിവുകളില്‍
ഭൂപടങ്ങള്‍ തീര്‍ക്കും കാലം..
തൊലിക്കറുപ്പിന് മീതെ ചെളികള്‍
ഉരുണ്ടു കൂടും നേരം...
സഹാനുഭൂതിയില്‍ നോക്കുന്നവര്‍
വിരളമെങ്കിലും
വിധിയുടെ കരങ്ങളില്‍ നിന്ന്
വഴുതിമാറാതെയിന്നും
ഭ്രാന്തനായി തന്നെ...
വൃദ്ധനായവന്‍ ഊര്‍ന്നിറങ്ങുന്നു...
ആര്‍ദ്രമാക്കും കണ്ണുനീരില്‍
സാന്ദ്രത പേറുമാ വദനത്തില്‍
കുഴിഞ്ഞ മിഴിയില്‍
ഒട്ടിയ കവിള്‍ത്തടങ്ങളില്‍
നീറും നിശ്വാസത്തിന്
ചുടുനെടുവീര്‍പ്പുകളെന്നും ബാക്കി..