Wednesday, January 9, 2008

ജലരേഖകളുടെ വേഴ്ച


മിഴികളില്‍
ഒരു കടലൊളിച്ചിരിപ്പുണ്ട്‌...
ആയുസ്‌ മുഴുവന്‍ ഒഴുകിയാലും
തീരാത്തത്ര
മൃദുവായി...

മഴ
വിലാപം തന്നെയാണ്‌...
ഇടവേളകളിട്ട്‌
പെയ്ത്തോരുന്നത്‌
അവളുടെ വ്യഥയുടെ
കാഠിന്യത്തെ
മറയ്ക്കാനാവാം...

പുഴയുടെ
നദിയുടെ
കായലിന്റെ
കിണറിന്റെ
അവികസിത ഗര്‍ത്തങ്ങളിലേക്ക്‌
സ്വയം ചുരുങ്ങുകയാണ്‌
ഓരോ വര്‍ഷകാലവും...

തോരാതെ നില്‍ക്കാമെന്നും
കണ്‍മുന്നിലെ
കുളക്കരയില്‍
ഒപ്പം കുളിക്കാമെന്നും
പറഞ്ഞാണ്‌
ബാല്യകാലസഖിയായി
ഒപ്പം കൂടിയത്‌...
വിയര്‍പ്പായി,
നീരായി
കണ്ണുകളിലോ ദേഹത്തോ
പറ്റിപിടിച്ചിരുന്ന്‌
ഒറ്റയാക്കി പോകുമെന്ന്‌
കൗമാരത്തിലൊരു
മുന്നറിയിപ്പ്‌ തന്നിരുന്നു...
പതിവ്‌ തമാശകളുടെ കെട്ടഴിക്കും മുമ്പ്‌
യൗവനത്തിന്റെ പടി കയറി
മേഘങ്ങളെ കൂട്ടുപിടിച്ചവള്‍
ബാഷ്പമായി പോയിരുന്നു...

ഒരുപക്ഷേ..
ഇന്ന്‌
എന്റെ മണ്‍കൂനയില്‍
ആര്‍ത്തലച്ചു കരയുന്നുണ്ടാവും
അവള്‍..

Saturday, January 5, 2008

നര്‍മ്മത്തിന്റെ മറവില്‍ ഒളിഞ്ഞിരിക്കുന്ന ദൈന്യതയുമായി അധ്യാപകകഥകള്‍



നര്‍മ്മത്തിന്റെ ലാളിത്യത്തിന്റെ മറവില്‍ ദൈന്യതയാല്‍ വേദനിക്കുന്ന ഹൃദയങ്ങളെ പുറത്തെടുത്തിട്ട്‌ കാണിക്കുകയാണ്‌ അക്ബര്‍ കക്കട്ടിലിന്റെ അധ്യാപക കഥകള്‍. വാക്കുകളെ ആകെ പൊതിഞ്ഞിരിക്കുന്ന ഹാസ്യത്തിന്റെ മൊമ്പൊടി വായനക്കാരന്‍ വീണ്ടുമൊരിക്കല്‍ കൂടി സൂക്ഷ്മായി നിരീക്ഷിച്ചാല്‍ അതിലൊഴിളിഞ്ഞിരിക്കുന്ന ദയനീയതയുടെ ചിത്രം കാണാം. 'ധൃതിയില്‍ ഒരു ദിവസം' എന്ന കഥയുടെ പര്യവസാനം വായനക്കാരനെ ചിരിപ്പിക്കുകയാണോ ചിന്തിപ്പിക്കുകയാണോ എന്ന്‌ സ്വയം ചോദിച്ചുനോക്കിയാല്‍ ഇതിന്‌ ഉത്തരം ലഭിക്കും. അപ്രതീക്ഷിതമായി ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളിലൂടെ എഴുത്തുകാരന്‍ ഇവിടെ പറയാനുദ്ദേശിക്കുന്നതെന്താവും. ഒരു പക്ഷേ പൊരുത്തപ്പെടലുകളാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ വൈകാരികതലം എന്നു തന്നെയാവും. ഗ്രീഷ്മ എന്ന കഥാപാത്രം തന്റെ സ്വപ്നങ്ങളെ ലളിതവല്‍ക്കരിക്കുകയാണെന്ന്‌ സംശയമുണര്‍ത്തും വിധം കഥ മുന്നേറുമ്പോള്‍ അധ്യാപകനായ സുരേഷിന്റെ വ്യാകുലതകള്‍ ഹാസ്യാത്മകമായി അവസാനിക്കുന്നത്‌ വായനക്കാരനെ ആനന്ദിപ്പിക്കുകയല്ല മറിച്ച്‌ വേദനിപ്പിക്കുകയാണ്‌.
സമാഹാരത്തിലെ 30 കഥകളില്‍ 'ഇന്ന്‌ നമുക്ക്‌ റഷീദയെ കുറിച്ച്‌ ചിന്തിക്കാം' എന്ന കഥ വിസ്മയിപ്പിക്കുന്ന രചനാരീതിയാണ്‌ അവലംബിക്കുന്നത്‌. അപ്രതീക്ഷിതമായി ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ മനോഹാരിതയാണ്‌ ഇവിടെ കുറിച്ചിട്ടിരിക്കുന്നത്‌. കുസൃതിയായ വിദ്യാര്‍ത്ഥിനിയായിരുന്ന റഷീദയെ മോഹനെന്ന അധ്യാപകന്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം കണ്ടുമുട്ടുന്നതും അവര്‍ തമ്മിലുള്ള സംഭാഷണങ്ങളുമെല്ലാം കഥയുടെ ആഖ്യാനശൈലിയെ തന്നെ വ്യത്യസ്തമാക്കുന്നു. ഒരു പക്ഷേ അവസാനഭാഗത്തേക്ക്‌ കണ്ണുപായിക്കാന്‍ തോന്നുംവിധം പിരിമുറക്കമുണ്ടാക്കുന്നതാണ്‌ കഥയുടെ മുന്നോട്ടുള്ള യാത്ര.
"സ്ത്രീകള്‍ക്ക്‌ ആനൂകൂല്യങ്ങളും സ്വാതന്ത്ര്യങ്ങളും നേടാനേ കഴിയൂ അതൊന്നും അനുഭവിക്കാന്‍ ഭാഗ്യമില്ല" എന്ന്‌ വളരെ അനായാസമായി റഷീദ കഥയുടെ അവസാനഭാഗത്ത്‌ പറയുമ്പോഴാണ്‌ ഒരു ലളിതകഥയുടെ മുറുക്കമുള്ള ആഖ്യാനശൈലി വെളിപ്പെടുന്നത്‌. ആ വാക്കുകള്‍ക്ക്‌ തിരിച്ചറിയാനാവാത്ത വിധമൊരു അര്‍ത്ഥതലമുണ്ട്‌. അത്‌ കഥാകൃത്ത്‌ പറയാതെ പറയുകയെന്ന സങ്കേതം സ്വീകരിച്ചതായി തോന്നുമെങ്കിലും ഇവിടെ വെളിപ്പെടുന്നത്‌ കലാലയജീവിതമെന്നത്‌ വിസ്മരിക്കാനാവാത്ത ചില മുഹൂര്‍ത്തങ്ങളെ സമ്മാനിക്കുമെന്നും ഓര്‍മ്മകളില്‍ നിന്നും ഇടക്കെപ്പോഴൊക്കെയോ അത്‌ പുനര്‍ജനിക്കുമെന്നുമാണ്‌.
ഗ്രാമീണതയുടെ പശ്ചാത്തലഭംഗിയാണ്‌ അക്ബര്‍ കക്കട്ടിലിന്റെ അധ്യാപക കഥകളുടെ മറ്റൊരു പ്രത്യേകത. കലാലയജീവിതവുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന കഥാപാത്രങ്ങളുടെ മനസിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങിചെന്ന്‌ തന്നെയാണ്‌ ഓരോ കഥയും നമ്മോട്‌ സംവദിക്കുന്നത്‌. ഒന്നും സാങ്കല്‍പികമെന്ന്‌ തോന്നാത്തവിധം മനോഹരമാണ്‌ കഥയിലെ മിക്ക കഥാപാത്രങ്ങളുടെയും സ്വഭാവും വ്യക്തിത്വവും.
സമാഹാരത്തിലെ വളരെ രസകരമായ മറ്റൊരു കഥയാണ്‌ 'അക്ബര്‍മാഷ'്‌. ഒരു തെറ്റും ചെയ്യാതെ കുറ്റക്കാരനാവേണ്ടി വരുന്ന നിസഹായത അനുഭവിക്കുന്ന ഒരധ്യാപകന്റെ ആത്മസംഘര്‍ഷത്തിലൂടെയാണ്‌ ഈ കഥ പുരോഗമിക്കുന്നത്‌. നാട്ടുമ്പുറത്തെ അനാവശ്യ പരദൂഷണങ്ങള്‍ എങ്ങനെ ജീവിതത്തെ ബാധിക്കുന്ന വിധത്തില്‍ പരക്കുന്നുവെന്നതാണ്‌ ഇവിടെ മുഖ്യവിഷയമാകുന്നത്‌. ഒടുവില്‍ ചെയ്യാത്ത തെറ്റ്‌ സ്വയമേറ്റെടുക്കുന്നതിലൂടെ അക്ബര്‍മാഷ്‌ കുറ്റക്കാരനെന്ന്‌ മുദ്രകുത്തിയവരോട്‌ പ്രതികാരം തീര്‍ക്കുകയാണ്‌ ചെയ്യുന്നത്‌.
ഈ പുസ്തകത്തിലെ കഥകളില്‍ പ്രത്യക്ഷപ്പെടുന്ന പല മാഷമ്മാരും ഒറ്റ മാഷുടെ വകഭേദങ്ങളാണെന്ന്‌ അക്ബര്‍ കക്കട്ടില്‍ മുന്‍കുറിപ്പില്‍ വെളിപ്പെടുത്തിയിരിക്കുന്നു. എന്റെ തന്നെ പല വേഷങ്ങള്‍ എന്ന്‌ വ്യക്തമാക്കിയിരിക്കുന്ന അദ്ദേഹം ആത്മകഥ തിരിച്ചറിയാനുള്ള സൗകര്യത്തിനാണ്‌ അധ്യാപക കഥകള്‍ എന്ന്‌ നാമകരണം ചെയ്തിരിക്കുന്നതെന്നും പറയുന്നു. അതുകൊണ്ടെല്ലാം തന്നെ അനുഭവങ്ങളുടെ തീരാത്ത പെയ്ത്തുതന്നെയാണ്‌ ഈ കഥകളെല്ലാം.
സമാഹാരത്തിലെ എല്ലാ കഥകളും വ്യത്യസ്തങ്ങളായ അര്‍ത്ഥതലങ്ങള്‍ കൊണ്ട്‌ സമ്പന്നമാണ്‌. പ്യൂണ്‍ ബാലേട്ടന്‍, പരിമിതികള്‍, ഒരു പ്രതിസന്ധി, മരണാനന്തരസാധ്യതകള്‍, അണിയറ എന്നിങ്ങനെ എല്ലാ കഥാകളും ഒന്നിനൊന്ന്‌ അസ്വാദ്യകരമായി തീരുന്നു. മാതൃഭൂമി ബുക്സ്‌ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ പുതിയ പതിപ്പില്‍ കൂടുതല്‍ കഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
വില: 90 രൂപ