Thursday, September 27, 2007

അപരിചിത


സെന്‍ട്രല്‍ ലൈബ്രറിയിലെ വായനാമുറിയില്‍ വെച്ച്‌ മൂന്നാമത്തെ തവണയാണ്‌ ആ സ്ത്രീയെ കണ്ടുമുട്ടുന്നത്‌. ഒരു തട്ടം കണക്കെ സാരിതുമ്പ്‌ തലയിലിട്ട്‌ അവരാ പടികള്‍ കയറിവരുമ്പോള്‍ ഒരു മുസ്ലിം സ്ത്രീയാണെന്നാണ്‌ കരുതിയത്‌. അല്‍പമകലെയിരുന്ന്‌ ആഴ്ചപതിപ്പിലൂടെ കണ്ണോടിക്കുമ്പോള്‍ അറിയാതൊന്ന്‌ നോക്കി...അവരുടെ ബ്ലൗസിന്‌ മുകളിലൂടെ കിടക്കുന്ന വെളുത്ത മുത്തുകളുള്ള കൊന്ത കണ്ടു. അവര്‍ ഒരു ക്രിസ്ത്യാനിയാണെന്ന്‌ മനസ്‌ മാറ്റിയെഴുതി. സത്യത്തില്‍ മതമെന്റെ വിഷയമായിരുന്നില്ല. എന്നിട്ടും അവരുടെ മതമറിയാന്‍ ആകാംഷ തോന്നി. ചുറ്റിനുമുള്ള ആരൊക്കെയോ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും അവള്‍ പരിസരത്തെ കുറിച്ച്‌ തീരെ ബോധവതിയായിരുന്നില്ല.
വായനയുടെ താളം മുറുകിയപ്പോള്‍ ഞാനറിയാതെ അവരെ വിസ്മരിച്ചു.
പിറ്റേന്ന്‌ അവരിരുന്ന ഇരിപ്പിടം ശൂന്യമായിരുന്നു. വളരെ വിരസമായിത്തോന്നിയ അന്ന്‌ ഒന്നും വായിക്കാന്‍ തോന്നിയില്ല.
മിഠായിതെരുവിലെ തിരക്കിനിടയിലൂടെ ഊളിയിടുമ്പോള്‍ ഇനിയെങ്ങോട്ട്‌ പോകണമെന്ന ചിന്തയായിരുന്നു മനസില്‍. വെയില്‍ കുറഞ്ഞൊരു പകലായത്‌ കൊണ്ട്‌ കടപ്പുറത്തേക്ക്‌ നടന്നു. രണ്ടാംഗേറ്റിനടുത്തെത്തിയപ്പോള്‍ വല്ലാത്ത തിരക്കായിരുന്നു. വൈകിയെത്തിയ നേത്രാവതി ഇഴഞ്ഞുനീങ്ങുകയാണ്‌. ഓട്ടോറിക്ഷകളുടെ നീണ്ടനിര ആ പരിസരത്തെ അലോസരപ്പെടുത്തി. വണ്ടി പോയപ്പോള്‍ തിരക്കിനിടയിലൂടെ നടന്നു. ഇടക്ക്‌ മേഘങ്ങള്‍ വഴുതിമാറുമ്പോള്‍ എത്തിനോക്കുന്ന സൂര്യന്‍ തെല്ലൊന്ന്‌ വിഷമിപ്പിക്കുന്നുണ്ടെങ്കിലും ഈ പകലിനെയും കൊന്നേ തീരു എന്ന ചിന്ത നടത്തത്തിന്‌ ആക്കം കൂട്ടി.
കടപ്പുറത്ത്‌ തീരെ തിരക്ക്‌ കുറവായിരുന്നു. ചില പ്രണയികള്‍ വൃക്ഷത്തണലിലിരുന്ന്‌ സംസാരിക്കുന്നുണ്ട്‌. തട്ടുകടക്കാരുടെയും കടലവില്‍പനക്കാരുടെയുമെല്ലാം മുഖത്ത്‌ ആളില്ലാത്തതിന്റെ നിരാശ നിഴലിച്ച്‌ കിടക്കുന്നത്‌ കാണാം.
ഒരു തണല്‍ തേടിയുള്ള യാത്രയായിരുന്നു പിന്നീട്‌. ഇവിടെയെത്തുമ്പോള്‍ സാധാരണ ഇരിക്കാറുള്ളത്‌ കടല്‍പാലത്തിന്‌ സമീപത്താണ്‌. എതിരെ കടന്നുവരുന്ന കാറ്റിന്റെ ശബളിമയില്‍ അവിടെയെത്തിയതറിഞ്ഞില്ല. സ്വകാര്യത ഇഷ്ടപ്പെടുന്നവരില്‍ ചിലരെല്ലാം ദൂരങ്ങളുടെ വിടവ്‌ തീര്‍ത്ത്‌ കടലിനോട്‌ സല്ലപിക്കുന്നുണ്ടായിരുന്നു.
ഇരുന്ന്‌ നാലുപാടും കണ്ണുപായിക്കുന്നതിനിടയിലാണ്‌ ആ സ്ത്രീയെ കണ്ടത്‌. കൈയില്‍ ഒന്നു രണ്ടു പുസ്തകങ്ങളുമുണ്ടായിരുന്നു. കാറ്റ്‌ മുടിയിഴകളെ പറത്തി മുഖത്തേക്കിടുന്നത്‌ കൊണ്ടാവാം പാതി ചെരിച്ച്‌ വെച്ച കുട അവരുടെ തോളിലൂടെ ചാഞ്ഞുകിടന്നിരുന്നു. ആദ്യമെ കണ്ടപ്പോള്‍ മുതല്‍ ശ്രദ്ധിക്കുകയാണ്‌, ഒരു വികാരവുമില്ലാത്തൊരു മുഖം, ഭീതിപ്പെടുത്തുന്ന നിസംഗത. ഉള്ളിലൊരു കടലൊളിപ്പിച്ച്‌ മറ്റൊരു കടലിനോട്‌ കഥ പറയുന്നത്‌ പോലെ തോന്നി..
അവള്‍ക്കിഷ്ടപ്പെട്ട നിറം കറുപ്പായിരുന്നോ..? കണ്ടപ്പോഴെല്ലാം അവരുടെ ശരീരത്തോടൊട്ടി കിടന്നിരുന്നത്‌ കറുപ്പ്‌ സാരികളാണ്‌. അതില്‍ ചെറിയ പൂക്കളായി അലങ്കാരപണികള്‍ ചെയ്തിരുന്നു. നന്നായി വെളുത്ത ശരീരമായിരുന്നത്‌ കൊണ്ട്‌ തന്നെ ആ കറുപ്പ്‌ അവരില്‍ വല്ലാത്ത സൗന്ദര്യം ജ്വലിപ്പിച്ചിരുന്നു.
ഇത്തവണ കറുപ്പില്‍ നീലശംഖുപുഷ്പങ്ങളായിരുന്നു അവരുടെ സാരിയിലെ ഡിസൈന്‍. നേര്‍ത്ത വള്ളികളില്‍ പൂക്കള്‍ തൂങ്ങിയാടുന്നത്‌ പോലെ തോന്നിപ്പിച്ചു.
ലൈബ്രറിയിലെ ഒരു നിത്യസന്ദര്‍ശക എന്ന നിലയില്‍ ഏതെങ്കിലുമൊരു പുസ്കതത്തെ കുറിച്ച്‌ ചോദിച്ച്‌ പരിചയപ്പെടാവുന്നതേയുള്ളു. പക്ഷേ മനസില്‍ ഒരിക്കലുമില്ലാത്തൊരു മടി ആവരണം ചെയ്യുന്നത്‌ പോലെ തോന്നി. ദിവസവും കാണുന്ന നിരവധി പേരില്‍ ഒരാള്‍ മാത്രമാണിത്‌..അതും തന്നെക്കാള്‍ പത്ത്‌ വയസെങ്കിലും അധികമുള്ളൊരു സ്ത്രീ..പരിചയപ്പെട്ടാല്‍ തന്നെ എന്തിന്‌..? എന്നിലെ യുവത്വം എന്റെ ഭീരുത്വത്തെ അങ്ങനെടക്കം ചെയ്യാന്‍ ശ്രമിച്ചു..
തിരിച്ചു നടക്കുമ്പോഴെപ്പോഴോ ആ സ്ത്രീ മനസില്‍ നിന്ന്‌ വീണുപോയി...

രാവിലെ പത്രത്തിലൂടെ കണ്ണോടിച്ചു. ഇന്നത്തെ പരിപാടിയില്‍ നാലാമത്തെതില്‍ മനസും മിഴികളുമുടക്കി നിന്നു. രാവിലെ പതിനൊന്നിന്‌ ഐ എം എ ഹാളില്‍ സാഹിത്യസദസ്‌..
അവിടെയെത്തുമ്പോള്‍ ഹാളില്‍ പതിനഞ്ചോളം പേര്‍ മാത്രം. നോട്ടീസില്‍ പറഞ്ഞവരില്‍ ഭൂരിഭാഗവും എത്തിയിട്ടില്ല. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു ബാനര്‍ മാത്രം പുറകുവശത്തെ കര്‍ട്ടനില്‍ തൂങ്ങിയാടുന്നുണ്ട്‌. സ്വാഗതപ്രാസംഗികന്‍ തന്നെ വിരസതയിലേക്ക്‌ കൈപിടിച്ചു നടത്തി. പിന്നെ ഇരുന്നില്ല.

എല്‍ ഐ സി കോര്‍ണറില്‍ ബസിറങ്ങി കൂള്‍ ബാറിലേക്ക്‌ നടന്നു. ലൈംജ്യോൂസ്‌ വാങ്ങി വായിലേക്ക്‌ കമഴ്ത്തി. നൈറ്റ്‌ ഷിഫ്റ്റായതില്‍ പിന്നെയുള്ള ദുരിതങ്ങളാണിത്‌..വേറെ നാട്ടില്‍ നിന്ന്‌ വന്നുനില്‍ക്കുന്നതാവുമ്പോള്‍ പറയാതിരിക്കുന്നതാവും നല്ലത്‌..പകല്‍ ശാപമാകുന്നു..
വായനാമുറിയില്‍ അന്ന്‌ വളരെ കുറച്ച്‌ പേര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. പുതിയ ചില ആഴ്ചപതിപ്പുകള്‍ കണ്ടു അതിലൊന്നെടുത്ത്‌ സ്വയം ചുരുങ്ങി. ആ സ്ത്രീ വന്നത്‌ വായനയുടെ സുഖത്തില്‍ ഞാനറിഞ്ഞില്ല. മാതൃഭൂമി ആഴ്ചപതിപ്പിലെ ടി പി രാജീവന്‍ എഴുതുന്ന പാലേരി മാണിക്യം കൊലക്കേസ്‌ എന്ന നോവലിലായിരുന്നു കണ്ണും മനസും..വായിച്ച്‌ തീര്‍ത്ത്‌ ഒന്നു മൂരിനിവര്‍ന്നപ്പോഴാണ്‌ അവരെ കണ്ടത്‌..
ഒന്നുമറിയാത്ത ഭാവത്തില്‍ ആ സ്ത്രീ പുസ്തകം വായിക്കുന്നു. താളുകള്‍ക്കിടയിലൂടെ കയറ്റിവെച്ച വിരലുകളിലൊന്നില്‍ തിളങ്ങുന്ന ഒരു കൃഷ്ണന്റെ മോതിരം..
ഇവരിതേത്‌ മതക്കാരിയാണ്‌...
അല്ലെങ്കിലും കാഴ്ചയില്‍ മതമറിഞ്ഞിട്ടെന്തിനാണ്‌
പൂര്‍ണനഗ്നയായ ഒരു സ്ത്രീയെ നോക്കി ഏതു മതമാണെന്ന്‌ ഈ ലോകത്ത്‌ ആര്‍ക്ക്‌ പറയാനാകും? അടയാളങ്ങളാണ്‌ മനുഷ്യനെ മതത്തിനടിമയാക്കുന്നത്‌..എന്റെ ചിന്ത എന്നെ ഛിന്നഭിന്നമാക്കും മുമ്പ്‌ ഞാനതിനെ വഴിമാറ്റി വിട്ടു.
പക്ഷേ..അന്നും ആ സ്ത്രീയ പരിചയപ്പെടാന്‍ എന്നിലെ ഭീരുത്വം അനുവദിച്ചില്ല.
പിന്നീട്‌-
വൈ എം സി എ റോഡില്‍, റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത്‌, മൊഫ്യൂസല്‍ ബസ്റ്റാന്റില്‍, അരയിടത്ത്പാലത്തെ സമ്മേളനനഗരിയില്‍..നഗരത്തില്‍ ഞാന്‍ പോകാറിടത്തെല്ലാം അവരുമുണ്ടായിരുന്നു..
തീര്‍ത്തും നിസംഗയായ ആ സ്ത്രീ ഇതിലൊരു തവണ പോലും എന്നെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. പക്ഷേ ഇനിയൊരിക്കല്‍ കണ്ടുമുട്ടിയാല്‍ ഒരു വാക്കെങ്കിലും സംസാരിക്കണമെന്ന്‌ ഞാനുറച്ചു.
ഇതിനിടയില്‍ നാട്ടില്‍ പോകേണ്ടതായി വന്നു. ഒരാഴ്ചക്ക്‌ ശേഷമാണ്‌ തിരിച്ചുവന്നത്‌.
കോഴിക്കോട്ടെത്തിയ ശേഷം ഇടക്കിടെ ലൈബ്രറിയില്‍ എത്താറുണ്ടായിരുന്നെങ്കിലും ആ സ്ത്രീയെ മാത്രം കണ്ടില്ല. കണ്ടുമറന്ന അപരിചിതരെ പോലെ അവരെയും മനസില്‍ കുഴിച്ചുമൂടി.
മാതൃഭൂമി ആഴ്ചപതിപ്പില്‍ ഈയിടയായി അശ്ലീലം അമിതമാകുന്നുണ്ടെന്ന വായനക്കാരന്റെ പരാതിയിലേക്കൊന്ന്‌ കണ്ണുപായിച്ച്‌ അവിടെയിരുന്നു..കഥയിലും കവിതയിലും നോവലിലുമെല്ലാം അത്‌ അതിര്‍ത്തിലംഘിച്ച്‌ കിടക്കുകയാണെന്ന്‌ പരിവേദനവുമായി നിരവധി അസ്വാദകരുടെ കുറിപ്പുകള്‍..
ലൈബ്രറിയില്‍ നിന്ന്‌ പുറത്തേക്കിറങ്ങി വരുമ്പോള്‍ ആ സ്ത്രീ കയറിവരുന്നുണ്ടായിരുന്നു. കറുപ്പില്‍ വെളുത്ത പുള്ളികളുള്ള കോട്ടണ്‍സാരിയായിരുന്നു അവര്‍ ധരിച്ചിരുന്നത്‌.
തൊട്ടടുത്തെത്തിയപ്പോള്‍ ധൈര്യം സംഭരിച്ച്‌ ചോദിച്ചു.
എന്താ പേര്‌..
ഒരു നിമിഷം അവരെന്റെ മുഖത്തേക്ക്‌ നോക്കി. പിന്നെ നേര്‍ത്ത പുഞ്ചിരിയോടെ പറഞ്ഞു.
അരുന്ധതി.
മറ്റൊരു വാക്കു പോലുമുരിയാടാതെ നടന്നു പോകുകയും ചെയ്തു.
പകല്‍സമയത്തെ ശൂന്യതയില്‍ മാനാഞ്ചിറ മൈതാനിയില്‍ സ്വകാര്യം പറയുന്ന പരുന്തുകളെ നോക്കി മതിലിനരുകില്‍ നിന്നു. മനസില്‍ അരുന്ധതിയായിരുന്നു. അവരെ കുറിച്ച്‌ കൂടുതല്‍ അറിയണമെന്ന്‌ തോന്നി.
വീണ്ടും ലൈബ്രറി ഹാളിലേക്ക്‌ നടന്നു
അവരുടെയടുക്കേത്ത്‌ ചെന്നു.
കുറെ ചോദ്യങ്ങളുണ്ട്‌ മനസില്‍ ല്ലേ?
ഉം. ഞാന്‍ മൂളി
എല്ലാത്തിനും ഉത്തരം പ്രതീക്ഷിക്കരുത്‌
സമ്മതിച്ചു-ചിരിച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു.

എവിടെയാ വീട്‌...
അവര്‍ മെല്ലെ തലയാട്ടി
ബന്ധുക്കളൊക്കെ-
അതിനും അവര്‍ തലയാട്ടിയതേയുള്ളു
എന്താ ആ പുസ്തകം തിരിച്ചെത്തിക്കാത്തത്‌..അപ്രതീക്ഷിതമായ ആ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി..
എതു പുസ്തകം-ഞ്ഞാന്‍ ചോദിച്ചു
പത്മരാജന്റെ ഋതുഭേദങ്ങളുടെ പാരിതോഷികം..
വായിച്ചു തീര്‍ന്നില്ല...
അവള്‍ തലകുലുക്കി.

നമുക്ക്‌ പിരിയാം...പെട്ടന്നുള്ള അവരുടെ മറുപടി എന്നെ എറെ നിരാശനാക്കി.
തിരിച്ചു നടക്കുമ്പോള്‍ ഇനിയൊരിക്കലും കണ്ടുമുട്ടരുതേയെന്ന്‌ പ്രാര്‍ത്ഥിച്ചു. ഉള്ളില്‍ നിഗൂഡത ഒളിപ്പിക്കുന്നവനാണ്‌ ഞാന്‍..അത്തരത്തിലുള്ള ഒരാള്‍ക്ക്‌ എന്തിനാണ്‌ അതേ ഛായയുള്ള മറ്റൊരാളുടെ സൗഹൃദം...

മൂന്നാല്‌ ദിവസം ലൈബ്രറിയിലേക്ക്‌ പോയതേയില്ല.
ഇതിനിടയില്‍ എറണാകുളത്ത്‌ ജോലി ചെയ്യുന്ന കൂട്ടുകാരി വന്നിരുന്നു. അവളുടെ കൂടെ ഉച്ചഭക്ഷണം കഴിച്ച്‌ റെയില്‍വെസ്റ്റേഷനിലേക്ക്‌ പേകേണ്ടി വന്നു.
ലേഡീസ്‌ കമ്പാര്‍ട്ട്മെന്റിലെ തിരക്കിനിടയിലേക്ക്‌ അവള്‍ ഊളിയിട്ടപ്പോള്‍ വീണ്ടും സിമന്റുബെഞ്ചില്‍ വന്നിരുന്നു.
തീവണ്ടി താളം ഒപ്പിച്ചു ഒഴുകി നീങ്ങി..
ശൂന്യമായ ആ പ്ലാറ്റ്ഫോമില്‍ തന്നെയിരുന്നു.

സമയം അഞ്ചരയാകുന്നു..
ഇനി ഓഫിസിലേക്ക്‌
എഴുന്നേറ്റപ്പോഴേക്കും ദൂരെ നിന്നും മംഗള എക്സ്പ്രസിന്റെ ചൂളംവിളി കേട്ടു. അത്‌ സ്റ്റേഷനിലെത്തി നിന്നു. പെട്ടന്ന്‌ പ്ലാറ്റ്ഫോമില്‍ വല്ലാത്ത തിരക്കനുഭവപ്പെട്ടു.
പുറത്തേക്ക്‌ നടക്കുമ്പോള്‍ യാദൃശ്ചികമായി ഒരു കമ്പാര്‍ട്ട്മെന്റില്‍ ജനലിനോട്‌ ചേര്‍ന്ന്‌ അരുന്ധതി..നിസാമുദ്ദീന്‍ വരെ പോകുന്ന തീവണ്ടിയാണ്‌..ഒരു പക്ഷേ അവര്‍ ഈ നഗരം വിടുകയാവും..ആ ചിന്ത എന്റെ മനസില്‍ വല്ലാത്തൊരു നൊമ്പരം തീര്‍ത്തു..
കറുപ്പില്‍ ഇളംറോസ്‌ പൂക്കളുളള സാരിയുടുത്ത്‌ അരുന്ധതി...
ഓടിയാ ജാലകത്തിനടുത്തെത്തിയപ്പോഴേക്കും തീവണ്ടി മെല്ലെ ചലിച്ചു തുടങ്ങിയിരുന്നു. ഒന്നും പറയാതെ അവരെന്റെ മുഖത്തേക്ക്‌ തന്നെ നോക്കി നിന്നു.
ഞാന്‍ പോകുകയാണ്‌..ഇനിയൊരിക്കലും കാണില്ല..
വിറയാര്‍ന്ന ശബ്ദത്തില്‍ അവരത്‌ പറഞ്ഞ്‌ തീര്‍ത്തു.
പിന്നെ ഒന്നും മിണ്ടാതെ പുറത്തേ ബഹളത്തിലേക്ക്‌ നോക്കിയിരുന്നു.
എവിടെ ചെന്നാലും നീയുണ്ടായിരുന്നു..ഒരു നിഴലു പോലെ...ഒടുവില്‍ എന്നെ യാത്രയാക്കാനും നിനക്ക്‌ വരേണ്ടി വന്നു..ഒരു പക്ഷേ നിന്റെ നിയോഗം...പേര്‌ ചോദിക്കുന്നില്ല..അതറിഞ്ഞാല്‍ മനസില്‍ അത്‌ മാത്രമായി അവശേഷിക്കും..
പൊയ്ക്കൊള്ളു...
അവരുടെ മുത്തുമണികള്‍ കിലുങ്ങുന്ന ശബ്ദം അകന്നകന്നു പോകുന്നതറിഞ്ഞു.

അല്‍പം ദൂരത്തെത്തിയപ്പോള്‍ അരുന്ധതി വാതില്‍ക്കലെത്തി കൈവീശി കാണിച്ചു.ഞാന്‍ തിരിച്ചും..

Thursday, September 13, 2007

മൂന്നു കവിതകള്‍


എലി

തുരന്ന്‌ തുരന്ന്‌
ഹൃദയം തീര്‍ത്തു...
സ്നേഹത്തിന്റെ രുചി പറയാതെ
ഒളിവില്‍ പോയിട്ടും
വെറുപ്പ്‌ തോന്നിയില്ല...

എന്റെ പതുപതുത്ത
കാലുള്ള
സ്വപ്നങ്ങളുടെ ഇരയല്ലേ നീ...

പൂച്ച

നിന്റെ ശരീരത്തിന്റെ ഇരമ്പലില്‍
എന്റെ സമയത്തിന്റെ മഷി പുരളുന്നുണ്ട്‌...

തിളങ്ങുന്ന കണ്ണുകളുള്ള മീന്‍തല
കിണ്ണത്തിലെ പാല്‌...
തൈര്‌...

രാത്രിയുടെ മറവില്ലാതെ തന്നെ
മോഷ്ടിച്ചു കൊണ്ടിരിക്കുന്നു....

കാക്ക
അഴുക്ക്‌ തിന്നിട്ടും
നിന്നെക്കാള്‍ ആയുസുണ്ടെനിക്ക്‌...
നല്ലതും ചീത്തയുമെന്ന്‌
വേര്‍തിരിച്ചിട്ടും...
നീ
സ്വാര്‍ത്ഥത വിഴുങ്ങി മരിക്കുന്നു

Monday, September 10, 2007

നീലിമ എവിടെയാണ്‌...?


വഴിയമ്പലത്തില്‍ വെച്ച്‌ എന്നും അയാളെ അവള്‍ കണ്ടുമുട്ടുമായിരുന്നു.
വെറ്റില കറ പുരണ്ട പല്ലുകള്‍ കാട്ടി അയാള്‍ എന്നും പൊട്ടിചിരിക്കും. മുഖത്തെ മാംസങ്ങള്‍ ചുക്കിചുളിഞ്ഞു തുടങ്ങിയിരിക്കുന്നു...കണ്ണുകളില്‍ ആര്‍ക്കും വായിച്ചെടുക്കാവുന്ന നിഷ്കളങ്കത എന്നിട്ടും അയാളില്‍ അവശേഷിച്ചിരുന്നു..
മഴ തോര്‍ന്ന ഒരു പകലിലാണ്‌ അയാള്‍ അവള്‍ക്ക്‌ നക്ഷത്രങ്ങളെ കുറിച്ചുള്ള കഥ പറഞ്ഞുകൊടുത്തത്‌..
എന്നും മാനത്ത്‌ സസൂക്ഷ്മം നിരീക്ഷിക്കാറുള്ള ചില നക്ഷത്രങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന ഐതിഹ്യങ്ങളെ പറ്റിയും മറ്റും അയാള്‍ വാ തോരാതെ സംസാരിക്കുന്നത്‌ കേള്‍ക്കുമ്പോള്‍ വല്ലാത്ത കൊതി തോന്നും.

പത്താം ക്ലാസിലെത്തിയതോടെ അവളുടെ വഴിയമ്പലത്തിലേക്കുള്ള യാത്ര ചുരുങ്ങി. എങ്കിലും ഇടക്കൊക്കെ അമ്മയുടെ കണ്ണുവെട്ടിച്ച്‌ അവള്‍ അവിടെയെത്തുമായിരുന്നു.
ചില ദിവസം അയാളെ കാണുമ്പോള്‍ വല്ലാത്ത മനപ്രയാസം തോന്നും.
ക്ഷേത്രത്തില്‍ പോയി മടങ്ങിവന്ന ഒരു സായന്തനത്തിലാണ്‌ അമ്മ പറഞ്ഞത്‌..
"ആ കിഴവന്റെ നോട്ടം കണ്ടോ..
പെണ്ണുങ്ങളെ കാണാത്ത പോലെ..."

പാവം തോന്നി. അയാള്‍ തന്നെയാണ്‌ നോക്കുന്നതെന്നും കുറെ ദിവസമായി കാണാത്തതിന്റെ സങ്കടമാണ്‌ ആ മുഖത്ത്‌ കാണുന്നതെന്നും ബോധ്യമായി...

പിറ്റേന്ന്‌ കണ്ടപ്പോള്‍ അവള്‍ അയാള്‍ക്ക്‌ ഒരു മയില്‍പീലി നീട്ടി...
അതു വാങ്ങിക്കുമ്പോള്‍ അയാള്‍ പറഞ്ഞു..പാവം ആണ്‍മയില്‍...
ലോകത്ത്‌ ആണ്‍വര്‍ഗത്തിനാണ്‌ ദൈവം കൂടുതല്‍ സൗന്ദര്യം നല്‍കിയിരിക്കുന്നത്‌ മൃഗമായാലും..മനുഷ്യനായാലും..
ഒപ്പം ചിരിക്കുമ്പോഴും അത്‌ ശരിയാണോയെന്ന്‌ അവള്‍ ചിന്തിക്കുകയായിരുന്നു...
സിഹം, പുലി, കോഴി..എന്നിങ്ങനെ എല്ലാത്തിനും ആണ്‍വര്‍ഗത്തിനാണ്‌ ഭംഗി..ചിന്തകള്‍ക്കൊടുവില്‍ അവള്‍ സമ്മതിച്ചു..

അയാളുടെ അഭിപ്രായങ്ങളോടെല്ലാം അവള്‍ യോജിച്ചുകൊണ്ടിരുന്നു...
്നമുക്കൊരു യാത്ര പോയാലോ...കാടും പുഴകളും ഒക്കെ കണ്ട്‌...
ഉം..അവള്‍ തലയാട്ടി...

നീലിമ..ഇന്നെവിടെയാണ്‌..?
ചോദ്യങ്ങള്‍ക്കൊടുവില്‍ അവളുടെ നോട്ടുബുക്കില്‍ നിന്നും ഒരു കുറിപ്പ്‌ കിട്ടി..

ഞാന്‍ പോകുകയാണ്‌..കാടും പുഴയും മലകളും ഒക്കെ കാണാന്‍...
ഫ്ലാറ്റില്‍ നിന്നും കരച്ചിലുയരുമ്പോള്‍ അവള്‍ അയാളോടൊപ്പം പുഴയുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു...

Saturday, September 1, 2007

ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി


ശാന്തി ആശുപത്രിയിലെ നൂറ്റി പതിമൂന്നാം നമ്പര്‍ മുറിയില്‍ മരണത്തിന്റെ വരവും കാത്ത്‌ കിടക്കുമ്പോള്‍ ഓര്‍മ്മ വന്നത്‌ അവളെയാണ്‌, ജൂലിയ സൈമണെ
ഇതേ മുറിയില്‍ ഇതേ കിടക്കയില്‍...അന്നവളും..
പക്ഷേ ആ മുഖത്ത്‌ ഭീതിയുടെ ഒരു നിഴലുപോലുമുണ്ടായിരുന്നില്ല. തളര്‍ന്നവശയായിട്ടും ഒബ്സര്‍വേഷന്‍ വാര്‍ഡില്‍ നിന്നും തനിയെ നടന്ന്‌ ഈ മുറിയിലെത്തുമ്പോള്‍ പോലും ജൂലിയയുടെ ചുണ്ടില്‍ നിന്നും പുഞ്ചിരി മാഞ്ഞിരുന്നില്ല.

പ്രദുല്‍...
ഞാനിവിടെയുണ്ട്‌. തിരക്കില്ലെങ്കില്‍ മാത്രം വരിക.
ഒരു മെസേജ്‌ മാത്രം..
ഒരു പക്ഷേ വിളിച്ചാല്‍ ശബ്ദം വിറങ്ങലിച്ചുപോകുമോയെന്നവള്‍ ഭയപ്പെട്ടിരിക്കാം.
ലിഫ്റ്റിന്‌ കാത്തുനില്‍ക്കാതെ പടികള്‍ കയറി കിതച്ചുകൊണ്ട്‌ മുറിയിലെത്തുമ്പോള്‍ ഒരു ചെറുചിരിയോടെ കിടക്കുകയാണവള്‍.
പ്രദുല്‍...
നിന്റെ മുഖം കണ്ടിട്ട്‌ ചോദിക്കുവാ..
പേടിയുണ്ടോ നിനക്ക്‌. അതും എനിക്കില്ലാത്തൊരു പേടി
ഭയപ്പെടണ്ട..അബോര്‍ഷനല്ല..
അതു പറഞ്ഞവള്‍ പൊട്ടിചിരിക്കുന്നത്‌ കണ്ടു.
പഴയ...
അവനത്‌ പൂര്‍ത്തിയാക്കുന്നതിന്‌ മുമ്പെ അവള്‍ തലകുലുക്കി.
പപ്പ വന്നില്ലേ?
ആര്‌..സൈമണ്‍ പീറ്ററോ? അയാള്‍ വിദേശ ടൂറിലാ. പണം..പിന്നെ സ്ത്രീശരീരം ഇതിനപ്പുറം മറ്റൊന്നും വേണ്ട അയാള്‍ക്ക്‌.
അത്‌ പറഞ്ഞവള്‍ മുറിയുടെ മൂലയിലേക്ക്‌ നോക്കി ഒരു ഭ്രാന്തിയെ പോലെ ചിരിച്ചു.

ജൂലിയാ..നിനക്ക്‌ വിശക്കുന്നില്ലേ?
ഉണ്ട്‌
ദാ ആ ബാഗില്‍ പൈസയുണ്ട്‌. നീ പോയി വാ...
ടാ..തെമ്മാടി. നിനക്ക്‌ ശല്യമായോ ഞാന്‍..ആയാലും കുഴപ്പമില്ല നീയെന്റെ ആരുമല്ലല്ലോ

പടികളിറങ്ങി നടക്കുമ്പോള്‍ മനസില്‍ ജൂലിയ മാത്രമായിരുന്നു. ഒരിക്കലും അവളെയൊന്നു മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല.എപ്പോഴും മുഖത്ത്‌ പുഞ്ചിരിയുമായി നടക്കുന്ന അവളെ മനസിലാക്കാന്‍ ശ്രമിച്ചില്ല എന്നതാണ്‌ മറ്റൊരു യാഥാര്‍ത്ഥ്യം.
ഒരിക്കല്‍ യാദൃശ്ചികമായി അവളുടെ ബയോഡാറ്റ കാണാനിടയായത്‌ ഓര്‍മ്മയുണ്ട്‌..ആരോടും പറയാതെ അന്നൊരു സെപ്റ്റംബര്‍ 25ന്‌ അവള്‍ക്കൊരു സമ്മാനപൊതി വാങ്ങി..ഓഫിസിലെത്തി...
വിസിറ്റിംഗ്‌ റൂമില്‍ ഇരിക്കുമ്പോള്‍ മനസില്‍ നിറയെ അവളുടെ മുഖമായിരുന്നു..ഒരു സര്‍പ്രൈസ്‌ അത്രയെ കരുതിയുള്ളു...
ചിരിച്ചുകൊണ്ടോടി വന്നു.
ഹാപ്പി ബര്‍ത്ത്ഡേ ജൂലിയാ
സമ്മാനപൊതി നീട്ടിയപ്പോള്‍ അവളുടെ മുഖത്തെ പുഞ്ചിരി മായുന്നത്‌ കണ്ടു.
പ്രദുല്‍...നമുക്കൊരിടം വരെ പോകാം.
പൊതി വാങ്ങാതെ അവള്‍ പുറത്തേക്ക്‌ നടന്നു.അനുസരണയുള്ള കുട്ടിയെ പോലെ ഞാനും.
കയറ്‌..
കൈനറ്റിക്‌ സ്റ്റാര്‍ട്ടാക്കി അവള്‍ പറഞ്ഞു.

സെന്റ്‌ ജോസഫ്‌ ഓര്‍ത്തഡോക്സ്‌ പള്ളിക്ക്‌ മുമ്പില്‍ വണ്ടി നിര്‍ത്തി അവള്‍ ഇറങ്ങി.
സെമിത്തേരി വരെ അവളെ അനുഗമിച്ചു
കറുത്ത മാര്‍ബിള്‍ കൂടാരത്തിന്‌ മുമ്പില്‍ മുട്ടുകുത്തിയിരുന്നവള്‍ മിഴികള്‍ പൂട്ടി
ആനിസൈമണ്‍...
ആ ശവകൂടിരത്തിന്‌ മുന്നില്‍ നില്‍ക്കുമ്പോള്‍ മാത്രമാണ്‌ ജൂലിയക്ക്‌ അമ്മയില്ല എന്ന യാഥാര്‍ത്ഥ്യം മനസിലായത്‌.
പ്രദുല്‍...
നിന്നെ ഇത്രയും ദൂരം കൊണ്ടുവന്ന്‌ ശല്യപ്പെടുത്തിയതിന്‌ മാപ്പ്‌...
ഇനിയാ സമ്മാനം താ
ഇതു വാങ്ങുമ്പോള്‍ മമ്മിയെങ്കിലും സാക്ഷിയാവണമെന്ന്‌ കരുതി ഞാന്‍.
ആദ്യമായാണ്‌ ഞാന്‍ പിറന്നാള്‍ സമ്മാനം വാങ്ങുന്നത്‌. കാരണം മറ്റൊന്നും കൊണ്ടല്ല മമ്മി മരിച്ചതും ഞാന്‍ ജനിച്ചതും ഒരു ദിവസമായിരുന്നു...
ആ പൊതി വാങ്ങി അവള്‍ പൊട്ടിചിരിച്ചുകൊണ്ട്‌ പറഞ്ഞു
സര്‍പ്രൈസ്‌ ല്ലേ ?
അറിയാതെ ഒരിറ്റ്‌ കണ്ണുനീര്‍ എന്റെ കവിളിനെ നനയിക്കുന്നതറിഞ്ഞു.അവള്‍ അതുകണ്ടില്ലെന്ന മട്ടില്‍ നടന്നുനീങ്ങി.

പഴങ്ങളും ജ്യൂസുമൊക്കെയായി മുറിയിലെത്തുമ്പോള്‍ അവള്‍ മിഴികള്‍ പൂട്ടികിടക്കുകയായിരുന്നു.
ജൂലിയാ..
വിളിച്ചപ്പോള്‍ അവള്‍ എഴുന്നേറ്റിരുന്നു
ഓറഞ്ചിന്റെ തൊലികളഞ്ഞ്‌ ഓരോ അല്ലിയായി അവള്‍ക്ക്‌ കൊടുത്തു
പ്രദുല്‍..
നീയെന്നെ ഒരു രോഗിയാക്കല്ലേടാ
ഒന്നും പറയാതെ അവളുടെ മുഖത്തേക്ക്‌ നോക്കി കുറെ നേരമിരുന്നു.

ഞാന്‍ ശാലൂനെ വിളിക്കെട്ടെ
എന്തിന്‌? അവളുടെ മറുപടി.
രാത്രി...ഒറ്റക്കിവിടെ
പ്രദുല്‍, ഇന്ന്‌ നീയിവിടെ നില്‍ക്ക്‌..നാളെ എന്താ ചെയ്യുകാന്ന്‌ അപ്പോള്‍ തീരുമാനിക്കാം. ഞാന്‍ നേരത്തെ പറഞ്ഞില്ലേ. ഇന്ന്‌ നീയെന്നെ സഹിച്ചേ തീരൂ
ഉം. അവന്‍ മൂളി.

ഉയരമേറിയ ജാലകത്തിലൂടെ താഴെ കളിക്കുന്ന കുട്ടികളെ കണ്ടു. ബാല്യത്തിന്റെ ഓര്‍മ്മ മനസിലേക്കോടിയെത്തി. ജൂവനെയില്‍ ഹോമിലെ ദിവസങ്ങള്‍ക്ക്‌ ഒരു വല്ലാത്ത സുഖമുണ്ടായിരുന്നു. പഠനം, ആഘോഷങ്ങള്‍, സുഹൃത്തുക്കളുമൊത്ത്‌ താമസിക്കാനുള്ള ഭാഗ്യം. സത്യത്തില്‍ അപൂര്‍വം പേര്‍ക്കല്ലേ ഇങ്ങനെയൊരു അവസരം കിട്ടൂ
അവന്റെ മനസിലൂടെ ചിന്തകള്‍ മിന്നിമാഞ്ഞു...

പ്രദുല്‍...
നിനക്ക്‌ ബോറടിക്കുന്നുണ്ടാവും ല്ലേ?
ഇല്ല
ജൂലിയാ..ഞാനൊരു കാര്യം ചോദിച്ചോട്ടെ...?
ചോദിച്ചോളൂ. പക്ഷേ ആവശ്യമില്ലാത്തതിനൊന്നും ഉത്തരം തരില്ലാ ട്ടോ
പപ്പയോടെന്താ ഇത്ര വെറുപ്പ്‌?
മമ്മക്ക്‌ വെറുപ്പായിരുന്നു. മമ്മ പോയപ്പോള്‍ ആ വെറുപ്പ്‌ എനിക്ക്‌ പകര്‍ന്നുകിട്ടി. അതുമാത്രമല്ല, മദ്യത്തിന്റെ ലഹരിയില്‍ മകളെ കാമിക്കാന്‍ വരുന്ന പിതാവിനോട്‌ നീയൊരു പെണ്ണാണെങ്കില്‍ വെറുപ്പ്‌ തോന്നില്ലേ? ല്ലേ?

മമ്മക്കെന്തിനായിരുന്നു പപ്പയോട്‌ വെറുപ്പ്‌?
ജീവിതം തകര്‍ത്ത ഒരാളോട്‌ ഒരു പെണ്‍കുട്ടിക്ക്‌ വെറുപ്പ്‌ തോന്നില്ലേടാ.അത്‌ തന്നെ
മമ്മയെ പപ്പയെ കൊണ്ട്‌ ബലമായി വിവാഹം കഴിപ്പിച്ചതാണ്‌..ഒരു മാലാഖക്കുട്ടിയെ പോലെ സുന്ദരിയായ ആനി ഫിലിപ്പിനോട്‌ സൈമണ്‍ പീറ്ററിന്‌ തോന്നിയ ആര്‍ത്തി. കണ്ടപ്പോഴെ ഇഷ്ടമായി. കല്യാണം കഴിക്കാനൊന്നുമല്ലാ ട്ടോ..ഒരു ദിവസമെങ്കിലും കിടപ്പറ പങ്കിടാന്‍...
ഒടുവില്‍ എസ്റ്റേറ്റ്‌ ബംഗ്ലാവിലെ ഒരു മുറിയിലിട്ട്‌ പപ്പ മമ്മയെ പിച്ചിചീന്തി.എതിര്‍ക്കാന്‍ പറ്റുന്നിടത്തോളം മമ്മ പിടിച്ചുനിന്നു.പക്ഷേ വിജയം അയാള്‍ക്കായിരുന്നു.

മമ്മയാകെ തളര്‍ന്നുപോയ നാളുകള്‍.മമ്മയുടെ കാമുകന്‍ ക്രിസ്റ്റഫറുമായി ഉറപ്പിച്ച വിവാഹം മുടങ്ങി. പിന്നെ പള്ളിയില്‍ വെച്ച്‌ ചര്‍ച്ച.പക്ഷേ പുറത്തറിയാതെ പപ്പയെ കൊണ്ട്‌ തന്നെ മമ്മയെ വിവാഹം കഴിപ്പിക്കാനുള്ള അവസാനശ്രമവും പാളി..കോമ്പന്‍സേഷന്‍ തരാമെന്ന്‌ പറഞ്ഞ്‌ ഒഴിവാകാനുള്ള പപ്പയുടെ ശ്രമവും നടന്നില്ല.പിന്നീട്‌ ആരൊക്കെയോ ചേര്‍ന്ന്‌ ബലമായി തന്നെ ആ വിവാഹം നടത്തി.അന്ന്‌ മമ്മയുടെ വയറ്റില്‍ ജൂലിയയുടെ പ്രായം മൂന്ന്‌ മാസം

നല്ല രസമുള്ള കഥ..ല്ലേ പ്രദുല്‍
ഒരു ബലാത്സംഗത്തിന്റെ ബാക്കി പത്രമാണ്‌ ഈ നീണ്ടുനിവര്‍ന്നു കിടക്കുന്നത്‌
നിനക്ക്‌ സഹതാപം തോന്നുന്നുണ്ടോ എന്നോട്‌..?
ഉം..
എനിക്കറിയാം നീ സെന്‍സിറ്റീവാ
ഒരിക്കല്‍ പപ്പയൊരു കോള്‍ഗേളുമായി വീട്ടില്‍ വന്നിരുന്നു. മൂന്നാല്‌ വീടില്ലേ സൈമണ്‍ പീറ്ററിന്‌..എന്തിനാ ഇങ്ങോട്ട്‌ തന്നെ കെട്ടിയെടുത്തതെന്ന്‌ ചോദിച്ചു
ഇതാണ്‌ ജൂലിയയുടെ പുതിയ മമ്മി,പപ്പയുടെ മറുപടി.
എത്ര രൂപ കൊടുത്തു ഈ പീസിന്‌.മുഖവും മുലയും ചന്തിയും വെച്ച്‌ നോക്കുമ്പോള്‍ ഒരു രാത്രിക്ക്‌ പതിനായിരമെങ്കിലും വേണ്ടി വരും ല്ലേ പപ്പാ
എന്റെ ചോദ്യം കേട്ട്‌ പപ്പ അലറിക്കൊണ്ട്‌ പാഞ്ഞു വന്നു.

കൊല്ലും ഞാന്‍ നിന്നെ...
പപ്പാ പ്ലീസ്‌ പപ്പാ...നിങ്ങളെന്റെ മുന്നില്‍ വരരുത്‌. എനിക്ക്‌ വെറുപ്പാ നിങ്ങളോട്‌...അത്‌ ഒരിക്കലും മാറില്ലാ...
എന്റെ വാക്കുകള്‍ കേട്ട്‌ പപ്പയാ സ്ത്രീയെയും കൂട്ടി ഇറങ്ങിപ്പോയി.
അങ്ങനെയൊക്കെ പറയേണ്ടി വന്നതില്‍ പിന്നീട്‌ ദുഖം തോന്നിയിട്ടുണ്ട്‌.പക്ഷേ..,
പ്രദുല്‍ എന്റെ മമ്മ മതിയായ ചികിത്സ കിട്ടാതെയാ മരിച്ചത്‌. അതിന്‌ കാരണം അയാളാ, പറയ്‌ നീ പറ..ഞാന്‍ ചെയ്തത്‌ തെറ്റാണോ?

ജൂലിയാ...
ഇല്ലടാ നീയാണ്‌ ശരി.
ഞാന്‍ അമലിനെ വിവരമറിയിക്കെട്ടെ..
പ്രദുല്‍..നീയെന്റെ കൂട്ടുകാരനാണ്‌...പക്ഷേ അവന്‍ അവനങ്ങനെയല്ല.മനസില്‍ പ്രണയവുമായി നടക്കുകയാണവന്‍.
ഇവിടെ വന്നാല്‍ എന്നെ ഈയവസ്ഥയില്‍ കണ്ടാല്‍ അവന്‌ സങ്കടാകും...
ജൂലിയയെ ഒരുപാടിഷ്ടമാണവന്‌...പക്ഷേ അറിഞ്ഞിട്ടും എന്തേ...ഒരിറ്റ്‌ സ്നേഹം തിരിച്ചുനല്‍കിയില്ല...
പ്രദുല്‍...മോഹങ്ങള്‍ കുത്തിനിറക്കാന്‍ പറ്റിയൊരു മനസല്ലാ എന്റേത്‌...ഇപ്പോ തന്നെ എന്തിനാണ്‌ ഞാനിവിടെ അഡ്മിറ്റായതെന്ന്‌ നിനക്കറിയോ..മേറ്റ്വിടെയെങ്കിലും തളര്‍ന്നുവീണ്‌ മരിക്കാതിരിക്കാന്‍...

പള്ളിയിലെ കുടിശികയൊക്കെ തീര്‍ത്തു...ശവപ്പെട്ടിക്ക്‌ അളവെടുത്ത്‌ വിലയും പറഞ്ഞുവെച്ചു...പിന്നെ കുറെ പണമെടുത്ത്‌ ബാഗിലിട്ടു...എന്നെ കൊണ്ട്‌ ആര്‍ക്കും ഒരു ശല്യമാകാന്‍ പാടില്ലല്ലോ...?
ഏറിപോയാല്‍ ഒരാഴ്ച...
ജൂലിയാ...നീയെന്തൊക്കെ ഭ്രാന്താ ഈ പറയുന്നത്‌...ഞാനിപ്പോ പോകും ട്ടോ...

പ്രദുല്‍...
ജൂലിയ തമാശ പറഞ്ഞ്‌ കളിക്കാറില്ല...അര്‍ബുദം കാര്‍ന്നുതിന്നുന്നത്‌ എന്റെ ആത്മവിനെയല്ല...മറിച്ച്‌ മോഹങ്ങളെയാണ്‌...പക്ഷേ കരയാന്‍ ജൂലിയക്ക്‌ മനസില്ല...
ജൂലിയാ...
ഓരോന്ന്‌ ആലോചിക്കാതെ നീയൊന്നു മയങ്ങ്‌...
ഉം..അവള്‍ മൂളി...

ഡോക്ടറുടെ ശീതികരിച്ച മുറിയിലിരിക്കുമ്പോള്‍ പ്രദുല്‍ വിയര്‍ത്തു..
ഏതു നിമിഷവും അവള്‍ മരിച്ചേക്കാം..
അറിയിക്കാനുള്ളവരെയൊക്കെ അറിയിക്കാം...ആ കുട്ടിക്ക്‌ അങ്ങനെയാരുമില്ലെന്ന്‌ തോന്നുന്നു ല്ലേ..?
അതേ..
ഡോക്ടറുടെ വാക്കുകളില്‍ ചിലത്‌ അവിശ്വസനീയമായി തോന്നി...
അവളെ കണ്ടാല്‍ അങ്ങനെയൊന്നും തോന്നില്ലല്ലോ..
ഇടക്ക്‌ വല്ലാതെ സംസാരിക്കും..പിന്നെ നിശബ്ദമാകും...ഇതൊക്കെ ഈ രോഗത്തിന്റെ സിമ്പ്റ്റമ്പ്സാണ്‌...ഇവിടെയുണ്ടാവണം...പറ്റിയാല്‍ പ്രദുലിന്റെ വീട്ടില്‍ നിന്നും ആരെയെങ്കിലുമൊക്കെ കൊണ്ടു വന്നു നിര്‍ത്തണം...താനൊറ്റക്കല്ലെന്ന ആശങ്ക അവളില്‍ നിന്നു മാറ്റാനെങ്കിലും...
ഡോക്ടറോട്‌ വല്ലാത്ത ദേഷ്യം തോന്നി..
എന്തു ലാഘവത്തോടെയാണ്‌ അയാള്‍ പറയുന്നത്‌...അവള്‍ മരിക്കുമെത്രെ...ഈ ലോകം കീഴടക്കിയ മനുഷ്യന്‍ അര്‍ബുദത്തോടെന്തെ..തോല്‍ക്കുന്നു...

പകലിലെ ജൂലിയെയായിരുന്നില്ല രാത്രി കണ്ടത്‌...
വല്ലാതെ തളര്‍ന്ന്‌ കിടന്നു അവള്‍. വേദന മാറാനുള്ള ഗുളികള്‍ ഇടക്കിടെ നഴ്സുമാര്‍ നല്‍കി മടങ്ങി...പൊടിയരി കഞ്ഞി സ്പൂണില്‍ കോരി അവളുടെ ചുണ്ടുകളില്‍ വെച്ചുകൊടുത്തപ്പോള്‍ ആ കണ്ണുകളില്‍ നിന്നും ഉപ്പുതുള്ളികള്‍ ഊര്‍ന്നിറങ്ങുന്നത്‌ കണ്ടു...ഒരിക്കലും അവളൊന്നു വിതുമ്പുന്നത്‌ കാണാന്‍ കഴിഞ്ഞിട്ടില്ല...പക്ഷേ ഇപ്പോള്‍...
ബാഗില്‍ നിന്നും ഷാളെടുത്ത്‌ പുതപ്പിച്ചു...അടുത്ത ബെഡ്ഡില്‍ പോയിരുന്നു...അവളിലേക്ക്‌ തന്നെ മിഴികളൂന്നി കുറെ നേരമിരുന്നു...
ഒരു പക്ഷേ അവളിപ്പോള്‍ ഇവിടെ നിന്നും സഞ്ചരിച്ചുകൊണ്ടിരിക്കുകയാവും. ചിന്തകളോട്‌ ആദ്യമായി വെറുപ്പ്‌ തോന്നി..

നേരം വെളുക്കുമ്പോള്‍ ജൂലിയ നിശ്ചലയായിരുന്നു...
ആരൊക്കെയെ വന്നു...മരവിച്ച ശവശരീരം എടുത്ത്‌ കൊണ്ടുപോയി ആംബുലന്‍സില്‍ കയറ്റിതന്നു...
പള്ളിയിലെത്തുമ്പോഴേക്കും ആരൊക്കെയോ വന്നു.ഉച്ചയോടെ ജൂലിയ മണ്ണിനടിയിലായി.അര്‍ബുദത്തോട്‌ തോറ്റ എന്റെ മൂന്നാമത്തെ സൗഹൃദം.
കരയാനേ തോന്നിയില്ല...ഉള്ളില്‍ പകയായിരുന്നു...ആരോടൊക്കെയോ...
അമലും ശാലിനിയും വന്നു..
നിനക്കൊന്ന്‌ കരഞ്ഞൂടേ..നിന്റെ കൂട്ടുകാരിയല്ലേ അവള്‍,
പിടിച്ചുകുലുക്കി കൊണ്ട്‌ ശാലു ചോദിച്ചതോര്‍മ്മയുണ്ട്‌.
അമലിന്റെ മുഖത്ത്‌ ഒരിക്കലും കാണാത്ത നിസംഗതയായിരുന്നു അപ്പോള്‍...

നൂറ്റി പതിമൂന്നാം നമ്പര്‍ മുറിയോട്‌ അന്ന്‌ വിടപറഞ്ഞകന്നത്‌ അന്നാണ്‌. പക്ഷേ ഇവിടെ തന്നെ വീണ്ടും കാലം തന്നെകൊണ്ടെത്തിച്ചിരിക്കുന്നു..ജൂലിയ മരിച്ച ദിവസം സിസ്റ്റര്‍ എലിസബത്ത്‌ പറഞ്ഞതോര്‍മ്മയുണ്ട്‌..
ഈ മുറിയില്‍ ഇത്‌ പതിനേഴാമത്തെ മരണം.

ശാലിനിയുടെ സീമന്തത്തില്‍ ദുഖത്തിന്റെ നിഴലുകള്‍ വീഴ്ത്തി മറ്റൊരു പൂവ്‌ കൂടി അര്‍ബുദം ബാധിച്ച്‌ കൊഴിഞ്ഞുവീഴുമായിരിക്കും. പക്ഷേ ജൂലിയയെ പോലെ ചിരിച്ചുകൊണ്ട്‌ മരണത്തെ സ്വീകരിക്കാന്‍ മാത്രം എനിക്ക്‌ കഴിയില്ല.
അള്‍ത്താരക്ക്‌ മുന്നില്‍ മെഴുകുതിരികളുടെ വെളിച്ചം മനസിലേക്കോടിയെത്തുന്നു..ക്വയറിന്റെ മധ്യനിരയില്‍ നിന്ന്‌ ജൂലിയാസൈമണ്‍ പാടുന്നു...ആത്മാവില്‍ തീവ്രസ്നേഹത്തിന്റെ വിത്തുകള്‍ വിതറി കരിങ്കുളത്തച്ചന്‍ സോളമന്റെ ഗീതങ്ങളെ പറ്റി പറയുന്നു...
ദിവ്യബലി തീരാന്‍ ഇനി മിനിറ്റുകള്‍ മാത്രം...