Sunday, June 24, 2007

ഇരമ്പലടങ്ങാതെ ദുരന്തത്തിന്റെ ചൂളംവിളി



"തോരാതെ പെയ്യുന്ന മഴ...എന്തോ ഇളകിമറിയുന്ന ശബ്ദം കേട്ടു. അമ്മേയെന്നുള്ള മകളുടെ നിലവിളി. ഭര്‍ത്താവിന്റെ കാലില്‍ പിടുത്തം കിട്ടിയതോര്‍മയുണ്ട്‌. പിന്നീട്‌ ഏതോ വണ്ടിയില്‍ കയറ്റുമ്പോള്‍ എന്റെ കൂടെ ആളുകളുണ്ടെന്നു പറഞ്ഞെങ്കിലും ആര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ലെന്ന്‌ പറയുന്നതു കേട്ടു. മനസില്‍ നിന്നും തീപ്പൊരി പാറുന്ന പോലെ തോന്നിയ നിമിഷങ്ങള്‍"-കടലുണ്ടി ട്രെയിന്‍ ദുരന്തത്തിന്റെ ആറാംവാര്‍ഷിക വേളയില്‍ ആ കറുത്ത ദിനത്തിന്റെ സാക്ഷിയും ഇരയുമായ വിജയാ ധനഞ്ജയന്റെ ഓര്‍മകള്‍ക്കു പോലും വിറയല്‍.
ഭര്‍ത്താവിനെയും മകളെയും കൊച്ചുമകനെയും നഷ്ടപ്പെടുത്തി തന്നെ നിത്യദുഃഖത്തിന്റെ കയത്തില്‍ തള്ളിയ മഹാദുരന്തത്തിന്‌ ആറു വയസായെന്ന തിരിച്ചറിവ്‌ പോലും ഇനിയും ഞെട്ടല്‍മാറാത്ത ഒരു ദു:സ്വപ്നം പോലെയാണ്‌ കോഴിക്കോട്‌ ജില്ലയിലെ പാറോപ്പടി ധനുഷില്‍ വിജയയ്ക്ക്‌. ഇടറുന്ന വാക്കുകളോടെ ഉറ്റവരെ തട്ടിയെടുത്ത ആ നാളുകളെ പേടിമാറാതെയാണവര്‍ അയവിറക്കുന്നത്‌.
വിജയയുടെ അനിയത്തി മരിച്ചിട്ട്‌ നാല്‍പതാംദിന ചടങ്ങിന്‌ പോണ്ടിച്ചേരിക്ക്‌ പോകുമ്പോഴാണ്‌ ട്രെയിന്‍ അപകടം സംഭവിച്ചത്‌. ഭര്‍ത്താവ്‌ ധനഞ്ജയന്‍, മകള്‍ ദിവ്യ, കൊച്ചുമകന്‍ നാലുവയസുകാരനായ ശ്രാദ്ധിജ്‌ എന്നിവര്‍ക്കൊപ്പം മംഗലാപുരത്തു നിന്നും ചെന്നൈയിലേക്കു പോകുന്ന ചെന്നൈ മെയിലില്‍ കോഴിക്കോടു നിന്നുമായിരുന്നു യാത്ര. ചെന്നൈയിലുള്ള ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നും പോണ്ടിച്ചേരിക്ക്‌ പോകാനായിരുന്നു പരിപാടി.
ഭര്‍ത്താവിന്റെ മരുമകള്‍ ഹസീനയുടെ കാറിലാണ്‌ റയില്‍വെ സ്റ്റേഷനിലേക്ക്‌ പോയത്‌. ട്രെയിനില്‍ വെച്ച്‌ അവള്‍ കൊടുത്തയച്ച കട്ലറ്റ്‌ എല്ലാവര്‍ക്കും കൊടുത്തു. ചായ അടുത്ത സ്റ്റോപ്പില്‍ നിന്നും വാങ്ങാമെന്ന്‌ പറഞ്ഞ്‌ ചിരിച്ചുകളിച്ചുള്ള യാത്രയായിരുന്നു. പക്ഷേ ഒക്കെ ഒരു നിമിഷം കൊണ്ടു കഴിഞ്ഞു- ബാക്കി പറയാന്‍ വിജയക്ക്‌ വാക്കുകള്‍ കിട്ടുന്നില്ല. റയില്‍വെ സ്റ്റേഷനില്‍ നിന്നും യാത്രയയച്ച ബന്ധുക്കള്‍ വീട്ടിലെത്തുമ്പോള്‍ ടെലിവിഷനില്‍ ചെന്നൈ മെയിലിന്‌ സംഭവിച്ച ദുരന്തവാര്‍ത്ത വന്നിരുന്നു.
"ചൈന്നൈ മെയിലിന്റെ എസ്‌-6 കംപാര്‍ട്ട്മെന്റിലായിരുന്നു സീറ്റു ലഭിച്ചത്‌. പൊട്ടിപൊളിഞ്ഞ്‌ ചോര്‍ന്നൊലിക്കുന്ന കംപാര്‍ട്ട്മെന്റ്‌. സൈഡ്‌ സീറ്റില്‍ എതിര്‍ദിശകളിലായാണ്‌ ഞാനും ഭര്‍ത്താവും ഇരുന്നത്‌. മകളും കുട്ടിയും വേറൊരു സീറ്റിലായിരുന്നു. കുട്ടിയെ എടുത്ത്‌ ലാളിച്ച ശേഷം മകളുടെ കൈകളിലേക്ക്‌ കൊടുത്തിട്ടേയുണ്ടായിരുന്നുള്ളു. അല്‍പനിമിഷങ്ങള്‍ക്ക്‌ ശേഷം ദുരന്തം സംഭവിച്ചു." അവര്‍ പറഞ്ഞു.
ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്നും വിരമിച്ച ധനഞ്ജയന്‍ 21 വര്‍ഷം എയര്‍ ഫോഴ്സിലായിരുന്നു. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയിരുന്ന കുടുംബം അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം 2000ലാണ്‌ നാട്ടിലേക്ക്‌ വന്നത്‌. ഒരു വര്‍ഷത്തിനുള്ളില്‍ അപകടവും സംഭവിച്ചു. ദിവ്യ ഭര്‍ത്താവ്‌ ശ്രീനാഥിനോടൊപ്പം ഗള്‍ഫില്‍ നിന്നും അവധിക്കു നാട്ടിലെത്തിയതായിരുന്നു. കുറച്ചു ദിവസം നാട്ടില്‍ നില്‍ക്കട്ടെയെന്ന്‌ പറഞ്ഞു ശ്രീനാഥ്‌ വീണ്ടും ഗള്‍ഫിലേക്ക്‌ തിരിച്ചുപോയി. ചെന്നൈയില്‍ പോയി സുഹൃത്തുക്കളെയും മറ്റും കാണാമെന്നു പറഞ്ഞു വൈകിയാണ്‌ പോണ്ടിച്ചേരിക്ക്‌ വരാന്‍ ദിവ്യ തീരുമാനിച്ചത്‌.
ദുരന്തം നടക്കുമ്പോള്‍ മകന്‍ അഭേദ്കുമാര്‍ ഗള്‍ഫിലായിരുന്നു. ദുരന്തം സംഭവിച്ച ദിവസം എല്ലാവരുമായും ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നുവെന്ന്‌ അഭേദ്‌ പറഞ്ഞു. അമ്മയ്ക്ക്‌ ആശ്രയമായി നാട്ടില്‍ നില്‍ക്കുന്നതിന്‌ വേണ്ടി ജോലിക്കായി റയില്‍വെയില്‍ അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട്‌ ബാംഗ്ലൂരില്‍ ഫ്ലൈറ്റ്‌ സേഫ്റ്റി ഓഫിസറായി ജോലി ലഭിച്ചു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിജയക്ക്‌ വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ്‌ നടക്കാനും മറ്റും സാധിച്ചത്‌. വിജയയുടെ തലയില്‍ 29ഓളം തുന്നലുണ്ടായിരുന്നു. തുടയെല്ല്‌ നീക്കം ചെയ്ത്‌ സ്റ്റീല്‍പ്ലേറ്റ്‌ ഉറപ്പിച്ചതിനാല്‍ നടക്കാനും മറ്റും ഇപ്പോള്‍ പ്രയാസമില്ല. നാഷണല്‍ ഹോസ്പിറ്റലില്‍ ആറുമാസത്തെ തീവ്രപരിചരണത്തിന്‌ ശേഷമാണ്‌ വിജയക്ക്‌ നടക്കാനും മറ്റും സാധിച്ചത്‌. അയല്‍ക്കാരുടേയും മറ്റും സ്നേഹപൂര്‍വമായ പെരുമാറ്റമാണ്‌ ഭീതിപ്പെടുത്തുന്ന ഓര്‍മകളില്‍ നിന്നുള്ള ഏക ആശ്രയമെന്ന്‌ അവര്‍ പറയുന്നു. ചിത്രകാരായ ഭര്‍ത്താവിന്റെയും മകളുടെയും ചിത്രങ്ങള്‍ കാണുമ്പോള്‍ ദുരന്തവാര്‍ഷികത്തില്‍ അവരുടെ കണ്ണുനിറയുന്നു. പ്രകൃതി സ്നേഹിയായ ഭര്‍ത്താവിന്റെ ക്യാന്‍വാസില്‍ ചിത്രങ്ങള്‍ക്കു ജീവന്‍ വയ്ക്കുമ്പോള്‍ എല്ലാം വീക്ഷിച്ച്‌ അരികിലിരിക്കും. ധനഞ്ജയന്‍ വരച്ച അവസാന ചിത്രം മാറോടു ചേര്‍ത്തു വിജയ വിതുമ്പുന്നു. പിന്നെ വിധിയെ പഴിക്കുന്നു.

Saturday, June 9, 2007

അവള്‍ മഴ നനയുകയാണ്‌


ഒന്ന്‌

വെള്ളം കെട്ടികിടക്കുന്ന പാടത്ത്‌ കൂടി ചാറ്റല്‍മഴ നനഞ്ഞ്‌ അവള്‍ നടന്നു...പഴയ സ്ലേറ്റും ദ്രവിച്ചു തുടങ്ങിയ പുസ്തകവും മാറോട്‌ ചേര്‍ത്ത്‌ നടക്കുമ്പോഴാണ്‌ അപ്രതീക്ഷിതമായി മഴ ശക്തിപ്രാപിച്ചത്‌..
ഓലക്കുട ചൂടി പാടം ഉഴുതുമറിക്കുന്നവരെ അവള്‍ കണ്ടു..ഒരു വശത്ത്‌ മഴയുടെ താളത്തിനൊത്ത്‌ പാട്ടുമൂളി ചെറുമികള്‍ ഞാറു പറിക്കുന്നത്‌ നോക്കി അവള്‍ നടത്തിന്‌ വേഗത കൂട്ടി...
നിഹാ...
ഇതെന്താ കുട്ടീ കുടയെടുക്കാതെ...
ബീഡിപുക കറുപ്പിച്ച രാമേട്ടന്റെ ചുണ്ടുകള്‍ ചലിക്കുന്നത്‌ കണ്ടു...
അച്ഛന്‍ വന്നിട്ടില്ല..കുടേം ബാഗുമൊന്നും വാങ്ങീല മാമാ..അയാളുടെ മുഖത്ത്‌ നോക്കി അവള്‍ ചെറിയപല്ലുകള്‍ കാട്ടി ചിരിച്ചു..
അയാള്‍ തന്റെ ഓലക്കുട അവളുടെ തലയില്‍ വെച്ച്‌ കൊടുത്തിട്ട്‌ പറഞ്ഞു...
മോളെ മാമന്‍ കൊണ്ടുവിടാം ട്ടോ...
തലയില്‍ നിന്നും ഇടക്കിടെ പുറത്തേക്ക്‌ തെന്നിമാറുന്ന ഓലക്കുട വീണ്ടും അവളുടെ തലയില്‍ തന്നെ അമര്‍ത്തിവെച്ച ശേഷം അയാള്‍ അവളൊടൊപ്പം നടന്നു...

ഇതെന്ത്‌ പെയ്ത്താ കൃഷ്ണാ...തോരണില്ലല്ലോ മഴ
ഞാനിതിപ്പോ എങ്ങനെ വീട്ടില്‍ പോകും..വൈകുന്നേമായപ്പോ അവള്‍ക്ക്‌ ഭീതിയായി.
ഒടുവില്‍ വരുന്നത്‌ വരട്ടെയെന്ന ഭാവത്തോടെ ആ പെരുമഴയില്‍ ഇറങ്ങി നടന്നു...
വീട്ടിലെത്തിയപ്പോ ഉള്ളില്‍ വിശപ്പ്‌ പെരുമ്പറ കൊട്ടുന്നതറിഞ്ഞു...അമ്മ ഇനിയും ഇല്ലത്ത്‌ നിന്ന്‌ വേല കഴിഞ്ഞ്‌ വന്നിട്ടില്ല...
അടുപ്പില്‍ തീ കൂട്ടി അവള്‍ പുസ്തകമുണക്കി...പലപേജുകളും പിന്നിപോയത്‌ കണ്ടപ്പോള്‍ അവള്‍ക്ക്‌ വല്ലാത്ത സങ്കടം തോന്നി..

പിന്നെ ആരോടോ വാശി തീര്‍ക്കും പോലെ മഴയത്തിറങ്ങി നിന്നു...ശരീരത്തിന്റെ ഓരോ ഭാഗത്തും മഴ ചിത്രം വരുക്കുന്നതറിഞ്ഞു..ഉള്ളിലെ സങ്കടം മഴവെള്ളം പോലെ ഒലിച്ചുപോകുന്നതവള്‍ അറിഞ്ഞു...


രണ്ട്‌

പതിനെട്ട്‌ വര്‍ഷമായിട്ടും അച്ഛനെന്തേ മടങ്ങി വന്നില്ല..അവള്‍ സ്വയം ചോദിക്കുന്ന ചോദ്യം..എത്ര റഫര്‍ ചെയ്തിട്ടും ഉത്തരം കിട്ടാത്തതായിരുന്നു അച്ഛന്റെ തിരോധാനം..
വീണ്ടുമൊരു മഴക്കാലം കൂടി..
വീടു മേയാത്തതിലായിരുന്നു അമ്മക്ക്‌ ദു:ഖം..മോഹങ്ങള്‍ വീര്‍പ്പുമുട്ടിയിട്ടും നൊമ്പരപ്പെടാത്ത അമ്മയുടെ ഈ ദു:ഖം കണ്ട്‌ ഉള്ളില്‍ വിഷാദമുറഞ്ഞു കൂടുമ്പോഴും ചിരിക്കാന്‍ ശ്രമിച്ചു...
പഠിക്കേണ്ട പല പുസ്തകങ്ങളും കണ്ടിട്ട്‌ പോലുമില്ല...അവള്‍ക്ക്‌ ലൈബ്രറിയെ തന്നെ അഭയം പ്രാപിക്കാതെ വയ്യെന്നായി...
ജൂണ്‍മാസം പകുതിയായി..
പാതി തുളവീണ കുടയിലൂടെ മഴ അരിച്ചിറങ്ങി തുടങ്ങിയിരിക്കുന്നു...വസ്ത്രം നനച്ച്‌
ഉള്ളിലേക്കൊഴുതിയെത്തി മഴ അലസോരപ്പെടുത്തുമ്പോഴും വര്‍ഷകാലത്തെ അവള്‍ വെറുത്തിരുന്നില്ല...
മഴ നനയുന്ന അനുഭൂതി മറ്റൊന്നില്‍ നിന്നും കിട്ടിയിട്ടില്ല...
ഇപ്പോഴും അമ്മയില്ലാത്തപ്പോള്‍ മഴ നനയും...
അവള്‍ തിരിച്ചറിയുന്നുണ്ട്‌..മഴ തന്റെ കാമുകനാണ്‌..എന്റെ ഹൃദയത്തെ ഇറുകെ പുണര്‍ന്ന ഒരു കൂട്ടുകാരന്‍...ചോദിക്കാതെ തന്നെയാണ്‌ പലപ്പോഴും അവന്‍ അവളെ ചുംബിച്ചതും മാറോട്‌ അടക്കിയതും..
എത്ര വര്‍ഷകാലരാത്രികളില്‍ കമ്പിളിപുതപ്പിലൂടെ അവന്‍ തന്റെ അരുകിലെത്തിയിരിക്കുന്നു......

മൂന്ന്‌

അര്‍ബുധത്തോട്‌ പടവെട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ ചെളിപുരണ്ട കിടക്കയില്‍ ദിവസങ്ങളോളം കിടന്നെങ്കിലും ഒടുവില്‍ വീട്ടില്‍ പോകാന്‍ അവള്‍ക്ക്‌ അവസരം കിട്ടി...
തന്നെ കാണുമ്പോഴെല്ലാം അമ്മയുടെ കണ്ണുനിറയുന്നതെന്തിനാണ്‌...ഒരു പക്ഷേ തനിക്കിനി ജീവിതത്തിലേക്കൊരു തിരിച്ചുവരവുണ്ടാകില്ലേ...?
അച്ഛന്‍ പോയിട്ട്‌ ഇരുപത്താറ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു...എന്തേ ഇതുവരെ വന്നില്ല..തന്റെ കൗമാരം കാണാന്‍...യൗവനം കാണാന്‍...ഈ രോഗാതുരത കണ്ട്‌ കരയാന്‍...
മാംസം കുത്തിപറിക്കുന്ന വേദനയിലും കണ്ണുനിറക്കാതെ ചിരിക്കാന്‍ ശ്രമിക്കുകയാണ്‌ അവള്‍...
ഒരു ദിവസം അമ്മയോട്‌ തിരക്കി...
ഇതേതാ...മാസം...
കര്‍ക്കിടകം...
അമ്മയുടെ മറുപടി കേട്ടപ്പോള്‍ കോരിതരിച്ചുപോയി...മഴ തുടങ്ങിയിട്ട്‌ ഇത്ര ദിവസമായിട്ടും അമ്മയെന്തേ പറയാതിരുന്നു...അവള്‍ക്ക്‌ പുറത്തിറങ്ങാന്‍ വല്ലാത്ത കൊതി തോന്നി...
ഈ കുത്തിപറിക്കുന്ന വേദനയില്‍ ഒരല്‍പ്പം ആശ്വാസം നല്‍കാന്‍ മഴക്കേ ആകൂ...
ആരുമില്ലാതിരുന്ന ഒരു പകലില്‍ അവള്‍ ആയാസപ്പെട്ട്‌ പുറത്തിറങ്ങി..
ഇതുവരെ കാണാത്തത്ര ശക്തിയുള്ള മഴ...
അവളെ അത്‌ കുളിരണിയിച്ചുകൊണ്ട്‌ പെയ്തുകൊണ്ടിരുന്നു...
ഇന്നു കറുത്തവാവാകും...ആരോടോ വാശി തീര്‍ക്കും പോലെ പെയ്തിറങ്ങുന്ന മഴയെ നോക്കി അവള്‍ പിറുപിറുത്തു...

ആത്മാക്കള്‍ ഭൂമിയിലൂടെ സഞ്ചരിക്കാറുള്ള ഒരു കറുത്തവാവ്‌ ദിനത്തിലായിരുന്നു നിഹാരിക മരിച്ചത്‌...